Wednesday, March 21, 2007

ഇക്ബാല്‍ സാറിന് ആദരാഞ്ജലികള്‍

ഡോ. രാജന്‍ എന്നെ ചൂണ്ടിക്കാണിച്ചു കൊണ്ട് ആ മെലിഞ്ഞ്, നരച്ച താടിയുള്ള പ്രസന്നവദനനായ ആ വ്യക്തിയോട് ചോദിച്ചു. “സര്‍ ഇയാളെ അറിയുമോ?“ അദ്ദേഹം ഡോക്ടറെയും എന്നെയും മാറിമാറി നോക്കി, അറിയില്ലെന്ന് തലവെട്ടിച്ച് ആംഗ്യം കാണിച്ചു. രാജന്‍ സര്‍ തുടര്‍ന്നു എന്നെ അദ്ദേഹത്തിന് പരിചപ്പെടുത്തി. “സര്‍ ഇത് ഫോര്‍ട്ടുകൊച്ചിയില്‍ മെഹബൂബിന്റെ കാലത്തുണ്ടായിരുന്ന ഒരു കവിയുടെ കൊച്ചുമകനാണ്.” ഡോക്ടര്‍ ആ കവിയുടെ പേര് പറഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം എന്നോടായ് പറഞ്ഞു. “ഞാന്‍ ഇക്ബാല്‍. ഞാന്‍ മുത്തച്ഛന്റെ ഒരു പഴയ സുഹൃത്താണ്. വീട്ടില്‍ എന്റെ പേര് പറഞ്ഞാല്‍ മതി മനസ്സിലാവും. എല്ലാവരോടും അന്വേഷണം പറയുക.” ഇങ്ങനെയാണ് ഇന്നലെ സന്ധ്യയ്ക്ക് നമ്മെയൊക്കെ വിട്ടുപിരിഞ്ഞ ശ്രീ. ഇക്ബാല്‍ സാറിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നതും സംസാരിക്കുന്നതും. മട്ടാഞ്ചേരിയുടെ ഹൃദയസ്പന്ദനത്തെ തൊട്ടറിഞ്ഞ ജീവനായിരുന്നു അദ്ദേഹം.

അതിന് ശേഷം കൊച്ചി കോര്‍പ്പറേഷന്റെയും പൈതൃക പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്നിട്ടുള്ള പല സാംസ്കാരിക-കലാ സംഗമങ്ങളില്‍ ഇക്ബാല്‍ സാറിനെ കാണുകയുണ്ടായിട്ടുണ്ട്. പിന്നീടെപ്പോഴൊ കൊച്ചി നഗരസഭയിലെ ജോലിയൊക്കെ ഉപേക്ഷിച്ച് കൊച്ചിയിലെ ഒരു ഐ.ടി. പാര്‍ക്കില്‍ ജോലിക്ക് കയറുമ്പോള്‍ സ്വാഭാവികമായും ഒരുപാട് പേരുമായുമുള്ള സമ്പര്‍ക്കം കുറഞ്ഞു കുറഞ്ഞു വന്നു.

2007 മാര്‍ച്ച് ആദ്യ വാരമാണ് ശ്രീ. പ്രദീപ് സോമസുന്ദരത്തിന്റെ (ഗായകന്‍) ഓര്‍ക്കൂട്ട് സുഹൃത്തുക്കളുടെ ഇടയില്‍ ഈ പരിചിത മുഖം ഞാന്‍ വീണ്ടും കാണുന്നത്. അന്ന് ഞാന്‍ ഒരുപാട് സന്തോഷിച്ച ഒരു ദിവസമായിരുന്നു. ഇക്ബാല്‍ സാ‍റിനെ ഓര്‍ക്കൂട്ട് പോലെ ഒരു സൈബര്‍ ലോകത്ത് കണ്ടുമുട്ടിയതിന്റെ, പരിചയം പുതുക്കിയതിന്റെ ആഹ്ലാദം, ത്രില്ല് ! ഞങ്ങള്‍ അന്ന് ജി-ടാക്കില്‍ കുറെയേറെ നേരം ചാറ്റ് ചെയ്തിരുന്നു. ആ തിരക്കിനിടയിലും അദ്ദേഹം എന്നോട് സംസാരിക്കുവാന്‍ താല്പര്യം കാണിച്ചിരുന്നു.

ഇന്നുച്ചയ്ക്ക് ഞാന്‍ ഓഫീസിലായിരിക്കുമ്പോള്‍ ഒരു ഓര്‍ക്കൂട്ട് സുഹൃത്ത് എന്നെ വിളിച്ചു. “എടാ നീ ഇപ്പോ എവിടെയാ?” ഞാന്‍ പറഞ്ഞു “ഓഫീസില്‍. അല്ലതെവിടെയാ?” അവള്‍ തുടര്‍ന്നു “നീ അറിഞ്ഞില്ലേ നിന്റെ ഓര്‍ക്കൂട്ടില്‍ ഫ്രണ്ട്സ് ലിസ്റ്റില്‍ ഉള്ള ആ ഇക്ബാല്‍ അന്തരിച്ചു”. എനിക്ക് ശ്വാസംകിട്ടാതെ വിശ്വസിക്കാനാവതെ തരിച്ചു നിന്നു. “ഇന്നു മനോരമയില്‍ വാര്‍ത്തയും ഫോട്ടോയും കണ്ടിരുന്നു. ഇന്നെന്തോ ഞാന്‍ നിന്റെ സ്ക്രാപ്പ് ബുക്കില്‍ കയറി നോക്കി. ഇക്ബാല്‍ ഇന്നലെ നിനക്കൊരു സ്ക്രാപ്പ് ഇട്ടിട്ടുണ്ട്.” അങ്ങിനെയാണ് ഞാനാ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അറിഞ്ഞത്.

അതെ, അദ്ദേഹം പ്രാണന്‍ വെടിയുന്നതിന് തൊട്ടുമുന്‍പ് എനിക്കിട്ടിരുന്ന സ്ക്രാപ്പ്. “ഹൌ ആര്‍ യു”. അങ്ങിനെ അദ്ദേഹത്തിന്റെ മറ്റ് സുഹൃത്തുക്കള്‍ക്കും സ്ക്രാപ്പ് ചെയ്തിരുന്നതായി പത്രങ്ങളില്‍ വായിച്ചു. കമ്പ്യൂട്ടറിന് മുന്നില്‍ വച്ചുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍... കാര്‍ഡിയാക് അറസ്റ്റ് അദ്ദേഹത്തെ പ്രിയപ്പെട്ടവരില്‍ നിന്നുമൊക്കെ കാര്‍ന്നെടുത്ത്...

എനിക്കിനിയും എഴുതാനാവുന്നില്ല. വാക്കുകള്‍ മുറിയുന്നു.. കണ്ണുകള്‍ നിറയുന്നു...

കൊച്ചിയുടെ പ്രിയ ഇക്ബാല്‍ സാറിന് ആദാരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ...

ഇക്ബാല്‍ സാറിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താഴെക്കാണുന്ന അദ്ദേഹത്തിന്റെ പേഴ്സണല്‍ വെബ്സൈറ്റ് നോക്കുക...
http://ikku.multiply.com/

10 comments:

:: niKk | നിക്ക് :: said...

കൊച്ചിയുടെ പ്രിയ ഇക്ബാല്‍ സാറിന് ആദരാഞ്ജലികള്‍... :(

പാര്‍വതി said...

ഇദ്ദേഹത്തെ അറീയില്ലെങ്കിലും പ്രിയ സുഹൃത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന നിക്കിനെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ തിരയുന്നു.

“Life is a journey,
don't mind if I step down early
but keep in your mind always-
the times we cherished, closely."

-പാര്‍വതി.

സു | Su said...

:(

കുറുമാന്‍ said...

ഇക്ബാല്‍ സാറിന് ആദരാഞ്ജലികള്‍.

നല്ലവരെ ദൈവം വേഗം വിളിക്കുന്നു എന്ന് കരുതാനാണെനിക്കെഷ്ടം

തക്കുടു said...

ആദരാഞ്ജലികള്‍......

നിക്ക്, അറിയുന്നവരുടെ, നമ്മള്‍ ബഹുമാനിക്കുന്നവരുടെ വേര്‍പാട് എപ്പോഴും വേദനയുണ്ടാക്കുന്നു.....

ബിന്ദു said...

അയ്യോ.. :(

riz said...

ഹിന്ദുസ്ഥാനി സംഗീതത്തെയും കൊച്ചിയെയും സ്നേഹിച്ച ‘ഇക്കു’വെന്ന ഇക്ബാല്‍ സാറിനെക്കുറിച്ച് ഓര്‍ക്കുട്ടില്‍ നിന്നറിഞ്ഞിരുന്നു.

ആദരാഞ്ജലികള്‍...

px said...

ninakkoppam njanum... :(

ശാലിനി said...

പ്രിയപ്പെട്ടവരുടെ വേര്‍പാട് എന്നും വേദനിപ്പിക്കുന്നതാണ്.

ആദരാഞ്ജലികള്‍

Sona said...

ഇക്ബാല്‍ സാറിന് എന്റെ ആദരാഞ്ജലികള്‍..അദ്ദേഹത്തിന്റെ ആത്മാവിന് ആത്മശാന്തി നേരുന്നു.