ഫോർട്ട്കൊച്ചി ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റീം ബോയിലറുകൾ. Flickr മലയാളിക്കൂട്ടായ്മയായ ‘മലയാളിക്കൂട്ടം’ വേൾഡ് പ്രോജക്ടിന് വേണ്ടി എടുത്ത ചിത്രങ്ങളിലൊന്ന്.
ഫോർട്ട് കൊച്ചി ബീച്ചിൽ നടപ്പാതയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ചരിത്രസ്മാരകം തുരുമ്പെടുത്ത നിലയിൽ. കൊച്ചി തുറമുഖത്ത് പണ്ട് ഉപയോഗിച്ചിരുന്ന സ്റ്റീം ബോയിലറുകളാണ് അടിഭാഗം ദ്രവിച്ച് ഏതു നിമിഷവും മറിഞ്ഞ് വീഴാറായ അവസ്ഥയിൽ നിൽക്കുന്നത്.
1956 മുതൽ 20 വർഷം കൊച്ചിൻ ഡ്രൈ ഡോക്കിലെ ക്രെയിൻ പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഈ ബോയിലറുകൾ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ബീച്ച് നവീകരിച്ചപ്പോൾ ചരിത്ര സ്മാരകമെന്ന നിലയിൽ ഇവിടെ സ്ഥാപിക്കുകയായിരുന്നു.
കൽക്കരിയും വിറകും ഉപയോഗിച്ചായിരുന്നു ഈ ബോയിലറുകൾ പ്രവർത്തിപ്പിച്ചിരുന്നത്. ലോർഡ് വില്ലിംഗ്ടൻ, ലേഡി വില്ലിംഗ്ടൻ എന്നീ മണ്ണുമാന്തിക്കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കും ഇവ ഉപയോഗപ്പെടുത്തിയിരുന്നു. സിമന്റ് തറയിൽ ഉറപ്പിച്ചിട്ടുള്ള ബോയിലറുകൾ കൃത്യമായി പെയിന്റിംഗും അറ്റകുറ്റപ്പണികളും നടത്താത്തതിനാലാണ് അപകടാവസ്ഥയിൽ എത്തി നിൽക്കുന്നത്.
കടപ്പുറത്ത് സായാഹ്നങ്ങൾ ചിലവഴിക്കാനെത്തുന്ന നിരവധി ആളുകൾ ഇതിന്റെ കീഴെ ഇരിക്കാറുണ്ട്. ഭാരമേറെയുള്ള ഇവ അപ്രതീക്ഷിതമായി മറിഞ്ഞു വീണാൽ അപകടം ഉറപ്പ്.
ഇവയുടെ അറ്റകുറ്റപ്പണികൾക്കായി ഉടൻ നടപടി സ്വീകരിക്കണമെന്ന് ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടന ‘ഇഫ്ചാറ്റ്’ ആവശ്യപ്പെട്ടു.
വാർത്ത കടപ്പാട് : മനോരമ