ഇന്നുച്ചയ്ക്ക് ബംഗലൂരുവിലെ ഒരു പത്രപ്രവര്ത്തകന് ഇന്റര്‍നെറ്റ് ടെലിഫോണിലൂടെ പാക്കിസ്ഥാനില്‍ നിന്നു ലഭിച്ച സന്ദേശത്തെത്തുടര്‍ന്ന്, കേരളത്തിലുടനീളം അതീവ ജാഗ്രത! കൊച്ചിയിലും വയനാട്ടിലും ഇന്ന് 7 മണിക്ക് ബോംബ് സ്ഫോടനമുണ്ടാകുമെന്നായിരുന്നു സന്ദേശം.
സംസ്ഥാന ആഭ്യന്തരമന്ത്രാലയവും പോലീസും, മിനിഞ്ഞാന്ന് ബംഗലൂരുവില്‍ നടന്ന സ്ഫോടനവും, ഇന്നലെ അഹമ്മദാബാദില്‍ ഉണ്ടായ സ്ഫോടനവും കണക്കിലെടുത്ത് ഈ ഭീഷണിയെ നിസ്സാരമായി തള്ളിക്കളയുന്നില്ല. അതിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഇന്ന് ഇവിടെ നടന്നുകൊണ്ടിരുന്ന എല്ലാ എക്സ്പോകളും മറ്റും നിര്‍ത്തിവച്ചിരിക്കുകയാണ്. സിനിമാ തീയറ്ററുകളും മറ്റും പോലീസിന്റെ ഉത്തരവ് പ്രകാരം ഫസ്റ്റ് ഷോകളും സെക്കന്റ് ഷോകളും പ്രദര്‍ശിപ്പിക്കുന്നില്ല. പ്രധാന വീഥികളും ഇടറോഡുകളും ഏറെക്കുറെ വിജനമായിരിക്കുന്നു. ജില്ലാ ആസ്ഥാനങ്ങളും മറ്റ് തന്ത്രപ്രധാന സ്ഥലങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. പോലീസ് ഇവിടെ കടകളും മറ്റ് ഷോപ്പിംഗ് മാളുകളും അടയ്ക്കുവാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
അധികൃതര്‍ക്ക് ഇന്ന് ലഭിച്ച സന്ദേശം എന്നത്തേയും പോലെ ഒരു വ്യാജ ഭീഷണിയാവാം. പക്ഷെ, വരും നാളുകളില്‍ ഇത് സംഭവിക്കില്ല എന്ന് എന്താണ് ഉറപ്പ്? ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഈ ഭീഷണിയും പതിവ് പോലെ നമ്മുടെ അധികാരികള്‍ മറക്കും. പിന്നെ എല്ലാം പഴയത് പോലെ... സാധാരണയായി നടക്കുന്ന വാഹനപരിശോധനകള്‍... ഹെല്‍മറ്റ് വേട്ട, മദ്യപിച്ച് വാഹനമോടിക്കുന്നവരെ വലയിലാക്കല്‍...
രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്പരം പഴിചാരാതെയും ചെളിവാരി എറിയാതെയും ഒറ്റക്കെട്ടായി നിന്ന് നമ്മുടെ നാടിനെ രക്ഷിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യട്ടെ. ഭീകരവാദത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ മൃദുവായ സമീപനം മാറ്റി ‘പോട്ട’ പോലുള്ള ദൃഢമായ നിയമങ്ങള്‍ നടപ്പിലാക്കട്ടെ. പിടിയാലാവുന്ന തീവ്രവാദികളെ ഏറ്റവും കൂടിയ ശിക്ഷയ്ക്ക് തന്നെ കോടതികള്‍ വിധിക്കട്ടെ. നമ്മള് ഈ ഭീഷണികള്‍ക്ക് മുന്നില്‍ പതറുന്നുവോ? അതിനര്‍ത്ഥം നമ്മള് ഭീകരര്‍ക്ക് മുന്നില്‍ അടിയറ വെച്ചു എന്ന് തന്നെയാണ്.
കൊച്ചി പോലൊരു മെട്രോ നഗരത്തില്‍ ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നയിടത്ത് നിന്ന്, അഥവാ ഒരു ‘ഭീകരന്’ ഉണ്ടെങ്കില്‍ത്തന്നെ എങ്ങനെ അയാളെ കണ്ടുപിടിക്കാം? നഗരത്തിലെ വിവിധ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍. അവരുടെയൊക്കെ യഥാര്‍ത്ഥ തിരിച്ചറിയല്‍ രേഖകളും മറ്റും ജില്ലാ അധികൃതരുടെ പക്കല്‍ ഉണ്ടാവുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടാതെ, നമ്മുടെ അയല്പ്പക്കങ്ങളില് ഒരു കൂട്ടമായ് പുതുതായി എത്തുന്ന ‘ബാച്ചിലര്‍മാര്‍’ തങ്ങളുടെ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് വീട്ടുടമകളെ ഏല്‍പ്പിക്കുന്നുണ്ടോ എന്നതും, വീട്ടുടമകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഗൌരവം കാണിക്കുന്നുണ്ടോ എന്നതും ചിന്തിക്കേണ്ട വസ്തുതകള്‍ തന്നെയല്ലേ? നഗരത്തിലെ എല്ലാ റസിഡന്റ്സ് അസോസിയേഷനുകളും ഇക്കാര്യത്തില്‍ വളരെയേറെ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.
ഞാന്‍ ഇങ്ങനെ വിചാരിക്കുന്നു, കാര്യങ്ങള്‍ എന്നെങ്കിലും ഇതുപോലെയായിരുന്നെങ്കില്‍ എന്ന്... ഒരിക്കല്‍ പരിചയപ്പെട്ടവര്‍ അല്ലെങ്കില്‍ ഒരിക്കല്‍പ്പോലും പരിചയപ്പെടാത്തവര്‍, അതുമല്ലെങ്കില്‍ ഒരിക്കലും പരിചയപ്പെടാനിടയില്ലാത്തവര്‍... അവരെ വേദനിപ്പിക്കും മുന്‍പ് മനുഷ്യന് ഒരു ചുവട് പിന്നിലേക്ക് വച്ച് ഒരു നിമിഷം ചിന്തിക്കുന്നു - ഇവരെ വേദനിപ്പിച്ചിട്ടോ നശിപ്പിച്ചിട്ടോ എന്ത് നേടാന്‍ !!!
ആ ദിവസം വരെ നമുക്ക് നമ്മുടെ കണ്ണുകളും കാതുകളും തുറന്നു തന്നെ വയ്ക്കാം...
ലോകാ സമസ്താ സുഖിനോ ഭവന്തു !!!
ജയ് ഹിന്ദ് !