Showing posts with label nikk. Show all posts
Showing posts with label nikk. Show all posts

Wednesday, January 03, 2024

നടന്ന് നടന്ന് നടന്ന് (കവിത)

നടന്ന് നടന്ന് നടന്ന്
ഒന്നെന്നത് രണ്ടായ്
പിന്നെ, മൂന്നായ്!
വളർന്ന് പന്തലിച്ചവ-
രൊന്നായ് നടപ്പിങ്ങനെ.

കാടും മേടും തോടും
മലകളും താഴ്വാരങ്ങളും
പുഴകളും പൂഴിയുമെല്ലാ-
മവർക്കൊരുപോലെയാകിലും
ഇനിയുമെത്രയിടങ്ങളാണാ
കാലടിപ്പാദങ്ങൾ തൻ മുദ്രകൾ
പതിയാൻ ബാക്കിയായ്!

അവരൊന്നായ് നടന്നിടവേ
ഈ ജനുവരി മാസം
വീണ്ടും നീണ്ടൊരു
നടപ്പാകാമെന്ന കളമൊരുക്കവേ,
ആഗ്രഹമൊന്ന് പൊട്ടിമുളച്ചു.

ഒരു ക്ലബ്ബായാലോ?
ആ ക്ലബ്ബിനൊരു
പേരായാലോ?
പേരായാലോ,
ധരിക്കാനൊരു
ജേഴ്‌സിയുമാവാലോ!

മാളോരേ, നിങ്ങളുടെ
തലയിലൊരു പേര് 
വിരിയുമോ?
വിരിഞ്ഞാലത്
ഞങ്ങൾക്കായ്
പകരാമോ?
പകർന്നാലത്
ചിത്രപ്പണികളാൽ
മോഡികൂട്ടി ധരിച്ചീടാം.

Thursday, December 21, 2023

ഉച്ചയൂണും അതിഥികളും

 



ആ വലിയ സ്റ്റീൽ പാത്രത്തിലേക്ക് വന്നു വീഴുന്ന, തങ്ങൾക്ക് പരിചയമേതുമില്ലാത്ത അതിഥികളെ  സാകൂതം നോക്കി പയറുമണികൾ പരസ്പരം ചോദിച്ചു. "ഇവരൊക്കെ ആരാ? ഇവരെയൊന്നും ഇവിടെ ഇതിന് മുമ്പങ്ങനെ കണ്ടിട്ടില്ലല്ലോ!" 

ഇത് പയറുമണികൾ പരസ്പരം സംസാരിച്ചതാണെങ്കിലും ഇത് കേട്ട ആ അതിഥികൾ ചിരിച്ചുകൊണ്ട് ഒരേ സ്വരത്തിൽപ്പറഞ്ഞു. "പൊന്നു പയറുമണികളേ! നിങ്ങൾ ഞങ്ങൾക്കപരിചിതരല്ലല്ലോ. തിരിച്ചും അങ്ങിനെ തന്നെയാണല്ലോ!"

"ശ്ശെടാ! ഇവരെന്താണീപ്പറയുന്നതെന്ന് മനസ്സിലാവുന്നില്ലല്ലോ!" എന്ന് കൂട്ടത്തിൽ മുതിർന്നൊരു പയറുമണി. എന്നിട്ട് പുതുതായി വന്ന അതിഥികളോടായിപ്പറഞ്ഞു. "ഞങ്ങൾ പയറുമണികളാണ്. അത് ശരി തന്നെ. അത് നിങ്ങൾക്കെങ്ങനെയറിയാമെന്നത് ഞങ്ങൾക്കൊരെത്തും പിടിയും കിട്ടുന്നില്ല. ഞങ്ങളീ ഗുജറാത്തിലെ വിവിധയിടങ്ങളിൽ കൃഷിചെയ്യപ്പെട്ട് ഗാന്ധിനഗറിലെ ഡി മാർട്ട് റീട്ടെയിലിലൂടെ വന്ന് ഈ പ്ലേറ്റിൽ വീണതാണ്. ഇതിവിടെ സ്ഥിരമാണല്ലോ. ഇനി നിങ്ങളുടെ കഥ പറയു."

ഇത് കേട്ട് അതിഥികൾ ആശ്ചര്യത്തോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "ആഹ്, അങ്ങനെ വരട്ടെ! ഞങ്ങൾ കരുതി നിങ്ങളും ഞങ്ങളെപ്പോലെ നാട്ടിൽ നിന്ന് കുറ്റിയും പറിച്ച് ഗാന്ധിനഗറിലേക്ക് വണ്ടി കയറിയതാണെന്ന്! അപ്പോ അങ്ങിനെ അല്ലല്ലേ!"

പയറുമണി മൂപ്പൻ: "നിങ്ങളെവിടുന്നാ വരുന്നത്?"

അതിഥികളിലൊരുവൾ: "കേരളം."

പയറുമണികളിൽ പച്ചപ്പരിഷ്ക്കാരിയായ ഒരു  യുവാവ്:  Oh! God's Own Country."

കൂട്ടത്തിലെ ഒരു കുട്ടിപ്പയർ: "അപ്പോ അവിടെ കുറേ ദൈവങ്ങളുണ്ടോ അങ്കിളേ?"

പയറുമണി മൂപ്പൻ: "ഡാ അത് കേരളത്തിലെ ടൂറിസം വകുപ്പിന്റെ സ്ലോഗനാണ്. അതിഥികളേ, നിങ്ങൾക്കെങ്ങനെ ഞങ്ങളെയറിയാം?"

അതിഥികളിലെ ഒരുവൻ മറുപടി പറഞ്ഞു. "ഭായ് അത്... നിങ്ങളെയൊക്കെ ഞങ്ങളുടെ നാട്ടിൽ സുലഭമായിക്കാണാറുണ്ടല്ലോ! പക്ഷെ, നിങ്ങൾ പറയുന്നത്... എന്താ നിങ്ങൾ മല്ലൂസ് അല്ലാന്നുണ്ടോ?"

പയർ മൂപ്പന് ചെറുതായ് കോപം വന്നുവെന്ന് കാഴ്ച്ചക്കാർക്ക് തോന്നി. അയാൾ കുറച്ച് നിമിഷം മിണ്ടാതെ നിന്നിട്ട് സൗമ്യമായ്  പറഞ്ഞു. "നാമെല്ലാം ഒരേ രാജ്യക്കാർ. ജയ് ഹിന്ദ്! നിങ്ങളുടെ പേരുകൾ പറഞ്ഞാലും കൂട്ടരെ."

"ഞാൻ ലൂപിക്ക. പക്ഷെ ആ നിസ് പിടിച്ചെന്നെ ഉപ്പിലിട്ടു. ബട്ട് നല്ല ടേസ്റ്റല്ലേ, നിക്കേ?"

എന്റെ ആത്മഗതം: ശ്ശൊ! ഇവളെന്തിനാ ഇപ്പോ എന്നെ പിടിച്ച് ഈ സംഭാഷണത്തിലേക്കിട്ടതാവോ! കേൾക്കാത്ത പോലെയിരിക്കാം.

ലൂപിക്ക തുടർന്നു. "തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മറ്റുള്ളവർ എന്റെ കൂടെക്കൂടിയത്. ഞാൻ ആക്ടർ ഇന്നസന്റിന്റെ നാട്ടിൽ നിന്നാണ്."

"ഡീ ലൂപീ, നിന്റെ കൂടെ ഞാനുമുണ്ടായിരുന്നു. ഉപ്പ് വെള്ളം മാത്രമല്ല വിനാഗിരിയിൽ കിടന്നാണ് നമ്മൾ കളിച്ച് വളർ... അല്ല..അലിഞ്ഞലിഞ്ഞ് ഈ പരുവത്തിലായത്. എന്തൊരു മറവിയാടോ!" ആ ചുവന്നു തുടുത്ത സുന്ദരി കാന്താരി മുളകിന് ദേഷ്യവും സങ്കടവും വന്നു. 

"ഓ ഒന്നടങ്ങ് ഗെഡ്ഡ്യേ! ഇവറ്റകളുടെ ഒരു കാര്യം! ഞാൻ പപ്പടം. ഗുരുവായൂർ പപ്പടം. ഞാൻ ഒരു ആക്ടറുടെ നാട്ടുകാരനൊന്നുമല്ലെങ്കിലും ഒരു സെലിബ്രിറ്റിയാ. ഒന്ന് എന്നെക്കുറിച്ച് അന്വേഷിച്ചു നോക്കൂ ലൂപിക്കേ. അപ്പോൾ മനസ്സിലാകും. ഒരു ആക്ടറുടെ നാട്ടുകാരി വന്നിരിക്കുന്നു!"

പപ്പടം ഒന്ന് ശ്വാസം വലിച്ച് വിട്ടിട്ട് തുടർന്നു. "ട്രെയിനിൽ വച്ചാണിവരെ കണ്ടുമുട്ടിയത്. ഇപ്പോൾ ഇവിടുത്തെ അടുക്കളയിൽ  എണ്ണയിലിട്ടെന്നെ വറുത്ത് വീർപ്പിക്കാതെ ഫ്രൈയിങ്ങ് പാനിൽ പിച്ചിച്ചീന്തിയിട്ടെന്നെ വെറുതെ പൊള്ളിച്ചെടുത്തു. ഒരു വല്യ ഹെൽത്ത് കോൺഷ്യസ് ഫെല്ലോ!"

അവസാനം പറഞ്ഞത് എനിക്കിട്ട് ഒന്ന് താങ്ങിയതാണോ! എന്താ എല്ലാവരുമിങ്ങനെയെന്നെ...

"തിളക്കുന്ന എണ്ണയിലിട്ടെന്നെ വീർപ്പിച്ച്  നല്ല ടേസ്റ്റോടെന്നെ തിന്നൂട്രാ നിക്കേ നിനക്ക്?"

ഇതെന്തൊരു തൊന്തരവെന്ന് വിചാരിച്ച് വിഷമിച്ചിരുന്നയെന്നെ രക്ഷിക്കാൻ അതാ ഒരു ഘനഗാംഭീര്യം കലർന്ന ശബ്ദം ഉയർന്നു. 

"വായ്മൂടട ഗു. പപ്പടമേ. നീ എന്തിനാണിങ്ങനെ അലറുന്നത്. കേരളത്തിലുള്ളവരെ നീ എണ്ണകുടിപ്പിച്ച് ഒരു പരുവത്തിലാക്കിവച്ചിട്ടുണ്ട് ഇതിനോടകം. ഇയാക്കിഷ്ടമുള്ള രീതിയിൽ പാകം ചെയ്ത് കഴിക്കട്ടെന്നെ. എന്നെയും വെറുതെ ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് തിളപ്പിച്ച് പാകം ചെയ്തിട്ടെയുള്ളൂ. നിങ്ങളുടെ ചോറു വേവിക്കുന്ന സമയം പോലും വേണ്ട എന്നെ പാകം ചെയ്യാൻ. വെറും മൂന്നേ മൂന്ന് മിനുട്ട് മതി." 

ആ അതിഥി ഒന്ന് ശ്വാസം കഴിക്കുവാൻ ഒന്ന് നിർത്തിയപ്പോൾ പയറുമണി പെൺകുട്ടി ഇടയിൽക്കയറി ഒരു ചോദ്യം. "നീ ആ വെള്ളച്ചോറല്ലേ?"

"വെള്ളച്ചോറോ?" ഘനഗാംഭീര്യം ചോർന്ന് പോയത് പോലെയായി അയാളുടെ ശബ്ദം.

പ. പെൺകുട്ടി: "തന്നെഡേയ്, വൈറ്റ് റൈസ് അല്ലേ നീയ്?"

"അല്ല. ഞാൻ മില്ലറ്റ്."

ഗു. പപ്പടം വായ്പൊളിച്ചു: "മില്ലെറ്റോ?"

മില്ലറ്റ്: "അതെ ഒരു ചെറുധാന്യമാണ്. മില്ലെറ്റുകൾ പല തരമുണ്ട്. അതിൽ ഒന്നാണ് ഈ ഞാൻ. കുഡോ മില്ലെറ്റെന്നാണെന്റെ പേര്. കൂവരഗ്. എന്റെ പേര് പോലെതന്നെ കിടിലമാണെന്റെ സ്വഭാവഗുണങ്ങളും. അക്കാര്യം കൊണ്ട് തന്നെ എന്നെ പ്രത്യേകമായി കോയമ്പത്തൂരിൽ നിന്നും ക്ഷണിച്ച് വരുത്തിയതാണ്. നമ്മുടെ  മോദിജി പോലും വളരെ റെസ്പെക്ടോടെയേ ഞങ്ങളുടെ വർഗ്ഗത്തെക്കുറിച്ച് സംസാരിക്കുകയുള്ളൂ. എന്തിനേറെ പറയുന്നു, ഈ 2023 തന്നെ ഭാരതത്തിൽ മില്ലറ്റ് വർഷമെന്നാണറിയപ്പെടുന്നത്. വരും വർഷങ്ങളിൽ ഞങ്ങളെത്തേടി നിക്കിനെപ്പോലുള്ളവർ വരും. ഡോ, ഗു. പപ്പടമേ ഇനിയും വായ്പൊളിച്ചിരിക്കാതെ പോയ് ഗൂഗിളിൽ തപ്പിനോക്കൂ. ഞങ്ങളെക്കുറിച്ചറിവുകളുണ്ടാക്കൂ. എന്നിട്ട് ഞെളിയണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കൂ. ഒരു സെലിബ്രിറ്റി വന്നിരിക്കുന്നു!"

"ഡാ നില്ലഡ മില്ലറ്റേ...നീയ്യാരാഡയെന്നെ..." ഗു. പപ്പടത്തെ മുഴുമിപ്പിക്കാൻ വിടാതെ ഞാനെന്റെ വിരലുകൾ കൊണ്ട് ആ  പപ്പടത്തെപ്പൊടിച്ച്,  തന്റെ ഊഴം കാത്തിരുന്ന മോരു കാച്ചിയതെടുത്ത് പ്ലേറ്റിലേക്കൊഴിച്ച് ഉരുളയുരുട്ടാൻ തുടങ്ങി. വിശന്നിട്ട് വയ്യന്നേ. ഉച്ചയൂണിനു മുൻപ് ഇതൊക്കെ അയച്ച് തന്നവർക്ക് വേണ്ടി നന്ദിസൂചകമായ്  ഒരു ഫോട്ടൊ എടുത്തപ്പോൾ അവിടെന്ന് തുടങ്ങിയതാണീ സംഭവബഹുലമായ കാര്യങ്ങൾ.

Sunday, July 08, 2018

കാലചക്രം ഉരുളുമ്പോൾ, ചിലർ...



ജീവിതത്തിൽ തനിച്ചായിപ്പോയവർക്ക് പറയാൻ ഒരു കഥയെങ്കിലും കാണും. അടിസ്ഥാനപരമായി എല്ലാ മനുഷ്യരും നല്ലവരാണെങ്കിലും  സാഹചര്യങ്ങളാണ് അവരെ അങ്ങിനെയല്ലാതാക്കുന്നത്. പല ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്നവരല്ലേ. ഒരുദിനം കൂട്ടുവിട്ട് ഓടിപ്പോകുമ്പോൾ അവർക്ക് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും. പൊള്ളയായ വാഗ്ദാനങ്ങളും മറ്റും വളരെ എളുപ്പത്തിൽ കാറ്റിൽപ്പറത്തി പൊടിയും തട്ടി അവർ  പറന്നുപോകും. നല്ലൊരു സുഹൃത്ബന്ധത്തിൽ എവിടെയാണ് വാഗ്ദാനങ്ങൾക്ക് സ്ഥാനം എന്നാരും അപ്പോൾ ചിന്തിക്കാറില്ല.

ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്വയം എടുക്കേണ്ടിയിരുന്ന  പല പ്രധാനപ്പെട്ട തീരുമാനങ്ങളെ പോലും  തിരുത്താൻ അവകാശമുണ്ടെന്ന് വിശ്വസിച്ചിരുന്ന അവൻ പ്രിയസുഹൃത്ത് എന്ന് വിളിക്കാതെ  തന്റെ കുടുംബത്തിലെ തന്നെ ഒരാൾ എന്ന് പ്രതിഷ്ഠിച്ചു വച്ചിരുന്ന അവൾ, ഒരു സുപ്രഭാതത്തിൽ  കുറെ ഒഴിവുകഴിവുകളും പരാതികളുടെ  ഭാണ്ഡവും പേറിക്കൊണ്ടാണ് പ്രത്യക്ഷപ്പെട്ടത്.  അവൾ അങ്ങിനെയങ്ങ് കാറ്റിന്റെ ഗതിക്കൊത്ത് മാഞ്ഞു പോയപ്പോൾ അവന് ഒറ്റക്കായിപ്പോയത് പോലെ തോന്നി.

കാളിങ് ബെല്ലിന്റെ ശബ്ദം തന്റെ വീട്ടിലെപ്പോലെ തന്നെ ഓഡിയോ പ്ലെയറിൽ കാസ്സറ്റിന്റെ ടേപ്പ്  വലിയുന്നത് പോലെയാണോ എന്ന് അവൾ ചെവി വട്ടം പിടിച്ചു ശ്രവിക്കാൻ ശ്രമിച്ചു. അല്ല,  പക്ഷി ചിലയ്ക്കുന്നത് പോലെയാണോ?? അടച്ചിട്ടിരിക്കുന്ന വാതിലിനു പിന്നിൽ ഉള്ളിലെവിടെയോ ഒരു പക്ഷി  ചിലയ്ക്കുന്നുണ്ടെന്നവൾക്ക് വെറുതെ തോന്നി. ആ അടഞ്ഞ വാതിലിന്റെ മുന്നിൽ അക്ഷമയായി  നിൽക്കുമ്പോൾ  അവളുടെ ഓർമ്മകൾ പിറകിലേക്ക് പാഞ്ഞു. അന്ന് കോട്ടഗിരിയിൽ വച്ച് എത്രയെത്ര  പക്ഷികളെയാണ് ഇവരിലൂടെ താൻ കണ്ടതും പരിചയപ്പെടാനായതും. അമ്മുവിൻറെ നിരീക്ഷണപാടവവും പക്ഷികളെ തിരിച്ചറിയുന്നതിനുള്ള  അറിവും തന്നെ  ഒരുപാട് അത്ഭുതപ്പെടുത്തിയിരുന്നു.

തന്റെ ജീവിതത്തിലെ ആദ്യത്തെ ട്രെക്കിങ്ങും നേർക്കുനേരെ വന്ന വന്യമൃഗവുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓർക്കുന്നു. പക്ഷെ, ഇതൊക്കെ ജീവിതത്തിന്റെ മറ്റു തിരക്കുകളിലേക്ക് ഊളിയിട്ടപ്പോൾ എപ്പോഴാണ് മറന്നത്? "ട്രെക്ക് വിത്ത് നിക്ക്" എന്നായിരുന്നല്ലോ നമ്മൾ അന്ന് ചെയ്യണമെന്ന് കരുതിയ യാത്രാവിവരണം. വർഷങ്ങൾ പലതു കടന്നു പോയിരിക്കുന്നു. അതിപ്പോഴും വെളിച്ചം കാണാത്ത മറ്റനേകം കൃതികളിലൊന്നായി അവശേഷിക്കുന്നു. തെറ്റുകുറ്റങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ? പക്ഷെ, സ്വയം മനസ്സിലാക്കുന്ന ഒരാൾക്ക് മാത്രമേ മറ്റൊരാളെ മനസ്സിലാവുകയുള്ളു. അവനെന്നോട് ദേഷ്യം കാണില്ലായിരിക്കും.

തനിക്ക് മുന്നിലുള്ള ചിത്രപ്പണികളേതും ഇല്ലാത്ത വാതിൽ, അന്നനുഭവിച്ചിരുന്ന സന്തോഷങ്ങളിലേക്കുള്ള  വാതിലായി പരിണമിക്കപ്പെട്ടു. ലോക്ക് തിരിയുന്ന ശബ്ദം സന്ദര്ശകയെ ഭൂതകാലത്തിൽ നിന്നും തിരിച്ചുകൊണ്ടുവന്നു. വാതിൽ മെല്ലെ തുറന്നു. ആകാംഷാഭരിതയായി അകത്തേക്ക് നോക്കിയ അവൾക്ക് ഉള്ളിൽ ആരെയും കാണാൻ  കഴിഞ്ഞില്ല. വാതിൽ തുറന്നത് ആര് എന്ന് അവൾ ചിന്തിക്കുന്നതിനും മുൻപേ വാതിലിനു മറവിൽ നിന്നൊരു കുഞ്ഞു മുഖം നിഷ്കളങ്കമായ ചിരിയോടെ കൊഞ്ചിപ്പറഞ്ഞു:

"Please come in, Viyyaunty."

Wednesday, July 04, 2018

Many Many Happy Returns of the Day


ഒരു പഴയ സഹപാഠി... അതും schoolmate... "ഡേയ്, ഇന്ന് നീ വരുന്നോ, ഒരു സർപ്രൈസ് തരാം", എന്ന് രാവിലെ  വിളിച്ചു പറഞ്ഞപ്പോൾ, അവൻ ഒന്ന് ആലോചിച്ചു. എന്തിനാ ഇപ്പോൾ പെട്ടെന്ന് ഒരു സർപ്രൈസ് ആവോ. എന്തെങ്കിലും ആവട്ടെ. നോക്കാം...

4 മണിയാകാൻ അവനു സമയം പോകാത്തത് പോലെ തോന്നി. ഇന്ന് കൊടുക്കാം എന്ന് ക്ലയന്റിനോട്ഏറ്റിരുന്ന ജോലി  നാളത്തേക്ക് വച്ചു. ബാക്ക് ഗ്രൗണ്ടിൽ play ചെയ്തുകൊണ്ടിരുന്ന ബെറ്റി മിഡ്ലരുടെ  'From a distance' ന്റെ കൂടെ ഒന്ന് മൂളുക പോലും ചെയ്തില്ല. unexpected call  എന്തൊക്കെയോ അവ്യക്ത ചിന്തകളിൽ വിരാജിച്ചിരുന്നപ്പോൾ സമയം കടന്നുപോയതറിഞ്ഞില്ല. ചുമരിലെ fancy ക്ലോക്കിലെ കിളി പുറത്ത് വന്നു  ഓർമ്മപ്പെടുത്തി "ഡാ ഇനി ഒരു  മണിക്കൂർ കൂടിയേ ഉള്ളൂ  ട്ടോ".

അവൻ ബുള്ളറ്റുമെടുത്ത് നേരെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. വൈറ്റില ജംഗ്ഷനിലെ ബ്ലോക്കിനെക്കുറിച്ചറിയാവുന്നത് കൊണ്ട് ഏരൂർ വഴി തൃപ്പൂണിത്തുറ കറങ്ങി Nucleus Mall ന്റെ പാർക്കിങ്ങിൽ, തന്റെ bullet ഒതുക്കി അവൻ ഒന്ന് നെടുവീർപ്പിട്ടുവെങ്കിലും അവന്റെ ചിന്തകൾ അവളുടെ  സർപ്രൈസ്  call ൽ ഉടക്കി നിന്നു.

സമയം 3:43pm. ഹോ! വൈറ്റിലയിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ഏരൂർ വഴി തെരഞ്ഞെടുത്തപ്പോൾ അവിടെ പന്തം കൊളുത്തിപ്പട! അഭിമന്യുവിന് വേണ്ടി... ഒരു പാവം കുട്ടി കൂടി കലാലയ രാഷ്ട്രീയത്തിന്റെ കത്തിക്കിരയായിരിക്കുന്നു... പക്ഷെ, സംഗു, ഇപ്പോൾ ഇവിടെ എത്തിയിട്ടുണ്ടാവുമോ? അവന്റെ ചിന്തകൾ വീണ്ടും അവളിലേക്ക് മടങ്ങി. അവന്റെ കണ്ണുകൾ അബാദ് ഫുഡ് കോർട്ടിന്റെ ഓരോ ടേബിളിലേക്കും തട്ടിത്തടഞ്ഞു നീങ്ങി. ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും നേരിൽ എങ്ങനെയാവും അവളിരിക്കുക? തിരിച്ചറിയാൻ പറ്റുമോ? സാമാന്യം തിരക്കുണ്ടാകാറുള്ള ഫുഡ് കോർട്ടിൽ അന്ന് തിരക്ക് കുറവായിരുന്നു. അവൻ ജനലിനരികിലുള്ള കസേര വലിച്ചിരിക്കാനും മൊബൈൽ My heart is overwhelmed എന്ന് പാടാൻ തുടങ്ങി.

"നിക്കീ  നീ എവിടെയാ?" ജനാലചില്ലിലൂടെ ഒഴുകിയിറങ്ങുന്ന abstract കളിൽ നിന്ന് കണ്ണെടുക്കാതെ അവൻ ഫുഡ് കോർട്ടിലുണ്ടെന്നു പറയുമ്പോഴേക്കും, "നീ ഇതുവരെ മഴ കണ്ടിട്ടില്ലേ?" എന്ന് ചോദിച്ചു കൊണ്ട് അവൾ അതാ മുന്നിലുള്ള കസേര വലിച്ചിട്ട് ഇരിക്കുന്നു!

അവൻ കസേര പിറകിലേക്ക് നിരക്കി എഴുന്നേറ്റ് കയ്യിലുണ്ടായിരുന്ന gift പായ്ക്ക് അവളുടെ നേരെ നീട്ടിയിട്ടു പറഞ്ഞു: "Many Many Happy Returns of the Day." 

ഇത്തവണ പകച്ചത് അവളായിരുന്നു. അവളുടെ ചുണ്ടിൽ അവശേഷിച്ചിരുന്ന മന്ദഹാസം മായാതെ തന്നെ ഒരു പകപ്പ് അവളുടെ  കണ്ണുകളിൽ അവന് വായിച്ചെടുക്കാൻ കഴിഞ്ഞു. തന്റെ സസ്പെൻസ് പൊളിഞ്ഞതിന്റെ പകപ്പ് മറച്ചുവയ്ക്കാൻ വൃഥാ ശ്രമിച്ചു കൊണ്ട് അവൾ ഒറ്റ ശ്വാസത്തിൽ  ചോദിച്ചു: "നിനക്കെങ്ങിനെ മനസ്സിലായി ഇന്നെന്റെ birthday ആണെന്ന്? ആഹ്, ഫേസ്ബുക് പറഞ്ഞുകാണും അല്ലെ?"

"! Really? ഇന്ന് നിന്റെ birthday ആണോ?!!  കൊള്ളാല്ലോ.  അപ്പോൾ വീണ്ടും wishes.

But you know, വർഷങ്ങൾക്ക് ശേഷം ഒരു സഹപാഠി നിനച്ചിരിക്കാത്ത സമയത്തു വിളിക്കുമ്പോൾ തോന്നുന്ന... പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷമുണ്ട്. അതും  നേരിൽ കാണാൻ വിളിക്കുമ്പോൾ. എനിക്കൊരിക്കലും വെറും കയ്യോടെ പോകാനും കഴിയില്ല, ഇന്ന് എനിക്കുണ്ടായ സന്തോഷം നിനക്കും കാണില്ലേ എന്നേ ഞാൻ കരുതൂ. അപ്പോൾ പറയേണ്ട വാചകം അതല്ലാണ്ട് വേറെന്താണ്?"

അങ്ങിനെ അവരുടെ കുറെ വർഷങ്ങൾക്ക് ശേഷമുണ്ടായ സമാഗമം ഹൃദ്യമായിഅവർ ചിരിച്ചു, കളിച്ചു, പിണങ്ങി, വീണ്ടും ഇണങ്ങി... അന്നത്തെ കൊച്ചു സഹപാഠികളെപ്പോലെ...

Saturday, June 16, 2018

ഫുട്ബോൾ ഫീവർ

ഒരേ മനസ്സ്
ഒരേ ജാതി
ഒരേ മതം
ഒരേ വികാരം
ഒരേ സ്വരം
ഒരേ സംഗീതം
ഒരേ ആർപ്പുവിളി

ഗോ.....ൾ   !!!

ഇഷ്ട ടീമുകളും  താരങ്ങളും മാത്രം  മാറുന്നു...

അർജന്റീന, ബ്രസീൽ, പോർച്ചുഗൽ,  ജർമ്മനി, സ്‌പെയിൻ, നൈജീരിയ... മെസ്സി, റൊണാൾഡോ, നെയ്മർ, റാമോസ്... അങ്ങിനെ നീളുന്നു...

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ  FIFA 18 ലോകം മുഴുവൻ കൊണ്ടാടുന്നത് ഇങ്ങനെ ആണ്. ഓരോ  മുക്കിലും മൂലയിലും ഒത്തു കൂടി പാട്ടും കൂത്തും, പിന്നെ ഇഷ്ട ടീമുകളുടെ  പോസ്റ്ററുകൾ  പതിച്ചും ജേഴ്‌സികൾ  ധരിച്ചും  ആഘോഷമാക്കുന്നു...  താന്താങ്ങളുടെ നാടിന്റെ ഉത്സവമാക്കുന്നു...

ഇനി എല്ലാ കണ്ണുകളും റഷ്യയിലേക്ക്...  കുറച്ചു നാൾ ഇങ്ങനെ ജാതി മത രാഷ്ട്രീയ വൈര്യം മറന്ന് നാടും നാട്ടാരും ആഘോഷിക്കട്ടെ...

ഒത്തൊരുമയോടെ...






Friday, May 08, 2009

എന്റെ കന്നി തൃശ്ശൂർ പൂരം


വളരെ ആകാംഷയോടെ കാത്തിരുന്ന ഒരു സംഭവമായിരുന്നു എനിക്ക് തൃശ്ശൂർ പൂരം. 2009 പിറന്നതു മുതൽ ആ ദിവസങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. സുഹൃത്തുക്കൾ വെടിക്കെട്ടിനെക്കുറിച്ച് അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് എന്നിൽ ഒരു ചെറിയ ഭീതിയുണർത്തിയിരുന്നു. എങ്കിലും എങ്ങനെയും പൂരം കാണണമെന്ന ആഗ്രഹവുമായി മെയ് 1 ന് ഉച്ചയോടെ കേരളത്തിന്റെ സാംസ്കാരിക നഗരിയിൽ എത്തിച്ചേർന്നു. അന്നേ ദിവസം തുടങ്ങി തിങ്കളാഴ്ച വരെയുള്ള പൂരം – സാമ്പിൾ വെടിക്കെട്ട്, ആനച്ചമയം, മഠത്തിൽ വരവ്, ഇലഞ്ഞിത്തറമേളം, ചെറുപൂരങ്ങൾ, തെക്കോട്ടിറക്കം, കുടമാറ്റം, പുലർച്ചെയുള്ള ഗംഭീര വെടിക്കെട്ട്, പകൽ‌പ്പൂരം, പിന്നെ ഉപചാരം ചൊല്ലിപ്പിരിഞ്ഞ് അവസാനിച്ചു.

ഈ 4 ദിവസങ്ങളിലായി പൂര നഗരിയിൽ അങ്ങിങ്ങ് ചുറ്റിത്തിരിഞ്ഞ് എന്റെ കിസ് ഡിജിറ്റലിൽ പകർത്തിയ ആയിരത്തിലേറെ ചിത്രങ്ങളിൽ ചിലത് ഞാനിവിടെ ചേർക്കുന്നു.

മെയ് 1 2009 - ഒന്നാം ദിവസം

ഇത് പാറമേക്കാവ് ഭഗവതീ ക്ഷേത്രം.

ഇവിടെ തുടങ്ങുന്നു എന്റെ നഗരപ്രദക്ഷിണം. അഗ്രശാലയിൽ ചമയപ്രദർശനം ആരംഭിച്ചിരിക്കുന്നു! പ്രദർശനം കാണുവാനുള്ള വരിയുടെ നീളം കൂടിത്തുടങ്ങിയിരിക്കുന്നു. ഞാൻ പതുക്കെ വരിയിൽ സ്ഥാനം ഉറപ്പിച്ചു.


പൂരത്തിന് അണിനിരക്കുന്ന ഗജവീരന്മാരെ അണിയിച്ചൊരുക്കാനുള്ള ആഭരണങ്ങൾ.


നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം, മുത്തുക്കുടകൾ അങ്ങിനെ നീളുന്നു ഇവരുടെ മേക്കപ്പ് ഐറ്റംസ്.


പ്രദർശനശാലയിൽ നിന്ന് പുറത്ത് കടക്കുമ്പോൾ ദാണ്ടേ ഇരിക്കുന്നു അറേബ്യൻ കഥകളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപവും ഭാവവുമുള്ള ഒരു കക്ഷി !

ഹാവ് എ ബ്രേക്ക് ! ഹാവ് എ കിറ്റ് കാറ്റ് !

ഞാൻ വളരെ ശ്രദ്ധയോടെ മുക്കാലിയും ഉറപ്പിച്ച് കാത്തിരിക്കുകയായിരുന്നു. സാമ്പിൾ വെടിക്കെട്ട് തുടങ്ങുകയായി.

ശ്ഠേഠും !


തൃശ്ശൂരുകാരുടെ ഭാഷയിൽ കുഴിമിന്നൽ അഥവാ ഡൈന പൊട്ടുമ്പോൾ ദിഗന്തം ഞടുങ്ങി ഒപ്പം ഞാനും !!! ആദ്യമായ് കാണുന്നതിന്റെ ഒരു പുകിലേയ് ! സാമ്പിൾ തന്നെ ഇങ്ങനെയാണെങ്കിൽ ശരിക്കുള്ളത് എന്തായിരിക്കുമെന്തോ എന്നായി ചിന്ത !

(തുടരും...)

Wednesday, November 21, 2007

വക്കീല് പണിത പാര !!!

ഇന്നലെ രാത്രി കൃത്യം പത്തേ.. അല്ല എന്തിനാ ഇതൊക്കെ ഇത്ര കൃത്യമായി പറയുന്നത്. എനിക്ക് ഒരു മെയില്‍ ലഭിച്ചു. ഇന്നലെ രാത്രി. ദാ‍ണ്ടേ ദിപ്പോഴാ മെയില്‍ തുറന്ന് വായിച്ചു നോക്കിയത്. അയച്ചത് നമ്മുടെ സുഹൃത്തായ വക്കീല്‍. സബ്ജക്ട് പാര്‍ട്ടിലാണെങ്കില്‍ ‘അര്‍ജന്റ്’ എന്നും. എന്തു ഗുലുമാലാണാവോ ഇത് എന്ന് വിചാരിച്ച് തുറന്നു നോക്കിയപ്പോള്‍ കണ്ടത് അതേപടി ചുവടെ ചേര്‍ക്കുന്നു.

**********************************************

"Hey have a look at that word document”.

നോക്കി. ആ ഫയലിന്റെ പേരിങ്ങനെയായിരുന്നു.

It is always interesting to look into others privacy.doc

ന്റമ്മോ! എന്തിരിത്?! ഒട്ടും സമയം വേസ്റ്റാക്കാതെ ഡൌണ്‍ലോഡ് ബട്ടണില്‍ വിരലമര്‍ത്തി. എന്റെ ഡെസ്ക്ടോപ്പില്‍ വന്നു വീഴുന്ന ഫയല്‍കണങ്ങള്‍ നോക്കി അക്ഷമനായ് ഞാനിരുന്നു.

അവസാനത്തെ കണവും ഡെസ്ക്ടോപ്പിലെത്തിയപ്പോള്‍, കൊടുത്തു ഉത്തരവ്. “Open"

It is always interesting to look into others privacy.
It is real fun to criticize others..
It gives you real pleasure when you analyse others..
So here I am with your words


F.A.Q for the curious ...
Yes I do have a curious mind. What is wrong in it? After all I am a Malayali.
Like a true Malayalee I am really curious about my neighbors' matters.
Don’t deny my basic right..Let me know you first and…Let me gossip about you later.


1.What's your name ? niKk
nikk??? What a name? Really cool man! Sounds so sweet…(Direct expression for you)

(Indirect expression) What a shame? വന്നു വന്നു എന്തു പേരിടണം എന്ന കാര്യത്തില്‍ വരെ ഒരു വ്യവസ്ഥ ഇല്ലാതായി. അച്ഛന്റേയും അമ്മയുടേയും കണ്ണു തെറ്റിയാല്‍ ഉടനെ കേറി ഒരു പേരിടുകയായി. അതും ഇംഗ്ലീഷ് ചുവയുള്ളതേ പിടിക്കൂ.

2. Why dont you disclose your last name ? I'm much of a private person, so I dont wan't to display my whole name in a public site like this.

Direct response: Yes true nikk, itz a virtual environment so you should keep your privacy. After all itz your right to keep your personal informations as private.

Indirect response: പിന്നേ “much of a private person” ആണത്രേ! ജാഡ!
Private person ആണെങ്കില്‍ എന്തിനാ ഒരു ബ്ലോഗ്…വീട്ടില്‍ മുറി അടച്ചു പ്രൈവറ്റായി ഇരുന്നാല്‍ പോരേ???

3. What is your age ? Varies every year :)
Direct response: True, Good answer.

Indirect response: പിന്നെ മറ്റുള്ളവരൊക്കെ എന്താ സിനിമാ താരങ്ങളാണോ വയസ്സ് 18 കഴിഞ്ഞാല്‍ മാറാതിരിക്കാന്‍?

അച്ഛോഡാ! ഞങ്ങള്‍ എന്താ ഇയാള്‍‍ക്കു കല്യാണം ആലോചിക്കാന്‍ വന്നതാ? ഞങ്ങള്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍പ്പിക്കാന്‍ വന്നതൊന്നുമല്ല മാഷേ.

If you know me, you know how old I'm !
Direct response: Sure I will try to guess once we meet each other.

Indirect response
: പിന്നേ ഇയാളെ കാണുന്നവരെല്ലാം ആദ്യം മുഖത്ത് നോക്കി പ്രായമല്ലേ പറയുക!

4. Okay, what is your birth date ? May 3rd.
Direct response: Oh great .. A Taurean?.. Me too man

Please DON'T send me any 'egreetings' through those crappy websites.
പിന്നേ അതു പോലും ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിക്കും. അപ്പോഴാ...

5. How do you look like ? A normal human being, I believe !
Direct response: Hey ! That is great.

Indirect response: നിങ്ങള്‍ വിശ്വസിക്കുന്നതല്ലേ! നാട്ടുകാരോട് തിരക്കിയാല്‍ വിവരം അറിയാം.

6. What are your skillsets ? Excuse me, am I attending a technical interview ? Sorry, I don't think so :)
Direct response: Sure. Why all around as asking so much stupid questions?

Indirect response
: ഒരു പണിക്കും കൊള്ളാത്തവനാന്നുള്ളതിന്റെ കോംപ്ലക്സ് അല്ലാതെ എന്താ?

7. Anything else you want to tell us ? Thank you for wasting your time reading all this.

Direct response: Hey! No man. What is this? This is truly different. I enjoyed reading your page.

Indirect response
: അപ്പോള്‍ അറിയാം ഇതു മിനക്കെടുത്തലാണെന്ന്. എന്നിട്ടും എന്തിനാ മോനേ ഈ സാഹസം? ഈ FTQ അങ്ങു ഡെലീറ്റ് ചെയ്തുകൂടെ? അല്ല പിന്നെ!

If you still have any questions about me, please mail me and if it is something which can be published here, I will be more than happy to post your question and its answer. I can be reached at mr DOT nikk AT gmail DOT com or you can use the 'Email' link at the side menu. I will be updating this page pretty often, so if time permits, you can come back and visit this page. Thank you.

Direct response: Sure .With Pleasure

Indirect response
: അപ്പോള്‍ ഇതൊരു വഴിക്ക് പോവില്ല. എവിടെ ആ report spam link?

**********************************************

എങ്ങനെയുണ്ട്??? പാര പണിയുന്നെങ്കില്‍ ഇങ്ങനെതന്നെയാവണം...അല്ലേ??? അതും എന്റെ About Me ക്ക് തന്നെ... :) എന്തായാലും മറ്റാരും ചെയ്തിട്ടില്ലാത്ത ഈ പണി ചെയ്തതില്‍ ഞാന്‍ സന്തോഷത്തോടെ (സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ...) വക്കീലിനോടുള്ള കൃതജ്ഞത ഈ അവസരത്തില്‍ അറിയിക്കട്ടേ!!!