എറണാകുളം ബി.ടി.എച്. ഹോട്ടലില്‍ പതിവില്ലാതെ രാത്രിഭക്ഷണം കഴിക്കുവാന്‍ ചെന്ന എനിക്ക് ഒരു അതിഥിയുണ്ടെന്ന് വെയിറ്റര്‍ ഗോപുച്ചേട്ടന്‍ വന്ന് പറഞ്ഞപ്പോള്‍, ആദ്യം ഞാനൊന്നമ്പരന്നു. ആരാണിപ്പോ ഞാനിവിടെയുണ്ടെന്നറിഞ്ഞ്... എഹ്! ആരായാലെന്താ നേരിട്ട് മുന്നിലേയ്ക്കങ്ങ് പ്രത്യക്ഷപ്പെട്ടാല്‍പ്പോരെ? എന്തിന് വെയിറ്ററിനെ പറഞ്ഞുവിട്ട് ഇങ്ങനെയൊരു നാടകീയത ഉണ്ടാക്കണം? ഈ വിധമൊക്കെ ആലോചിച്ചിരിക്കുമ്പോള്‍ വെയിറ്റര്‍ ആളെ എന്റെ മുന്നിലേക്കാനയിച്ചു. മ്മടെ ബ്ലോഗ്ഗര്‍ സിജു! പഹയന്‍ ദ്പ്പോ ഇവിട്യെങ്ങനെ?
“ന്തൂട്രാ കന്നാലി നീയ്യിവിടെ?” ഞാന്‍ അത്ഭുതപരതന്ത്രനായ് സിജുവിനോട് ചോദിച്ചു.
അവന്‍ കമാന്നൊരക്ഷരം മിണ്ടണമല്ലോ. ക പോയിട്ട് മ എന്ന് പോലും മിണ്ടാതെ ഒരു കാര്‍ഡ് എന്റെ മേശമേല്‍ വച്ചിട്ട് ഒറ്റനടത്തം. പുറത്തേക്ക്! വീണ്ടുമെനിക്ക് അത്ഭുതപരതന്ത്രം....മുമ്പത്തെക്കാള്‍ കലശലായ്...
ഒട്ടും ഭംഗിയില്ലാതെ അച്ചടിച്ച ഒരു ഇന്‍വിറ്റേഷന്‍ കാര്‍ഡ്. പഹയന്റെ കല്യാണക്കുറിയാണോ? സംഭവം വായിക്കാന്‍ തീരെ ക്ഷമയില്ലാതെ ഞാന്‍ അവസാനത്തെ വരിയിലേയ്ക്ക് പാളിനോക്കി. ങെ! എന്റെ തന്നെ കല്യാണക്കുറിയോ? അതും ഞാനറിയാണ്ട്! അവസാനം ദേ കിടക്കണു എന്റെ പേര്. അതേതാണ്ടിങ്ങനെയായിരുന്നു. “എന്ന് സ്വന്തം നിക്ക്”. ഭാഗ്യം എന്റെ ഒപ്പവിടെ കണ്ടില്ല. പേഷ്യന്‍സിന്റെ നെല്ലിപ്പലക മുറിഞ്ഞ ഞാന്‍ കാര്യമെന്തെന്നറിയാന്‍ ആദ്യം മുതല്‍ക്കേ ക്ഷണപ്പത്രം ഒരാവര്‍ത്തി വായിക്കാന്‍ തയ്യാറായി.
അതിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. നാളെ എന്റെ വീട്ടില്‍ വച്ച് ഒരു കേരള ബ്ലോഗേഴ്സ് മീറ്റ് നടത്തുന്നു. ഉച്ചയൂണ് അടക്കം രാത്രിഭക്ഷണവും മറ്റും കൂടാതെ മീറ്റ് കൊഴുപ്പിക്കാന്‍ ഇന്ത്യയിലെ പ്രമുഖ ത്രിമൂര്‍ത്തീ മ്യൂസിക് ബാന്റിന്റെ ലൈവ് പെര്‍ഫോമന്‍സും. അതിലൊക്കെ ഉപരിയായി അമേരിക്കയെ പ്രതിനിധാനം ചെയ്ത് പ്രമുഖ ബ്ലോഗ്ഗര്‍ ഇഞ്ചിയുടെ സാന്നിദ്ധ്യവും.
കേരള ബ്ലോഗ്ഗേഴ്സ് മീറ്റ് ! അതും എന്റെ വീട്ടില്‍ വെച്ച് ! അതും നാളെ ! സ്പെഷല്‍ ഗസ്റ്റ് ഇഞ്ചി ! ഇത്രയും ഗുലുമാലുകള്‍ ഒപ്പിച്ച സിജുവിനെ എന്റെ കയ്യീക്കിട്ടാന്‍ ദൈവത്തോട് മുട്ടിപ്പായ് പ്രാര്‍ത്ഥിച്ചു. ഓ മൈ ഗോഷ്! അവനെയെങ്ങാന്‍ കയ്യീക്കിട്ട്യാല്‍ അവന്റെ കാല്‍ക്കല്‍ വീണ് ഞാന്‍ നിന്നോടെന്തപരാധമാ ചെയ്തതെന്ന് ചോദിക്കണം. എന്നാലും എന്റെ പൊന്നു സിജൂ, ഇത്രപെട്ടെന്ന് ഞാനെങ്ങനെയൊരു മീറ്റ് അറേഞ്ച് ചെയ്യും?
എന്റെ കയ്യിലിരുന്ന് ആ ക്ഷണപ്പത്രം ഉറഞ്ഞ് തുള്ളാന്‍ തുടങ്ങി. (അല്ലാതെ കൈവിറക്കുന്നൂന്ന് പറയാന്‍ പറ്റുമോ?) അന്നേരം കീശയില്‍ കിടന്ന് എന്‍73 കീയോ കീയോന്ന് മോങ്ങാന്‍ തുടങ്ങി. തലയ്ക്കല്‍ സിജുവിന്റേതെന്ന് തോന്നിപ്പിക്കുന്ന കര്‍ണ്ണകഠോര ശബ്ദം. “അളിയാ നീ നാളെ ഒന്ന് നിന്ന് തന്നാല്‍ മതി. ബാക്കി ഞങ്ങളേറ്റു. ശരീന്നാ നാളെക്കാണാം”.
അഭ്രപാളികളില്‍ സീനുകള്‍ ക്ഷണനേരം കൊണ്ട് മാറുന്നത് പോലെ, ഇവിടേയും പെട്ടെന്നു സീന്‍ മാറി. ലൊക്കേഷനും. പ്രഭാതം പൊട്ടിവിടര്‍ന്നു...ഠിഷ്...ഠും...ഠമാര്‍! എന്തൊക്കെയാണ് ഈ സിജുവിന്റെ പ്രിപ്പറേഷന്‍സ് എന്നൊക്കെ ഒന്നറിയണമല്ലോ. ഞാന്‍ പുറത്തേക്കിറങ്ങി. വൌ! എല്ലായിടവും തോരണങ്ങളും വൈദ്യുത ദീപാലങ്കാരങ്ങള്‍ കൊണ്ട് മുഖരിതമായിരിക്കുന്നു. ഈ ചുരുങ്ങിയ ടൈമിനുള്ളില്‍ ഇവന്‍ ഇതെങ്ങനെയൊപ്പിച്ചു? കുപ്പീലടച്ച ഭൂതം? അതോ ഇന്ദ്രജാലം?
നേരം ഉച്ചയായി. ഭോജനശാലയില്‍ പ്രതീക്ഷിച്ച തിരക്ക് കണ്ടില്ല. ആകെ ഞാന്‍ കണ്ടത്, എന്റെ കൂടെയിരുന്ന് ഊണു കഴിക്കുന്ന ഡാലിയും, അവളുടെ എതിര്‍വശത്തിരിക്കുന്ന സൂ ചേച്ചിയും. ഡാലി കഴിക്കുന്നതിനിടയ്ക്ക് എന്നോട് ചോദിക്കുന്നുണ്ട്. “ഡാ നീ ഇങ്ങനെയൊരു വലിയ ഇവന്റ് ഒക്കെ നടത്തുമ്പോള്‍ നോണ്‍-വെജ് ഫൂഡും ഉള്‍പ്പെടുത്തണ്ടേ?” ശരിയാണ് ഈ മുരിങ്ങാക്കോലു കറിക്കാണേല്‍ ഒരു രുചിയുമില്ല. ഞാന്‍ സിജുവിനെ ഭോജനശാലയുടെ ഓരോ മുക്കിലും മൂലയിലും തിരഞ്ഞു. അവന്റെ പൊടിപോലും കണ്ടെത്താനായില്ല. ഡാലി പറഞ്ഞതു ശരിയാണെല്ലോ. ഈ വമ്പന്‍ പരിപാടിക്കു വെറും മുരിങ്ങാക്കോലു കറിയോ? ശ്ശെടാ!
സന്ധ്യയായതും ആളനക്കം കണ്ടുതുടങ്ങി. എല്ലാ മുറികളിലും ഇടനാഴികളിലും കൂട്ടം കൂട്ടമായ് ബ്ലോഗ്ഗര്‍മാര്‍. കണ്ടു പരിചയമില്ലാത്ത മുഖങ്ങള്‍. ഇവരൊക്കെ ആരാണാവോ? ഇടയ്ക്കു എന്റെ മുറിയിലേയ്ക്കൊന്നു ചെന്നപ്പോള്‍, അവിടെയും ഒരു ബൂലോഗക്കൂട്ടം. പച്ചാളമോ, ഇക്കാസോ... പിന്നെ ആരൊക്കെയോ ഇരുന്നു കുശലം പറയുന്നു.
ഇടനാഴികളിലും മറ്റു മുറികളിലുമിരുന്നവരോടു ഞാന്‍ ചോദിച്ചു. ഇഞ്ചി വന്നോ? എന്റെ മുറിയില്‍ ഇരിക്കുന്ന ഇക്കാസിനോടും പച്ചാളത്തിനോടും മറ്റും ചോദ്യം റിപ്പീറ്റ് ചെയ്തെങ്കിലും ആരും ഒരു വ്യക്തമായ റിപ്ലൈ തന്നില്ല. ഇതെല്ലാമൊപ്പിച്ചവനെയൊട്ടു കാണുന്നുമില്ല. പാര്‍ട്ടി ഹാളായി അലങ്കരിച്ച് ബുഫേ ഡിന്നര്‍ ഒരുക്കിയിരിക്കുന്നത് നിലവറയിലാണെന്ന് ഇക്കാസിന്റെ മൊഴികളില്‍ നിന്നു വ്യക്തമായി. ഇനിയിപ്പോ അവിടുത്തെ സ്ഥിതിയെന്തെന്നറിയാന്‍ ഞാന്‍ അങ്ങോട്ടേക്കു വച്ചുപിടിച്ചു.
ഫളഫളാ മിന്നുന്ന, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ചുരത്തുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള വൈദ്യുത വിളക്കുകളാല്‍ അലംകൃതമായിരുന്നു അവിടം. ആകെ ഒരു ഉത്സവാന്തരീക്ഷം, ബഹളമയം. പരിചിത മുഖങ്ങളെ തിരഞ്ഞ എന്റെ കണ്ണുകള്‍ക്കു നോട്ട് ഫൗണ്ട് എന്ന മെസ്സേജാണു ബ്രെയിന്‍ അയച്ചു തന്നത്. എങ്കിലും അവരോടൊക്കെ ചോദിക്കാന്‍ മറന്നില്ല. ഇഞ്ചി എത്ത്യോ? അവര്‍ക്കതേക്കുറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. അവരുടെ ശ്രദ്ധ മുഴുവന്‍ അപഹരിച്ചത് അവരുടെയൊക്കെ നടുവിലുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു. ഞാന്‍ ആ മാന്യ ദേഹത്തെ ഒന്നു കാണുവാന്‍ തിക്കിത്തിരക്കി ആ ആള്‍കൂട്ടത്തെ ഭേദിച്ചു ഉള്ളിലേയ്ക്കു നീങ്ങി. ഇനിയിപ്പോ അതു ഇഞ്ചിയാണെങ്കിലോ!
പക്ഷേ, അവിടെ സ്പോട്ട് ലൈറ്റിന്റെ വെളിച്ചത്തില്‍ കുളിച്ചു നിന്നിരുന്നത് നിന്നിരുന്നത് ഇഞ്ചിയായിരുന്നില്ല. അതു മ്മടെ ദേവേട്ടനായിരുന്നു. ബ്ലോഗ്ഗര്‍ ദേവേട്ടനല്ല. സാക്ഷാല്‍ ശങ്കര്‍ മഹാദേവന്‍. അദ്ദേഹം എന്നെ കണ്ടതും എന്റെ അടുത്തേക്കു വന്ന് എന്റെ കരം ഗ്രഹിച്ചിട്ടു പറഞ്ഞു. ഹല്ലോ നിക്ക്. എനിക്കത്ഭുതമശ്ശേഷം തോന്നിയില്ല. ക്ഷണപ്പത്രത്തില്‍ സൂചിപ്പിച്ചിരുന്ന ത്രിമൂര്‍ത്തീ മ്യൂസിക്ക് ബാന്റ് ഇവരാണെല്ലോ.
അദ്ദേഹം തുടര്‍ന്നു. "എഹ്സാനും ലോയിയും വന്നിട്ടില്ല. നിക്ക് ഗിറ്റാറും വോക്കലും കൈകാര്യം ചെയ്യണം. ഞാന്‍ കീബോര്‍ഡില്‍ സപ്പോര്‍ട്ട് ചെയ്യാം". ആള്‍ക്കൂട്ടത്തില്‍ നിന്നും നിക്ക് പാടണം..നിക്ക് പാടണം എന്ന വിളികള്‍ ഉയര്‍ന്നു. എനിക്കാകെ ദേഷ്യം വന്നു. ഞാന്‍ പാടാനോ? മണിച്ചിത്രത്താഴില്‍ പ്രതികാരദുര്‍ഗ്ഗയായ നാഗവല്ലിയെപ്പോലേ കലിതുള്ളി ചോദിച്ചു. ഞാന്‍ പാടണോ? ഞാന്‍ പാടണമെന്നാണോ? അതെന്തിനാപ്പോ ഞാന്‍ പാടണേ?
"വേണ്ട. നീയിപ്പോ പാടുകയൊന്നും വേണ്ട. സമയം നാലായി. എഴുന്നേറ്റു പോയി മുഖം കഴുകി ഊണു കഴിക്കാന്‍ നോക്ക്."
"ഇഞ്ചി എവിടെ?"
"ദേ ഫ്രിഡ്ജിലിരിപ്പുണ്ട്. നിനക്ക് എന്തിനാ ഇപ്പോ ഇഞ്ചി?"
ങെ! ഫ്രിഡ്ജിലോ!? കണ്ണു തിരുമ്മി കട്ടിലില്‍ നിന്നു എഴുന്നേറ്റു തുറിച്ചു നോക്കുമ്പോള്‍ മുന്നില്‍ അമ്മ!
* * * * * * * * * * * * * * *
ഇന്നലെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്നു ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദൈവത്തിനാണേ മേല്‍പ്പറഞ്ഞ ഇഞ്ചിയോ മറ്റു ബൂലോഗ സുഹൃത്തുക്കളോ മനസ്സിലുണ്ടായിരുന്നില്ല.
24 comments:
ഇഞ്ചി എവിടെ ? - പുതിയ പോസ്റ്റ്.
ഇഞ്ചി എത്ത്യോ? അവര്‍ക്കതേക്കുറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. അവരുടെ ശ്രദ്ധ മുഴുവന്‍ അപഹരിച്ചത് അവരുടെയൊക്കെ നടുവിലുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു.
ഇഞ്ചിയെ സ്വപ്നം കാണുന്നത് നല്ലതിനല്ല നിക്കേ...:)കണ്ടില്ലല്ലോ അല്ലേ...
ഇതെന്താ പുതിയ ഡ്രീംഗേളോ!!! ഇപ്പോള്‍ രണ്ടാളായല്ലോ സ്വപ്നം കാണുന്നു... :)
--
ബ്ലൊഗിലെ പ്രശ്നങ്ങള്‍ നിക്കിന്റെ അസ്ഥിക്കു പിടിച്ചെന്നു തോന്നുന്നു :)
ഗൊള്ളാം ഗൊച്ചു ഗള്ളാ.
-സുല്‍
എന്നാലുമെന്റെ നിക്കേ..
എന്നെയിങ്ങനെ വ്യക്തിഹത്യ ചെയ്യണ്ടാരുന്നു..
മുരിങ്ങാക്കോല്‍ കറി മാത്രം വെച്ചുള്ള ഒരു മീറ്റേയ്..
ഇനി ഈ മാതിരി സ്വപ്നം കണ്ടാല്‍ സ്വപ്നത്തില്‍ വന്നു ഞാന്‍ തല്ലും.
നിക്കേ:)
നിക്ക് നിക്ക് ഇനി മേലില്‍ ഇമ്മാതിരി സ്വപ്നം കാണരുത് ,കണ്ടാലാരോടെങ്കിലും പറയുകയും അരുത്.:)
ഹ ഹ ഇഞ്ചിയെ സ്വപ്നം കണ്ടോ..!
രാത്രി കിടക്കുന്നതിനു മുന്‍പു ഒരു ദൈവവിചാരം ഒക്കെ വേണം അല്ലേല്‍ ഇങ്ങനെ ഓരോന്നൊക്കെ കാണും !
നിക്കേ,
കിടക്കുന്നതിന് മുന്‍പ് ബ്ലോഗ്ഗേര്‍സിനെ ഒക്കെ ഓര്‍ക്കുന്നത് നല്ലത് തന്നെ.
-ഇന്ന് മുതല്‍ ഓര്‍മ്മകളുടെ അവസാനം കൈതമുള്ള് എന്നാക്കിയാല്‍ സ്വപ്നത്തിന്റെ ഗതിയില്‍ മാറ്റമുണ്ടാവും.
ഇഞ്ചി തിന്ന......എന്ന് കേട്ടിട്ടുണ്ട്..ഇഞ്ചി സ്വപ്നം ആദ്യായാ കേള്‍ക്കുന്നത്..നിക്ക് ഇഞ്ചി തിന്നാവും ഉറങ്ങിയത് അല്ലെ!
ഇനിമുതല്‍ ഉറങ്ങുന്നതിനു മുന്‍പ് ശിശുക്കളെ മനസ്സില്‍ ധ്യാനിച്ച് കിടക്കുക,
എല്ലാം നേരെയാകും
നിക്ക് അത്രേ പറയാനുള്ളൂ..
നിക്ക് എന്തു മറന്നാലും മാണ്ടീല, മീറ്റിന് പുളി-ഇഞ്ചി കറി വിളമ്പാന്‍ മറക്കേണ്ടാട്ടോ..
ഈ ബ്ലോഗൊക്കെ ഒരു മായയാണ് നിക്കേ, അറിയാതെയാണെങ്കിലും അതിലേറേ ഉള്‍പ്പെട്ടു പോവുന്ന മനസ്സിന്റെ വികൃതികളാണ് ഇങ്ങനെ സ്വപ്നങ്ങളായി പുറത്ത് വരുന്നത്, ഒഴിവാക്കാന്‍ രണ്ട് മാര്‍ഗങ്ങള്‍ ഉണ്ട്
1 ബ്ലോഗിങ്ങ് നിര്‍ത്തലാക്കുക (താരതമ്യേന പ്രയാസം ആണിത് )
2 ഉറങ്ങാതേയിരിക്കുക ( ഇതു കുറച്ച് കൂടെ എളുപ്പം അവലംബിക്കാവുന്ന മാര്‍ഗം )
ചുമ്മാ ആണ് കേട്ടോ :) ;);) (സ്മൈലി ഇട്ടിട്ടുണ്ടേ)
നിക്കേ കൊച്ചിരാജാവിനു ഇത്രേം വല്യ സ്വപനം കാണുന്ന രോഗവുമുണ്ടെന്ന് അറിയില്ലാരുന്നു... നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.
ഓഫ്: 'വ്യക്തിഹത്യ'കള്‍ വരുന്ന വഴിയേ... ഈ സ്വപ്നങ്ങള്‍ ഇനി ആരെങ്കിലും നിരോധിച്ചില്ലെങ്കില്‍ വല്ല മുരിങ്ങാക്കോലും ഇനി കേസ് കൊടുക്കും. അല്ല ഈ സ്വപ്നത്തിന്റെ സെര്‍വര്‍ ആരുടെ കയ്യിലാ???
സ്വപ്നം കാണുന്നത് ഓക്കെ. പക്ഷെ അതെല്ലാം എഴുതിപിടിപ്പിച്ചാല്‍, എപ്പോ കിട്ടിയെന്നു ചോദിച്ചാ മതി നിക്കേ. പിന്നെ കയ്യിലുള്ളത് എന്‍ 73 ആണെന്ന് നാട്ടുകാരെ അറിയിക്കാനായിരുന്നു അല്ലെ, കള്ളാ ഈ പോസ്റ്റ്?
ഇഷ്ടപ്പെട്ടു. ബ്ലോഗ്ഗില്‍ എഴുതുന്നതു ഇത്രയും മഹത്തായ കാര്യമാണെന്നു അറിയില്ലായിരുന്നു.
കുറുമാനേ, സത്യം. നിക്ക് കുറേ നാളായി N73 യിലെടുത്ത പടങ്ങള്‍ കാച്ചുന്നു. പക്ഷേ ആരും കാര്യമായി മൈന്റു ചെയ്തില്ലല്ലോ. ഇനിയിപ്പോ N73നെ നാലാളെ കാട്ടാന്‍ ഇതേയൊരു മാര്‍ഗ്ഗം കണ്ടുള്ളൂ. ന്നാലും നിക്കേ, ഇത്രയ്ക്കു കഷ്ടപ്പെടണ്ടായിരുന്നു. നിക്കിന്റെ N73 ന്റെ പവറു് ഇപ്പൊ ഞങ്ങളൊക്കെ ശരിയ്ക്കും അറിഞ്ഞു ട്ടാ.
ചാറ്റുന്നവരെ ആരെയും കണ്ടില്ല അല്ലേ? ദുഷ്ടന്‍!!
nice one mashe... ഇനി എന്നെ സ്വപ്നം കണ്ട് താനാ പാവം അമ്മയെ പേടിപ്പിയ്ക്കരുത് കെട്ടോ!
അടുത്ത സ്വപ്നം ഉടന്‍ പ്രതീക്ഷിക്കുന്നു.
(ഞാന്‍ പൊട്ടന്‍ചുക്കാദി എന്ന പേരില്‍ എഴുതാന്‍ തുടങ്ങുകയാണ്.)
ഓഫ്- മാഫ്
ദിക്കേ
ഇനി കിടക്കുന്നതിനു മുന്‍പ് അമ്മയോടു പറ പിത്തശൂല മാറാന്‍, കുറച്ച്` ഇഞ്ചിക്കഷായം ഉണാക്കിതരാന്‍. ശരീരത്തില്‍ ഇഞ്ചീയ കുറവുണ്ട്. അതാ കാരണം.
ഹഹഹ, നിക്കേ ഇപ്പോ കേരളാ ബ്ലോഗേഴ്സ് മീറ്റാണല്ലേ സ്വപ്നം കാണുന്നത്? എന്നാലും ആ പാവം സിജുവിനെ പാര വെക്കണ്ടായിരുന്നു. സിജുവിന്റെ ഇന്ദ്രജാലവും മുരിങ്ങാക്കോല്‍ കറി വെച്ചുള്ള മീറ്റും :) ഹി ഹി. സിജു ഇവിടെ ദില്ലിമീറ്റില്‍ നല്ല അടിപൊളി ഏര്‍പ്പാടുകള്‍ നടത്തിയതാ, ആ സിജുവിനെ പറയുന്നോ? :)
അളിയാ ഈ ബി. ടി. എച്, ബാര്‍ അറ്റാച്ച്ഡ് അല്ലേ?
മൂന്നാലെണ്ണം വിട്ടതും പോരാ, ബില്ലും എടുത്തു പിടിച്ച് ഇന്‍വിറ്റേഷന്‍ എന്നു പറഞ്ഞ് , അവിടം തൂത്തു വാരി!
ആട്ടെ, അവിടെ മറന്നു വച്ച എന്‍ എഴുപത്തിമൂന്ന് ബാറുകാരു പിടിച്ചു വച്ചു എന്നു പറഞ്ഞത് ശരിയാണോ?
ശരീരം നോക്കണേ!
>:) രസിച്ചു!
ജോ
ഞാനെവിടെ ........... പോട്ടെ... വിട്ടിരിക്കുന്നു!!!!!!
പോസ്റ്റ് ഇഷ്ടപ്പെട്ടിരിക്കുന്നു.... എന്റെ ഇന്നത്തെ "വിലപ്പെട്ട സമയം" മുഴുവനും ഈ ബ്ലോഗ്ഗിലേക്കായി മാറ്റി വെച്ചിരിക്കുന്നു...
ന്റെ ഇന്നത്തെ പഞ്ചമഹാഭാഗ്യങ്ങളിലൊന്നാണ് അഞ്ചേയഞ്ചുമിനിറ്റുകൊണ്ട് ഇഞ്ചി വായിച്ചുഃഉതീര്‍ത്തത്. എന്റെ ഇല്ലത്ത് , ഊണേശ്വരം പി.ഒ. വില്‍ ഇനി ഇഞ്ചിവച്ചൊരു ചമ്മന്തിയില്ല കുറെക്കാലം.
ആശംസകള്‍,
സജ്ജീവ്
Post a Comment