Showing posts with label story. Show all posts
Showing posts with label story. Show all posts

Thursday, December 21, 2023

ഉച്ചയൂണും അതിഥികളും

 



ആ വലിയ സ്റ്റീൽ പാത്രത്തിലേക്ക് വന്നു വീഴുന്ന, തങ്ങൾക്ക് പരിചയമേതുമില്ലാത്ത അതിഥികളെ  സാകൂതം നോക്കി പയറുമണികൾ പരസ്പരം ചോദിച്ചു. "ഇവരൊക്കെ ആരാ? ഇവരെയൊന്നും ഇവിടെ ഇതിന് മുമ്പങ്ങനെ കണ്ടിട്ടില്ലല്ലോ!" 

ഇത് പയറുമണികൾ പരസ്പരം സംസാരിച്ചതാണെങ്കിലും ഇത് കേട്ട ആ അതിഥികൾ ചിരിച്ചുകൊണ്ട് ഒരേ സ്വരത്തിൽപ്പറഞ്ഞു. "പൊന്നു പയറുമണികളേ! നിങ്ങൾ ഞങ്ങൾക്കപരിചിതരല്ലല്ലോ. തിരിച്ചും അങ്ങിനെ തന്നെയാണല്ലോ!"

"ശ്ശെടാ! ഇവരെന്താണീപ്പറയുന്നതെന്ന് മനസ്സിലാവുന്നില്ലല്ലോ!" എന്ന് കൂട്ടത്തിൽ മുതിർന്നൊരു പയറുമണി. എന്നിട്ട് പുതുതായി വന്ന അതിഥികളോടായിപ്പറഞ്ഞു. "ഞങ്ങൾ പയറുമണികളാണ്. അത് ശരി തന്നെ. അത് നിങ്ങൾക്കെങ്ങനെയറിയാമെന്നത് ഞങ്ങൾക്കൊരെത്തും പിടിയും കിട്ടുന്നില്ല. ഞങ്ങളീ ഗുജറാത്തിലെ വിവിധയിടങ്ങളിൽ കൃഷിചെയ്യപ്പെട്ട് ഗാന്ധിനഗറിലെ ഡി മാർട്ട് റീട്ടെയിലിലൂടെ വന്ന് ഈ പ്ലേറ്റിൽ വീണതാണ്. ഇതിവിടെ സ്ഥിരമാണല്ലോ. ഇനി നിങ്ങളുടെ കഥ പറയു."

ഇത് കേട്ട് അതിഥികൾ ആശ്ചര്യത്തോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "ആഹ്, അങ്ങനെ വരട്ടെ! ഞങ്ങൾ കരുതി നിങ്ങളും ഞങ്ങളെപ്പോലെ നാട്ടിൽ നിന്ന് കുറ്റിയും പറിച്ച് ഗാന്ധിനഗറിലേക്ക് വണ്ടി കയറിയതാണെന്ന്! അപ്പോ അങ്ങിനെ അല്ലല്ലേ!"

പയറുമണി മൂപ്പൻ: "നിങ്ങളെവിടുന്നാ വരുന്നത്?"

അതിഥികളിലൊരുവൾ: "കേരളം."

പയറുമണികളിൽ പച്ചപ്പരിഷ്ക്കാരിയായ ഒരു  യുവാവ്:  Oh! God's Own Country."

കൂട്ടത്തിലെ ഒരു കുട്ടിപ്പയർ: "അപ്പോ അവിടെ കുറേ ദൈവങ്ങളുണ്ടോ അങ്കിളേ?"

പയറുമണി മൂപ്പൻ: "ഡാ അത് കേരളത്തിലെ ടൂറിസം വകുപ്പിന്റെ സ്ലോഗനാണ്. അതിഥികളേ, നിങ്ങൾക്കെങ്ങനെ ഞങ്ങളെയറിയാം?"

അതിഥികളിലെ ഒരുവൻ മറുപടി പറഞ്ഞു. "ഭായ് അത്... നിങ്ങളെയൊക്കെ ഞങ്ങളുടെ നാട്ടിൽ സുലഭമായിക്കാണാറുണ്ടല്ലോ! പക്ഷെ, നിങ്ങൾ പറയുന്നത്... എന്താ നിങ്ങൾ മല്ലൂസ് അല്ലാന്നുണ്ടോ?"

പയർ മൂപ്പന് ചെറുതായ് കോപം വന്നുവെന്ന് കാഴ്ച്ചക്കാർക്ക് തോന്നി. അയാൾ കുറച്ച് നിമിഷം മിണ്ടാതെ നിന്നിട്ട് സൗമ്യമായ്  പറഞ്ഞു. "നാമെല്ലാം ഒരേ രാജ്യക്കാർ. ജയ് ഹിന്ദ്! നിങ്ങളുടെ പേരുകൾ പറഞ്ഞാലും കൂട്ടരെ."

"ഞാൻ ലൂപിക്ക. പക്ഷെ ആ നിസ് പിടിച്ചെന്നെ ഉപ്പിലിട്ടു. ബട്ട് നല്ല ടേസ്റ്റല്ലേ, നിക്കേ?"

എന്റെ ആത്മഗതം: ശ്ശൊ! ഇവളെന്തിനാ ഇപ്പോ എന്നെ പിടിച്ച് ഈ സംഭാഷണത്തിലേക്കിട്ടതാവോ! കേൾക്കാത്ത പോലെയിരിക്കാം.

ലൂപിക്ക തുടർന്നു. "തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മറ്റുള്ളവർ എന്റെ കൂടെക്കൂടിയത്. ഞാൻ ആക്ടർ ഇന്നസന്റിന്റെ നാട്ടിൽ നിന്നാണ്."

"ഡീ ലൂപീ, നിന്റെ കൂടെ ഞാനുമുണ്ടായിരുന്നു. ഉപ്പ് വെള്ളം മാത്രമല്ല വിനാഗിരിയിൽ കിടന്നാണ് നമ്മൾ കളിച്ച് വളർ... അല്ല..അലിഞ്ഞലിഞ്ഞ് ഈ പരുവത്തിലായത്. എന്തൊരു മറവിയാടോ!" ആ ചുവന്നു തുടുത്ത സുന്ദരി കാന്താരി മുളകിന് ദേഷ്യവും സങ്കടവും വന്നു. 

"ഓ ഒന്നടങ്ങ് ഗെഡ്ഡ്യേ! ഇവറ്റകളുടെ ഒരു കാര്യം! ഞാൻ പപ്പടം. ഗുരുവായൂർ പപ്പടം. ഞാൻ ഒരു ആക്ടറുടെ നാട്ടുകാരനൊന്നുമല്ലെങ്കിലും ഒരു സെലിബ്രിറ്റിയാ. ഒന്ന് എന്നെക്കുറിച്ച് അന്വേഷിച്ചു നോക്കൂ ലൂപിക്കേ. അപ്പോൾ മനസ്സിലാകും. ഒരു ആക്ടറുടെ നാട്ടുകാരി വന്നിരിക്കുന്നു!"

പപ്പടം ഒന്ന് ശ്വാസം വലിച്ച് വിട്ടിട്ട് തുടർന്നു. "ട്രെയിനിൽ വച്ചാണിവരെ കണ്ടുമുട്ടിയത്. ഇപ്പോൾ ഇവിടുത്തെ അടുക്കളയിൽ  എണ്ണയിലിട്ടെന്നെ വറുത്ത് വീർപ്പിക്കാതെ ഫ്രൈയിങ്ങ് പാനിൽ പിച്ചിച്ചീന്തിയിട്ടെന്നെ വെറുതെ പൊള്ളിച്ചെടുത്തു. ഒരു വല്യ ഹെൽത്ത് കോൺഷ്യസ് ഫെല്ലോ!"

അവസാനം പറഞ്ഞത് എനിക്കിട്ട് ഒന്ന് താങ്ങിയതാണോ! എന്താ എല്ലാവരുമിങ്ങനെയെന്നെ...

"തിളക്കുന്ന എണ്ണയിലിട്ടെന്നെ വീർപ്പിച്ച്  നല്ല ടേസ്റ്റോടെന്നെ തിന്നൂട്രാ നിക്കേ നിനക്ക്?"

ഇതെന്തൊരു തൊന്തരവെന്ന് വിചാരിച്ച് വിഷമിച്ചിരുന്നയെന്നെ രക്ഷിക്കാൻ അതാ ഒരു ഘനഗാംഭീര്യം കലർന്ന ശബ്ദം ഉയർന്നു. 

"വായ്മൂടട ഗു. പപ്പടമേ. നീ എന്തിനാണിങ്ങനെ അലറുന്നത്. കേരളത്തിലുള്ളവരെ നീ എണ്ണകുടിപ്പിച്ച് ഒരു പരുവത്തിലാക്കിവച്ചിട്ടുണ്ട് ഇതിനോടകം. ഇയാക്കിഷ്ടമുള്ള രീതിയിൽ പാകം ചെയ്ത് കഴിക്കട്ടെന്നെ. എന്നെയും വെറുതെ ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് തിളപ്പിച്ച് പാകം ചെയ്തിട്ടെയുള്ളൂ. നിങ്ങളുടെ ചോറു വേവിക്കുന്ന സമയം പോലും വേണ്ട എന്നെ പാകം ചെയ്യാൻ. വെറും മൂന്നേ മൂന്ന് മിനുട്ട് മതി." 

ആ അതിഥി ഒന്ന് ശ്വാസം കഴിക്കുവാൻ ഒന്ന് നിർത്തിയപ്പോൾ പയറുമണി പെൺകുട്ടി ഇടയിൽക്കയറി ഒരു ചോദ്യം. "നീ ആ വെള്ളച്ചോറല്ലേ?"

"വെള്ളച്ചോറോ?" ഘനഗാംഭീര്യം ചോർന്ന് പോയത് പോലെയായി അയാളുടെ ശബ്ദം.

പ. പെൺകുട്ടി: "തന്നെഡേയ്, വൈറ്റ് റൈസ് അല്ലേ നീയ്?"

"അല്ല. ഞാൻ മില്ലറ്റ്."

ഗു. പപ്പടം വായ്പൊളിച്ചു: "മില്ലെറ്റോ?"

മില്ലറ്റ്: "അതെ ഒരു ചെറുധാന്യമാണ്. മില്ലെറ്റുകൾ പല തരമുണ്ട്. അതിൽ ഒന്നാണ് ഈ ഞാൻ. കുഡോ മില്ലെറ്റെന്നാണെന്റെ പേര്. കൂവരഗ്. എന്റെ പേര് പോലെതന്നെ കിടിലമാണെന്റെ സ്വഭാവഗുണങ്ങളും. അക്കാര്യം കൊണ്ട് തന്നെ എന്നെ പ്രത്യേകമായി കോയമ്പത്തൂരിൽ നിന്നും ക്ഷണിച്ച് വരുത്തിയതാണ്. നമ്മുടെ  മോദിജി പോലും വളരെ റെസ്പെക്ടോടെയേ ഞങ്ങളുടെ വർഗ്ഗത്തെക്കുറിച്ച് സംസാരിക്കുകയുള്ളൂ. എന്തിനേറെ പറയുന്നു, ഈ 2023 തന്നെ ഭാരതത്തിൽ മില്ലറ്റ് വർഷമെന്നാണറിയപ്പെടുന്നത്. വരും വർഷങ്ങളിൽ ഞങ്ങളെത്തേടി നിക്കിനെപ്പോലുള്ളവർ വരും. ഡോ, ഗു. പപ്പടമേ ഇനിയും വായ്പൊളിച്ചിരിക്കാതെ പോയ് ഗൂഗിളിൽ തപ്പിനോക്കൂ. ഞങ്ങളെക്കുറിച്ചറിവുകളുണ്ടാക്കൂ. എന്നിട്ട് ഞെളിയണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കൂ. ഒരു സെലിബ്രിറ്റി വന്നിരിക്കുന്നു!"

"ഡാ നില്ലഡ മില്ലറ്റേ...നീയ്യാരാഡയെന്നെ..." ഗു. പപ്പടത്തെ മുഴുമിപ്പിക്കാൻ വിടാതെ ഞാനെന്റെ വിരലുകൾ കൊണ്ട് ആ  പപ്പടത്തെപ്പൊടിച്ച്,  തന്റെ ഊഴം കാത്തിരുന്ന മോരു കാച്ചിയതെടുത്ത് പ്ലേറ്റിലേക്കൊഴിച്ച് ഉരുളയുരുട്ടാൻ തുടങ്ങി. വിശന്നിട്ട് വയ്യന്നേ. ഉച്ചയൂണിനു മുൻപ് ഇതൊക്കെ അയച്ച് തന്നവർക്ക് വേണ്ടി നന്ദിസൂചകമായ്  ഒരു ഫോട്ടൊ എടുത്തപ്പോൾ അവിടെന്ന് തുടങ്ങിയതാണീ സംഭവബഹുലമായ കാര്യങ്ങൾ.

Sunday, July 08, 2018

കാലചക്രം ഉരുളുമ്പോൾ, ചിലർ...



ജീവിതത്തിൽ തനിച്ചായിപ്പോയവർക്ക് പറയാൻ ഒരു കഥയെങ്കിലും കാണും. അടിസ്ഥാനപരമായി എല്ലാ മനുഷ്യരും നല്ലവരാണെങ്കിലും  സാഹചര്യങ്ങളാണ് അവരെ അങ്ങിനെയല്ലാതാക്കുന്നത്. പല ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്നവരല്ലേ. ഒരുദിനം കൂട്ടുവിട്ട് ഓടിപ്പോകുമ്പോൾ അവർക്ക് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും. പൊള്ളയായ വാഗ്ദാനങ്ങളും മറ്റും വളരെ എളുപ്പത്തിൽ കാറ്റിൽപ്പറത്തി പൊടിയും തട്ടി അവർ  പറന്നുപോകും. നല്ലൊരു സുഹൃത്ബന്ധത്തിൽ എവിടെയാണ് വാഗ്ദാനങ്ങൾക്ക് സ്ഥാനം എന്നാരും അപ്പോൾ ചിന്തിക്കാറില്ല.

ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്വയം എടുക്കേണ്ടിയിരുന്ന  പല പ്രധാനപ്പെട്ട തീരുമാനങ്ങളെ പോലും  തിരുത്താൻ അവകാശമുണ്ടെന്ന് വിശ്വസിച്ചിരുന്ന അവൻ പ്രിയസുഹൃത്ത് എന്ന് വിളിക്കാതെ  തന്റെ കുടുംബത്തിലെ തന്നെ ഒരാൾ എന്ന് പ്രതിഷ്ഠിച്ചു വച്ചിരുന്ന അവൾ, ഒരു സുപ്രഭാതത്തിൽ  കുറെ ഒഴിവുകഴിവുകളും പരാതികളുടെ  ഭാണ്ഡവും പേറിക്കൊണ്ടാണ് പ്രത്യക്ഷപ്പെട്ടത്.  അവൾ അങ്ങിനെയങ്ങ് കാറ്റിന്റെ ഗതിക്കൊത്ത് മാഞ്ഞു പോയപ്പോൾ അവന് ഒറ്റക്കായിപ്പോയത് പോലെ തോന്നി.

കാളിങ് ബെല്ലിന്റെ ശബ്ദം തന്റെ വീട്ടിലെപ്പോലെ തന്നെ ഓഡിയോ പ്ലെയറിൽ കാസ്സറ്റിന്റെ ടേപ്പ്  വലിയുന്നത് പോലെയാണോ എന്ന് അവൾ ചെവി വട്ടം പിടിച്ചു ശ്രവിക്കാൻ ശ്രമിച്ചു. അല്ല,  പക്ഷി ചിലയ്ക്കുന്നത് പോലെയാണോ?? അടച്ചിട്ടിരിക്കുന്ന വാതിലിനു പിന്നിൽ ഉള്ളിലെവിടെയോ ഒരു പക്ഷി  ചിലയ്ക്കുന്നുണ്ടെന്നവൾക്ക് വെറുതെ തോന്നി. ആ അടഞ്ഞ വാതിലിന്റെ മുന്നിൽ അക്ഷമയായി  നിൽക്കുമ്പോൾ  അവളുടെ ഓർമ്മകൾ പിറകിലേക്ക് പാഞ്ഞു. അന്ന് കോട്ടഗിരിയിൽ വച്ച് എത്രയെത്ര  പക്ഷികളെയാണ് ഇവരിലൂടെ താൻ കണ്ടതും പരിചയപ്പെടാനായതും. അമ്മുവിൻറെ നിരീക്ഷണപാടവവും പക്ഷികളെ തിരിച്ചറിയുന്നതിനുള്ള  അറിവും തന്നെ  ഒരുപാട് അത്ഭുതപ്പെടുത്തിയിരുന്നു.

തന്റെ ജീവിതത്തിലെ ആദ്യത്തെ ട്രെക്കിങ്ങും നേർക്കുനേരെ വന്ന വന്യമൃഗവുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓർക്കുന്നു. പക്ഷെ, ഇതൊക്കെ ജീവിതത്തിന്റെ മറ്റു തിരക്കുകളിലേക്ക് ഊളിയിട്ടപ്പോൾ എപ്പോഴാണ് മറന്നത്? "ട്രെക്ക് വിത്ത് നിക്ക്" എന്നായിരുന്നല്ലോ നമ്മൾ അന്ന് ചെയ്യണമെന്ന് കരുതിയ യാത്രാവിവരണം. വർഷങ്ങൾ പലതു കടന്നു പോയിരിക്കുന്നു. അതിപ്പോഴും വെളിച്ചം കാണാത്ത മറ്റനേകം കൃതികളിലൊന്നായി അവശേഷിക്കുന്നു. തെറ്റുകുറ്റങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ? പക്ഷെ, സ്വയം മനസ്സിലാക്കുന്ന ഒരാൾക്ക് മാത്രമേ മറ്റൊരാളെ മനസ്സിലാവുകയുള്ളു. അവനെന്നോട് ദേഷ്യം കാണില്ലായിരിക്കും.

തനിക്ക് മുന്നിലുള്ള ചിത്രപ്പണികളേതും ഇല്ലാത്ത വാതിൽ, അന്നനുഭവിച്ചിരുന്ന സന്തോഷങ്ങളിലേക്കുള്ള  വാതിലായി പരിണമിക്കപ്പെട്ടു. ലോക്ക് തിരിയുന്ന ശബ്ദം സന്ദര്ശകയെ ഭൂതകാലത്തിൽ നിന്നും തിരിച്ചുകൊണ്ടുവന്നു. വാതിൽ മെല്ലെ തുറന്നു. ആകാംഷാഭരിതയായി അകത്തേക്ക് നോക്കിയ അവൾക്ക് ഉള്ളിൽ ആരെയും കാണാൻ  കഴിഞ്ഞില്ല. വാതിൽ തുറന്നത് ആര് എന്ന് അവൾ ചിന്തിക്കുന്നതിനും മുൻപേ വാതിലിനു മറവിൽ നിന്നൊരു കുഞ്ഞു മുഖം നിഷ്കളങ്കമായ ചിരിയോടെ കൊഞ്ചിപ്പറഞ്ഞു:

"Please come in, Viyyaunty."

Wednesday, July 04, 2018

Many Many Happy Returns of the Day


ഒരു പഴയ സഹപാഠി... അതും schoolmate... "ഡേയ്, ഇന്ന് നീ വരുന്നോ, ഒരു സർപ്രൈസ് തരാം", എന്ന് രാവിലെ  വിളിച്ചു പറഞ്ഞപ്പോൾ, അവൻ ഒന്ന് ആലോചിച്ചു. എന്തിനാ ഇപ്പോൾ പെട്ടെന്ന് ഒരു സർപ്രൈസ് ആവോ. എന്തെങ്കിലും ആവട്ടെ. നോക്കാം...

4 മണിയാകാൻ അവനു സമയം പോകാത്തത് പോലെ തോന്നി. ഇന്ന് കൊടുക്കാം എന്ന് ക്ലയന്റിനോട്ഏറ്റിരുന്ന ജോലി  നാളത്തേക്ക് വച്ചു. ബാക്ക് ഗ്രൗണ്ടിൽ play ചെയ്തുകൊണ്ടിരുന്ന ബെറ്റി മിഡ്ലരുടെ  'From a distance' ന്റെ കൂടെ ഒന്ന് മൂളുക പോലും ചെയ്തില്ല. unexpected call  എന്തൊക്കെയോ അവ്യക്ത ചിന്തകളിൽ വിരാജിച്ചിരുന്നപ്പോൾ സമയം കടന്നുപോയതറിഞ്ഞില്ല. ചുമരിലെ fancy ക്ലോക്കിലെ കിളി പുറത്ത് വന്നു  ഓർമ്മപ്പെടുത്തി "ഡാ ഇനി ഒരു  മണിക്കൂർ കൂടിയേ ഉള്ളൂ  ട്ടോ".

അവൻ ബുള്ളറ്റുമെടുത്ത് നേരെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. വൈറ്റില ജംഗ്ഷനിലെ ബ്ലോക്കിനെക്കുറിച്ചറിയാവുന്നത് കൊണ്ട് ഏരൂർ വഴി തൃപ്പൂണിത്തുറ കറങ്ങി Nucleus Mall ന്റെ പാർക്കിങ്ങിൽ, തന്റെ bullet ഒതുക്കി അവൻ ഒന്ന് നെടുവീർപ്പിട്ടുവെങ്കിലും അവന്റെ ചിന്തകൾ അവളുടെ  സർപ്രൈസ്  call ൽ ഉടക്കി നിന്നു.

സമയം 3:43pm. ഹോ! വൈറ്റിലയിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ഏരൂർ വഴി തെരഞ്ഞെടുത്തപ്പോൾ അവിടെ പന്തം കൊളുത്തിപ്പട! അഭിമന്യുവിന് വേണ്ടി... ഒരു പാവം കുട്ടി കൂടി കലാലയ രാഷ്ട്രീയത്തിന്റെ കത്തിക്കിരയായിരിക്കുന്നു... പക്ഷെ, സംഗു, ഇപ്പോൾ ഇവിടെ എത്തിയിട്ടുണ്ടാവുമോ? അവന്റെ ചിന്തകൾ വീണ്ടും അവളിലേക്ക് മടങ്ങി. അവന്റെ കണ്ണുകൾ അബാദ് ഫുഡ് കോർട്ടിന്റെ ഓരോ ടേബിളിലേക്കും തട്ടിത്തടഞ്ഞു നീങ്ങി. ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും നേരിൽ എങ്ങനെയാവും അവളിരിക്കുക? തിരിച്ചറിയാൻ പറ്റുമോ? സാമാന്യം തിരക്കുണ്ടാകാറുള്ള ഫുഡ് കോർട്ടിൽ അന്ന് തിരക്ക് കുറവായിരുന്നു. അവൻ ജനലിനരികിലുള്ള കസേര വലിച്ചിരിക്കാനും മൊബൈൽ My heart is overwhelmed എന്ന് പാടാൻ തുടങ്ങി.

"നിക്കീ  നീ എവിടെയാ?" ജനാലചില്ലിലൂടെ ഒഴുകിയിറങ്ങുന്ന abstract കളിൽ നിന്ന് കണ്ണെടുക്കാതെ അവൻ ഫുഡ് കോർട്ടിലുണ്ടെന്നു പറയുമ്പോഴേക്കും, "നീ ഇതുവരെ മഴ കണ്ടിട്ടില്ലേ?" എന്ന് ചോദിച്ചു കൊണ്ട് അവൾ അതാ മുന്നിലുള്ള കസേര വലിച്ചിട്ട് ഇരിക്കുന്നു!

അവൻ കസേര പിറകിലേക്ക് നിരക്കി എഴുന്നേറ്റ് കയ്യിലുണ്ടായിരുന്ന gift പായ്ക്ക് അവളുടെ നേരെ നീട്ടിയിട്ടു പറഞ്ഞു: "Many Many Happy Returns of the Day." 

ഇത്തവണ പകച്ചത് അവളായിരുന്നു. അവളുടെ ചുണ്ടിൽ അവശേഷിച്ചിരുന്ന മന്ദഹാസം മായാതെ തന്നെ ഒരു പകപ്പ് അവളുടെ  കണ്ണുകളിൽ അവന് വായിച്ചെടുക്കാൻ കഴിഞ്ഞു. തന്റെ സസ്പെൻസ് പൊളിഞ്ഞതിന്റെ പകപ്പ് മറച്ചുവയ്ക്കാൻ വൃഥാ ശ്രമിച്ചു കൊണ്ട് അവൾ ഒറ്റ ശ്വാസത്തിൽ  ചോദിച്ചു: "നിനക്കെങ്ങിനെ മനസ്സിലായി ഇന്നെന്റെ birthday ആണെന്ന്? ആഹ്, ഫേസ്ബുക് പറഞ്ഞുകാണും അല്ലെ?"

"! Really? ഇന്ന് നിന്റെ birthday ആണോ?!!  കൊള്ളാല്ലോ.  അപ്പോൾ വീണ്ടും wishes.

But you know, വർഷങ്ങൾക്ക് ശേഷം ഒരു സഹപാഠി നിനച്ചിരിക്കാത്ത സമയത്തു വിളിക്കുമ്പോൾ തോന്നുന്ന... പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷമുണ്ട്. അതും  നേരിൽ കാണാൻ വിളിക്കുമ്പോൾ. എനിക്കൊരിക്കലും വെറും കയ്യോടെ പോകാനും കഴിയില്ല, ഇന്ന് എനിക്കുണ്ടായ സന്തോഷം നിനക്കും കാണില്ലേ എന്നേ ഞാൻ കരുതൂ. അപ്പോൾ പറയേണ്ട വാചകം അതല്ലാണ്ട് വേറെന്താണ്?"

അങ്ങിനെ അവരുടെ കുറെ വർഷങ്ങൾക്ക് ശേഷമുണ്ടായ സമാഗമം ഹൃദ്യമായിഅവർ ചിരിച്ചു, കളിച്ചു, പിണങ്ങി, വീണ്ടും ഇണങ്ങി... അന്നത്തെ കൊച്ചു സഹപാഠികളെപ്പോലെ...

Tuesday, April 03, 2007

പ്രയാണം

പരിചയപ്പെട്ടതിന്‍ ആദ്യനാളുകളില്‍ അവര്‍ പരസ്പരം ഒന്നും ഉരിയാടിയിരുന്നില്ല. പിന്നീടെപ്പോഴോ എ/എസ്/എല്‍ പ്ലീസ് എന്ന് ഡയറക്ടായി ചോദിക്കാതെ തന്നെ മൌന സ്വൈര്യസല്ലാപം തുടങ്ങി. ജോലിയെക്കുറിച്ച്, മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തെക്കുറിച്ച് പിന്നെ ഗ്രാജ്വലി, സ്വകുടുംബ കാര്യങ്ങളും അവരുടെ സല്ലാപങ്ങളിലെ ടോപ്പിക്കായി.

ഒന്നാം വാരം

സല്ലാപത്തിനിടയിലെപ്പൊഴോ അവന്‍ അവളോട് ചോദിച്ചു. “ആരാണ് താങ്കളുടെ ബെസ്റ്റ് ഫ്രണ്ട് ?” മറുപടിക്ക് താമസമുണ്ടായിരുന്നില്ല. “എന്റെ ഭര്‍ത്താവ് .” എന്തെന്നറിയില്ല, അവള്‍ അവനോട് ആ ക്വസ്റ്റ്യന്‍ തിരിച്ച് ചോദിച്ചില്ല. അവന്‍ അവന്റെ ഭൂതകാലം അവിടെ നിരത്തി. “ഞാന്‍ മുന്‍പൊരുപാട് പാടുമായിരുന്നു. സ്റ്റേജിലും സ്റ്റുഡിയോയിലും മറ്റും...” അവളുടെ റെസ്പോണ്‍സ് “ഞാനും”. അവന്‍ വീണ്ടും “ഞാന്‍ കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് വരെ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. കുറേ സമ്മാനങ്ങളൊക്കെ കിട്ടിയിട്ടുണ്ട് ”. വീണ്ടും അവള്‍ “ഞാനും വരയ്ക്കുമായിരുന്നു”. അവനതൊരത്ഭുതമായ് തോന്നി. അവന്‍ എന്തൊക്കെ ഇഷ്ടാനിഷ്ടങ്ങള്‍ പറയുമ്പോഴും അവളുടേതും സേം ടു സേം എന്ന് അവള്‍ മൊഴിയുമ്പോള്‍ അവന്‍ വാ പൊളിച്ചിരുന്നുപോയി. അവന്‍ തുറന്ന വായ് അടയുന്നതിന് മുന്‍പ് അവള്‍ “നമ്മള്‍ തമ്മില്‍ എല്ലാക്കാര്യത്തിലും ഭയങ്കര സാമ്യമുണ്ടല്ലോ. മുജ്ജന്മ ബന്ധമാണോ?” അവന്‍ ആലോചിക്കാതിരുന്നില്ല. “മുജ്ജന്മം എന്നൊരു ജന്മം ഉണ്ട് ?”

രണ്ടാം വാരം

അന്ന് മറ്റൊരു ചെറുപ്പക്കാരനുമായുള്ള അവളുടെ ഒളിച്ചും പതുങ്ങിയുമുള്ള സ്വൈര്യ സല്ലാപം അവന്‍ കാണാനിടയായി.

അവന്‍ : “ആരാണാവോ കക്ഷി ?”
അവള്‍ : “രഞ്ജുഷ് ”
അവന്‍ : “അതാരാ ?”
അവള്‍ : “എന്റെ ബെസ്റ്റ് ഫ്രണ്ട് ”
അവന്‍ : “ബെസ്റ്റ് ഫ്രണ്ടോ?”
അവള്‍ : “എന്റെ പഴയ ഓഫീസിലുണ്ടായിരുന്നതാ. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാ. ഇപ്പോ ദുബൈലാ.”

അവന്‍ മനസ്സില്‍ പറഞ്ഞു “കഴിഞ്ഞാഴ്ച ആ സ്ഥാനം ഭര്‍ത്താവിനായിരുന്നല്ലോ !”
അവന്റെ മനസ്സ് അവള്‍ വായിച്ചത് പോലെ അവള്‍ പറഞ്ഞു : “വീട്ടിലൊക്കെ വന്നിട്ടുണ്ട്, ഭര്‍ത്താവിനൊക്കെ അറിയാം”

മൂന്നാം വാരം

“എടാ. ഇടയ്ക്കെഴുന്നേറ്റ് പോയി വെള്ളം കുടിക്കണം.”

അവന്‍ ചിന്തിച്ചു “ഹൊ! ഈ സ്ത്രീ എന്നില്‍ കൂടുതല്‍ സ്വാതന്ത്ര്യം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നുവല്ലോ. ഇപ്പോള്‍ പേരു വിളിക്കുന്നതിന് പകരം ‘എടാ’യായി”.

അവന്റെ സംശയം “വെള്ളം? അതെന്തിനാ?”
അവളുടെ സൌന്ദര്യക്കൂട്ട് “നിന്റെ നിറം നിലനിര്‍ത്താന്‍. അതിന് ഇടയ്ക്ക് പോയി വെള്ളം കുടിച്ചേ പറ്റൂ.”
ഈ മൂന്നാം വാരത്തില്‍ അവള്‍ കള്ളക്കടക്കണ്ണെറിഞ്ഞ് അവനോട് മൊഴിഞ്ഞു : “യൂ ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട് .” ഇത്തവണ അവന്‍ ഞെട്ടി. ആഴ്ചകള്‍ കൊണ്ട് എന്തൊക്കെയാ മാറിമറിയുന്നത്. പിന്നീടവള്‍ പറഞ്ഞത് അവനൊട്ടും ദഹിക്കാത്തതായിരുന്നു.

“ഐ ഫീല്‍ ലോണ്‍ലി.”

അന്ന് അവന്‍ അവന്‍ വീട്ടിലെത്തി മുറ്റത്തങ്ങുമിങ്ങുമൊരുപാടുലാത്തി. അവന്‍ ചിന്തിച്ചു. “ആക്ച്വലി വാട്ട് ഈസ് ഹെര്‍ പ്രോബ്ലം?” അവനൊരെത്തും പിടിയും കിട്ടിയില്ല.

മൂന്നാം വാരം അവസാനിക്കുവാന്‍ നാഴികകള്‍ ബാക്കി നില്‍ക്കേ, അവന്റെ മൊബൈല്‍ ശബ്ദിച്ചു. “ഫോണെട്രാ, ലോ ലവളാ”. മറുതലയ്ക്കല്‍ അവളുടെ ശബ്ദം. അവളുടെ ആ ഹലോ - ഐ ഫീല്‍ ലോണ്‍ലി എന്ന് പറയും പോലെയാണവന് തോന്നിയത്. അവന്‍ നേരത്തെ മുറ്റത്തുലാത്തിക്കൊണ്ട് ചിന്തിച്ചതിന്റെ ക്ലൈമാക്സ് അറിയണം എന്ന ഉദ്ദേശത്തോടെ അവളോട് ചോദിച്ചു. “ആക്ച്വലി വാട്ട് ഈസ് യുവര്‍ പ്രോബ്ലം? വീട്ടിലെന്തെങ്കിലും? താങ്കള്‍ക്ക് ഇത്ര ലോണ്‍ലിയായി തോന്നുവാന്‍ തക്ക കാരണമൊന്നും കാണുന്നില്ലല്ലോ. നല്ലൊരു കുടുംബാന്തരീക്ഷമൊക്കെയല്ലേ. വേറെ എന്തു വേണം? ഒരിക്കലും ഇങ്ങനെ തോന്നാന്‍ പാടുള്ളതല്ലല്ലോ. ഇപ്പോള്‍ മറ്റ് എന്തെങ്കിലുമൊക്കെ തോന്നുണ്ടാവും. അതൊക്കെയാണ് ഈ ലോണ്‍ലിനെസ്സ് ഫീലിങ്ങ്സിന്റെ പുറകില്‍. അതൊക്കെ വെറും ഫാന്റസി അല്ലേ. ഈ അപക്വമായ സ്വപ്നങ്ങളില്‍ നിന്നൊക്കെ ഉയിര്‍ത്തെഴുന്നേല്‍ക്കൂ സുഹൃത്തേ.”

അവള്‍ ഉയിര്‍ത്തെഴുന്നേറ്റോ ഇല്ലയോ എന്നൊന്നും അവനറിയില്ല. പക്ഷെ, അവനൊന്നറിഞ്ഞു. അവളുടെ പുതിയ പുതിയ ബെസ്റ്റ് ഫ്രണ്ട്സ്... ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്കുള്ള പ്രയാണം അവള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അവന്‍ ഒരു ചെറുനെടുവീര്‍പ്പോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു...