അതിനേക്കാള്‍ പ്രായമേറിയ മുല്ലപ്പെരിയാര്‍ അണക്കെട്ടു കവിഞ്ഞൊഴുകിയോ അണക്കെട്ടു തകര്‍ന്നോ ഈ അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന വര്‍ഷത്തില്‍ത്തന്നെ കേരളത്തിലെ ജനസംഖ്യയും കേരളത്തെത്തന്നെ പാതിയാക്കി എന്നൊരു ചരിത്രവും എഴുതേണ്ടി വരുമോ? കാത്തിരുന്നു കാണുക തന്നെ.
സര്‍ക്കാരുകള്‍ മാറി മാറി വന്നു, പോയി. ഇപ്പോള്‍ ഇന്നു കേരള സര്‍ക്കാരും തമിഴ്‌നാടു സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഒരു അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട് മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥ ഒരു സമഗ്രമായ അന്വേഷണത്തിലൂടെ ഉറപ്പുവരുത്തേണ്ടതായിരുന്നു. കൂടാതെ ഒരു 35 ലക്ഷത്തിലേറെ ജനങ്ങളുടെ ജീവനു ഭീഷണിയായി നിലനില്‍ക്കുന്ന ഈ സാഹചര്യത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാരിനേയും സുപ്രീം കോടതിയേയും ബോധിപ്പിക്കേണ്ടത് കേരളാ സര്‍ക്കാരിന്റെ കടമയാണ്. കൂടാതെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേയിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കാനുതകുന്ന അതിനു മുന്നിലെ കുറ്റിച്ചെടികളും ചെളിയും മണ്ണും നീക്കം ചെയ്യേണ്ടതായിരുന്നു.
2005 ല്‍ പാര്‍ലമന്റ് പാസ്സാക്കിയ ഡിസാസ്റ്റര്‍ മാനേജ്‌മന്റ് നിയമം 64 വകുപ്പില്‍, അത്യാഹിതം ഒഴിവാക്കുന്നതിനും ദുരന്തനിവാരണത്തിനും വ്യവസ്ത്ഥയുണ്ട്. ഏതെങ്കിലും സ്ഥലമോ അതിലെ നിര്‍മ്മിതിയോ ഏറ്റെടുക്കണമെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ ഡിസാസ്റ്റര്‍ മാനേജ്‌മന്റ് അതോറിറ്റിയെ ഏല്‍പ്പിച്ചുകൊടുക്കാം. അതിനായി പ്രസ്തുത നിയമം അനുസരിച്ചു സംസ്ഥാന-ജില്ല ഡിസാസ്റ്റര്‍ മാനേജ്‌മന്റ് അതോറിറ്റി സര്‍ക്കാര്‍ അടിയന്തിരമായി രൂപവത്ക്കരിക്കണം. എന്നിട്ട് അണക്കെട്ടിന്റെ എല്ലാ നിയന്ത്രണവും ഡിസാസ്റ്റര്‍ മാനേജ്‌മന്റ് അതോറിറ്റിക്ക് നല്‍കിയ ശേഷം, തമിഴ്‌നാടിന് ആവശ്യമായ വെള്ളം തുടര്‍ന്നും നല്‍കണം. പത്രസമ്മേളനത്തില്‍ ഒരു കേരളാ മുന്മന്ത്രി പറഞ്ഞതാണിത്.
ഇടുക്കിയിലെ ഇപ്പോഴത്തെ അവസ്ഥയും ആശങ്കാജനകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍ സ്പില്‍വേ വഴി ഒഴുകിവരുന്ന വെള്ളം ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2380.60 അടിയിലെത്താന്‍ കാരണമായി. മുല്ലപ്പെരിയാറില്‍ നിന്നും ജലം പെരിയാര്‍ വഴി 30 കിലോമീറ്റര്‍ ഒഴുകിയാണ് ഇടുക്കിയില്‍ എത്തുന്നത്. സെക്കണ്ടില്‍ 3500 ഘനയടി വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുകിയെത്തുന്നതായാണ് കെ.എസ്.ഇ.ബി. യുടെ കണക്ക്.
തമിഴ്‌നാടു വെള്ളം ആവശ്യപ്പെടുന്നത് കുടിക്കാനോ കൃഷിക്കോ ആല്ല. വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടിയാണ്. എന്നാല്‍, കേരളത്തിലെ 35 ലക്ഷം ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ്. ഇരു സംസ്ഥാനങ്ങളും ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടതിനനുസരിച്ചാണു പല ശ്രമവും നടത്തി. തമിഴ്‌നാടു മുഖ്യമന്ത്രിക്കു രണ്ടു പ്രാവശ്യം കത്തയച്ചെങ്കിലും അവര്‍ അവരുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. പക്ഷെ, വെള്ളം കവിഞ്ഞൊഴുകി അവരുടെ റോഡും പാലവും തകര്‍ന്നു. ഡാമില്‍ മണ്ണു നിറഞ്ഞു. ഇപ്പോള്‍ അവര്‍ക്കു കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. വെള്ളം ഇങ്ങോട്ടാണു ഒഴുകിയതെങ്കില്‍ 35 ലക്ഷം ജനങ്ങളെ അറബിക്കടലില്‍ തള്ളുമായിരുന്നു. അതുകൊണ്ടു ജലനിരപ്പു 136 അടിയില്‍ നിലനിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരാകുമെന്ന് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടു സന്ദര്‍ശിക്കുന്ന കേരള മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോടു പറഞ്ഞു.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രണ്ടു പോയിന്റ് കുറഞ്ഞു 138.2 അടിയിലെത്തി. ഇനിയുള്ള ദിവസങ്ങളില്‍ ഇനിയും ജലനിരപ്പു കുറയുവാന്‍ പ്രാര്‍ത്ഥിക്കാം...സര്‍ക്കാരുകള്‍ തമ്മിലുള്ള വടംവലിയില്‍ ആരു ജയിച്ചാലും തോറ്റാലും നഷ്ടം നമ്മള്‍ പാവം പൊതുജനങ്ങള്‍ക്ക്...നമ്മുക്കേവര്‍ക്കും പ്രാര്‍ത്ഥിക്കാം...നമ്മെ ഒന്നോടെ വിഴുങ്ങാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മഹാവിപത്ത് ഒഴിഞ്ഞു പോവണേയെന്ന്...