... 600 അടി താഴ്ച!!!
2006 സെപ്റ്റംബര്‍ 2സിജു, സുഭാഷ്, പ്രദീപ്, കൃഷ്ണകുമാര്‍, ജിന്‍സണ്‍, അഭിലാഷ്, അനില്‍, സിജു ജോണ്‍, സുധീഷ്, സുജിത്ത്, സിക്സണ്‍, ജോണി എന്നീ സുഹൃത്തുക്കള്‍ കൊച്ചിയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര പുറപ്പെട്ടു. അടിച്ചുപൊളിച്ച് ആ സംഘം കൊടൈക്കനാലിന്റെ സൌന്ദര്യം നന്നായാസ്വദിച്ചു. പിറ്റേ ദിവസം ഉച്ചയോടെ രണ്ടര മണിയോടെ സംഘം ഗുണ കേവിലെത്തി.
വിനോദയാത്രാ സംഘാംഗങ്ങള്‍ ഓരൊരുത്തരായി ഗുഹയിലേയ്ക്കിറങ്ങി. അന്ന് മഴക്കാറുണ്ടായിരുന്നതിനാല്‍ ഗുഹയ്ക്കുള്ളില്‍ വെളിച്ചം നന്നേ കുറവായിരുന്നു. ഗുഹയുടെ അങ്ങേയറ്റത്തേക്ക് നടക്കുമ്പോള്‍, ഒത്ത നടുക്കായി ഒരു കുഴിയുണ്ട്. എറണാകുളത്തെ ഏതെങ്കിലുമൊരു ഗട്ടര്‍ ചാടിക്കടക്കുന്ന ലാഘവത്തോടെ ചാടിക്കടക്കാവുന്നതേയുള്ളൂ. മുന്‍പേ പോയ മൂന്ന് പേര്‍ ഈസിയായി ആ കുഴി ചാടിക്കടന്നു. സുഭാഷ് ചാടിയപ്പോള്‍ കാലൊന്നിടറിയോ? മുന്‍പേ ചാടിയവരും പിന്നില്‍ വന്നവരും ഒരു നിമിഷം ഒന്നമ്പരന്നു. തങ്ങളുടെ കണ്മുന്നില്‍ നിന്നും മറഞ്ഞ സുഭാഷിന്റെ അകന്നകന്നു പോകുന്ന നിലവിളിയുടെ പ്രതിദ്ധ്വനി ശബ്ദം അവര്‍ ആ കുഴിക്കുള്ളില്‍ നിന്നും കേട്ടു. എന്താണ് സംഭവിക്കുന്നതെന്നവര്‍ക്ക് മനസ്സിലാകും മുന്‍പ് ആ ശബ്ദം നിലച്ചു.
ഗുണ കേവ് അഥവാ ‘ചെകുത്താന്റെ അടുക്കള’
കൊടൈക്കനാല്‍ സന്ദര്‍ശിച്ചിട്ടുള്ള സുഹൃത്തുക്കള്‍ക്ക് നന്നായി അറിയാവുന്നതായിരിക്കും ഈ ഗുഹ. കമലഹാസന്റെ ‘ഗുണ’ എന്ന സിനിമയില്‍ അതിസാഹസികത നിറഞ്ഞ രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ഇവിടെ വച്ചായതിനാലാണ് ഈ ഗുഹയ്ക്ക് ഗുണ കേവ് എന്ന് പേര് വീണതും വിനോദസഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതും. വിനോദസഞ്ചാരത്തിലൂടെ കോടികള്‍ കൊയ്യുന്ന തമിഴ്നാട് സര്‍ക്കാര്‍ ഇത് മുതലെടുത്ത് ടൂര്‍ പാക്കേജുകളില്‍ ഗുണ കേവിനു പ്രാധാന്യം നല്‍കി, തമിഴ്നാട് ടൂറിസവുമായി ബന്ധമുള്ള വെബ്സൈറ്റുകളില്‍ ഇതുള്‍പ്പെടുത്തി. പക്ഷെ, അപകടം നിറഞ്ഞ സ്ഥലമാണിതെന്ന് അവര്‍ രഹസ്യമായ ഒരു പരസ്യത്തിലൊതുക്കി. ഈ പ്രദേശത്തിന് ഗുണ കേവ് എന്ന് പേരു വീഴുന്നതിന് മുന്‍പ് തന്നെ ചെകുത്താന്റെ അടുക്കള എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഗുഹാമുഖത്തു നിന്നുള്ള യാത്ര അവസാനിക്കുന്നത് 600 അടിയിലധികം താഴ്ച വരുന്ന അഗാധ ഗര്‍ത്തത്തിലാണ്. ഗുഹയ്ക്കുള്ളില്‍ത്തന്നെ ആഴം അറിയാത്ത ഒരുപാട് കുഴികള്‍. ഇവിടെ നാട്ടുകാര്‍ക്കു പറയാനുള്ള വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നവയാണ്. ഇവിടെ അപകടത്തില്‍ പൊലിഞ്ഞത് 13 ജീവനുകളാണ്. ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഒരു മന്ത്രിയുടെ ബന്ധുവുമുണ്ട്. ജീവനോടെ അല്ലെങ്കിലും, ശരീരമെങ്കിലും എടുത്തു കൊടുക്കുന്നവര്‍ക്ക് പാരിതോഷികമായി വാഗ്ദാനം ചെയ്യപ്പെട്ടത് 10 ലക്ഷം രൂപയാണ്. പക്ഷെ, അതിന് പോലും ഇതുവരെ ആരും തുനിഞ്ഞിട്ടില്ല എന്നതാണ് സത്യം. മരണം ആര്‍ത്തിയോടെ വാ പിളര്‍ന്നു നില്‍ക്കുന്ന ഈ ഗുഹ നാട്ടുകാര്‍ക്ക് ചെകുത്താന്റെ അടുക്കളയാണ്.
സംഭവിച്ചതിങ്ങനെസുഭാഷ് പറഞ്ഞു തുടങ്ങി. “എല്ലാം വളരെ പെട്ടെന്നായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നതിന് മുമ്പ് തന്നെ ഞാന്‍ വായുവില്‍ ഒഴുകി നീങ്ങുന്ന അവസ്ഥ.ചുറ്റും കുറ്റാകൂരിരുട്ട്. മുന്‍പില്‍ നടന്നിരുന്ന സുഹൃത്തുക്കള്‍ കാണാമറയത്തായി. ഉറക്കെ കരഞ്ഞതുപോലും എങ്ങനെയെന്നറിയില്ല. എവിടെയൊക്കെ തട്ടിത്തടഞ്ഞ് നിന്നു. വീണ്ടും വായുവിലൂടെ താഴേയ്ക്ക് യാത്ര. പിന്നെ തട്ടി നിന്നിടത്തു തന്നെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. കുറ്റാക്കൂരിരുട്ടായതിനാല്‍ ഒന്നും വ്യക്തമായില്ല, അടുത്തതെന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്നും ഒരുരുപവും കിട്ടിയില്ല. നന്നായി വഴുക്കലുള്ള ഒരു പാറയിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന് മാത്രം മനസ്സിലായി. കാലൊന്നുറച്ചുകിട്ടിയപ്പോള്‍ മുകളിലേയ്ക്ക് നോക്കി. അവിടെ ഒരു ചിരട്ടയുടെ വലിപ്പത്തില്‍ മാത്രം ആകാശത്തിന്റെ വെട്ടം കണ്ടു. ഉറക്കെ കരഞ്ഞു. അപ്പോള്‍ മുകളില്‍ നിന്ന് അനങ്ങാതെ പിടിച്ച് നില്‍ക്കുന്നയിടത്ത് തന്നെ നില്‍ക്കാന്‍ വിളിച്ചു പറയുന്ന കൂട്ടുകാരുടെ ശബ്ദം പാറകളില്‍ തട്ടി പ്രതിധ്വനിച്ചു. അതോടെ മനസ്സ് കുറച്ച് ശാന്തമായി. എങ്ങനെ രക്ഷപെടും എന്ന് ആലോചിച്ച് തുടങ്ങി. നല്ല തണുപ്പ്, അസ്ഥിതുളയ്ക്കും പോലെ. നിന്നിരുന്നയിടത്തെ ഭിത്തിയില്‍ കൈകള്‍കൊണ്ട് പരതിയപ്പോള്‍ നരിച്ചീറുകള്‍ ശബ്ദമുണ്ടാക്കി പറന്നുയര്‍ന്നു. മുകളിലേയ്ക്ക് നോക്കി. ആകാശത്തിന്റെ ആ ചെറുവട്ടം ചുരുങ്ങി ചുരുങ്ങി വരുന്നു. ഇതിനിടയില്‍ മുകളില്‍ നിന്നും ചെളിയും കല്ലുകളുമടങ്ങിയ വെള്ളം വീഴാന്‍ തുടങ്ങി. മുകളിലേയ്ക്ക് നോക്കാന്‍ വയ്യാത്ത അവസ്ഥ. വെള്ളത്തിലൂടെ വന്ന ഒരു കല്ല് നെറുകന്‍ തലയില്‍ തന്നെ പതിച്ചു.” പതുക്കെ പതുക്കെ ഒരു അവ്യക്തത സുഭാഷിന്റെ കണ്ണിലും ഓര്‍മ്മയിലും വന്നു നിറഞ്ഞു.
പകച്ച് പോയ കൂട്ടുകാര്‍“ശരിക്കും കുഴിയില്‍ വീണത് ഞങ്ങളാണ്” കൃഷ്ണകുമാര്‍ പറയുന്നു. “സുഭാഷ് കുഴിയിലേയ്ക്ക് വീണുവെന്ന യാഥാര്‍ത്ഥ്യത്തോട് പെട്ടെന്ന് പൊരുത്തപ്പെടാനായില്ല ഞങ്ങള്‍ക്ക്. അതത്ര വലിയൊരു കുഴിയാണെന്നൊട്ട് തോന്നിയതുമില്ല. ഇതൊക്കെ അവന്റെ ഒരു നമ്പരാവണേയെന്നുള്ളുരുകി ഒരുനിമിഷം പ്രാര്‍ത്ഥിച്ചു പോയി. താഴെനിന്ന് അവന്റെ കരച്ചില്‍ കേട്ടപ്പോള്‍, അത് അത്ര വലിയ ഒരു കുഴിയല്ലെന്ന് തോന്നി. കുഴിക്കു ചുറ്റും കമഴ്ന്ന് കിടന്ന് കുഴിക്കുള്ളിലേയ്ക്ക് നോക്കി. ഇരുട്ട് മാത്രം, ഒന്നും കാണുന്നുമില്ല. അവിടെവിടെയോ നിന്നും സുഭാഷിന്റെ കരച്ചില്‍ കേള്‍ക്കാം. ആരും ഒന്നും സംസാരിക്കാനാവാതെ തളര്‍ന്നിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ”.
ഇതിനിടയില്‍ വീണ്ടും കുഴിക്കുള്ളില്‍ നിന്നും സുഭാഷിന്റെ കരച്ചില്‍ കേട്ടു. അതോടെ സുഭാഷിന് ജീവനുണ്ടെന്ന് ബോധ്യമായി. കുഴിക്കരുകില്‍ കിടന്ന് എവിടെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ സിജു ഉറക്കെ വിളിച്ചു പറഞ്ഞു. ഒരാള്‍ മൌനം ഭേദിച്ചതോടെ മറ്റുള്ളവരുമുണര്‍ന്നു. വെറുതെ കുഴിയ്ക്കുള്ളിലേയ്ക്ക് നോക്കിയിരുന്നിട്ട് യാതൊരു കാര്യവുമില്ല.
“എന്തിനും തയ്യാര്‍.... പക്ഷെ എന്താണ് ചെയ്യേണ്ടത്?” സിജു കൂട്ടുകാരുടെ നേതൃത്വം സ്വയം ഏറ്റെടുത്തു. ഒന്‍പത് പേരെ തരംതിരിച്ചു. “മൂന്ന് പേര്‍ കുഴിയുടെ അടുത്ത് നില്‍ക്കണം. ബാക്കിയുള്ള ആറുപേരു കൂടി പൊലീസിനേയും നാട്ടുകാരെയും വിവരമറിയിക്കണം. ഒപ്പം എട്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള ടൌണില്‍പ്പോയി കയറും ടോര്‍ച്ചും വാങ്ങണം”. ദിശാബോധം ലഭിച്ചതോടെ സുഹൃത്തുക്കള്‍ എല്ലാവരും കര്‍മ്മനിരതരായി.
മഴ“ഞങ്ങള്‍ മൂന്നുപേര്‍ മാത്രമായപ്പോഴേയ്ക്കും അവസ്ഥ കൂടുതല്‍ വഷളാകുവാന്‍ തുടങ്ങി”. സുധീഷ് പറഞ്ഞുതുടങ്ങി. “ടോര്‍ച്ചും കയറും സംഘടിപ്പിക്കാന്‍ പോയ കൂട്ടുകാര്‍ പോയതോടെ സുഭാഷിനെ ആശ്വസിപ്പിക്കായിരുന്നു ഞങ്ങളുടെ ശ്രമം. അവന്റെ കരച്ചില്‍ ഇടയ്ക്കിടെ കേള്‍ക്കാം. രക്ഷാപ്രവര്‍ത്തനത്തിന് സാമഗ്രികളും ആളുകളും എത്തുവരെ അവന് ആത്മവിശ്വാസം പകര്‍ന്ന് കൊടുക്കണം. ഞങ്ങള്‍ മൂന്നുപേരും മാറി മാറി വിളിച്ചുകൊണ്ടിരുന്നു. ചിലപ്പോഴൊക്കെ സുഭാഷിന്റെ ശബ്ദം പ്രതിദ്ധ്വനിച്ചു മുഴക്കമായി മുകളിലേയ്ക്ക് വന്നു.”
“ഇതിനിടെ ഒരു ശാപം പോലെ മഴ തുടങ്ങി. ആകാശത്ത് കെട്ടിക്കിടന്ന സകല കാര്‍മേഘങ്ങളും ഞങ്ങളുടെ മേല്‍ പെയ്തിറങ്ങി. ഭൂമിനിരപ്പില്‍ നിന്ന് അല്പം താഴ്ന്നു സ്ഥിതി ചെയ്തിരുന്ന ഗുഹയിലേയ്ക്ക് വെള്ളം ഇരച്ചെത്തി. വെള്ളം മുഴുവന്‍ കുഴിയിലേയ്ക്കാണ് കുത്തിയൊലിച്ചത്. ആ കുത്തൊഴുക്കില്‍ സുഭാഷ് താഴേയ്ക്ക് ഒലിച്ചു പോകുമെന്ന് ഞ്ങ്ങള്‍ ഭയന്നു. വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ ഒരു മാര്‍ഗ്ഗവുമില്ല. അടുത്തു കിടന്ന കല്ലും മണ്ണും ചേര്‍ത്തൊരു അണകെട്ടുവാന്‍ ഒരു വിഫലമായൊരു ശ്രമം നടത്തിനോക്കി. വെള്ളപ്പാച്ചിലിന്റെ ശക്തിയില്‍ കുറേ കല്ലും മണ്ണും കുഴിക്കകത്തേയ്ക്ക് പതിച്ചു. സുഭാഷ് കരയുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. സകല ദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ കുഴിക്കരുകില്‍ തന്നെ നിന്നു. അവനോട് ധൈര്യമായിരിക്കാന്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.”
കണ്ണീരും കാലുപിടിത്തവുംസിജുവും ലിന്‍സനും സുധീഷുമൊഴിച്ചുള്ളവര്‍ അടുത്തുള്ള നാട്ടുകാരെ കണ്ടു വിവരം ധരിപ്പിച്ചു. എട്ടു കിലോമീറ്റര്‍ അപ്പുറമുള്ള ടൌണില്‍ ചെന്ന് കയറും ടോര്‍ച്ചും സംഘടിപ്പിച്ച് നേരെ പൊലീസ് സ്റ്റേഷനിലെത്തി. നാവില്‍ വന്ന മുറിത്തമിഴില്‍ കാര്യം പറഞ്ഞൊപ്പിച്ചു. കൃഷ്ണകുമാര്‍ പറഞ്ഞ കഥ വളരെ ലാഘവത്തോടെ കേട്ട പൊലീസുകാരന്‍ അടുത്തു വന്നു തുറിച്ചു നോക്കിക്കൊണ്ട് അവന്റെ മുഖത്ത് ആഞ്ഞൊരടി. അമ്പരന്നു പോയ കൃഷ്ണനെ തകര്‍ക്കുന്നതായിരുന്നു അയാളുടെ അടുത്ത ചോദ്യം. “നീ താനെ അന്ത പയ്യനെ കൊലൈ ശെയ്തത്?”
ആ നിമിഷത്തെ കുറിച്ചോര്‍ക്കുമ്പോള്‍ കൃഷ്ണകുമാറിന്റെ മനസ്സില്‍ ഭീതി വിതയ്ക്കുന്നു. സഹായം തേടി വന്നിടത്തു ബന്ദിയാക്കപ്പെട്ട അവസ്ഥ! “എന്റെ മനസ്സ് അപ്പോ ചത്തു. സഹായിക്കാന്‍ കൂട്ടാക്കാതെ അപകടത്തെ ഞങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നിയമപാലകരുടെ ശ്രമമെന്ന് വ്യക്തമായി. പക്ഷെ, ഓടിയൊളിക്കുവാന്‍ പറ്റില്ല. സുഭാഷ് കുഴിക്കകത്താണ്.” ആവശ്യമില്ലാത്തിടത്ത് വലിഞ്ഞ് കേറിയതെന്തിനെന്നായിരുന്നു അടുത്ത ചോദ്യം. കുഴിയില്‍പ്പെട്ടയാള്‍ ഇതിനോടകം മരിച്ചു കഴിഞ്ഞിരിക്കുമെന്ന് പൊലീസുകാര്‍ പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ അവരുടെ കാലുപിടിച്ച് കരഞ്ഞു. “ഇല്ല സുഭാഷ് മരിക്കില്ല.” അപ്പോള്‍ അവരെ ഞെട്ടിച്ചു കൊണ്ട് പൊലീസ് മറ്റൊരു കാര്യം അവരെ അറിയിച്ചു. ഇതിന് മുന്‍പ് പതിമൂന്ന് പേര്‍ അവിടെ മരിച്ചിട്ടുണ്ട്. അവരുടെയൊന്നും ശവം പോലുമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ അതൊന്നും ആ കൂട്ടുകാര്‍ ചെവിക്കൊണ്ടില്ല. അവര്‍ പൊലീസുകാരെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. “സുഭാഷ് മരിക്കില്ല” കാരണം, സുഭാഷ് അവരുടെ കൂട്ടുകാരനാണ്, പൊലീസുകാരന്റെയല്ലല്ലോ...
രക്ഷാസംഘംപൊലീസും ഫയര്‍ഫോഴ്സും ഗുഹാമുഖത്തെത്തുമ്പോള്‍ മഴ തകര്‍ത്തു പെയ്യുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കില്ലാത്തവസ്ഥ. മഴ കുറഞ്ഞപ്പോള്‍ അവര്‍ ആ കുഷി പരിശോധിച്ചു. നീളമുള്ള കയര്‍ കുഴിക്കകത്തേക്കിട്ട് കൊടുത്തിട്ട് സുഭാഷിനോട് കയറിവരാന്‍ ആവശ്യപ്പെട്ടു. അവശനായ സുഭാഷിന് കയര്‍ കാണാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. അധികം അനങ്ങിയാല്‍ ഒരുപക്ഷെ, വീണ്ടും താഴേയ്ക്ക് ഊര്‍ന്നുപോകാനും മതി. കയറിട്ട് ഇറങ്ങണമെന്ന് കൂട്ടുകാര്‍ ആവശ്യപ്പെട്ടു.
ഒരു ഫയര്‍ഫോഴ്സുകാരന്‍ അരയില്‍ കയര്‍ കെട്ടി ഇറങ്ങാന്‍ വേണ്ടി തയ്യാറെടുത്തു. ഒന്നു രണ്ടു തവണ അയാള്‍ കുഴി പരിശോധിച്ചു. താഴേയ്ക്ക് ടോര്‍ച്ചടിച്ചു നോക്കി. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍ അയാള്‍ വലിയൊരു കണ്ടുപിടിത്തം പ്രസ്താവിച്ചു. “കുഴിക്ക് ആഴം വളരെക്കൂടുതലാണ്. വീണയാള്‍ ഒരുപാട് താഴേയ്ക്ക് ഒഴുകിയോ, തെന്നിയോ പോയിക്കാണും. അറ്റമില്ലാത്ത കുഴിയിലേയ്ക്കിറങ്ങുന്നത് വിഡ്ഡിത്തമാണ്.” തങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പ്രസംഗം. അയാള്‍ പറഞ്ഞത് മുഖവിലയ്ക്കെടുക്കാന്‍ കൂട്ടുകാര്‍ തയ്യാറായില്ല.
“നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഞാനിറങ്ങാം.” സിജു മുന്നോട്ട് വന്നു. പക്ഷെ, അറിഞ്ഞുകൊണ്ട് ഒരാളെക്കൂടി അപകടത്തിലേയ്ക്ക് തള്ളിവിടില്ല എന്നതാണ് അവരെടുത്ത നിലപാട്. ഒന്നുകില്‍ അവരിറങ്ങണം, അല്ലെങ്കില്‍ തന്നെ ഇറങ്ങാന്‍ സമ്മതിക്കണം. എന്തായാലും സുഭാഷിന്റെ ജീവന്‍ കുഴിയില്‍ ഉപേക്ഷിക്കാനാവില്ലെന്ന സിജുവിന്റെ കടുംപിടിത്തതിനൊടുവില്‍ അവര്‍ സമ്മതിച്ചു. സിജുവിന്റെ അരയില്‍ കയര്‍കെട്ടി. കഴുത്തില്‍ ടോര്‍ച്ച് തെളിയിച്ച്, കെട്ടി തൂക്കിയിട്ടു. എന്നിട്ട് കുഴിയിലെ അറ്റം കാണാത്ത ഇരുട്ടിലേയ്ക്ക് കയറെറിഞ്ഞു.
ഒരു കയറും രണ്ടു കൂട്ടുകാരുംകയറില് തൂങ്ങിയിറങ്ങുമ്പോള്‍ അടുത്തതെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് സിജുവിനൊരു രൂപവുമുണ്ടായിരുന്നില്ല. ശക്തമായ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. കുഴിയുടെ വശങ്ങളില്‍ നരിച്ചീറുകളെക്കാണാം. കയറില്‍ തൂങ്ങിയാടുന്നത് കാരണം ടോര്‍ച്ചിന്റെ പ്രകാശം പലസ്ഥലങ്ങളിലായി ചിതറിത്തെറിച്ചു. കുറച്ചധികം താഴേക്ക് ചെന്നപ്പോള്‍ തറയെത്തിയെന്ന് തോന്നി. പക്ഷെ, അത് ഒരു ഭാഗത്ത് പാറ തള്ളിനില്‍ക്കുന്നതായിരുന്നു. അതിനരികിലൂടെ വീണ്ടും ഊര്‍ന്നിറക്കം. ഇതിനിടയില്‍ സുഭാഷിനെ വിളിക്കുന്നുണ്ട്. പ്രത്യുത്തരവും കേള്‍ക്കാം. പക്ഷെ, കാണുന്നില്ല. തൂങ്ങിയിറങ്ങിയ കയറ് തീര്‍ന്നു. കയര്‍ തീര്‍ന്ന കാര്യം മനസ്സിലാക്കി ഫയര്‍ഫോഴ്സുകാര്‍ കയര്‍ മുകളിലേയ്ക്ക് വലിക്കുമ്പോള്‍ സിജു ഭിത്തിയില്‍ അള്ളിപ്പിടിച്ചു നിന്നു. കുറച്ച് നേരത്തിനു ശേഷം ഒരു കൂട്ടിക്കെട്ടോടെ കൂടുതല്‍ കയര്‍ താഴേക്കു വന്നു. വീണ്ടും അതില്‍ പിടിച്ച് സിജു ഊര്‍ന്നിറങ്ങുവാന്‍ തുടങ്ങി.
രക്ഷയുടെ തീരത്ത്“ഞാനാകെ തളര്‍ന്നു. സഹിക്കാന്‍ വയ്യാത്ത തണുപ്പും. അപ്പോഴാണ് ടോര്‍ച്ചിന്റെ വെട്ടം കണ്ടത്. അടുത്തു വന്നപ്പോള്‍ സിജുവാണെന്ന് മനസ്സിലായി.” സുഭാഷ് ഓര്‍മ്മിക്കുന്നു. “സിജു അടുത്തെത്തിയപ്പോഴേയ്ക്കും ഞാനാകെ അവശനായിക്കഴിഞ്ഞിരുന്നു. കുഴിയിലേയ്ക്ക് വീണപ്പോള്‍ പലയിടത്തുമിടിച്ച് ശരീരം ഭയങ്കര വേദന, കല്ലുവീണ് തലപൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു. ദേഹമാസകലം ചെളിവെള്ളം. നരിച്ചീറുകളുടെ ദുര്‍ഗന്ധം. ഞാന്‍ ഒരു സ്വപ്നത്തിലാണ് എനിക്ക് തോന്നി. സിജു അടുത്തു വന്നുനില്‍ക്കുമ്പോഴും ഞാന്‍ നിര്‍ജ്ജീവാവസ്ഥയിലാണ്. കുഴപ്പമൊന്നുമില്ല. നമുക്ക് എളുപ്പത്തില്‍ മുകളിലേയ്ക്ക് കയറുവാന്‍ കഴിയും സിജു എന്നെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. സിജു എന്റെ അരയില്‍ കയര്‍ കെട്ടി. സപ്തനാഢികളും തളര്‍ന്ന ഞാന്‍ സിജു പറയുന്നത് അനുസരിക്കുന്ന ഒരു ശരീരം മാത്രമായിരുന്നു. കെട്ടു ഭദ്രമാണെന്ന് ഉറപ്പാക്കിയ ശേഷം വടത്തില്‍ പിടിച്ച് ഞങ്ങളിരുവരും മുകളിലേയ്ക്ക് കയറുവാന്‍ തുടങ്ങി. ഞങ്ങള്‍ കയറുന്നതിനനുസരിച്ച് മുകളിലുള്ളവര്‍ കയര്‍ വലിക്കുന്നുണ്ടായിരുന്നു. ആടിയും ഉലഞ്ഞും മുകളിലെത്തുന്തോറും കൂട്ടുകാരുടെ ശബ്ദം കേട്ടുതുടങ്ങി. ഒരുപാട് മുകളില്‍ ഇരുട്ടു പുതയ്ക്കാന്‍ തുടങ്ങുന്ന ആകാശവും. ഇനിയൊരിക്കലും കാണാനൊക്കില്ലേന്ന് ഞാന്‍ കരുതിയ അതേ ആകാശം.”
പൊലീസ് പുലിയായപ്പോള്പുലിമടയില് നിന്നു രക്ഷപ്പെട്ടവര്‍ പുലിക്കു മുന്നില്‍ വീണതു പോലെയായിരുന്നു പിന്നീട് സംഭവിച്ചത്. നല്ല മഴയും തണുപ്പുമുള്ള ദിവസം. തങ്ങള്‍ക്ക് പണിക്കോളുമായ് വന്ന മലയാളിപ്പയ്യന്‍സിനെ പിഴിയാന്‍ തന്നെ പൊലീസ് തീരുമാനിച്ചു. “ടോര്‍ച്ച്, കയര്‍ എല്ലാം വാങ്ങിയ വകയില്‍ ഞങ്ങളുടെ കയ്യില്‍ നിന്ന് ഒരുപാട് ചെലവായിരുന്നു.” പ്രദീപ് വിവരിച്ചു. “പക്ഷെ പൊലീസുകാര്‍ അത് ഗൌനിച്ചതേയില്ല. അവര്‍ക്കു പണം കിട്ടിയേ തിരൂ. ഞങ്ങള്‍ നിരോധിത മേഖലയില്‍ കടന്നതിനുള്ള പിഴയാണെന്നും അവര്‍ അറിയിച്ചു. ഒടുവില്‍ കൂട്ടിയും കിഴിച്ചും പോക്കറ്റുകളും പഴ്സുകളും തപ്പിപ്പെറുക്കി പൊലീസുകാരാവശ്യപ്പെട്ട രണ്ടായിരത്തിയഞ്ഞൂറു രൂപ അവര്‍ക്ക് നല്‍കി. കൈപ്പറ്റിയ പണത്തിന്റെ രസീത് നാട്ടിലേയ്ക്ക് അയച്ചുതരാമെന്ന് പറഞ്ഞാണ് പൊലീസ് സംഘം പിരിഞ്ഞുപോയത്. അവിടത്തെ പ്രമുഖ പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. പക്ഷെ, അതൊന്നും കാണാന്‍ കാത്തുനില്‍ക്കാതെ ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു. വണ്ടിയില്‍ ആരും സംസാരിക്കുന്നുണ്ടായിരുന്നില്ല. ഈ സംഭവം, നാട്ടിലും വീട്ടിലുമറിഞ്ഞാലുള്ള ഭവിഷ്യത്തുകളെക്കുറിച്ചായിരുന്നു എല്ലാവരുടെയും ചിന്ത. ഒരുപക്ഷെ, എല്ലാ സ്വാതന്ത്ര്യവും ഇതോടെ അവസാനിച്ചേക്കാം. നാട്ടിലെത്തിയപ്പോള്‍ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. നടന്നത് ആരോടും പറയില്ല - സത്യം.”
കഥ വെളിച്ചത്ത് വരുന്നുആരോടും പറയരുതെന്ന് പറഞ്ഞു സുഹൃദ് സംഘം പിരിഞ്ഞെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സംഭവത്തിന്റെ തീവ്രതയ്ക്ക് അയവ് വന്നു. സംഘത്തിലെ പലരും മറ്റു സുഹൃത്തുക്കളോട് വീരസാഹസിക സംഭവങ്ങള്‍ പറയാനാരംഭിച്ചു. ഇതിനിടയ്ക്ക്, തമിഴ്നാട്ടിലെ ദിനപത്രമായ ദിനമലര്‍ പത്രത്തിന്റെ ഞായറാഴ്ച്ച ഇവരെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ സിജുവിന് അയച്ചുകൊടുത്തു. ഇത് അറിഞ്ഞെത്തിയവരോട് സുഹൃത് സംഘം എല്ലാം തുറന്നു പറഞ്ഞു.
സിജുവേലശ്ശേരി ഡേവിഡിന്റേയും ജെസിയുടേയും മകന്‍ സിജു ഇതിനു മുമ്പും രക്ഷകനായിട്ടുണ്ട്. രണ്ടായിരത്തിയൊന്നിലായിരുന്നു സംഭവം. ആ വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന കൃഷ്ണകുമാറിനെയാണന്ന് സിജു രക്ഷിച്ചത്. പെരിയാര്‍ പുഴയില്‍ നീന്തിക്കൊണ്ടിരുന്ന കൃഷ്ണകുമാര്‍ പുഴയുടെ നടുക്കുവച്ച് തളര്‍ന്ന് മുങ്ങിപ്പോയി. അന്നും സിജുവും മറ്റൊരു സുഹൃത്തും കൂടിയാണ് കൃഷ്ണകുമാറിന്റെ ജീവന്‍ രക്ഷിച്ചത്.
നാട്ടുകാരും കൂട്ടുകാരും അഭിനന്ദിക്കുമ്പോഴും താന്‍ വലിയ കാര്യമൊന്നും ചെയ്തിട്ടില്ലെന്നാണ് സിജുവിന്റെ ഭാവം. കൂട്ടുകാര്‍ക്കു വേണ്ടി അറുന്നൂറല്ല, ആറായിരം അടി താഴ്ചയായിരുന്നെങ്കിലും താനിറങ്ങുമായിരുന്നുവെന്ന് സിജു പറയുന്നു.
കടപ്പാട് : മനോരമ ‘ശ്രീ’