Tuesday, November 02, 2021

അല്ലേ?

 അവളെ ഞാൻ ഇന്ന് സ്വപ്നം കണ്ടു.


കഴിഞ്ഞ നവംബർ 9നു അവൾ പറഞ്ഞു: പരീക്ഷ ആണ്. അടുത്ത ആഴ്ച കാണാം.  അങ്ങനെ അങ്ങു  പോയതാണ്. 

എന്നോട് അവൾ കാത്ത് നിൽക്കാൻ പറഞ്ഞപ്പോൾ അന്ന്  ആ അമ്പലനടയിലെ ആൽച്ചുവട്ടിൽ നിൽക്കണോ എന്ന് ഞാൻ ചോദിച്ചിരുന്നു. ആ കാത്തുനില്പ് മണിക്കൂറുകളെ മാത്രമല്ല പറഞ്ഞു വിട്ടത്. ദിവസങ്ങളേയും മാസങ്ങളെയുമൊക്കെ ആയിരുന്നു. നാട്ടിലങ്ങോളമിങ്ങോളം കറങ്ങി നടന്ന്  ആളോളെ അടക്കവും ഒതുക്കവും പഠിപ്പിച്ച് പരീക്ഷിക്കുന്ന കോവിഡും രണ്ട് മൂന്നു വട്ടം എന്നെ തൊട്ടുതൊട്ടില്ലാന്ന മട്ടീൽ കടന്നു പോയി. എന്നിട്ടും അവൾ മാത്രം റീ എന്റർ ചെയ്തില്ല. കമോണ്ട്രാ, ഇറ്റ് ഹാപ്പൻസ്...

പിന്നവളെ ഈ വഴിക്കൊന്നും കണ്ടില്ലെന്ന് പറയാൻ കഴിയില്ല. 2021ൽ പുതിയ വർഷം പിറന്നപ്പോൾ ഒരു ന്യു ഇയർ വിഷുമായി പ്രത്യക്ഷപ്പെട്ടു.
Happy New Year Mr. Alien 😊♥ 
ഇത്രയും പറഞ്ഞിട്ട് അവളങ്ങ് അപ്രത്യക്ഷമായിക്കളഞ്ഞു. അത് എനിക്ക് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കുതന്ത്രം പോലെ തോന്നി. 

ഇന്ന് വെളുപ്പിന് അവളെ സ്വപ്നം കണ്ടപ്പോൾ  മനസ്സിന് എന്തോ വല്ലാത്ത സന്തോഷം തോന്നി. അത് സ്വപ്നമാണെന്ന് റിയലൈസ് ചെയ്തപ്പോൾ ഇത്രയും എഴുതാനും തോന്നി.

സ്വപ്നത്തിൽ അവളെ ഞാൻ കണ്ടത് ഒരു ചുവന്ന പട്ട്പാവാട ധരിച്ച് നീണ്ടമുടികയൊക്കെ അഴിച്ചിട്ട് ഏതോ ക്ഷേത്രത്തിന്റെ കുളത്തിന്റെ കൽപ്പടവുകളിൽ ഇരിക്കുന്നത് പോലെയാണ്. കാറ്റിലിളകുന്ന വെള്ളത്തിലെ ചെറു ഓളങ്ങളെ നോക്കി അവൾ മനോഹരമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ പഴയ തറവാടിനെ ഓർമ്മിപ്പിക്കുന്ന  അവളുടെ വീടിന്റെ ഉമ്മറത്തിരിക്കുമ്പോൾ അവളുടെ അമ്മ പറഞ്ഞു, അവൾ കുറച്ച് പിണക്കത്തിലാണ്. എന്നിട്ട് ഒരു കുറിപ്പ് എന്നെ ഏൽപ്പിച്ചു. 

അതിൽ ടൈപ്പ് ചെയ്തത് പോലെ കാണപ്പെട്ട അക്ഷരങ്ങൾ എന്നിൽ തെല്ലമ്പരപ്പുളവാക്കി. 

I LOVE YOU.

സാധാരണ ഗതിയിൽ അങ്ങിനെയാരെങ്കിലും പറഞ്ഞാൽ ഞാൻ തിരിച്ച് പറയാറുള്ള Love You too  ഇവിടെ എന്തുകൊണ്ടോ പറഞ്ഞില്ല. പകരം ഞാൻ മനസ്സിൽ ഉരുവിട്ടത് അതേ, നമ്മൾ നല്ല സുഹ്രുത്തുക്കൾ ആയിരുന്നില്ലേ എന്നണ്.

അല്ലേ?