Tuesday, September 12, 2006

ദുഃഖം

വാതില്‍ തുറന്നകത്തേയ്ക്കു വന്ന രോഗിയോട്‌ ഡോക്ടര്‍. "ഇരിക്കു, എന്താ അസുഖം?"

രോഗി : എനിക്കു ജീവിതത്തില്‍ ഒരു സന്തോഷവും തോന്നുന്നില്ല ഡോക്ടര്‍. മനസ്സു തുറന്നു ഒന്നു ചിരിച്ചിട്ടു തന്നെ ഒരുപാടു നാളുകളായി.

ഡോക്ടര്‍ : അങ്ങിനെയോ? ഇതിനിപ്പോ എന്തു മരുന്നാണു തരിക സുഹൃത്തേ?

ഡോക്ടര്‍ കുറച്ചു നേരം ആലോചിച്ചിട്ട്‌ പറഞ്ഞു. "ഒരു കാര്യം ചെയ്യൂ. നഗരത്തില്‍ ഒരു സര്‍ക്കസ്‌ നടക്കുന്നുണ്ട്‌. അതില്‍ ആളുകളെ കുടുകുടാ ചിരിപ്പിക്കുന്ന ഒരു കോമാളിയുണ്ട്‌. അയാളുടെ തമാശുകള്‍ നിങ്ങളെ ചിരിപ്പിക്കാതിരിക്കില്ല".

ഇതു കേട്ടു രോഗി വിഷണ്ണനായി പറഞ്ഞു. "ആ കോമാളി ഞാനാണു ഡോക്ടര്‍."

Thursday, August 31, 2006

മൊബൈല്‍ ഫോണ്‍ പുരാണം

ഈയടുത്ത കാലം വരെ മൊബൈല്‍ ഫോണ്‍ വിളിക്കാനും കാളുകള്‍ സ്വീകരിക്കാനുമുള്ളതായിരുന്നു.
ഇപ്പോഴോ,ഒരു മൊബൈല്‍ ഫോണുണ്ടെങ്കില്‍ ഒരു ടി.വി. വേണ്ടാ! റേഡിയോ വേണ്ടാ! പാട്ട്/സിനിമാ പെട്ടി, മൂവീക്യാമറ, സ്റ്റില്‍ ക്യാമറ, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ ഒന്നും വേണ്ട!!!

കാലം പോയ പോക്കേ!!!

കൈഫോണിനെക്കുറിച്ച്

ഭാഷയെ ദേശസാല്‍ക്കരിക്കുന്നതില്‍ മിടുക്കു കൂടിയ ജില്ലയാണ് മലപ്പുറം. മൊബൈല്‍ ഫോണിനെ ‘കൈഫോണ്‍’ എന്ന് പരിഭാഷപ്പെടുത്തിയത് മലപ്പുറത്തെ ഏതോ നാട്ടിന്‍പുറത്തുകാരന്‍. മൊബൈല്‍ ഫോണ്‍ വൈബ്രേറ്റ് മോഡില്‍ ഇടുന്നതിന് ‘തരിപ്പിലിടുക’ എന്നാണ് ഇവിടത്തെ നാട്ടുനാവിന്റെ പരിഭാഷ. പ്രീപെയ്ഡിന്റെയും പോസ്റ്റ്പെയ്ഡിന്റെയും വിവര്‍ത്തനത്തിന് അല്പം തമാശച്ചുവയുണ്ട്. പ്രീപെയ്ഡ് ‘മുന്‍കായി’യും പോസ്റ്റ്പെയ്ഡ് ‘പിന്‍കായി’യുമാണ്. (കായി എന്നാല്‍ കാശ്).

മൊബൈല്‍ ചൊല്ലുകളില്‍ ഏറെ സര്‍ക്കുലേഷനുള്ളത് മലപ്പുറത്തെ കാമ്പസുകളിലാണ്. അവയില്‍ച്ചിലത് താഴെ ചേര്‍ക്കുന്നു:-

1. സാംസങ്ങ് കുളിച്ചാല്‍ നോക്കിയ ആവില്ല.
2. അല്പന് മൊബൈല്‍ കിട്ടിയാല്‍ അര്‍ദ്ധരാത്രിയും മിസ്ഡ്കോളടിക്കും.
3. മൊബൈലേതായാലും കണക്ഷന്‍ നന്നായാല്‍ മതി.
4. ആന കൊടുത്താലും മൊബൈല്‍ കൊടുക്കരുത്.
5. ദാനം കിട്ടിയ കണക്ഷന്റെ ടോക്ടൈം നോക്കണ്ട.
6. ബില്ലിനോടടുക്കുമ്പോഴേ മൊബൈലിന്റെ പുളിയറിയൂ.

ഒരു മൊബൈല്‍ പരസ്യം

ഇതാ ഒരു തോണി എറിക്സന്‍ കെ790ഐ മൊബൈല്‍ ഫോണ്‍ വെറും 500 രൂപയ്ക്ക് നോഐഡിയ കണക്ഷനോട് കൂടി!!!

ജീവിതകാലം മുഴുവന്‍ എസ്.എം.എസ് സൌജന്യം. കാള്‍ ചാര്‍ജ്ജ് വെറും 10 പൈസ/മിനുട്ട്.

ഈ ഓഫറുകള്‍ ലഭിക്കുന്നതിനായി നിങ്ങള്‍ ചെയ്യേണ്ടതിത്ര മാത്രം. താഴെ കാണുന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യൂ.

www.nokkiyirunno-ippokkittum.com