"ഡാ, വാ ഇന്നൊരു ഡ്രൈവ് ആകാം. ഇന്നത്തെ ലഞ്ച് അഹമ്മദാബാദിൽ നിന്ന്. നീ റെഡിയായി വാ." റോംസിന്റെ കാൾ.
രണ്ടു വണ്ടിക്കുള്ള ആളുകളുണ്ടായിരുന്നത് കൊണ്ട് രണ്ടു കാറുകളിൽ ഞങ്ങൾ യാത്ര തുടങ്ങി. ഒരെണ്ണത്തിന്റെ സാരഥി ഞാൻ. ഞാൻ ഓർക്കാറുണ്ട്, കേരളത്തിലായിരുന്നെങ്കിൽ സ്റ്റിയറിങ് വീൽ തൊടാൻ പോലും ഇഷ്ടപെടാത്ത ഞാൻ ഗാന്ധിനഗറിൽ തലങ്ങും വിലങ്ങും രാവെന്നും പകലെന്നുമില്ലാതെ കാറോടിക്കുന്നു. ലവലേശം സന്ദേഹമൊന്നുമില്ലാതെ.
ഗാന്ധിനഗറിൽ നിന്ന് അഹമ്മദാബാദ് വരെ എത്താൻ 45 മിനുട്ട് എടുത്തു. ഉച്ചസമയത്ത് യാത്ര തുടങ്ങിയത് കൊണ്ടാവാം ആയാസരഹിതമായെത്തിയത്. പൊതുവെ ഈ റൂട്ടിലുള്ള യാത്രാസമയം 45 മിനുട്ട് തുടങ്ങി 1 ഒരു മണിക്കൂറിലേറെയുമാവാം. ഡ്രൈവ് ശരിക്ക് എഞ്ചോയ് ചെയ്തു. ആറുവരിപ്പാതയാകുമ്പോൾ തന്നെ തിക്കും തിരക്കും ഉണ്ടാവില്ലല്ലോ. റോഡിൽ ഗട്ടറുകളില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട.
റോഡ് മുറിച്ചു കടക്കാൻ ഒരു കാൽനടയാത്രക്കാരനെവിടെയും അവകാശമുണ്ടല്ലോ. അതിനവനിവിടെ ചില ബട്ടണുകളുണ്ട്. അത് ഞെക്കിയാൽ സിഗ്നൽ ലൈറ്റുകൾ മാറിമറിയും. അതൊരിക്കൽ കാണിച്ചു തരാം.
അഹമ്മദാബാദിലേക്കുള്ള റോഡിൽ എനിക്ക് കാണാനിഷ്ടമുള്ള മറ്റൊരു കാഴ്ചയുണ്ട്. ബസ് കാത്തിരിപ്പു കേന്ദ്രം. ഓരോ തവണയും ഞാനത് നോക്കും. അപ്പോൾ ഞാൻ പുഞ്ചിരിക്കും. റോഡിന്റെ വശങ്ങളിലല്ല, ഒത്ത നടക്കുക്കാണീ സംഭവം. ബസുകൾ ഇതിനോട് അടുക്കാറാവുമ്പോൾ ഒരു വ്യത്യസ്ത ട്രാക്കിലേക്ക് മാറും. ഇതും മറ്റൊരിക്കൽ കാണിച്ചു തരാം.
Pleasure Trove ന്റെ പാർക്കിങ്ങ് സ്പേസ് നിറഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ തന്നെ കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് പിടികിട്ടി. ആദ്യ നിലയിലേക്ക് എത്തിയപ്പോൾ തന്നെ, മാനേജർ പ്രത്യക്ഷപ്പെട്ടു. "മാം, ടേബിളുകൾ ഫുള്ളാണ്." ഞങ്ങൾ ആ വലിയ റെസ്റ്ററന്റിനുള്ളിലേക്ക് കണ്ണുകളോടിച്ചു. അപ്പോൾ ഒത്ത നടുവിലിരുന്നു ഒരാൾ ഞങ്ങളെ നോക്കി കൈവീശിക്കാണിക്കുന്നു. റമീല ബുവ (അച്ഛൻ പെങ്ങൾ). ബുവ ഒരു വലിയ ടേബിൾ റിസർവ് ചെയ്ത് കാത്തിരിക്കുകയായിരുന്നു.
രുചിയേറിയ വിഭവങ്ങൾ ഞങ്ങളുടെ മുന്നിൽ വന്ന് നിരന്നു തുടങ്ങി. ഇങ്ങനെ കഴിച്ചു പരിചയമില്ലാത്ത എനിക്ക്, പ്ലേറ്റിൽ വീണതൊക്കെ അവസാനിപ്പിക്കാൻ കുറെ നേരമെടുത്തു. പൊതുവെ റെസ്റ്റാറ്റാന്റിൽ പോവാത്ത എനിക്ക് വിഭവങ്ങളുടെ പേരുകളും അന്യമാണ്. മറ്റൊരു ഗ്രഹത്തിൽ നിന്ന് ഭൂമിയിൽ എത്തിയ ഒരു ഏലിയനെ പോലെ ഞാൻ എനിക്ക് ചുറ്റിനുമുള്ളവരെ നോക്കും, എന്നിട്ടു പറയും "നിങ്ങൾ ഓർഡർ ചെയ്തോളു." അടുപ്പമുള്ളവരോട് ഒരു ഉളുപ്പുമില്ലാതെ മന്ത്രിക്കുകയും ചെയ്യും ഞാൻ ഒരു uncivilized being ആണെന്ന്.
ഞാൻ ചുറ്റും നോക്കി. ഇന്ന് ക്രിസ്തുമസ്. എല്ലാ ടേബിളുകളും ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കുട്ടികൾ അങ്ങിങ്ങ് ഓടി നടക്കുന്നു. പല ദിക്കുകളിൽ നിന്നും വന്ന ചെറുതും വലുതുമായ കുടുംബങ്ങളെകൊണ്ടു നിറഞ്ഞിരിക്കുന്നു. ഒരു മൂലയിൽ, സുഹൃത്തുക്കളെന്നു തോന്നിപ്പിച്ച ഒരു കൂട്ടം ചെറുപ്പക്കാർ ഉച്ചത്തിലെന്തോ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. പല പ്രായത്തിലുള്ള ആളുകൾ. അമ്മൂമ്മമാർ തുടങ്ങി കൊച്ചു മക്കൾ വരെ. ആകെ ബഹളമയമായിത്തോന്നി ആ അന്തരീക്ഷം.
നമ്മുടെ കൊച്ചു കേരളത്തിലെ ക്രിസ്തുമസ് ഓർത്തു പോയി. ഏതൊരു ഉത്സവമായാലും ആഘോഷമായാലും സ്വന്തം വീട്ടിൽ രാവിലെ മുതൽ കുടുംബത്തിലെ എല്ലാവരും തങ്ങളുടെ അടുക്കളയിൽ കയറി വിഭവങ്ങളുമുണ്ടാക്കി ഒരുമിച്ചിരുന്നു കഴിക്കുന്ന ആ രീതി ഇവിടെയില്ലെന്നു തോന്നിപ്പോയി.
വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം ഞങ്ങൾക്കു മണിനഗറിലേക്കു പോകേണ്ടതുണ്ടായിരുന്നു. എനിക്കാണെങ്കിൽ നല്ലവണ്ണം ഉറക്കവും വരുന്നുണ്ട്. തിരിച്ചു ഡ്രൈവ് ചെയ്യണ്ടതുമുണ്ട്. കടുപ്പത്തിൽ ഒരു കാപ്പി കുടിച്ചാൽ ഉറക്കം മാറുമെന്ന് തോന്നി. ബുവ നല്ലൊരു ഗുജറാത്തി കാപ്പി ഇട്ടു തന്നു.
ഇരുട്ട് വീണു തുടങ്ങി. മണിനഗർ കഴിയും വരെയേ റോഡിലെ ഈ തിക്കും തിരക്കും ഉണ്ടാകുകയുള്ളൂ എന്ന് ഞാൻ കരുതി. അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു. ഗാന്ധിനഗറിലേക്കുള്ള വഴിയിലേക്കെത്തിയപ്പോൾ മാത്രമാണ് ആ തിക്കിനും തിരക്കിനും ഒരു ശമനമുണ്ടായത്. ആളുകൾ തിക്കി എവിടെന്നോ ഒക്കെ കാറിനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. നമ്മളെ കയറ്റിവിടാതിരിക്കാൻ അവർ പരമാവധി ശ്രമിക്കും. ഒരു ചെറിയ ഗ്യാപ് നോക്കി പിന്നിലെ കാറുകാരൻ വന്ന വരവ് എനിക്ക് മറക്കാൻ പറ്റില്ല. പക്ഷെ ഞാൻ പതറിയില്ല.
ഇന്ത്യൻ റോഡുകളിൽ എങ്ങനെയാണ് ഡ്രൈവ് ചെയ്യേണ്ടതെന്ന് അന്നത്തെ ആ ഡ്രൈവിൽ ഞാൻ പഠിച്ചു. പോയപ്പോളെടുത്ത 45 മിനുട്ടുകളെ തിരിച്ചു വന്നപ്പോളെടുത്ത ആ 2 മണിക്കൂറുകൾ പഴങ്കഥയാക്കി. ആ ഒഴുക്കിലങ്ങനെ ഒഴുകി നീങ്ങുകയേ തരമുള്ളൂ. ഒഴുക്കിനൊത്ത് നീന്തുക എന്നത് പോലെ. എന്നെ ഇത്തരത്തിൽ 'ശരിക്കും' ഡ്രൈവിങ്ങ് പഠിപ്പിച്ച അഹമ്മദാബാദ് നിവാസികൾക്ക് നന്ദി. നമസ്കാരം.
No comments:
Post a Comment