Thursday, December 28, 2006

ഡിസംബര്‍ 29

ഇന്ന് ഡിസംബര്‍ 29. ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുന്നു എന്റെ ബ്ലോഗ്ഗെഴുത്തിന്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അവള്‍ ആവശ്യപ്പെട്ടു “മാഷിനും ബ്ലോഗ്ഗെഴുതിക്കൂടെ”. ഞാന്‍ മറുപടി പറഞ്ഞു. “ഇനീപ്പോ ഇതിന്റെ കൂടി കുറവേയുള്ളൂ. മറ്റെല്ലാം തികഞ്ഞിരിക്കുവല്ലേ. എനിക്ക് വയ്യ. ഇനി നീ എനിക്കൊരു ബ്ലോഗ്ഗ് ഉണ്ടാക്കിത്തരികയാണെങ്കില്‍ ഞാനെഴുതാന്‍ ട്രൈ ചെയ്യാം.” അവള്‍ അതനുസരിച്ച് ഒരെണ്ണം ഉണ്ടാക്കുകയും ചെയ്തു. അങ്ങിനെ അന്ന് ഒരു “ഡ്രീംസ് ലിമിറ്റഡ്” ബ്ലോഗ്ഗറില്‍ ഉദയം കൊണ്ടു. അത് ഇടക്കെപ്പോഴോ ബ്ലോഗ്ഗറില്‍ നിന്നും നിക്ക് ഡോട്ട് ഇന്‍ ലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ബ്ലോഗ്ഗ് ഐഡി മാറിയെങ്കിലും അവള്‍ എനിക്കുണ്ടാക്കി തന്ന ബ്ലോഗ്ഗ് ടൈറ്റില്‍ മാത്രം മാറ്റിയില്ല. അതാണ് “കൊച്ചി രാജാവിന്റെ ജീവിതം”. ഈ ബ്ലോഗ്ഗ് സമൂഹത്തിലേയ്ക്കെന്നെ കൈപിടിച്ചാനയിച്ച എന്റെ പ്രിയപ്പെട്ട ആ സുഹൃത്ത് ലക്ഷ്മിക്കുട്ടിയമ്മയ്ക്കായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

ആ സമയത്ത് ആംഗലേയ ബ്ലോഗ്ഗുകളായിരുന്നു എഴുതി നോക്കിയിരുന്നത്. അന്നൊക്കെ മലയാളത്തില്‍ ബ്ലോഗ്ഗാമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നതല്ലല്ലോ. ഈ ബ്ലോഗ്ഗെഴുത്തിന്റെ ആദ്യകാലം എന്നെ ഇപ്പോള്‍ മറ്റൊന്നിനെക്കുറിച്ചുകൂടി ഓര്‍മ്മിപ്പിക്കുന്നു. ലക്ഷ്മിയുടെ പ്രചോദനത്താല്‍ ഊര്‍ജ്ജം കൊണ്ട് ഒരു ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ. അതിന് പിന്നാലെ ഫേസ് ടു ഫേസ് ഇന്റര്‍വ്യൂവും, പിന്നെ പ്രതീക്ഷിച്ച ശമ്പളസ്കെയിലില്‍ കേരളത്തിലെ ഒരു പ്രമുഖ സര്‍ക്കാര്‍ അധിഷ്ഠിത ഐ.ടി.പാര്‍ക്കില്‍ ഉദ്യോഗവും. അങ്ങിനെ 2005 ഡിസംബര്‍ അല്ല, ആ വര്‍ഷം തന്നെ അവസാനിക്കാന്‍ നാഴികകള്‍ അവശേഷിക്കേ എന്റെ ജീവിതത്തിലെ ആദ്യ നൈറ്റ് ഷിഫ്റ്റിലൂടെ പുതിയ ഉദ്യോഗത്തില്‍ പ്രവേശിച്ചു.

സഹവര്‍ക്കനായ പണിക്കനാണ് മലയാളത്തില്‍ ബ്ലോഗ്ഗാമെന്ന് പറഞ്ഞു തന്നതും, പിന്മൊഴി സെറ്റിംഗ്സ്സും മറ്റും ചെയ്തു തന്ന് സഹായിച്ചതും. ഈ അവസരത്തില്‍ പണിക്കനോടുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ. അങ്ങിനെ ഞാന്‍ മലയാളത്തില്‍ ബ്ലോഗ്ഗുകള്‍ എഴുതിത്തുടങ്ങി. കമന്റുകളും പിന്മൊഴിയും തനിമലയാളവും ബൂലോഗക്ലബും എനിക്ക് ഒട്ടേറെ ബ്ലോഗ്ഗ് സുഹൃത്തുക്കളെത്തന്നു. അത് ജീവിതത്തിലെ വലിയ നേട്ടങ്ങളിലൊന്നായി കണക്കാക്കുന്നു. ആ സുഹൃത്തുക്കളിലൂടെ ഒട്ടേറെ വിജ്ഞാനവും പ്രോത്സാഹനങ്ങളും പല അവസരത്തിലുമെനിക്ക്‌ കൈവന്നു. എല്ലാ സഹായ സഹകരണങ്ങളും ഉപദേശങ്ങളും തന്ന എല്ലാ ബൂലോഗ സുഹൃത്തുക്കളോട് എന്റെ സ്നേഹം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കട്ടെ. ബ്ലോഗ്ഗറില്‍ നിന്നും എന്റെ സെര്‍വറിലേയ്ക്കു ബ്ലോഗ്‌ ഫീഡ്‌ മാറ്റാന്‍ സഹായിച്ച വിശ്വേട്ടന്‌ പ്രത്യേകം നന്ദി പറഞ്ഞുകൊള്ളട്ടേ.
ജൂലൈയില്‍ നടന്ന കേരള മീറ്റിലും (പടങ്ങള്‍ 1, 2) ആഗസ്റ്റില്‍ അടിച്ചു പിരിഞ്ഞ കൊച്ചി മീറ്റിലും പങ്കെടുക്കാനും കുറെയേറെ ബൂലോഗരെ പരിചയപ്പെടാനുമായി.

ഇനിയും നിങ്ങളുടെ ഏവരുടേയും പ്രോത്സാഹനങ്ങളും സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട്‌...

8 comments:

:: niKk | നിക്ക് :: said...

എന്റെ ബ്ലോഗ്ഗ് എഴുത്ത് ഇന്നേയ്ക്ക് 1 വര്‍ഷം തികയുന്നു.

ഇനിയും നിങ്ങളുടെ ഏവരുടേയും പ്രോത്സാഹനങ്ങളും സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട്‌...

സു | Su said...

അഭിനന്ദനങ്ങള്‍. ഇനിയും ബൂലോഗത്തുകൂടെ ഒരുപാട് വര്‍ഷങ്ങള്‍ സഞ്ചരിക്കട്ടെ എന്ന് ആശംസിക്കുന്നു. :)

Visala Manaskan said...

പ്രിയ നിക്കിന് അഭിനന്ദനങ്ങള്‍.
ആഗ്രഹിക്കുന്നതെല്ലാം നേടാന്‍ കഴിയട്ടേ!

എല്ലാം അടിപൊളീയാവട്ടെ.

ദേവന്‍ said...

നിക്കേ
ആശംസകള്‍, ഒന്നു പത്താക്കി, പത്തു പത്തൊമ്പതാക്കി അങ്ങനെ നൂറ്റാണ്ടുകാലം സസുഖം ബ്ലോഗ്ഗൂ.

Anonymous said...

Read your post. It was good reading. Keep it up!

വേണു venu said...

നിക്കിന് അഭിനന്ദനങ്ങള്‍. പുതുവര്‍ഷാശംസകള്‍.

Sona said...

അഭിനന്ദനങ്ങള്‍...ഇനിയും ഒത്തിരി നല്ല സ്രഷ്ടികള്‍ ഇങ്ങ് പോരട്ടെ..
നിക്കിന് എന്റെ പുതുവത്സരാശംസകള്‍..

മുസ്തഫ|musthapha said...

നിക്കേ,

ബിലേറ്റഡ് ഒന്നാം ബ്ലോഗ് വാര്‍ഷീകാശംസകള്‍!

ഒരായിരം പോസ്റ്റുകള്‍ കൊണ്ടു നിറയട്ടെ കൊച്ചി രാജാവിന്‍റെ ജീവിതം.

അഭിനന്ദനങ്ങള്‍ :)