Wednesday, February 28, 2007
നിണമണിഞ്ഞ കുപ്പായം
നിര്‍മ്മലയ്ക്കു പ്രായം 18 കഴിഞ്ഞു. അച്ഛന് മകള്‍ക്കു നല്ലൊരു ചെറുക്കനെ അന്വേഷിച്ചു തുടങ്ങി. പക്ഷെ, ഏതു നല്ല ആലോചന വന്നാലും നിര്‍മ്മലയ്ക്കതു സ്വീകാര്യമായിരുന്നില്ല. അവള് വാശിപിടിച്ചു. "എനിക്കിപ്പോള്‍ കല്യാണം വേണ്ട ഡാഡി." അച്ഛനു ആധിയായിത്തുടങ്ങി. “മോളെ, നിന്റെ വിവാഹം കഴിഞ്ഞാലും നിനക്ക് തുടര്‍ന്ന് പഠിക്കാമല്ലോ.” പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും മകള്‍ വിവാഹത്തിനൊട്ടും സമ്മതിച്ചില്ല. ഇനിയവള്‍ക്കു വല്ല പ്രേമമോ മറ്റോ? അങ്ങിനെ അദ്ദേഹം ഭാര്യയെ ചട്ടം കെട്ടി. മകള്‍ എന്തുകൊണ്ടാണു വിവാഹം ഇപ്പോള്‍ വേണ്ടന്നു പറയുന്നത്. അമ്മ മകളോടു ചോദിച്ചു. “എന്തുണ്ടെങ്കിലും പറഞ്ഞോളു. ഇനി നിനക്കു വല്ല പ്രേമമോ മറ്റൊ ഉണ്ടെങ്കില്‍ കൊള്ളാവുന്ന ചെറുക്കനെങ്കില്‍ നമുക്കു ആലോചിക്കാം.” ആദ്യമൊക്കെ നിര്‍മ്മല ഒഴിഞ്ഞുമാറി. പക്ഷേ പ്രേമം തലയ്ക്കുപിടിച്ചിരിക്കുന്നവര്‍ക്കെത്ര നാള് അതൊളിക്കാനാവും? “അമ്മേ എനിക്കൊരാളോട് ഇഷ്ടമുണ്ട്. എനിക്കു അയാളെ മാത്രമേ വരിക്കാവാവൂ.” അമ്മ ആരാഞ്ഞു, “ആരാണ് മോളേ അയാള്‍? അയാളുടെ പേരെന്താണ്? അയാളെന്തെടുക്കുകയാണ് ?” മകള്‍ മൊഴിഞ്ഞു “രാമനുണ്ണിയെന്നാണ് പേര്. ജോലി ഉഷസ്സിലാണ്.” അമ്മ ആശ്ചര്യപ്പെട്ടു “ഉഷസ്സ് ?”
“അതെയമ്മേ ഉഷസ്സ് ബസ്സിലെ കണ്ടക്ടറാണ് രാമനുണ്ണി.” മകള്‍ പറഞ്ഞൊപ്പിച്ചു.
അച്ഛന് പൊട്ടിത്തെറിച്ചു. “സാധ്യമല്ല! ഇതൊരിക്കലും നടക്കില്ല! ഒരു ബസ്സ് കണ്ടക്ടറെ മാത്രമേ എന്റെ മോള്‍ക്ക് പ്രേമിക്കാന്‍ കഴിഞ്ഞുള്ളൂ? ജോലിയുടെ കാര്യം പോകട്ടെ. ഒരു അന്യമതസ്ഥന് സത്യക്രിസ്ത്യാനിയായ എന്റെ .... ഛായ്! ഇതൊന്നും നടക്കില്ല. എനിക്ക് ജീവന് ഉള്ളിടത്തോളം കാലം നീ ഇതും സ്വപ്നം കണ്ടുകൊണ്ട് നടക്കണ്ട. നീ ഇന്നുമുതല്‍ കമ്പ്യൂട്ടര്‍ ക്ലാസ്സിനും പോവണ്ട.” അങ്ങിനെ നിര്‍മ്മല വീട്ടുതടങ്കലിലായി. കണ്ണീരും ആത്മഹത്യാഭീഷണികളുമായി ദിവസങ്ങള്‍ കടന്നുപോയി.
ജനുവരിയിലെ ആ തണുത്ത പ്രഭാതത്തില്‍ മകള്‍ അമ്മയോട് അടുത്തുള്ള ദേവാലയത്തില്‍ പോകുവാന്‍ അനുവാദം ചോദിച്ചു. അമ്മ വിചാരിച്ചു, പാവം എത്ര ദിവസമായി ഇങ്ങനെ വീടിനുള്ളിള്‍ അടച്ചുപൂട്ടി... പൊയ്ക്കോട്ടെ. “വേഗം വന്നേക്കണം. വൈകിയാല്‍ ഡാഡി വഴക്കുപറയും, ചിലപ്പോള്‍ നിന്നെ കൊണ്ടുവരാന്‍ കാറെടുത്ത് വന്നെന്നും വരാം.” നിര്‍മ്മല തലയാട്ടി.
അന്നതു സംഭവിച്ചു! ദേവാലയത്തില്‍ പോയ് ഉള്ളുരുകി കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ച നിര്‍മ്മല തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങി വന്നില്ല. അച്ഛന്റെ ശകാരം മാത്രമല്ല ആ അമ്മയെ തളര്‍ത്തിയത്. ആറ്റുനോറ്റുണ്ടായ തന്റെ കുട്ടി... അവള് ഇങ്ങനെ ചെയ്തല്ലോ...അവള് കടുംകൈയ്യൊന്നും ചെയ്യാതിരുന്നാല്‍ മതിയായിരുന്നു.
പക്ഷെ, നിര്‍മ്മല കടുംകൈയ്യൊന്നും ചെയ്യാന്‍ തുനിയാതെ നേരെ പ്രിയപ്പെട്ടവന്റെ സവിധത്തിലേയ്ക്കണയുകയാണ് ചെയ്തത്. അതെ, അവര്‍ ഒരുമിച്ച് ഒരു ടാക്സിയില്‍ യാത്ര ചെയ്യുന്നത് കണ്ടവരൊത്തിരിപ്പേരുണ്ടായിരുന്നു. രജിസ്ട്രാര്‍ ആപ്പീസില് വണ്ടി നിറുത്തുന്നതും കണ്ടവര്‍ അനവധി.
കലിതുള്ളിനിന്നിരുന്ന ആ അച്ഛന്റെ മനസ്സ് നീറുവാന്‍ തുടങ്ങി. മകളെക്കുറിച്ചുള്ള വ്യാകുലചിന്തയാല്‍ ഊണില്ല ഉറക്കമില്ല എന്ന സ്ഥിതിയായി. ആ ചെറുപ്പക്കാരനെക്കുറിച്ച് അന്വേഷിച്ച് വേണ്ടതുപോലെ ചെയ്യേണ്ടതിനു പകരം... അവളുടെ ഒരു ബാലിശമായ കുട്ടിക്കളിയെന്ന് ചിന്തിച്ച താന്‍ എന്ത് മഠയന്‍! ദിവസങ്ങള്‍ കടന്നുപോവുന്നു, അവരെ എവിടെയെല്ലാം അന്വേഷിച്ചു. എങ്ങും കണ്ടെത്തിയില്ല. രജിസ്ട്രാര്‍ ആപ്പീസില് നിന്നും എങ്ങോട്ടു പോയിക്കാണും? ആകെ ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ കര്‍ത്താവേ. ആ പാവം അച്ഛന്റെ ചിന്തകള്‍ ഒരു വിങ്ങിപ്പൊട്ടലായ് പുറത്തുവന്നു...
“നിര്‍മ്മലേ എത്രയും വേഗം വീട്ടിലേയ്ക്ക് തിരികെ വരൂ. ഡാഡി രോഗശ്ശയ്യയില്‍...” എന്നു തുടങ്ങുന്ന പത്രത്തിലെ ആ ചെറിയ കോളത്തില്‍ കണ്ണോടിച്ചുകൊണ്ട് രാമനുണ്ണി ആ ചെറിയ വീടിന്റെ കൊച്ചടുക്കളയില്‍ തന്റെ പ്രിയതമ തേങ്ങചുരണ്ടുന്നതും നോക്കി ഒരു നിമിഷം നിന്നു. “നിര്‍മ്മീ... നമുക്ക് നിന്റെ വീട് വരെ ഒന്ന് പോകാം...” രാമനുണ്ണി പത്രം അവളുടെനേരെ നീട്ടി.
“ഡാഡീ എന്നോട് ക്ഷമിക്കൂ” എന്നലമുറയിട്ടുകൊണ്ട് നിര്‍മ്മല ആ വലിയ ഉരുക്ക് കവാടം തള്ളിത്തുറന്നുകൊണ്ട് വീടിനുള്ളിലേയ്ക്ക് ഓടി. പിന്നെയവിടെ നടന്നത് ഒരു കൂട്ടക്കരച്ചിലായിരുന്നു. മകള്‍ അച്ഛന്റെ കാല്ക്കലിരുന്നു കൊച്ചുകുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു. ആ രംഗങ്ങള്‍ ഏവരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. ഡാഡിയും അമ്മയും മകളും രാമനുണ്ണിയും പരസ്പരം സമാശ്വസിപ്പിച്ചു. മകളെ വളരെ ദിവസങ്ങള്‍ക്ക് ശേഷം കണ്ടപ്പോഴാവട്ടെ അച്ഛന്റെ രോഗങ്ങളെല്ലാം പമ്പകടന്നു. അമ്മ ആനന്ദാശ്രുക്കള്‍ പൊഴിച്ചു. അങ്ങിനെ അതൊരു സിനിമാക്കഥപോലെ ഭംഗിയായി പര്യവസാനിച്ചു. ആ രാത്രി എല്ലാവരും സന്തോഷത്തോടെ പൂന്തോട്ടത്തില്‍ ഓരോ അനുഭവങ്ങളും പരസ്പരം പങ്കുവെച്ചു...
ദിവസങ്ങള്‍ കടന്നു പോയി... “ഇന്ന് നമുക്ക് പട്ടണത്തില്‍ ഒന്ന് ചുറ്റിത്തിരിയാം ?” തന്റെ മടിയില്‍ തല ചായ്ച്ചു കിടക്കുന്ന പ്രിയതമന്റെ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ടവള്‍ പ്രേമപൂര്‍വ്വം ചോദിച്ചു. “പിന്നെന്താ. നമുക്ക് പൊയ്ക്കളയാം.” രാമനുണ്ണി മറുപടിയേകി. വേനലില്‍ വെന്തുരുകിയ പട്ടണം. “നമുക്ക് കുറച്ച് നടക്കാം നിര്‍മ്മീ?” രാമനുണ്ണിയുടെ ചോദ്യത്തിന് മറുപടിയായി അവള് തലയാട്ടി. എയര്‍കണ്ടീഷന്‍ ചെയ്ത ആ പുതിയ ഫോര്‍ഡ് കാര്‍ വഴിയരുകില്‍ പാര്‍ക്ക് ചെയ്തിട്ട് ആ ഇണക്കുരുവികള്‍ കൈകോര്‍ത്തുപിടിച്ച് വലിയ വൃക്ഷങ്ങളുടെ തണല്‍പറ്റി നടന്നു.
ആ കടുത്ത വേനല്‍ച്ചുടില്‍ നിര്‍മ്മല വെയിലേറ്റു വാടി. വഴിയോരത്തുള്ള കോണ്‍ക്രീറ്റ് ബഞ്ചില്‍ അവളെയിരുത്തിയിട്ട് രാമനുണ്ണി റോഡ് മുറിച്ചുകടന്ന് കരിക്കുവില്പനക്കാരനെ ലക്ഷ്യമാക്കി നടന്നു. നിര്‍മ്മല കുപ്പായത്തലപ്പെടുത്തു തലയിലേയ്ക്കിട്ടു. “എന്തൊരു ചൂടാ ഈ വെയിലിന്. പാവം രാമനുണ്ണി അവനും ക്ഷീണിച്ചിട്ടുണ്ടാവും. കാറില്‍തന്നെ ഇങ്ങോട്ടു വന്നാല്‍ മതിയായിരുന്നു.” ഇങ്ങനെ സ്വയം പറഞ്ഞുകൊണ്ട് നിര്‍മ്മല രാമനുണ്ണി രണ്ടു കരിക്കുകളും കൈയ്യിലേന്തി റോഡ് മുറിച്ച് നടന്നുവരുന്നത് നോക്കിയിരുന്നു. അവന്റെ വെള്ള ഷര്‍ട്ട് വിയര്‍പ്പില്‍ നനഞ്ഞൊട്ടിയിരുന്നു.
രാമനുണ്ണിയുടെ ശ്രദ്ധ തന്റെ കയ്യിലിരിക്കുന്ന കരിക്കുകളിലായിരുന്നു... പെട്ടെന്ന് എതിര്‍വശത്ത് നിന്നും ഒരു ട്രക്ക് ഒരു ഹുങ്കാര ശബ്ദത്തോടെ... നിര്‍മ്മല ഞെട്ടിത്തെറിച്ച് മുന്നോട്ടാഞ്ഞു. രാമനുണ്ണിയുടെ കൈയ്യിലുണ്ടായിരുന്ന കരിക്കുകള്‍ രണ്ടു വശത്തേയ്ക്കും തെറിച്ചു. അതില്‍ ഒരെണ്ണം ഉരുണ്ടുവന്ന് നിര്‍മ്മലയുടെ ചെരിപ്പില്‍ തടഞ്ഞു നിന്നു. അവള് അലറിക്കരഞ്ഞു. പക്ഷെ ശബ്ദം തൊണ്ടയില്‍ത്തന്നെ തങ്ങിനിന്നു. അവള് തന്റെ പ്രിയതമന്റെ ചേതനയറ്റ ശരീരം കണ്ട് കാഴ്ചമങ്ങി, ബോധരഹിതയായി റോഡില്‍ കുഴഞ്ഞു വീണു. പിറ്റേ ദിവസം മാത്രമാണവള്‍ക്ക് ബോധം തിരിച്ചുകിട്ടിയത്. അപ്പോഴേയ്ക്കും രാമനുണ്ണിയുടെ സംസ്കാരചടങ്ങുകളൊക്കെ കഴിഞ്ഞിരുന്നു.
ആ അത്യാഹിതം നടന്ന് രണ്ടു രാത്രികള്‍ കഴിഞ്ഞപ്പോള്‍ നിര്‍മ്മലയുടെ അമ്മ സ്വപ്നത്തില്‍ ഒരു വൃദ്ധയെ ദര്‍ശിച്ചു. ആ വൃദ്ധസ്ത്രീ ഉപദേശിച്ചു : “നിങ്ങളുടെ മകളുടെ കുപ്പായത്തില്‍ നിന്നും എത്രയും പെട്ടെന്ന് ചെറുക്കന്റെ രക്തക്കറ കഴുകിക്കളയണം”. ആ അമ്മ താന്‍ കണ്ട സ്വപ്നത്തെ പാടെ അവഗണിച്ചു. അടുത്ത രാത്രി നിര്‍മ്മലയുടെ അച്ഛനും ആ സ്വപ്നം അതേപടി തന്നെ കണ്ടു. വൃദ്ധയേയും അവരുടെ ഉപദേശവും മറ്റും. പക്ഷെ അയാളും ആ സ്വപ്നത്തെ മറ്റൊരു സ്വപ്നം കണക്കെ അവഗണിച്ചു കളഞ്ഞു.
അതിനടുത്ത രാത്രി നിര്‍മ്മലയും അവളുടെ അച്ഛനുമമ്മയും കണ്ട അതേ സ്വപ്നം ദര്‍ശിക്കാനിടയായി. അവള് ഞെട്ടിയെഴുന്നേറ്റ്, ഒരുപാട് ഭയപ്പെട്ടു നിലവിളിച്ചുകൊണ്ട് അമ്മയുടെ മുറിയിലേയ്ക്കോടി. താന്‍ കണ്ട സ്വപ്നം അമ്മയോട് കരഞ്ഞുകൊണ്ട് വിവരിച്ചു. ഇതു കേട്ട അവളുടെ അച്ഛനും അമ്മയും ഒരുപാട് ഭയപ്പെട്ടു. തങ്ങള്‍ക്ക് മൂവര്‍ക്കും ഒരേ അനുഭവം! വിചിത്രം, ഭയാനകം! അടുത്തതെന്താണ് തങ്ങളെ കാത്തിരിക്കുന്നത് ?
“മോള് ആ കുപ്പായത്തിലെ രക്തക്കറ ഉടനെ കഴുകിക്കളയണം.” അമ്മ അവളോട് ആവശ്യപ്പെട്ടു. അവളപ്പോള്‍ത്തന്നെ ആ കുപ്പായം അലക്കിയിട്ടുവെങ്കിലും രക്തക്കറ പഴയതുപോലെതന്നെ അവശേഷിച്ചു. അടുത്ത രാത്രിയിലും ആ സ്വപ്നം ആവര്‍ത്തിക്കപ്പെട്ടു. അങ്ങിനെ അവള് വീണ്ടും ആ കുപ്പായം എടുത്തു അലക്കിയെങ്കിലും, കുറേ കറകള്‍ പിന്നേയും ശേഷിച്ചു.
അടുത്ത രാത്രിയിലും വീണ്ടും ആ സ്വപ്നം! ഇത്തവണ ആ വൃദ്ധസ്ത്രീ ഒരു താക്കീതുമായാണ് എത്തിയത്. ആ രക്തക്കറ ഇനിയും കഴുകിക്കളഞ്ഞില്ലെങ്കില്‍ ഭീകരമായി എന്തോ ഉടനെ സംഭവിക്കുമെന്ന് ഒരു അവസാന താക്കീത് ! ഭയന്നു വിറങ്ങലിച്ചുപോയ പാവം നിര്‍മ്മല പിറ്റേന്ന് അതിരാവിലെ തന്നെ കുപ്പായം കഴുകാന്‍ തുടങ്ങി. ഇത്തവണ ആ കുപ്പായം അവളാല്‍ക്കഴിയും വിധം അലക്കി. അതേതാണ്ട് പിഞ്ഞിക്കീറുന്ന പരുവംവരെയെത്തി. എങ്കിലും രക്തത്തിന്റെ കറകള്‍ വീണ്ടും അവിടവിടെയായി അവശേഷിച്ചു. അവള് വളരെയേറെ തളര്‍ന്നു.
അന്നേ ദിവസം തന്നെ വൈകുന്നേരം വാതിലില്‍ ആരോ ശക്തിയായി മുട്ടുന്ന ശബ്ദം. ആ വലിയ മണിമാളികയില് നിര്‍മ്മല ഒറ്റയ്ക്കും. അവള് ശങ്കിച്ച് ശങ്കിച്ച് വാതില്‍ മെല്ലെത്തുറന്നു. അവിടെ അതാ!!! അവള് ഒരു നിലവിളിയോടെ പുറകിലേയ്ക്ക് മറിഞ്ഞു. അവള് സ്വപ്നത്തില്‍ ദര്‍ശിക്കാറുള്ള ആ വൃദ്ധസ്ത്രീയതാ വാതില്ക്കല്!
വൃദ്ധ പതുക്കെ അവളുടെ അടുത്തേക്ക് ചെന്ന് അവളെത്തട്ടിയുണര്‍ത്തി... അവള് ഞെട്ടിയെഴുന്നേറ്റു. വൃദ്ധ അവളുടെ നേരെ ഒരു നീല വസ്തു വച്ചുനീട്ടി. പേടിച്ചരണ്ട നിര്‍മ്മല വിക്കിവിക്കി ചോദിച്ചു “എ..എന്താണി..ത് ?”
വൃദ്ധസ്ത്രീ മറുപടി പറഞ്ഞു.
“ഈ സര്‍ഫ് എക്സല്‍ ഉപയോഗിച്ചു നോക്കൂ! ഒരു മൃദുതാഡനം മതി ഏതു ഇളകാത്ത കറയേയും മായ്ച്ചുകളയും!”
Tuesday, February 13, 2007
പൂവാലന്റൈന്‍സ് ദിനം വരവായ്...
നാളെ ഫെബ്രുവരി 14. പൂവാലന്റൈന്‍സ് ദിനം. യ്യൊ! അല്ല, വാലന്റൈന്‍സ് ദിനം!
നാളത്തെ ദിവസത്തിന്റെ പ്രാധാന്യം എന്തെന്ന് പ്രത്യേകം പറയേണ്ടല്ലോ. സ്നേഹിക്കുന്നവരുടെ ദിവസമാണെന്നാണെല്ലോ വെപ്പ്! അതോ മറ്റൊരു ചതിക്കുഴിയിലേയ്ക്കുള്ള ചുവടുവെപ്പോ? ആര്‍ക്കറിയാം!
കൊച്ചിയില്‍ ഗ്രീറ്റിംഗ് കാര്‍ഡ് വിപണി സജീവമായെങ്കിലും യുവത്വം കമ്പ്യുട്ടറിനും ഇന്റര്‍നെറ്റിനും പിന്നാലെയാണ്. ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു, മുന്‍പൊക്കെ എത്ര കാമുകീ കാമുകസുഹൃത്തുക്കള്‍ക്ക് ക്രയോണ്‍സിലും, വാട്ടര്‍കളറിലുമൊക്കെ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്തു കൊടുക്കുമായിരുന്നു. ആര്‍ച്ചീസ്, ഹാള്‍മാര്‍ക്ക് തുടങ്ങിയവര്‍ക്ക് ഞാനൊരു വന്‍ പാരയായിരുന്നു. അന്ന് കമ്പ്യുട്ടറില്‍ വിന്‍ഡോസ് 3.1 ആയിരുന്നു ഓപ്പറേറ്റിംഗ് സിസ്റ്റം. അതില്‍ എന്തു മലമറിക്കാനാ! സീയും ഫോക്സ്പ്രോയും അരച്ചുകലക്കി പാവയ്ക്കാ ഷേയ്ക്ക് പോലെ കുടിക്കുമ്പോള്‍ ആകെ ഉള്ളൊരാശ്വാസം പെയിന്റ്ബ്രഷ് മാത്രമായിരുന്നു. ഇന്നിപ്പോള്‍ ഇന്റര്‍നെറ്റില്‍ എണ്ണിയാല്‍ തീരാത്തത്ര സൌജന്യ ഇ-കാര്‍ഡ് വെബ്സൈറ്റുകളുടെ ഒരു പ്രളയം തന്നെയാണല്ലോ.
എന്റെ പി.ജി.ഡി.സി.എ. കാലം. അക്കാലത്തും വന്നു ഒരു വാലന്റൈന്‍സ് ഡേ. കൂടെ പഠിക്കുന്ന പെണ്‍കുട്ടിക്ക് ഞാന്‍ ഗിഫ്റ്റിയത് ഒരു മനോഹരമായ കല്ലുവെച്ചൊരു മോതിരം. (കല്ലുവെച്ച നുണയല്ലട്ടാ) ക്ലാസ്സില്‍ പെണ്‍കുട്ട്യോളെ മൈന്‍ഡ് ചെയ്യാത്ത, “ഡു ഓര് ഡൈ” എന്ന ഗ്യാംഗിന്റെ ലീഡറായ എന്നെ മിണ്ടിക്കണം എന്ന് ശപഥമെടുത്ത് വന്ന പെണ്‍പടയുടെ ലഫ്. കമാണ്ടര്‍ ആയിരുന്നു ആ പെണ്‍കുട്ടി. പിന്നീടെപ്പോഴോ പരസ്പരം അടുത്തു. ജീവിതത്തിന്റെ തായ്വഴികളില് എന്നുമൊരുമിച്ചുണ്ടാവുമെന്ന് മധുരമായ് മൊഴിഞ്ഞ അവള്, എപ്പോഴോ അകന്നകന്നു പോയതിനെക്കുറിച്ച് പിന്നീടെപ്പോഴെങ്കിലും പറയാം.
ശിശിരം പോയ്... ഒരു ദിവസം രാവിലെ പത്ത് പതിനൊന്ന് മണിയായ്ക്കാണും. കൊച്ചി സെന്റ് തെരെസാസ് കോളേജിന് സമീപമുള്ള എസ് പ്ലനേഡ് എന്ന ഷോപ്പിംഗ് മാളില്‍ ഒരു സുഹൃത്തിന്റെ ഷോപ്പില്‍ ഒരു ഷോപ്പിംഗൊക്കെ തരമാക്കി പുറത്തേയ്ക്കിറങ്ങുമ്പോള്‍ എന്റെ മുന്നില്‍ വെളുത്തു കൊലുന്നനെയുള്ള ഒരു കൊച്ചു സുന്ദരി. ടൈറ്റ് ജീന്‍സും ടീ-ഷര്‍ട്ടുമൊക്കെ കണ്ടുപിടിച്ചതുതന്നെ ഈ കൊച്ചു മാലാഖയ്ക്കു വേണ്ടിയാണെന്ന് മനസ്സില്‍ പറഞ്ഞു തീര്‍ത്തില്ല, അതിനു മുന്‍പേ അവളുടെ കടന്നാക്രമണം. “ഹെല്ലോ”. അത് ഞാന്‍ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നെങ്കിലും ഞാനും ദ്രുതഗതിയില്‍ പ്രത്യഭിവാദനം ചെയ്തു “ഹെല്ലോ”. ഞാന്‍ ചോദ്യ ഭാവത്തില്‍ അവളെ നോക്കി. അപ്പോള്‍ അവള് മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഒരു റോസാപ്പൂവെടുത്ത് നീട്ടി. ഇത്തവണ ഞാനൊന്ന് ഞെട്ടി. എന്റെ ഞെട്ടല്‍ മുഴുമിപ്പിക്കുവാന്‍ ഇടനല്‍കാതെ അവള് മധുരിതമായ ശബ്ദത്തില്‍ “വിഷ് യു എ ഹാപ്പി വാലന്റൈന്‍സ് ഡേ”. ഹൊ! എന്റെ ശ്വാസം നേരെ വീണതും, ഞാന്‍ പറഞ്ഞൊപ്പിച്ചു “സേം ടു യു”. അപ്പോള്‍ മാത്രമാണ് അന്ന് ഒരു വാലന്റൈന്‍സ് ദിനമെന്ന് ഓര്‍ത്തത് തന്നെ. എത്രയോ ചുള്ളന്മാര് നിരനിരയായും കൂട്ടംകൂട്ടമായും അവിടെ ആ സമയത്ത് ഹാജരുണ്ടായിരുന്നിട്ടും എന്നില്‍ എന്തു കണ്ടിട്ടാണാവോ പൂവ് തരാന്‍ എന്നെത്തന്നെ സമീപിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഇതു വരെ മനസ്സിലായിട്ടില്ല. ആ ചുള്ളന്മാരുടെ ആരാധനയും അസൂയയും കലര്‍ന്ന നോട്ടം ഇന്നും എനിക്ക് മറക്കാനാവുന്നില്ല. മാര്‍ട്ടിന ഹിംഗിസിന്റെ ച്ഛായയുള്ള ആ പെണ്‍കുട്ടിയെ ആ ഷോപ്പിംഗ് മാളില്‍ പിന്നീടൊന്നും പോയപ്പോള്‍ കണ്ടിട്ടില്ല. ഒരിക്കലും...
ഇന്ന് ഒരു പ്രമുഖ പത്രം കൊച്ചിയിലുള്ളവര്‍ക്ക് വലന്റൈനുകളെ എങ്ങനെ പ്രൊപ്പോസ് ചെയ്യാമെന്നുള്ള 10 പോയിന്റ്സ് പറഞ്ഞു കൊടുത്തിരിക്കുന്നു! കാലം പോയ പോക്കേ!
അതില്‍ ഏറ്റവുമാദ്യം കൊടുത്തിരിക്കുന്ന പോയിന്റ് :
അവളെ ബോള്‍ഗാട്ടിയിലേയ്ക്ക് കൊണ്ട് പോകൂ. അവള് കായലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ചുവന്ന റോസാപ്പൂവെടുത്തിട്ട്, പറയൂ ആ മൂന്ന് വാക്കുകള്‍ - ഐ ലവ് യു !
ഇനിയും 9 കിടിലന്‍ പോയിന്റുകള്‍ അവര്‍ ഉപദേശിച്ചു തന്നിട്ടുണ്ട്. താല്പര്യമുള്ള കൊച്ചിക്കാര്‍ക്ക് ട്രൈ ചെയ്യാവുന്നതാണ്. ബാക്കിയുള്ള ആ 9 പോയിന്റ്സും ഇവിടെ എഴുതിയാല്‍ അവര്‍ എനിക്കെതിരെ കോപ്പിറൈറ്റ്സ് നിയമം വച്ച് ഒരു താങ്ങ് താങ്ങിയാലോ? യേത്.. ;)
ഓഫീസില്‍ പോവാന്‍ ടൈമായി... എല്ലാവര്ക്കും കൊച്ചി രാജാവിന്റെ വാലന്റൈന്‍സ് ദിനാശംസകള്‍. പ്രണയിക്കുന്നവരേ... നിങ്ങളോടൊരു വാക്ക് - പ്രണയം ദുഃഖമല്ലോ ഫ്രണ്ട്ഷിപ്പല്ലോ സുഖപ്രദം !!!
Tuesday, February 06, 2007
കുട്ടനാട് - ഒരു യാത്രാ വിവരണം
നിങ്ങള്‍ക്കും ഇതു പരീക്ഷിക്കാവുന്നതാണ്.
പക്ഷെ, വെള്ളത്തില്‍ പോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണേ!
A Kuttanad Travelogue - video powered by Metacafe
ഈ വീഡിയോ കാണാന്‍ കഴിയാത്തവര്‍ ഇവിടെ ഞെക്കൂ !!!
സ്പീക്കര്‍ തുറന്നു വയ്ക്കാന്‍ മറക്കരുത്ട്ടോ...