Sunday, May 27, 2007

കൊച്ചിയിലും ബുള്ളറ്റ് ?!

ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാമോ നമ്മുടെ ഈ വിശാല കൊച്ചിയിലും ബുള്ളറ്റുകള്‍ ചീറിപ്പായുന്ന കാഴ്ച! ബുള്ളറ്റ് എന്ന് കണ്ട് തെറ്റിദ്ധരിക്കേണ്ട കെട്ടോ. ഞാന്‍ പറയുന്നത് നിരത്തുകളില്‍ ചീറിപ്പായുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെപ്പറ്റിയോ തോക്കില്‍ നിന്ന് ചീറിപ്പായുന്ന ബുള്ളറ്റിനെക്കുറിച്ചോ അല്ല. മറിച്ച്, ബുള്ളറ്റ് ട്രെയിനിനെക്കുറിച്ചാണ്.

അതെ, നമ്മുടെ ഇന്ത്യന്‍ റയില്‍വേ കൊച്ചിയ്ക്കും ബാംഗ്ലൂരിനും ഇടയില്‍ ഒരു ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങാനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ ഇന്നുള്ളതില്‍ വച്ച് ഏറ്റവും തിരക്കേറിയ റെയില്‍പ്പാതയും ഇതുതന്നെയാണ്. ബുള്ളറ്റ് ട്രെയിന്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നുള്ളത് സംബന്ധിച്ച് ഒരു സാധ്യമായ പഠനത്തിന് ഇന്ത്യന്‍ റെയില്‍വേ സതേണ്‍ റെയില്‍വേയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എല്ലാ‍ ഘടകങ്ങളും അനുകൂലമായി വന്നുഭവിക്കുകയാണെങ്കില്‍ അധികം വൈകാതെ തന്നെ നമുക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ പോവാതെ സമാനമായ ഒരു ബുള്ളറ്റ് ട്രെയിന്‍ യാത്ര ഇവിടെത്തന്നെ തരപ്പെടുത്താം എന്ന് കരുതുന്നു.

ലോകത്തിലെ പ്രധാന ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ താഴെ പറയുന്നവയാണ്

യൂറോസ്റ്റാര്‍ (Eurostar) - ലണ്ടനും പാരീസിനും ഇടയിലുള്ളത്

ടി ജി വി (TGV) - ഫ്രാന്‍സ്

ഇന്റര്‍സിറ്റി എക്സ്പ്രസ്സ് (Intercity Express) - ജര്‍മനി

ഷിങ്കാന്‍സെന്‍ (Shinkansen) - ജപ്പാ‍ന്‍

എ വി ഇ (AVE) - സ്പെയിന്‍

കെ ടി എക്സ് (KTX) - കൊറിയ

ഏസെല എക്സ്പ്രസ്സ് (Acela Express) - യു എസ് എ

ജെ ആര്‍ മാഗ് ലെവ് (JR-Mag Lev) - ജപ്പാന്‍ റയില്‍ വേയുടേത്

നമ്മുടെ രാജ്യത്ത് നിലവിലുള്ള ഒരു സാധാ‍രണ എക്സ്പ്രസ്സ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 51 കിലോ മീറ്റര്‍ തുടങ്ങി 53 കിലോമീറ്റര്‍ വരെയാണ്. അതേ സമയം ഒരു സൂപ്പര്‍ ‍ഫാ‍സ്റ്റ് ട്രെയിനിന്റെ വേഗത 60-65 കി.മീ വരെയാണ്. മണിക്കൂറില്‍ 200 കി.മീ. ല്‍ ഏറെ വേഗതയില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ വേഗതയെ ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള കൊച്ചി-ബാംഗ്ലുര്‍ റെയില്‍പ്പാതകള്‍ക്ക് കഴിയുകയില്ലെന്നതിനാല്‍ പുതുതായി ഒരു റെയില്‍പ്പാത നിര്‍മ്മിക്കേണ്ടതായി വരുന്നു.

വേഗത ഏറിയ ട്രെയിനുകള്‍ക്ക് ഒരു എയര്‍ക്രാഫ്റ്റിനൊപ്പം വേഗത വരില്ലെങ്കിലും ആപേക്ഷികമായി പറയുകയാണെങ്കില്‍, ബാംഗ്ലുര്‍ പോലെ ഒരു ദൂരം കുറഞ്ഞ സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായത് ബുള്ളറ്റ് ട്രെയിന്‍ തന്നെയാവും എന്നതിന് യാതൊരുവിധ സംശയങ്ങള്‍ക്കുമിടമേകുന്നില്ല. കൊച്ചിയും ബാംഗ്ലൂരും തമ്മിലുള്ള ഏകദേശ ദൂരം 600 കിലോമീറ്ററാണ്. അതില്‍ 500 കിലോമീറ്റര്‍ ഒരു എയര്‍ക്രാഫ്റ്റ് വെറും 1 മണിക്കൂര്‍ കൊണ്ട് താണ്ടുമെങ്കിലും വിമാനത്താവളത്തില്‍ ചെക്കിംഗ് ഇന്നും മറ്റ് സുരക്ഷാ നടപടികള്‍ക്കുമായി 4-5 മണിക്കൂറുകള്‍ നഷ്ടപ്പെടുമ്പോള്‍ അതിവേഗ ട്രെയിനുകള്‍ വെറും 3 മണിക്കൂറില്‍ നിര്‍ദ്ദിഷ്ടസ്ഥലത്തെത്തി യാത്രയുടെ മൊത്തം സമയം ലാഭിക്കുന്നു. സമയം മാത്രമല്ല, പണവും!

(കടപ്പാട് : ഇന്ത്യന്‍ എക്സ്പ്രസ്സ്, ഗൂഗിള്‍)

Wednesday, May 23, 2007

അഹങ്കാരം

പൂവന്‍കോഴി പേരയ്ക്കാ മരത്തിന് മുകളിലിരുന്ന് പ്രഭാത സൈറണ്‍ മുഴക്കി. ‘ക്..ക്..കൊ.. കൊ..ക്ക..ര..ക്കോ”. ഇതു കേട്ടതും നേരം പരപരാ വെളുത്തു തുടങ്ങി, ദാ കണ്ടില്ലേ. പൂവന്‍ കോഴി മനസ്സില്‍ പറഞ്ഞു. അടുത്ത കൊമ്പിലിരുന്ന് ഉറക്കം തൂങ്ങിയിരുന്ന കുരുവിക്കുഞ്ഞ് ഞെട്ടിയെഴുന്നേറ്റ് പൂവന്‍ കോഴിയെ ഒന്ന് കലിപ്പിച്ച് നോക്കി. “ലവന്റ ഒരു കൂവല്‍. രാത്രി മുഴുവന്‍ പ്യാടി സ്വപ്നങ്ങള്. ദോണ്ടേ ഇപ്പം ലിവന്റെ ഒരു ക്ണാപ്പ് കൂവലും” കുരുവിക്കുഞ്ഞ് മനസ്സില്‍ ഓര്‍ത്തു. ഉറക്കെപ്പറയാന്‍ പറ്റില്ലല്ലോ. പറഞ്ഞാ കലിപ്പൊറപ്പാ. യവന്റ ഒരൊറ്റ കൊത്തിനില്ലല്ലോ. കുരുവിക്കുഞ്ഞ് വെളുപ്പിനെ ജോഗ്ഗിംഗിനും മോണിംഗ് വാക്കിനും പോവുന്ന ജനങ്ങളെ നോക്കി മെല്ലെ താഴേയ്ക്ക് പറന്നിറങ്ങി. താഴെ റോഡിലേയ്ക്ക് പറന്നിറങ്ങുമ്പോള്‍ അതിന്റെ ചിന്തയിതായിരുന്നു. എന്തു കൊണ്ട് തനിക്കും ഒരു മോണിംഗ് വാ‍ക്കായ്ക്കൂടാ?

കുഞ്ഞിച്ചിറകുകള്‍ പുറകിലേയ്ക്ക് പിടിച്ച് നെഞ്ചും വിരിച്ച് റോഡിലൂടെ നടക്കുന്ന കുരുവിക്കുഞ്ഞിനെക്കണ്ട് ജനങ്ങള്‍ മൂക്കത്ത് വിരല്‍വെച്ചു. ഇതിനിപ്പോ എന്തിന്റെ കേടാ. അതിനു നല്ല ഒന്നാന്തരം ചിറകുകളുണ്ടല്ലോ പറന്ന് മോണിംഗ് വാക്ക് നടത്തിക്കൂടെ ? ബുദ്ധിയും വിവേകവുമുള്ള സ്ത്രീകള്‍ പരസ്പരം ചോദിച്ചു.

കുരുവിക്കുഞ്ഞ് ഇതൊക്കെ കേട്ട് അവരെയൊന്നും മൈന്‍ഡ് ചെയ്യാതെ കുഞ്ഞു മസിലൊക്കെ പിടിച്ചങ്ങിനെ നടന്നു. സ്റ്റാച്ച്യൂ ജംഗ്ഷന്‍ കഴിഞ്ഞില്ല, പെട്ടെന്ന് കുരുവിക്കുഞ്ഞ് ദൂരേയ്ക്ക് എടുത്തു എറിയപ്പെട്ടു. പുറകില്‍ നിന്ന് ഒരു ബൈക്ക് വന്നിടിച്ചതായിരുന്നു. ഇടികൊണ്ട് തെറിച്ചു വീണ കുരുവിക്കുഞ്ഞ് ബോധം കെട്ട് കമഴ്ന്നടിച്ച് വീണു. ഉടന്‍ ബൈക്കില്‍ വന്നയാള്‍‍ വണ്ടി നിര്‍ത്തി ഇനിയും ജീവന്‍ പോയിട്ടില്ലാത്ത കുരുവിക്കുഞ്ഞിനെയെടുത്ത്‌ വീട്ടിലേയ്ക്ക് പോയി. എന്നിട്ട് ഒരു കൂട്ടിന്നുള്ളില്‍ കിടത്തി, അല്പം വെള്ളവും ബ്രഡ്ഡും അരികില്‍ വെച്ചു. കുറെ സമയത്തിനു ശേഷം ബോധം വന്ന കുരുവി ഒന്നു ചുറ്റും നോക്കി. എന്നിട്ട് ഒറ്റ അലറിക്കരച്ചില്‍.

“തള്ളേ ജയില്‌ !!! അപ്പോ ലവന്‍ ചത്താ ???!!!”