Thursday, August 31, 2006

മൊബൈല്‍ ഫോണ്‍ പുരാണം

ഈയടുത്ത കാലം വരെ മൊബൈല്‍ ഫോണ്‍ വിളിക്കാനും കാളുകള്‍ സ്വീകരിക്കാനുമുള്ളതായിരുന്നു.
ഇപ്പോഴോ,ഒരു മൊബൈല്‍ ഫോണുണ്ടെങ്കില്‍ ഒരു ടി.വി. വേണ്ടാ! റേഡിയോ വേണ്ടാ! പാട്ട്/സിനിമാ പെട്ടി, മൂവീക്യാമറ, സ്റ്റില്‍ ക്യാമറ, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ ഒന്നും വേണ്ട!!!

കാലം പോയ പോക്കേ!!!

കൈഫോണിനെക്കുറിച്ച്

ഭാഷയെ ദേശസാല്‍ക്കരിക്കുന്നതില്‍ മിടുക്കു കൂടിയ ജില്ലയാണ് മലപ്പുറം. മൊബൈല്‍ ഫോണിനെ ‘കൈഫോണ്‍’ എന്ന് പരിഭാഷപ്പെടുത്തിയത് മലപ്പുറത്തെ ഏതോ നാട്ടിന്‍പുറത്തുകാരന്‍. മൊബൈല്‍ ഫോണ്‍ വൈബ്രേറ്റ് മോഡില്‍ ഇടുന്നതിന് ‘തരിപ്പിലിടുക’ എന്നാണ് ഇവിടത്തെ നാട്ടുനാവിന്റെ പരിഭാഷ. പ്രീപെയ്ഡിന്റെയും പോസ്റ്റ്പെയ്ഡിന്റെയും വിവര്‍ത്തനത്തിന് അല്പം തമാശച്ചുവയുണ്ട്. പ്രീപെയ്ഡ് ‘മുന്‍കായി’യും പോസ്റ്റ്പെയ്ഡ് ‘പിന്‍കായി’യുമാണ്. (കായി എന്നാല്‍ കാശ്).

മൊബൈല്‍ ചൊല്ലുകളില്‍ ഏറെ സര്‍ക്കുലേഷനുള്ളത് മലപ്പുറത്തെ കാമ്പസുകളിലാണ്. അവയില്‍ച്ചിലത് താഴെ ചേര്‍ക്കുന്നു:-

1. സാംസങ്ങ് കുളിച്ചാല്‍ നോക്കിയ ആവില്ല.
2. അല്പന് മൊബൈല്‍ കിട്ടിയാല്‍ അര്‍ദ്ധരാത്രിയും മിസ്ഡ്കോളടിക്കും.
3. മൊബൈലേതായാലും കണക്ഷന്‍ നന്നായാല്‍ മതി.
4. ആന കൊടുത്താലും മൊബൈല്‍ കൊടുക്കരുത്.
5. ദാനം കിട്ടിയ കണക്ഷന്റെ ടോക്ടൈം നോക്കണ്ട.
6. ബില്ലിനോടടുക്കുമ്പോഴേ മൊബൈലിന്റെ പുളിയറിയൂ.

ഒരു മൊബൈല്‍ പരസ്യം

ഇതാ ഒരു തോണി എറിക്സന്‍ കെ790ഐ മൊബൈല്‍ ഫോണ്‍ വെറും 500 രൂപയ്ക്ക് നോഐഡിയ കണക്ഷനോട് കൂടി!!!

ജീവിതകാലം മുഴുവന്‍ എസ്.എം.എസ് സൌജന്യം. കാള്‍ ചാര്‍ജ്ജ് വെറും 10 പൈസ/മിനുട്ട്.

ഈ ഓഫറുകള്‍ ലഭിക്കുന്നതിനായി നിങ്ങള്‍ ചെയ്യേണ്ടതിത്ര മാത്രം. താഴെ കാണുന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യൂ.

www.nokkiyirunno-ippokkittum.com

Thursday, August 10, 2006

മഞ്ചാടിച്ചെപ്പ്

രാത്രി ഏറെ വൈകിയാണ് ഞാന്‍ വീട്ടിലെത്തിയത്. എയര്‍ക്കണ്ടീഷറിനഭിമുഖമായി സ്ഥാനം തെറ്റിക്കിടന്നിരുന്ന കസേരയിലേയ്ക്ക് ചാഞ്ഞിരുന്ന ഞാന്‍ ഇതിനു മുമ്പൊരിക്കലും മാനസികവും ശാരീരികവുമായി ഇത്ര പരവശനായിട്ടില്ലെന്ന് തോന്നുന്നു. നഗര സമുഹത്തിലെ ഉന്നതരോടൊത്ത് വലിയൊരു നൌകയിലായിരുന്നു ഞാനാ സായാഹ്നം ചിലവഴിച്ചത്. കായല്‍ക്കാറ്റേറ്റ് പാട്ടും നൃത്തവുമൊക്കെയായി ഒരു നല്ല അന്തരീക്ഷമായിരുന്നു. എങ്കിലും, ഒരു തരം ജീവിത വിരക്തി എന്റ്റെയുള്ളിന്റെയുള്ളില്‍ അതിശക്തമായി അനുഭവപ്പെട്ടു കൊണ്ടിരുന്നു.

ജീവിതത്തോടുള്ള വിരക്തി ഇതിനുമുമ്പൊരിക്കലും എന്നെയിത്ര കലശലായി പിടികൂടിയിട്ടുമില്ല. ജീവിതത്തില്‍ എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്തവനെപ്പോലെ ജീവിച്ചു. വീര്‍പ്പുമുട്ടിക്കുന്ന തരത്തിലുള്ള ഇരുട്ടു എന്റെ നാലുവശത്തുനിന്നും വന്നെന്നെ മൂടുന്നതായി തോന്നി. ആ ഇരുട്ടില്‍ നിന്നും എങ്ങനെ രക്ഷപെടണമെന്ന് എനിക്കറിയില്ല. ഉറങ്ങാന്‍ കഴിയില്ലെന്നുറപ്പുണ്ടായിരുന്നതു കാരണം ഞാനതിന് ശ്രമിച്ചില്ല.

ഞാന്‍ മനുഷ്യ ജീ‍വിതത്തിലെ പൊള്ളയാ‍യ പൊങ്ങച്ചം, വ്യര്‍ത്ഥത, കപടത എന്നിവയെക്കുറിച്ച് വെറുതെ ചിന്തിച്ച് കൊണ്ട് കസേരയില്‍ ചാരിക്കിടന്നു. എവിടെ നോക്കിയാലും പകുതി സത്യവും പകുതി പൊള്ളയുമായ ആത്മവഞ്ചന. വിനോദങ്ങള്‍ക്കു പിന്നാലെയുള്ള പരക്കംപാച്ചില്‍. പിന്നീ‍ടൊരിക്കല്‍ പെട്ടെന്നൊരു കൊടുങ്കാറ്റ് പോലെ വാ‍ര്‍ദ്ധക്യം അവന്റെ മേല്‍ വീശുന്നു. പിന്നെ പിന്നെ വളര്‍ന്നു വളര്‍ന്നു വരുന്ന മരണഭയം അവനെ കാര്‍ന്നുതിന്നു തുടങ്ങും. ചുമരില്‍ തൂക്കിയിരുന്ന അലങ്കാര ഘടികാരത്തിലെ പക്ഷി പുറത്തുവന്നു മണി ഒന്നൊരയായെന്നു ചിലച്ചറിയിച്ചു.

പാതിമുറിഞ്ഞുപോയ ചിന്തകളില്‍ നിന്നുയിര്‍ത്തെഴുന്നേറ്റ ഞാന്‍ പൂജാ മുറിയിലേക്ക് നടന്നു. കൃഷ്ണനും ദുര്‍ഗ്ഗയും വിഘ്നേശ്വരനും ക്രിസ്തുവുമൊക്കെ ഒരുമിച്ചിരിക്കുന്ന ആ മുറിയില്‍ ഞാന്‍ എന്തോ നഷ്ടപ്പെട്ടവനേപ്പോലെ നിന്നു. ആ നില്പ് എത്ര സമയം നിന്നെന്നെനിക്കറിയില്ല.

ദൈവങ്ങളുടെയിടയില്‍ നിന്ന് ദൃഷ്ടികള്‍ പിന്വാങ്ങിത്തുടങ്ങുമ്പോഴാണ് ശ്രീകൃഷ്ണ ഭഗാവാന്റെ മുന്നിലിരിക്കുന്ന മഞ്ചാടിക്കുരു കളടങ്ങിയ ആ ചെറിയ ചെപ്പ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. നിമിഷങ്ങളോളം എന്റെ കണ്ണുകള്‍ ആ കുഞ്ഞു ചെപ്പില്‍ ഉടക്കി നിന്നു.

കൈവെള്ളയിലൊതുങ്ങുന്ന വലുപ്പമുള്ള ചില്ലുകൊണ്ടുണ്ടാക്കിയ ആ ചെപ്പില്‍‍ അടങ്ങിയ മഞ്ചാടിക്കുരുകള്‍ എന്നില്‍ സന്തോഷമാണോ സങ്കടമാണോ നിറച്ചത് എന്നെനിക്കിപ്പോഴും മനസ്സിലാവുന്നില്ല. ഒരിക്കല്‍ അതിരറ്റു സ്നേഹിച്ചിരുന്ന ഒരാളെ വളരെ നാളത്തെ വേര്‍പാടിന് ശേഷം നിനച്ചിരിക്കാതെ കണ്ടുമുട്ടുന്ന ഒരാളുടെ പോലെയായിരുന്നു അപ്പോഴത്തെ എന്റെ മുഖഭാവം. കാ‍ലം പല മാറ്റങ്ങളും വരുത്തിക്കാണുമെങ്കിലും അവസാനം കണ്ട അതേ രുപത്തില്‍ത്തന്നെ എന്റെ എല്ലാമെല്ലാമായിരുന്ന അവള്‍ പെട്ടെന്നെന്റെ കണ്‍മുന്നില്‍ തെളിഞ്ഞു വരുന്നത് പോലെ...

വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ഏതോ ഒരു ജന്മദിനത്തിന്റെയന്ന്, അവള്‍ സമ്മാനിച്ചതാണീ മഞ്ചാടിക്കുരു അടങ്ങിയ ചില്ല് പെട്ടി. ജീവിതസാഗരത്തില്‍ തിരക്കിന്റെ പേരിലോ മറ്റെന്തിന്റെ പേരിലോ ഞങ്ങള്‍ പരസ്പരം അകലേയ്ക്കകലേയ്ക്ക് തുഴഞ്ഞു പോയപ്പോഴും ഈ മഞ്ചാടിക്കുരുകള്‍ ഇവിടെ എന്റെ കൂടെ എന്റെ മുറിയില്‍‍... പക്ഷെ, എപ്പോഴാണ് പൂജാമുറിയില്‍
ദൈവങ്ങളുടെ മുന്നിലേക്ക് കുടിയേറിയത്...

ഒരിക്കല്‍ എന്റെ എല്ലാമെല്ലാമായിരുന്ന അവള്‍ ഇപ്പോള്‍ വീണ്ടും വിണ്ടും എന്റെ ചിന്തകളിലേയ്ക്ക് കടന്നുകയറ്റം നടത്തുന്നതെന്തേ?
ഇപ്പോള്‍ എന്നെ വലയം ചെയ്തിരിക്കുന്ന ആ ഇരുട്ടിനെയകറ്റാന്‍ തക്ക വെളിച്ചം പകരാന്‍ അവള്‍ക്കാകുമോ? പക്ഷെ എല്ലാം എല്ലാം വൈകിപ്പോയിരിക്കുന്നുവോ...

ഞാന്‍ വീണ്ടും ഓര്‍മ്മകളുടെ അഗാധമായ കയത്തിലേക്ക് വൃഥാ മുങ്ങാംകുഴിയിട്ടുകൊണ്ട് കസേരയിലേയ്ക്കു ചായുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നുവോ?