ജയ് ഗുരുദേവ് !
ഗായത്രിമന്ത്രം വളരെ ശക്തമായ ഒരു മന്ത്രമാണ്. വിശ്വാമിത്ര മഹര്‍ഷിയുടെ ആവിഷ്കാരമാണ് ഗായത്രിമന്ത്രം. 24 ശക്തമായ അക്ഷരങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഗായത്രിമന്ത്രം “ഓം” എന്ന മൂല ശബ്ദത്തിന്റെ വിപുലീകരിച്ച രൂപമാണ്. “ഓം” എന്ന മൂലശബ്ദം ബ്രഹ്മത്തിന്റെ പ്രതീകമായ ശബ്ദം സൃഷ്ടിക്ക് ആധാരമായിട്ടുള്ളതാണ്.
മനുഷ്യ ശരീരത്തിന് ഓജസ്സും ഊര്‍ജ്ജവും പകര്‍ന്നുതരുന്നത് നമ്മുടെ പ്രാണന്‍ തന്നെയാണ്. പവിത്രമായ ശബ്ദങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രകമ്പനങ്ങള്‍ ശക്തികേന്ദ്രങ്ങളായ ചക്രങ്ങള്‍ക്ക് ഒട്ടേറെ ഊര്‍ജ്ജം പകരുന്നു. ഇതുവഴി നമ്മുടെ ശരീരത്തിന് സ്വതസിദ്ധമായുള്ള രോഗശമനശക്തി വര്‍ദ്ധിക്കുന്നു.
ഗായത്രിമന്ത്രം ജപിക്കേണ്ട വിധം ചുവടെ ചേര്‍ക്കുന്നു.
“ഓം
ഭൂര്‍ ഭുവഃ സ്വഃ
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോ നഃ പ്രചോദയാത്”
ഇതിനര്‍ത്ഥം “സ്ഥൂല, സൂക്ഷ്മ, കാരണ ശരീരങ്ങളെ ജ്വലിപ്പിക്കുന്ന പരമ ചൈതന്യത്തെ ഞങ്ങള്‍ ആരാധിക്കുന്നു. ആ പരമസത്യത്തിന്റെ, ചൈതന്യത്തിന്റെ അനന്തമായ പ്രകാശത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു. പരമചൈതന്യം ബുദ്ധിയെ ശുദ്ധീകരിച്ച് മോക്ഷം നല്‍കട്ടെ” എന്നാണ്.
ഭൂര്‍
ഭുവഃ
സ്വഃ
തത് - പരമചൈതന്യം
സവിതുഃ - ചൈതന്യത്തിന്റെ അനന്തശക്തി
വരേണ്യം - പൂജിക്കപ്പെടേണ്ടതാണ്
ഭര്‍ഗോ - ജ്യോതിസ്സ്, പ്രകാശം
ദേവസ്യ - ദിവ്യമായ
ധീമഹി - ധ്യാനിക്കുന്നു
ധീയോ - ബുദ്ധി
യോ നഃ പ്രചോദയാത് - ബുദ്ധിയെ ജ്വലിപ്പിക്കട്ടെ
ഗായത്രിമന്ത്രത്തിന്റെ 3 വിഭാഗങ്ങള്‍
1. ഓം ഭൂര്‍ ഭുവഃ സ്വഃ തത്
സവിതുഃ വരേണ്യം - സ്തുതി/പ്രശംസ
2. ഭര്‍ഗോ ദേവസ്യ ധീമഹി - ധ്യാനം
3. ധീയോ യോ നഃ പ്രചോദയാത് - പ്രാര്‍ത്ഥന
ഗായത്രിമന്ത്രം നിത്യവും ഒമ്പത് തവണ വീതം മൂന്നു നേരം ജപിക്കാം. പ്രഭാതത്തില്‍, മദ്ധ്യാഹ്നത്തില്‍, പ്രദോഷത്തില്‍. പിന്നെ കുളിക്കുമ്പോഴും ഇത് ഉരുവിടാം. ഭക്ഷണത്തിന് മുന്‍പ് ഈ മന്ത്രം ജപിച്ചാല്‍ ഭക്ഷണം ശുദ്ധീകരിക്കപ്പെടുന്നു എന്നും പറയപ്പെടുന്നു. കൂടാതെ, രാവിലെ എഴുന്നേക്കുമ്പോഴും, പിന്നെ കിടക്കുന്നതിന് മുന്‍പും മന്ത്രം ഉരുവിടാം. ഏകാഗ്രമായ മനസ്സോടെ ദുഷിച്ച ചിന്തകളെ പുറത്തേക്ക് തള്ളി നല്ല ചിന്തകളെ മാത്രം ഹൃദയത്തിലേയ്ക്ക് ആനയിച്ച് ഗായത്രിമന്ത്രം ഉരുവിട്ടാല്‍ നമ്മുടെ നിത്യജീവിതത്തില്‍ വന്നു ചേരുന്ന തടസ്സങ്ങളെ ഇല്ലാതാക്കുവാനും, മനുഷ്യമനസ്സുകളിലെ ലൌകികമായ നിഷേധവികാരങ്ങളെ അതിജീവിക്കുവാനും സഹായിക്കുന്നു.
(നന്ദി, കടപ്പാട് : ആര്‍ട്ട് ഓഫ് ലിവിംഗ്)