Wednesday, November 15, 2006

മുല്ലപ്പെരിയാറില്‍ നിന്നും നിക്ക്

ഇടുക്കി: സംഭരണശേഷിയിലും അധികം ജലം നിറഞ്ഞ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇപ്പോള്‍ കവിഞ്ഞൊഴുകുകയാണ്. ഇപ്പോള്‍ 137.7 അടിയില്‍ എത്തി നില്‍ക്കുന്ന ഡാമിന്റെ പരമാവധി സംഭരണശേഷി 136 അടിയാണ്. സ്പില്‍വേയിലെ 13 ഷട്ടറുകളില്‍ക്കൂടി സെക്കന്റില്‍ ഏതാണ്ട് 6,000 ഘനയടി വെള്ളം ഇടുക്കിയിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയും ഈ നീരൊഴുക്ക് ശക്തമാകാനാണ് സാധ്യത. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ പരിഭ്രാന്തിയിലാണ്. തേക്കടി ഉള്‍വനങ്ങളിലും രാജപാളയത്തിന്‍ പടിഞ്ഞാറുള്ള മലനിരകളിലും പെയ്ത ശക്തമായ മഴയാണ് ജലനിരപ്പുയരാന്‍ കാരണമായതെന്ന് കരുതുന്നു.

പെരിയാറിന് മുകളിലൂടെ 1895 ല്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ നിര്‍മ്മിച്ചതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഈ ഡാമിന്റെ പരമാവധി ആയുസ്സ് 50 - 60 വര്‍ഷങ്ങള്‍ വരെയാണ്. പ്രായപരിധി കഴിഞ്ഞ ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലെ തേക്കടിയിലാണെങ്കിലും തമിഴ്നാട് സര്‍ക്കരിന്റെയധീനതയിലാണ് പൂര്‍ണ്ണാധികാരവും പ്രവര്‍ത്തനവും.

ഇന്നലെ തമിഴ്നാട് നല്ലൊരു തോതില്‍ മുല്ലപ്പെരിയാറില്‍ നിന്നും വെള്ളമൊഴുക്കിക്കൊണ്ട് പോയതിനെത്തുടര്‍ന്ന് ഇറച്ചിപ്പാലത്ത് (തമിഴ്നാട്) കൊല്ലം - തേനി റോഡ് (എന്‍.എച്.220) തകര്‍ന്നു. ഗതാഗതം പുനഃസ്ഥാപിക്കുവാന്‍ ഒരു മാസത്തിലേറെ വേണ്ടി വരുമെന്നാണ് അറിയുന്നത്. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കേ ജലനിരപ്പ് കുറയ്ക്കാ‍ന്‍ തമിഴ്നാട് തിടുക്കത്തില്‍ നടത്തിയ ഈ നീക്കം മുഖ്യ അണക്കെട്ടും ബേബി ഡാമും ദുര്‍ബലമാണെന്ന കേരളത്തിന്റെ വാദത്തെ സാധൂകരിക്കുന്നു. ഡാം സുരക്ഷാ അതോരിറ്റി അംഗം കൂടിയായ കേരള ജല വിഭവ വകുപ്പ് ചീഫ് എഞ്ജിനീയര്‍ തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ബേബി ഡാമിന്റെ നില വളരെ അപകടകരമാണെന്ന് വ്യക്തമാക്കിയതാണ്. ഇറച്ചിപ്പാലം വഴി കൂടുതല്‍ വെള്ളം തുറന്നു വിട്ടിട്ടും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന് കുറവുണ്ടായിട്ടില്ല. മുല്ലപ്പെരിയാറില്‍ നിന്നും സംഭരിക്കുന്ന ജലം കമ്പം, തേനി മേഖലകളിലെ എല്ലാ സംഭരണികളും നിറഞ്ഞിരിക്കുകയാണെന്നാ‍ണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം അണക്കെട്ടില്‍ പരിശോധനകള്‍ തുടരുകയാണ്. കേരള - തമിഴ്നാട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ച വച്ചിരിക്കുന്നത് ഈ വരുന്ന 23ന്. അതിനേക്കാള്‍ മുന്‍പ് തന്നെ കേരളദേശത്തെ പകുതിക്കുവച്ച് വിഴുങ്ങുന്ന അതിഭീകരമായ എന്തോ ഒന്ന് കാത്തിരിക്കുന്നുവോ? അങ്ങിനെ ഒന്നും സംഭവിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം...

ലോകാ സമസ്തഃ സുഖിനോ ഭവന്തു !!!

------------------------------------------------------------------------

ഇതിനിടയില്‍ ചില ബ്ലോഗര്‍ സുഹൃത്തുക്കളോട് ഇതിനെക്കുറിച്ചു സംസാരിക്കാനവസരം കിട്ടി. അവരുടെ വാക്കുകള്‍, ചിന്തകള്‍ ചുവടെ ചേര്‍ക്കുന്നു.

ഇത്തിരിവെട്ടം: മനുഷ്യന്റെ ജീവനാണ് പ്രധാന്യം നല്‍കേണ്ടതിന് ശേഷമേ വേറെ എന്തിനും സ്ഥാനമുള്ളൂ. ഇത് തമിഴ്നാടും കേരളവും തമ്മിലുള്ള തര്‍ക്കത്തിനപ്പുറം മനുഷ്യജീവന്‍ മുമ്പില്‍ വെച്ചുള്ള ഒരു പരീക്ഷണമാണെന്ന് തോന്നുന്നു. അതാണ് ഈ പ്രശ്നത്തിന്റെ കാതല്‍. തമിഴനും മലയാളിയും മനുഷ്യനാണെന്ന് ബോധം ആണ് ആവശ്യം.

പാര്‍വ്വതി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഒരു നാടകം മാത്രമാണ്. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ അനാസ്ഥയും, പണത്തിന് വേണ്ടി സ്വന്തം തറവാടിന് തീ വയ്ക്കുന്ന സ്വഭാവം അവിടെ കാണുന്നു. 125 വര്‍ഷത്തോളം പഴക്കമുള്ള ഒരു കരാറിന്റെ പിന്ബലത്തില്‍ തമിഴ്നാടിന്റെ വാദം അംഗീകരിച്ച് അവരുടെ കയ്യിലെ ബലിയാടുകളാക്കുകയാണ് കാലാകാലങ്ങളിലുള്ള കേരള സര്‍ക്കാര്‍.

നിക്ക്: ഇപ്പോഴുള്ള അതിഗുരുതരമായ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു ?

പാര്‍വ്വതി: വളരെ ഗുരുതരമാണ്. ഇന്ന് ആ അണക്കെട്ട് പൊട്ടിയാല്‍ കേരളം പകുതിയാകും. എറണാകുളം, തൃശ്ശൂര്‍ ഒക്കെ കടലില്‍ ഒലിച്ച് പോകും. പെരിയാറിന്റെ എല്ലാ കയ്‌വഴികളിലും ബണ്ട് കെട്ട് നമുക്ക് തന്നെ തടയാന്‍ പറ്റുമായിരുന്ന്, ഒരു മുങ്കൂട്ടി അറിയാമായിരുന്ന് അപകടം തന്നെയാണ്. ഇന്ന് തമിഴ്നാട് ഇത് വരെ വെള്ളം ഒരിക്കലും എത്തിയിട്ടില്ലാത്ത കുളവും ബണ്ടു കെട്ടി വെള്ളം ശേഖരിക്കുകയാണ്. വൈക ഡാം നിറഞ്ഞ് മറ്റ് ഡാമുകളിലേയ്ക്ക് വഴി തിരിച്ച് വിടുകയാണ് അവര്‍. കാലാകാലം മാറി കളിക്കുന്ന നമ്മുടെ സര്‍ക്കാരുകളുടെ ഒരു കപട നാടകം.

നിക്ക്: ഉം

പാര്‍വ്വതി: അതില്‍ കവിഞ്ഞ് ഈ മാസാമാസം അണക്കെട്ട് സന്ദര്‍ശിക്കാന്‍ കെട്ടിയെടുക്കുന്നവരൊന്നും അതില്‍ ഒരു താത്പര്യവും കാട്ടില്ല. കാരണം കാല്‍ക്കീഴിലെ തറ ഒഴുകി പോവുന്നതറിയാതെ ആകാശംമുട്ടേ കൊട്ടാരം കെട്ടി പൊക്കുന്നത് സ്വപ്നം കാണുകയാണവര്‍. ബലിയാടാവാന്‍ പോകുന്നത്, പകുതിയോളം കേരള ജനതയും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍...

കെവിന്‍: താഴ്നിലങ്ങളില്‍ താമസിക്കുന്നവര്‍ക്കു് ഇടക്കെല്ലാം മുകളില്‍ ഈശ്വരനുണ്ടെന്നു ഓര്‍മ്മപ്പെടുത്തുവാനാണു് അണക്കെട്ടുകള്‍. മനസ്സിലായോ?
എല്ലാക്കാലവും എല്ലാതും നല്ല കണ്ടീഷനിലിരിക്കില്ല. ഉദാഃ ഒരു സൈക്കിള്‍ വാങ്ങിയാല്‍ കുറച്ചു നാള്‍ നല്ല കുട്ടപ്പനായി ഓടും, പിന്നെ പഞ്ചറാവും, വീലൊടിയും, അവസാനം മൂക്കുകുത്തി കിടക്കും.
അതുപോലെ ഒരുനാള്‍ അണക്കെട്ടും പൊളിയും. എല്ലാക്കാലവും അതിനെയൂറ്റാമെന്നു കരുതുന്ന മനുഷ്യസമൂഹം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണു് ജീവിക്കുന്നതു്.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത: തമിഴ്നാടിന് 23 ന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അസൌകര്യമുള്ളതിനാല്‍ 28, 29, 30 എന്നീ തീയതികളില്‍...

ചിത്രങ്ങളും കൂടുതല്‍ വാര്‍ത്തകളുമായി വീണ്ടും കാണാം... അത് വരെ നമസ്കാരം :)

12 comments:

:: niKk | നിക്ക് :: said...

മുല്ലപ്പെരിയാര്‍ ഒരു അപ്ഡേറ്റ്.

ചിത്രങ്ങളും കൂടുതല്‍ വാര്‍ത്തകളും വഴിയേ ചേര്‍ക്കുന്നതായിരിക്കും. അഭിപ്രായങ്ങളും അറിവുകളും ഇവിടെ ഷെയര്‍ ചെയ്യപ്പെടണമെന്ന് താത്പര്യപ്പെടുന്നു.

Unknown said...

പരിതാപകരം തന്നെ ഈ അനാസ്ഥ. 5 കൊല്ലം കഴിഞ്ഞാല്‍ ഈ തലവേദന മറ്റവന്റെ തലയില്‍ വെച്ച് തടിയെടുക്കാമെന്ന കുറ്റകരമായ അനാസ്ഥ.
:-(

ഓടോ: ഇബ്രൂ, ഇന്ന് ഒരു തമിഴനെ റോളയില്‍ വെച്ച് മാതൃകാപരമായി പൂശിയാലോ? എല്ലാ തമിഴന്മാര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ എന്നൊക്കെ പറഞ്ഞ്? :-)

ലിഡിയ said...

പരിതാപകരം അല്ല ദില്‍ബൂ ഭയാനകം, നാളെ ആ ഡാം പൊട്ടി വീണാല്‍ സംഭവിക്കുന്നതെന്തെന്ന് ഈ നരാധമന്മാര്‍(അതെ കേരളത്തിന്റെ ഭരണാധികാരികളെ തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്) ഓര്‍ക്കുന്നില്ല, എത്ര വര്‍ഷമായി നടക്കുന്ന നാടകമാണ് ഇത്, ഇനി ഏത് വിപത്തിലാണാവോ ഈ അനാസ്ഥ ചെന്ന് അവസാനിക്കുക..

-പാര്‍വതി.

Unknown said...

നിങ്ങളൊക്കെ വിചാരിച്ചാല്‍ ഏതെങ്കിലും പാവം തമിഴനെ ചാമ്പാനേ പറ്റൂ... ചാമ്പിയാല്‍ അതിനുള്ള ഗുണം വേണം. ആരെങ്കിലുമൊക്കെ നന്നാവണം.!! അല്ലേ ബൂലോഗരെ?

sandoz said...

ബെന്നി നയിക്കുന്ന ഒരു പ്രകടനം ഇന്ന് മഞ്ഞുമ്മലില്‍
പ്രശ്നം മുല്ലപെരിയാര്‍

ഉത്സവം : Ulsavam said...

ചര്‍ച്ചയും പരിഹാരവും ചെയ്യേണ്ട സമയം കഴിഞ്ഞു
ഇനി ജീവന്‍ വച്ചുള്ള കളിയില്‍ ആരു ജയിക്കും എന്ന് നോക്കാം.
മൂന്ന് നാല്‌ ജില്ലകളിലെ ജനങ്ങളുടെ തലവര നല്ലതാണെങ്കില്‍ ഒന്നും സംഭവിക്കില്ലാ എന്ന് ആശിക്കാം.
ഡാം തകര്‍ന്നാല്‍...ഇന്നത്തെ ദേശാഭിമാനിയില്‍ വായിച്ച സാമ്പിള്‍.
പെരുമ്പാവൂര്‍ ടൗണില്‍ 12 അടി വെള്ളം പൊങ്ങും.
എറണാകുളത്ത്‌ ഹൈക്കോടതിയുടെ ഒരു നില മുങ്ങാന്‍ പാകത്തിനു വെള്ളം പൊങ്ങും.
ഓരോരുത്തരും അവനവന്റെ പ്രദേശങ്ങളില്‍ എത്രമാത്രം വെള്ളം പൊങ്ങുമെന്ന് കണക്കെടുത്ത്‌ രക്ഷപ്പെടണമെങ്കില്‍ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടുക എന്ന് സാരം..
ഇത്രയും കൊല്ലമായിട്ട്‌ ഒരു കുന്തവും ചെയ്യാത്ത ഭരണവര്‍ഗം (ചുവപ്പ്‌ പച്ച നീല മഞ്ഞ എല്ലാ പാര്‍ട്ടികളും) ഇനി ഒന്നും ചെയ്യാന്‍ പോകുന്നില്ല എന്ന് ഓര്‍ക്കുക.
മറുനാട്ടിലുള്ളവര്‍ക്കു ചെയ്യാവുന്നത്‌
ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഒന്നുംവരുത്തല്ലേ,
മുല്ലപ്പെരിയാര്‍ ഡാമിന്‌ ശക്തി കൊടുക്കണേ,
തമിഴ്‌ മക്കള്‍ക്ക്‌ നേര്‍ബുദ്ധി തോന്നിപ്പിക്കണേ
എന്ന് പ്രാര്‍ത്ഥിക്കാം!

വിശ്വപ്രഭ viswaprabha said...

നിക്ക്,

ഈ ലേഖനവും ചര്‍ച്ചയും ഇംഗ്ലീഷിലും കൂടി എഴുതൂ. നമുക്കു ചെയ്യാനുള്ള ജോലി ഇതു നമ്മുടേതായ വഴിയിലൂടെ ലോകത്തെ അറിയിക്കുക എന്നുള്ളതാണ്.

SPAM വല്ലപ്പോഴും നല്ലതായി വരുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.

I solicit all our friends and those who read this, to translate and further corroborate on this with factual evidence and spread outward...

The topic is no more just a political debate. It is taking proportions of human rights and disaster prevention measures!

മുസ്തഫ|musthapha said...

ദില്‍ബു പറഞ്ഞതാണ് ശരി...

എല്ലാ പ്രശ്നങ്ങള്‍ക്കും വെറും അഞ്ച് കൊല്ലത്തേക്കുള്ള ‘അഡ്ജസ്റ്റ്മെന്‍റ്’, അതിലൊതുങ്ങുന്നു ഒരോ സര്‍ക്കാരിന്‍റേയും ഉത്തരവാദിത്വങ്ങള്‍.

വോട്ട് ചെയ്ത് വിടുന്നതിലൊതുങ്ങുന്നു പൊതുജന്ത്തിന്‍റെ ഉത്തരവാദിത്വം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ആവേശം, ദുരന്തങ്ങളെ തടയാന്‍ കാണിച്ചിരുന്നെങ്കില്‍!

:: niKk | നിക്ക് :: said...

ജലനിരപ്പു വീണ്ടും ഉയര്‍ന്ന്‌ 138.5 അടിയായി.

asdfasdf asfdasdf said...

മുല്ലപ്പെരിയാറിനെക്കുറിച്ച് ഇത്രയുമറിയാവുന്ന നിക്കിനിതൊരു ഇംഗ്ലീഷ് ബ്ലോഗുണ്ടാക്കി പോസ്റ്റുന്നത് എന്തുകൊണ്ടു നന്നായിരിക്കുമെന്ന് തോന്നുന്നു.

Anonymous said...

From http://deshabhimani.com/news/lead.htm


മുല്ലപ്പെരിയാര്‍: കേരളത്തിെ‍ന്‍റ ആശങ്ക വര്‍ധിപ്പിച്ച്‌ മുല്ലപ്പരിയാര്‍ ജലനിരപ്പ്‌ വീണ്ടും ഉയരുന്നു. ബുധനാഴ്ച ജലനിരപ്പ്‌ 138 അടിയായി. ഇരച്ചില്‍പാലത്തിലൂടെയുള്ള ജലമൊഴുക്ക്‌ തമിഴ്‌നാട്‌ നിര്‍ത്തിവെച്ചതോടെയാണ്‌ ജലനിരപ്പ്‌ കൂടിയത്‌. ലോവര്‍പെരിയാര്‍ വൈദ്യുതിനിലയത്തിലേക്കു കൊണ്ടുപോകുന്ന ജലത്തിെ‍ന്‍റ അളവും കുറച്ചു. ഇതോടെ സ്പില്‍വേ വഴി ഇടുക്കി ജലാശയത്തിലേക്കുള്ള നീരൊഴുക്ക്്‌ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്‌.

തമിഴ്‌നാട്‌ അധികജലം തുറന്നുവിട്ടതോടെ തകര്‍ന്ന കൊല്ലം-തേനി ദേശീയപാതയിലെ അപ്പര്‍ക്യാമ്പ്‌ ഭാഗത്തെ റോഡ്‌ നന്നാക്കാന്‍ തമിഴ്‌നാട്‌ ശ്രമം തുടങ്ങി. വെള്ളിയാഴ്ച ആരംഭിക്കുന്ന ശബരിമല മണ്ഡലകാലം കണക്കിലെടുത്താണ്‌ റോഡുനിര്‍മാണം ഊര്‍ജിതമാക്കിയത്‌. ചൊവ്വാഴ്ച രാത്രി വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ 136.9 അടിയായിരുന്നു. എന്നാല്‍ പെരിയാര്‍ വനത്തില്‍ വെള്ളിമല, മഹള്ളിമല, അപ്പര്‍മണലാര്‍ എന്നിവിടങ്ങളില്‍ പെയ്ത കനത്തമഴ ജലവിതാനം ഉയര്‍ത്തി. അണക്കെട്ടിെ‍ന്‍റ ഗാലറികളിലൂടെ ഒലിച്ചുവരുന്ന സ്വീപ്പേജ്‌ വാട്ടറിെ‍ന്‍റ അളവും കൂടിയിട്ടുണ്ട്‌. മിനിറ്റില്‍ ലിറ്ററാണ്‌ ബുധനാഴ്ചത്തെ സ്വീപ്പേജ്‌. ചൊവ്വാഴ്ച ഇത്‌ മിനിറ്റില്‍ . ലിറ്ററായിരുന്നു.

ബാക്കി ദേശാഭിമാനി സൈറ്റില്‍

ദേവന്‍ said...

നിക്കേ,
എനിക്ക്‌ ഒരു പിടീം കിട്ടാത്തത്‌ 142 അടി എന്ന 100 വര്‍ഷം പഴക്കമുള്ള ലെവല്‍ വീണ്ടും കോടതി അംഗീകരിക്കാന്‍ നേരം കേരളത്തിന്റെ ഡാം സേഫ്റ്റി അഥോറിറ്റീടെ മൊഴി എടുത്തില്ലേ? അതോ അവര്‍ക്കത്‌ വിശ്വാസ്യമായി തോന്നിയില്ലേ?