Showing posts with label Friends. Show all posts
Showing posts with label Friends. Show all posts

Wednesday, March 27, 2024

പായസം

വാതിലിനു പുറത്തുള്ള ഇരുമ്പ് ഗേറ്റിൽ ആരോ തട്ടുന്നു. റോമ വന്നു പോയല്ലേ ഉള്ളൂ. മൊബൈൽ എന്തെങ്കിലും മറന്നു വച്ച് കാണുമോ. ഏയ്! അവൾ കാളിംഗ് ബെൽ അടിക്കാറാണ് പതിവ്.

വാതിൽ തുറന്നപ്പോൾ അതാ മുന്നിൽ നിൽക്കുന്നു ശ്രേയ! ഞാൻ എന്തെങ്കിലുമൊന്ന് ചോദിക്കും മുൻപ് അവളുടെ കയ്യിലുണ്ടായിരുന്ന പാത്രം എനിക്ക് നേരെ നീട്ടി. 

“പായസം”.

ഹാ കോളടിച്ചു! 

നല്ലൊരു സേമിയ പായസത്തിന് താങ്ക്യൂ സംഗീത ജി 💕


Saturday, December 23, 2023

എന്റെ വിളി പ്രതീക്ഷിക്കുന്നൊരാൾ

ഇന്ന് രാവിലെ ഞാനും പ്രമോദും തമ്മിലുണ്ടായ ഒരു വാട്ട്സ്ആപ്പ് ചാറ്റ് സംഭാഷണം. ഇത് ആകട്ടെ ഇന്നത്തെ എന്റെ ബ്ലോഗ് പോസ്റ്റ്. 

പ്രമോദ്:
ഇത് കലക്കി 👍
ഇന്നാ കണ്ടത്
എഴുത്ത് നല്ലതാണ്. സ്റ്റാറ്റസ് കഥകൾ നല്ല രസമാണ് വായിക്കാൻ

(ഇന്നലെ ഞാൻ പോസ്റ്റ് ചെയ്ത "ഉച്ചയൂണും അതിഥികളും" എന്ന പോസ്റ്റിനെക്കുറിച്ചാണ് പ്രമോദ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. ഇതായിരുന്നു ഞങ്ങളുടെ ഇന്നത്തെ സംഭാഷണത്തിന്റെ തുടക്കം.)

ഞാൻ: കുറെക്കാര്യങ്ങൾ പറയാനും കാണും...
ആ ബ്ലോഗിൽ പഴയ എഴുത്തുകളൊക്കെയുണ്ട്...
ഞാൻ മോഡലായതും...പിന്നെ അവളെ സ്വന്തമാക്കിയതുമൊക്കെ... 

പ്രമോദ്: പതുക്കെ ഗുജറാത്ത് പശ്ചാത്തലമാക്കി ഒരു നോവൽ തയ്യാറാക്കൂ

ഞാൻ: ഹഹ

പ്രമോദ്: കാര്യമായി പറഞ്ഞതാ

ഞാൻ: ഇവിടുത്തെ ഓരോ ദിവസത്തേക്കാര്യങ്ങളെക്കുറിച്ചെഴുതുകയാണെങ്കിൽ അത് തന്നെ ഒരു സിനിമാറ്റിക് ഫീൽ വായനക്കാർക്കു നൽകും . ഫ്രണ്ട്ഷിപ്പ്. ദിവസേന മുടങ്ങാതെ രാവിലെയും വൈകിട്ടും കാണാൻ വരുന്ന ഒരു ഫ്രണ്ട്... എനിക്കിതുവരെയും ഉണ്ടായിട്ടില്ലായിരുന്നു. ഇപ്പോളാക്കഥ മാറി. ഇനിയൊട്ടാർക്കുണ്ടാകാനും സാധ്യതയില്ലെന്നാണ് എനിക്ക് തോന്നുന്നത്. 

പ്രമോദ്: അത് ശരിയാണ്

ഞാൻ:  അതും ജീവിതത്തിൽ തിരക്കുകൾ ഉണ്ടെങ്കിൽത്തന്നെ ആ 24 മണിക്കൂറിൽ 1 മിനുട്ട് പോലും മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കാൻ തയ്യാറാവാത്ത ഒരു സമൂഹം ബിൽഡപ്പ് ആവുന്ന ഈ കാലഘട്ടത്തിൽ... 

സോ അത് സിനിമാറ്റിക് തന്നെയാണ്

പ്രമോദ്: അവനവനിലേക്ക് ഉൾവലിയാനുള്ള എല്ലാ സാഹചര്യവും ഇവിടെ ഉണ്ട്... എന്റെ വീട്ടിൽ ഒരു സിനിമ അല്ലേൽ ഒരു ടി വി പ്രോഗ്രാം ഒരുമിച്ച് കാണാൻ സാധിക്കില്ല.

ഞാൻ: യെസ്. എന്റെ സുഹൃത്തുക്കൾ എന്ന് ഞാൻ നിർവചിച്ചുവച്ചിരുന്ന ആളുകൾ... അവർക്കൊന്നും ഇപ്പോൾ  സമയമില്ലത്രെ! അറ്റ് ലീസ്റ്റ്, ഡേയ് സുഖമാണോടാ എന്ന് പോലും ചോദിക്കാതെ അകന്നകന്ന് പോകുന്നവർ...

സർക്കാസം:  തിരക്ക് പ്രമാണിച്ച് ദിവസേനയുള്ള ഭക്ഷണം  അവർ  ഒഴിവാക്കാത്തത് ഭാഗ്യം

പ്രമോദ്: ഫുഡ് എടുത്താൽ എല്ലാവരും പതുക്കെ ഫോണിലേക്ക് കൈ നീട്ടും ..... ഞാനും 😊

ചിലതൊക്കെ ആവശ്യമില്ല എന്ന് വന്നിരിക്കുന്നു

ഞാൻ: അതെ. അത് തന്നെ.

പ്രമോദ്: സംസാരം കുറഞ്ഞു
ഇപ്പോൾ ഡിപ്രഷൻ വ്യാപകമായി. വിഷമം പോയിട്ട് സന്തോഷം പങ്കു വയ്ക്കാൻ ആളുകൾ തയ്യാറല്ല

ഞാൻ: പക്ഷെ, എനിക്കങ്ങനെ അവരെപ്പോലെ ആയിത്തീർന്നിരുന്നെങ്കിൽ, ഞാൻ കാണുന്ന കാഴ്ച്ചകൾ സമ്മാനിക്കാൻ ഞാൻ തരുന്ന ആ ട്രാവൽ വീഡിയോ കാൾ നിന്നുപോയേനെ. അല്ലേ? ബട്ട്, എനിക്കവരെപ്പോലെയാവണ്ട. എനിക്കങ്ങനെയാവാൻ പറ്റില്ല. അതല്ലെന്റെ മിഷൻ.

പ്രമോദ്: നിങ്ങളുടെ വിളി പ്രതീക്ഷിക്കുന്ന ആളുകളിൽ ഒരാളാണ് ഞാൻ

ഞാൻ: എനിക്കതിൽ ഒരുപാട് സന്തോഷമാണ്. ഒരിക്കലും നിങ്ങളെ വിട്ട് കളഞ്ഞിട്ടില്ല. ഓർക്കുന്നുവോ, ആ നദിയിലുള്ള പാറയിലിരുന്ന് നമ്മൾ സംസാരിച്ചത്? അത്, ഏത് നദിയെന്ന് ഞാൻ പറഞ്ഞെതെന്ന് ഓർക്കുന്നുണ്ടോ?

പ്രമോദ്: നദിയുടെ പേര് ഓർക്കുന്നില്ല. പക്ഷെ ആ സ്ഥലം അതിന്റെ ഭംഗി മറക്കില്ല

ഞാൻ: യമുനാ നദി

പ്രമോദ്: അതിന്റെ മറുകരയിൽ ഒരു ചെറിയ കെട്ടിടം ഉള്ളത് ഓർക്കുന്നു

ഞാൻ:  ഉത്ഭവിച്ച് മലയിലും കാട്ടിലുമൊക്കെ ഒഴുകി ഒഴുകി എത്തുന്നൊരിടം... നാട്ടുകാർ യമുന നദി എന്ന് വിളിക്കുന്നയിടത്ത് വലിയ വീതിയിൽ ഒഴുകുന്ന ആ നദി, ഞാനിരുന്നയിടത്ത് മെലിഞ്ഞൊഴുകുന്നു. മുട്ടറ്റം വെള്ളത്തിലാണത് ഞാൻ മുറിച്ച് കടന്നത്.

(അതിനെ ഒരു കെട്ടിടമെന്നു വിളിക്കാമോ എന്നറിയില്ല. ഉണങ്ങിയ ഇലകളാൽ മേഞ്ഞൊരു കുടിൽ പോലൊരു തണലിടം. അതിൽ മരക്കൊമ്പുകൾ കെട്ടിവച്ചു ഇരിപ്പിടവും, ഇനി വേണെങ്കിൽ ഒരു ലാപ്ടോപ്പ് വച്ച് പണിയെടുക്കാൻ പറ്റുന്ന ഡെസ്കും ഉണ്ടാക്കിവച്ചിരിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ യമുന പാറകളിൽ തട്ടി കുത്തിയൊലിച്ചു ഒഴുകുന്നതിന്റെ ശബ്ദവും കേട്ടങ്ങനെ...)

പ്രമോദ്: അതെ

കഴിഞ്ഞ കോളിൽ കണ്ട പാർക്ക് ഗംഭീരമല്ലെ

ഞാൻ: അതെയതെ.

നിങ്ങൾ ഇവിടെയെങ്കിലും ആ കുറ്റിയും പറിച്ചു വാന്നേ

പ്രമോദ്:  ഇവിടെയുള്ളതൊന്നും  പാർക്ക് അല്ല എന്ന് മനസ്സിലാക്കിത്തന്ന പാർക്ക്

ഞാൻ: ഇവിടെ പത്തുമുപ്പത് സെക്ടറുകളുണ്ട്. ഓരോന്നിനും കിടിലൻ റോഡുകളും പാർക്കുകളും ശുചിമുറികളും

പ്രമോദ്: ഞാൻ വരാൻ ശ്രമിക്കാം

ഞാൻ: ഉം.
ജനുവരിയിൽ വന്നാൽ കാണാൻ പലതുണ്ട്.

പ്രമോദ്: സ്വന്തം കമ്പനി പൂട്ടിയതും, ഇപ്പോഴുള്ള ജോലിയുടെ സ്വഭാവവും അവധി എടുക്കാൻ കഴിയുന്നില്ല. ഇവിടെ എല്ലാരും എന്നെ കൊണ്ട് മടുത്തിരിക്കുന്നു. ഞാനും ...

ഞാൻ: ബട്ട് നിങ്ങളുടെ ക്ലയന്റിന് നിങ്ങളുടെ പണികളെ മടുക്കാതിരിക്കട്ടെ! 🙏🏻

പ്രമോദ്:  ഇപ്പോൾ എന്റെ ക്ലയന്റ് അഥവാ തൊഴിൽദാതാവ് ഒരിക്കലും തീരാത്ത ആത്ര പണികൾ നിര നിരയായി തയ്യാറാക്കിയിട്ടുണ്ട്

അലക്ക് ഒഴിഞ്ഞ് കാശിയിൽ പോവാൻ ഞാനും ☹️

ഞാൻ: നല്ലതല്ലേ. ബട്ട് സ്വന്തം മെയ്മറന്ന് പണിയെടുക്കരുത്. എത്ര ഡിജിറ്റൽ നോട്ട്കെട്ട് കിട്ടിയാലും.

പ്രമോദ്: ഉം

ഞാൻ: ഇത് പോലെ മിണ്ടാൻ വല്ലപ്പോഴും സമയമുണ്ടാക്കി വരൂ...

പ്രമോദ്: എന്തായാലും ചില മാറ്റങ്ങൾ വേണം, മാറിയാൽ എനിക്ക് കൊള്ളാം

ഞാൻ: എല്ലാവർക്കും

പ്രമോദ്: നന്ദി. നമസ്കാരം

ഞാൻ: ശുഭദിനാശംസകൾ 🤗

പ്രമോദ്: ശുഭദിനാശംസകൾ

ഞാൻ: 💓

(തിരക്കുപിടിച്ച് ഓടുന്നതിനിടയ്ക്ക് ഒരിക്കൽ നിങ്ങൾക്കു പ്രിയപ്പെട്ടതായി തോന്നിയവരെയെല്ലാം തിരക്കിൻറെ പേരിൽ ഒഴിവാക്കാതിരിക്കാമെന്നാണ് എനിക്ക് പറയാനുള്ളത്. ജീവിതം എന്ന ആ മഹായാത്ര അത്രയ്ക്ക് ക്ഷണികമാണ്. മറക്കാതിരുന്നാലും. 🙏🏻)


Tuesday, November 02, 2021

അല്ലേ?

 അവളെ ഞാൻ ഇന്ന് സ്വപ്നം കണ്ടു.


കഴിഞ്ഞ നവംബർ 9നു അവൾ പറഞ്ഞു: പരീക്ഷ ആണ്. അടുത്ത ആഴ്ച കാണാം.  അങ്ങനെ അങ്ങു  പോയതാണ്. 

എന്നോട് അവൾ കാത്ത് നിൽക്കാൻ പറഞ്ഞപ്പോൾ അന്ന്  ആ അമ്പലനടയിലെ ആൽച്ചുവട്ടിൽ നിൽക്കണോ എന്ന് ഞാൻ ചോദിച്ചിരുന്നു. ആ കാത്തുനില്പ് മണിക്കൂറുകളെ മാത്രമല്ല പറഞ്ഞു വിട്ടത്. ദിവസങ്ങളേയും മാസങ്ങളെയുമൊക്കെ ആയിരുന്നു. നാട്ടിലങ്ങോളമിങ്ങോളം കറങ്ങി നടന്ന്  ആളോളെ അടക്കവും ഒതുക്കവും പഠിപ്പിച്ച് പരീക്ഷിക്കുന്ന കോവിഡും രണ്ട് മൂന്നു വട്ടം എന്നെ തൊട്ടുതൊട്ടില്ലാന്ന മട്ടീൽ കടന്നു പോയി. എന്നിട്ടും അവൾ മാത്രം റീ എന്റർ ചെയ്തില്ല. കമോണ്ട്രാ, ഇറ്റ് ഹാപ്പൻസ്...

പിന്നവളെ ഈ വഴിക്കൊന്നും കണ്ടില്ലെന്ന് പറയാൻ കഴിയില്ല. 2021ൽ പുതിയ വർഷം പിറന്നപ്പോൾ ഒരു ന്യു ഇയർ വിഷുമായി പ്രത്യക്ഷപ്പെട്ടു.
Happy New Year Mr. Alien 😊♥ 
ഇത്രയും പറഞ്ഞിട്ട് അവളങ്ങ് അപ്രത്യക്ഷമായിക്കളഞ്ഞു. അത് എനിക്ക് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കുതന്ത്രം പോലെ തോന്നി. 

ഇന്ന് വെളുപ്പിന് അവളെ സ്വപ്നം കണ്ടപ്പോൾ  മനസ്സിന് എന്തോ വല്ലാത്ത സന്തോഷം തോന്നി. അത് സ്വപ്നമാണെന്ന് റിയലൈസ് ചെയ്തപ്പോൾ ഇത്രയും എഴുതാനും തോന്നി.

സ്വപ്നത്തിൽ അവളെ ഞാൻ കണ്ടത് ഒരു ചുവന്ന പട്ട്പാവാട ധരിച്ച് നീണ്ടമുടികയൊക്കെ അഴിച്ചിട്ട് ഏതോ ക്ഷേത്രത്തിന്റെ കുളത്തിന്റെ കൽപ്പടവുകളിൽ ഇരിക്കുന്നത് പോലെയാണ്. കാറ്റിലിളകുന്ന വെള്ളത്തിലെ ചെറു ഓളങ്ങളെ നോക്കി അവൾ മനോഹരമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ പഴയ തറവാടിനെ ഓർമ്മിപ്പിക്കുന്ന  അവളുടെ വീടിന്റെ ഉമ്മറത്തിരിക്കുമ്പോൾ അവളുടെ അമ്മ പറഞ്ഞു, അവൾ കുറച്ച് പിണക്കത്തിലാണ്. എന്നിട്ട് ഒരു കുറിപ്പ് എന്നെ ഏൽപ്പിച്ചു. 

അതിൽ ടൈപ്പ് ചെയ്തത് പോലെ കാണപ്പെട്ട അക്ഷരങ്ങൾ എന്നിൽ തെല്ലമ്പരപ്പുളവാക്കി. 

I LOVE YOU.

സാധാരണ ഗതിയിൽ അങ്ങിനെയാരെങ്കിലും പറഞ്ഞാൽ ഞാൻ തിരിച്ച് പറയാറുള്ള Love You too  ഇവിടെ എന്തുകൊണ്ടോ പറഞ്ഞില്ല. പകരം ഞാൻ മനസ്സിൽ ഉരുവിട്ടത് അതേ, നമ്മൾ നല്ല സുഹ്രുത്തുക്കൾ ആയിരുന്നില്ലേ എന്നണ്.

അല്ലേ? 

Sunday, July 08, 2018

കാലചക്രം ഉരുളുമ്പോൾ, ചിലർ...



ജീവിതത്തിൽ തനിച്ചായിപ്പോയവർക്ക് പറയാൻ ഒരു കഥയെങ്കിലും കാണും. അടിസ്ഥാനപരമായി എല്ലാ മനുഷ്യരും നല്ലവരാണെങ്കിലും  സാഹചര്യങ്ങളാണ് അവരെ അങ്ങിനെയല്ലാതാക്കുന്നത്. പല ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്നവരല്ലേ. ഒരുദിനം കൂട്ടുവിട്ട് ഓടിപ്പോകുമ്പോൾ അവർക്ക് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും. പൊള്ളയായ വാഗ്ദാനങ്ങളും മറ്റും വളരെ എളുപ്പത്തിൽ കാറ്റിൽപ്പറത്തി പൊടിയും തട്ടി അവർ  പറന്നുപോകും. നല്ലൊരു സുഹൃത്ബന്ധത്തിൽ എവിടെയാണ് വാഗ്ദാനങ്ങൾക്ക് സ്ഥാനം എന്നാരും അപ്പോൾ ചിന്തിക്കാറില്ല.

ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്വയം എടുക്കേണ്ടിയിരുന്ന  പല പ്രധാനപ്പെട്ട തീരുമാനങ്ങളെ പോലും  തിരുത്താൻ അവകാശമുണ്ടെന്ന് വിശ്വസിച്ചിരുന്ന അവൻ പ്രിയസുഹൃത്ത് എന്ന് വിളിക്കാതെ  തന്റെ കുടുംബത്തിലെ തന്നെ ഒരാൾ എന്ന് പ്രതിഷ്ഠിച്ചു വച്ചിരുന്ന അവൾ, ഒരു സുപ്രഭാതത്തിൽ  കുറെ ഒഴിവുകഴിവുകളും പരാതികളുടെ  ഭാണ്ഡവും പേറിക്കൊണ്ടാണ് പ്രത്യക്ഷപ്പെട്ടത്.  അവൾ അങ്ങിനെയങ്ങ് കാറ്റിന്റെ ഗതിക്കൊത്ത് മാഞ്ഞു പോയപ്പോൾ അവന് ഒറ്റക്കായിപ്പോയത് പോലെ തോന്നി.

കാളിങ് ബെല്ലിന്റെ ശബ്ദം തന്റെ വീട്ടിലെപ്പോലെ തന്നെ ഓഡിയോ പ്ലെയറിൽ കാസ്സറ്റിന്റെ ടേപ്പ്  വലിയുന്നത് പോലെയാണോ എന്ന് അവൾ ചെവി വട്ടം പിടിച്ചു ശ്രവിക്കാൻ ശ്രമിച്ചു. അല്ല,  പക്ഷി ചിലയ്ക്കുന്നത് പോലെയാണോ?? അടച്ചിട്ടിരിക്കുന്ന വാതിലിനു പിന്നിൽ ഉള്ളിലെവിടെയോ ഒരു പക്ഷി  ചിലയ്ക്കുന്നുണ്ടെന്നവൾക്ക് വെറുതെ തോന്നി. ആ അടഞ്ഞ വാതിലിന്റെ മുന്നിൽ അക്ഷമയായി  നിൽക്കുമ്പോൾ  അവളുടെ ഓർമ്മകൾ പിറകിലേക്ക് പാഞ്ഞു. അന്ന് കോട്ടഗിരിയിൽ വച്ച് എത്രയെത്ര  പക്ഷികളെയാണ് ഇവരിലൂടെ താൻ കണ്ടതും പരിചയപ്പെടാനായതും. അമ്മുവിൻറെ നിരീക്ഷണപാടവവും പക്ഷികളെ തിരിച്ചറിയുന്നതിനുള്ള  അറിവും തന്നെ  ഒരുപാട് അത്ഭുതപ്പെടുത്തിയിരുന്നു.

തന്റെ ജീവിതത്തിലെ ആദ്യത്തെ ട്രെക്കിങ്ങും നേർക്കുനേരെ വന്ന വന്യമൃഗവുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓർക്കുന്നു. പക്ഷെ, ഇതൊക്കെ ജീവിതത്തിന്റെ മറ്റു തിരക്കുകളിലേക്ക് ഊളിയിട്ടപ്പോൾ എപ്പോഴാണ് മറന്നത്? "ട്രെക്ക് വിത്ത് നിക്ക്" എന്നായിരുന്നല്ലോ നമ്മൾ അന്ന് ചെയ്യണമെന്ന് കരുതിയ യാത്രാവിവരണം. വർഷങ്ങൾ പലതു കടന്നു പോയിരിക്കുന്നു. അതിപ്പോഴും വെളിച്ചം കാണാത്ത മറ്റനേകം കൃതികളിലൊന്നായി അവശേഷിക്കുന്നു. തെറ്റുകുറ്റങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ? പക്ഷെ, സ്വയം മനസ്സിലാക്കുന്ന ഒരാൾക്ക് മാത്രമേ മറ്റൊരാളെ മനസ്സിലാവുകയുള്ളു. അവനെന്നോട് ദേഷ്യം കാണില്ലായിരിക്കും.

തനിക്ക് മുന്നിലുള്ള ചിത്രപ്പണികളേതും ഇല്ലാത്ത വാതിൽ, അന്നനുഭവിച്ചിരുന്ന സന്തോഷങ്ങളിലേക്കുള്ള  വാതിലായി പരിണമിക്കപ്പെട്ടു. ലോക്ക് തിരിയുന്ന ശബ്ദം സന്ദര്ശകയെ ഭൂതകാലത്തിൽ നിന്നും തിരിച്ചുകൊണ്ടുവന്നു. വാതിൽ മെല്ലെ തുറന്നു. ആകാംഷാഭരിതയായി അകത്തേക്ക് നോക്കിയ അവൾക്ക് ഉള്ളിൽ ആരെയും കാണാൻ  കഴിഞ്ഞില്ല. വാതിൽ തുറന്നത് ആര് എന്ന് അവൾ ചിന്തിക്കുന്നതിനും മുൻപേ വാതിലിനു മറവിൽ നിന്നൊരു കുഞ്ഞു മുഖം നിഷ്കളങ്കമായ ചിരിയോടെ കൊഞ്ചിപ്പറഞ്ഞു:

"Please come in, Viyyaunty."

Wednesday, July 04, 2018

Many Many Happy Returns of the Day


ഒരു പഴയ സഹപാഠി... അതും schoolmate... "ഡേയ്, ഇന്ന് നീ വരുന്നോ, ഒരു സർപ്രൈസ് തരാം", എന്ന് രാവിലെ  വിളിച്ചു പറഞ്ഞപ്പോൾ, അവൻ ഒന്ന് ആലോചിച്ചു. എന്തിനാ ഇപ്പോൾ പെട്ടെന്ന് ഒരു സർപ്രൈസ് ആവോ. എന്തെങ്കിലും ആവട്ടെ. നോക്കാം...

4 മണിയാകാൻ അവനു സമയം പോകാത്തത് പോലെ തോന്നി. ഇന്ന് കൊടുക്കാം എന്ന് ക്ലയന്റിനോട്ഏറ്റിരുന്ന ജോലി  നാളത്തേക്ക് വച്ചു. ബാക്ക് ഗ്രൗണ്ടിൽ play ചെയ്തുകൊണ്ടിരുന്ന ബെറ്റി മിഡ്ലരുടെ  'From a distance' ന്റെ കൂടെ ഒന്ന് മൂളുക പോലും ചെയ്തില്ല. unexpected call  എന്തൊക്കെയോ അവ്യക്ത ചിന്തകളിൽ വിരാജിച്ചിരുന്നപ്പോൾ സമയം കടന്നുപോയതറിഞ്ഞില്ല. ചുമരിലെ fancy ക്ലോക്കിലെ കിളി പുറത്ത് വന്നു  ഓർമ്മപ്പെടുത്തി "ഡാ ഇനി ഒരു  മണിക്കൂർ കൂടിയേ ഉള്ളൂ  ട്ടോ".

അവൻ ബുള്ളറ്റുമെടുത്ത് നേരെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. വൈറ്റില ജംഗ്ഷനിലെ ബ്ലോക്കിനെക്കുറിച്ചറിയാവുന്നത് കൊണ്ട് ഏരൂർ വഴി തൃപ്പൂണിത്തുറ കറങ്ങി Nucleus Mall ന്റെ പാർക്കിങ്ങിൽ, തന്റെ bullet ഒതുക്കി അവൻ ഒന്ന് നെടുവീർപ്പിട്ടുവെങ്കിലും അവന്റെ ചിന്തകൾ അവളുടെ  സർപ്രൈസ്  call ൽ ഉടക്കി നിന്നു.

സമയം 3:43pm. ഹോ! വൈറ്റിലയിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ഏരൂർ വഴി തെരഞ്ഞെടുത്തപ്പോൾ അവിടെ പന്തം കൊളുത്തിപ്പട! അഭിമന്യുവിന് വേണ്ടി... ഒരു പാവം കുട്ടി കൂടി കലാലയ രാഷ്ട്രീയത്തിന്റെ കത്തിക്കിരയായിരിക്കുന്നു... പക്ഷെ, സംഗു, ഇപ്പോൾ ഇവിടെ എത്തിയിട്ടുണ്ടാവുമോ? അവന്റെ ചിന്തകൾ വീണ്ടും അവളിലേക്ക് മടങ്ങി. അവന്റെ കണ്ണുകൾ അബാദ് ഫുഡ് കോർട്ടിന്റെ ഓരോ ടേബിളിലേക്കും തട്ടിത്തടഞ്ഞു നീങ്ങി. ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും നേരിൽ എങ്ങനെയാവും അവളിരിക്കുക? തിരിച്ചറിയാൻ പറ്റുമോ? സാമാന്യം തിരക്കുണ്ടാകാറുള്ള ഫുഡ് കോർട്ടിൽ അന്ന് തിരക്ക് കുറവായിരുന്നു. അവൻ ജനലിനരികിലുള്ള കസേര വലിച്ചിരിക്കാനും മൊബൈൽ My heart is overwhelmed എന്ന് പാടാൻ തുടങ്ങി.

"നിക്കീ  നീ എവിടെയാ?" ജനാലചില്ലിലൂടെ ഒഴുകിയിറങ്ങുന്ന abstract കളിൽ നിന്ന് കണ്ണെടുക്കാതെ അവൻ ഫുഡ് കോർട്ടിലുണ്ടെന്നു പറയുമ്പോഴേക്കും, "നീ ഇതുവരെ മഴ കണ്ടിട്ടില്ലേ?" എന്ന് ചോദിച്ചു കൊണ്ട് അവൾ അതാ മുന്നിലുള്ള കസേര വലിച്ചിട്ട് ഇരിക്കുന്നു!

അവൻ കസേര പിറകിലേക്ക് നിരക്കി എഴുന്നേറ്റ് കയ്യിലുണ്ടായിരുന്ന gift പായ്ക്ക് അവളുടെ നേരെ നീട്ടിയിട്ടു പറഞ്ഞു: "Many Many Happy Returns of the Day." 

ഇത്തവണ പകച്ചത് അവളായിരുന്നു. അവളുടെ ചുണ്ടിൽ അവശേഷിച്ചിരുന്ന മന്ദഹാസം മായാതെ തന്നെ ഒരു പകപ്പ് അവളുടെ  കണ്ണുകളിൽ അവന് വായിച്ചെടുക്കാൻ കഴിഞ്ഞു. തന്റെ സസ്പെൻസ് പൊളിഞ്ഞതിന്റെ പകപ്പ് മറച്ചുവയ്ക്കാൻ വൃഥാ ശ്രമിച്ചു കൊണ്ട് അവൾ ഒറ്റ ശ്വാസത്തിൽ  ചോദിച്ചു: "നിനക്കെങ്ങിനെ മനസ്സിലായി ഇന്നെന്റെ birthday ആണെന്ന്? ആഹ്, ഫേസ്ബുക് പറഞ്ഞുകാണും അല്ലെ?"

"! Really? ഇന്ന് നിന്റെ birthday ആണോ?!!  കൊള്ളാല്ലോ.  അപ്പോൾ വീണ്ടും wishes.

But you know, വർഷങ്ങൾക്ക് ശേഷം ഒരു സഹപാഠി നിനച്ചിരിക്കാത്ത സമയത്തു വിളിക്കുമ്പോൾ തോന്നുന്ന... പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷമുണ്ട്. അതും  നേരിൽ കാണാൻ വിളിക്കുമ്പോൾ. എനിക്കൊരിക്കലും വെറും കയ്യോടെ പോകാനും കഴിയില്ല, ഇന്ന് എനിക്കുണ്ടായ സന്തോഷം നിനക്കും കാണില്ലേ എന്നേ ഞാൻ കരുതൂ. അപ്പോൾ പറയേണ്ട വാചകം അതല്ലാണ്ട് വേറെന്താണ്?"

അങ്ങിനെ അവരുടെ കുറെ വർഷങ്ങൾക്ക് ശേഷമുണ്ടായ സമാഗമം ഹൃദ്യമായിഅവർ ചിരിച്ചു, കളിച്ചു, പിണങ്ങി, വീണ്ടും ഇണങ്ങി... അന്നത്തെ കൊച്ചു സഹപാഠികളെപ്പോലെ...

Sunday, August 05, 2007

സുഹൃത് ബന്ധത്തിന്റെ ആഴം...

... 600 അടി താഴ്ച!!!

2006 സെപ്റ്റംബര്‍ 2

സിജു, സുഭാഷ്, പ്രദീപ്, കൃഷ്ണകുമാര്‍, ജിന്‍സണ്‍, അഭിലാഷ്, അനില്‍, സിജു ജോണ്‍, സുധീഷ്, സുജിത്ത്, സിക്സണ്‍, ജോണി എന്നീ സുഹൃത്തുക്കള്‍ കൊച്ചിയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര പുറപ്പെട്ടു. അടിച്ചുപൊളിച്ച് ആ സംഘം കൊടൈക്കനാലിന്റെ സൌന്ദര്യം നന്നായാസ്വദിച്ചു. പിറ്റേ ദിവസം ഉച്ചയോടെ രണ്ടര മണിയോടെ സംഘം ഗുണ കേവിലെത്തി.

വിനോദയാത്രാ സംഘാംഗങ്ങള്‍ ഓരൊരുത്തരായി ഗുഹയിലേയ്ക്കിറങ്ങി. അന്ന് മഴക്കാറുണ്ടായിരുന്നതിനാല്‍ ഗുഹയ്ക്കുള്ളില്‍ വെളിച്ചം നന്നേ കുറവായിരുന്നു. ഗുഹയുടെ അങ്ങേയറ്റത്തേക്ക് നടക്കുമ്പോള്‍, ഒത്ത നടുക്കായി ഒരു കുഴിയുണ്ട്. എറണാകുളത്തെ ഏതെങ്കിലുമൊരു ഗട്ടര്‍ ചാടിക്കടക്കുന്ന ലാഘവത്തോടെ ചാടിക്കടക്കാവുന്നതേയുള്ളൂ. മുന്‍പേ പോയ മൂന്ന് പേര്‍ ഈസിയായി ആ കുഴി ചാടിക്കടന്നു. സുഭാഷ് ചാടിയപ്പോള്‍ കാലൊന്നിടറിയോ? മുന്‍പേ ചാടിയവരും പിന്നില്‍ വന്നവരും ഒരു നിമിഷം ഒന്നമ്പരന്നു. തങ്ങളുടെ കണ്മുന്നില്‍ നിന്നും മറഞ്ഞ സുഭാഷിന്റെ അകന്നകന്നു പോകുന്ന നിലവിളിയുടെ പ്രതിദ്ധ്വനി ശബ്ദം അവര്‍ ആ കുഴിക്കുള്ളില്‍ നിന്നും കേട്ടു. എന്താണ് സംഭവിക്കുന്നതെന്നവര്‍ക്ക് മനസ്സിലാകും മുന്‍പ് ആ ശബ്ദം നിലച്ചു.

ഗുണ കേവ് അഥവാ ‘ചെകുത്താന്റെ അടുക്കള’

കൊടൈക്കനാല്‍ സന്ദര്‍ശിച്ചിട്ടുള്ള സുഹൃത്തുക്കള്‍ക്ക് നന്നായി അറിയാവുന്നതായിരിക്കും ഈ ഗുഹ. കമലഹാസന്റെ ‘ഗുണ’ എന്ന സിനിമയില്‍ അതിസാഹസികത നിറഞ്ഞ രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ഇവിടെ വച്ചായതിനാലാണ് ഈ ഗുഹയ്ക്ക് ഗുണ കേവ് എന്ന് പേര് വീണതും വിനോദസഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതും. വിനോദസഞ്ചാരത്തിലൂടെ കോടികള്‍ കൊയ്യുന്ന തമിഴ്നാട് സര്‍ക്കാര്‍ ഇത് മുതലെടുത്ത് ടൂര്‍ പാക്കേജുകളില്‍ ഗുണ കേവിനു പ്രാധാന്യം നല്‍കി, തമിഴ്നാട് ടൂറിസവുമായി ബന്ധമുള്ള വെബ്സൈറ്റുകളില്‍ ഇതുള്‍പ്പെടുത്തി. പക്ഷെ, അപകടം നിറഞ്ഞ സ്ഥലമാണിതെന്ന് അവര്‍ രഹസ്യമായ ഒരു പരസ്യത്തിലൊതുക്കി. ഈ പ്രദേശത്തിന് ഗുണ കേവ് എന്ന് പേരു വീഴുന്നതിന് മുന്‍പ് തന്നെ ചെകുത്താന്റെ അടുക്കള എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഗുഹാമുഖത്തു നിന്നുള്ള യാത്ര അവസാനിക്കുന്നത് 600 അടിയിലധികം താഴ്ച വരുന്ന അഗാധ ഗര്‍ത്തത്തിലാണ്. ഗുഹയ്ക്കുള്ളില്‍ത്തന്നെ ആഴം അറിയാത്ത ഒരുപാട് കുഴികള്‍. ഇവിടെ നാട്ടുകാര്‍ക്കു പറയാനുള്ള വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നവയാണ്. ഇവിടെ അപകടത്തില്‍ പൊലിഞ്ഞത് 13 ജീവനുകളാണ്. ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഒരു മന്ത്രിയുടെ ബന്ധുവുമുണ്ട്. ജീവനോടെ അല്ലെങ്കിലും, ശരീരമെങ്കിലും എടുത്തു കൊടുക്കുന്നവര്‍ക്ക് പാരിതോഷികമായി വാഗ്ദാനം ചെയ്യപ്പെട്ടത് 10 ലക്ഷം രൂപയാണ്. പക്ഷെ, അതിന് പോലും ഇതുവരെ ആരും തുനിഞ്ഞിട്ടില്ല എന്നതാണ് സത്യം. മരണം ആര്‍ത്തിയോടെ വാ പിളര്‍ന്നു നില്‍ക്കുന്ന ഈ ഗുഹ നാട്ടുകാര്‍ക്ക് ചെകുത്താന്റെ അടുക്കളയാണ്.

സംഭവിച്ചതിങ്ങനെ

സുഭാഷ് പറഞ്ഞു തുടങ്ങി. “എല്ലാം വളരെ പെട്ടെന്നായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നതിന് മുമ്പ് തന്നെ ഞാന്‍ വായുവില്‍ ഒഴുകി നീങ്ങുന്ന അവസ്ഥ.ചുറ്റും കുറ്റാകൂരിരുട്ട്. മുന്‍പില്‍ നടന്നിരുന്ന സുഹൃത്തുക്കള്‍ കാണാമറയത്തായി. ഉറക്കെ കരഞ്ഞതുപോലും എങ്ങനെയെന്നറിയില്ല. എവിടെയൊക്കെ തട്ടിത്തടഞ്ഞ് നിന്നു. വീണ്ടും വായുവിലൂടെ താഴേയ്ക്ക് യാത്ര. പിന്നെ തട്ടി നിന്നിടത്തു തന്നെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. കുറ്റാക്കൂരിരുട്ടായതിനാല്‍ ഒന്നും വ്യക്തമായില്ല, അടുത്തതെന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്നും ഒരുരുപവും കിട്ടിയില്ല. നന്നായി വഴുക്കലുള്ള ഒരു പാറയിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന് മാത്രം മനസ്സിലായി. കാലൊന്നുറച്ചുകിട്ടിയപ്പോള്‍ മുകളിലേയ്ക്ക് നോക്കി. അവിടെ ഒരു ചിരട്ടയുടെ വലിപ്പത്തില്‍ മാത്രം ആകാശത്തിന്റെ വെട്ടം കണ്ടു. ഉറക്കെ കരഞ്ഞു. അപ്പോള്‍ മുകളില്‍ നിന്ന് അനങ്ങാതെ പിടിച്ച് നില്‍ക്കുന്നയിടത്ത് തന്നെ നില്‍ക്കാന്‍ വിളിച്ചു പറയുന്ന കൂട്ടുകാരുടെ ശബ്ദം പാറകളില്‍ തട്ടി പ്രതിധ്വനിച്ചു. അതോടെ മനസ്സ് കുറച്ച് ശാന്തമായി. എങ്ങനെ രക്ഷപെടും എന്ന് ആലോചിച്ച് തുടങ്ങി. നല്ല തണുപ്പ്, അസ്ഥിതുളയ്ക്കും പോലെ. നിന്നിരുന്നയിടത്തെ ഭിത്തിയില്‍ കൈകള്‍കൊണ്ട് പരതിയപ്പോള്‍ നരിച്ചീറുകള്‍ ശബ്ദമുണ്ടാക്കി പറന്നുയര്‍ന്നു. മുകളിലേയ്ക്ക് നോക്കി. ആകാശത്തിന്റെ ആ ചെറുവട്ടം ചുരുങ്ങി ചുരുങ്ങി വരുന്നു. ഇതിനിടയില്‍ മുകളില്‍ നിന്നും ചെളിയും കല്ലുകളുമടങ്ങിയ വെള്ളം വീഴാന്‍ തുടങ്ങി. മുകളിലേയ്ക്ക് നോക്കാന്‍ വയ്യാത്ത അവസ്ഥ. വെള്ളത്തിലൂടെ വന്ന ഒരു കല്ല് നെറുകന്‍ തലയില്‍ തന്നെ പതിച്ചു.” പതുക്കെ പതുക്കെ ഒരു അവ്യക്തത സുഭാഷിന്റെ കണ്ണിലും ഓര്‍മ്മയിലും വന്നു നിറഞ്ഞു.

പകച്ച് പോയ കൂട്ടുകാര്‍

“ശരിക്കും കുഴിയില്‍ വീണത് ഞങ്ങളാണ്” കൃഷ്ണകുമാര്‍ പറയുന്നു. “സുഭാഷ് കുഴിയിലേയ്ക്ക് വീണുവെന്ന യാഥാര്‍ത്ഥ്യത്തോട് പെട്ടെന്ന് പൊരുത്തപ്പെടാനായില്ല ഞങ്ങള്‍ക്ക്. അതത്ര വലിയൊരു കുഴിയാണെന്നൊട്ട് തോന്നിയതുമില്ല. ഇതൊക്കെ അവന്റെ ഒരു നമ്പരാവണേയെന്നുള്ളുരുകി ഒരുനിമിഷം പ്രാര്‍ത്ഥിച്ചു പോയി. താഴെനിന്ന് അവന്റെ കരച്ചില്‍ കേട്ടപ്പോള്‍, അത് അത്ര വലിയ ഒരു കുഴിയല്ലെന്ന് തോന്നി. കുഴിക്കു ചുറ്റും കമഴ്ന്ന് കിടന്ന് കുഴിക്കുള്ളിലേയ്ക്ക് നോക്കി. ഇരുട്ട് മാത്രം, ഒന്നും കാണുന്നുമില്ല. അവിടെവിടെയോ നിന്നും സുഭാഷിന്റെ കരച്ചില്‍ കേള്‍ക്കാം. ആരും ഒന്നും സംസാരിക്കാനാവാതെ തളര്‍ന്നിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ”.

ഇതിനിടയില്‍ വീണ്ടും കുഴിക്കുള്ളില്‍ നിന്നും സുഭാഷിന്റെ കരച്ചില്‍ കേട്ടു. അതോടെ സുഭാഷിന് ജീവനുണ്ടെന്ന് ബോധ്യമായി. കുഴിക്കരുകില്‍ കിടന്ന് എവിടെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ സിജു ഉറക്കെ വിളിച്ചു പറഞ്ഞു. ഒരാള്‍ മൌനം ഭേദിച്ചതോടെ മറ്റുള്ളവരുമുണര്‍ന്നു. വെറുതെ കുഴിയ്ക്കുള്ളിലേയ്ക്ക് നോക്കിയിരുന്നിട്ട് യാതൊരു കാര്യവുമില്ല.

“എന്തിനും തയ്യാര്‍.... പക്ഷെ എന്താണ് ചെയ്യേണ്ടത്?” സിജു കൂട്ടുകാരുടെ നേതൃത്വം സ്വയം ഏറ്റെടുത്തു. ഒന്‍പത് പേരെ തരംതിരിച്ചു. “മൂന്ന് പേര്‍ കുഴിയുടെ അടുത്ത് നില്‍ക്കണം. ബാക്കിയുള്ള ആറുപേരു കൂടി പൊലീസിനേയും നാട്ടുകാരെയും വിവരമറിയിക്കണം. ഒപ്പം എട്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള ടൌണില്‍പ്പോയി കയറും ടോര്‍ച്ചും വാങ്ങണം”. ദിശാബോധം ലഭിച്ചതോടെ സുഹൃത്തുക്കള്‍ എല്ലാവരും കര്‍മ്മനിരതരായി.

മഴ

“ഞങ്ങള്‍ മൂന്നുപേര്‍ മാത്രമായപ്പോഴേയ്ക്കും അവസ്ഥ കൂടുതല്‍ വഷളാകുവാന്‍ തുടങ്ങി”. സുധീഷ് പറഞ്ഞുതുടങ്ങി. “ടോര്‍ച്ചും കയറും സംഘടിപ്പിക്കാന്‍ പോയ കൂട്ടുകാര്‍ പോയതോടെ സുഭാഷിനെ ആശ്വസിപ്പിക്കായിരുന്നു ഞങ്ങളുടെ ശ്രമം. അവന്റെ കരച്ചില്‍ ഇടയ്ക്കിടെ കേള്‍ക്കാം. രക്ഷാപ്രവര്‍ത്തനത്തിന് സാമഗ്രികളും ആളുകളും എത്തുവരെ അവന് ആത്മവിശ്വാസം പകര്‍ന്ന് കൊടുക്കണം. ഞങ്ങള്‍ മൂന്നുപേരും മാറി മാറി വിളിച്ചുകൊണ്ടിരുന്നു. ചിലപ്പോഴൊക്കെ സുഭാഷിന്റെ ശബ്ദം പ്രതിദ്ധ്വനിച്ചു മുഴക്കമായി മുകളിലേയ്ക്ക് വന്നു.”

“ഇതിനിടെ ഒരു ശാപം പോലെ മഴ തുടങ്ങി. ആകാശത്ത് കെട്ടിക്കിടന്ന സകല കാര്‍മേഘങ്ങളും ഞങ്ങളുടെ മേല്‍ പെയ്തിറങ്ങി. ഭൂമിനിരപ്പില്‍ നിന്ന് അല്പം താഴ്ന്നു സ്ഥിതി ചെയ്തിരുന്ന ഗുഹയിലേയ്ക്ക് വെള്ളം ഇരച്ചെത്തി. വെള്ളം മുഴുവന്‍ കുഴിയിലേയ്ക്കാണ് കുത്തിയൊലിച്ചത്. ആ കുത്തൊഴുക്കില്‍ സുഭാഷ് താഴേയ്ക്ക് ഒലിച്ചു പോകുമെന്ന് ഞ്ങ്ങള്‍ ഭയന്നു. വെള്ളത്തെ തടഞ്ഞു നിര്‍ത്താ‍ന്‍ ഒരു മാര്‍ഗ്ഗവുമില്ല. അടുത്തു കിടന്ന കല്ലും മണ്ണും ചേര്‍ത്തൊരു അണകെട്ടുവാന്‍ ഒരു വിഫലമായൊരു ശ്രമം നടത്തിനോക്കി. വെള്ളപ്പാച്ചിലിന്റെ ശക്തിയില്‍ കുറേ കല്ലും മണ്ണും കുഴിക്കകത്തേയ്ക്ക് പതിച്ചു. സുഭാഷ് കരയുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. സകല ദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ കുഴിക്കരുകില്‍ തന്നെ നിന്നു. അവനോട് ധൈര്യമായിരിക്കാന്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.”

കണ്ണീരും കാലുപിടിത്തവും

സിജുവും ലിന്‍സനും സുധീഷുമൊഴിച്ചുള്ളവര്‍ അടുത്തുള്ള നാട്ടുകാരെ കണ്ടു വിവരം ധരിപ്പിച്ചു. എട്ടു കിലോമീറ്റര്‍ അപ്പുറമുള്ള ടൌണില്‍ ചെന്ന് കയറും ടോര്‍ച്ചും സംഘടിപ്പിച്ച് നേരെ പൊലീസ് സ്റ്റേഷനിലെത്തി. നാവില്‍ വന്ന മുറിത്തമിഴില്‍ കാര്യം പറഞ്ഞൊപ്പിച്ചു. കൃഷ്ണകുമാര്‍ പറഞ്ഞ കഥ വളരെ ലാഘവത്തോടെ കേട്ട പൊലീസുകാരന്‍ അടുത്തു വന്നു തുറിച്ചു നോക്കിക്കൊണ്ട് അവന്റെ മുഖത്ത് ആഞ്ഞൊരടി. അമ്പരന്നു പോയ കൃഷ്ണനെ തകര്‍ക്കുന്നതായിരുന്നു അയാളുടെ അടുത്ത ചോദ്യം. “നീ താനെ അന്ത പയ്യനെ കൊലൈ ശെയ്തത്?”

ആ നിമിഷത്തെ കുറിച്ചോര്‍ക്കുമ്പോള്‍ കൃഷ്ണകുമാറിന്റെ മനസ്സില്‍ ഭീതി വിതയ്ക്കുന്നു. സഹായം തേടി വന്നിടത്തു ബന്ദിയാക്കപ്പെട്ട അവസ്ഥ! “എന്റെ മനസ്സ് അപ്പോ ചത്തു. സഹായിക്കാന്‍ കൂട്ടാക്കാതെ അപകടത്തെ ഞങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നിയമപാലകരുടെ ശ്രമമെന്ന് വ്യക്തമായി. പക്ഷെ, ഓടിയൊളിക്കുവാന്‍ പറ്റില്ല. സുഭാഷ് കുഴിക്കകത്താണ്.” ആവശ്യമില്ലാത്തിടത്ത് വലിഞ്ഞ് കേറിയതെന്തിനെന്നായിരുന്നു അടുത്ത ചോദ്യം. കുഴിയില്‍പ്പെട്ടയാള്‍ ഇതിനോടകം മരിച്ചു കഴിഞ്ഞിരിക്കുമെന്ന് പൊലീസുകാര്‍ പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ അവരുടെ കാലുപിടിച്ച് കരഞ്ഞു. “ഇല്ല സുഭാഷ് മരിക്കില്ല.” അപ്പോള്‍ അവരെ ഞെട്ടിച്ചു കൊണ്ട് പൊലീസ് മറ്റൊരു കാര്യം അവരെ അറിയിച്ചു. ഇതിന് മുന്‍പ് പതിമൂന്ന് പേര്‍ അവിടെ മരിച്ചിട്ടുണ്ട്. അവരുടെയൊന്നും ശവം പോലുമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ അതൊന്നും ആ കൂട്ടുകാര്‍ ചെവിക്കൊണ്ടില്ല. അവര്‍ പൊലീസുകാരെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. “സുഭാഷ് മരിക്കില്ല” കാരണം, സുഭാഷ് അവരുടെ കൂട്ടുകാരനാണ്, പൊലീസുകാരന്റെയല്ലല്ലോ...

രക്ഷാസംഘം

പൊലീസും ഫയര്‍ഫോഴ്സും ഗുഹാമുഖത്തെത്തുമ്പോള്‍ മഴ തകര്‍ത്തു പെയ്യുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കില്ലാത്തവസ്ഥ. മഴ കുറഞ്ഞപ്പോള്‍ അവര്‍ ആ കുഷി പരിശോധിച്ചു. നീളമുള്ള കയര്‍ കുഴിക്കകത്തേക്കിട്ട് കൊടുത്തിട്ട് സുഭാഷിനോട് കയറിവരാന്‍ ആവശ്യപ്പെട്ടു. അവശനായ സുഭാഷിന് കയര്‍ കാണാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. അധികം അനങ്ങിയാല്‍ ഒരുപക്ഷെ, വീണ്ടും താഴേയ്ക്ക് ഊര്‍ന്നുപോകാനും മതി. കയറിട്ട് ഇറങ്ങണമെന്ന് കൂട്ടുകാര്‍ ആവശ്യപ്പെട്ടു.

ഒരു ഫയര്‍ഫോഴ്സുകാരന്‍ അരയില്‍ കയര്‍ കെട്ടി ഇറങ്ങാന്‍ വേണ്ടി തയ്യാറെടുത്തു. ഒന്നു രണ്ടു തവണ അയാള്‍ കുഴി പരിശോധിച്ചു. താഴേയ്ക്ക് ടോര്‍ച്ചടിച്ചു നോക്കി. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍ അയാള്‍ വലിയൊരു കണ്ടുപിടിത്തം പ്രസ്താവിച്ചു. “കുഴിക്ക് ആഴം വളരെക്കൂടുതലാണ്. വീണയാള്‍ ഒരുപാട് താഴേയ്ക്ക് ഒഴുകിയോ, തെന്നിയോ പോയിക്കാണും. അറ്റമില്ലാത്ത കുഴിയിലേയ്ക്കിറങ്ങുന്നത് വിഡ്ഡിത്തമാണ്.” തങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പ്രസംഗം. അയാള്‍ പറഞ്ഞത് മുഖവിലയ്ക്കെടുക്കാന്‍ കൂട്ടുകാര്‍ തയ്യാറായില്ല.

“നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഞാനിറങ്ങാം.” സിജു മുന്നോട്ട് വന്നു. പക്ഷെ, അറിഞ്ഞുകൊണ്ട് ഒരാളെക്കൂടി അപകടത്തിലേയ്ക്ക് തള്ളിവിടില്ല എന്നതാണ് അവരെടുത്ത നിലപാട്. ഒന്നുകില്‍ അവരിറങ്ങണം, അല്ലെങ്കില്‍ തന്നെ ഇറങ്ങാന്‍ സമ്മതിക്കണം. എന്തായാലും സുഭാഷിന്റെ ജീവന്‍ കുഴിയില്‍ ഉപേക്ഷിക്കാനാവില്ലെന്ന സിജുവിന്റെ കടുംപിടിത്തതിനൊടുവില്‍ അവര്‍ സമ്മതിച്ചു. സിജുവിന്റെ അരയില്‍ കയര്‍കെട്ടി. കഴുത്തില്‍ ടോര്‍ച്ച് തെളിയിച്ച്, കെട്ടി തൂക്കിയിട്ടു. എന്നിട്ട് കുഴിയിലെ അറ്റം കാണാത്ത ഇരുട്ടിലേയ്ക്ക് കയറെറിഞ്ഞു.

ഒരു കയറും
രണ്ടു കൂട്ടുകാരും

കയറില്‍ തൂങ്ങിയിറങ്ങുമ്പോള്‍ അടുത്തതെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് സിജുവിനൊരു രൂപവുമുണ്ടായിരുന്നില്ല. ശക്തമായ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. കുഴിയുടെ വശങ്ങളില്‍ നരിച്ചീറുകളെക്കാണാം. കയറില്‍ തൂങ്ങിയാടുന്നത് കാരണം ടോര്‍ച്ചിന്റെ പ്രകാശം പലസ്ഥലങ്ങളിലായി ചിതറിത്തെറിച്ചു. കുറച്ചധികം താഴേക്ക് ചെന്നപ്പോള്‍ തറയെത്തിയെന്ന് തോന്നി. പക്ഷെ, അത് ഒരു ഭാഗത്ത് പാറ തള്ളിനില്‍ക്കുന്നതായിരുന്നു. അതിനരികിലൂടെ വീണ്ടും ഊര്‍ന്നിറക്കം. ഇതിനിടയില്‍ സുഭാഷിനെ വിളിക്കുന്നുണ്ട്. പ്രത്യുത്തരവും കേള്‍ക്കാം. പക്ഷെ, കാണുന്നില്ല. തൂങ്ങിയിറങ്ങിയ കയറ് തീര്‍ന്നു. കയര്‍ തീര്‍ന്ന കാര്യം മനസ്സിലാക്കി ഫയര്‍ഫോഴ്സുകാര്‍ കയര്‍ മുകളിലേയ്ക്ക് വലിക്കുമ്പോള്‍ സിജു ഭിത്തിയില്‍ അള്ളിപ്പിടിച്ചു നിന്നു. കുറച്ച് നേരത്തിനു ശേഷം ഒരു കൂട്ടിക്കെട്ടോടെ കൂടുതല്‍ കയര്‍ താഴേക്കു വന്നു. വീണ്ടും അതില്‍ പിടിച്ച് സിജു ഊര്‍ന്നിറങ്ങുവാന്‍ തുടങ്ങി.

രക്ഷയുടെ തീരത്ത്

“ഞാനാകെ തളര്‍ന്നു. സഹിക്കാന്‍ വയ്യാത്ത തണുപ്പും. അപ്പോഴാണ് ടോര്‍ച്ചിന്റെ വെട്ടം കണ്ടത്. അടുത്തു വന്നപ്പോള്‍ സിജുവാണെന്ന് മനസ്സിലായി.” സുഭാഷ് ഓര്‍മ്മിക്കുന്നു. “സിജു അടുത്തെത്തിയപ്പോഴേയ്ക്കും ഞാനാകെ അവശനായിക്കഴിഞ്ഞിരുന്നു. കുഴിയിലേയ്ക്ക് വീണപ്പോള്‍ പലയിടത്തുമിടിച്ച് ശരീരം ഭയങ്കര വേദന, കല്ലുവീണ് തലപൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു. ദേഹമാസകലം ചെളിവെള്ളം. നരിച്ചീറുകളുടെ ദുര്‍ഗന്ധം. ഞാന്‍ ഒരു സ്വപ്നത്തിലാണ് എനിക്ക് തോന്നി. സിജു അടുത്തു വന്നുനില്‍ക്കുമ്പോഴും ഞാന്‍ നിര്‍ജ്ജീവാവസ്ഥയിലാണ്. കുഴപ്പമൊന്നുമില്ല. നമുക്ക് എളുപ്പത്തില്‍ മുകളിലേയ്ക്ക് കയറുവാന്‍ കഴിയും സിജു എന്നെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. സിജു എന്റെ അരയില്‍ കയര്‍ കെട്ടി. സപ്തനാഢികളും തളര്‍ന്ന ഞാന്‍ സിജു പറയുന്നത് അനുസരിക്കുന്ന ഒരു ശരീരം മാത്രമായിരുന്നു. കെട്ടു ഭദ്രമാണെന്ന് ഉറപ്പാക്കിയ ശേഷം വടത്തില്‍ പിടിച്ച് ഞങ്ങളിരുവരും മുകളിലേയ്ക്ക് കയറുവാന്‍ തുടങ്ങി. ഞങ്ങള്‍ കയറുന്നതിനനുസരിച്ച് മുകളിലുള്ളവര്‍ കയര്‍ വലിക്കുന്നുണ്ടായിരുന്നു. ആടിയും ഉലഞ്ഞും മുകളിലെത്തുന്തോറും കൂട്ടുകാരുടെ ശബ്ദം കേട്ടുതുടങ്ങി. ഒരുപാട് മുകളില്‍ ഇരുട്ടു പുതയ്ക്കാന്‍ തുടങ്ങുന്ന ആകാശവും. ഇനിയൊരിക്കലും കാണാനൊക്കില്ലേന്ന് ഞാന്‍ കരുതിയ അതേ ആകാശം.”

പൊലീസ് പുലിയായപ്പോള്‍

പുലിമടയില്‍ നിന്നു രക്ഷപ്പെട്ടവര്‍ പുലിക്കു മുന്നില്‍ വീണതു പോലെയാ‍യിരുന്നു പിന്നീട് സംഭവിച്ചത്. നല്ല മഴയും തണുപ്പുമുള്ള ദിവസം. തങ്ങള്‍ക്ക് പണിക്കോളുമായ് വന്ന മലയാളിപ്പയ്യന്‍സിനെ പിഴിയാന്‍ തന്നെ പൊലീസ് തീരുമാനിച്ചു. “ടോര്‍ച്ച്, കയര്‍ എല്ലാം വാങ്ങിയ വകയില്‍ ഞങ്ങളുടെ കയ്യില്‍ നിന്ന് ഒരുപാട് ചെലവായിരുന്നു.” പ്രദീപ് വിവരിച്ചു. “പക്ഷെ പൊലീസുകാര്‍ അത് ഗൌനിച്ചതേയില്ല. അവര്‍ക്കു പണം കിട്ടിയേ തിരൂ. ഞങ്ങള്‍ നിരോധിത മേഖലയില്‍ കടന്നതിനുള്ള പിഴയാണെന്നും അവര്‍ അറിയിച്ചു. ഒടുവില്‍ കൂട്ടിയും കിഴിച്ചും പോക്കറ്റുകളും പഴ്സുകളും തപ്പിപ്പെറുക്കി പൊലീസുകാരാവശ്യപ്പെട്ട രണ്ടായിരത്തിയഞ്ഞൂറു രൂപ അവര്‍ക്ക് നല്‍കി. കൈപ്പറ്റിയ പണത്തിന്റെ രസീത് നാട്ടിലേയ്ക്ക് അയച്ചുതരാമെന്ന് പറഞ്ഞാണ് പൊലീസ് സംഘം പിരിഞ്ഞുപോയത്. അവിടത്തെ പ്രമുഖ പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. പക്ഷെ, അതൊന്നും കാണാ‍ന്‍ കാത്തുനില്‍ക്കാതെ ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു. വണ്ടിയില്‍ ആരും സംസാരിക്കുന്നുണ്ടായിരുന്നില്ല. ഈ സംഭവം, നാട്ടിലും വീട്ടിലുമറിഞ്ഞാലുള്ള ഭവിഷ്യത്തുകളെക്കുറിച്ചായിരുന്നു എല്ലാവരുടെയും ചിന്ത. ഒരുപക്ഷെ, എല്ലാ സ്വാതന്ത്ര്യവും ഇതോടെ അവസാനിച്ചേക്കാം. നാട്ടിലെത്തിയപ്പോള്‍ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. നടന്നത് ആരോടും പറയില്ല - സത്യം.”

കഥ വെളിച്ചത്ത് വരുന്നു

ആരോടും പറയരുതെന്ന് പറഞ്ഞു സുഹൃദ് സംഘം പിരിഞ്ഞെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സംഭവത്തിന്റെ തീവ്രതയ്ക്ക് അയവ് വന്നു. സംഘത്തിലെ പലരും മറ്റു സുഹൃത്തുക്കളോട് വീരസാഹസിക സംഭവങ്ങള്‍ പറയാനാരംഭിച്ചു. ഇതിനിടയ്ക്ക്, തമിഴ്നാട്ടിലെ ദിനപത്രമായ ദിനമലര്‍ പത്രത്തിന്റെ ഞായറാഴ്ച്ച ഇവരെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ സിജുവിന് അയച്ചുകൊടുത്തു. ഇത് അറിഞ്ഞെത്തിയവരോട് സുഹൃത് സംഘം എല്ലാം തുറന്നു പറഞ്ഞു.

സിജു

വേലശ്ശേരി ഡേവിഡിന്റേയും ജെസിയുടേയും മകന്‍ സിജു ഇതിനു മുമ്പും രക്ഷകനായിട്ടുണ്ട്. രണ്ടായിരത്തിയൊന്നിലായിരുന്നു സംഭവം. ആ വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന കൃഷ്ണകുമാറിനെയാണന്ന് സിജു രക്ഷിച്ചത്. പെരിയാര്‍ പുഴയില്‍ നീന്തിക്കൊണ്ടിരുന്ന കൃഷ്ണകുമാര്‍ പുഴയുടെ നടുക്കുവച്ച് തളര്‍ന്ന് മുങ്ങിപ്പോയി. അന്നും സിജുവും മറ്റൊരു സുഹൃത്തും കൂടിയാണ് കൃഷ്ണകുമാറിന്റെ ജീവന്‍ രക്ഷിച്ചത്.

നാട്ടുകാരും കൂട്ടുകാരും അഭിനന്ദിക്കുമ്പോഴും താന്‍ വലിയ കാര്യമൊന്നും ചെയ്തിട്ടില്ലെന്നാണ് സിജുവിന്റെ ഭാവം. കൂട്ടുകാര്‍ക്കു വേണ്ടി അറുന്നൂറല്ല, ആറായിരം അടി താഴ്ചയായിരുന്നെങ്കിലും താനിറങ്ങുമായിരുന്നുവെന്ന് സിജു പറയുന്നു.

കടപ്പാട് : മനോരമ ‘ശ്രീ’