Sunday, July 08, 2018

കാലചക്രം ഉരുളുമ്പോൾ, ചിലർ...



ജീവിതത്തിൽ തനിച്ചായിപ്പോയവർക്ക് പറയാൻ ഒരു കഥയെങ്കിലും കാണും. അടിസ്ഥാനപരമായി എല്ലാ മനുഷ്യരും നല്ലവരാണെങ്കിലും  സാഹചര്യങ്ങളാണ് അവരെ അങ്ങിനെയല്ലാതാക്കുന്നത്. പല ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്നവരല്ലേ. ഒരുദിനം കൂട്ടുവിട്ട് ഓടിപ്പോകുമ്പോൾ അവർക്ക് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും. പൊള്ളയായ വാഗ്ദാനങ്ങളും മറ്റും വളരെ എളുപ്പത്തിൽ കാറ്റിൽപ്പറത്തി പൊടിയും തട്ടി അവർ  പറന്നുപോകും. നല്ലൊരു സുഹൃത്ബന്ധത്തിൽ എവിടെയാണ് വാഗ്ദാനങ്ങൾക്ക് സ്ഥാനം എന്നാരും അപ്പോൾ ചിന്തിക്കാറില്ല.

ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്വയം എടുക്കേണ്ടിയിരുന്ന  പല പ്രധാനപ്പെട്ട തീരുമാനങ്ങളെ പോലും  തിരുത്താൻ അവകാശമുണ്ടെന്ന് വിശ്വസിച്ചിരുന്ന അവൻ പ്രിയസുഹൃത്ത് എന്ന് വിളിക്കാതെ  തന്റെ കുടുംബത്തിലെ തന്നെ ഒരാൾ എന്ന് പ്രതിഷ്ഠിച്ചു വച്ചിരുന്ന അവൾ, ഒരു സുപ്രഭാതത്തിൽ  കുറെ ഒഴിവുകഴിവുകളും പരാതികളുടെ  ഭാണ്ഡവും പേറിക്കൊണ്ടാണ് പ്രത്യക്ഷപ്പെട്ടത്.  അവൾ അങ്ങിനെയങ്ങ് കാറ്റിന്റെ ഗതിക്കൊത്ത് മാഞ്ഞു പോയപ്പോൾ അവന് ഒറ്റക്കായിപ്പോയത് പോലെ തോന്നി.

കാളിങ് ബെല്ലിന്റെ ശബ്ദം തന്റെ വീട്ടിലെപ്പോലെ തന്നെ ഓഡിയോ പ്ലെയറിൽ കാസ്സറ്റിന്റെ ടേപ്പ്  വലിയുന്നത് പോലെയാണോ എന്ന് അവൾ ചെവി വട്ടം പിടിച്ചു ശ്രവിക്കാൻ ശ്രമിച്ചു. അല്ല,  പക്ഷി ചിലയ്ക്കുന്നത് പോലെയാണോ?? അടച്ചിട്ടിരിക്കുന്ന വാതിലിനു പിന്നിൽ ഉള്ളിലെവിടെയോ ഒരു പക്ഷി  ചിലയ്ക്കുന്നുണ്ടെന്നവൾക്ക് വെറുതെ തോന്നി. ആ അടഞ്ഞ വാതിലിന്റെ മുന്നിൽ അക്ഷമയായി  നിൽക്കുമ്പോൾ  അവളുടെ ഓർമ്മകൾ പിറകിലേക്ക് പാഞ്ഞു. അന്ന് കോട്ടഗിരിയിൽ വച്ച് എത്രയെത്ര  പക്ഷികളെയാണ് ഇവരിലൂടെ താൻ കണ്ടതും പരിചയപ്പെടാനായതും. അമ്മുവിൻറെ നിരീക്ഷണപാടവവും പക്ഷികളെ തിരിച്ചറിയുന്നതിനുള്ള  അറിവും തന്നെ  ഒരുപാട് അത്ഭുതപ്പെടുത്തിയിരുന്നു.

തന്റെ ജീവിതത്തിലെ ആദ്യത്തെ ട്രെക്കിങ്ങും നേർക്കുനേരെ വന്ന വന്യമൃഗവുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓർക്കുന്നു. പക്ഷെ, ഇതൊക്കെ ജീവിതത്തിന്റെ മറ്റു തിരക്കുകളിലേക്ക് ഊളിയിട്ടപ്പോൾ എപ്പോഴാണ് മറന്നത്? "ട്രെക്ക് വിത്ത് നിക്ക്" എന്നായിരുന്നല്ലോ നമ്മൾ അന്ന് ചെയ്യണമെന്ന് കരുതിയ യാത്രാവിവരണം. വർഷങ്ങൾ പലതു കടന്നു പോയിരിക്കുന്നു. അതിപ്പോഴും വെളിച്ചം കാണാത്ത മറ്റനേകം കൃതികളിലൊന്നായി അവശേഷിക്കുന്നു. തെറ്റുകുറ്റങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ? പക്ഷെ, സ്വയം മനസ്സിലാക്കുന്ന ഒരാൾക്ക് മാത്രമേ മറ്റൊരാളെ മനസ്സിലാവുകയുള്ളു. അവനെന്നോട് ദേഷ്യം കാണില്ലായിരിക്കും.

തനിക്ക് മുന്നിലുള്ള ചിത്രപ്പണികളേതും ഇല്ലാത്ത വാതിൽ, അന്നനുഭവിച്ചിരുന്ന സന്തോഷങ്ങളിലേക്കുള്ള  വാതിലായി പരിണമിക്കപ്പെട്ടു. ലോക്ക് തിരിയുന്ന ശബ്ദം സന്ദര്ശകയെ ഭൂതകാലത്തിൽ നിന്നും തിരിച്ചുകൊണ്ടുവന്നു. വാതിൽ മെല്ലെ തുറന്നു. ആകാംഷാഭരിതയായി അകത്തേക്ക് നോക്കിയ അവൾക്ക് ഉള്ളിൽ ആരെയും കാണാൻ  കഴിഞ്ഞില്ല. വാതിൽ തുറന്നത് ആര് എന്ന് അവൾ ചിന്തിക്കുന്നതിനും മുൻപേ വാതിലിനു മറവിൽ നിന്നൊരു കുഞ്ഞു മുഖം നിഷ്കളങ്കമായ ചിരിയോടെ കൊഞ്ചിപ്പറഞ്ഞു:

"Please come in, Viyyaunty."