Saturday, October 28, 2006

ഒറ്റരൂപ നാണയം

ഇന്നലെ വൈകിക്കിടന്ന് ഇന്ന് അതിരാവിലെ എഴുന്നേറ്റ്, കുറേ നാളുകള്‍കൂടി അമ്പലത്തില്‍ പോയി. തിരിച്ച് വീട്ടിലെത്തി ഒരു കപ്പ് ചായയും മോന്തി, പത്രത്താളുകള്‍ മറിച്ച് നോക്കി. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വധഭീഷണി സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വായിച്ചു. പിന്നെ മറ്റു പല വാര്‍ത്തകളും പരസ്യങ്ങളും കടന്ന്, സപ്ലിമെന്റ് പേജിലേക്ക് കടന്നു. അതില്‍ രസകരവും അതിലേറെ ദുരൂഹതയുമുള്ള ഒരു വാര്‍ത്ത കണ്ടു.

ഒരു ഒറ്റരൂപ നാണയത്തിന്റെ വില അതിന്റെ നിര്‍ദ്ദിഷ്ട മൂല്യത്തേക്കാള്‍ കൂടുതലുണ്ടോ? ഉണ്ടെന്നാണ് കൊച്ചി നഗരത്തില്‍ ചില കൂട്ടര്‍ പറയുന്നത്. ഭിക്ഷക്കാര്‍! അവര്‍ക്ക് ഇരന്ന് കിട്ടുന്ന ഓരൊ ഒരു രൂപ തുട്ടിന്റേയും മൂല്യം ഒരു രൂപ അമ്പത് പൈസ. തമിഴ്നാട്ടില്‍ നിന്നും ഒരു പറ്റം ആള്‍ക്കാര്‍ നഗരത്തില്‍ എത്തി ഭിക്ഷക്കാരുടേയും മറ്റ് കിട്ടാവുന്നിടത്തു നിന്നുമൊക്കെ ഒറ്റ രൂപത്തുട്ട് ശേഖരിക്കുന്നു, നിര്‍ദ്ദിഷ്ട മൂല്യത്തേക്കാള്‍ വില നല്‍കുകയും ചെയ്യുന്നു. ഈ ഗ്രൂപ്പിന്റെ അംഗങ്ങളെ നഗരത്തില്‍ പലയിടങ്ങളിലായി വിന്യസിച്ച്, ഭിക്ഷക്കാര്‍ ദിവസേന ഭിക്ഷയാചിച്ച് കിട്ടുന്ന ഒറ്റരൂപത്തുട്ടുകള്‍ കൂടിയ നിരക്കിന് വാങ്ങി ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഭിക്ഷക്കാര്‍ക്ക് കോളടിച്ചല്ലോ, 100 ഒറ്റ നാണയത്തിന്റെ ഒരു കെട്ടിന് ലഭിക്കുന്നത് 150 രൂപ. 50 രൂപ ലാഭം!

എറണകുളം ബ്രോഡ് വേയില്‍ ഇക്കൂട്ടര്‍ ഒരു താല്‍ക്കാലിക ഷെഡ് വരെ കെട്ടിയാണത്രേ നാണയ കച്ചവടം പൊടിപൊടിക്കുന്നത്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ഈ ഗ്രൂപ്പിലെ ഒരുവനെ നേരില്‍ക്കണ്ട് കാര്യം തിരക്കി. ഈ നാണയങ്ങള്‍ക്ക് പിന്നീടെന്ത് സംഭവിക്കുന്നു? അയാള്‍ മറുപടി പറഞ്ഞത്, ഈ നാണയങ്ങള്‍ തമിഴ്നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നു. പക്ഷെ, ഈ കച്ചവടത്തിന് പുറകിലുള്ള രഹസ്യം വെളിപ്പെടുത്താന്‍ അയാള്‍ തയ്യാറായില്ല. ഇക്കൂട്ടര്‍ക്ക് ഭിക്ഷക്കാരില്‍ നിന്നല്ലാതെയും വളരെയധികം നാണയങ്ങള്‍ മറ്റുപല ഉറവിടങ്ങളില്‍ നിന്ന് ലഭിക്കുന്നണ്ടത്രേ. എന്തിനിവര്‍ ഒറ്റ രൂപ നാണയം മാത്രം ലക്ഷ്യമിടുന്നു, മറ്റ് നാണയങ്ങളൊന്നും ലാഭകരമല്ല എന്നാണ് ഇവര്‍ പറയുന്നത്.

കാലം പോയ പോക്കേ!!! ശിവ ശിവ...

ഇവരിതെന്തിനുള്ള പുറപ്പാടാണ്. ആ വാര്‍ത്ത വായിച്ചിട്ടൊരെത്തുംപിടിയും കിട്ടുന്നില്ല. നിങ്ങള്‍ക്കോ???

(കടപ്പാട് : ഇന്ത്യന്‍ എക്സ്പ്രസ്സ്)

Wednesday, October 25, 2006

ഡെറിന്‍ ശയനം

ഈ ചിത്രം ഒന്ന് റേറ്റ് ചെയ്യൂ പുലികളേ...



മോഡല്‍ : ഡെറിന്‍.

ഡെറിന്റെ തൊട്ട് പുറകില്‍ മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമില്‍ നിന്നും സംഭരിച്ചിട്ടുള്ള ജലാശയം. (ദാറ്റ്സ് നോട്ട് വിസിബിള്‍ ഇന്‍ ദ ഫോട്ടോ)

എന്റെ കാലുകള്‍ ആറ്റിലേയ്ക്ക് ഇറക്കി വച്ച് ആ ആറിന്റെ പശ്ചാത്തലമൊഴിവാക്കി ഇങ്ങനെ ഒരു ചിത്രമെടുക്കണമെന്ന എന്റെ ആഗ്രഹത്തിന് സഹകരിച്ച ഡെറിന് നന്ദി.

Friday, October 20, 2006

നമ്മള്‍

നമ്മള്‍ എന്നേ നമ്മള്‍ എന്തിനും ഏതിനും പറയാറുണ്ടായിരുന്നുള്ളൂ. എന്റെ എന്നോ നിന്റെയെന്നോ നമ്മള്‍ ഒരിക്കലും വേര്‍തിരിച്ചു കണ്ടിരുന്നോ? നമ്മുടെ ദുഃഖങ്ങളും സന്തോഷങ്ങളും അന്യോന്യം പങ്കുവെച്ചു. നമ്മള്‍ ആദ്യം കണ്ടപ്പോള്‍ നീ പറഞ്ഞതെല്ലാമോര്‍മ്മയുണ്ടോ?

"ഞാന്‍ നിന്റെ കരംഗ്രഹിച്ചു ഇന്നു നിന്റെ കൂടെ കുറച്ചു നടക്കട്ടേ. ഞാന്‍ കേള്‍ക്കാം, നിനക്കു സംസാരിക്കാന്‍ തോന്നുമ്പോള്‍. നിന്റെ കണ്ണീരൊപ്പാന്‍ ഞാനുണ്ട്‌. ഞാനുണ്ടാവും എന്നെന്നും നിന്നോടൊപ്പം എല്ലാ ദുഃഖങ്ങളും പങ്കു വെയ്ക്കാന്‍. നിന്റെ ഭയങ്ങളെ അകറ്റുവാന്‍ ഞാന്‍ നിന്നെ സഹായിക്കാം. അതുകൊണ്ടു നീ എന്റെ കരം ഗ്രഹിക്കൂ, നമുക്കൊരുമിച്ചു ഈ ലോകത്തെ അഭിമുഖീകരിക്കാം...എന്നിട്ടൊരിക്കല്‍ നമുക്കൊന്നാവാം. നീ തനിച്ചല്ല. എന്നെന്നും നിന്നോടു കൂടെ ഞാനുണ്ട്‌..."

അങ്ങിനെ ആ ദിവസം നിന്റെ കരം ഗ്രഹിച്ചു കുറേ ദൂരം നടന്നു. ആ നടപ്പു നമ്മള്‍ നടന്നു നടന്നു ദിനരാത്രങ്ങള്‍ കടന്നു പോയതറിഞ്ഞില്ല. നമ്മള്‍ പിന്തിരിഞ്ഞു നോക്കിയതേയില്ല. ഇടക്കിടെ കുറേ തടസ്സങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും നമ്മളെ തളര്‍ത്തിയെങ്കിലും നമ്മള്‍ അതൊക്കെ പരസ്പര വിശ്വാസത്തിന്മേലും ഒരുമയോടും കൂടി തരണം ചെയ്തു.

പക്ഷെ ഇപ്പോള്‍ എവിടെയോ വെച്ചു ഞാന്‍ നടപ്പു നിര്‍ത്തി ചുറ്റും നോക്കുമ്പോള്‍, എന്റെ കൂടെ ഇത്രനേരമുണ്ടായിരുന്ന നിന്നെ എനിക്കു കാണുവാന്‍ കഴിയുന്നില്ല. എവിടെപ്പോയ്‌ മറഞ്ഞു നീ? എവിടെ വച്ചാണു നീ എന്നെ വിട്ടു പോയത്‌? ആ കുന്നിന്‍ മുകളില്‍ വച്ചോ? അതോ നമ്മള്‍ പുഴ നീന്തിക്കടന്നപ്പോഴോ? എവിടെ വച്ചായാലും, എന്നെ വിട്ടൊരിക്കലും പോവില്ലെന്നു പറഞ്ഞ നീ ഇപ്പോള്‍ എവിടെ മറഞ്ഞിരിക്കുന്നു? എന്നെ തനിച്ചാക്കിപ്പോകാന്‍ എങ്ങനെ കഴിഞ്ഞൂ...

ഇനി ???

Saturday, October 14, 2006

ദി(?) നിക്കീ റിട്ടേണ്‍സ്

അഗ്രജന്‍ എന്നോട് ചോദിച്ചു, എന്തേ ബൂലോഗത്ത് സജീവമല്ലാത്തത്. എന്റെ മറുപടി. ബിസിയായിരുന്നു ഇക്കാ.

ശ്രീജിത്ത് എന്നോട് ആരാഞ്ഞു, എന്തേ ബൂലോഗത്ത് കാണാത്തൂ. വീണ്ടും എന്റെ മറുപടി. ബിസിയാണ് ഡാ.

ഡാലി എന്നോട് ചോദിച്ചു, എന്തേ ബൂലോഗത്ത് വരാത്തേ. ബിസിയാണ് ഡാ. ഒട്ടും വ്യത്യസ്തമല്ലായിരുന്നു എന്റെ മറുപടി.

പാര്‍വ്വതിയും ചോദിച്ചു..മറുപടി എന്തെന്ന് പ്രത്യേകം പറയണ്ടല്ലോ...

ആദിത്യനും ചോദി...

അവരെല്ലാവരും ചോദിച്ച ചോദ്യം ഞാ‍ന്‍ എന്നോട് തന്നെ ചോദിച്ചു. ഞാന്‍ ബിസിയായിരുന്നോ? അതോ ബിസിയാണോ? അതേ. ബിസിയായിരുന്നു. ബിസിയാണ്. പക്ഷെ, എനിക്ക് ബൂലോഗത്തില്‍ ഒന്ന് എത്തി നോക്കാന്‍ ഈ തിരക്കിനിടയില്‍ സാധിക്കുമായിരുന്നില്ലേ? ശരിയാണ് എന്തു കൊണ്ട് ഞാനതിന് തുനിഞ്ഞില്ലാ? എന്തെന്നറിയില്ലാ... എന്തോ ഒരുതരം മടുപ്പ് എന്നെ വേട്ടയാടി വിളയാടുന്നുവോ? വിളയാടിയിരുന്നുവോ?

ങാ! എനിവേയ്സ്, എന്നെ മിസ് ചെയ്തവരോട് - നൌ ഐ ആം ഹിയര്‍ നോ? ഞാന്‍ വീണ്ടും ആക്ടീവ് ആകുന്നതിന്റെ സൂചനായായി എടുത്തോളൂ ഈ പോസ്റ്റ്. ബട്ട് ശരിക്കും നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്തുവോ ആവോ!!!

നവംബറിനൊരു തപാല്‍

പ്രിയപ്പെട്ട നവംബര്‍,

നിനക്കു സുഃഖമാണെന്ന് കരുതുന്നു.

ഒരു മെഴുകുതിരി നാളമായ് ഉരുകുന്നത് നിനക്കു വേണ്ടി മാത്രം എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി അല്ല. എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നെ കുറിച്ചുള്ള സ്വപ്നങ്ങളുമായാണ്. ആ സ്വപ്നങ്ങള്‍ എല്ലാം യാഥാര്‍ത്ഥ്യമാകും എന്ന് നീ ഓര്‍മ്മിപ്പിക്കാറുണ്ടല്ലോ... എല്ലാം നിനക്കു അറിവുള്ള കാര്യങ്ങളായതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.

നിന്റെ വരവിനായ് കാത്തു കാത്തിരിക്കുന്ന...

സ്വന്തം
മെയ്