Tuesday, May 29, 2007

ഒറ്റമൈന

ഉച്ചമയക്കത്തില്‍ നിന്നുണര്‍ന്ന് അവള്‍ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. ഇത്ര പെട്ടെന്ന് സന്ധ്യയായോ? മേശമേല്‍ വച്ചിരിക്കുന്ന ടൈംപീസില്‍ നോക്കി. സമയം മൂന്ന് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. മൂടിക്കെട്ടി നിന്നിരുന്ന മേഘക്കൂട്ടങ്ങള്‍ താഴെ ഭൂമിയിലേയ്ക്ക് കാറ്റിന്റെ അകമ്പടിയോടെ ശക്തിയായ് പെയ്തിറങ്ങിയപ്പോള്‍ അവള്‍ പതുക്കെ ബാല്‍ക്കണിയിലേയ്ക്ക് നടന്നു. തന്റെ കൈകള്‍ നീട്ടി തിമിര്‍ത്തു പെയ്യുന്ന മഴത്തുള്ളികളെ തൊട്ടു. വീശിയടിക്കുന്ന കാറ്റത്ത് മഴത്തുള്ളികള്‍ അവളെ ആലിംഗനം ചെയ്തു. വീട്ടിലായിരുന്നെങ്കില്‍ എന്ന് അവള്‍ ഒരുമാത്ര ആഗ്രഹിച്ചുപോയി. അവിടെയായിരുന്നെങ്കില്‍ അമ്മയുടെ കണ്ണുവെട്ടിച്ച് നടുത്തളത്തിലേക്കിറങ്ങി മഴത്തുള്ളികളോട് കിന്നാരം പറയാമായിരുന്നല്ലോ.

മഴ ഒട്ടൊന്നു ശമിച്ചിരിക്കുന്നു. സാധാരണ കുട്ടികളെയും വൃദ്ധരായ വലിയ കുട്ടികളേയും കൊണ്ട് നിറയുമായിരുന്ന ഫ്ലാറ്റിലെ ആ കുഞ്ഞു പാര്‍ക്ക് ഇപ്പോള്‍ കാക്കകളെക്കൊണ്ട് നിറഞ്ഞിരുന്നു. അവള്‍ വരിവരിയായിരിക്കുന്ന അവറ്റകളെ എണ്ണുവാന്‍ തുടങ്ങി. ഒന്ന്, രണ്ട്, ..... ഇരുപത്തിയഞ്ച്, ഇരുപത്തിയാറു കാക്കകള്‍ പാര്‍ക്കിന്റെ അതിര്‍ത്തിയില്‍ നാട്ടിയിരിക്കുന്ന കൊച്ച് കൈവരികളില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. കൂട്ടത്തില്‍ നേതാവെന്ന് തോന്നിക്കുന്ന ഒരു കാക്ക മാത്രം കുട്ടികള്‍ക്ക് കളിക്കുവാനായി നിര്‍മ്മിച്ചിട്ടുള്ള സ്ലൈഡറിന്റെ ഏറ്റവും ഉയരമുള്ളയിടത്ത് ഇരുന്ന് അവറ്റകളുടെ ഭാഷയില്‍ താഴെയിരിക്കുന്നവരോട് എന്തോ നിര്‍ദേശിക്കുന്നുണ്ടായിരുന്നോ? നേതാവിരിക്കുന്ന സ്ഥലത്തേയ്ക്ക് മറ്റേതെങ്കിലും കാക്ക വന്നിരിക്കുമ്പോള്‍ അവയെ കൊത്തിയോടിക്കാ‍നും മൂപ്പര്‍ ഉത്സാഹം കാണിക്കുന്നുണ്ട്.

അവള്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്ന ആകാശത്തേയ്ക്ക് വീണ്ടും കണ്ണുകള്‍നട്ടു. അടുത്ത മഴയ്ക്കുള്ള തയ്യാറെടുപ്പാണല്ലോ. മുറിയില്‍ നിന്നും ഫോണ്‍ബെല്ലടിക്കുന്നുവോ? അമ്മു തിരിഞ്ഞു മുറിയിലേയ്ക്ക് നടക്കുന്നതിനിടയില്‍ താഴെ പാര്‍ക്കിലേയ്ക്ക് അലസമായ് ദൃഷ്ടികള്‍ പായിച്ചു. മുന്‍പ് ഉണ്ടായിരുന്ന കാക്കക്കൂട്ടത്തിനെ അപ്പോള്‍ അവിടെയെങ്ങും കണ്ടില്ല. പകരം, അവിടെ നിന്നും പറന്നുയരുന്ന ഒരു മൈനയെയാണ് അവളുടെ ദൃഷ്ടിയില്‍പ്പെട്ടത്. ഒറ്റമൈന!

അന്നൊക്കെ താനും ദിവ്യയും സ്കൂളില്‍ പോകാനായ് തിരഞ്ഞെടുത്തിരുന്നത് വടക്കേതിലെ ഹമീദിക്കാന്റെ വലിയ ഓട്ട് മാ‍വിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെയായിരുന്നു. അവിടെ വേലിയില്‍ പടര്‍ന്നു കയറിയിരുന്നിരുന്ന കുറ്റിമുല്ലയായിരുന്നു ഞങ്ങളെ ആ വഴിയിലൂടെ സ്കൂളില്‍ പോകുവാന്‍ പ്രേരിപ്പിച്ചിരുന്നത്. അവള്‍ തന്റെ ഓര്‍മ്മകള്‍ കുട്ടിക്കാലത്തേയ്ക്ക് പായിച്ചു.

പഠനത്തില്‍ കേമിയായിരുന്ന തനിക്ക് വളരെ ചുരുക്കം മാത്രമേ ചൂരലിന്റെ കയ്പ് അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. എന്നിരുന്നാലും ചില ദിവസങ്ങളില്‍ തനിക്ക് കിട്ടിയിട്ടുള്ള ചൂരല്‍ക്കഷായത്തിന് പിന്നില്‍ എന്തോ രഹസ്യമുള്ളതായി തോന്നിയിരുന്നു. കൂട്ടുകാരികളുടെ ഇടപെടലുകളും കൂടിയായപ്പോള്‍ അതു മനസ്സില്‍ വേരുറപ്പിച്ചു. ക്ലാസ്സില്‍ ഒന്നാമതായിരുന്ന തനിക്ക് കിട്ടുന്ന അടിയുടെ കാരണം കുറ്റിമുല്ലയ്ക്ക് സമീപത്തുള്ള മരത്തില്‍ ഇടയ്ക്കു കാണുന്ന ഒറ്റമൈനയാണത്രേ! അതു ശരിയാണെന്ന് തനിക്കും തോന്നാന്‍ കാരണം, ഏതൊക്കെ ദിവസങ്ങളില്‍ ഒറ്റമൈനയെ കണ്ടിരുന്നുവോ അന്നൊക്കെ ഏതെങ്കിലും കാരണം കൊണ്ട് ചൂരല്‍ക്കഷായത്തിന്റെ രുചി നുണയേണ്ടതായി വന്നിട്ടുണ്ട്.

ഓണപ്പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയും താന്‍ ആ ഒറ്റമൈനയെ കണ്ടിരുന്നുവല്ലോ. ആരൊക്കെ ഒറ്റമൈനയെക്കണ്ടാലും അവര്‍ക്കൊക്കെ സ്കൂളില്‍ നിന്ന് അടികിട്ടുമോ എന്ന് അറിയുവാന്‍ വേണ്ടി അന്ന് കൂടെയുണ്ടായിരുന്ന ദിവ്യയെ വിളിച്ച് അതിനെ കാണിച്ചു കൊടുത്തു. അത്ഭുതമെന്ന് പറയട്ടെ, അന്ന് ദിവ്യക്കും ചൂരല്‍ക്കഷായത്തിന്റെ കയ്പറിയേണ്ടി വന്നു. അതിനുശേഷം ഇന്നാണല്ലോ ഒറ്റമൈനയെ താന്‍ വീണ്ടും കാണുന്നത്.

ഫോണ്‍ ബെല്‍ നിറുത്താതെ ശബ്ദിക്കുന്നത് കേട്ട് ഓര്‍മ്മകളെ പാതിവഴിയില്‍ ഉപേക്ഷിച്ച് അവള്‍ ഫോണിനരുകിലേയ്ക്ക് നടന്നു.

ഹലോ...

8 comments:

:: niKk | നിക്ക് :: said...

- ഒറ്റമൈന -

മൈനകളെ എപ്പോഴും ഒരു ജോഡിയായിട്ടാണ് കാണുവാന്‍ കഴിയുക എന്നാണ് കേട്ടിട്ടുള്ളത്.
പക്ഷെ എന്റെ സുഹൃത്തിന്റെ അനുഭവം ഞാനിവിടെ ഒരു കഥയായി പോസ്റ്റ് ചെയ്യുകയാണ്.

സാജന്‍| SAJAN said...

ഇനിയിപ്പൊ ഫോണീലെന്താ വരുന്നെത് ആവോ?
സുഹൃത്തിന്റെ അനുഭവം കൊള്ളാലോ..:)

സു | Su said...

ഇത് തുടരും അല്ലേ? ഒറ്റമൈനയെ കാണുന്നത് നല്ലതല്ല എന്നൊക്കെ കേട്ടിട്ടുണ്ട്. രണ്ടാള്‍ കണ്ടാല്‍ കുഴപ്പമില്ലത്രേ. ഫോണ്‍ ചെയ്തത് ആരാവും?

Rasheed Chalil said...

ആരുടെ കൈയ്യീന്നാ മോനെ ഇന്നലെ കിട്ടിയത്... ഇനി കിട്ടിയാ തന്നെ അതിന് പാവം മൈനയെ കുറ്റപ്പെടുത്തണോ... കയ്യിലിരുപ്പ് കൊണ്ടായിരിക്കും.

ഞാന്‍ ഓടേണ്ടിവരും.

അപ്പൂസ് said...

ഇതു നേരാണെങ്കില്‍ രണ്ടാഴ്ച മുന്‍പേ അപ്പൂസിന്റെ ബ്ലോഗില്‍ വന്നവര്‍ക്കു മുഴുവനും തല്ലു കിട്ടിക്കാണുമല്ലോ :)

ആഷ | Asha said...

ഞാന്‍ ഒറ്റമൈനയേയും ഡബിള്‍ മൈനയേയും ത്രിബിള്‍ മൈനയേയും മൈനയുടെ കൂട്ടയിടിയുമൊക്കെ മിക്ക ദിവസവും കാണാറുണ്ട്.
ഈ നിക്ക് അന്ധവിശ്വാസമുണ്ടാക്കാനുള്ള പുറപ്പാടിലാണല്ലോ
ഇനിയിപ്പോ ഒറ്റമൈനയെ കാണുമ്പോ ചങ്കിടിപ്പു കൂടും.:(

Sona said...

മൈനകളെ ജോഡിയായി മാത്രമല്ല,ഒറ്റയായും കാണാറുണ്ട്..ഞാനും ഇങ്ങനെ കേട്ടിട്ടുണ്ട്..ഒന്നിനെ കണ്ടാല്‍ ദുഖം,രണ്ടെണ്ണത്തിനെ കണ്ടാല്‍ സന്തോഷം,മൂന്ന് കണ്ടാല്‍ ലറ്റര്‍,(ലവ് ലറ്ററും ആവാം :)) നാല് - ഫ്രണ്ടിനെ കിട്ടും,അഞ്ചെണ്ണത്തിനെ കണടാ‍ല്... ഞാന്‍ നേരില്‍ പറഞ്ഞത്!)

തമനു said...

നിക്കേ ....

വളരെ നന്നായി ... നല്ല വരികള്‍.. സുഹൃത്തിന്റെ അനുഭവമാണോ ഇത്‌..?

എന്തായിരുന്നിരിക്കും ആ ഫോണില്‍ കേട്ടത്‌..!!
(ഇന്നുകൂടി കരണ്ടു ചാര്‍ജ്ജ് അടച്ചില്ലെങ്കില്‍ ഫ്യൂസ് ഊരുമെന്നാ ...?) :)