ഈ വര്‍ഷത്തെ ഏറ്റവും വലിയ പൂര്‍ണ്ണചന്ദ്രനെ ഇന്ന് ദൃശ്യമാവുന്നു. ഇന്നലെയും ഇന്നുമായുമാണ് (ഒക്ടോബര്‍ 25, 26) ഈ നയനമനോഹരമായ കാഴ്ച കാണുവാന്‍ കഴിയുകയെന്ന് നാസ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2007 ല്‍ ഇതു വരെ ദൃശ്യമായിട്ടുള്ളതിനേക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവുമാണ് ഇന്നത്തെ പൂര്‍ണ്ണചന്ദ്രന്റെ സവിശേഷത. ഭൂമിയുടെ ഭ്രമണപഥത്തിനേറെ അടുത്തു (ഏതാണ്ട് 3,60,000 കി.മീ ദൂരം) വരുന്നതു കൊണ്ടാണിത്.
പക്ഷെ, ഇന്നലെ ഉച്ച ഷിഫ്റ്റും കഴിഞ്ഞ് കൊട്ടാരത്തില്‍ വന്ന് രാത്രിയില്‍ ഏറെനേരം തണുപ്പിനെയശ്ശേഷം വകവെയ്ക്കാതെ നോം മട്ടുപ്പാവില്‍ ഉലാത്തിയെങ്കിലും ഇഷ്ടനെ ഒരു നോക്കു കാണാന്‍ ഗൊത്തില്ല! കാര്‍മേഘങ്ങള്‍ അങ്ങനെ ഗുമ ഗുമാന്ന് കെട്ടിക്കിടക്കുവല്ലേ, പെയ്തൊഴിയാതെ! പക്ഷെ ആകാശത്തിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഇനിയിപ്പോള്‍ ഇന്നെങ്കിലും ഒരുമാത്രയെങ്കിലും നമുക്ക് കാണുവാന്‍ തരപ്പെടണേ എന്ന പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു...
പിന്നെ, ഇന്നലെത്തെ ദര്‍ബാര്‍ കൂടിയപ്പോള്‍ ഈ പൂര്‍ണ്ണചന്ദ്ര പ്രതിഭാസത്തെക്കുറിച്ച് കുലങ്കഷമായൊരു ചര്‍ച്ച നടന്നു. സഭയില്‍ ഹാജരായിരുന്നവര്‍ അവരവരുടെ അറിവും സംശയങ്ങളും വെളിവാക്കിയപ്പോള്‍ കൂട്ടത്തില്‍ ആസനസ്ഥനായിരുന്ന മ്മടെ ഉണ്ണിക്കുട്ടനോടാരോ (ഉണ്ണിക്കുട്ടനെ മറന്നിട്ടില്ലല്ലോ ല്യേ?) ചോദിച്ചു.
“ഉണ്ണിക്കുട്ടാ നിയ്യെന്താ ഒന്നും മിണ്ടാതിരിക്കണേ? നിനക്കീ വിഷയത്തില്‍ താല്പര്യമേതുമില്ലേ? സൂര്യനെയാണോ ചന്ദ്രനെയാണോ നിനക്കിഷ്ടം?”
ഉണ്ണിക്കുട്ടന്‍ ഒന്ന് നിമിഷം ആലോചിച്ചു. എന്നിട്ട് തന്റെ ഘനഘംഭീരമായ ശബ്ദത്തില്‍ പറഞ്ഞു.
“ചന്ദ്രനെ തന്നെ!”
“അതെന്താ?” അഭി ചോദിച്ചു.
“ചന്ദ്രന്‍ തന്നെയാണ് സൂര്യനെക്കാള്‍ പ്രധാനപ്പെട്ടത്. കാരണം ചന്ദ്രന്‍ വെളിച്ചം ആവശ്യമായ രാത്രി നേരത്ത് വെളിച്ചം തരുന്നു. പക്ഷെ സൂര്യനോ? പകല്‍ നമുക്ക് വെളിച്ചം ആവശ്യമില്ലാത്ത നേരത്ത് വെളിച്ചം തരുന്നു. എന്തു കാര്യം! വേസ്റ്റ്!”
പിന്നത്തെ കഥയൊന്നും പറയാതിരിക്കുകയാ ബുദ്ധി. ;) സഭ അലങ്കോലപ്പെട്ടു. “സമ്മര്‍ ഇന്‍ ബെത് ലഹേം” എന്ന സിനിമയില്‍ ഇതു പോലെ ഓരോ കീച്ച് കീച്ചുന്ന കലാഭവന്‍ മണിയെ സുരേഷ് ഗോപിയും ജയറാമും ചേര്‍ന്ന് ഒരു ചെണ്ടയാക്കി മാറ്റുന്നത് പോലെ ഇവിടെ നമുക്ക് ചെയ്യാന്‍ പറ്റുമോ? അതു സിനിമയല്ലേ...! അനുഭവിക്കുക തന്നെ... ശിവ ശിവ...