Saturday, January 27, 2007

ഉണ്ണിക്കുട്ടന്‍

എന്റെ ബാല്യകാല സുഹൃത്ത്, അവനെ ഇവിടെ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കട്ടെ. ഞങ്ങള്‍ക്ക് ഒരുപാട് മണ്ടത്തരങ്ങളും തമാശകളും വിളമ്പി ഒരു ചിരിമാല ഉണ്ടാക്കുന്നവന്‍. ഒരിക്കല്‍ ആരോ ചോദിച്ചു, എടാ ഉണ്ണിക്കുട്ടാ ഈ വര്‍ഷത്തെ കലണ്ടര്‍ ഒരെണ്ണം എടുക്കാനുണ്ടാവുമോ? അവന്റെ നിഷ്കളങ്കമായ ചോദ്യം. “ഡേറ്റുള്ളതാണോ ഡേറ്റില്ലാത്തതാണോ”? എല്ലാരും കൂടെ പൊട്ടിച്ചിരിച്ചപ്പോഴാണ് അവന് അബദ്ധം പറ്റിയതായി മനസ്സിലായത്. അവന്‍ വിശദീകരിച്ചു. “ഞാന്‍ ഉദ്ദേശിച്ചത് പടം ഉള്ളതാണോ വേണ്ടത് എന്നാണ്”.

ഉണ്ണിക്കുട്ടന് ഈയിടെ വീണ്ടും ഒരു പറ്റുപറ്റി. അടുത്തുള്ള ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന, ഒരു സുഹൃത്തിന്റെ ഭാര്യയെ കാണാന്‍ പോയതായിരുന്നു കക്ഷി. എന്തെങ്കിലും ചോദിക്കണമല്ലോ, ചോദിച്ചു.

“ഇപ്പേങ്ങനേണ്ട്“?

Thursday, January 18, 2007

അവള്‍

പണ്ട് പണ്ട് ഒരു രാജ്യത്ത്... പണ്ടെന്ന് പറഞ്ഞാല്‍ അത്ര പണ്ടൊന്നുമല്ല. കൊല്ലവര്‍ഷം 2006 ഡിസംബറിലെ ഒരു തണുത്ത വെളുപ്പാന്‍ കാലം! സപ്രമഞ്ജക്കട്ടിലില്‍ പള്ളിയുറക്കവും കഴിഞ്ഞ് ഒരവ്യക്ത സ്വപ്നത്തിന്റെ ബാക്കി ഭാഗംകൂ‍ടി സങ്കല്‍പ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച് കിടക്കുമ്പോഴാണ് അവള്‍ എന്റെ മനസ്സിന്റെ ഗോദ്റേജ് പൂട്ടും പൊളിച്ച് ഒരു ക്രാഷ് ലാന്റിംഗ് നടത്തിയത്. അവളാണ് കുറച്ചു ദിവസങ്ങളായ് എന്റെ സ്വസ്ഥത തകര്‍ക്കുന്നതും ഏകാഗ്രത‍ കളയുന്നതും. അവളെ മനസ്സില്‍ നിന്നാട്ടിപ്പായിക്കുവാന്‍ പഠിച്ചപണി 10ഉം നോക്കി. നോ രക്ഷ! ഇത്രനാളും മറ്റൊരുവളെ മനസ്സില്‍ താലോലിച്ച് പ്രണയിച്ച് എപ്പോള്‍ എങ്ങനെ സ്വന്തമാക്കാം എന്നൊക്കെ ചിന്തിച്ചു നടന്നിരുന്ന എന്നെ, ആപ്പീസിലെ സഹഷിഫ്റ്റന്‍ ഡെറിനാണ് വഴിതെറ്റിച്ചത്. ലവനു വല്ല കാര്യമുണ്ടായിരുന്നോ എനിക്ക് ഇന്റര്‍നെറ്റിലെ അവളുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളുമടങ്ങിയ ലിങ്ക് അയച്ചുതരാന്‍. ദാ ഇപ്പോ കണ്ടില്ലേ മഹാ‍പാപീ, എനിക്കിപ്പോ ഊണില്ല ഉറക്കമില്ല... ആ ഒറ്റ വിചാരം മാത്രം. അവള്‍! അവളുടെ ആ മെയ്യഴക്, മുഖകാന്തി, സ്വഭാവഗുണഗണങ്ങള്‍...

അങ്ങിനെ അവളെ എന്നെന്നേയ്ക്കുമായ് എന്റേതാക്കുവാന്‍ ഒരു തീരുമാനത്തിലെത്തി. തീരുമാനത്തിലെത്തിയതിന് ശേഷമാണ് മറ്റൊരു പ്രശ്നത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അവളെ സ്വന്തമാക്കുവാനുള്ള വില! സാധാരണക്കാരുടെ ഇടയില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരന് ചിന്തിക്കാവുന്നതിലുമേറെയാണ്. ഇങ്ങനെയൊരുവളെ എനിക്ക് സ്വപ്നം കാണാ‍ന്‍ പോലും അര്‍ഹതയുണ്ടോ? അതിനു തക്ക ആളുണ്ടോ ഞാന്‍? ഒരു വശത്ത് ഈ ചിന്തയും, മറുവശത്ത് ഞാന്‍ കൊച്ചി രാജാവല്ലേ എന്ന അഹംഭാവവും. ഇതാരോടെങ്കിലും ഒന്നവതരിപ്പിക്കണമല്ലോ. വീട്ടുകാരോടു പറഞ്ഞാലോ? ഓയ് വേണ്ട. പറയേണ്ട താമസം, ഇവളെപ്പോലൊരുവളുമൊന്നിച്ച് കൊട്ടാരത്തിലേയ്ക്കുള്ള ഗേറ്റ് നിനക്കായ് പാറാവുകാരന്‍ തുറന്നു തരും എന്ന് പ്രതീക്ഷിക്കണ്ട എന്ന അച്ഛന്‍ തിരുമനസ്സിന്റെ അലര്‍ച്ച കാതില്‍ വന്നലതല്ലുന്നത് പോലെ...

അങ്ങിനെയാണ് ഞാന്‍ രണ്ടും കല്പിച്ച് എന്റെ മുഖ്യ ഉപദേഷ്ടാവും അടുത്ത സുഹൃത്തുമായ മിസ് നവംബറിനെ സമീപിക്കുന്നത്. അവളോട് മനസ്സില്‍ നടക്കുന്ന വടംവലി മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. അവള്‍ ആശ്വസിപ്പിച്ചു “എന്തിനിത്ര അലോസരം? ഒരിക്കല്‍ മാത്രം അല്ലേ. കൂടാതെ ഇവളുടെയത്ര ഗുണഗണങ്ങളും സൌന്ദര്യവുമൊന്നും മറ്റവള്‍ക്കില്ലല്ലോ. പിന്നെ, നിന്റെ സ്വപ്നങ്ങള്‍ക്ക് നിറവും സന്തോഷവും നല്‍കിയതും ഇവള്‍ തന്നെയല്ലെ. അതുകൊണ്ട് മറ്റൊന്നും ആലോചിക്കാതെ നീ ഇവളെത്തന്നെ സ്വന്തമാക്കിക്കോളൂ”. മുഖ്യോപദേഷ്ടാവ് എന്റെയുള്ളിലെ വടംവലി മത്സരത്തിന് ഒരു മാച്ച് റഫറിയെപ്പോലെ പച്ചക്കൊടി കാണിച്ചതും, സന്തോഷാധിക്യം കൊണ്ട് ഹിയാ...ഹുവാ...ഹുക്കോവാ എന്ന ഗാനം പാടിക്കൊണ്ട് ആനന്ദനൃത്തം ചവിട്ടി.

അങ്ങിനെ 2007 ജനുവരി 3 ന് പകല്‍ ഇന്ത്യന്‍ സമയം കൃത്യം 10.15 ന് എന്റെ മനസ്സിളക്കിയ ആ സ്വപ്നസുന്ദരിയെ ഞാന്‍ സ്വന്തമാക്കി. നോക്കിയ എന്‍ 73 മ്യൂസിക്ക് എഡിഷന്‍. നാലായിരത്തിന്റെ ആറ് കെട്ട് എണ്ണികൊടുത്തെങ്കിലും അവള്‍ ഒരു വര്‍ത്ത് തന്നെയാണ്. ഇത് വാങ്ങാന്‍ പ്ലാന്‍ ഇടും മുന്‍പ് എന്റെ ലക്ഷ്യം സോണി എറിക്സണ്‍ വാക്മാന്‍ സീരീസിലുള്ള 810 ഐ ആയിരുന്നു. കൈയ്യിലുള്ള ഔട്ട്ഡേറ്റഡായ ബെന്‍ഖ് 300 ഒന്ന് മാറ്റി വാങ്ങണമെന്ന് കുറച്ചേറെയായി വിചാരിക്കുന്നു. മറ്റ് സഹഷിഫ്റ്റന്മാരാണെങ്കില്‍ ഓരോ ആഴ്ചയിലും ചോദിക്കും “എഡൈ, എന്തൈ നിന്റെ മൊബൈല്‍ വാങ്ങല്‍” അപ്പോള്‍ ഞാന്‍ പറയും “ദേ അടുത്താഴ്ച്ച എന്താ‍യാലും വാങ്ങും”. ഇതു കേള്‍ക്കുമ്പോള്‍ എന്റെ കീശയില്‍ കിടക്കുന്നവള്‍ പുച്ഛത്തോടെ, “ഇതു കുറേ കേട്ടതാഡൈ” എന്നു പറയുമായിരുന്നോ ആവോ. ഡെറിന്‍ എന്‍ 73 യുടെ ലിങ്ക് അയച്ചു തന്ന സമയത്ത് ഇതിന്റെ വിലയെക്കുറിച്ചോര്‍ത്ത് കുറച്ച് അങ്കലാപ്പുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഇവള്‍ എന്റെ കൈപ്പിടിയില്‍ അമര്‍ന്നപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. വൈഡ് സ്ക്രീന്‍, 2 ജി.ബി മെമ്മറി, 3.2 മെഗാ പിക്സല്‍ ക്യാമറ, 3-ഡി സ്റ്റീരിയോ സ്പീക്കര്‍, 3-ജി മുതലായവ ഇവളുടെ മുഖ്യ ഫീച്ചേഴ്സില്‍ ചിലതാണ്. ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു ഇവള്‍ എല്ലാം കൊണ്ടും എനിക്ക് യോജിച്ചതും എല്ലാം തികഞ്ഞതും തന്നെ. ഇതിനുടമയായതോടെ ആപ്പീസില്‍ ചിലര്‍ എന്നെ നിക്ക് 73 എന്ന് വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ശരിയായ സെറ്റിംഗ്സ് ഒന്നുമില്ലാതെ, അലസമായ് ഇതില്‍ എടുത്ത ഒരു ചിത്രം കാണുന്നതിന് ഇവിടെ ക്ലിക്കൂ.

Wednesday, January 17, 2007

അല്ല, ആരായിരുന്നു ?

സത്യത്തില്‍ ആരായിരുന്നു പൃഥ്വിരാജ് ?