Tuesday, April 03, 2007

പ്രയാണം

പരിചയപ്പെട്ടതിന്‍ ആദ്യനാളുകളില്‍ അവര്‍ പരസ്പരം ഒന്നും ഉരിയാടിയിരുന്നില്ല. പിന്നീടെപ്പോഴോ എ/എസ്/എല്‍ പ്ലീസ് എന്ന് ഡയറക്ടായി ചോദിക്കാതെ തന്നെ മൌന സ്വൈര്യസല്ലാപം തുടങ്ങി. ജോലിയെക്കുറിച്ച്, മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തെക്കുറിച്ച് പിന്നെ ഗ്രാജ്വലി, സ്വകുടുംബ കാര്യങ്ങളും അവരുടെ സല്ലാപങ്ങളിലെ ടോപ്പിക്കായി.

ഒന്നാം വാരം

സല്ലാപത്തിനിടയിലെപ്പൊഴോ അവന്‍ അവളോട് ചോദിച്ചു. “ആരാണ് താങ്കളുടെ ബെസ്റ്റ് ഫ്രണ്ട് ?” മറുപടിക്ക് താമസമുണ്ടായിരുന്നില്ല. “എന്റെ ഭര്‍ത്താവ് .” എന്തെന്നറിയില്ല, അവള്‍ അവനോട് ആ ക്വസ്റ്റ്യന്‍ തിരിച്ച് ചോദിച്ചില്ല. അവന്‍ അവന്റെ ഭൂതകാലം അവിടെ നിരത്തി. “ഞാന്‍ മുന്‍പൊരുപാട് പാടുമായിരുന്നു. സ്റ്റേജിലും സ്റ്റുഡിയോയിലും മറ്റും...” അവളുടെ റെസ്പോണ്‍സ് “ഞാനും”. അവന്‍ വീണ്ടും “ഞാന്‍ കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് വരെ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. കുറേ സമ്മാനങ്ങളൊക്കെ കിട്ടിയിട്ടുണ്ട് ”. വീണ്ടും അവള്‍ “ഞാനും വരയ്ക്കുമായിരുന്നു”. അവനതൊരത്ഭുതമായ് തോന്നി. അവന്‍ എന്തൊക്കെ ഇഷ്ടാനിഷ്ടങ്ങള്‍ പറയുമ്പോഴും അവളുടേതും സേം ടു സേം എന്ന് അവള്‍ മൊഴിയുമ്പോള്‍ അവന്‍ വാ പൊളിച്ചിരുന്നുപോയി. അവന്‍ തുറന്ന വായ് അടയുന്നതിന് മുന്‍പ് അവള്‍ “നമ്മള്‍ തമ്മില്‍ എല്ലാക്കാര്യത്തിലും ഭയങ്കര സാമ്യമുണ്ടല്ലോ. മുജ്ജന്മ ബന്ധമാണോ?” അവന്‍ ആലോചിക്കാതിരുന്നില്ല. “മുജ്ജന്മം എന്നൊരു ജന്മം ഉണ്ട് ?”

രണ്ടാം വാരം

അന്ന് മറ്റൊരു ചെറുപ്പക്കാരനുമായുള്ള അവളുടെ ഒളിച്ചും പതുങ്ങിയുമുള്ള സ്വൈര്യ സല്ലാപം അവന്‍ കാണാനിടയായി.

അവന്‍ : “ആരാണാവോ കക്ഷി ?”
അവള്‍ : “രഞ്ജുഷ് ”
അവന്‍ : “അതാരാ ?”
അവള്‍ : “എന്റെ ബെസ്റ്റ് ഫ്രണ്ട് ”
അവന്‍ : “ബെസ്റ്റ് ഫ്രണ്ടോ?”
അവള്‍ : “എന്റെ പഴയ ഓഫീസിലുണ്ടായിരുന്നതാ. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാ. ഇപ്പോ ദുബൈലാ.”

അവന്‍ മനസ്സില്‍ പറഞ്ഞു “കഴിഞ്ഞാഴ്ച ആ സ്ഥാനം ഭര്‍ത്താവിനായിരുന്നല്ലോ !”
അവന്റെ മനസ്സ് അവള്‍ വായിച്ചത് പോലെ അവള്‍ പറഞ്ഞു : “വീട്ടിലൊക്കെ വന്നിട്ടുണ്ട്, ഭര്‍ത്താവിനൊക്കെ അറിയാം”

മൂന്നാം വാരം

“എടാ. ഇടയ്ക്കെഴുന്നേറ്റ് പോയി വെള്ളം കുടിക്കണം.”

അവന്‍ ചിന്തിച്ചു “ഹൊ! ഈ സ്ത്രീ എന്നില്‍ കൂടുതല്‍ സ്വാതന്ത്ര്യം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നുവല്ലോ. ഇപ്പോള്‍ പേരു വിളിക്കുന്നതിന് പകരം ‘എടാ’യായി”.

അവന്റെ സംശയം “വെള്ളം? അതെന്തിനാ?”
അവളുടെ സൌന്ദര്യക്കൂട്ട് “നിന്റെ നിറം നിലനിര്‍ത്താന്‍. അതിന് ഇടയ്ക്ക് പോയി വെള്ളം കുടിച്ചേ പറ്റൂ.”
ഈ മൂന്നാം വാരത്തില്‍ അവള്‍ കള്ളക്കടക്കണ്ണെറിഞ്ഞ് അവനോട് മൊഴിഞ്ഞു : “യൂ ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട് .” ഇത്തവണ അവന്‍ ഞെട്ടി. ആഴ്ചകള്‍ കൊണ്ട് എന്തൊക്കെയാ മാറിമറിയുന്നത്. പിന്നീടവള്‍ പറഞ്ഞത് അവനൊട്ടും ദഹിക്കാത്തതായിരുന്നു.

“ഐ ഫീല്‍ ലോണ്‍ലി.”

അന്ന് അവന്‍ അവന്‍ വീട്ടിലെത്തി മുറ്റത്തങ്ങുമിങ്ങുമൊരുപാടുലാത്തി. അവന്‍ ചിന്തിച്ചു. “ആക്ച്വലി വാട്ട് ഈസ് ഹെര്‍ പ്രോബ്ലം?” അവനൊരെത്തും പിടിയും കിട്ടിയില്ല.

മൂന്നാം വാരം അവസാനിക്കുവാന്‍ നാഴികകള്‍ ബാക്കി നില്‍ക്കേ, അവന്റെ മൊബൈല്‍ ശബ്ദിച്ചു. “ഫോണെട്രാ, ലോ ലവളാ”. മറുതലയ്ക്കല്‍ അവളുടെ ശബ്ദം. അവളുടെ ആ ഹലോ - ഐ ഫീല്‍ ലോണ്‍ലി എന്ന് പറയും പോലെയാണവന് തോന്നിയത്. അവന്‍ നേരത്തെ മുറ്റത്തുലാത്തിക്കൊണ്ട് ചിന്തിച്ചതിന്റെ ക്ലൈമാക്സ് അറിയണം എന്ന ഉദ്ദേശത്തോടെ അവളോട് ചോദിച്ചു. “ആക്ച്വലി വാട്ട് ഈസ് യുവര്‍ പ്രോബ്ലം? വീട്ടിലെന്തെങ്കിലും? താങ്കള്‍ക്ക് ഇത്ര ലോണ്‍ലിയായി തോന്നുവാന്‍ തക്ക കാരണമൊന്നും കാണുന്നില്ലല്ലോ. നല്ലൊരു കുടുംബാന്തരീക്ഷമൊക്കെയല്ലേ. വേറെ എന്തു വേണം? ഒരിക്കലും ഇങ്ങനെ തോന്നാന്‍ പാടുള്ളതല്ലല്ലോ. ഇപ്പോള്‍ മറ്റ് എന്തെങ്കിലുമൊക്കെ തോന്നുണ്ടാവും. അതൊക്കെയാണ് ഈ ലോണ്‍ലിനെസ്സ് ഫീലിങ്ങ്സിന്റെ പുറകില്‍. അതൊക്കെ വെറും ഫാന്റസി അല്ലേ. ഈ അപക്വമായ സ്വപ്നങ്ങളില്‍ നിന്നൊക്കെ ഉയിര്‍ത്തെഴുന്നേല്‍ക്കൂ സുഹൃത്തേ.”

അവള്‍ ഉയിര്‍ത്തെഴുന്നേറ്റോ ഇല്ലയോ എന്നൊന്നും അവനറിയില്ല. പക്ഷെ, അവനൊന്നറിഞ്ഞു. അവളുടെ പുതിയ പുതിയ ബെസ്റ്റ് ഫ്രണ്ട്സ്... ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്കുള്ള പ്രയാണം അവള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അവന്‍ ഒരു ചെറുനെടുവീര്‍പ്പോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു...

4 comments:

:: niKk | നിക്ക് :: said...

ഇങ്ങനേയും ഒരു നിലാപക്ഷി !

ശരിക്കിതായിരുന്നു എന്റെ മനസ്സില്‍ തത്തിക്കളിച്ചിരുന്ന ടൈറ്റില്‍. പക്ഷെ, കഥാനായികയുടേത് ഒരു പ്രയാണം തന്നെയല്ലേ?

Sona said...

കൊള്ളാം..ബെസ്റ്റ് ഫ്രണ്ട്!!!!

മുസ്തഫ|musthapha said...

ഹഹഹ നിക്കേ...

സ്വകാര്യായിട്ട് പറഞ്ഞാല്‍ മതി... ആരാ കക്ഷി, ഞാനും ഒരു ബെസ്റ്റ് ഫ്രണ്ട് ആയിരുന്നോന്നറിയാനാ :)

ആഷ | Asha said...

ഹ ഹ ഹ
അപ്പോ അങ്ങനെയാണ് കാര്യങ്ങള്‍