Sunday, May 25, 2008

ആകാശത്തൊരു ബൂമറാംഗ് !!!

രാത്രിയില്‍ ടെറസ്സിലിരുന്ന് ആകാശം നോക്കിയിരിക്കുവാന്‍ എന്തു രസമാണ്. നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നതും വാല്‍നക്ഷത്രങ്ങള്‍ ശരം കണക്കെ പായുന്നതും പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘകണങ്ങളും... ഹാ! ഇതൊക്കെ ഞാന്‍ കാ‍ണാറുള്ള ആകാശക്കാഴ്ചകളില്‍ ചിലതാണ്. പക്ഷെ, മിനിഞ്ഞാന്ന് രാത്രി മുതല്‍ ഞാന്‍ കണ്ട വേറിട്ട കാഴ്ചകളെക്കുറിച്ചാണ് ചുവടെ കുറിക്കുന്നത്.

വിളക്ക് കൊളുത്തലും നാമജപവുമൊക്കെ കഴിഞ്ഞ് എന്റെ അമ്മ ടെറസ്സില്‍ ഒരു കസേരയൊക്കെയിട്ട് മാനം നോക്കിയിരിക്കുന്ന പതിവുണ്ട്. സമയം കിട്ടുന്നതിനനുസരിച്ച് അമ്മയ്ക്ക് കമ്പനിയായ് ഞാനും കൂടാറുണ്ട്. അങ്ങിനെ ആകാശത്ത് കാണുന്ന ഓരോ നക്ഷത്രത്തിന്റെ പേരുകള്‍ ചെറുപ്പത്തില്‍ അമ്മയുടെ അമ്മ പറഞ്ഞു കൊടുത്തിട്ടുണ്ടത്രേ! അമ്മയ്ക്ക് ഓര്‍മ്മയുള്ള ആ പേരുകളില്‍ ചിലത് എനിക്ക് പകര്‍ന്നു തന്നും, തിരിച്ച് എനിക്ക് അറിവുള്ള കാര്യങ്ങള്‍ അമ്മയ്ക്ക് പകര്‍ന്നുകൊടുത്തും ആകാശത്തിന്റെ മായികക്കാഴ്ചയില്‍ മയങ്ങി ഞങ്ങളിങ്ങനെയിരിക്കും, മണിക്കൂറുകളോളം...

മേയ് 22, 2008 വ്യാഴം
രാത്രി 7 മണിക്ക് ശേഷം പതിവ് പോലെ ഞങ്ങള്‍ ടെറസ്സിലിരിക്കുമ്പോള്‍, അമ്മ പെട്ടെന്ന് ഒരു മിന്നാമിനുങ്ങിനെപ്പോലെ വടക്ക് ദിശയില്‍ നിന്നും തെക്ക് പടിഞ്ഞാറേയ്ക്ക് മിന്നിമിന്നി മെല്ലെ നീങ്ങുന്ന ഒരു സാധനം ചൂണ്ടിക്കാണിച്ചു തന്നു. ആദ്യം ഞങ്ങള്‍ അതൊരു സാധാരണ വിമാനമെന്ന് വിചാരിച്ചു. പക്ഷെ, ഒരു വിമാനമല്ലെന്നുറപ്പിച്ചു. കാരണം, ഒരു വിമാനത്തിന്റെ വിളക്കുകള്‍ മിന്നിത്തെളിയുന്നത് കണ്ടിട്ടുള്ളത്‍ ഒരിക്കലും ഇങ്ങനെയല്ല. കൂടാതെ വിമാനത്തിന്റെ ഇരമ്പലുമില്ല. വളരെ നിശബ്ധമായ് നീങ്ങുന്ന ഒരു വസ്തു. അതെന്താണെന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മനസ്സിലായില്ല.

മേയ് 24, 2008 ശനി
ഐ.പി.എല്‍. ലെ ഇഷ്ട ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ജയം ടിവിയില്‍ കണ്ടതിന് ശേഷം ഞാന്‍ ടെറസ്സിലേക്ക് പോയി. അമ്മ നേരത്തേ തന്നെ അവിടെ സന്നിഹിതയായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ത്തന്നെ അമ്മ പറഞ്ഞു.

“ഡാ, ഇന്നലെ ഞാനൊരു കാഴ്ച കണ്ടു. വെളുത്തിട്ട് വളഞ്ഞിരിക്കുന്ന ഒരു വടിയുടെ രൂപത്തില്‍ ഒരു വസ്തു ദേ എന്റെ തലയ്ക്ക് മുകളിലൂടെ വടക്കോട്ട് പോയി. ആദ്യം ഞാന്‍ വിചാരിച്ചു ഒരു തുണ്ട് മേഘമാണെന്ന്. പക്ഷെ മേഘം ഇത്ര വേഗത്തില്‍ നീങ്ങുകയില്ലല്ലോ. ഇതുവരെ അങ്ങിനെ ഒരു വസ്തു ഇതിനു മുന്‍പ് കണ്ടിട്ടില്ല.”

മിന്നാമിനുങ്ങ്
ഇന്നലെ കുറച്ച് പണിയുണ്ടായിരുന്നത് കൊണ്ട് അമ്മയ്ക്കൊപ്പം ആകാശം നോക്കിയിരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ആകാശത്തില്‍ നോക്കി നക്ഷത്രങ്ങള്‍ എണ്ണിക്കൊണ്ടിരുന്നു. ആകാശം ഇന്ന് നന്നേ ഇരുണ്ടിരിക്കുന്നു. പക്ഷെ, വെള്ളപ്പഞ്ഞിക്കെട്ട് പോലുള്ള മേഘങ്ങള്‍ വടക്ക് ഭാഗത്തായി കാണാം. ഞാന്‍ അത്ഭുതപ്പെട്ടു... ചന്ദ്രന്റെ അഭാവത്തിലും ആ മേഘങ്ങള്‍ എങ്ങനെയിത്ര വ്യക്തമായിക്കാണാന്‍ കഴിയുന്നു. സമയം 7:15 ആയിട്ടുണ്ടാവണം. അമ്മ പെട്ടെന്ന് തെക്ക് ഭാഗത്തേക്ക് വിരല്‍ ചൂണ്ടിയിട്ട് ചോദിച്ചു.... “അത് ആ മിന്നാമിനുങ്ങ് അല്ലേ?”

ഇളം പച്ച നിറത്തില്‍, അത്ര തെളിച്ചമില്ലാത്തതുമായ ഒരു വെളിച്ചം മിന്നിമിന്നി നീങ്ങുന്നു. മിനിഞ്ഞാന്ന് കണ്ടത് പോലെ തന്നെ... വടക്ക് നിന്ന് തെക്ക് പടിഞ്ഞാറായ് നീങ്ങുന്നു... ഭൂമിയില്‍ നിന്നും വളരെ ഉയരത്തില്‍ നീങ്ങുന്ന ആ വസ്തു നിമിഷങ്ങള്‍ക്കകം പടിഞ്ഞാറ് മരങ്ങള്‍ക്കപ്പുറം ഞങ്ങളുടെ കാ‍ഴ്ചയില്‍ നിന്നും മറഞ്ഞു. വീണ്ടും ഒരു 10 മിനുട്ട് ആയിട്ടുണ്ടാവും... ഇത്തവണ തെക്കു നിന്ന് എന്റെ തലയ്ക്ക് മീതെ വടക്കോട്ട് നേരത്തേ കണ്ട ‘മിന്നാമിനുങ്ങ്’ വടക്കു ഭാഗത്തേക്ക് നീങ്ങുന്നു. വടക്കു ഭാഗത്ത് മേഘങ്ങളുള്ളതിനാല്‍ പെട്ടെന്ന് തന്നെ ആ കാഴ്ച അവസാനിച്ചു...

ബൂമറാംഗ്
ഇപ്പോള്‍ സമയം 7:45 നോട് അടുത്തിട്ടുണ്ടാവണം. ഞാന്‍ വെറുതെ തല പിറകിലേയ്ക്ക് ചരിച്ച് മുകളിലേയ്ക്ക് തന്നെ നോക്കിരുന്നു. പെട്ടെന്ന് നേരെ മുകളില്‍ തെക്ക് നിന്നും വടക്കോട്ട് ഒഴുകി നീങ്ങുന്നു ഒരു വലിയ ബൂമറാംഗ് !!!

“അമ്മേ ഇതാണോ മുമ്പ് കണ്ടെന്ന് പറഞ്ഞത്?”

അമ്മ പറഞ്ഞു “അതെ. ഇതു തന്നെ. ഞാന്‍ പറഞ്ഞപ്പോള്‍ നീ കാര്യമായ് എടുത്തില്ലല്ലോ!”

ഞാന്‍ പറഞ്ഞു “ശ്..ശ്.. മിണ്ടല്ലേ...” ഇത് വല്ല വലിയ വിമാനമോ മറ്റോ ആണോ എന്നറിയുവാനാണ് മിണ്ടല്ലേ എന്നു പറഞ്ഞത്... ഞങ്ങള്‍ കാതോര്‍ത്തു....ഇല്ല, ഒരു ഇരമ്പലുമില്ല. വളരെ സ്മൂത്തായ് നീങ്ങി... പെട്ടെന്ന് മേഘക്കൂട്ടത്തിനിടയില്‍ മറഞ്ഞു !!!

ഇങ്ങനെയൊന്ന് ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല. ആദ്യം ഒരു ഒപ്റ്റിക്കല്‍ ഇല്ലൂഷന്‍ പോലെ തോന്നിയെങ്കിലും, പിന്നെ തോന്നി... ദേശാടനക്കിളികള്‍ കൂട്ടമായ് നീങ്ങും പോലെ... പക്ഷെ അത്രയും ഉയരത്തില്‍ രാത്രി, അവയെ ഒന്ന് കാണാന്‍ പോലും കഴിയില്ലല്ലോ.

ഞാന്‍ കണ്ടത്
വെളുത്ത ലൈറ്റുകള്‍ പോലെ... മങ്ങിയ നിറത്തില്‍. നമ്മുടെ കൈ നീട്ടിപ്പിടിച്ചാല്‍, ഏതാണ്ട് അത്രയും വലുപ്പത്തില്‍‍. ശരിക്കും ഒരു ബൂമറാംഗിന്റെ രൂപത്തില്‍.

എനിക്കറിയാവുന്ന എല്ലാ വസ്തുക്കളേയും വച്ച് ഞാന്‍ താരതമ്യപ്പെടുത്തിനോക്കി. ഒരു എയര്‍പ്ലെയിന്‍?
ഒരു എയര്‍പ്ലെയിന്‍ ഇത്ര ഉയരത്തില്‍ പറക്കുമ്പോള്‍ ഒരു തീപ്പെട്ടിക്കൂടിന്റെ വലുപ്പത്തില്‍ പോലും നമുക്ക് കാണാനാവില്ലല്ലോ! അപ്പോള്‍ അതൊരു പ്ലെയിനല്ല. പക്ഷികളുമല്ല. അപ്പോള്‍ പിന്നെ എന്താണ്? ആകെക്കുടി ഒരു പരവേശം... അതെന്താണെന്നറിയുവാനുള്ള ത്വര... ലോകത്തോട് വിളിച്ചു പറയാന്‍ തോന്നി... കണ്ടതെന്തെന്നറിയില്ലെങ്കിലും തിരിച്ചറിയപ്പെടാത്ത എന്തോ ഞാന്‍ കണ്ടു എന്ന് പറയുവാന്‍ തോന്നിയ നിമിഷങ്ങള്‍... എന്റെ വികാരങ്ങള്‍ ശരിയായി പ്രകടിപ്പിക്കുവാന്‍ ‍വാക്കുകളിലൂടെ കഴിയുന്നില്ല ...

ഗൂഗിള്‍ പറഞ്ഞത്
ഈയവസരത്തില്‍ പലരും ചെയ്യും പോലെ ഗൂഗിളിനോട് ചോദിച്ചു... “boomerang shape in the sky” ഒരുപാട് സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍ പ്രത്യക്ഷപ്പെട്ടു. എല്ലാത്തിന്റെയും പ്രധാന തലക്കെട്ട് UFO / Alien ആയിരുന്നു. അവിടെ കണ്ട ഒരു ലിങ്ക് ഇതാ ഇവിടെ. ഇതില്‍ കൊടുത്തിരിക്കുന്ന ഒരു ചിത്രം ഞങ്ങള്‍ കണ്ട വസ്തു തന്നെയായിരുന്നു. അവിടെ നിന്നും ലഭിച്ച ചിത്രം താഴെ കൊടുക്കുന്നു.

ഈ ചിത്രത്തില്‍ കാണുന്നത് പോലെ മങ്ങിയ ലൈറ്റുകളാണ് ഞങ്ങള്‍ കുറച്ച് നേരം മുന്‍പ് കണ്ടതെന്ന് ഓര്‍ത്തപ്പോള്‍... ഹൊ! എനിക്കത് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല !!! അപ്പോള്‍ ഞങ്ങള്‍ കണ്ടത് ഒരു UFO/Alien ??? ഉള്ളില്‍ ചോദ്യങ്ങളുടെ ഒരു കാര്‍ണിവല്‍ !!! ആര്‍ക്കെന്നെ സഹായിക്കാനാവും? ആര്‍ക്കെന്റെ ചോദ്യങ്ങള്‍ക്കുത്തരമേകാനാവും??

എനിക്കാകെ ഇരിക്കപ്പൊറുതിയില്ലാതായി. ഇക്കാര്യം എല്ലാവരോടും പങ്കുവയ്ക്കണമെന്ന ഉദ്ദേശത്തോടെ ഫ്ലിക്കറിലെ ‘മലയാളിക്കൂട്ടം’ എന്ന ഗ്രൂപ്പിലെ ഡിസ്ക്കഷന്‍ ബോര്‍ഡില്‍ ഒരു Topic ആയി എഴുതിയിട്ടു.

A boomerang in the sky !!!
Dear friends, had to share something I experienced tonight on my terrace, let me start with an intro.

Last night my mom told me she saw something moving in the sky, something unlike anything she had seen in all her whole life. She said it was kind of triangular and moved really fast across the sky.

Tonight between 7.30 and 7.45 PM IST, I was on the terrace with her hoping to see what she was talking about and lo behold a boomerang shaped object appeared traveling from south heading northwards, white and blurry in the sky, it was large (larger than any plane I have seen flying at that height, made no noise at all and disappeared as fast as it appeared...)

I tried to compare it with everything I know that flies from bird to airplanes but to no avail... am not sure as to what I saw today but I know for sure I saw it....so I did what any one else would do googled "boomerang shape in sky" and found this link!!! the picture almost exactly like what my mom and I saw in the sky, coincidence? I guess not, so I believe it was a un- identified flying object or a UFO... I wonder ‘Who’ is watching us from above and why?
PS: Nope! I don't have any pics!

ആരെങ്കിലും സഹായകരമായി എന്തെങ്കിലും ഒരു ഉപദേശമോ മറ്റോ തരും എന്ന് വിചാരിച്ച് കാത്തിരുന്നു. പക്ഷെ, ആരും ഇതത്ര കാര്യമായി എടുത്തില്ല എന്ന് തോന്നിപ്പിക്കും വിധമായിരുന്നു അവിടെ നിന്ന് ലഭിച്ച ആദ്യ കമന്റുകള്‍ സൂചിപ്പിച്ചത്. അവരില്‍ പലരും ചോദിച്ചത് ഇതായിരുന്നു. “എന്തു കൊണ്ട് ആ കാഴ്ച കാമറയില്‍ പകര്‍ത്തിയില്ല?” ഒരാള്‍ ഇങ്ങിനെയും പറഞ്ഞു “സ്റ്റില്‍ കാമറയില്‍ വേണ്ട... അത് നീതികാണിക്കില്ല. അതുകൊണ്ട് ഒരു വീഡിയോ കാമറയില്‍ ഷൂട്ട് ചെയ്ത്, നാളെ പോസ്റ്റ് ചെയ്യൂ”. ശരിക്കും വിഷമം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ഇതിനിടയ്ക്ക് ISRO യ്ക്ക് ഞങ്ങള്‍ കണ്ട കാര്യങ്ങളെക്കുറിച്ച് ഒരു മെയിലും അയച്ചു.

ചുരുളഴിയുന്നു
ഇന്നത്തെ എന്റെ ഉറക്കം കട്ടപ്പൊഹ എന്നു വിചാരിച്ച് മോണിട്ടറിന് മുന്നില്‍ അത്താഴം പോലും കഴിക്കാതെ മണിക്കൂറുകളോളം ഞാന്‍ കാത്തിരുന്നു. ആരെങ്കിലും എനിക്ക് ഒരു ‘ഉത്തരം’ തരുമെന്ന് തന്നെ പ്രതീക്ഷിച്ചു. ആ പ്രതീക്ഷ അസ്ഥാനത്തായില്ല. ഏതാണ്ട് 12 മണി കഴിഞ്ഞപ്പോള്‍ ഞാന്‍ കാത്തിരുന്നത് നസീര്‍ ഒമര്‍ (NO) ന്റെ കമന്റിന്റെ രൂപത്തില്‍ വന്നു. ആ കമന്റ് ഞാനിവിടെ പകര്‍ത്തുന്നു.

Dear friends n Nikk,

what you saw on de sky most probably may be the International Space Station. I've been trying to locate this but failed due to travel, restless driving n lack of sleep. but my collegues from UAE wrote about this two days back for the members of ENHG (Emirates Natural History Group) to keep an eye. It can be viewed from May 14th till 26th. so please keep an eye and try to capture if possible!!

here's some info about it:

International Space Station (ISS) passing overhead.
The space station is normally visible once or twice a day, but from Wednesday to Friday, it can be seen making as many as four daily passes over North America and Europe.

Satellites like the ISS are only visible on Earth when they are in sunlight and the viewer is in deep twilight or darkness. Such a scenario can occur more often at certain times of the year, when the Earth's orientation relative to the Sun allows the ISS tomove out of Earth's shadow.

That will occur over the next three days, when the station will be bathed in sunlight almost constantly. Since it takes just 90 minutes or so to orbit the Earth, it will be visible multiple times around dawn and dusk.

The space station, which orbits at an altitude of 386 kilometres, is by far the biggest and brightest manmade satellite circling the planet. It looks as bright as Venus or Jupiter and can be seen even in well-lit cities.

It can be seen with the naked eye but is recommend if you have binoculars to try them because then you see a much more detailed view. Construction of the orbital outpost, which is about as tall as a nine-story building, started in 1998 and will be completed in 2010.

NASA's space shuttle Endeavor is scheduled to be launched on 31st May. Another unique viewing opportunity will occur two days later, when the shuttle docks with the ISS, making the station appear even brighter than usual.

Gud Luck n thank you Nikk for sharing your experience with us!!

NO യെ 12:30 യോടെ വിളിച്ച് എന്റെ സന്തോഷവും നന്ദിയും അറിയിച്ചു.

തലയ്ക്കു മുകളിലൂടെ ഇന്നലെ രാത്രി ഒഴുകി നീങ്ങിയത് ഒരു സ്പേസ് സ്റ്റേഷനായിരുന്നു !! അതൊരു പുതിയ അറിവായിരുന്നു. സ്പേസില്‍ പോവാനൊക്കില്ലെങ്കിലും, ഒരു സ്പേസ് സ്റ്റേഷന്‍ എനിക്ക് കാണാനൊത്തല്ലോ എന്ന സന്തോഷം... സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !!! ഇന്ന് രാത്രി 7 മണിക്ക് തന്നെ ടെറസ്സില്‍ കാത്തിരിക്കണം, കാമറയുമായി. ഫ്ലിക്കര്‍ സുഹൃത്തുക്കളും അതു തന്നെ ചെയ്യുമെന്ന് ആശിക്കുന്നു. ഇന്നു രാത്രി കാര്‍മേഘങ്ങള്‍ ഉണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയോടെ...

54 comments:

:: niKk | നിക്ക് :: said...

“ആകാശത്തൊരു ബൂമറാംഗ്”

വളരെ നാളുകള്‍ക്ക് ശേഷമാണ് ഇവിടെ ഒരു പോസ്റ്റ് ഇടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് എനിക്കുണ്ടായ ചില അനുഭവങ്ങളാണ് ഇക്കുറി ഒരു നെടുങ്കന്‍ പോസ്റ്റായി രൂപം കൊണ്ടത്.

എനിക്കും അമ്മയ്ക്കും ഉണ്ടായ ഈ അനുഭവങ്ങള്‍ നിങ്ങളരോരുത്തര്‍ക്കും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുന്നു.

Rasheed Chalil said...

ഒര്‍ത്തിരിക്കാന്‍... ഒരു നല്ല അനുഭവം. അപൂര്‍വ്വമായ കാഴ്ച... ഭാഗ്യവാന്‍. :)

asdfasdf asfdasdf said...

നല്ല അനുഭവം.നാളേ ലവന്റെ ഒരു വീഡിയോ കാണാം അല്ലേ.

[ nardnahc hsemus ] said...

നിക്കേ,
സംഭവം കലക്കി. ബൂലോകത്ത് ഷെയര്‍ ചെയ്തതിനു നന്ദി. ആ യുഫോര്‍ത്ത് സൈറ്റ് ആദ്യം കണ്ടപ്പോള്‍ ഒന്നു ഞെട്ടി ട്ടോ..
NO യുടെ മറുപടി തൃപ്തികരം. എന്തായാലും ഞാനും ഇന്നു നോക്കാം ഒരു കൂട്ടിന് മുംബൈ ആകാശത്തിനുമീതെ.. :)

Ziya said...

ആശ്‌ചര്യകരമായ അനുഭവത്തിന്റെ രസകരമായ വിവരണത്തിനും അതിന്റെ പൊരുളറിയാനുള്ള നിക്കിന്റെ അധ്വാനത്തിനും നന്ദി!

നസീര്‍ ഉമറിന്റെ വിശദീകരണവും വളരെ നന്നായി...

എന്തായാലും ലവനെ കാമറയില്‍ പതിപ്പിക്കാന്‍ ഭാഗ്യം ലഭിക്കട്ടെ എന്നാശംസിക്കുന്നു...

മേഘരഹിതമായ സൌദി ആകാശത്ത് നാനും ഒന്ന് ട്രൈ മാടട്ടെ :)

siva // ശിവ said...

ഈ നിരീക്ഷണവും വിവരണവും നന്നായി...

ഫസല്‍ ബിനാലി.. said...

അനുഭവവും വിവരണവും നന്നായി, ആശംസകള്‍

REMiz said...

തിരുവനന്തപുരത്തും ആകാശം നോക്കി ഇരിക്കണമെന്നുണ്ട്‌ . പക്ഷേ കാണാന്‍ വഴിയില്ല.. ഇവിടെ ടെറസ്സ് കാണാം എന്നല്ലാതെ ടെറസ്സില്‍ കയറാണാവില്ല.

കുഞ്ഞന്‍ said...

ഒരു ഡിക്ടറ്റീവ് കഥയെ അനുസ്മരിക്കുന്ന രീതിയിലൊരു അനുഭവക്കുറിപ്പ്..!

ആ NO ചുമ്മാ പറയുന്നതാ..

സ്വാമി ചിത്ത സ്വരൂപ സന്താന രൂപാനന്ദ അദ്ദേഹത്തിന്റെ പുലിത്തോലില്‍ ചൈതന്യ ദണ്ടും പീടിച്ച് സ്വാമിനി അമ്മാമ്മയാനിന്ദ രൂപണിയുടെ കുടിലിലേയ്ക്ക് ആകാശമാര്‍ഗ്ഗം സഞ്ചരിക്കുന്നതാണ് താങ്കള്‍ കണ്ടത്

കരീം മാഷ്‌ said...

ഭാഗ്യവാന്‍. :)

വാന നിരീക്ഷകന്‍ കിണറ്റില്‍ വീണു മരിച്ചു (വാര്‍ത്ത)

അജയ്‌ ശ്രീശാന്ത്‌.. said...

ഇത്തരം കാഴ്ചകള്‍
കാണുവാന്‍ സാധിക്കുന്നത്‌
ഒരു വലിയ
ഭാഗ്യംതന്നെയാണ്ട്ടോ...മാഷേ....
എന്തായാലും പുതിയൊരറിവ്‌
പകര്‍ന്നു നല്‍കിയതിന്‌ നന്ദി...

രസകരമായ -
ഭംഗിയുള്ളവിവരണത്തിനും....

(ഇനി ഇടയ്ക്കൊക്കെ
ഞാനും വെറുതെ..
ആകാശത്തേക്ക്‌ നോക്കിയിരിക്കും....
എന്തെങ്കിലും ഇതുപോലെ... കാണാന്‍ സാധിച്ചെങ്കിലോ..ല്ലേ.. ?)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല അനുഭവം. ഒക്കെ അറിയാനുള്ള ജിജ്ഞാസയെ അഭിനന്ദിക്കുന്നു

ഇതേപ്പറ്റിയൊക്കെ വായിച്ചിട്ടുണ്ട്.

please refer the site with the keyword UFO

ആഷ | Asha said...

സമയം ഒന്‍പത് ആയി പോയിയല്ലോ നിക്കേ. നേരത്തെ ഈ പോസ്റ്റ് വായിച്ചിരുന്നോ ഒന്നു ആകാശോം നോക്കിയിരിക്കാമായിരുന്നു.
അപ്പോള്‍ ഇന്നു കണ്ടോ സംഗതി? ക്യാമറായില്‍ പകര്‍ത്തിയോ?

Mr. K# said...

നിക്കേ, ഒരു നല്ല വീഡിയോ നാളെ പോസ്റ്റ് ചെയ്യാം പറ്റും എന്നാശംസിക്കുന്നു.

:: niKk | നിക്ക് :: said...

ഇല്ല കൂട്ടരേ.. ഇവിടെ ആകാശം വെളുത്ത മേഘങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എനിക്ക് ഇനി കാണുവാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റ് ജില്ലകളില്‍ വസിക്കുന്ന എന്റെ സുഹൃത്തുക്കളോട് വാന നിരീക്ഷണം നടത്തുവാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ, അവര്‍ക്കും ഭാഗ്യം ഇല്ല. തൃശ്ശൂരും തിരുവനന്തപുരത്തും മഴ. NO ഇപ്പോള്‍ വയനാട്ടിലാണുള്ളത്. അവിടെയും മേഘങ്ങളാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനിയിപ്പോള്‍ നാളെ നോക്കാമെന്ന് വച്ചാല്‍, അതിന്റെ ഓര്‍ബിറ്റിന്റെ ഗതി മാറിപോയാലും മതി.

മേഘങ്ങള്‍ ചതിച്ചു.. :(
ശരിക്കും ഡിസപ്പോയിന്റഡ്...:(

ആഷ | Asha said...

സമയം ഇത്തിരി വൈകിയാലും ഒന്നു വാനനിരീക്ഷണം നടത്തികളയാം എന്നു കരുതി മേലോട്ടു നോക്കീ ഒരു 1 മിനിറ്റ് കഴിഞ്ഞതും ദാണ്ടേ പോണൂ ബുമറാങ്ങ്. സൂക്ഷിച്ചു നോക്കിയപ്പോ ബുമാറാങ്ങിന്റെ പൊട്ടുകളുടെ അകലം ഒക്കെ മാറി മാറി വരുന്നു. അപ്പഴാ മനസ്സിലായേ പക്ഷികളാണെന്ന്. പിന്നെയും കുറേ നേരം നോക്കിയപ്പോ അടുത്ത ബുമറാങ്ങ് പക്ഷിസംഘമല്ലാണ്ട് ഞാനൊന്നും കണ്ടില്ല.

എന്തായാലും മുബൈയിലും സൌദിയിലും വാനനിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമ്മുടെ സുമേഷ് ചന്ദ്രനും സിയും എന്തു ബുമാറാങ്ങുമായാണ് വരുന്നതെന്നറിയാന്‍ കാത്തിരിക്കാം.

നാളെ 7.45 നു മേലോട്ട് വായി നോക്കിയിരിക്കുന്നതായിരിക്കും. കാണാന്‍ പറ്റുമോ എന്തരോ.

A Cunning Linguist said...

നിക്ക് എല്ലാ ബ്ലോഗ്ഗേഴ്സിനേയും മാനം നോക്കികളാക്കുമല്ലോ.... ;)

നമ്മള്‍ നേരത്തെ സംസാരിച്ച പോലെ ഞാനും മാനത്ത് അനങ്ങുന്ന വസ്തുക്കളെ കണ്ടിട്ടുണ്ട്. വിമാനം അല്ല, അതിനേക്കാള്‍ പതുക്കെ നീങ്ങുന്ന ഒരു വസ്തു. അത് മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങളാകുവാന്‍ ആണ് സാധ്യത എന്നാണ് എനിക്ക് തോന്നുന്നത്....

അപ്പു ആദ്യാക്ഷരി said...

നിക്കേ. നിക്കിന്റെ വിവരണവും നസീര്‍ ഒമര്‍ എഴുതിയ കാര്യങ്ങളും തമ്മില്‍ അല്പം വ്യത്യാസങ്ങള്‍ ഉണ്ടല്ലോ:

നിക്ക് എഴുതുന്നു: “ മിനിഞ്ഞാന്ന് കണ്ടത് പോലെ തന്നെ... വടക്ക് നിന്ന് തെക്ക് പടിഞ്ഞാറായ് നീങ്ങുന്നു... ഭൂമിയില്‍ നിന്നും വളരെ ഉയരത്തില്‍ നീങ്ങുന്ന ആ വസ്തു നിമിഷങ്ങള്‍ക്കകം പടിഞ്ഞാറ് മരങ്ങള്‍ക്കപ്പുറം ഞങ്ങളുടെ കാ‍ഴ്ചയില്‍ നിന്നും മറഞ്ഞു. വീണ്ടും ഒരു 10 മിനുട്ട് ആയിട്ടുണ്ടാവും... ഇത്തവണ തെക്കു നിന്ന് എന്റെ തലയ്ക്ക് മീതെ വടക്കോട്ട് നേരത്തേ കണ്ട ‘മിന്നാമിനുങ്ങ്’ വടക്കു ഭാഗത്തേക്ക് നീങ്ങുന്നു“

ഇത് അസംഭവ്യമാണ്. കാരണം ഇന്റ്ര് നാഷനല്‍ സ്പേസ് സ്റ്റേഷന്റെഭ്രമണ സമയം ഏകദ്ദേശം 990മിനിറ്റാണെന്ന് നസീര്‍ പറയുന്നുu “ Since it takes just 90 minutes or so to orbit the Earth, it will be visible multiple times around dawn and dusk.“ അതു ശരിയുമാണ്.

അപ്പോള്‍ നിക്ക് പത്തുമിനിറ്റിനു ശേഷം കണ്ടത് ഈ സാധനമല്ല. പിന്നെ ഇന്റര്‍ നാ‍ഷനല്‍ സ്പേസ് സ്റ്റേഷന്‍ ഒരെണ്ണമേ ഉള്ളൂ. നിക്ക് സംശയിക്കുന്നതു പോലെ അതിന്റെ ഓര്‍ബിറ്റ് മാറിപ്പോവില്ല.

സ്റ്റില്‍ എടുക്കുക എന്നത് ഈ കുറഞ്ഞ വെളിച്ചത്തില്‍ നടക്കുകയില്ല്ല.. വീഡിയോ കിട്ടുമോ‍ എന്നു നോക്കു. യു. ട്യൂബില്‍ ആരെങ്കിലും ഇത് ഇടും എന്നു കരുതാം.

അപ്പു ആദ്യാക്ഷരി said...

Nik, there are lot of videos available in the You Tube. Please search for "ISS visible from earth" or "International Space station" ..

krish | കൃഷ് said...

നിക്കിന്റെ ഇന്നലെത്തെ സംശയം നസീര്‍ തീര്‍ത്തുതന്നെന്നും കരുതാം. സ്പേസ് സ്റ്റേഷന്‍ ആകാനാണ് സാധ്യത. സംശയം മാറിക്കിട്ടിയല്ലോ. ഇന്നലെ എന്തൊരു ടെന്‍ഷനായിരുന്നുവല്ലേ.

വാളൂരാന്‍ said...

നിക്ക്.... നന്നായി എഴുതിയിരിക്കുന്നു.... എന്നും ഓര്‍ത്തിരിക്കാന്‍ ഒരു അനുഭവം അല്ലേ....

അപ്പു ആദ്യാക്ഷരി said...

നിക്കേ, ഇന്റര്‍ നാഷനല്‍ സ്പേസ് സ്റ്റേഷന്റെയും മറ്റു ചില സാറ്റലൈറ്റുകളുടെയും കൃത്യമായ ഭ്രമണ പഥങ്ങളും, ഇവ ഭൂമിയുടെ നിഴലില്‍ വരുന്നതെപ്പോള്‍, പ്രകാശത്തില്‍ വരുന്നതെപ്പോള്‍ എന്ന വിവരങ്ങളും, അവയെ എപ്പോഴോക്കെ ഭൂമിയില്‍നിന്നും കാണാം എന്നതും, പിന്നെ മറ്റ് ഒത്തിരി ഒത്തിരി വിവരങ്ങളും തരുന്ന ഒരു സൈറ്റ് ഇതാ.

[ nardnahc hsemus ] said...

എട്ടരമണി ആയപ്പോഴാ സംഗതി ഓര്‍മ്മ വന്നത്... പുറത്ത് പോയി ആകാശത്തേയ്ക്ക് നോക്കാന്‍ പോവാന്ന് പറഞ്ഞപ്പോ മോളു പറഞ്ഞു അവളും വരുന്നെന്ന്... അങ്ങനെ അവളേം കൂട്ടി ടെറസ്സില്‍ പോയി ആകാശം അരിച്ചു പെറുക്കുന്നതിനിടയില്‍ സാമാന്യം വലിപ്പത്തില്‍ കണ്ട ഒരു സ്റ്റാര്‍ അനങുന്നുണ്ടോ എന്ന ഒരു ഡൌട്ട് തോന്നി..ഒന്നു കണ്‍ഫോം ചെയ്യാന്‍ മോളോട് ചോദിച്ചു.. മോളുട്ടി ആ സ്റ്റാര്‍ അനങ്ങ്ങുന്നുണ്ടോ? അപ്പോള്‍ അവള്‍ പറയാ, “ഏയ് അനങ്ങണോന്നുമില്ല, പിന്നെ ഇടയ്ക്ക് കാറ്റുവരുമ്പോ ഇത്തിരീശേ അനങ്ങണുണ്ടെന്ന്!!.. (ഹഹ)...

എന്തായാലും ഇന്നു നോക്കണം.. മൊബൈയിലില്‍ റിമൈന്റര്‍ വയ്ക്കട്ടെ!

ഈ ലിങ്കില്‍ കൊടുത്തിരിയ്ക്കുന്ന് ചിത്രങ്ങളുമായി എന്റെങ്കിലും താരതമ്യം ഉണ്ടോ? http://en.wikipedia.org/wiki/International_Space_Station ...

സാല്‍ജോҐsaljo said...

“നക്ഷത്രക്കുട്ടാ”
കണ്ണൊന്നു ചിമ്മിയടച്ചുതുറന്നാല്‍ പിന്നെ ദൈവങ്ങള്‍ തിന്നുന്ന കല്പകവൃക്ഷത്തിന്റെ തൊണ്ട് എണ്ണാന്‍ പറ്റില്ല.


:)

അപ്പു ആദ്യാക്ഷരി said...

സുമേഷേ, ഇന്നു വെറുതേ മാനം നോക്കി മെനക്കെടേണ്ട. ഇന്റര്‍നാഷനല്‍ സ്പേസ് സ്റ്റേഷന്‍ ഇനി ഈയിടെയൊന്നും ആ വഴിക്ക് ദൃശ്യമാവില്ല. ഇതു ഞാന്‍ പറഞ്ഞതല്ല. ദേ “ഇവിടെ പോയി നോക്ക്.

നിക്കിന്റെ വിവരണത്തില്‍ നിന്നും നിക്ക് മൂന്നു വസ്തുക്കളെ കണ്ടൂ. രണ്ട് ‘മിന്നാമ്മിനുങ്ങുകളും’ ഒരു ബൂമറാങ്ങും. കണ്ട വസ്തു (1) തലയ്ക്കു മുകളില്‍കൂടിയാണ് കടന്നു പോയത്. 2) അത് വെളുത്തു വളഞ്ഞ വടിപോലെയാണ് കണ്ടത് (3)പത്ത് മിനിറ്റ് ഇടവിട്ടാണ് അതു കണ്ടത് (4)അത് തെക്കുനിന്നു വടക്കോട്ടും, തെക്കുനിന്നു പടീഞ്ഞാട്ടും ആണു പോയത്. ഇതൊന്നും ഇന്റര്‍ നാഷനല്‍ സ്പേയ്സ് സ്റ്റേഷനുമായി (ISS) യോജിക്കുന്നില്ല. അപ്പോള്‍ നിക്ക് കണ്ടവസ്തു മറ്റെന്തോ ആണ്. അതെന്താണെന്ന് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. നസീര്‍ ഒമര്‍ പറഞ്ഞ രീതിയില്‍ ഒരു സാറ്റലൈറ്റ് പാസ് ഈ ആഴ്ച നടന്നുവെങ്കിലും, അത് ഏകദേശം 10 മുതല്‍ 15 വരെ ഡിഗ്രി ഉയരത്തില്‍ (ചക്രവാളത്തില്‍ നിന്നും) ആയിരുന്നു കാണേണ്ടിയിരുന്നത്. മുകളില്‍ത്തന്ന സൈറ്റിലെ വിവരങ്ങള്‍ നോക്കൂ. അതില്‍ ISS ന്റെ ഇപ്പോഴത്തെ പൊസിഷന്‍ ലൈവായി കാണിക്കുന്നുമുണ്ട്.

ഈ രണ്ടു സംഭവങ്ങളുമായി ബന്ധമുണ്ടെന്നു എനിക്കു തോന്നുന്നില്ല. നിക്ക് കണ്ടത് വല്ല പറക്കും തളികയുമാണോ? ആണോ? കൂടുതല്‍ വിവരങ്ങളുമായി നിക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു.

[ nardnahc hsemus ] said...

അപ്പുചേട്ടന്‍സ്,

എന്തു തന്നിരുന്നാലും നിക്കും അമ്മയും തുടര്‍ച്ചായായി കാണുന്നതാണ് ആ വസ്തു.
പോസ്റ്റില്‍ കൊടുത്തിരിയ്ക്കുന്ന ഫോട്ടോയിലെ വസ്തുവുമായി അതിന് സാദൃശ്യവും ഉണ്ട്...
വിക്കി ലിങ്കിലെ ചില രാത്രിപടങ്ങളിലെ സ്പേസ് സ്റ്റേഷന്‍ അതുപോലെ തോന്നിപ്പിയ്ക്കാനുള്ള സാധ്യതതള്ളിക്കളയുന്നത് ശരിയല്ലെന്നു തോന്നി.. എന്തായാലും ഇന്നു രാത്രി എന്റെ കണ്ണുകള്‍ ഞാന്‍ മാനത്തുറപ്പിയ്യ്ക്കും, കൂട്ടായി മറ്റു ചില ബ്ലോഗേര്‍സും ഉണ്ടാകുമെന്നു കരുതുന്നു!!

:)

അപ്പു ആദ്യാക്ഷരി said...

International Space Station ഭൂമിയില്‍ നിന്നു കാണുന്നതിന്റെ ഒരുമാതിരി കൊള്ളാവുന്ന ഒരു വീഡിയോ ഇവിടെയും, ഇവിടെയും ഉണ്ട്.

അഭിലാഷങ്ങള്‍ said...

ഓഫ്:

ശെഡാ... ഇത് പുലിവാലായോ! യെന്താ യിത് കഥ?!

ഇതിപ്പോ വന്ന് വന്ന് ഇവന്മാരെല്ലാം കൂടി, ആകാശത്ത് പട്ടം പറത്താനും എന്നെ അനുവദിക്കില്ലെന്നായോ?

ഇനി ഏതായാലും രാത്രി പറപ്പിക്കുന്നില്ല..! ശരിയാവൂല്ലാ...! ഇതുപോലെ ഇനീം എന്റെ വെള്ള പട്ടം കണ്ട് അത് ISS ആണെന്നൊക്കെ പറഞ്ഞ് നിക്ക് പോസ്റ്റിട്ടുകളയും! അത് പറഞ്ഞപ്പഴാ ഓര്‍ത്തത്, ഇന്നലെ ഈ ISS എന്ത് കുന്തമാന്ന് ശരിക്കും മനസ്സിലാക്കാന്‍ ഗൂഗിളില്‍ അടിച്ച് പരതിയപ്പോ അങ്ങേര് പറഞ്ഞു മോനേ ISS ന്ന് പറഞ്ഞാല്‍ ‘ഐഡിയാ സ്റ്റാര്‍ സിങ്ങര്‍’ എന്ന്!! ഓ.. എന്നാ പിന്നെ ശരിന്നും പറഞ്ഞ് ഞാന്‍ വിന്റോ ക്ലോസി!

:-)

അഭിലാഷങ്ങള്‍ said...

ഓണ്‍:

മുകളില്‍ കൊടുത്ത ഓഫ് നുള്ള തെറികള്‍ ഐ എസ് എസ് സ്പേസ് അഭിലാഷങ്ങള്‍ എന്ന ഫോര്‍മാറ്റില്‍ എസ് എം എസ് ചെയ്യാന്‍ നിക്കിനോട് അപേക്ഷിക്കുന്നു.

ഈ സംഗതികളെപറ്റി വല്യ വിവരമില്ലാത്തോണ്ട് ഇത് ഒന്ന് കണ്ടിരുന്നേല്‍ ഷൂട്ട് ചെയ്യാന്‍ പറ്റുമോന്നറിയാന്‍ അപ്പൂനേം കൈപ്പള്ളിയേം ഇന്നലേ ട്രൈ ചെയ്തു. രണ്ടിനേം കിട്ടീല്ല. ഈ പോസ്റ്റ് ഇട്ടതുകൊണ്ട് ഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോസ് കണ്ടു. നിക്ക്, നീ എന്താ കണ്ടത് എന്ന് വ്യക്തമായ ഒരു വിശദീകരണം തരാന്‍ ആര്‍ക്കെങ്കിലും കഴിയും എന്ന പ്രതീക്ഷയോടെ ഞാന്‍ വിടവാങ്ങുന്നു.

ഈ അനുഭവം പങ്ക് വച്ച നിക്കിന് നന്ദി.

അപ്പു ആദ്യാക്ഷരി said...

ലൈവ് അപ്ഡേറ്റ് (തമാശയല്ല): ISS ദേ ഇപ്പോള്‍ ഇന്ത്യന്‍ സമയം 5:00 മണീ (പി.എം.) ന് കേരളത്തിന്റെ മുകളിലുടെ കടന്നുപോയി. ഞാനും സുമേഷ് ചന്ദ്രനും heavens-above സൈറ്റിലൂടെ കണ്ടതാണ്. ഇനി ഒന്നര മണിക്കൂറിനുശേഷം, അതായത് ഏകദേശം ആറരയ്ക്ക് ഒരുപ്രാവശ്യം കൂടി ഇതിലും അല്പം കൂടി പടിഞ്ഞാറോട്ട് മാറി (അതോ കിഴക്കോട്ടോ) ISS അതുവഴി വരും. നിക്കേ തയ്യാറായി ഇരുന്നോളൂ. മേഘങ്ങളില്ലെങ്കില്‍ ഗുഡ് ലക്ക്, കാണാം. ഏതായാലും ഈ കാഴ്ച ഇവിടെ ഗള്‍ഫില്‍ കാണുകയില്ല..

[ nardnahc hsemus ] said...

see the pensilvania photo ...

http://www.rense.com/general69/filers3_06.htm

it is some what matches nikk's topic!

തൊണ്ണൂറു മിനിറ്റില്‍ ഭൂമിയെ ചുറ്റുന്ന ഐ എസ് എസിന്റെ തത്സമയ പ്പൊസിഷന്‍ ഇവിടെ

http://www.heavens-above.com/orbitdisplay.asp?satid=25544&Session=kebgcphaniiockedfabhlhmb

അപ്പു ആദ്യാക്ഷരി said...

സുമേഷ്, ഇതിനു തൊട്ടുമുമ്പുള്ള കമന്റില്‍ പറഞ്ഞിരിക്കുന്ന ലിങ്കിലേക്കുള്ള വഴി ഇവിടെ

ഹെവന്‍സ് എബോ (heavens-above) എന്ന ഈ വെബ്‌സൈറ്റില്‍ ഇന്റര്‍ നാഷനല്‍ സ്പേസ് സ്റ്റേഷന്റെ ഭ്രമണപഥം തത്സമയം കാണാവുന്നതാണ്. ഭൂയുമായി ഇപ്പോള്‍ ഈ സാറ്റലൈറ്റ് എവിടെനില്‍ക്കുന്നു എന്നും, ഈ പൊസിഷനില്‍ ഭൂമിയില്‍ പകലോ രാത്രിയോ സന്ധ്യയോ എന്നും, ആ എരിയായില്‍ ഈ സ്റ്റേഷനെ കാണാമോ, എങ്കില്‍ എപ്പോള്‍ എത്രമണിക്ക്, എവിടെ തുടങ്ങിയ വിവരങ്ങളും, മറ്റു ചില സാറ്റലൈറ്റുകളുടെ വിവരങ്ങളും ഇവിടെ ലഭ്യമാണ്. വാനനിരീക്ഷകര്‍ക്ക് പ്രയോജനകരമായ നല്ലൊരു സൈറ്റ്.

ആഷ | Asha said...

ഇന്നത്തെ എന്റെ അനുഭവം എഴുതട്ടെ. ഇവിടെ ഹൈദരാബാദില്‍ ഇന്നു രാത്രി 7.45 കഴിഞ്ഞ് നോര്‍ത്ത് വെസ്റ്റില്‍ നിന്നും മിന്നി മിന്നി ഒരു സംഗതി വളരെ ഉയരത്തില്‍ സൌ‍ത്തിലേയ്ക്ക് പോവുന്നത് കണ്ടു. പക്ഷേ എനിക്ക് ബുമറാംഗ് ആക്യതിയൊന്നും കാണാന്‍ കഴിഞ്ഞില്ല. വെളിച്ചം മാത്രമേ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നുള്ളൂ. ചുവപ്പും വെളളയും വെളിച്ചം മിന്നി മിന്നി കൊണ്ടിരുന്നു. എന്റെ കൂടെയുള്ള കുട്ടി പച്ചവെളിച്ചവും കണ്ടതായി പറഞ്ഞു. എകദേശം 7.47 ആയപ്പോഴേയ്ക്കും അത് തെക്ക് പടിഞ്ഞാറ് കണ്ണെത്താത്ത ദൂരത്ത് മറഞ്ഞു. വളരെ ഉയരത്തില്‍ പോവുന്ന ഫ്ലൈയിറ്റാണോ അതോ ഉപഗ്രഹമാണോന്ന് അറിയില്ല. ശബ്ദമൊന്നും തന്നെ കേള്‍ക്കുന്നുണ്ടായിരുന്നില്ല.

ആഷ | Asha said...

7.47 ആയപ്പോഴേയ്ക്കും അത് തെക്ക് പടിഞ്ഞാറ് കണ്ണെത്താത്ത ദൂരത്ത് മറഞ്ഞു.

ഇതില്‍ തെക്ക് പടിഞ്ഞാറ് എന്നെഴുതിയത് എകദേശം തെക്ക് കിഴക്ക് എന്ന് വായിക്കാന്‍ അപേക്ഷ.

(എല്ലാം എകദേശകണക്കാണ്‍ കാരണം എനിക്ക് ക്യത്യമായി തെക്കും വടക്കും ഇവിടെ അറിയില്ല)

അപ്പു ആദ്യാക്ഷരി said...

ആഷേ, മിന്നിയവെളിച്ചം ചുവപ്പും വെള്ളയുമാണെങ്കില്‍ സംശയിക്കേണ്ട അത് ഫ്ലൈറ്റുതന്നെ. പച്ചയും കണ്ടു എന്നു കുട്ടിപറഞ്ഞതും സത്യം തന്നെ. കാരണം ഇന്ത്യന്‍ സമയം വൈകിട്ട് 7:47 ന് ഐ.എസ്.എസിന്റെ ഭ്രമണപാത അവിടെയൊന്നും അല്ലായിരുന്നു, വളരെ പടീഞ്ഞാറുമാറിയായിരുന്നു. ഇവിടെ ആ വെബ്‌സൈറ്റു വഴി ഞാന്‍ നോക്കിക്കൊണ്ടാണിരുന്നത്. ഞാനിതെഴുതുന്ന സമയം (ഇന്ത്യന്‍ സമയം 11:30 രാത്രി) ഐ.എസ്.എസ് ഏകദേശം റഷ്യയ്ക്കു മുകളിലായി കാണപ്പെടുന്നു)

ഐ.എസ്.എസില്‍ നിന്നും കാണാന്‍ സാധിക്കുന്ന പ്രകാശം അതിലെ ലൈറ്റുകളല്ല. ഇത്രയും വലിപ്പമുള്ള ഒരു വസ്തുവില്‍ സൂര്യപ്രകാശം തട്ടിപ്രതിഫലിക്കുന്നതാണ് മിന്നിമിന്നി കാണപ്പെടുന്നത് എന്നാണ് വായിച്ചത്.

Jayasree Lakshmy Kumar said...

തികച്ചും പുതിയ information. നിക്കിന് ആ പിക്ചര്‍ എടുക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

അപ്പു ആദ്യാക്ഷരി said...

അല്ല, നിക്ക് എവിടെപ്പോയി? പോസ്റ്റ് ഇട്ടിട്ട് മുങ്ങിയോ? പിന്നീടെന്തു സംഭവിച്ചു എന്നു പറയൂ നിക്കേ

വിചാരം said...

ഉത്കണ്ഠാകുലമായ ഒരു ലിഖിതം നിക്ക് അവതരിപ്പിച്ചപ്പോ അതിനൊത്ത് വളരെ നന്നായി പ്രതികരിച്ച് സാഹായകമായ ലിങ്കുംകളും മറ്റും ഇട്ട് ഒരറിവിനെ ബൂലോകറിവാക്കി മാറ്റി ജീവിതത്തില്‍ മാനം നോക്കാത്തവരെ മാനം നോക്കിയിരിത്തിച്ചും ഈ പോസ്റ്റ് രസകരമാക്കി

:: niKk | നിക്ക് :: said...

മെയ് 25, 2008 ഞായര്‍

കാമറയും ബൈനോക്കുലറും കഴുത്തില്‍ തൂക്കി ടെറസ്സില്‍ രാത്രി 7 മണി തുടങ്ങി 10:30 വരെയിരുന്നു. പക്ഷെ, കാര്‍മേഘങ്ങള്‍ ചതിച്ചു. എന്റെ വാന നിരീക്ഷണ കേന്ദ്രത്തില്‍ മഴ പെയ്തില്ലെങ്കിലും സമീപ പ്രദേശങ്ങളില്‍ ഇടിവെട്ടി മഴ പെയ്തു.

തൃശ്ശൂരും തിരുവനന്തപുരത്തും സ്ഥിതി വിഭിന്നമായിരുന്നില്ല. അവിടെയും മഴ തിമിര്‍ത്തു പെയ്തതായി സുഹൃത്തുക്കള്‍ എന്നെ വിളിച്ചറിയിച്ചിരുന്നു.

എന്തായാലും, ഞായറാഴ്ച ഇഷ്ടന്‍ കൊച്ചിക്ക് മുകളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് ഹെവന്‍സ് എബൌ എന്ന സൈറ്റ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇനി കക്ഷിയുടെ കൊച്ചി വിസിറ്റ് ജൂണ്‍ 12 നാണത്രേ. അതു വരെ കാത്തിരിക്കാം. എങ്കിലും താഴെ കൊടുത്തിരിക്കുന്ന രണ്ട് സൈറ്റുകളുടെ സഹായത്താല്‍ ISS ന്റെ തത്സമയ ഓര്‍ബിറ്റ് പൊസിഷന്‍ ഞാന്‍ നിരീക്ഷിക്കുന്നുണ്ട്.

1. www.heavens-above.com/
2. http://spaceflight.nasa.gov/realdata/tracking/

മാനം നോക്കിയിരിക്കാറുണ്ടെങ്കിലും ഇത്ര സീരിയസ്സായി ഇതിനു വേണ്ടി സമയം ചിലവഴിച്ചിട്ടില്ല. നക്ഷത്രങ്ങള്‍ നിറഞ്ഞിരിക്കുന്ന ആകാശം നോക്കിയിരിക്കല്‍ ഒരു തരം മെഡിറ്റേഷന്‍ പോലെയാണെനിക്ക്... ശരിക്ക് ആസ്വദിക്കാറുമുണ്ട്..

പക്ഷെ ഇപ്പോള്‍... !!!

ഒരു വലിയ മിന്നാമിനുങ്ങിനെപ്പോലെ കടന്ന് പോയത് ISS ആണെന്നും, വലിയ ബൂമറാംഗ് പോലെ കടന്ന് പോയത് ISS അല്ല എന്നുമുള്ള വാദം ഇപ്പോള്‍ എന്നെ ഞെട്ടിക്കുന്നു. പിന്നെ എന്തായിരുന്നു അത്?

അമ്മയുടെ നിരീക്ഷണത്തില്‍ അതൊരു വെളുത്ത് വളഞ്ഞ വടി അല്ലെങ്കില്‍ മങ്ങിയ വളഞ്ഞ ട്യൂബ് ലൈറ്റ് !! എനിക്ക് ഒരു കൂട്ടം ദേശാടനക്കിളികള്‍ അല്ലെങ്കില്‍ ഒരു വലിയ ബൂമറാംഗ്... വെളുത്ത് മങ്ങിയ, ശബ്ദങ്ങളേതും പുറപ്പെടുവിക്കാതെ... ആദ്യത്തെ സംശയങ്ങളില്‍ നിന്ന് എന്നെ നസീര്‍ ഒമര്‍ (NO) കരകയറ്റിയതായിരുന്നു. പക്ഷെ, ഇപ്പോള്‍ വീണ്ടും സംശയങ്ങളുടെ പടുകുഴിയിലേയ്ക്ക് ഞാന്‍ എറിയപ്പെട്ടിരിക്കുന്നു !!! ആര്‍ക്ക് എന്നെ സഹായിക്കാന്‍ കഴിയും? അറിയില്ല! ഞാന്‍ അയച്ച മെയിലിന് ISRO തിരിച്ച് ഒരു മറുപടി മെയില്‍ അയച്ചതുമില്ല... :(

ഇന്നിപ്പോള്‍ ആ ബൂമറാംഗിനെക്കുറിച്ചോര്‍മ്മിക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഏതോ ഒരുതരം ഭയാശങ്ക എന്നെ കീഴ്പ്പെടുത്തുന്നുണ്ട്...

:: niKk | നിക്ക് :: said...

മെയ് 27, 2008 ചൊവ്വ

ഇപ്പോള്‍, ഒരു 10 മിനുട്ട് മുമ്പ് ടെറസ്സില്‍ നിന്ന് വീണ്ടും ഞങ്ങള്‍ കണ്ടു...

ആ വലിയ മഞ്ഞ കലര്‍ന്ന പച്ച ലൈറ്റ്(?)നല്ല തെളിച്ചമേറിയത് മിന്നിമിന്നി വടക്ക് നിന്നും കിഴക്കോട്ട് വളരെ സാവധാനം പോവുന്നത് കണ്ടു. ഇത്തവണ കുറച്ചുകൂടെ അടുത്ത് എന്ന് തോന്നിപ്പിക്കും വിധം... ഇപ്പോഴും ശബ്ദങ്ങളൊന്നും തന്നെ കേട്ടില്ല.

നാസയുടെ സൈറ്റില്‍, ജൂണ്‍ 12 നാണ് കൊച്ചിക്ക് മുകളിലൂടെ കടന്ന് പോവുന്നതെന്ന് കണ്ടിരുന്നു. ഇപ്പോള്‍ ആ സ്പേസ് സ്റ്റേഷന്‍, ജപ്പാന് മുകളിലൂടെ നീങ്ങുകയായിരുന്നു. അപ്പോള്‍ ഇത് വേറെന്തോ സംഭവമാണ്... ഇതെങ്ങനെ കണ്ടുപിടിക്കും..

ഈ ഇരുട്ടത്ത് പച്ചവെളിച്ചവും കത്തിച്ച് ആകാശമാര്‍ഗ്ഗം സഞ്ചരിക്കുന്നതാരായിരുന്നാലും, ഞാന്‍ അവനെ പൊക്കും ഇതു സത്യം ! സത്യം ! സത്യം !

ശ്ശെടാ !!!

അപ്പു ആദ്യാക്ഷരി said...

നിക്കേ, കൊച്ചിയില്‍ വല്ലല്‍ സേര്‍ച്ച് ലൈറ്റ്, ലൈറ്റ് ഹൌസില്‍ നിന്നുള്ള ലൈറ്റ് വല്ലതും ഇങ്ങനെ കറങ്ങുന്നുണ്ടോ? ഉണ്ടെങ്കില്‍ ആകാശത്ത് മേഘപാളികള്‍ ഉള്ളപ്പോള്‍ അതില്‍ തട്ടി അതിന്റെ പ്രകാശം ഒരു ഡിസ്ക് പോലെ പ്രതിഫലിക്കാറുണ്ട്. ഗള്‍ഫില്‍ ഉള്ളവര്‍ക്ക് ഇക്കാഴ്ച വളരെ പരിചിതമാണ്. പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ലൈറ്റുകള്‍. ഇനി ഇതുപോലെ ഒരു ലൈറ്റ് ഉണ്ടെങ്കില്‍ തന്നെ, മറ്റുവല്ല സ്ഥലത്തുനിന്നു വെള്ളത്തിലേക്ക് അടിച്ച് അവിടെനിന്നും പ്രതിഫലിക്കുന്നുണ്ടോ എന്നും അന്വേഷിക്കൂ നിക്കേ. ഏതായാലും ഇതൊരു സോളിഡ് ഓബ്ജക്റ്റ് ആണെങ്കില്‍ കൊച്ചിയിലുള്ള റഡാറുകളുടെ കണ്ണില്‍ പെടാതെ അങ്ങനെ കറങ്ങി നടക്കുവാന്‍ അതിനാവില്ല. അതിനല്‍ എന്തെങ്കിലും ഇലൂഷന്‍ ആവാനാണു സാധ്യത. ഐ.എസ്.എസ് ജൂണ്‍ പന്ത്രണ്ടിനു കൊച്ചിക്കു മുകളിലൂടെ കാണാന്‍ തക്കവിധം പോകുന്നുണ്ടെന്ന് ഹെവന്‍സ്‌-എബോയില്‍ ഉണ്ടോ? കണ്ടില്ലല്ലൊ? പത്തുദിവസത്തെ പ്രെഡിക്ഷന്‍സ് അല്ലേ അവിടെയുള്ളൂ..

:: niKk | നിക്ക് :: said...

അതെ അപ്പൂസ്, പ്രെഡിക്ഷന്‍ മാത്രമാണ്. പക്ഷെ ഇന്ന് കണ്ട ലൈറ്റ് ഒരിക്കലും അപ്പൂസ് ഇപ്പോല്‍ പറഞ്ഞത് പോലെയൊന്നുമല്ല ഉറപ്പാണ്.

ഇത്തവണ വടക്ക് വശത്ത് നിന്ന് ആ വലിയ ‘മിന്നാമിനുങ്ങ്’ മിന്നിമിന്നി വളരെ സാവധാനം... കിഴക്കോട്ട് തിരിഞ്ഞു പോയി. മേഘങ്ങളില്ലായിരുന്നു. തെളിഞ്ഞ ആകാശം. നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു. ഇതു നക്ഷത്രങ്ങളേക്കാള്‍ വളരെ വലുത്.

ആ ബ്ലിങ്ക് ചെയ്യുന്ന മഞ്ഞ കലര്‍ന്ന പച്ച ലൈറ്റ് വളരെ ബ്രൈറ്റ് ആയിരുന്നു, അന്നത്തെക്കാള്‍. ആ ‘വാഹനത്തിന്’ സൈലന്‍സര്‍ ഘടിപ്പിച്ചിരുന്നോ... ഒട്ടും ശബ്ദമുണ്ടായിരുന്നില്ല !!!
ഹും!!!

അപ്പു ആദ്യാക്ഷരി said...

നിക്ക്, ഇങ്ങനെ മഞ്ഞയും പച്ചയും ലൈറ്റുകളുള്ള “ആ സാധനം“ എന്താണെന്ന് കൊച്ചിന്‍ നേവല്‍ ബെയ്സിലോ, എയര്‍പോര്‍ട്ടിലോ ഉള്ള ബന്ധപ്പെട്ടവര്‍ക്കെങ്കിലും അറിയാതിരിക്കുവാന്‍ ഒരു സാധ്യതയുമില്ല. പോരാത്തതിന് ദിവസവും ഇങ്ങനെ പ്രത്യക്ഷപ്പെടുന്നു, വടക്കുനിന്ന് കിഴക്കോട്ട് തിരിഞ്ഞു പോകുന്നു (സാറ്റലൈറ്റുകളുടെ പാത ഇങ്ങനെ നോക്കിനില്‍ക്കേ തിരിഞ്ഞുപോകുന്നതല്ല എന്നു അറിയാമല്ലോ).... ഉത്തരവാദിത്തപ്പെട്ട ആരോടെങ്കിലും ചോദിച്ചു മന‍സ്സിലാക്കൂ. ഇന്ന് അതിന്റെ ഒരു ഫോട്ടോ എടുക്കാന്‍ നോക്ക്. ISO 1600, shutter priority mode 2 seconds, manual focus നേരത്തെ ചെയ്തു, ഫോക്കസ് ഓട്ടോ അല്ലാതാക്കി വച്ചേക്കണം മേഘങ്ങളുടെ ലെവലിലേക്ക്.. കിട്ടിയാല്‍ കിട്ടി, ഇല്ലെങ്കില്‍ ചട്ടി എന്നു പറഞ്ഞതുപോലെ കിട്ടുന്നെങ്കില്‍ കിട്ടട്ടെ. Good luck!

sreeni sreedharan said...

നിക്ക്,
ഇതുപോലൊരു സംഭവം എന്‍റെ അമ്മ കഴിഞ്ഞ ആഴ്ച കണ്ടതായ് പറഞ്ഞിരുന്നു.
ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത തരം ഒരു തീഗോളം എന്നാണ്‍ പറഞ്ഞത്, അത് കുറച്ച് സെക്കന്‍റുകള്‍ ഒരു സ്ഥലത്ത് തന്നെ നിന്ന് കത്തിയിട്ട് ഒരു വശത്തേക്ക് നീങ്ങി അപ്രത്യക്ഷമായി.

(എന്തായാലും സന്ധ്യക്ക് പുറത്തിറങ്ങുന്നത് സ്വല്പം കുറച്ചേക്കാം, റിസ്ക് എടുക്കണ്ട ;)

:: niKk | നിക്ക് :: said...

കുട്ടമ്മേനോന്‍ ഇന്നലെ രാത്രി തന്ന മൊബൈല്‍ നമ്പറില്‍ രാവിലെ വിളിച്ചുവെങ്കിലും ആളെ ലൈനില്‍ കിട്ടിയില്ല. പക്ഷെ ഇന്ന് വൈകുന്നേരം അദ്ദേഹം എന്നെ തിരികെ വിളിക്കുകയായിരുന്നു. തിരുവനന്തപുരം VSSC യിലെ ഒരു ശാസ്ത്രജ്ഞനാണ് അദ്ദേഹം.

അദ്ദേഹം പറഞ്ഞതനുസരിച്ച് ബൂമറാംഗ് പോലെ കണ്ട വസ്തു ISS തന്നെ ആവാനേ തരമുള്ളൂ എന്നാണ്. ഒരു വലിയ വിമാനത്തിന്റെ ചിറകു പോലെ ആണ് അത് കാണുക എന്ന് അദ്ദേഹം പറഞ്ഞതും, ഞാന്‍ കണ്ട ബൂമറാംഗ്, ISS തന്നെ എന്ന് വിശ്വസിക്കുന്നു.

അപ്പുസ്, മഞ്ഞയും പച്ചയും ലൈറ്റുകളുള്ള എന്നല്ല.... മഞ്ഞ കലര്‍ന്ന പച്ച നിറമുള്ള ലൈറ്റ്. അതാണ് ഞാന്‍ കണ്ടത്. അതേ കുറിച്ചും അദ്ദേഹത്തിന്റെ അടുത്ത് ചോദിച്ചു. അദ്ദേഹത്തിന്റെ ഊഹം ശരിയെങ്കില്‍ അതൊരു സൂപ്പര്‍സോണിക് പ്ലെയിന്‍ ആയിരിക്കണം. പക്ഷെ സൂപ്പര്‍സോണിക് വിമാനത്തിന്റെ വേഗത വളരെക്കൂടുതല്‍ അല്ലേ? ഞാന്‍ കണ്ടത് വളരെ പതുക്കെ ചലിക്കുന്ന വസ്തുവാണല്ലോ.. ഏതായാലും, സൂപ്പര്‍സോണിക് വിമാനങ്ങളിലേക്ക് കൂടി നമ്മുടെ പഠനം വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഏതായാലും എയര്‍പോര്‍ട്ട്, കുസാറ്റ്, നേവി എന്നിവരെ ബന്ധപ്പെടുവാന്‍ താല്‍പ്പര്യപ്പെടുന്നു. നിങ്ങള്‍ക്ക് ആരെങ്കിലും സുഹൃത്തുക്കളായുണ്ടെങ്കില്‍ ദയവ് ചെയ്ത് അറിയിക്കുക... ഉപദേശങ്ങള്‍ക്ക് കാത്തിരിക്കുന്നു :)

പച്ചാളം, നിന്റെ അമ്മയ്ക്കുണ്ടായതു പോലെയുള്ള ഒരു അനുഭവം എന്റെ സഹവര്‍ക്കന്റെ അമ്മയ്ക്കും അനുഭവപ്പെട്ടു എന്ന് പറഞ്ഞു കേട്ടു.

അപ്പു ആദ്യാക്ഷരി said...

Mr. Nikk,

ലോകത്തെ ഒരേയൊരു സൂപ്പര്‍ സോണിക് വിമാനമായ കോണ്‍‌കോര്‍ഡ് നിലവില്‍ ഗ്രൌണ്ട് ചെയ്തിരിക്കുകയല്ലേ? മാത്രവുമല്ല ഒരു സൂപ്പര്‍ സോണിക് വിമാനം കടന്നുപോയിക്കഴിഞ്ഞാല്‍ സോണിക് ബൂം അതിന്റെ തൊട്ടുപിന്നാലെ ഉണ്ടാവും. ഇടിവെട്ടും പോലെ ഒരു അനുഭവം. സോണിക് ബൂം എന്താണെന്ന് ഇവിടെ എഴുതുന്നില്ല. സോണിക് ബൂം കേട്ടുകഴിയുമ്പോഴേക്കും വിമാനം നമുക്ക കാണാവുന്നതിലും വളരെ അകലെ എത്തിയിരിക്കുകയും ചെയ്യും. വിക്കിയില്‍ നോക്കിക്കോളൂ. കോണ്‍കോഡ് വിമാനം കൊച്ചിക്കു മുകളിലൂടെ പോകുന്ന ഫ്ലൈറ്റ് റൂട്ടില്‍ ഉണ്ടോ എന്നെനിക്കറീയില്ല. കോണ്‍കോഡ് ഇപ്പോള്‍ സര്‍വ്വീസില്‍ ഇല്ല എന്നറിയാം.

വിമാനത്തിന്റെ ചിറകുപോലെയല്ലല്ലോ നിക്ക് കണ്ടത് “നമ്മുടെ കൈ മടക്കിപ്പിടിച്ച് V ഷേപ്പില്‍ കണ്ടൂ” എന്നല്ലേ പറഞ്ഞത്? അതുമല്ല, ഒരു വിമാനത്തിന്റെ വലിപ്പത്തില്‍ ഈ സ്പേസ് സ്റ്റേഷനെ ഭൂമിയില്‍ നിന്നു കാണാന്‍ സാധിക്കുമോ? ഇല്ല എന്നു തന്നെയാണ് ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങളീല്‍ നിന്ന് വ്യക്തമാകുന്നത്. നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ, ഒരു വലിയ ഒന്‍പതു നില കെട്ടിടത്തിന്റെ ഉയരം, അത് 375 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണം ചെയ്യുന്നു. അത് ഒരു വിമാനത്തിന്റെ വലിപ്പത്തില്‍ ഭൂമിയില്‍ കാണാന്‍ സാധിക്കുമായിരുന്നെങ്കില്‍ തീര്‍ച്ചയായും പകല്‍ വെളീച്ചത്തിലും അത് വ്യക്തമായി കാണുവാന്‍ സാധിച്ചേനേ. ഹെവന്‍ എബോ യിലെ വിവരങ്ങള്‍ വെച്ച് ഇതും സാധ്യമല്ല. സഞ്ചരിക്കുന്ന ഒരു ലൈറ്റ് സ്പോട്ടായിട്ടാണ് ഐ.എസ്.എസ് കാണപ്പെടുക. പക്ഷേ ഒരു ബൈനോക്കുലറിലൂടെ കുറേക്കൂടി വ്യക്തമായി കാണാം, തീര്‍ച്ചയാണ്. എതായാലും ജൂണ്‍ 12 നു ദുബായിയിലും ഒരു വിസിബിള്‍ പാസ് കാണുന്നുണ്ട്. വൈകിട്ട്. ഞാന്‍ അതൊന്നു കണ്ടുനോക്കട്ടെ,, ഇവിടെ മേഘശല്യമൊന്നും ഇല്ല, വളരെ ക്ലിയറായ ആകാശം. അന്നു കണ്ടിട്ട് ഞാന്‍ പറയാം നിക്കേ.

അപ്പു ആദ്യാക്ഷരി said...

“ലോകത്തെ ഒരേ ഒരു സൂപ്പര്‍ സോണിക് വിമാനം “ എന്നത് “ലോകത്തെ ഒരേ ഒരു സൂപ്പര്‍ സോണിക് യാത്രാ വിമാനം “ എന്നു വായിക്കാന്‍ അപേക്ഷ.

The Big Panda said...

Well, am happy that u r getting this kind of a wonderful experience.... Awesome!! Lemme try whether I can see it...

:: niKk | നിക്ക് :: said...

ന്യൂസ് അപ്ഡേറ്റ്

ജൂണ്‍ 11, 2008

രാത്രി 7 മണി. സാധാരണ ഈ സമയത്താണ് ഞാന്‍ ഓണ്‍ലൈന്‍ കയറാറുള്ളത്. ഇന്ന് എന്തോ അവ്യക്തമായ ഒന്ന് മനസ്സില്‍ ചേക്കേറിയത് പോലെ തോന്നി. ഇന്ന് രാത്രി മോണിട്ടറിന്റെ മുന്നിലിരുന്ന് സമയം കളയാതെ വാനനിരീക്ഷണം നടത്തിക്കളയാം. മുന്‍പത്തെ ആ ത്രില്‍ കെട്ടടങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും എന്റെ കുഞ്ഞു കസേരയും, അമ്മയുടെ ചാരുകസേരയും കൊണ്ടിട്ട് ടെറസ്സില്‍ ഞങ്ങളങ്ങിനെ സംസാരിച്ചിരുന്നു. നല്ല തെളിഞ്ഞ ആകാശം. ചന്ദ്രനും നക്ഷത്രക്കൂട്ടങ്ങളും... മിനുട്ടുകള്‍ കടന്നു പോയി.

സമയം 7.30 ആയിരിക്കണം. തൊടിയിലെ തെങ്ങിന്റെ ഇടയില്‍ ഒരു തിളക്കം! മിന്നാമിനുങ്ങ്, തെങ്ങിനിടയില്‍?! അല്ലല്ല! ഓലകള്‍ക്കിടയിലൂടെ മാനത്ത്! ദാ, അന്ന് ബൂമറാങ്ങ് വരുന്നതിന് മുന്‍പ് കാണപ്പെട്ട മിന്നിമിന്നി നീങ്ങുന്ന വലിയ മിന്നാമിനുങ്ങ് !! ഇത്തവണയും വടക്ക് വശത്ത് നിന്ന് വന്ന് തെക്കുവശത്ത് മേഘപാളികള്‍ക്കുള്ളില്‍ മറഞ്ഞു. അന്ന് കണ്ട "ബൂമി" ഇന്നും കാണുമായിരിക്കുമോ...

സമയം കടന്ന് പോയി. പെട്ടെന്ന് ഞാനിരിക്കുന്നതിന് കിഴക്ക് വശത്തായി മുകളില്‍ എന്തോ ഒന്ന് ഒഴുകി നീങ്ങുന്നു. നമ്മുടെ പഴയ ബൂമറാംങ്ങ് പോലെയിരിക്കുന്ന വസ്തു വീണ്ടുമിതാ തലയ്ക്കുമുകളില്‍... ഇത്തവണയും തെക്ക് നിന്ന് വടക്കോട്ട് നീങ്ങുന്നു. ചന്ദ്രന്റെ നല്ല പ്രകാശമുണ്ടായിരുന്നതിനാലാവണം ഇത്തവണ വളരെ നേര്‍ത്തതും മങ്ങിയതുമായിരുന്നു. പക്ഷെ, അതിശയിപ്പിക്കുന്ന മറ്റൊന്നും... നമ്മുടെ നിരത്തില്‍ കാണുന്ന ഒരു വോള്‍വോ ബസ്സിനെക്കാള്‍ വീതിയും, നീളവും!!! ഒരു കൂറ്റന്‍ വിമാനത്തിന്റെ ചിറകുകള്‍ പോലെ... ഇടതു വശത്തെ ചിറകിനായിരുന്നു(?) നീളം കൂടുതല്‍ !!! വളരെപ്പെട്ടെന്ന് തന്നെ വടക്ക് ചക്രവാളത്തില്‍ മറഞ്ഞു.

ഇത്തവണ, വേറെ ആരെയും വിളിച്ചറിയിക്കുവാന്‍ തോന്നിയില്ല. ചില ഉന്നത സുഹൃത്തുക്കള്‍ അവര്‍ക്ക് പരിചയമുള്ള ചില ശാസ്ത്രജ്ഞന്മാരെ കൊണ്ട് സഹായിപ്പിക്കാമെന്ന് പറഞ്ഞിരുന്നു. ആരുടെ ഭാഗത്ത് നിന്നും സഹായം ലഭിച്ചില്ല. ISS ന്റെ ഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ അയക്കാമെന്ന് പറഞ്ഞിരുന്ന വി.എസ്.എസ്.സി. ശാസ്ത്രജ്ഞനും വാക്ക് പാലിച്ചില്ല. തിരക്കായിരിക്കാം. എന്റെ അടങ്ങാത്ത ജിജ്ഞാസ മാത്രം ബാക്കി. എന്റെ ഈ അനുഭവങ്ങള്‍ നിങ്ങളുടേയും അനുഭവമാക്കി മാറ്റുവാന്‍ ഇത്രയേറെ ശ്രമിച്ചിട്ടും, ആരും ഒരു 5 മിനുട്ട് നേരത്തേക്കെങ്കിലും ആകാശത്തെ നിരീക്ഷിക്കുവാന്‍ ശ്രമിക്കുന്നില്ലായെന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തുന്നു, നിരാശപ്പെടുത്തുന്നു.

അതുകൊണ്ട് ഇത്തവണ ഒരു പ്രമുഖ പത്രത്തിലെ റിപ്പോര്‍ട്ടറായ ഒരു സുഹൃത്തിനെ വിളിച്ചിട്ട് എന്താണ് നമുക്ക് ചെയ്യാന്‍ കഴിയുക എന്നാരാഞ്ഞു. നമ്മുടെ തലയ്ക്ക് മീതെ പായുന്ന, നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയുന്ന ഈ ഭീമന്‍ ബൂമറാംങ്ങ് നമ്മുടെ നാട്ടുകാരും അറിയേണ്ടേ?! അറിയണം. അതിന്റെ ആദ്യമായി നമുക്ക് വേണ്ടത് ആധികാരികമായൊരു സ്ഥിതീകരണമാണ്. അതിന് തിരുവനന്തപുരത്തുള്ള ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിന് നമ്മെ സഹായിക്കുവാന്‍ കഴിഞ്ഞേക്കും. അങ്ങിനെ ഇപ്പോള്‍ കുറച്ച് മുന്‍പ് Observatory Centre ലെ ഉത്തരവാദിത്തപ്പെട്ടയാളുമായി എന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. അതിന്റെ ഫലമായി, ഇന്നു രാത്രി അവര്‍ ആകാശത്തിലെ നിഗൂഢതകളിലേയ്ക്ക് ടെലസ്കോപ്പും നട്ട് കാത്തിരിക്കും... എനിക്കുള്ള ഉത്തരങ്ങളായി അവരുടെ നിരീക്ഷണത്തിന്റെ ഫലം വരട്ടേ എന്ന പ്രാര്‍ത്ഥനയോടെ ... :)

[ nardnahc hsemus ] said...

ഫലം വരട്ടേ വരട്ടേ ..
എന്റെ ബലമായ സംശയം, പണ്ട് ബെര്‍ളിയുടെ ഏതൊ കഥയില്‍ കുറുമാനെ സ്വീകരിയ്ക്കാന്‍ ബ്ലോഗ്ഗര്‍മാരേയും കയറ്റി വിശാലമനസ്കന്‍ പറപ്പിയ്ക്കുന്ന ഡെയ്ലി ഫ്ലൈറ്റാവാനേ തരമുള്ളൂ എന്നാ...

എന്തായാലും ഫലത്തിനായി കാത്തിരിയ്ക്കുന്നു...

ഇവിടെ മേലേയ്ക്ക് നോക്കിയിട്ട് കാര്യമില്ല.. ഗംബ്ലീറ്റ് മേഘമാണ്... മയ മയ ഗുട ഗുട....

The Big Panda said...

nammukku shubha vaarth pratheekshichirikkam...

sreeni sreedharan said...

നിക്ക്,

ഇന്നലെ രാത്രി ഇതേ സമയത്ത് കറണ്ട് പോയതു കൊണ്ട് ഞാന്‍ ടെറസ്സില്‍ കാറ്റുകൊള്ളാന്‍ പോയതാരുന്നു.
ഒരു പത്തു പതിനഞ്ച് മിനിറ്റിനു ശേഷം ആകാശത്ത് കിഴക്ക്-വടക്ക് ഭാഗത്തായിട്ട് സാധാരണയില്‍ കവിഞ്ഞ പ്രകാശമുള്ള ഒരു നക്ഷത്രം , പെട്ടെന്ന് തന്നെ അതിനു വലിപ്പം കൂടിയതായ് കൂടി (ഏകദേശം ഇരുപത്തഞ്ച് പൈസയുടെ വലുപ്പം). ഏകദേശം അഞ്ചുസെക്കന്‍റോളം അതു ആ ഭാഗത്തു തന്നെയായിരുന്നു, അതിനു ശേഷം വലുപ്പം പഴയപോലേ ആവുകയും കിഴക്ക്-തെക്ക് ഭാഗത്തേക്ക് സാവധാനം നീങ്ങി മേഘത്തിലേക്ക് മറഞ്ഞു.
ചലിക്കുന്ന സമയത്ത്, വിമാനങ്ങളില്‍ കാണുന്നത് പോലെ ചുവപ്പും, മഞ്ഞയും പോലെ ബള്‍ബ് മിന്നുന്നതു പോലെ തോന്നി (പക്ഷേ അവ്യയ്ക്തമാരുന്നു)
പക്ഷേ ഈ സംഭവത്തിനു ബൂമാറാങിന്‍റെ ആകൃതി ആയിരുന്നില്ല!
എന്നാല്‍ മൂന്ന് നാല്‍ ദിവസം മുന്നേ, നിക്ക് പറഞ്ഞതുപോലെ ബൂമാറാങ് ആകൃതിയിലുള്ള സംഭവം എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തിരുന്നു, അതിന്‍റെ വിഷ്വത്സും കാണിച്ചിരുന്നു. പക്ഷേ ആ ന്യൂസ് ഫോളോ ചെയ്യാന്‍ എനിക്ക് സാധിച്ചില്ല ! :(

(ഹൊ ടൈപ്പ് ചെയ്ത് കൈ കഴച്ചു, ഒരു ചായ വാങ്ങി താഡേ...)

Unknown said...

പ്രിയപ്പെട്ട നിക്ക്, ഞാന്‍ ഇപ്പോളാണ് ഈ പോസ്റ്റ് കാണുന്നത്. എന്റെ കുറച്ചു കൂട്ടുകാരോട് സംസരിച്ചതില്‍നിന്നും ഈ പ്രതിഭാസം ചിലര്‍ക്കൊക്കെ രണ്ടു മൂന്നു പ്രാവശ്യം മധുരയുടെ ചില ഭാഗങ്ങളില്‍ കണ്ടതായി പറയുന്നു, പക്ഷെ അത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. താങ്കള്‍ക്ക് ഇതിനെപ്പറ്റി എന്തെങ്കിലും update ഉണ്ടെങ്കില്‍ ദയവായി കമന്റ് ഇടുകയോ അല്ലെങ്കില്‍ moolann അറ്റ്‌ gmail ഡോട്ട് കോം ഇല്‍ ഒരു മെയില്‍ അയക്കുകയോ ചെയ്യാമോ? വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു..

:: niKk | നിക്ക് :: said...

ഈ പോസ്റ്റ് അവസാനിപ്പിച്ച ഭാഗത്ത് പറഞ്ഞിരിക്കുന്നത് പോലെ, അത് ഒരു സ്പേസ് സ്റ്റേഷന്‍ അല്ല സുഹൃത്തുക്കളേ. കാരണം, ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ വലുപ്പമുള്ള ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങളാല്‍ വീക്ഷിക്കുമ്പോള്‍ സാധാരണ ഒരു നക്ഷത്രത്തിന്റെ വലുപ്പത്തിലായിരിക്കും. ഒരു വ്യത്യാസം മാത്രമേയുള്ളു. ഇത് നക്ഷത്രങ്ങള്‍ കണ്ണുചിമ്മും പോലെ മിന്നുകയില്ല. ഐ.എസ്.എസിന്റെ സോളാര്‍ പാനലുകളില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശമാണ് നമുക്ക് അതിനെ കാണുവാന്‍ സഹായകരമാവുന്നത്. അങ്ങനെ ആകാശത്തില്‍ ചിമ്മാതെ മിന്നാതെ ഒഴുകി നീങ്ങുന്ന ഒരു നക്ഷത്രം കണക്കെയാണ് ഇതിന്റെ ഭൂമിയില്‍ നിന്നുള്ള വിഷന്‍.

സോ, ബൂമറാംഗ് മറ്റെന്തോ ആണ്... അതിനു ശേഷം ഞങ്ങള്‍ക്കതിനെ ദര്‍ശിക്കാനായിട്ടില്ല എന്നും പറയട്ടെ. പക്ഷെ എന്നെങ്കിലും ഇനിയും കാണുവാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.