Friday, May 08, 2009

എന്റെ കന്നി തൃശ്ശൂർ പൂരം


വളരെ ആകാംഷയോടെ കാത്തിരുന്ന ഒരു സംഭവമായിരുന്നു എനിക്ക് തൃശ്ശൂർ പൂരം. 2009 പിറന്നതു മുതൽ ആ ദിവസങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. സുഹൃത്തുക്കൾ വെടിക്കെട്ടിനെക്കുറിച്ച് അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് എന്നിൽ ഒരു ചെറിയ ഭീതിയുണർത്തിയിരുന്നു. എങ്കിലും എങ്ങനെയും പൂരം കാണണമെന്ന ആഗ്രഹവുമായി മെയ് 1 ന് ഉച്ചയോടെ കേരളത്തിന്റെ സാംസ്കാരിക നഗരിയിൽ എത്തിച്ചേർന്നു. അന്നേ ദിവസം തുടങ്ങി തിങ്കളാഴ്ച വരെയുള്ള പൂരം – സാമ്പിൾ വെടിക്കെട്ട്, ആനച്ചമയം, മഠത്തിൽ വരവ്, ഇലഞ്ഞിത്തറമേളം, ചെറുപൂരങ്ങൾ, തെക്കോട്ടിറക്കം, കുടമാറ്റം, പുലർച്ചെയുള്ള ഗംഭീര വെടിക്കെട്ട്, പകൽ‌പ്പൂരം, പിന്നെ ഉപചാരം ചൊല്ലിപ്പിരിഞ്ഞ് അവസാനിച്ചു.

ഈ 4 ദിവസങ്ങളിലായി പൂര നഗരിയിൽ അങ്ങിങ്ങ് ചുറ്റിത്തിരിഞ്ഞ് എന്റെ കിസ് ഡിജിറ്റലിൽ പകർത്തിയ ആയിരത്തിലേറെ ചിത്രങ്ങളിൽ ചിലത് ഞാനിവിടെ ചേർക്കുന്നു.

മെയ് 1 2009 - ഒന്നാം ദിവസം

ഇത് പാറമേക്കാവ് ഭഗവതീ ക്ഷേത്രം.

ഇവിടെ തുടങ്ങുന്നു എന്റെ നഗരപ്രദക്ഷിണം. അഗ്രശാലയിൽ ചമയപ്രദർശനം ആരംഭിച്ചിരിക്കുന്നു! പ്രദർശനം കാണുവാനുള്ള വരിയുടെ നീളം കൂടിത്തുടങ്ങിയിരിക്കുന്നു. ഞാൻ പതുക്കെ വരിയിൽ സ്ഥാനം ഉറപ്പിച്ചു.


പൂരത്തിന് അണിനിരക്കുന്ന ഗജവീരന്മാരെ അണിയിച്ചൊരുക്കാനുള്ള ആഭരണങ്ങൾ.


നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം, മുത്തുക്കുടകൾ അങ്ങിനെ നീളുന്നു ഇവരുടെ മേക്കപ്പ് ഐറ്റംസ്.


പ്രദർശനശാലയിൽ നിന്ന് പുറത്ത് കടക്കുമ്പോൾ ദാണ്ടേ ഇരിക്കുന്നു അറേബ്യൻ കഥകളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപവും ഭാവവുമുള്ള ഒരു കക്ഷി !

ഹാവ് എ ബ്രേക്ക് ! ഹാവ് എ കിറ്റ് കാറ്റ് !

ഞാൻ വളരെ ശ്രദ്ധയോടെ മുക്കാലിയും ഉറപ്പിച്ച് കാത്തിരിക്കുകയായിരുന്നു. സാമ്പിൾ വെടിക്കെട്ട് തുടങ്ങുകയായി.

ശ്ഠേഠും !


തൃശ്ശൂരുകാരുടെ ഭാഷയിൽ കുഴിമിന്നൽ അഥവാ ഡൈന പൊട്ടുമ്പോൾ ദിഗന്തം ഞടുങ്ങി ഒപ്പം ഞാനും !!! ആദ്യമായ് കാണുന്നതിന്റെ ഒരു പുകിലേയ് ! സാമ്പിൾ തന്നെ ഇങ്ങനെയാണെങ്കിൽ ശരിക്കുള്ളത് എന്തായിരിക്കുമെന്തോ എന്നായി ചിന്ത !

(തുടരും...)