Sunday, December 24, 2006

എന്നെ സമ്മതിക്കണം !!!

ഉ ഹ്‌ വാഹ്‌ ഹൂ... ഒരു കിടു കോട്ടുവായിട്ടോണ്ട്‌ ഒന്നു മൂരിനിവര്‍ത്തി ഞാന്‍ എഴുന്നേറ്റു. ഈ നൈറ്റ്‌ ഷിഫ്റ്റിന്റെ ഒരോ കാര്യമേ!!! രാത്രിപ്പണിയും പകലുറക്കവും. കഞ്ഞി കുടിക്കണ്ടേയെന്നോര്‍ത്തിട്ടാ. അല്ലെങ്കില്‍ ങാ. അറിയാല്ലോ. ഹും!

ഹൊ ഇന്നത്തെ ഉറക്കവും പൊളിഞ്ഞു പാളീസായല്ലോന്നോര്‍ത്തുകൊണ്ടു കിടക്കയില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു. കണ്ണും മൂക്കും തിരുമ്മിയും ചീറ്റിയും താഴത്തെ നിലയിലേയ്ക്കിറങ്ങി. ചുമരില്‍ ഞെളിഞ്ഞിരിക്കുന്ന ക്ലോക്ക്‌ വീണ്ടുമൊരു 10 മണിയായി എന്നോര്‍മ്മിപ്പിച്ചു കൊണ്ടു അലറി - ണിം ണിം ണിം (ണിം x 10 മറക്കണ്ട). ഇന്നലത്തേത്‌ പോലെ പല്ലുതേക്കാന്‍ മറക്കണ്ടയെന്നോര്‍ത്തു വച്ചിരുന്നത്‌ കൊണ്ട്‌ കമ്പനിയില്‍ നിന്നു വന്നപ്പോള്‍ത്തന്നെ പല്ലുതേച്ചിരുന്നു. ഹാവൂ ആ കടമ്പ കഴിഞ്ഞല്ലോ. ഇനി ടി.വി.ക്കു മുന്നില്‍ ചടഞ്ഞുകൂടാം. ചാനലുകള്‍ മാറിമറിഞ്ഞു കമഴ്‌ന്നു ചരിഞ്ഞു. ദിവാന്‍ജിയില്‍ അങ്ങനെ രാജകീയമായ്‌ ചരിഞ്ഞു കിടന്നുകൊണ്ട്‌ എല്ലാ ടി.വി വളിപ്പുകളും, പാഴായിപ്പോയ നല്ലൊരുറക്കത്തിന്റെ ഹാങ്ങോവറിനിടയിലെ ബോധമണ്ഡലത്തിലേക്ക്‌ തെന്നിവീണു കൊണ്ടിരുന്നു.

ബ്രേക്ഫാസ്റ്റ്‌ മനഃപ്പൂര്‍വ്വം ഒഴിവാക്കി. കൊട്ടാരത്തില്‍ ഞാന്‍ തനിയെയായിരുന്നതുകൊണ്ടും, അന്തഃപ്പുരത്തില്‍ ആരുമില്ലാതിരുന്നതുകൊണ്ടും ഭൃത്യ/ന്മാര്‍ ആരും ഹാജരില്ലാത്തതിനാലുമാണ്‌ ഇന്നത്തെ പ്രഭാത ഭക്ഷണം കൃത്യമായി ഒഴിവാക്കിയത്‌.

ഘടികാര മുത്തപ്പന്‍ വീണ്ടും ചുമരിലിരുന്ന്‌, ഇത്തവണ അലറിയില്ല, ഒന്നു മൂളി. എടോ വങ്കാ മണി 12 ആയഡൈ. ഓ! അതിനൊപ്പം തന്നെ എന്റെ അന്തരംഗം മന്ത്രിച്ചു. മോനേ എഴുന്നേറ്റ്‌ അടുക്കളയില്‍ ചെന്നെന്തെങ്കിലും പാചകം ചെയ്യൂ. പൊതുവേ ഹോട്ടലില്‍ നിന്നും കഴിക്കാത്ത (ബാറില്‍ നിന്നേ / ഇരുന്നേ കഴിക്കാറുള്ളൂ, അറിയാമല്ലോ. യേത്‌) ഞാന്‍ കുറേ നാളുകള്‍ കൂടി എന്റെ പാചക നിപുണത ഒന്നു ടെസ്റ്റ്‌ ചെയ്യുവാന്‍ തന്നെ തീരുമാനിച്ചു.

ഹാ! നല്ല പിടയ്ക്കുന്ന സൊയംബന്‍ സവാള കണ്ടപ്പോള്‍ എന്റെ മനസ്സു കുളിര്‍ത്തു. ഇന്നത്തെ സ്പെഷ്യല്‍ ഇതു വച്ചു തന്നെയാവട്ട്‌. എന്റെ മനസ്സു വായിച്ചിട്ടെന്നോണം ഫ്രിഡ്ജില്‍ ഇരുന്നിരുന്ന കോഴിമുട്ടകളുടെ രോദനം എന്റെ ഉള്ളിന്റെയുള്ളിനെ വല്ലാതെ സ്പര്‍ശിച്ചു. എന്തു ചെയ്യാം. ഒടുക്കത്തെ മടിയായ്പ്പോയില്ലേ. എല്ലാ കുറ്റവും നൈറ്റ്‌ ഷിഫ്റ്റിനിരിക്കട്ടേ. പാവം മുട്ടകള്‍ വിചാരിക്കുന്നുണ്ടാവും, ചുമ്മാ കാണാന്‍ വച്ചിരിക്കുകയാണെങ്കില്‍ ഷോകേസില്‍ വച്ചാല്‍ പോരേ എന്തിനീ ഫ്രിഡ്ജില്‍. ഈ പ്രാന്തനെടുത്ത്‌ ഒരു ഓം ലെറ്റുണ്ടാക്കി കഴിച്ചു ഞങ്ങള്‍ക്ക്‌ പാപമോക്ഷം കല്‍പ്പിച്ചു തന്നൂടെ എന്നൊക്കെ. നെക്സ്റ്റ്‌ ടൈം മക്കളേ എന്നു അവറ്റകളോടു മന്ത്രിച്ചിട്ടു ഞാന്‍ ആ സവാളക്കോതയെ കയ്യിലെടുത്തു.

സവാള സ്ലൈസ്‌ ചെയ്തു ഇല്ലാത്ത ദുഃഖത്തെയോര്‍ത്ത്‌ കുറച്ചു കരഞ്ഞു. പാവം ഞാന്‍. അങ്ങനെ ആ മുഴു സവാള കഴുകി അരിഞ്ഞു പീസ്‌ പീസാക്കി ഒരു പാത്രത്തിലാക്കി. പിന്നെ ഒരു സ്പൂണ്‍ മുളകുപൊടി അതില്‍ കമഴ്ത്തി. പിന്നെ 1 സ്പൂണ്‍ ഉപ്പും ചേര്‍ത്ത്‌ നന്നായി ഒന്നിളക്കി. അതിനു ഷേഷം ഈ ചേരുവ, ഒരു നന്നായി ചൂടാക്കിയ ചീനച്ചട്ടിയില്‍ ഇട്ടു വെളിച്ചെണ്ണയും വിനാഗിരിയും ചേര്‍ത്തു വഴറ്റി. അങ്ങനെ ഒരു 10-15 മിനുട്ടോളം. സംഭവം റെഡി. ഈ സ്പെഷ്യലിനു ഒരു പേരും കൊടുത്തു. സവാള പൊള്ളിച്ചത്‌. യ്യേ! പാചകശിരോമണികള്‍ ആരും കേള്‍ക്കണ്ട. ശ്‌ ശ്‌...

കാര്യം ഇങ്ങനെയൊക്കെയായിരുന്നെങ്കിലും വായില്‍ വെക്കാന്‍ കൊള്ളാവുന്നത്‌ തന്നെയായിരുന്നൂട്ടോ എന്റെ സവാള പൊള്ളിച്ചത്‌. മാത്രമല്ല വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്നത്ര ടേസ്റ്റുണ്ടായിരുന്നുവെന്ന്‌ വിശ്വസിക്കാന്‍ കൊള്ളാവുന്ന കേന്ദ്രത്തില്‍ നിന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹോ! എന്നെ സമ്മതിക്കണം !!!

36 comments:

:: niKk | നിക്ക് :: said...

എന്നെ സമ്മതിക്കണം :-) സമ്മതിച്ചേ പറ്റൂ ഹി ഹി ഹി

മടിയന്മാരേ മടിച്ചികളേ എന്റെ ഈ സവാള പൊള്ളിച്ചത്‌ ഒന്നു ടേ/ടെസ്റ്റ്‌‌ ചെയ്തു നോക്കൂ.

ഈ ക്രിസ്മസ്സിനു ഒരു സ്പെഷ്യല്‍ വിഭവമായി വിളമ്പാം.

myexperimentsandme said...

ഹ...ഹ... അതടിപൊളി.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു സിനിമയില്‍ ബര്‍മുഡായുമിട്ട് വന്ന ശ്രീനിവാസനോട് ജഗതി ഞാനും ഇതുപോലൊരെണ്ണം ഇട്ടിട്ടുണ്ട്, അതിനുമുകളിലാ ഈ മുണ്ടുടുത്തിരിക്കുന്നത് എന്ന് പറയുന്നതുപോലെ...

ഞാനും ഇതുപോലെ സബോള ആദ്യം പൊള്ളിക്കും, പക്ഷേ അതിനു ശേഷം അതില്‍ വല്ല പാവയ്ക്കായോ പയറോ ഒക്കെ വെട്ടിനുറുക്കിയിടും :)

... പക്ഷേ ഇനി മുതല്‍ അത് വേണ്ടല്ലോ.

അപ്പോള്‍ സബോള പൊള്ളിക്കാമല്ലേ. കൊള്ളാം. സമ്മതിച്ച് പറ്റിച്ചിരിക്കുന്നു :)

ക്രിസ്‌മസ് സബോളാശംസകള്‍.

തണുപ്പന്‍ said...

ഇതെന്തൊരു കുക്കിങ്ങാ?
ഇങ്ങനെയൊക്കെയാണോ ക്രിസ്മസായിട്ട് കുക്കുന്നത്?
ഞാന്‍ പഠിപ്പിച്ച് തരാം ഉള്ളി ഒള്ളിച്ഛെതെങ്ങനെയുണ്ടാക്കാന്ന് !!


വക്കാരിയണ്ണാ... ഇവിടത്തന്നെയൊക്കെയുണ്ടോ?

myexperimentsandme said...

തണുപ്പണ്ണാ, ഇവിടിങ്ങിനെ തണുത്ത് വിറച്ചിരിക്കുകയല്ലേ :)

ക്രിസ്മസ് നവദശവത്സലാശംകള്‍‍, തണുപ്പണ്ണനും പാഴ്സിയണ്ണനും.

reshma said...

ഉള്ളി കരിച്ചത് ഇവിടെയെന്നും ഉണ്ടാക്കുന്നതാ, അതിനും ഒടുക്കതെ ടേസ്റ്റാ.

myexperimentsandme said...

പാവം നിക്കണ്ണന്‍ ചൂടും ഫ്ലെയ്മുമൊക്കെ അഡ്ജസ്റ്റ് ചെയ്ത് ശ്രദ്ധാപൂര്‍വ്വം ഗോള്‍ഡന്‍ ബ്രൌണിനേക്കാള്‍ ഒരരയിഞ്ച് മാത്രം കൂടുതല്‍ ബ്രൌണ്‍ ആകുന്ന രീതിയില്‍ ടൈമൊക്കെ നോക്കി മെനക്കെട്ട് എബോളാ പൊള്ളിച്ചെടുത്തപ്പോള്‍ ദേ കിടക്കണൂ ധിം തരികിട ധോം, രേഷ്‌മ അതിനെ കരിച്ചതാക്കി :)

(ആഹാ എന്തൊരാശ്വാസം. ഇഞ്ചി ഇന്നലെ പറഞ്ഞതുപോലെ ക്രിസ്‌മസ് എന്നു പറഞ്ഞാല്‍ സമാധാനത്തിന്റെയും ക്ഷമയുടെയും സഹനത്തിന്റെയും ദിനമാണെന്ന ഓര്‍മ്മ വേണം. തല്ലിയാല്‍ ശുട്ടിടുവേന്‍ (ഉള്ളി)).

reshma said...

ഈ സംഭവണ്ടാക്കാന്‍ ഇത്ര മെനക്കേടെന്തിനാ വക്കാരിഷ്ടാ? ഉള്ളി ശറപറാന്ന് അരിയാ, ഓയില്‍ ചൂടാക്കാ, ഉള്ളി ഇടാ, രണ്ട് കിടികിടി ഇളക്കല്‍ പിന്നെ ചെയ്തോണ്ടിരുന്ന പണിയിലേക്ക്, മേഘങ്ങളെ എണ്ണേ, പിന്മൊഴിയില്‍ ഇഞ്ചീനെ തപ്പി നടക്കേ ചെയ്യാ, മൂക്കു ചുളിയുന്ന മണം വന്നാ അറിയാം ഉള്ളി കരിച്ചത് രെഡിയെന്ന്. ല്ലേ നിക്കെ?

(ക്രിസ്തമസ് എന്നാ മറിയം ഈന്തപ്പന മരങ്ങള്‍ക്കടിയില്‍ വേദന കൊണ്ട് പുളഞ്ഞ ദിവസത്തിന്റെ ഓര്‍മ്മയും കൂടെയാണെന്ന് വിത് സ്മൈലി ഞാനും :)

Anonymous said...

ഈ കൊച്ചിക്കാരനെ ആദ്യായിട്ടാ കാണണെ. ഏതായാലും വെറുതെയായില്ല. ഇന്നത്തേക്കിനി സവാള പൊള്ളിച്ചതന്നെ മതി.. ശുക്രന്‍ x1000. ഇതു പോലത്തെ പൊലിപ്പന്‍ പരീക്ഷണങ്ങള്‍ ഉണ്ടേല്‍ ഇനീം പോന്നോട്ടെ..
നൌഷര്‍.

Anonymous said...

രേഷ്മേ... നിര്‍ത്തൂ‍ൂ‍ൂ‍ൂ‍ൂ ..കാതടുപ്പിക്കുന്ന നിന്റെ ഈ പുച്ഛ അട്ടഹാസം. കരിഞ്ഞ ഉള്ളികളുടെ കഥകളെപറ്റി ഹേ കുട്ടീ നിനെക്കെന്തറിയാം? നമ്രശീഘ്രയായ് എത്രയെത്ര നവവധുക്കള്‍, പതിഞ്ഞ മൂക്കും വര പോലുള്ള ചെറിയ കണ്ണുകളുമുള്ള വന്മതിലുകളുടെ നാടുകളിലെ ഭംഗിയുള്ള പാത്രങ്ങളില്‍, ആകാംക്ഷാഭരിതമായി കണ്ണുംനട്ടിരിക്കുന്ന ഭര്‍ത്താവിന് സ്നേഹപൂര്‍വ്വം ആദ്യവര്‍ഷങ്ങളിലെ ഭക്ഷണമേശകളില്‍ അതിനു സ്ഥാനം കൊടുത്തിരിക്കുന്നു...എന്നിട്ടും നീ കളിയാക്കുന്നുവൊ? ഹേ! ഉണ്ണീ സ്തീലിംഗമേ, പ്രതിലോമ ശക്തികളുടെ അന്തര്‍ഭുജങ്ങളില്‍ അലയടിക്കുന്ന നിന്റെ ഈ പരിഹാസ ചിരി എന്നെ കേവലമല്ല ദുഖിതയാക്കുന്നത്...

കരിഞ്ഞ ഉള്ളിക്ക് ഏഴഴകെന്നേതൊ കവി പാടിയിട്ടില്ലേ? ഏ? പാടിയത് അനാംഗരി മാഷായിരിന്നുല്ലേ എന്നുള്ള നിന്റെ ഈ ചോദ്യം ഇവിടെ വിലപ്പോവില്ല..പെണ്‍ സുഹൃത്തേ..
വിലപ്പോവില്ല...

reshma said...

പടച്ചോനെ! യെവള്‍ ക്രിസ്ത്മസ് കേക്കുണ്ടാക്കാനാന്നും പറഞ്ഞു ചേട്ടായിയുടെ നീണ്ട കഴുത്തുള്ള സുന്ദരി കുപ്പി അടിച്ച് മാറ്റി ഗംബ്ലീറ്റ് ഡിങ്കോള്‍ഫി ആയീന്നാ തോന്നുന്നേ.
നമ്രതാ ശിരോദകരൊക്കെ പ്പൊ ഓട്ട് ഡേറ്റടല്ലേ?
‘പ്രതിലോമ ശക്തികളുടെ അന്തര്‍ഭുജങ്ങളില്‍’ കേട്ടപ്പോ മഴക്കലത്ത് നടക്കന്‍ പോയി വന്നിട്ട് ഷൂസിന്നും ഉരച്ചുകളയുന്ന ഏതോ സാധനത്തിനെ പേരുപോലെ...

(നിക്കേ...സോരിയൊന്നും വേണ്ടല്ലേ?)

Anonymous said...

എന്നില്‍ എഴുന്നേറ്റിരിക്കുന്ന വിശ്വേട്ടനെ വെറും ഒരു കുറുമാന്‍ ചേട്ടനായി കാണാനുള്ള നിന്റെ ഈ ശ്രമം വെറും പാഴ് ശ്രമം... :-)

വല്യമ്മായി said...

കൃസ്തുമസായിട്ട് തല്ലു കൂടാതെ എന്തെങ്കിലും കഴിക്കാനെടുക്കെന്റെ ഇഞ്ചീ


നിക്കേ പോസ്റ്റ് കൊള്ളാം

reshma said...

ങെ? ഞാനും നീയുമെന്ന യാഥാര്‍ത്ഥ്യത്തില്‍ (കട ഏകാന്തതയുടെ അപാരതീരംവാല)
അവരൊക്കെ എപ്പൊ കടന്നു വന്നു?

Anonymous said...

ബാച്ചിലര്‍ ജീവിതത്തിന്റെ പ്രധാന ഭീഷണികളിലൊന്നായ സ്വയം പാചകം എന്നെയും തുറിച്ചുനോക്കാന്‍ തുടങ്ങി. ഏതായലും നിക്കിന്റെ സവാള പൊള്ളിച്ചത്‌ ഒരു ആശ്വാസമായി. അറ്റകൈയ്ക്ക്‌ ഇതും പ്രയോഗിക്കാമല്ലൊ....

Anonymous said...

സവാള പൊള്ളിച്ചത്തതില്‍ എന്റെ അനുശോചനങ്ങള്‍. മറ്റൊരു സവാളക്കോ ഉള്ളികള്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ

Anonymous said...

ടാ...ടാടാ...നിക്കേ, ഒന്ന് നിക്കെടാ‍...

-ദെന്തൂട്ട് ഒലത്താടാ, നീയ്യീ മൊട്ടോന്‍ട് ചെയ്തേക്ണേ...

ആ സവാള ഉള്ളീല് കൊറച്ച് മഞ്ഞപ്പൊടീം തരുതരാ പൊടിച്ച കൊര്‍ച്ച് കുരുമൊളാപ്പൊടീം രണ്ട് പച്ചമൊളക് കുരുകുരാ അരിഞ്ഞ് അതൂം കൂടെ ചേത്തങ്ട് വരട്ട്വാ..

ടേസ്റ്റ് പോരേങ്കി ഇത്രിക്കോളം ഗരം മസാല്യോ വേപ്‌ലയോ പൂശിക്കോടാ...

ബ്രഡ്ഡിനോ കട്ടന്‍ കാപ്പിക്കോ ഡിങ്കോല്‍ഫീക്കോ ഒക്കെ നല്ല കൂട്ടാടാ യെവന്‍!

-ആവശ്യം നേരത്താരാണ്ടാ പേരു ചോയ്ക്യാ‍ാ...
‘സംങ്കതി’ കലക്യാ പോരേ?

മുസ്തഫ|musthapha said...

എടാ നിക്കേ, ഉള്ളി കരിയിച്ച് വെച്ചിട്ട് അതെടുത്ത് പോസ്റ്റുന്നോ... നീയപ്പോ, മുല്ലപ്പെരിയാറിനെ വിട്ട്, ഉള്ളിപൊരിയലിലോട്ട് തിരിഞ്ഞോ :)

:: niKk | നിക്ക് :: said...

ന്റമ്മോ!!! ഈ ചേച്ചിമാരുടെ ഒരു കാര്യമേ നല്ലൊരു ക്രിസ്മസായിട്ട് ഇങ്ങനെയാണോ വേണ്ട്യേ? ഛെ! നല്ല ഒരു ക്രിസ്മസ് തല്ല് പ്രതീക്ഷിച്ചു ഞാന്‍.

വക്കാരിയണ്ണോയ് താങ്കള്‍ക്കും കുടുംബത്തിനും എന്റെ ക്രിസ്മസ് സബോളാശംസകള്‍. :)

തണുപ്പോയ്, ഉള്ളി എങ്ങന്യാ ഒള്ളിക്കുന്നത്? ഇന്ന് മോഹന്‍ലാല്‍ ന്റെ ടേസ്റ്റീ ബഡ്സ് എന്ന മാസികയില്‍ കണ്ടിരുന്നു ഒരു റെസിപ്പി - ഉള്ളി തുള്ളിച്ചത്. അതെന്തൂട്ടാണാവോ!

അതേയ് രേഷ്മേ, ഉള്ളി കരിഞ്ഞുപോയാലും ടേസ്റ്റാണോ? ഇനി അത് ട്രൈ ചെയ്യണം. :P
നന്ദി. :)

ഇഞ്ജി ചേച്ച്യേ വാളും പരിചയുമില്ലാതെ, ചട്ടകവും ഇഡ്ഡലിതട്ടവും കൊണ്ടാണോ പയറ്റ്? വടക്കന്‍ പാട്ടിലെ വീരാംഗനമാരെ ഓര്‍മ്മിപ്പിച്ചു. നന്ദി :)

അനോണിച്ചേട്ടാ, നിങ്ങളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്ട്ടാ :) സുഖം അല്ലേ? നമ്മള് ഒരു പാവം കൊച്ചി രാജാവ്. ങ്ങളെ കണ്ടിട്ട് ശ്ശിയായല്ലോ. എവിടാരുന്നു ?

വല്യമ്മായി നന്ദി :)

ഉണ്ണ്യാടന്‍, രേഷ്മ പറഞ്ഞത് പോലെ ഉള്ളി കരിച്ചതും ഒന്ന് ട്രൈ ചെയ്തോളൂട്ടോ. ആ ചേച്ചി പറഞ്ഞാല്‍ അച്ചട്ടാ. :)‌

മണിച്ചേട്ടാ :)

കൈതമുള്ളേട്ടാ ക്രിസ്മസ് അല്ലേ, കുരുമുളകിലും മഞ്ഞപ്പൊടിയിലുമൊന്നും നില്‍ക്കില്ല. വേറെ ചൂടുള്ള എന്തേലുമായിട്ടു വേണ്ടേ വരാന്‍. യേത്? ;) പുടികിട്ട്യാ? ഫ്ലാസ്കിലൊഴിച്ചു കൊണ്ടുവന്നാലും മതി. ആരുമറിയുകയുമില്ല, ചൂടൊട്ടുപോവുകയുമില്ല.

അഗ്രജാ എന്തീയ്യാനാ. അടുത്തത് കോപ്പകബാനാ ചേരുവയുമായി വരാം. അഡ്ജസ്റ്റ് ചെയ്തേ പറ്റൂ. :P

കുറുമാന്‍ said...

ഉള്ളി കരിയിച്ചതിന്റെ റെസീപ്പിക്കു നന്ദി നിക്ക്.

നിക്കേ, നിക്കാന്‍, നിന്നോടാ പറഞ്ഞത് നിക്ക്

Visala Manaskan said...

കൊച്ചിരാജാവേ... സമ്മതിച്ചിരിക്കുന്നു.
പോസ്റ്റ് തകര്‍ത്ത് കലക്കി കൊത്തിപ്പൊരിച്ചു!

ഇങ്ങിനെ ചെയ്തിട്ടും കറിക്ക് രുചിയുണ്ടായെങ്കില്‍.. മോനേ... നിനക്ക് കൈപ്പുണ്യഭഗവാന്റെ കടാക്ഷം ഉണ്ട്രാ.. ഉണ്ട്.(തട്ടുകട തുടങ്ങിയാലും ജീവിക്കാം)

എനിക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ, ഈ മിലിട്ടറിക്കാരെപോലെ.. എന്ത് കേട്ടാലും ഞാന്‍ പണ്ട്‍ മറ്റോടത്തായിരുന്നപ്പോള്‍.... എന്ന് പറയുന്നത് ശരിയാണോ എന്നോര്‍ത്ത് മിണ്ടുന്നില്ല!

(ഒരിക്കല്‍ ഉപ്പുംഭരണിയില്‍ പഞ്ചാരയിട്ട് വച്ച് പറ്റിച്ചപ്പോള്‍ എന്റെ ചേച്ചി നല്ല തേന് നിലാവ് മിഠായിടെ മധുരത്തില്‍ ചാളക്കറി വച്ചല്ലോ!)

ഞാന്‍ വീണ്ടും എന്നെ പറ്റിച്ചേയ്!

:: niKk | നിക്ക് :: said...

ചിക്കന്‍ കുറുമ :) ഹെഹെ ഹല്ല, കുറുമാന്‍സ് :)

ഈ സവാളയ്ക്ക് ഇവിടെ കൊച്ചിയില്‍ സവാളയെന്നാ പറയാറ്. ചെറിയുള്ളിക്ക് ഉള്ളിയെന്നും. ഇവിടെ വക്കാരിയണ്ണന്‍ സബോള ന്നു പറഞ്ഞു. ജാപ്പനീസില്‍ സവാളയ്ക്കെന്തൂട്ട്ണാവോ പറയണേ!

രേഷ്മ അത് ഉള്ളിയാക്കി. പിന്നെ വന്നവരെല്ലാം രേഷ്മയെ പിന്തുടര്‍ന്ന് എന്റെ സവാളക്കോതയെ ഉള്ളിയാക്കി.

ഉഗാണ്ടയിലെ ഒരു ഗ്രാമത്തില്‍ സവാളയെ അവര്‍ വിളിക്കുന്ന പേരാണ് - മഡ്ഗുള

അരവിന്ദ് :: aravind said...

കൊള്ളാം നിക്കേ :-))

“എന്നില്‍ എഴുന്നേറ്റിരിക്കുന്ന വിശ്വേട്ടനെ വെറും ഒരു കുറുമാന്‍ ചേട്ടനായി കാണാനുള്ള നിന്റെ ഈ ശ്രമം വെറും പാഴ് ശ്രമം... :-)“

ഇഞ്ചീ ഞാന്‍ തമാശക്കോഴ്സിനു ശിഷ്യപ്പെട്ടിരിക്കുന്നു.

:: niKk | നിക്ക് :: said...

അരവിന്ദേട്ടാ താങ്ക്സ് :)

ഇഞ്ജി ഒരു വന്‍പ്രസ്ഥാനം തന്നെയല്ലേ :P

Visala Manaskan said...

സബോള:ശരി, സവാള & ഉള്ളി:തെറ്റ്

ഉള്ളീ ഉള്ളീ എന്ന് പറന്നത്, ‘ഉണ്ടപ്പെണ്ണിന് നൈലോണ്‍ സാരി‘ എന്നു വിശേഷിപ്പിക്കുന്ന , കൂട്ടാന്‍ കാച്ചാന്‍ ഉപയോഗിക്കുന്ന തരം കുഞ്ഞ്യേ ഉള്ളിയാണ്.

ബോള അല്ലെങ്കില്‍ പോള യോടുകൂടിയ എന്നര്‍ത്ഥത്തിലാണത്രേ ‘സ ബോള‘ എന്ന് ഉപയോഗിച്ചുവന്നത്. ഉദാ:- സ ജീവം‍, സ സ്‌നെഹം, സ സന്തോഷം.

(വേലിയും വട്ടം ചാടി ഞാന്‍ ഓടിയേ...)

മുസ്തഫ|musthapha said...

ങേ... സബോളാന്നോ, വക്കാരി... എപ്പോ എബടെ അങ്ങനെ പറഞ്ഞു, പറഞ്ഞോ... എങ്കി‍ വക്കാരി മ്മടെ രാജ്യക്കാരന്‍ ആവാന്‍ ചാന്‍സുണ്ട് :) ഞങ്ങടെ നാട്ടിലും ‘സവാള’ ‘സബോള’ തന്നെ. ഒരു ഉണ്ടകണ്ണിയെ ‘സബോള കണ്ണീ’ എന്നോമനപേരിട്ട് വിളിച്ചിരുന്നത് ഓര്‍മ്മ വന്നു... ഓര്‍മ്മ വന്നത് ആ ‘പേര്’ മാത്രം :)

:: niKk | നിക്ക് :: said...

അയ്യയ്യോ! വിശാലേട്ടന്‍ തലയില്‍ ഒരു കമ്മ്യൂണിസ്റ്റ് കൊടിയൊക്കെയിട്ട് പനിപിടിച്ചത് പോലെ മൂടിപ്പുതച്ച് ഇതിനിടയില്‍ ഇരിപ്പുണ്ടായിരുന്നോ? ഞാങ്കണ്ടില്ലല്ലോ! ഇപ്പോ കണ്ടു.

വിശാലേട്ടന്‍ ഇന്‍വെസ്റ്റ് ചെയ്യോങ്കില്‍ കൊച്ചീലൊരു 5 സ്റ്റാര്‍ തട്ടുകട തുടങ്ങാം. യെപ്പടി?

“(ഒരിക്കല്‍ ഉപ്പുംഭരണിയില്‍ പഞ്ചാരയിട്ട് വച്ച് പറ്റിച്ചപ്പോള്‍ എന്റെ ചേച്ചി നല്ല...”
ഇതിപ്പോ ഒരു വടക്കന്‍ വീരഗാഥയില്‍ മമ്മൂക്കാ പറഞ്ഞ ഡയലോഗ് പോലെയുണ്ടല്ലോ ഗെഡീ.. :)

മുസ്തഫ|musthapha said...

‘സ’ജീവാ... :) വേലി(വട്ടം)ചാട്ടം ഈസ് ഇഞ്ച്യൂറിയസ് ഫോര്‍ ഹെല്‍ത്ത് :))

:: niKk | നിക്ക് :: said...

സജീവാ കൊച്ചി രാജാവിന് ഒരു സചിവന്റെ കുറവുണ്ടിവിടെ. :)

സവാളയെന്നോ സബോളയെന്നോ ഉള്ളീന്നോ മഡ്ഗുളയെന്നോ വിളിച്ചാലും സത്യം സംഭവം അതു തന്നെയല്ലേ. പിന്നെന്തിനാ അടി? ഒരു ക്രിസ്മസ് തല്ലിനുള്ള വകുപ്പുണ്ടല്ലോ!

അഗ്രജാ താങ്കള്‍ ഇങ്ങനെ ഉണ്ടക്കണ്ണിമാരുടെയും വായ നോക്കി നടന്നോ... ;)

വിശാലേട്ടോയ് അഗ്രു പറഞ്ഞ കേട്ടില്ലേ... എന്താണ്ടൊക്കെ എങ്ങാണ്ടൊക്കെ എന്താണ്ടാണെന്ന് !!!
അനുഭവം ഗുരു അല്ലേ അഗ്രൂക്കാ ;)

Unknown said...

എന്റെ അനിയത്തി രാക്ഷസി പണ്ട് ഒരു ഉപ്പുമാവുണ്ടാക്കിത്തന്നതോര്‍മ്മ വരുന്നു. എന്താണാവോ കാരണം? :-)

Visala Manaskan said...

നിക്കേ, പണ്ട് ഞങ്ങള്‍ കൊടുങ്ങല്ലൂറ് ഭരണിക്ക് പോയി തിരിച്ചുവരുകയായിരുന്നു. സമയം രാത്രി രണ്ടുമണിയായിട്ടുണ്ടാകും. ടെമ്പോയുടെ പിറകില്‍ നിന്ന് ഈന്തപ്പഴോം അലുവയും ഒക്കെ തിന്ന് ഉറക്കെ പാട്ടും പാടിയാണ് വരവ്.

അങ്ങിനെ വരുമ്പോഴിണ്ട്രാ...റോഡിലിരുന്ന കുറച്ച് പേര്‍ “മിണ്ടാണ്ട് പോടാ ഡേഷുകളേ” എന്ന് പറഞ്ഞ് ഒരു മരക്കഷണമെടുത്ത് ‘പടേ..ന്ന്’ വണ്ടീമ്മെക്ക് ഒറ്റ എറിയല്‍!!!

സംഭവം ചുട്ട സീരിയസ്സായില്ലേ! വണ്ടി ഓടിച്ചിരുന്നതാണേ..നമ്മുടെ കോക്കു മോഹനേട്ടന്‍.

വണ്ടി ഒറ്റച്ചവിട്ട്.. എന്നിട്ട്
‘പിടിക്കെഡാ ആ ഡാഷുകളേ എന്നൊരലര്‍ച്ചയും..’

അത് കേട്ടതും ഞങ്ങള്‍ എല്ലാവരും വണ്ടീന്ന് ചാടിയൊരിറക്കമാണ്...

എന്നിട്ടുണ്ടല്ലോ...

അല്ലെങ്കില്‍ വേണ്ട നമുക്കിതൊരു പോസ്റ്റാക്കി പിന്നീട് പറയാം! ഹഹഹ..

സു | Su said...

അതിനിപ്പോ എന്താ നിക്കേ? സവാള, സബോള, ഉള്ളി, എന്തെങ്കിലും ആകട്ടെ. പുറത്തേക്ക് നോക്കി, പ്രകൃതി ആസ്വദിക്കാതെ എന്തെങ്കിലും ഉണ്ടാക്കിയല്ലോ. എന്നാലും മുട്ടകളെ അവഗണിച്ചത് ശരിയായില്ല. ഇനി അടുത്ത പ്രാവശ്യം, അവയും കൂടെ ചേര്‍ക്കൂ.

Anonymous said...

ഹഹഹ, വിശാലേട്ടാ, പോരട്ടെ, വേഗം ഡാഷുകളെ പിടിച്ച കഥ.

:: niKk | നിക്ക് :: said...

വിശാലേട്ടോയ് ഹെ ഹെ ഡാഷ് കഥ പോരട്ടേട്ടോ :)

സൂ ചേച്ചീ ഷുവര്‍. നന്ദി :)

കെവി യേയ് പോസ്റ്റേല്‍ കേറാതെ ലൈന്‍ വലിച്ചത് ഒട്ടും ശരിയായില്ല ട്ടോ ;)

ദേവന്‍ said...

ഇതാണോ നിക്കേ സവാള റോസ്റ്റ്? എത്ര കാലമായി ഈ റെസീപ്പി(ഫ്) അന്വേഷീക്കുന്നു. താങ്ക്യൂ.
(വക്കാരി മനുഷ്യനെ കൊല്ലും!)

myexperimentsandme said...

ദേവേട്ടന്റെ “നിക്കേ സവാള റോസ്റ്റ്” പഞ്ചായത്തില്‍ കണ്ടപ്പോള്‍ ആദ്യം വായിച്ചത് “നിക്കോളാസേ” എന്ന്. ആരാണീ നിക്കോളാസ് എന്നോര്‍ത്ത് പോസ്റ്റ് നോക്കിയപ്പോള്‍ ദേ നമ്മുടെ നിക്ക് നിക്ക് ഓണ്‍ കൈമറ ഓണാക്കി ചിരിച്ചോണ്ട് നില്‍ക്കുന്നു.

:: niKk | നിക്ക് :: said...

ദേവേട്ടാ ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു :P

ഹഹഹ വക്കാരിയേയ്‌ ചിരിപ്പിച്ചു കൊല്ലുമോ :D