Thursday, December 21, 2023

ഉച്ചയൂണും അതിഥികളും

 



ആ വലിയ സ്റ്റീൽ പാത്രത്തിലേക്ക് വന്നു വീഴുന്ന, തങ്ങൾക്ക് പരിചയമേതുമില്ലാത്ത അതിഥികളെ  സാകൂതം നോക്കി പയറുമണികൾ പരസ്പരം ചോദിച്ചു. "ഇവരൊക്കെ ആരാ? ഇവരെയൊന്നും ഇവിടെ ഇതിന് മുമ്പങ്ങനെ കണ്ടിട്ടില്ലല്ലോ!" 

ഇത് പയറുമണികൾ പരസ്പരം സംസാരിച്ചതാണെങ്കിലും ഇത് കേട്ട ആ അതിഥികൾ ചിരിച്ചുകൊണ്ട് ഒരേ സ്വരത്തിൽപ്പറഞ്ഞു. "പൊന്നു പയറുമണികളേ! നിങ്ങൾ ഞങ്ങൾക്കപരിചിതരല്ലല്ലോ. തിരിച്ചും അങ്ങിനെ തന്നെയാണല്ലോ!"

"ശ്ശെടാ! ഇവരെന്താണീപ്പറയുന്നതെന്ന് മനസ്സിലാവുന്നില്ലല്ലോ!" എന്ന് കൂട്ടത്തിൽ മുതിർന്നൊരു പയറുമണി. എന്നിട്ട് പുതുതായി വന്ന അതിഥികളോടായിപ്പറഞ്ഞു. "ഞങ്ങൾ പയറുമണികളാണ്. അത് ശരി തന്നെ. അത് നിങ്ങൾക്കെങ്ങനെയറിയാമെന്നത് ഞങ്ങൾക്കൊരെത്തും പിടിയും കിട്ടുന്നില്ല. ഞങ്ങളീ ഗുജറാത്തിലെ വിവിധയിടങ്ങളിൽ കൃഷിചെയ്യപ്പെട്ട് ഗാന്ധിനഗറിലെ ഡി മാർട്ട് റീട്ടെയിലിലൂടെ വന്ന് ഈ പ്ലേറ്റിൽ വീണതാണ്. ഇതിവിടെ സ്ഥിരമാണല്ലോ. ഇനി നിങ്ങളുടെ കഥ പറയു."

ഇത് കേട്ട് അതിഥികൾ ആശ്ചര്യത്തോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "ആഹ്, അങ്ങനെ വരട്ടെ! ഞങ്ങൾ കരുതി നിങ്ങളും ഞങ്ങളെപ്പോലെ നാട്ടിൽ നിന്ന് കുറ്റിയും പറിച്ച് ഗാന്ധിനഗറിലേക്ക് വണ്ടി കയറിയതാണെന്ന്! അപ്പോ അങ്ങിനെ അല്ലല്ലേ!"

പയറുമണി മൂപ്പൻ: "നിങ്ങളെവിടുന്നാ വരുന്നത്?"

അതിഥികളിലൊരുവൾ: "കേരളം."

പയറുമണികളിൽ പച്ചപ്പരിഷ്ക്കാരിയായ ഒരു  യുവാവ്:  Oh! God's Own Country."

കൂട്ടത്തിലെ ഒരു കുട്ടിപ്പയർ: "അപ്പോ അവിടെ കുറേ ദൈവങ്ങളുണ്ടോ അങ്കിളേ?"

പയറുമണി മൂപ്പൻ: "ഡാ അത് കേരളത്തിലെ ടൂറിസം വകുപ്പിന്റെ സ്ലോഗനാണ്. അതിഥികളേ, നിങ്ങൾക്കെങ്ങനെ ഞങ്ങളെയറിയാം?"

അതിഥികളിലെ ഒരുവൻ മറുപടി പറഞ്ഞു. "ഭായ് അത്... നിങ്ങളെയൊക്കെ ഞങ്ങളുടെ നാട്ടിൽ സുലഭമായിക്കാണാറുണ്ടല്ലോ! പക്ഷെ, നിങ്ങൾ പറയുന്നത്... എന്താ നിങ്ങൾ മല്ലൂസ് അല്ലാന്നുണ്ടോ?"

പയർ മൂപ്പന് ചെറുതായ് കോപം വന്നുവെന്ന് കാഴ്ച്ചക്കാർക്ക് തോന്നി. അയാൾ കുറച്ച് നിമിഷം മിണ്ടാതെ നിന്നിട്ട് സൗമ്യമായ്  പറഞ്ഞു. "നാമെല്ലാം ഒരേ രാജ്യക്കാർ. ജയ് ഹിന്ദ്! നിങ്ങളുടെ പേരുകൾ പറഞ്ഞാലും കൂട്ടരെ."

"ഞാൻ ലൂപിക്ക. പക്ഷെ ആ നിസ് പിടിച്ചെന്നെ ഉപ്പിലിട്ടു. ബട്ട് നല്ല ടേസ്റ്റല്ലേ, നിക്കേ?"

എന്റെ ആത്മഗതം: ശ്ശൊ! ഇവളെന്തിനാ ഇപ്പോ എന്നെ പിടിച്ച് ഈ സംഭാഷണത്തിലേക്കിട്ടതാവോ! കേൾക്കാത്ത പോലെയിരിക്കാം.

ലൂപിക്ക തുടർന്നു. "തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മറ്റുള്ളവർ എന്റെ കൂടെക്കൂടിയത്. ഞാൻ ആക്ടർ ഇന്നസന്റിന്റെ നാട്ടിൽ നിന്നാണ്."

"ഡീ ലൂപീ, നിന്റെ കൂടെ ഞാനുമുണ്ടായിരുന്നു. ഉപ്പ് വെള്ളം മാത്രമല്ല വിനാഗിരിയിൽ കിടന്നാണ് നമ്മൾ കളിച്ച് വളർ... അല്ല..അലിഞ്ഞലിഞ്ഞ് ഈ പരുവത്തിലായത്. എന്തൊരു മറവിയാടോ!" ആ ചുവന്നു തുടുത്ത സുന്ദരി കാന്താരി മുളകിന് ദേഷ്യവും സങ്കടവും വന്നു. 

"ഓ ഒന്നടങ്ങ് ഗെഡ്ഡ്യേ! ഇവറ്റകളുടെ ഒരു കാര്യം! ഞാൻ പപ്പടം. ഗുരുവായൂർ പപ്പടം. ഞാൻ ഒരു ആക്ടറുടെ നാട്ടുകാരനൊന്നുമല്ലെങ്കിലും ഒരു സെലിബ്രിറ്റിയാ. ഒന്ന് എന്നെക്കുറിച്ച് അന്വേഷിച്ചു നോക്കൂ ലൂപിക്കേ. അപ്പോൾ മനസ്സിലാകും. ഒരു ആക്ടറുടെ നാട്ടുകാരി വന്നിരിക്കുന്നു!"

പപ്പടം ഒന്ന് ശ്വാസം വലിച്ച് വിട്ടിട്ട് തുടർന്നു. "ട്രെയിനിൽ വച്ചാണിവരെ കണ്ടുമുട്ടിയത്. ഇപ്പോൾ ഇവിടുത്തെ അടുക്കളയിൽ  എണ്ണയിലിട്ടെന്നെ വറുത്ത് വീർപ്പിക്കാതെ ഫ്രൈയിങ്ങ് പാനിൽ പിച്ചിച്ചീന്തിയിട്ടെന്നെ വെറുതെ പൊള്ളിച്ചെടുത്തു. ഒരു വല്യ ഹെൽത്ത് കോൺഷ്യസ് ഫെല്ലോ!"

അവസാനം പറഞ്ഞത് എനിക്കിട്ട് ഒന്ന് താങ്ങിയതാണോ! എന്താ എല്ലാവരുമിങ്ങനെയെന്നെ...

"തിളക്കുന്ന എണ്ണയിലിട്ടെന്നെ വീർപ്പിച്ച്  നല്ല ടേസ്റ്റോടെന്നെ തിന്നൂട്രാ നിക്കേ നിനക്ക്?"

ഇതെന്തൊരു തൊന്തരവെന്ന് വിചാരിച്ച് വിഷമിച്ചിരുന്നയെന്നെ രക്ഷിക്കാൻ അതാ ഒരു ഘനഗാംഭീര്യം കലർന്ന ശബ്ദം ഉയർന്നു. 

"വായ്മൂടട ഗു. പപ്പടമേ. നീ എന്തിനാണിങ്ങനെ അലറുന്നത്. കേരളത്തിലുള്ളവരെ നീ എണ്ണകുടിപ്പിച്ച് ഒരു പരുവത്തിലാക്കിവച്ചിട്ടുണ്ട് ഇതിനോടകം. ഇയാക്കിഷ്ടമുള്ള രീതിയിൽ പാകം ചെയ്ത് കഴിക്കട്ടെന്നെ. എന്നെയും വെറുതെ ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് തിളപ്പിച്ച് പാകം ചെയ്തിട്ടെയുള്ളൂ. നിങ്ങളുടെ ചോറു വേവിക്കുന്ന സമയം പോലും വേണ്ട എന്നെ പാകം ചെയ്യാൻ. വെറും മൂന്നേ മൂന്ന് മിനുട്ട് മതി." 

ആ അതിഥി ഒന്ന് ശ്വാസം കഴിക്കുവാൻ ഒന്ന് നിർത്തിയപ്പോൾ പയറുമണി പെൺകുട്ടി ഇടയിൽക്കയറി ഒരു ചോദ്യം. "നീ ആ വെള്ളച്ചോറല്ലേ?"

"വെള്ളച്ചോറോ?" ഘനഗാംഭീര്യം ചോർന്ന് പോയത് പോലെയായി അയാളുടെ ശബ്ദം.

പ. പെൺകുട്ടി: "തന്നെഡേയ്, വൈറ്റ് റൈസ് അല്ലേ നീയ്?"

"അല്ല. ഞാൻ മില്ലറ്റ്."

ഗു. പപ്പടം വായ്പൊളിച്ചു: "മില്ലെറ്റോ?"

മില്ലറ്റ്: "അതെ ഒരു ചെറുധാന്യമാണ്. മില്ലെറ്റുകൾ പല തരമുണ്ട്. അതിൽ ഒന്നാണ് ഈ ഞാൻ. കുഡോ മില്ലെറ്റെന്നാണെന്റെ പേര്. കൂവരഗ്. എന്റെ പേര് പോലെതന്നെ കിടിലമാണെന്റെ സ്വഭാവഗുണങ്ങളും. അക്കാര്യം കൊണ്ട് തന്നെ എന്നെ പ്രത്യേകമായി കോയമ്പത്തൂരിൽ നിന്നും ക്ഷണിച്ച് വരുത്തിയതാണ്. നമ്മുടെ  മോദിജി പോലും വളരെ റെസ്പെക്ടോടെയേ ഞങ്ങളുടെ വർഗ്ഗത്തെക്കുറിച്ച് സംസാരിക്കുകയുള്ളൂ. എന്തിനേറെ പറയുന്നു, ഈ 2023 തന്നെ ഭാരതത്തിൽ മില്ലറ്റ് വർഷമെന്നാണറിയപ്പെടുന്നത്. വരും വർഷങ്ങളിൽ ഞങ്ങളെത്തേടി നിക്കിനെപ്പോലുള്ളവർ വരും. ഡോ, ഗു. പപ്പടമേ ഇനിയും വായ്പൊളിച്ചിരിക്കാതെ പോയ് ഗൂഗിളിൽ തപ്പിനോക്കൂ. ഞങ്ങളെക്കുറിച്ചറിവുകളുണ്ടാക്കൂ. എന്നിട്ട് ഞെളിയണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കൂ. ഒരു സെലിബ്രിറ്റി വന്നിരിക്കുന്നു!"

"ഡാ നില്ലഡ മില്ലറ്റേ...നീയ്യാരാഡയെന്നെ..." ഗു. പപ്പടത്തെ മുഴുമിപ്പിക്കാൻ വിടാതെ ഞാനെന്റെ വിരലുകൾ കൊണ്ട് ആ  പപ്പടത്തെപ്പൊടിച്ച്,  തന്റെ ഊഴം കാത്തിരുന്ന മോരു കാച്ചിയതെടുത്ത് പ്ലേറ്റിലേക്കൊഴിച്ച് ഉരുളയുരുട്ടാൻ തുടങ്ങി. വിശന്നിട്ട് വയ്യന്നേ. ഉച്ചയൂണിനു മുൻപ് ഇതൊക്കെ അയച്ച് തന്നവർക്ക് വേണ്ടി നന്ദിസൂചകമായ്  ഒരു ഫോട്ടൊ എടുത്തപ്പോൾ അവിടെന്ന് തുടങ്ങിയതാണീ സംഭവബഹുലമായ കാര്യങ്ങൾ.

1 comment:

കെവിൻ & സിജി said...

ചുട്ട പപ്പടം തിന്നിട്ട് കൊറേക്കാലായി. റിമൈന്ററിന് നന്ദി ഷ്ടാ.