Sunday, March 11, 2007

ബഡായിക്കഥകള്‍ - 1

ഈച്ചമുക്ക് കവലയിലെ ഓട്ടോ സ്റ്റാന്റില്‍ പതിവ് പോലെ വൈകുന്നേരം ഓട്ടമില്ലാത്ത ഓട്ടോ സാരഥികള്‍ ബഡായി പറയാന്‍ ഒത്തുകൂടി. എന്നത്തേയും പോലെ അന്തോണിച്ചേട്ടന്‍ തന്നെ തന്റെ വീരസാഹസിക അനുഭവകഥകള്‍ ഫസ്റ്റ് ഗിയറിലിട്ട് വിവരിച്ചു തുടങ്ങി.

“... കാട്ടില്‍ ഞങ്ങ രാത്രി ഒരു ഏറുമാടത്തിലാ തങ്ങ്യെ. ഒരാറാള്‍ പൊക്കത്താരുന്നു ആ ഏറുമാടം. അത്രക്ക് പൊക്കവും ഒരു അഞ്ചാള്‍ കൈകോര്‍ത്ത് ചുറ്റിനും പിടിച്ചാലും എത്താത്ത മരങ്ങളാരുന്നു അവടൊള്ളത്. ഞങ്ങ നാലാളുണ്ടായിരുന്നു. കൂടെ ഒരു വഴികാട്ടിയും. കൊടുംകാടിനുള്ളീ സമയന്‍ അറിയണോങ്കി വാച്ച് തന്നെ ശരണം. രാത്രിയായാലും പകലായാലും നല്ല ഇരുട്ടാണ്ടാപ്പനേ! കാടിന്റുള്ളീന്ന് നമ്മ ഇതുവരെ കേക്കാത്ത സൊരങ്ങളും മറ്റും കേക്കാരുന്നു. സമയനൊരു 8:10 ആയിക്കാണും. ഞങ്ങ അഞ്ചാളും കൂടെ വട്ടമിട്ടിരുന്നാ ചെറിയ മാടത്തിലിരുന്ന് ചീട്ടുകളിച്ചു. പെട്ടെന്ന് അതിഘോരമായ ഒരു അലര്‍ച്ച കേക്കാന്‍ തുടങ്ങി. ദൂരെത്തെങ്ങാണ്ട്ന്നാണ് കേട്ടേങ്കിലും ഞങ്ങട കൂട്ടത്തിലുള്ള എല്ലാരും പേടിച്ചു വിറച്ചു. എനിക്ക് വെല്യ പേടിയൊന്നും തോന്നീല്ല. ഞാന്‍ ഇറങ്ങിനോക്കാന്ന് പറഞ്ഞതാ. അവമ്മാര് സമ്മതിച്ചില്ലന്നേ. ഇങ്ങനെയൊണ്ടോ പേടിത്തുറികള്. മിനിട്ടുകള്‍ കഴിയുംതോറും ആ അലര്‍ച്ച കൂടുതല്‍ കൂടുതലടുത്തു തുടങ്ങിന്നേ! കൂട്ടത്തിലൊള്ളോരുടെ നെഞ്ചിടിപ്പും മുട്ടിടിപ്പും എനിക്ക് അസ്സലായി കേക്കായിരുന്നു. ഹൊ. കുറേനേരം കൂടെക്കഴിഞ്ഞപ്പോള്‍ ആ അലര്‍ച്ച ഒരു ദയനീയ കരച്ചിലായ് മാറി. ഇത്തവണ കൂട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ ഞാന്‍ ഏറുമാടത്തില്‍ നിന്ന് എറങ്ങി. കൈയ്യില് ഒരു ടോര്‍ച്ച് മാത്രം. എന്റെ ധൈര്യം കണ്ടപ്പേണ്ട് ദാണ്ടേ നമ്മട ഗൈഡും എന്റെ കൂടെയങ്ങ് ഇറങ്ങിവന്നേക്കണ്ന്ന്. ഞങ്ങ ആ ബണ്ടന്‍ മരങ്ങള്‍ടെ മറപറ്റി പതുങ്ങിപ്പതുങ്ങി നടന്നു. അപ്പക്കണ്ടതെന്താണ്ന്നാ? ഒരു ഒറ്റയാന്‍ കെടന്ന് കാറുവാണ്. ഞാന്‍ ടോര്‍ച്ചടിച്ച് നോക്ക്യപ്പേല്ലേ ഗുട്ടന്‍സ് പിടികിട്ട്യത്. അവന്റ കാലിലൊരു വെല്യ മരക്കഷ്ണം തറഞ്ഞിരിക്കണ്. പാവം ആന! എനിക്ക് ബയങ്കര സങ്കടം തോന്നി. ഗൈഡിന്റെ വാക്കുകള്‍ കേള്‍ക്കാതെ ഞാന്‍ പതുക്കെ കൊമ്പന്റെയടുത്തേക്ക് അടിവച്ചടിവച്ച് നടന്നു. എന്നിട്ട് ആനേടെ കാലില് തറഞ്ഞിരുന്ന മരക്കഷണം വലിച്ചൂരിക്കളഞ്ഞു. ആന ചരിഞ്ഞെന്നേന്ന് നോക്കി. അവന്‍ ആ കരച്ചിലൊക്കെ നിര്‍ത്തി ഉരുണ്ട്പിടഞ്ഞെഴുന്നേറ്റ് ഉള്‍ക്കാട്ടിലേയ്ക്ക് കയറിപ്പോയി. ഞാന്‍ തിരിച്ചു ഏറുമാടത്തിലേക്കും. പിറ്റേന്ന് കാലത്ത് ഒരു ചിന്നംവിളികേട്ടാണ് എഴുന്നേറ്റെ. താഴത്തേക്ക് നോക്ക്യപ്പ, ദാണ്ടേ നിക്കണു ഇന്നലത്തെ ഒറ്റയാന്‍! ഒരു കൊല വാഴപ്പഴോം കൊണ്ട്. എന്നിട്ടവന്‍ തുമ്പിക്കൈ പൊക്കി എന്നെ നോക്കി ഒരു സലാന്‍ അടിച്ചു. ഹൌ! എന്നിട്ടാ പഴം ഞങ്ങളിരിക്കണ മരത്തിന് താഴെ വെച്ചിട്ട് അവന്‍ കാട്ടിലേയ്ക്ക് കയറിപ്പോയി.” അന്തോണിച്ചേട്ടന്‍ ശ്വാസം വിടാനായ് ഒന്ന് ഗിയര്‍ ഡൌണ്‍ ചെയ്തു, ബ്രേക്ക് ചവിട്ടി.

കിട്ടിയ അവസരം പാഴാക്കാതെ ഇതെല്ലാം കേട്ടുനിന്ന ഗോപ്യേട്ടന്‍ സെക്കന്റ് ഗിയറിലിട്ട് ഒരു കുതിപ്പ്. “ഈ ആനകള്‍ക്ക് മനുഷരേക്കാള്‍ നന്ദിയും കടപ്പാടുമുണ്ട്ന്നേ. ഇന്നാളൊരീസം തൃശ്ശൂരിനടുത്ത് ഒരു ആനപ്പാപ്പാനെ വണ്ടിയിടിച്ചു. ഒറ്റ ഡേഷുകളും അയാളെ ഒന്ന് ആശൂത്രീല്‍ കൊണ്ട്വാന്‍ തയ്യാറായില്ല. മനുഷപ്പറ്റില്ലാത്തോങ്ങള്‍. കൊറേ നേരം കഴിഞ്ഞു. ആരും അടുത്തു വന്നില്ല. ആനയ്ക്ക് കലികയറി. അവനെന്താ ചെയ്തേന്നോ?”


ആകാംക്ഷയുടെ മുനമ്പില്‍ ഇരുന്ന അന്തോണിച്ചേട്ടനും കൂട്ടരും അക്ഷമയോടെ ചോദിച്ചു “എന്താ...എന്താ?”

ഗോപ്യേട്ടന്‍ കണ്ടിന്യൂഡ്. “ആന തൊട്ടടുത്ത് പാര്‍ക്കു ചെയ്തിരുന്ന ഒരു ബാരവണ്ടീല്‍ പാപ്പാനെ എടുത്തു കിടത്തി, വലിച്ചോണ്ട് നേരെ ആശൂത്രി ലക്ഷ്യാക്കി...”

കൂട്ടച്ചിരിയിലും കൂക്കിവിളിയിലും അതൊട്ടു മുഴുമിപ്പിക്കുവാന്‍‍ പാവം ഗോപ്യേട്ടനായതുമില്ല !!!

6 comments:

:: niKk | നിക്ക് :: said...

...എനിക്ക് വെല്യ പേടിയൊന്നും തോന്നീല്ല. ഞാന്‍ ഇറങ്ങിനോക്കാന്ന് പറഞ്ഞതാ. അവമ്മാര് സമ്മതിച്ചില്ലന്നേ. ഇങ്ങനെയൊണ്ടോ പേടിത്തുറികള്. മിനിട്ടുകള്‍ കഴിയുംതോറും ആ അലര്‍ച്ച കൂടുതല്‍ കൂടുതലടുത്തു തുടങ്ങിന്നേ!

ചന്ദ്രസേനന്‍ said...

ഈശ്ശ്വരാ.....

Lidiya Joy said...

രണ്ട് പ്രാവശ്യം ഈശ്വരാ‍ാ‍ാ‍ാ‍ാ....

;-)

ഈ ആനകളൊക്കെ ഇങ്ങനെ തൊടങ്ങ്യാപ്പോ എന്താ ചെയ്യാ..??

:))

-പാര്‍വതി.

സുല്‍ |Sul said...

നുണയന്‍.

കഥയുടെ പേരാണ് കേട്ടൊ നുണ. ബാക്കിയെല്ലാം കിറു കിറു.

-സുല്‍

Sona said...

ബഡായികഥയാണെങ്കിലും വായിക്കാന്‍ നല്ല രസമുണ്ട്ട്ടൊ..നല്ല അവതരണം..അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു.

Unknown said...

Nikke badaayikkara ;)