Thursday, August 10, 2006

മഞ്ചാടിച്ചെപ്പ്

രാത്രി ഏറെ വൈകിയാണ് ഞാന്‍ വീട്ടിലെത്തിയത്. എയര്‍ക്കണ്ടീഷറിനഭിമുഖമായി സ്ഥാനം തെറ്റിക്കിടന്നിരുന്ന കസേരയിലേയ്ക്ക് ചാഞ്ഞിരുന്ന ഞാന്‍ ഇതിനു മുമ്പൊരിക്കലും മാനസികവും ശാരീരികവുമായി ഇത്ര പരവശനായിട്ടില്ലെന്ന് തോന്നുന്നു. നഗര സമുഹത്തിലെ ഉന്നതരോടൊത്ത് വലിയൊരു നൌകയിലായിരുന്നു ഞാനാ സായാഹ്നം ചിലവഴിച്ചത്. കായല്‍ക്കാറ്റേറ്റ് പാട്ടും നൃത്തവുമൊക്കെയായി ഒരു നല്ല അന്തരീക്ഷമായിരുന്നു. എങ്കിലും, ഒരു തരം ജീവിത വിരക്തി എന്റ്റെയുള്ളിന്റെയുള്ളില്‍ അതിശക്തമായി അനുഭവപ്പെട്ടു കൊണ്ടിരുന്നു.

ജീവിതത്തോടുള്ള വിരക്തി ഇതിനുമുമ്പൊരിക്കലും എന്നെയിത്ര കലശലായി പിടികൂടിയിട്ടുമില്ല. ജീവിതത്തില്‍ എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്തവനെപ്പോലെ ജീവിച്ചു. വീര്‍പ്പുമുട്ടിക്കുന്ന തരത്തിലുള്ള ഇരുട്ടു എന്റെ നാലുവശത്തുനിന്നും വന്നെന്നെ മൂടുന്നതായി തോന്നി. ആ ഇരുട്ടില്‍ നിന്നും എങ്ങനെ രക്ഷപെടണമെന്ന് എനിക്കറിയില്ല. ഉറങ്ങാന്‍ കഴിയില്ലെന്നുറപ്പുണ്ടായിരുന്നതു കാരണം ഞാനതിന് ശ്രമിച്ചില്ല.

ഞാന്‍ മനുഷ്യ ജീ‍വിതത്തിലെ പൊള്ളയാ‍യ പൊങ്ങച്ചം, വ്യര്‍ത്ഥത, കപടത എന്നിവയെക്കുറിച്ച് വെറുതെ ചിന്തിച്ച് കൊണ്ട് കസേരയില്‍ ചാരിക്കിടന്നു. എവിടെ നോക്കിയാലും പകുതി സത്യവും പകുതി പൊള്ളയുമായ ആത്മവഞ്ചന. വിനോദങ്ങള്‍ക്കു പിന്നാലെയുള്ള പരക്കംപാച്ചില്‍. പിന്നീ‍ടൊരിക്കല്‍ പെട്ടെന്നൊരു കൊടുങ്കാറ്റ് പോലെ വാ‍ര്‍ദ്ധക്യം അവന്റെ മേല്‍ വീശുന്നു. പിന്നെ പിന്നെ വളര്‍ന്നു വളര്‍ന്നു വരുന്ന മരണഭയം അവനെ കാര്‍ന്നുതിന്നു തുടങ്ങും. ചുമരില്‍ തൂക്കിയിരുന്ന അലങ്കാര ഘടികാരത്തിലെ പക്ഷി പുറത്തുവന്നു മണി ഒന്നൊരയായെന്നു ചിലച്ചറിയിച്ചു.

പാതിമുറിഞ്ഞുപോയ ചിന്തകളില്‍ നിന്നുയിര്‍ത്തെഴുന്നേറ്റ ഞാന്‍ പൂജാ മുറിയിലേക്ക് നടന്നു. കൃഷ്ണനും ദുര്‍ഗ്ഗയും വിഘ്നേശ്വരനും ക്രിസ്തുവുമൊക്കെ ഒരുമിച്ചിരിക്കുന്ന ആ മുറിയില്‍ ഞാന്‍ എന്തോ നഷ്ടപ്പെട്ടവനേപ്പോലെ നിന്നു. ആ നില്പ് എത്ര സമയം നിന്നെന്നെനിക്കറിയില്ല.

ദൈവങ്ങളുടെയിടയില്‍ നിന്ന് ദൃഷ്ടികള്‍ പിന്വാങ്ങിത്തുടങ്ങുമ്പോഴാണ് ശ്രീകൃഷ്ണ ഭഗാവാന്റെ മുന്നിലിരിക്കുന്ന മഞ്ചാടിക്കുരു കളടങ്ങിയ ആ ചെറിയ ചെപ്പ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. നിമിഷങ്ങളോളം എന്റെ കണ്ണുകള്‍ ആ കുഞ്ഞു ചെപ്പില്‍ ഉടക്കി നിന്നു.

കൈവെള്ളയിലൊതുങ്ങുന്ന വലുപ്പമുള്ള ചില്ലുകൊണ്ടുണ്ടാക്കിയ ആ ചെപ്പില്‍‍ അടങ്ങിയ മഞ്ചാടിക്കുരുകള്‍ എന്നില്‍ സന്തോഷമാണോ സങ്കടമാണോ നിറച്ചത് എന്നെനിക്കിപ്പോഴും മനസ്സിലാവുന്നില്ല. ഒരിക്കല്‍ അതിരറ്റു സ്നേഹിച്ചിരുന്ന ഒരാളെ വളരെ നാളത്തെ വേര്‍പാടിന് ശേഷം നിനച്ചിരിക്കാതെ കണ്ടുമുട്ടുന്ന ഒരാളുടെ പോലെയായിരുന്നു അപ്പോഴത്തെ എന്റെ മുഖഭാവം. കാ‍ലം പല മാറ്റങ്ങളും വരുത്തിക്കാണുമെങ്കിലും അവസാനം കണ്ട അതേ രുപത്തില്‍ത്തന്നെ എന്റെ എല്ലാമെല്ലാമായിരുന്ന അവള്‍ പെട്ടെന്നെന്റെ കണ്‍മുന്നില്‍ തെളിഞ്ഞു വരുന്നത് പോലെ...

വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ഏതോ ഒരു ജന്മദിനത്തിന്റെയന്ന്, അവള്‍ സമ്മാനിച്ചതാണീ മഞ്ചാടിക്കുരു അടങ്ങിയ ചില്ല് പെട്ടി. ജീവിതസാഗരത്തില്‍ തിരക്കിന്റെ പേരിലോ മറ്റെന്തിന്റെ പേരിലോ ഞങ്ങള്‍ പരസ്പരം അകലേയ്ക്കകലേയ്ക്ക് തുഴഞ്ഞു പോയപ്പോഴും ഈ മഞ്ചാടിക്കുരുകള്‍ ഇവിടെ എന്റെ കൂടെ എന്റെ മുറിയില്‍‍... പക്ഷെ, എപ്പോഴാണ് പൂജാമുറിയില്‍
ദൈവങ്ങളുടെ മുന്നിലേക്ക് കുടിയേറിയത്...

ഒരിക്കല്‍ എന്റെ എല്ലാമെല്ലാമായിരുന്ന അവള്‍ ഇപ്പോള്‍ വീണ്ടും വിണ്ടും എന്റെ ചിന്തകളിലേയ്ക്ക് കടന്നുകയറ്റം നടത്തുന്നതെന്തേ?
ഇപ്പോള്‍ എന്നെ വലയം ചെയ്തിരിക്കുന്ന ആ ഇരുട്ടിനെയകറ്റാന്‍ തക്ക വെളിച്ചം പകരാന്‍ അവള്‍ക്കാകുമോ? പക്ഷെ എല്ലാം എല്ലാം വൈകിപ്പോയിരിക്കുന്നുവോ...

ഞാന്‍ വീണ്ടും ഓര്‍മ്മകളുടെ അഗാധമായ കയത്തിലേക്ക് വൃഥാ മുങ്ങാംകുഴിയിട്ടുകൊണ്ട് കസേരയിലേയ്ക്കു ചായുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നുവോ?

19 comments:

Vimal said...
This comment has been removed by a blog administrator.
:: niKk | നിക്ക് :: said...

ഈ കഥക്ക് മഞ്ചാടിച്ചെപ്പ് എന്ന പേര് തന്നെയാണോ ഉചിതം? അതോ സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് ഒരുചിതമായ പേര് നിര്‍ദേശിക്കാമോ?

സു | Su said...

നിക്ക് :) കഥ ഇഷ്ടമായി.

Adithyan said...

നിക്ക്.. നന്നായിരിയ്ക്കുന്നു...

തന്മയീഭാവം എന്ന വാക്കിന്റെ അര്‍ത്ഥമെന്താണെന്നാ പറഞ്ഞെ? :)

വേര്‍പാടിന്റെ സുഖം(?) അറിയുന്നത് ആള്‍ക്കൂട്ടത്തില്‍ തനിയെ ആകപ്പെടുമ്പോഴാണ്. ഓര്‍മ്മകള്‍ ഹിമപാതം പോലെ, വെള്ളച്ചാട്ടം പോലെ...

ഒന്നും മറക്കാനാവില്ല.

:| രാജമാണിക്യം|: said...

മനുഷ്യ ജീ‍വിതത്തിലെ പൊള്ളയാ‍യ പൊങ്ങച്ചം, വ്യര്‍ത്ഥത, കപടത + വര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ സമ്മാനിച്ച മഞ്ചാടിക്കുരു .കലിപ്പായല്ലോ നിക്കേ ...

"മഞ്ചാടിക്കുരുകള്‍ എന്നില്‍ സന്തോഷമാണോ സങ്കടമാണോ നിറച്ചത് എന്നെനിക്കിപ്പോഴും മനസ്സിലാവുന്നില്ല."

തീര്‍ചയായും അതു തന്നെ.. മഞ്ചാടിക്കുരുന്റെ ഒരു കര്യേ?

Adithyan said...

നിക്കേ,
ഇതില്‍ എത്ര % സത്യമുണ്ട്? ;)

:: niKk | നിക്ക് :: said...

സൂവേച്ചി, നന്ദി :)

കഥയില്‍ ചോദ്യമില്ലെന്നല്ലേ ആദിക്കുട്ടൂ?? വേര്‍പാടും ഒരു സുഖം തന്നെയല്ലേ? ;)

രായമാണിക്യോയ്‌ കുത്തെനിക്കു മനസ്സിലായി. അതിനും ഒരു സുഖോണ്ടേയ്‌. :P

പണിക്കന്‍ said...

നീ വീണ്ടും ഓര്‍മ്മകളുടെ അഗാധമായ കയത്തിലേക്ക് വൃഥാ മുങ്ങാംകുഴിയിട്ടുകൊണ്ട് കസേരയിലേയ്ക്കു ചായുമ്പോള്‍ നിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നുവോ?

അല്ല...ശരിക്കും നിറഞ്ഞിരുന്നുവോ?

അതിനൊരു തീരുമാനമായോ? ;)

നന്നായിട്ടുണ്ട്‌ :)

ബിന്ദു said...

വൈകിയെന്നുള്ളതിനു സംശയമില്ലല്ലൊ, ഏതു ജന്മദിനത്തിലാണതു കിട്ടിയതെന്നുപോലും ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലൊ.അപ്പോള്‍ കാലചക്രം കുറേ ഉരുണ്ടു. :)

Visala Manaskan said...

നിക്കില്‍ ഒരു പുലി ഒളിഞ്ഞിരിപ്പുണ്ട്.
കൂടുതല്‍ കൂടുതല്‍ എഴുതുക. ആശംസകള്‍.

മുസ്തഫ|musthapha said...

ആഹാ.. കഥ നന്നായിട്ടുണ്ട്, എഴുത്ത് തുടരുക.

അവിടേം ഇവിടേം ഒക്കെ തപ്പി നോക്കിയാല്‍ ഇനിയും കിട്ടും മഞ്ചാടിച്ചെപ്പുകള്‍ - അല്ലേ..?

എല്ലാ മഞ്ചാടിച്ചെപ്പുകളും ഇന്നലെയുടെ മധുരമായിതന്നെ ഇരിക്കട്ടെ (ഇനിപ്പോ നിന്നാലും കുഴപ്പമില്ല), ഒരിക്കലും ഇന്നിന്റെയും നാളെയുടെയും നോവുകളാവാതിരിക്കട്ടെ..!

:: niKk | നിക്ക് :: said...

പണിക്കോയ്‌ നന്ദീട്ട്രാ. കരഞ്ഞു കാണാനും കരയാതിരിക്കാനുമുള്ള സാദ്ധ്യതയുണ്ട്‌. അറിയില്ലാടാ :(

ബിന്ദൂച്ചി, ജന്മദിനം എന്നെന്നുള്ളത്‌ ഇവിടെ ഈ കഥയില്‍ അത്ര പ്രാധാന്യമുള്ള കാര്യം എന്നു എനിക്കു തോന്നിയില്ല. അതുകൊണ്ടതൊഴിവാക്കിയതാ.
കാലചക്രം ഉരുളാനുള്ളതാണല്ലോ.

വിശാലേട്ട നന്ദീണ്ട്ട്ടാ. പുലിയാവില്ലാട്ടാ...എലിയാവാനാ കൂടുതല്‍ സാധ്യത. പുലി നിങ്ങളൊക്കെത്തന്നേ!!!

ഗ്‌ ര്‍ ര്‍ ര്‍ ര്‍ അഗ്രജാ! അങ്ങനെ കുറേ ചെപ്പ്‌ കഥയൊന്നും സ്റ്റോക്കില്ലാട്ടാ. നന്ദി.

ഇങ്ങനെ മധുരം കഴിച്ചാണോ മധുരത്തിന്റെ അസുഖം ഇക്കാനു പിടിപെട്ടത്‌?

Unknown said...

നിക്ക് നിക്ക് മോനേ.. വണ്ടി വിടല്ലേ.... ഞാന്‍ കയറിയില്ല.

നന്നായിരിക്കുന്നു. എങ്കിലും ചെറിയ ചില കണ്‍ഫ്യൂഷനുകള്‍. ഇനിയും പോരട്ടെ ഓര്‍മ്മകളും അനുഭവങ്ങളും.

:: niKk | നിക്ക് :: said...

ദില്‍ബൂ ഹിഹിഹി, വണ്ടി നിര്‍ത്തിയിട്ടിരിക്കുവാ...കണ്‍പൂഷന്‍ തീര്‍ക്കണമേ ദില്‍ബൂന്റെ കണ്‍പൂഷന്‍ തീര്‍ക്കണമേ...

പക്ഷേ, എന്താ കണ്‍പൂഷന്‍?

ആനക്കൂടന്‍ said...

വായിച്ചു. ഇനിയും എഴുതുക...
(രാത്രി ഏറെ വൈകിയാണ് ഞാന്‍ വീട്ടിലെത്തിയത്.)-കഥയുടെ തുടക്കത്തില്‍ തന്നെ ഏതു പക്ഷത്തു നിന്ന് പറയുന്നു എന്ന് വ്യക്തമാകുന്നുണ്ട്. പിന്നീട് ഞാന്‍, എന്‍റെ തുടങ്ങിയ പദങ്ങളെ അമിതമായി ഉപയോക്കേണ്ടതുണ്ടോ?. കുറച്ചു കൂടി നന്നാക്കി എടുക്കാമെന്ന് തോന്നുന്നു.

myexperimentsandme said...

കൊള്ളാം. ഇഷ്ടപ്പെട്ടു.

ആനക്കൂടന്റെ പോയിന്റ്സ് നോട്ട് ചെയ്യപ്പെടേണ്ടവയാണെന്ന് തോന്നുന്നു.

asdfasdf asfdasdf said...

കൊള്ളാം. നല്ല കഥ..

:: niKk | നിക്ക് :: said...

അപാകതകള്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി ആനക്കൂടര്‍ജി. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും :)

വക്കാരി ദി ശിക്കാരി നന്ദി.

താക്സ് കുട്ടമ്മേനോനേട്ടാ.

കൈത്തിരി പറഞ്ഞത് ശരിയാണെങ്കിലും, അതിനി കിളിര്‍ക്കുമോ? തളിര്‍ക്കുമോ? വളരുമോ?
മേയ് ബി, മറ്റൊന്നിനു വളമായേക്കും...
ഞാന്‍ ചോദിച്ച ചോദ്യം മനസ്സിലായിയെന്ന് കരുതുന്നു...

:: niKk | നിക്ക് :: said...

ഹിഹി, റോമിയോ സാറേ, ഡാങ്ക്യൂ ഫോര്‍ ഡ കാംപ്ലിമെന്റ്സ് ;) ആരുടെ കഥയായാല്‍ എന്താ. അതൊക്കെ സീക്രട്ട് :P