Showing posts with label Relationship. Show all posts
Showing posts with label Relationship. Show all posts

Friday, June 14, 2024

ടച്ച്ഡ്

14 ജൂൺ 2024 വെള്ളിയാഴ്ച
അൽമോറ, ഉത്തരാഖണ്ഡ്

പ്രിയപ്പെട്ട സംഗീത ബെൻ, 

ഗാന്ധിനഗറിൽ തുടങ്ങി, ചുരുങ്ങിയ കാലത്തെ പരിചയമേ നമ്മൾ തമ്മിൽ ഉള്ളൂവെങ്കിലും, ഒരുപാട് വർഷങ്ങൾക്ക് മുൻപ് തന്നെ അടുപ്പമുള്ള ആരൊക്കെയോ ആണെന്ന് താങ്കൾ പലപ്പോഴും വാക്കുകളാൽ പറയാതെ തന്നെ ഓർമ്മിപ്പിക്കും. അതിന്റെ ഒരു ഉത്തമോദാഹരണമാണ് ഇന്നലെ രാത്രിയിലത്തെ താങ്കളുടെ ഫോൺകാൾ. താങ്കൾ പറഞ്ഞ വാക്കുകൾ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നു. 

“നേരത്തെ ഉറങ്ങുമെന്നറിയാം എന്നാലും വേണ്ടില്ല, വിളിച്ചു വിവരം അറിഞ്ഞില്ലെങ്കിൽ അവിടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ എനിക്ക് ഉറങ്ങാനാവില്ല.” 

വർഷങ്ങൾക്കുമപ്പുറം പരിചയപ്പെട്ട മിത്രങ്ങളെന്ന്  ഞാൻ കരുതിയവരും ബന്ധുക്കളെന്ന് വീറോടെ എപ്പോഴും ഓർമ്മിപ്പിക്കുന്നവരും എന്റെ വാട്സാപ്പ് അപ്ഡേറ്റുകൾ  വെറുതെ കണ്ടുവിട്ട് ഒരു ഇമോഷനുമില്ലാത്ത വെറും  നോക്കുകുത്തികൾ  ആയി മാറുന്നത് തെല്ല് വേദനയോടെയാണ് ഞാൻ ഓർക്കാറുള്ളത്.  ആ ഒരു ചെറിയ നൊമ്പരം എന്റെ ഉള്ളിൽ ഉള്ളത് കൊണ്ടാണ് ഞാനും അവരും തമ്മിൽ അന്തരം ഉണ്ടാവുന്നതും.

ഒരുപക്ഷേ, ഞാനീ കാട്ടുതീയിൽപ്പെട്ടു എരിഞ്ഞ് ഒടുങ്ങിയാൽ ഇവരൊക്കെ ഓരോ അവകാശവാദവും  ഉന്നയിച്ച്  മുതലക്കണ്ണീരുമൊഴുക്കി പാഞ്ഞുവരും.  ഫേസ്ബുക്ക് പോസ്റ്റിടും, ഫ്ലക്സ് അടിക്കും,  എന്തിന് പറയുന്നു അവരുടെ ഗ്രൂപ്പുകളിലും  വാട്സാപ്പ് സ്റ്റാറ്റസിലുമൊക്കെ ഞാൻ കയറിക്കൂടും. ഇതൊന്നും എനിക്ക് ഇഷ്ടമല്ലെന്ന് അറിയാമെങ്കിൽക്കൂടി അതവർ ചെയ്യാൻ ഇഷ്ടപ്പെടും. ഞാനിപ്പോഴും കാലത്തിനെ കുറ്റം പറയില്ല. മനുഷ്യരാണ് മാറിപ്പോയത്.  ഇത്തരം മാറ്റങ്ങൾ നല്ലത് തന്നെ. തിരിച്ചറിവുകൾ ഉണ്ടാകും.

പിന്നെ സംഗീത, ഇന്നലെ എന്റെ ഫേസ്ബുക്ക് അപ്ഡേറ്റ്  കണ്ട് ആദ്യം എന്നെ വിളിച്ച് വിവരങ്ങൾ തിരക്കിയതും സ്നേഹരൂപേണയുള്ള ശാസനയും തന്നത് തൃശൂരിലെ എന്റെ പ്രിയ സുഹൃത്ത് നിസ് ആണ്.  റോമയെ താങ്കൾക്കറിയാം. റോമയെക്കഴിഞ്ഞ് എന്റെ വിവരങ്ങൾ വിളിച്ച് അന്വേഷിക്കുന്ന മറ്റൊരു ബഡിയാണ്  നിസ്. അവളുടെ ആ കരുതൽ മിക്കപ്പോഴും ഒരു ചെറിയ ശാസനയുടെ രൂപത്തിലായിരിക്കും ഉണ്ടാവുക. എനിക്കത് ഇഷ്ടവുമാണ്. അവൾക്ക് രണ്ടുമൂന്ന് ദിവസങ്ങളായി വയ്യാതിരിക്കുകയുമാണ്. അതുകൊണ്ട്  തന്നെ എന്നെ വിളിക്കുമ്പോളൊക്കെ അവൾക്ക് തീരെ ശബ്ദവുമില്ലായിരുന്നു.

റോമയെക്കുറിച്ച് കൂടുതൽ ഞാൻ ഇവിടെ പ്രതിപാദിക്കുന്നില്ല. എന്റെ ഓരോ അനക്കവും അറിയുന്ന ആൾ. 

പിന്നെ ഒരാൾ കൂടെ എന്നെ വിളിച്ചു. അരുൺ. അവൻ കാനഡയിൽ നിന്ന് എന്റെ വാട്സാപ്പ് അപ്ഡേറ്റ് കണ്ട് വിളിച്ചതാണ്. സത്യത്തിൽ ഞെട്ടിയത് ഞാനാണ്. അവൻ മറ്റ് ഒരു KV പ്രോഡക്ട് ആണ്. മലയാളം വായിക്കാനും എഴുതാനും അറിയില്ല എന്നതായിരുന്നു എന്റെ അറിവ്.  അവൻ എന്റെ ഒരു അപ്പച്ചിയുടെ കൊച്ചു മകനാണ്. എന്നെ പക്ഷേ അവൻ ചേട്ടാ എന്നാണ് വിളിക്കാറുള്ളത്. അവൻ ഇന്നലെ വൈകുന്നേരം  വിളിച്ചിട്ട് പറയുകയാണ്, “ചേട്ടാ ഇപ്പോൾ വെളിച്ചമുണ്ടെങ്കിൽ വേറെ എങ്ങോട്ടെങ്കിലും മാറൂ. അല്ലെങ്കിൽ രാത്രിയായാൽ ബുദ്ധിമുട്ടാവും.” ഈ കരുതൽ ഫോൺകാൾ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. 

ഇത് പോലെതന്നെയാണ് അഷ്ടമിയും വാട്സാപ്പ് ചാറ്റിൽ വന്നു പറഞ്ഞത്. അടുത്തുള്ള ഏതെങ്കിലും നഗരപ്രദേശത്തേക്ക് താൽക്കാലികമായി മാറൂ എന്ന്. 

വലിയ ഒരു പ്രതിസന്ധി മുന്നിലും പിന്നിലും വശങ്ങളിലൊക്കെയുണ്ടെന്ന് മനസ്സു പറയുന്നത് ശരിവയ്ക്കും പ്രകാരമാണ്  രാവിലെ തന്നെയുള്ള പുക കാഴ്ചകളും ഹെലികോപ്റ്ററുകളുടെ ഇരമ്പലും. എന്നിരുന്നാലും, തൽക്കാലം ഞാനെവിടേയ്ക്കും മാറുന്നില്ല. എനിക്ക് ഇവിടെ  കുറച്ചാളുകളുണ്ട്.  എല്ലാത്തിനും ഉപരിയായി ആ വലിയ ശക്തിയും എനിക്കായ് നിലകൊള്ളുന്നുണ്ട്. കൂടാതെ, എനിക്കിവിടെ ഒരു നിയോഗവുമുണ്ട്. അത് തീർക്കുമ്പോഴേ ഇവിടം വിടാനൊക്കൂ. ഇതാണെന്റെ  മുൻകാല യാത്രാനുഭവങ്ങളിൽ നിന്ന് മനസ്സിലായതും. ഇനി  ഒരുപക്ഷേ, എന്റെ യാത്ര ഇവിടെ അവസാനിക്കാനാണ് വിധിയെങ്കിൽ, അതും ഞാൻ ഏറ്റവും താഴ്മയായി അംഗീകരിക്കുന്നു.

അത് കൊണ്ട്, ഞാനായിട്ടൊന്നും പ്ലാൻ ചെയ്ത് മുന്നോട്ട് കൊണ്ടുപോവുന്നില്ല, നിയോഗങ്ങൾ പിന്തുടരുന്നു എന്ന് മാത്രം പറഞ്ഞു കൊണ്ട് നിർത്തുന്നു. 

സസ്നേഹം,
നിക്ക്. 


നോട്ട്: ഞാൻ എന്റെ അടുത്ത ആളുകളോട് പറഞ്ഞു ഏൽപ്പിച്ചിരിക്കുന്നത്  ഇവിടെ താങ്കളോടും പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. യാത്രകൾക്കിടയിൽ വച്ച്  എനിക്കെന്തെങ്കിലും സംഭവിച്ചാൽ, ഞാൻ ഏത് നാട്ടിലാണോ ഉള്ളത്  അവിടെ വച്ച് തന്നെ ഞാനെന്ന ഈ  ചെറിയ ചാപ്റ്റർ ക്ലോസ് ചെയ്തേക്കുക. എന്റെ അടുപ്പക്കാരെ താങ്കൾക്കിതിനോടകം മനസ്സിലായിക്കാണുമെന്ന് കരുതുന്നു. അവരോട് ഒപ്പം കൂടി കാര്യങ്ങൾ വേണ്ടവിധത്തിൽ  കോ-ഓർഡിനേറ്റ് ചെയ്യുമെന്ന് കരുതുന്നു.