Tuesday, February 13, 2007

പൂവാലന്റൈന്‍സ് ദിനം വരവായ്...

നാളെ ഫെബ്രുവരി 14. പൂവാലന്റൈന്‍സ് ദിനം. യ്യൊ! അല്ല, വാലന്റൈന്‍സ് ദിനം!

നാളത്തെ ദിവസത്തിന്റെ പ്രാധാന്യം എന്തെന്ന് പ്രത്യേകം പറയേണ്ടല്ലോ. സ്നേഹിക്കുന്നവരുടെ ദിവസമാണെന്നാണെല്ലോ വെപ്പ്! അതോ മറ്റൊരു ചതിക്കുഴിയിലേയ്ക്കുള്ള ചുവടുവെപ്പോ? ആര്‍ക്കറിയാം!

കൊച്ചിയില്‍ ഗ്രീറ്റിംഗ് കാര്‍ഡ് വിപണി സജീവമായെങ്കിലും യുവത്വം കമ്പ്യുട്ടറിനും ഇന്റര്‍നെറ്റിനും പിന്നാലെയാണ്. ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു, മുന്‍പൊക്കെ എത്ര കാമുകീ കാമുകസുഹൃത്തുക്കള്‍ക്ക് ക്രയോണ്‍സിലും, വാട്ടര്‍കളറിലുമൊക്കെ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്തു കൊടുക്കുമായിരുന്നു. ആര്‍ച്ചീസ്, ഹാള്‍മാര്‍ക്ക് തുടങ്ങിയവര്‍ക്ക് ഞാനൊരു വന്‍ പാരയായിരുന്നു. അന്ന് കമ്പ്യുട്ടറില്‍ വിന്‍ഡോസ് 3.1 ആയിരുന്നു ഓപ്പറേറ്റിംഗ് സിസ്റ്റം. അതില്‍ എന്തു മലമറിക്കാനാ! സീയും ഫോക്സ്പ്രോയും അരച്ചുകലക്കി പാവയ്ക്കാ ഷേയ്ക്ക് പോലെ കുടിക്കുമ്പോള്‍ ആകെ ഉള്ളൊരാശ്വാസം പെയിന്റ്ബ്രഷ് മാത്രമായിരുന്നു. ഇന്നിപ്പോള്‍ ഇന്റര്‍നെറ്റില്‍ എണ്ണിയാല്‍ തീരാത്തത്ര സൌജന്യ ഇ-കാര്‍ഡ് വെബ്സൈറ്റുകളുടെ ഒരു പ്രളയം തന്നെയാണല്ലോ.

എന്റെ പി.ജി.ഡി.സി.എ. കാലം. അക്കാലത്തും വന്നു ഒരു വാലന്റൈന്‍സ് ഡേ. കൂടെ പഠിക്കുന്ന പെണ്‍കുട്ടിക്ക് ഞാന്‍ ഗിഫ്റ്റിയത് ഒരു മനോഹരമായ കല്ലുവെച്ചൊരു മോതിരം. (കല്ലുവെച്ച നുണയല്ലട്ടാ) ക്ലാസ്സില്‍ പെണ്‍കുട്ട്യോളെ മൈന്‍ഡ് ചെയ്യാത്ത, “ഡു ഓര്‍ ഡൈ” എന്ന ഗ്യാംഗിന്റെ ലീഡറായ എന്നെ മിണ്ടിക്കണം എന്ന് ശപഥമെടുത്ത് വന്ന പെണ്‍പടയുടെ ലഫ്. കമാണ്ടര്‍ ആയിരുന്നു ആ പെണ്‍കുട്ടി. പിന്നീടെപ്പോഴോ പരസ്പരം അടുത്തു. ജീവിതത്തിന്റെ തായ്‌വഴികളില്‍ എന്നുമൊരുമിച്ചുണ്ടാവുമെന്ന് മധുരമായ് മൊഴിഞ്ഞ അവള്‍, എപ്പോഴോ അകന്നകന്നു പോയതിനെക്കുറിച്ച് പിന്നീടെപ്പോഴെങ്കിലും പറയാം.

ശിശിരം പോയ്... ഒരു ദിവസം രാവിലെ പത്ത് പതിനൊന്ന് മണിയായ്ക്കാണും. കൊച്ചി സെന്റ് തെരെസാസ് കോളേജിന് സമീപമുള്ള എസ് പ്ലനേഡ് എന്ന ഷോപ്പിംഗ് മാളില്‍ ഒരു സുഹൃത്തിന്റെ ഷോപ്പില്‍ ഒരു ഷോപ്പിംഗൊക്കെ തരമാക്കി പുറത്തേയ്ക്കിറങ്ങുമ്പോള്‍ എന്റെ മുന്നില്‍ വെളുത്തു കൊലുന്നനെയുള്ള ഒരു കൊച്ചു സുന്ദരി. ടൈറ്റ് ജീന്‍സും ടീ-ഷര്‍ട്ടുമൊക്കെ കണ്ടുപിടിച്ചതുതന്നെ ഈ കൊച്ചു മാലാഖയ്ക്കു വേണ്ടിയാണെന്ന് മനസ്സില്‍ പറഞ്ഞു തീര്‍ത്തില്ല, അതിനു മുന്‍പേ അവളുടെ കടന്നാക്രമണം. “ഹെല്ലോ”. അത് ഞാന്‍ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നെങ്കിലും ഞാനും ദ്രുതഗതിയില്‍ പ്രത്യഭിവാദനം ചെയ്തു “ഹെല്ലോ”. ഞാന്‍ ചോദ്യ ഭാവത്തില്‍ അവളെ നോക്കി. അപ്പോള്‍ അവള്‍ മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഒരു റോസാപ്പൂവെടുത്ത് നീട്ടി. ഇത്തവണ ഞാനൊന്ന് ഞെട്ടി. എന്റെ ഞെട്ടല്‍ മുഴുമിപ്പിക്കുവാന്‍ ഇടനല്‍കാതെ അവള്‍ മധുരിതമായ ശബ്ദത്തില്‍ “വിഷ് യു എ ഹാപ്പി വാലന്റൈന്‍സ് ഡേ”. ഹൊ! എന്റെ ശ്വാസം നേരെ വീണതും, ഞാന്‍ പറഞ്ഞൊപ്പിച്ചു “സേം ടു യു”. അപ്പോള്‍ മാത്രമാണ് അന്ന് ഒരു വാലന്റൈന്‍സ് ദിനമെന്ന് ഓര്‍ത്തത് തന്നെ. എത്രയോ ചുള്ളന്മാര്‍ നിരനിരയായും കൂട്ടംകൂട്ടമായും അവിടെ ആ സമയത്ത് ഹാജരുണ്ടായിരുന്നിട്ടും എന്നില്‍ എന്തു കണ്ടിട്ടാണാവോ പൂവ് തരാന്‍ എന്നെത്തന്നെ സമീപിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഇതു വരെ മനസ്സിലായിട്ടില്ല. ആ ചുള്ളന്മാരുടെ ആരാധനയും അസൂയയും കലര്‍ന്ന നോട്ടം ഇന്നും എനിക്ക് മറക്കാനാവുന്നില്ല. മാര്‍ട്ടിന ഹിംഗിസിന്റെ ച്ഛായയുള്ള ആ പെണ്‍കുട്ടിയെ ആ ഷോപ്പിംഗ് മാളില്‍ പിന്നീടൊന്നും പോയപ്പോള്‍ കണ്ടിട്ടില്ല. ഒരിക്കലും...

ഇന്ന് ഒരു പ്രമുഖ പത്രം കൊച്ചിയിലുള്ളവര്‍ക്ക് വലന്റൈനുകളെ എങ്ങനെ പ്രൊപ്പോസ് ചെയ്യാമെന്നുള്ള 10 പോയിന്റ്സ് പറഞ്ഞു കൊടുത്തിരിക്കുന്നു! കാലം പോയ പോക്കേ!
അതില്‍ ഏറ്റവുമാദ്യം കൊടുത്തിരിക്കുന്ന പോയിന്റ് :

അവളെ ബോള്‍ഗാട്ടിയിലേയ്ക്ക് കൊണ്ട് പോകൂ. അവള്‍ കായലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ചുവന്ന റോസാപ്പൂവെടുത്തിട്ട്, പറയൂ ആ മൂന്ന് വാക്കുകള്‍ - ഐ ലവ് യു !

ഇനിയും 9 കിടിലന്‍ പോയിന്റുകള്‍ അവര്‍ ഉപദേശിച്ചു തന്നിട്ടുണ്ട്. താല്പര്യമുള്ള കൊച്ചിക്കാര്‍ക്ക് ട്രൈ ചെയ്യാവുന്നതാണ്. ബാക്കിയുള്ള ആ 9 പോയിന്റ്സും ഇവിടെ എഴുതിയാല്‍ അവര്‍ എനിക്കെതിരെ കോപ്പിറൈറ്റ്സ് നിയമം വച്ച് ഒരു താങ്ങ് താങ്ങിയാലോ? യേത്.. ;)

ഓഫീസില്‍ പോവാന്‍ ടൈമായി... എല്ലാവര്‍ക്കും കൊച്ചി രാജാവിന്റെ വാലന്റൈന്‍സ് ദിനാശംസകള്‍. പ്രണയിക്കുന്നവരേ... നിങ്ങളോടൊരു വാക്ക് - പ്രണയം ദുഃഖമല്ലോ ഫ്രണ്ട്ഷിപ്പല്ലോ സുഖപ്രദം !!!

13 comments:

:: niKk | നിക്ക് :: said...

അവളെ ബോള്‍ഗാട്ടിയിലേയ്ക്ക് കൊണ്ട് പോകൂ. അവള്‍ കായലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ചുവന്ന റോസാപ്പൂവെടുത്തിട്ട്, പറയൂ ആ മൂന്ന് വാക്കുകള്‍ - ഐ ലവ് യു !

Siju | സിജു said...

ഇതൊക്കെ വെറുതെയാണെന്നേ..
അല്ലാതെന്തു പറയാനാ.. :-)

സുല്‍ |Sul said...

ഓര്‍ക്കുക നവമ്പര്‍ 14

-സുല്‍

Peelikkutty!!!!! said...

നിക്കെ,ഹാപ്പി വാല... ഡേ..സെം റ്റു മീ..
കല്ലു വച്ച...

paarppidam said...

പോക്കറ്റില്‍ കാശുള്ളവര്‍ക്ക്‌ വാലന്‍ഡേയ്സ്‌ ഡേ ഇല്ലാത്തവര്‍ക്ക്‌ ഫ്ലവര്‍ ടെയ്‌ലന്‍സ്‌ ഡേ

Rasheed Chalil said...

പ്രണയിക്കാനാണോ ഈ ദിവസം... എങ്കില്‍ ഒരു ദിവസത്തില്‍ ഒതുങ്ങുന്ന പ്രണയമാണോ ഉദ്ദേശിക്കുന്നത്.

ഇനി പ്രണയമറിയിക്കാനാണോ ഈ ദിനം എങ്കില്‍ അതിനുവേണ്ടി ഈ ദിവസം വരെ കാത്തിരിക്കുന്നത് മണ്ടത്തരമല്ലേ... പിന്നെ എന്തിനാവും... ?‍

കുറുമാന്‍ said...

ശിശിരം പോയ്... പോയാ പോട്ടട നിക്കേ. ഒരു ശിശിരം പോയാല്‍ മറ്റൊരു ശിശിരം വരും, അതുമല്ലെങ്കില്‍ വസന്തമോ, ഹേമന്തമോ വരും, ഒന്നുമില്ലെങ്കില്‍ ആലപ്പുഴക്ക് പോയാല്‍ മന്തെങ്കിലും വരും :)

sandoz said...

അവളെ ബോള്‍ഗാട്ടിയിലേയ്ക്ക് കൊണ്ട് പോകൂ. അവള്‍ കായലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ചുവന്ന റോസാപ്പൂവെടുത്തിട്ട്, പറയൂ ആ മൂന്ന് വാക്കുകള്‍ - ഐ ലവ് യു !


എന്നിട്ട്‌ വേണം അവളു ചവിട്ടി കായലില്‍ ഇടാന്‍......നല്ല പോയന്റുകള്‍....

തമനു said...

പ്രണയിക്കുമ്പോ അങ്ങനെയൊരു ദിവസം കൂടി ഇരിക്കട്ടേന്നേ ... നല്ലതല്ലേ ...

ഒരു സംശയം : നിക്കേ ആ ജീന്‍സിട്ട പെണ്‍കൊച്ച്‌ എന്തോ തന്നെന്നാ ..? റോസാപ്പൂവോ .. തനിക്കോ ..? ഒന്നൂടോര്‍ത്തു നോക്കിക്കേ .. ചെമ്പരത്തിപ്പൂവല്ലാരുന്നോന്ന്‌ ..? എന്നിട്ട്‌ ഇംഗ്ലീഷില്‍ പറഞ്ഞതില്‍ ചെവിപ്പുറകില്‍ എന്നര്‍ത്ഥം വരുന്ന വാക്കുകളെന്തെങ്കിലുമുണ്ടായിരുന്നോ ..? ഓര്‍ത്തു നോക്കിക്കേ ..!!!

ഏറനാടന്‍ said...

നിക്കേ ഒന്നവിടെ നിക്ക്വാ...
ന്നാ.. ഇതുംകൂടെങ്ങട്‌ പിടിച്ചോളൂ.
ഏതേലും ചരക്ക്‌ (ലാറി or കേയ്‌റ്റ്‌) വരുവാണേല്‍ കൊട്‌:

"വിഷ്‌ യൂ ഏയ്‌ ഹപ്പി സീറ്റ്‌ വാലിണ്ടാന്‍സ്‌ ഡേയ്‌!!"

:: niKk | നിക്ക് :: said...

ലവ് ഈസ് ഓണ്‍ ദി എയര്‍
മൂസിക് ഈസ് ഓണ്‍ ദി എയര്‍
എല്ലാവര്‍ക്കും എന്റെ വാലന്റൈന്‍സ് ദിനാശംസകള്‍ :)

Sona said...

നിക്കിനു പൂവാലന്റൈന്‍സ്..സോറി..വാലന്റൈന്‍സ്ദിന ആശംസകള്‍...
കുറുമാന്‍ പറഞ്ഞതിനോടു ഞാനും യോജിക്കുന്നു..ഒരു ശിശിരം പോയാല്‍ പോട്ടേന്നേ...വസന്തമോ,ഹേമന്തമോ ഒക്കെയാവും അപ്പുറത്തു കാത്തിരിക്കുന്നത്...

Unknown said...

നിക്ക് ബൂലോഗത്തെ പൂവാലനാണെന്നാ പാണന്മാര്‍ പാടുന്നത്. ആണോ നിക്ക് ചേട്ടാ? ഏയ് നിക്ക് (കായല്‍-ഷഡ്ഡി-ഫോട്ടോ ഫെയിം)ആവാന്‍ വഴിയില്ല. :-)

പൂവാലന്റൈന്‍സ് ഡേ ആശംസകള്‍! :-)