Friday, December 29, 2023

ക്രിസ്തുമസ് ഡ്രൈവ്

"ഡാ, വാ ഇന്നൊരു ഡ്രൈവ് ആകാം. ഇന്നത്തെ ലഞ്ച് അഹമ്മദാബാദിൽ നിന്ന്. നീ റെഡിയായി വാ." റോംസിന്റെ കാൾ. 

രണ്ടു വണ്ടിക്കുള്ള ആളുകളുണ്ടായിരുന്നത് കൊണ്ട് രണ്ടു കാറുകളിൽ ഞങ്ങൾ യാത്ര തുടങ്ങി. ഒരെണ്ണത്തിന്റെ സാരഥി ഞാൻ. ഞാൻ ഓർക്കാറുണ്ട്, കേരളത്തിലായിരുന്നെങ്കിൽ സ്റ്റിയറിങ് വീൽ തൊടാൻ പോലും ഇഷ്ടപെടാത്ത ഞാൻ ഗാന്ധിനഗറിൽ തലങ്ങും വിലങ്ങും രാവെന്നും പകലെന്നുമില്ലാതെ കാറോടിക്കുന്നു. ലവലേശം സന്ദേഹമൊന്നുമില്ലാതെ.  

ഗാന്ധിനഗറിൽ നിന്ന് അഹമ്മദാബാദ് വരെ എത്താൻ 45 മിനുട്ട് എടുത്തു. ഉച്ചസമയത്ത് യാത്ര തുടങ്ങിയത് കൊണ്ടാവാം ആയാസരഹിതമായെത്തിയത്. പൊതുവെ ഈ റൂട്ടിലുള്ള യാത്രാസമയം 45 മിനുട്ട് തുടങ്ങി 1 ഒരു മണിക്കൂറിലേറെയുമാവാം. ഡ്രൈവ് ശരിക്ക് എഞ്ചോയ് ചെയ്തു. ആറുവരിപ്പാതയാകുമ്പോൾ തന്നെ തിക്കും തിരക്കും ഉണ്ടാവില്ലല്ലോ. റോഡിൽ ഗട്ടറുകളില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട. 

റോഡ് മുറിച്ചു കടക്കാൻ ഒരു കാൽനടയാത്രക്കാരനെവിടെയും അവകാശമുണ്ടല്ലോ. അതിനവനിവിടെ ചില ബട്ടണുകളുണ്ട്. അത് ഞെക്കിയാൽ സിഗ്നൽ ലൈറ്റുകൾ മാറിമറിയും. അതൊരിക്കൽ കാണിച്ചു തരാം. 

അഹമ്മദാബാദിലേക്കുള്ള റോഡിൽ എനിക്ക് കാണാനിഷ്ടമുള്ള മറ്റൊരു കാഴ്ചയുണ്ട്. ബസ് കാത്തിരിപ്പു കേന്ദ്രം. ഓരോ തവണയും ഞാനത് നോക്കും. അപ്പോൾ ഞാൻ പുഞ്ചിരിക്കും. റോഡിന്റെ വശങ്ങളിലല്ല, ഒത്ത നടക്കുക്കാണീ സംഭവം. ബസുകൾ ഇതിനോട് അടുക്കാറാവുമ്പോൾ ഒരു വ്യത്യസ്ത ട്രാക്കിലേക്ക് മാറും. ഇതും മറ്റൊരിക്കൽ കാണിച്ചു തരാം. 

Pleasure Trove ന്റെ പാർക്കിങ്ങ് സ്പേസ് നിറഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ തന്നെ കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് പിടികിട്ടി. ആദ്യ നിലയിലേക്ക് എത്തിയപ്പോൾ തന്നെ, മാനേജർ പ്രത്യക്ഷപ്പെട്ടു. "മാം, ടേബിളുകൾ ഫുള്ളാണ്." ഞങ്ങൾ ആ വലിയ റെസ്റ്ററന്റിനുള്ളിലേക്ക് കണ്ണുകളോടിച്ചു. അപ്പോൾ ഒത്ത നടുവിലിരുന്നു ഒരാൾ ഞങ്ങളെ നോക്കി കൈവീശിക്കാണിക്കുന്നു. റമീല ബുവ (അച്ഛൻ പെങ്ങൾ). ബുവ ഒരു വലിയ ടേബിൾ റിസർവ് ചെയ്ത് കാത്തിരിക്കുകയായിരുന്നു. 

രുചിയേറിയ വിഭവങ്ങൾ ഞങ്ങളുടെ മുന്നിൽ വന്ന് നിരന്നു തുടങ്ങി. ഇങ്ങനെ കഴിച്ചു പരിചയമില്ലാത്ത എനിക്ക്, പ്ലേറ്റിൽ വീണതൊക്കെ അവസാനിപ്പിക്കാൻ കുറെ നേരമെടുത്തു. പൊതുവെ റെസ്റ്റാറ്റാന്റിൽ  പോവാത്ത എനിക്ക് വിഭവങ്ങളുടെ പേരുകളും അന്യമാണ്. മറ്റൊരു ഗ്രഹത്തിൽ നിന്ന് ഭൂമിയിൽ എത്തിയ ഒരു ഏലിയനെ പോലെ ഞാൻ എനിക്ക് ചുറ്റിനുമുള്ളവരെ നോക്കും, എന്നിട്ടു പറയും "നിങ്ങൾ ഓർഡർ ചെയ്തോളു." അടുപ്പമുള്ളവരോട് ഒരു ഉളുപ്പുമില്ലാതെ മന്ത്രിക്കുകയും ചെയ്യും ഞാൻ ഒരു uncivilized being ആണെന്ന്.

ഞാൻ ചുറ്റും നോക്കി. ഇന്ന് ക്രിസ്തുമസ്. എല്ലാ ടേബിളുകളും  ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കുട്ടികൾ അങ്ങിങ്ങ് ഓടി നടക്കുന്നു. പല ദിക്കുകളിൽ നിന്നും വന്ന ചെറുതും വലുതുമായ കുടുംബങ്ങളെകൊണ്ടു നിറഞ്ഞിരിക്കുന്നു. ഒരു മൂലയിൽ, സുഹൃത്തുക്കളെന്നു തോന്നിപ്പിച്ച ഒരു കൂട്ടം ചെറുപ്പക്കാർ ഉച്ചത്തിലെന്തോ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. പല പ്രായത്തിലുള്ള ആളുകൾ. അമ്മൂമ്മമാർ തുടങ്ങി കൊച്ചു മക്കൾ വരെ. ആകെ ബഹളമയമായിത്തോന്നി ആ അന്തരീക്ഷം. 

നമ്മുടെ കൊച്ചു കേരളത്തിലെ ക്രിസ്തുമസ് ഓർത്തു പോയി. ഏതൊരു ഉത്സവമായാലും ആഘോഷമായാലും സ്വന്തം വീട്ടിൽ രാവിലെ മുതൽ കുടുംബത്തിലെ എല്ലാവരും  തങ്ങളുടെ അടുക്കളയിൽ കയറി വിഭവങ്ങളുമുണ്ടാക്കി ഒരുമിച്ചിരുന്നു കഴിക്കുന്ന ആ രീതി ഇവിടെയില്ലെന്നു തോന്നിപ്പോയി. 

വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം ഞങ്ങൾക്കു  മണിനഗറിലേക്കു പോകേണ്ടതുണ്ടായിരുന്നു. എനിക്കാണെങ്കിൽ നല്ലവണ്ണം ഉറക്കവും വരുന്നുണ്ട്. തിരിച്ചു ഡ്രൈവ് ചെയ്യണ്ടതുമുണ്ട്. കടുപ്പത്തിൽ ഒരു കാപ്പി കുടിച്ചാൽ ഉറക്കം മാറുമെന്ന് തോന്നി. ബുവ നല്ലൊരു ഗുജറാത്തി കാപ്പി ഇട്ടു തന്നു. 

ഇരുട്ട് വീണു തുടങ്ങി. മണിനഗർ കഴിയും വരെയേ റോഡിലെ ഈ തിക്കും തിരക്കും ഉണ്ടാകുകയുള്ളൂ എന്ന് ഞാൻ കരുതി. അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു. ഗാന്ധിനഗറിലേക്കുള്ള വഴിയിലേക്കെത്തിയപ്പോൾ മാത്രമാണ് ആ തിക്കിനും തിരക്കിനും ഒരു ശമനമുണ്ടായത്. ആളുകൾ തിക്കി എവിടെന്നോ ഒക്കെ കാറിനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. നമ്മളെ കയറ്റിവിടാതിരിക്കാൻ അവർ പരമാവധി ശ്രമിക്കും. ഒരു ചെറിയ ഗ്യാപ് നോക്കി പിന്നിലെ കാറുകാരൻ വന്ന വരവ് എനിക്ക് മറക്കാൻ പറ്റില്ല. പക്ഷെ ഞാൻ പതറിയില്ല. 

ഇന്ത്യൻ റോഡുകളിൽ എങ്ങനെയാണ് ഡ്രൈവ് ചെയ്യേണ്ടതെന്ന് അന്നത്തെ ആ ഡ്രൈവിൽ ഞാൻ പഠിച്ചു. പോയപ്പോളെടുത്ത 45 മിനുട്ടുകളെ തിരിച്ചു വന്നപ്പോളെടുത്ത ആ 2 മണിക്കൂറുകൾ പഴങ്കഥയാക്കി.  ആ ഒഴുക്കിലങ്ങനെ ഒഴുകി  നീങ്ങുകയേ തരമുള്ളൂ. ഒഴുക്കിനൊത്ത് നീന്തുക എന്നത് പോലെ. എന്നെ ഇത്തരത്തിൽ 'ശരിക്കും'  ഡ്രൈവിങ്ങ് പഠിപ്പിച്ച അഹമ്മദാബാദ് നിവാസികൾക്ക് നന്ദി. നമസ്കാരം. 

Tuesday, December 26, 2023

റോമയുടെ അലങ്കാരങ്ങൾ

കുറെ നാളുകളുടെ ഇടവേളക്ക് ശേഷം ഇന്നലെ ഒരു ഷോർട്ട്സ് വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.  Christmas Decoration  തന്നെയാണതിൽ നിറഞ്ഞു നിന്നിരുന്നത്. ആ വീഡിയോ കണ്ടവർക്കത് വ്യക്തമായിരിക്കും. 

അതിൽ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകാരുടെ കരോളുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു. കരോളുകൾ ക്രിസ്തുമസ്സിന്റെ ഒരു അവിഭാജ്യ ഘടകമാണല്ലോ. വീഡിയോ കണ്ട് ഇഷ്ടപ്പെട്ടവർ അത് നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞ് അനുമോദിച്ചിരുന്നു. ഈ അലങ്കാരങ്ങൾക്ക് നടുവിലേക്ക്  ടാക്സിയിൽ വന്നിറങ്ങിയ ആനിന്റെ കണ്ണുകളിൽ അത്ഭുതം വിരിഞ്ഞു. അവൾ അറിയാതെ ഈ വാക്കുകൾ പറഞ്ഞു കൊണ്ടിരുന്നു. "അരേ വാഹ്!"

നിസ്: "സൂപ്പർ സൂപ്പർ"

ശോഭന വല്യമ്മ: "ഇഷ്ടായ്"

ദീപ്സ്: "💥✨💫" (ഇത് എന്താണാവോ?)

രജീന്ദർ: "Wow nikk. Excellent and soo wonderful Watched 2 times 🎉🎉👏🏻👏🏻👏🏻👏🏻👏🏻"

പക്ഷെ,   ആ വീഡിയോ കണ്ട ശേഷം, ഹർഷ് പറഞ്ഞത് ഇപ്രകാരമായിരുന്നു. "വളരെ നന്നായിരിക്കുന്നു റോമയുടെ അലങ്കാരങ്ങൾ." 

ഞാൻ കളിയായ് പറഞ്ഞു. "അത് അവളുടെതല്ല. അവളോട് നീ ചോദിച്ച് നോക്ക് ആരാണ് ഇതൊക്കെ ചെയ്തതെന്ന്?" 

ഞങ്ങൾ തമ്മിലുണ്ടായ ഈ സംഭാഷണം റോമയോട് പറഞ്ഞപ്പോൾ. "നീ എന്താ പറയാഞ്ഞത് നീ തന്നെയണിതൊക്കെ ചെയ്തതെന്ന്?"

ശരിയാണ്. ക്രിസ്തുമസിന് മുൻപുള്ള ഒരു ഞായറാഴ്ച്ച ഇതിന് വേണ്ടിയങ്ങ് മാറ്റിവച്ചു. ആ കറങ്ങുന്ന "ഡിസ്കോ ലൈറ്റ്" (ഇത് പോലെ മിന്നിത്തെളിയുന്ന ലൈറ്റുകളെല്ലാം എനിക്ക് ഡിസ്കൊ ലൈറ്റുകളാണ്) ഒഴിച്ച് ബാക്കിയെല്ലാം അവൾ സൂക്ഷിച്ച് വച്ച, അവളുടെ പഴയ  കളക്ഷനിൽ നിന്നുള്ളതായിരുന്നു.  കുട്ടികളെപ്പോലെ അവയൊരോന്നും അവൾക്കിപ്പോഴും പ്രിയപ്പെട്ടതാണ്. 

അങ്ങനെ ആ ഞായറാഴ്ച്ച  ഐഡിയകൾ മാറിയും മറിഞ്ഞും  ഘോടയിലേറിയുമിറങ്ങിയും (നമ്മുടെ നാട്ടിലെ കുതിര/ഇവിടെ ഘോട/പുറം നാട്ടിലെ  step ladder) തീർത്തു. ആ അദ്ധ്വാനത്തിന്റെ എൻഡ് റിസൾട്ടാണ് വീഡിയോയിൽ നിറഞ്ഞ് നിൽക്കുന്നത്. അവളുടെ വീട്ടിലെത്തിയ അതിഥികൾക്ക് അതൊരു വിസ്മയമായ്, പ്രത്യേകിച്ച് ആ പുൽക്കൂട്. 

ഗാന്ധിനഗറിൽ ക്രിസ്തുമസ് ദിനം ഒരു സാധരണ ദിവസം പോലെയാണ്. നാട്ടിലെപ്പോലെ 10 ദിവസത്തെ ക്രിസ്തുമസ് വെക്കേഷനൊന്നും കുട്ടികൾക്ക് ഇവിടെയില്ല. ആകെ ഒരു ദിവസത്തെ അവധി മാത്രം. ഇവിടെ ക്രിസ്തുമസ് ഇത് പോലെ  ആഘോഷിക്കുന്നവർ വിരളമാണ്.

ഈ വീട് ഗാന്ധിനഗറിൽ കുറച്ചു ഫേമസായിന്നു തോന്നുന്നു. ഇന്നലെ രാത്രി ദൂരെ നിന്നും ചെറിയ കുട്ടികൾ ഈ അലങ്കാരങ്ങൾ കാണാനായി എത്തിയെന്നു റോമ ഇപ്പോൾ വിളിച്ചപ്പോൾ പറഞ്ഞു. ഞങ്ങളുടെ ഈ അലങ്കാരങ്ങൾ കൂടാതെ മറ്റ് 5 അയൽ വീടുകളിൽ മാത്രമാണ് പേരിനെങ്കിലും ചില ചെറു അലങ്കാരങ്ങൾ ഞാൻ കണ്ടത്. സത്യത്തിൽ ഡിസ്കോ ലൈറ്റ് ആഷുവിന്റെ വീട്ടിനുമ്മറത്ത് ഇരുട്ട് കണ്ടത് കൊണ്ട് കൊടുക്കാമെന്ന് കരുതി വാങ്ങിയതാണ്. അവൻ എവിടെയോ കറങ്ങിത്തിരിഞ്ഞ് നടക്കുകയായിരുന്നു. എന്നാൽപ്പിന്നെ ഈ ലൈറ്റെങ്കിലും അവിടെ മിന്നിത്തെളിയട്ടെയെന്നോർത്തു. പക്ഷെ, അതിന്റെയാവശ്യം വന്നില്ല. പാറുൽ  അവനെ നല്ലോണം ശകാരിച്ച് വീട്ടിലെത്തിച്ചു. അലങ്കാര വെളിച്ചങ്ങളുമെത്തി. 

ഡിസ്കോ ലൈറ്റ് തപ്പി മൂന്ന് നാല് ഇലക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന കടകളിൽ പോയിരുന്നു. എല്ലായിടത്ത് നിന്നും ഒരേ പല്ലവിയാണ് ലഭിച്ചത്.  ഓൾഡ് സ്റ്റോക്ക്. ദീവാലി സ്റ്റോക്ക്. ഓൾഡെങ്കിൽ ഓൾഡ്, അത് ഒരെണ്ണം വാങ്ങാമെന്ന് കരുതി. പക്ഷെ അവസാനം പോയ അഞ്ചാമത്തെക്കടയിൽ നിന്ന് പുതിയത് തന്നെ ഒരെണ്ണം കിട്ടി. 

റോമയുടെ അമ്മ ഇടയ്ക്ക് അവളോട് ചോദിക്കുന്നത് കേട്ടു. "അടുത്ത വർഷം ആരിതൊക്കെ ചെയ്യും?" ചോദ്യം അവളോടായിരുന്നുവെങ്കിലും ഉത്തരം എന്റേതായിരുന്നു. "അടുത്ത വർഷത്തെ ക്രിസ്തുമസ്സ് അനുഭവിച്ചറിയാൻ അവൾ കേരളത്തിലായിരിക്കും." 

അതെ. കേരളത്തിൽ ജാതിമതഭേദമന്യേ ആളുകൾ ക്രിസ്തുമസ് എങ്ങനെ ആഘോഷിക്കുന്നുവെന്ന് അറിയണമെങ്കിൽ, നേരെ വണ്ടി കയറി ഫോർട്ട്കൊച്ചിലേക്കോ തൃശ്ശൂരിലേക്കോ പോയാൽ മതി. ആഘോഷപ്പെരുമഴയായിരിക്കുമവിടങ്ങളിലൊക്കെ. ഗോവയിലും ഈ രണ്ടു സ്ഥലങ്ങളിലുമാണ് വലിയ രീതിയിൽ ക്രിസ്തുമസ് ആഘോഷിക്കുന്നത് ഞാൻ  കണ്ടിട്ടുള്ളത്. 

സോ, റോമ നിന്റെ അടുത്ത ക്രിസ്തുമസ് കേരളത്തിലാവട്ടെ എന്ന് പ്രത്യാശിക്കുന്നു. 

Sunday, December 24, 2023

നടന്ന് നടന്ന് നടന്ന്...

ഇന്ന് ഞായറാഴ്ച നേരത്തെ നടപ്പ് തുടങ്ങണമെന്നും സ്വർണിം പാർക്കിലേക്ക് തന്നെ പോകണമെന്നും ഇന്നലെ തന്നെ പദ്ധതിയിട്ടിരുന്നു. അത് പ്രകാരം തന്നെ നടപ്പിലാക്കി. ഞാൻ താമസിക്കുന്നയിടത്തു നിന്നും 4.5 കിലോമീറ്റർ നടന്ന് സ്വർണിം പാർക്കെത്തി. പകലാദ്യമായാണിവിടെ വരുന്നത്. റോമ മുൻപ് പറഞ്ഞത് ഞാനോർത്തു. "പകൽ സ്വർണിം പാർക്കിനു മറ്റൊരു സൗന്ദര്യമാണുള്ളത്." 


അവൾ പറഞ്ഞത് വളരെ ശരിയാണ്. രാത്രി കാണാത്തതു പലതും ഞാനിന്ന് പകൽ വെളിച്ചത്തിൽ കണ്ടു. പാർക്കിനുള്ളിൽ തന്നെ പാർക്കിന്റെ അതിരിനോട് ചേർന്നുള്ള പാതയാണ് ഞാനിത്തവണ തിരഞ്ഞെടുത്തത്. ഇവിടെയും നല്ല ടൈലുകളൊക്കെ പാകി ഇടയ്ക്കിടെ ഇരിപ്പിടങ്ങളൊരുക്കി വളരെ നന്നായി ലാൻഡ്‌സ്‌കേപ്പ് ചെയ്തിട്ടുണ്ട്. ഈ പാതയിലൂടെ പാർക്കിനെ ഒരു വലംവയ്ക്കാൻ 4.5 കിലോമീറ്റർ ദൂരമാണെടുത്തത്.

പാർക്കിൽ ആളുകൾ ക്രിക്കറ്റ്, ഫുട്ബാൾ എന്നീ വിനോദങ്ങളിൽ മുഴുകിക്കഴിഞ്ഞിരുന്നു.


വെട്ടിയൊതുക്കിയ പച്ചപ്പുല്ലിൽ സൂര്യനമസ്കാരം ചെയ്യുന്ന ആ മനുഷ്യൻ അത് നല്ലോണം ആസ്വദിക്കുന്നുണ്ടെന്നെനിക്കു തോന്നി. പാർക്കിന്റെ ഒരറ്റത്ത് സചീവാലയം (Secretariat) നിലകൊള്ളുന്നുണ്ട്. ആ മനോഹര കെട്ടിടത്തിന്റെ മറവിൽ നിന്നും ചുവന്ന വലിയ ഉദയസൂര്യനെ ദർശിച്ചു തുടങ്ങി. വ്യായാമങ്ങളിൽ മുഴുകി നിന്നവരുടെ കയ്യിൽ മൊബൈൽ ഫോണുകൾ പ്രത്യക്ഷപ്പെട്ടു. അവരെല്ലാം തന്നെ ഉദയസൂര്യന്റെ ഭംഗി തങ്ങളുടെ ഫോണിൽ പകർത്തിത്തുടങ്ങുകയായി. 

പാർക്കിനുള്ളിൽ  ഒരു റൌണ്ട് പൂർത്തിയാക്കി പുറത്തേക്കിറങ്ങി. പുറത്തെ സൈക്കിൾ ട്രാക്കിൽ കുറെ സൈക്കിളുകൾ ഒരുമിച്ചു വച്ചിരിക്കുന്നത് കണ്ടപ്പോൾ, ഞാനെന്റെ സൈക്കിൾ കേരളത്തിൽ വെറുതെയിരിക്കുന്നെണ്ടല്ലോ എന്ന് ഓർത്തു. അതിങ്ങു കൊണ്ടുവരണമെന്ന ആ ചിന്ത എന്നിൽ ശക്തമായി അലയടിച്ചുതുടങ്ങി.  

തണുപ്പ് തെല്ലൊന്നു ശമിച്ചു. തിരിച്ചു ഫ്ളാറ്റിലേക്കുള്ള നടപ്പിന്റെ വേഗത കൂട്ടി. ഇടയ്ക്കു റോഡ് മുറിച്ചു കടക്കുന്ന ഒരു സുന്ദരൻ നീൽഗായ് (nilgaiഎന്റെ വേഗത കുറക്കാൻ കാരണമായി. എനിക്കീ കൂട്ടരെ വലിയ ഇഷ്ടമാണ്. എവിടെക്കണ്ടാലും അറിയാതെ നോക്കി നിന്ന് പോവും. ഗായ് എന്നാൽ മലയാളത്തിൽ പശു എന്നാണർത്ഥമെങ്കിലും, ഇവ ആൻറ്റലോപ്പാണ്  (antelope). ഇന്ന് ഞാൻ കണ്ടത് ഒരു ആൺ നീൽഗായിനെയാണ്. ആണായാലും പെണ്ണായാലും ഇവിടുത്തുകാർക്ക് ഇവയ്ക്കു ഒറ്റ പേരേയുള്ളു. നീൽഗായ്. ഗാന്ധിനഗറിൽ റോഡിലും കുറ്റിക്കാട്ടിലും മറ്റും ഇവയെ ഇടയ്ക്കിടെ നമുക്കു കാണാനാകും. 

കഥ പറഞ്ഞു ഫ്ലാറ്റിനു മുന്നിലെത്തിയതറിഞ്ഞില്ല. ഞാൻ സ്മാർട് വാച്ചിൽ നോക്കി. ഇന്ന് മൊത്തത്തിൽ 13.5 കിലോമീറ്റർ നടന്നിരിക്കുന്നു. ആയിരത്തോളം കാലറിയും കത്തിച്ചിട്ടുണ്ട്. ഫ്ലാറ്റിനു മുന്നിലുള്ള കടയിലേക്ക് കയറിയപ്പോൾ തന്നെ പോഷകസമ്പുഷ്ടമായ മധുരക്കിഴങ്ങിലെൻറെ കണ്ണുകളുടക്കി. 

"ഭായ് ങ്ങളാ മധുരക്കിഴങ്ങിങ്ങെടുത്തോളി."

അങ്ങിനെ ഇന്നത്തെ പ്രഭാതഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി . 

Saturday, December 23, 2023

എന്റെ വിളി പ്രതീക്ഷിക്കുന്നൊരാൾ

ഇന്ന് രാവിലെ ഞാനും പ്രമോദും തമ്മിലുണ്ടായ ഒരു വാട്ട്സ്ആപ്പ് ചാറ്റ് സംഭാഷണം. ഇത് ആകട്ടെ ഇന്നത്തെ എന്റെ ബ്ലോഗ് പോസ്റ്റ്. 

പ്രമോദ്:
ഇത് കലക്കി 👍
ഇന്നാ കണ്ടത്
എഴുത്ത് നല്ലതാണ്. സ്റ്റാറ്റസ് കഥകൾ നല്ല രസമാണ് വായിക്കാൻ

(ഇന്നലെ ഞാൻ പോസ്റ്റ് ചെയ്ത "ഉച്ചയൂണും അതിഥികളും" എന്ന പോസ്റ്റിനെക്കുറിച്ചാണ് പ്രമോദ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. ഇതായിരുന്നു ഞങ്ങളുടെ ഇന്നത്തെ സംഭാഷണത്തിന്റെ തുടക്കം.)

ഞാൻ: കുറെക്കാര്യങ്ങൾ പറയാനും കാണും...
ആ ബ്ലോഗിൽ പഴയ എഴുത്തുകളൊക്കെയുണ്ട്...
ഞാൻ മോഡലായതും...പിന്നെ അവളെ സ്വന്തമാക്കിയതുമൊക്കെ... 

പ്രമോദ്: പതുക്കെ ഗുജറാത്ത് പശ്ചാത്തലമാക്കി ഒരു നോവൽ തയ്യാറാക്കൂ

ഞാൻ: ഹഹ

പ്രമോദ്: കാര്യമായി പറഞ്ഞതാ

ഞാൻ: ഇവിടുത്തെ ഓരോ ദിവസത്തേക്കാര്യങ്ങളെക്കുറിച്ചെഴുതുകയാണെങ്കിൽ അത് തന്നെ ഒരു സിനിമാറ്റിക് ഫീൽ വായനക്കാർക്കു നൽകും . ഫ്രണ്ട്ഷിപ്പ്. ദിവസേന മുടങ്ങാതെ രാവിലെയും വൈകിട്ടും കാണാൻ വരുന്ന ഒരു ഫ്രണ്ട്... എനിക്കിതുവരെയും ഉണ്ടായിട്ടില്ലായിരുന്നു. ഇപ്പോളാക്കഥ മാറി. ഇനിയൊട്ടാർക്കുണ്ടാകാനും സാധ്യതയില്ലെന്നാണ് എനിക്ക് തോന്നുന്നത്. 

പ്രമോദ്: അത് ശരിയാണ്

ഞാൻ:  അതും ജീവിതത്തിൽ തിരക്കുകൾ ഉണ്ടെങ്കിൽത്തന്നെ ആ 24 മണിക്കൂറിൽ 1 മിനുട്ട് പോലും മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കാൻ തയ്യാറാവാത്ത ഒരു സമൂഹം ബിൽഡപ്പ് ആവുന്ന ഈ കാലഘട്ടത്തിൽ... 

സോ അത് സിനിമാറ്റിക് തന്നെയാണ്

പ്രമോദ്: അവനവനിലേക്ക് ഉൾവലിയാനുള്ള എല്ലാ സാഹചര്യവും ഇവിടെ ഉണ്ട്... എന്റെ വീട്ടിൽ ഒരു സിനിമ അല്ലേൽ ഒരു ടി വി പ്രോഗ്രാം ഒരുമിച്ച് കാണാൻ സാധിക്കില്ല.

ഞാൻ: യെസ്. എന്റെ സുഹൃത്തുക്കൾ എന്ന് ഞാൻ നിർവചിച്ചുവച്ചിരുന്ന ആളുകൾ... അവർക്കൊന്നും ഇപ്പോൾ  സമയമില്ലത്രെ! അറ്റ് ലീസ്റ്റ്, ഡേയ് സുഖമാണോടാ എന്ന് പോലും ചോദിക്കാതെ അകന്നകന്ന് പോകുന്നവർ...

സർക്കാസം:  തിരക്ക് പ്രമാണിച്ച് ദിവസേനയുള്ള ഭക്ഷണം  അവർ  ഒഴിവാക്കാത്തത് ഭാഗ്യം

പ്രമോദ്: ഫുഡ് എടുത്താൽ എല്ലാവരും പതുക്കെ ഫോണിലേക്ക് കൈ നീട്ടും ..... ഞാനും 😊

ചിലതൊക്കെ ആവശ്യമില്ല എന്ന് വന്നിരിക്കുന്നു

ഞാൻ: അതെ. അത് തന്നെ.

പ്രമോദ്: സംസാരം കുറഞ്ഞു
ഇപ്പോൾ ഡിപ്രഷൻ വ്യാപകമായി. വിഷമം പോയിട്ട് സന്തോഷം പങ്കു വയ്ക്കാൻ ആളുകൾ തയ്യാറല്ല

ഞാൻ: പക്ഷെ, എനിക്കങ്ങനെ അവരെപ്പോലെ ആയിത്തീർന്നിരുന്നെങ്കിൽ, ഞാൻ കാണുന്ന കാഴ്ച്ചകൾ സമ്മാനിക്കാൻ ഞാൻ തരുന്ന ആ ട്രാവൽ വീഡിയോ കാൾ നിന്നുപോയേനെ. അല്ലേ? ബട്ട്, എനിക്കവരെപ്പോലെയാവണ്ട. എനിക്കങ്ങനെയാവാൻ പറ്റില്ല. അതല്ലെന്റെ മിഷൻ.

പ്രമോദ്: നിങ്ങളുടെ വിളി പ്രതീക്ഷിക്കുന്ന ആളുകളിൽ ഒരാളാണ് ഞാൻ

ഞാൻ: എനിക്കതിൽ ഒരുപാട് സന്തോഷമാണ്. ഒരിക്കലും നിങ്ങളെ വിട്ട് കളഞ്ഞിട്ടില്ല. ഓർക്കുന്നുവോ, ആ നദിയിലുള്ള പാറയിലിരുന്ന് നമ്മൾ സംസാരിച്ചത്? അത്, ഏത് നദിയെന്ന് ഞാൻ പറഞ്ഞെതെന്ന് ഓർക്കുന്നുണ്ടോ?

പ്രമോദ്: നദിയുടെ പേര് ഓർക്കുന്നില്ല. പക്ഷെ ആ സ്ഥലം അതിന്റെ ഭംഗി മറക്കില്ല

ഞാൻ: യമുനാ നദി

പ്രമോദ്: അതിന്റെ മറുകരയിൽ ഒരു ചെറിയ കെട്ടിടം ഉള്ളത് ഓർക്കുന്നു

ഞാൻ:  ഉത്ഭവിച്ച് മലയിലും കാട്ടിലുമൊക്കെ ഒഴുകി ഒഴുകി എത്തുന്നൊരിടം... നാട്ടുകാർ യമുന നദി എന്ന് വിളിക്കുന്നയിടത്ത് വലിയ വീതിയിൽ ഒഴുകുന്ന ആ നദി, ഞാനിരുന്നയിടത്ത് മെലിഞ്ഞൊഴുകുന്നു. മുട്ടറ്റം വെള്ളത്തിലാണത് ഞാൻ മുറിച്ച് കടന്നത്.

(അതിനെ ഒരു കെട്ടിടമെന്നു വിളിക്കാമോ എന്നറിയില്ല. ഉണങ്ങിയ ഇലകളാൽ മേഞ്ഞൊരു കുടിൽ പോലൊരു തണലിടം. അതിൽ മരക്കൊമ്പുകൾ കെട്ടിവച്ചു ഇരിപ്പിടവും, ഇനി വേണെങ്കിൽ ഒരു ലാപ്ടോപ്പ് വച്ച് പണിയെടുക്കാൻ പറ്റുന്ന ഡെസ്കും ഉണ്ടാക്കിവച്ചിരിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ യമുന പാറകളിൽ തട്ടി കുത്തിയൊലിച്ചു ഒഴുകുന്നതിന്റെ ശബ്ദവും കേട്ടങ്ങനെ...)

പ്രമോദ്: അതെ

കഴിഞ്ഞ കോളിൽ കണ്ട പാർക്ക് ഗംഭീരമല്ലെ

ഞാൻ: അതെയതെ.

നിങ്ങൾ ഇവിടെയെങ്കിലും ആ കുറ്റിയും പറിച്ചു വാന്നേ

പ്രമോദ്:  ഇവിടെയുള്ളതൊന്നും  പാർക്ക് അല്ല എന്ന് മനസ്സിലാക്കിത്തന്ന പാർക്ക്

ഞാൻ: ഇവിടെ പത്തുമുപ്പത് സെക്ടറുകളുണ്ട്. ഓരോന്നിനും കിടിലൻ റോഡുകളും പാർക്കുകളും ശുചിമുറികളും

പ്രമോദ്: ഞാൻ വരാൻ ശ്രമിക്കാം

ഞാൻ: ഉം.
ജനുവരിയിൽ വന്നാൽ കാണാൻ പലതുണ്ട്.

പ്രമോദ്: സ്വന്തം കമ്പനി പൂട്ടിയതും, ഇപ്പോഴുള്ള ജോലിയുടെ സ്വഭാവവും അവധി എടുക്കാൻ കഴിയുന്നില്ല. ഇവിടെ എല്ലാരും എന്നെ കൊണ്ട് മടുത്തിരിക്കുന്നു. ഞാനും ...

ഞാൻ: ബട്ട് നിങ്ങളുടെ ക്ലയന്റിന് നിങ്ങളുടെ പണികളെ മടുക്കാതിരിക്കട്ടെ! 🙏🏻

പ്രമോദ്:  ഇപ്പോൾ എന്റെ ക്ലയന്റ് അഥവാ തൊഴിൽദാതാവ് ഒരിക്കലും തീരാത്ത ആത്ര പണികൾ നിര നിരയായി തയ്യാറാക്കിയിട്ടുണ്ട്

അലക്ക് ഒഴിഞ്ഞ് കാശിയിൽ പോവാൻ ഞാനും ☹️

ഞാൻ: നല്ലതല്ലേ. ബട്ട് സ്വന്തം മെയ്മറന്ന് പണിയെടുക്കരുത്. എത്ര ഡിജിറ്റൽ നോട്ട്കെട്ട് കിട്ടിയാലും.

പ്രമോദ്: ഉം

ഞാൻ: ഇത് പോലെ മിണ്ടാൻ വല്ലപ്പോഴും സമയമുണ്ടാക്കി വരൂ...

പ്രമോദ്: എന്തായാലും ചില മാറ്റങ്ങൾ വേണം, മാറിയാൽ എനിക്ക് കൊള്ളാം

ഞാൻ: എല്ലാവർക്കും

പ്രമോദ്: നന്ദി. നമസ്കാരം

ഞാൻ: ശുഭദിനാശംസകൾ 🤗

പ്രമോദ്: ശുഭദിനാശംസകൾ

ഞാൻ: 💓

(തിരക്കുപിടിച്ച് ഓടുന്നതിനിടയ്ക്ക് ഒരിക്കൽ നിങ്ങൾക്കു പ്രിയപ്പെട്ടതായി തോന്നിയവരെയെല്ലാം തിരക്കിൻറെ പേരിൽ ഒഴിവാക്കാതിരിക്കാമെന്നാണ് എനിക്ക് പറയാനുള്ളത്. ജീവിതം എന്ന ആ മഹായാത്ര അത്രയ്ക്ക് ക്ഷണികമാണ്. മറക്കാതിരുന്നാലും. 🙏🏻)


Thursday, December 21, 2023

ഉച്ചയൂണും അതിഥികളും

 



ആ വലിയ സ്റ്റീൽ പാത്രത്തിലേക്ക് വന്നു വീഴുന്ന, തങ്ങൾക്ക് പരിചയമേതുമില്ലാത്ത അതിഥികളെ  സാകൂതം നോക്കി പയറുമണികൾ പരസ്പരം ചോദിച്ചു. "ഇവരൊക്കെ ആരാ? ഇവരെയൊന്നും ഇവിടെ ഇതിന് മുമ്പങ്ങനെ കണ്ടിട്ടില്ലല്ലോ!" 

ഇത് പയറുമണികൾ പരസ്പരം സംസാരിച്ചതാണെങ്കിലും ഇത് കേട്ട ആ അതിഥികൾ ചിരിച്ചുകൊണ്ട് ഒരേ സ്വരത്തിൽപ്പറഞ്ഞു. "പൊന്നു പയറുമണികളേ! നിങ്ങൾ ഞങ്ങൾക്കപരിചിതരല്ലല്ലോ. തിരിച്ചും അങ്ങിനെ തന്നെയാണല്ലോ!"

"ശ്ശെടാ! ഇവരെന്താണീപ്പറയുന്നതെന്ന് മനസ്സിലാവുന്നില്ലല്ലോ!" എന്ന് കൂട്ടത്തിൽ മുതിർന്നൊരു പയറുമണി. എന്നിട്ട് പുതുതായി വന്ന അതിഥികളോടായിപ്പറഞ്ഞു. "ഞങ്ങൾ പയറുമണികളാണ്. അത് ശരി തന്നെ. അത് നിങ്ങൾക്കെങ്ങനെയറിയാമെന്നത് ഞങ്ങൾക്കൊരെത്തും പിടിയും കിട്ടുന്നില്ല. ഞങ്ങളീ ഗുജറാത്തിലെ വിവിധയിടങ്ങളിൽ കൃഷിചെയ്യപ്പെട്ട് ഗാന്ധിനഗറിലെ ഡി മാർട്ട് റീട്ടെയിലിലൂടെ വന്ന് ഈ പ്ലേറ്റിൽ വീണതാണ്. ഇതിവിടെ സ്ഥിരമാണല്ലോ. ഇനി നിങ്ങളുടെ കഥ പറയു."

ഇത് കേട്ട് അതിഥികൾ ആശ്ചര്യത്തോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "ആഹ്, അങ്ങനെ വരട്ടെ! ഞങ്ങൾ കരുതി നിങ്ങളും ഞങ്ങളെപ്പോലെ നാട്ടിൽ നിന്ന് കുറ്റിയും പറിച്ച് ഗാന്ധിനഗറിലേക്ക് വണ്ടി കയറിയതാണെന്ന്! അപ്പോ അങ്ങിനെ അല്ലല്ലേ!"

പയറുമണി മൂപ്പൻ: "നിങ്ങളെവിടുന്നാ വരുന്നത്?"

അതിഥികളിലൊരുവൾ: "കേരളം."

പയറുമണികളിൽ പച്ചപ്പരിഷ്ക്കാരിയായ ഒരു  യുവാവ്:  Oh! God's Own Country."

കൂട്ടത്തിലെ ഒരു കുട്ടിപ്പയർ: "അപ്പോ അവിടെ കുറേ ദൈവങ്ങളുണ്ടോ അങ്കിളേ?"

പയറുമണി മൂപ്പൻ: "ഡാ അത് കേരളത്തിലെ ടൂറിസം വകുപ്പിന്റെ സ്ലോഗനാണ്. അതിഥികളേ, നിങ്ങൾക്കെങ്ങനെ ഞങ്ങളെയറിയാം?"

അതിഥികളിലെ ഒരുവൻ മറുപടി പറഞ്ഞു. "ഭായ് അത്... നിങ്ങളെയൊക്കെ ഞങ്ങളുടെ നാട്ടിൽ സുലഭമായിക്കാണാറുണ്ടല്ലോ! പക്ഷെ, നിങ്ങൾ പറയുന്നത്... എന്താ നിങ്ങൾ മല്ലൂസ് അല്ലാന്നുണ്ടോ?"

പയർ മൂപ്പന് ചെറുതായ് കോപം വന്നുവെന്ന് കാഴ്ച്ചക്കാർക്ക് തോന്നി. അയാൾ കുറച്ച് നിമിഷം മിണ്ടാതെ നിന്നിട്ട് സൗമ്യമായ്  പറഞ്ഞു. "നാമെല്ലാം ഒരേ രാജ്യക്കാർ. ജയ് ഹിന്ദ്! നിങ്ങളുടെ പേരുകൾ പറഞ്ഞാലും കൂട്ടരെ."

"ഞാൻ ലൂപിക്ക. പക്ഷെ ആ നിസ് പിടിച്ചെന്നെ ഉപ്പിലിട്ടു. ബട്ട് നല്ല ടേസ്റ്റല്ലേ, നിക്കേ?"

എന്റെ ആത്മഗതം: ശ്ശൊ! ഇവളെന്തിനാ ഇപ്പോ എന്നെ പിടിച്ച് ഈ സംഭാഷണത്തിലേക്കിട്ടതാവോ! കേൾക്കാത്ത പോലെയിരിക്കാം.

ലൂപിക്ക തുടർന്നു. "തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മറ്റുള്ളവർ എന്റെ കൂടെക്കൂടിയത്. ഞാൻ ആക്ടർ ഇന്നസന്റിന്റെ നാട്ടിൽ നിന്നാണ്."

"ഡീ ലൂപീ, നിന്റെ കൂടെ ഞാനുമുണ്ടായിരുന്നു. ഉപ്പ് വെള്ളം മാത്രമല്ല വിനാഗിരിയിൽ കിടന്നാണ് നമ്മൾ കളിച്ച് വളർ... അല്ല..അലിഞ്ഞലിഞ്ഞ് ഈ പരുവത്തിലായത്. എന്തൊരു മറവിയാടോ!" ആ ചുവന്നു തുടുത്ത സുന്ദരി കാന്താരി മുളകിന് ദേഷ്യവും സങ്കടവും വന്നു. 

"ഓ ഒന്നടങ്ങ് ഗെഡ്ഡ്യേ! ഇവറ്റകളുടെ ഒരു കാര്യം! ഞാൻ പപ്പടം. ഗുരുവായൂർ പപ്പടം. ഞാൻ ഒരു ആക്ടറുടെ നാട്ടുകാരനൊന്നുമല്ലെങ്കിലും ഒരു സെലിബ്രിറ്റിയാ. ഒന്ന് എന്നെക്കുറിച്ച് അന്വേഷിച്ചു നോക്കൂ ലൂപിക്കേ. അപ്പോൾ മനസ്സിലാകും. ഒരു ആക്ടറുടെ നാട്ടുകാരി വന്നിരിക്കുന്നു!"

പപ്പടം ഒന്ന് ശ്വാസം വലിച്ച് വിട്ടിട്ട് തുടർന്നു. "ട്രെയിനിൽ വച്ചാണിവരെ കണ്ടുമുട്ടിയത്. ഇപ്പോൾ ഇവിടുത്തെ അടുക്കളയിൽ  എണ്ണയിലിട്ടെന്നെ വറുത്ത് വീർപ്പിക്കാതെ ഫ്രൈയിങ്ങ് പാനിൽ പിച്ചിച്ചീന്തിയിട്ടെന്നെ വെറുതെ പൊള്ളിച്ചെടുത്തു. ഒരു വല്യ ഹെൽത്ത് കോൺഷ്യസ് ഫെല്ലോ!"

അവസാനം പറഞ്ഞത് എനിക്കിട്ട് ഒന്ന് താങ്ങിയതാണോ! എന്താ എല്ലാവരുമിങ്ങനെയെന്നെ...

"തിളക്കുന്ന എണ്ണയിലിട്ടെന്നെ വീർപ്പിച്ച്  നല്ല ടേസ്റ്റോടെന്നെ തിന്നൂട്രാ നിക്കേ നിനക്ക്?"

ഇതെന്തൊരു തൊന്തരവെന്ന് വിചാരിച്ച് വിഷമിച്ചിരുന്നയെന്നെ രക്ഷിക്കാൻ അതാ ഒരു ഘനഗാംഭീര്യം കലർന്ന ശബ്ദം ഉയർന്നു. 

"വായ്മൂടട ഗു. പപ്പടമേ. നീ എന്തിനാണിങ്ങനെ അലറുന്നത്. കേരളത്തിലുള്ളവരെ നീ എണ്ണകുടിപ്പിച്ച് ഒരു പരുവത്തിലാക്കിവച്ചിട്ടുണ്ട് ഇതിനോടകം. ഇയാക്കിഷ്ടമുള്ള രീതിയിൽ പാകം ചെയ്ത് കഴിക്കട്ടെന്നെ. എന്നെയും വെറുതെ ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് തിളപ്പിച്ച് പാകം ചെയ്തിട്ടെയുള്ളൂ. നിങ്ങളുടെ ചോറു വേവിക്കുന്ന സമയം പോലും വേണ്ട എന്നെ പാകം ചെയ്യാൻ. വെറും മൂന്നേ മൂന്ന് മിനുട്ട് മതി." 

ആ അതിഥി ഒന്ന് ശ്വാസം കഴിക്കുവാൻ ഒന്ന് നിർത്തിയപ്പോൾ പയറുമണി പെൺകുട്ടി ഇടയിൽക്കയറി ഒരു ചോദ്യം. "നീ ആ വെള്ളച്ചോറല്ലേ?"

"വെള്ളച്ചോറോ?" ഘനഗാംഭീര്യം ചോർന്ന് പോയത് പോലെയായി അയാളുടെ ശബ്ദം.

പ. പെൺകുട്ടി: "തന്നെഡേയ്, വൈറ്റ് റൈസ് അല്ലേ നീയ്?"

"അല്ല. ഞാൻ മില്ലറ്റ്."

ഗു. പപ്പടം വായ്പൊളിച്ചു: "മില്ലെറ്റോ?"

മില്ലറ്റ്: "അതെ ഒരു ചെറുധാന്യമാണ്. മില്ലെറ്റുകൾ പല തരമുണ്ട്. അതിൽ ഒന്നാണ് ഈ ഞാൻ. കുഡോ മില്ലെറ്റെന്നാണെന്റെ പേര്. കൂവരഗ്. എന്റെ പേര് പോലെതന്നെ കിടിലമാണെന്റെ സ്വഭാവഗുണങ്ങളും. അക്കാര്യം കൊണ്ട് തന്നെ എന്നെ പ്രത്യേകമായി കോയമ്പത്തൂരിൽ നിന്നും ക്ഷണിച്ച് വരുത്തിയതാണ്. നമ്മുടെ  മോദിജി പോലും വളരെ റെസ്പെക്ടോടെയേ ഞങ്ങളുടെ വർഗ്ഗത്തെക്കുറിച്ച് സംസാരിക്കുകയുള്ളൂ. എന്തിനേറെ പറയുന്നു, ഈ 2023 തന്നെ ഭാരതത്തിൽ മില്ലറ്റ് വർഷമെന്നാണറിയപ്പെടുന്നത്. വരും വർഷങ്ങളിൽ ഞങ്ങളെത്തേടി നിക്കിനെപ്പോലുള്ളവർ വരും. ഡോ, ഗു. പപ്പടമേ ഇനിയും വായ്പൊളിച്ചിരിക്കാതെ പോയ് ഗൂഗിളിൽ തപ്പിനോക്കൂ. ഞങ്ങളെക്കുറിച്ചറിവുകളുണ്ടാക്കൂ. എന്നിട്ട് ഞെളിയണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കൂ. ഒരു സെലിബ്രിറ്റി വന്നിരിക്കുന്നു!"

"ഡാ നില്ലഡ മില്ലറ്റേ...നീയ്യാരാഡയെന്നെ..." ഗു. പപ്പടത്തെ മുഴുമിപ്പിക്കാൻ വിടാതെ ഞാനെന്റെ വിരലുകൾ കൊണ്ട് ആ  പപ്പടത്തെപ്പൊടിച്ച്,  തന്റെ ഊഴം കാത്തിരുന്ന മോരു കാച്ചിയതെടുത്ത് പ്ലേറ്റിലേക്കൊഴിച്ച് ഉരുളയുരുട്ടാൻ തുടങ്ങി. വിശന്നിട്ട് വയ്യന്നേ. ഉച്ചയൂണിനു മുൻപ് ഇതൊക്കെ അയച്ച് തന്നവർക്ക് വേണ്ടി നന്ദിസൂചകമായ്  ഒരു ഫോട്ടൊ എടുത്തപ്പോൾ അവിടെന്ന് തുടങ്ങിയതാണീ സംഭവബഹുലമായ കാര്യങ്ങൾ.

PR: 40 പു അ

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കാലുകൾ വീണ്ടും നിരത്തിലേക്ക്. ഇന്ന് സെക്ടർ 3 ലെ ഗാർഡനിലേക്കെത്തി. രാവിലത്തെ തണുപ്പിനെ വകവയ്ക്കാത്ത ആരോഗ്യസംരക്ഷകരെക്കൊണ്ട് ആ ഉദ്യാനം മുഖരിതമായിരുന്നു. 

തണുത്ത കാറ്റിനെ വകഞ്ഞ് മാറ്റി ഞാൻ വേഗത്തിൽ നടന്നു. ആകെ നടന്നത്  5.5km. ശരാശരി വേഗത 9min 34sec ൽ 1km. 

ഉദ്യാനത്തിലെ വ്യായാമം ചെയ്യുന്നതിനു വേണ്ടിയുള്ളിടത്ത് 100 പുഷപ്പുകൾ. അവിടെ ഒരു പേഴ്സണൽ റെക്കോർഡ് (PR) പിറന്നു.  ഒറ്റ സെറ്റിൽ 40 എണ്ണം. നേരത്തെ അത് 30 ആയിരുന്നു. മിലിന്ദ് സോമന്റെ പുഷ് അപ്പ് ചലഞ്ച് ഏറ്റെടുക്കാമായിരുന്നെന്നവൾ പറയാറുണ്ട്. പക്ഷെ, എന്റെ എല്ലാ ചലഞ്ചും എന്നും എന്നോട് തന്നെ  മാത്രമാണല്ലോ...