കുറെ നാളുകളുടെ ഇടവേളക്ക് ശേഷം ഇന്നലെ ഒരു ഷോർട്ട്സ് വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. Christmas Decoration തന്നെയാണതിൽ നിറഞ്ഞു നിന്നിരുന്നത്. ആ വീഡിയോ കണ്ടവർക്കത് വ്യക്തമായിരിക്കും.
അതിൽ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകാരുടെ കരോളുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു. കരോളുകൾ ക്രിസ്തുമസ്സിന്റെ ഒരു അവിഭാജ്യ ഘടകമാണല്ലോ. വീഡിയോ കണ്ട് ഇഷ്ടപ്പെട്ടവർ അത് നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞ് അനുമോദിച്ചിരുന്നു. ഈ അലങ്കാരങ്ങൾക്ക് നടുവിലേക്ക് ടാക്സിയിൽ വന്നിറങ്ങിയ ആനിന്റെ കണ്ണുകളിൽ അത്ഭുതം വിരിഞ്ഞു. അവൾ അറിയാതെ ഈ വാക്കുകൾ പറഞ്ഞു കൊണ്ടിരുന്നു. "അരേ വാഹ്!"
നിസ്: "സൂപ്പർ സൂപ്പർ"
ശോഭന വല്യമ്മ: "ഇഷ്ടായ്"
ദീപ്സ്: "💥✨💫" (ഇത് എന്താണാവോ?)
രജീന്ദർ: "Wow nikk. Excellent and soo wonderful Watched 2 times 🎉🎉👏🏻👏🏻👏🏻👏🏻👏🏻"
പക്ഷെ, ആ വീഡിയോ കണ്ട ശേഷം, ഹർഷ് പറഞ്ഞത് ഇപ്രകാരമായിരുന്നു. "വളരെ നന്നായിരിക്കുന്നു റോമയുടെ അലങ്കാരങ്ങൾ."
ഞാൻ കളിയായ് പറഞ്ഞു. "അത് അവളുടെതല്ല. അവളോട് നീ ചോദിച്ച് നോക്ക് ആരാണ് ഇതൊക്കെ ചെയ്തതെന്ന്?"
ഞങ്ങൾ തമ്മിലുണ്ടായ ഈ സംഭാഷണം റോമയോട് പറഞ്ഞപ്പോൾ. "നീ എന്താ പറയാഞ്ഞത് നീ തന്നെയണിതൊക്കെ ചെയ്തതെന്ന്?"
ശരിയാണ്. ക്രിസ്തുമസിന് മുൻപുള്ള ഒരു ഞായറാഴ്ച്ച ഇതിന് വേണ്ടിയങ്ങ് മാറ്റിവച്ചു. ആ കറങ്ങുന്ന "ഡിസ്കോ ലൈറ്റ്" (ഇത് പോലെ മിന്നിത്തെളിയുന്ന ലൈറ്റുകളെല്ലാം എനിക്ക് ഡിസ്കൊ ലൈറ്റുകളാണ്) ഒഴിച്ച് ബാക്കിയെല്ലാം അവൾ സൂക്ഷിച്ച് വച്ച, അവളുടെ പഴയ കളക്ഷനിൽ നിന്നുള്ളതായിരുന്നു. കുട്ടികളെപ്പോലെ അവയൊരോന്നും അവൾക്കിപ്പോഴും പ്രിയപ്പെട്ടതാണ്.
അങ്ങനെ ആ ഞായറാഴ്ച്ച ഐഡിയകൾ മാറിയും മറിഞ്ഞും ഘോടയിലേറിയുമിറങ്ങിയും (നമ്മുടെ നാട്ടിലെ കുതിര/ഇവിടെ ഘോട/പുറം നാട്ടിലെ step ladder) തീർത്തു. ആ അദ്ധ്വാനത്തിന്റെ എൻഡ് റിസൾട്ടാണ് വീഡിയോയിൽ നിറഞ്ഞ് നിൽക്കുന്നത്. അവളുടെ വീട്ടിലെത്തിയ അതിഥികൾക്ക് അതൊരു വിസ്മയമായ്, പ്രത്യേകിച്ച് ആ പുൽക്കൂട്.
ഗാന്ധിനഗറിൽ ക്രിസ്തുമസ് ദിനം ഒരു സാധരണ ദിവസം പോലെയാണ്. നാട്ടിലെപ്പോലെ 10 ദിവസത്തെ ക്രിസ്തുമസ് വെക്കേഷനൊന്നും കുട്ടികൾക്ക് ഇവിടെയില്ല. ആകെ ഒരു ദിവസത്തെ അവധി മാത്രം. ഇവിടെ ക്രിസ്തുമസ് ഇത് പോലെ ആഘോഷിക്കുന്നവർ വിരളമാണ്.
ഈ വീട് ഗാന്ധിനഗറിൽ കുറച്ചു ഫേമസായിന്നു തോന്നുന്നു. ഇന്നലെ രാത്രി ദൂരെ നിന്നും ചെറിയ കുട്ടികൾ ഈ അലങ്കാരങ്ങൾ കാണാനായി എത്തിയെന്നു റോമ ഇപ്പോൾ വിളിച്ചപ്പോൾ പറഞ്ഞു. ഞങ്ങളുടെ ഈ അലങ്കാരങ്ങൾ കൂടാതെ മറ്റ് 5 അയൽ വീടുകളിൽ മാത്രമാണ് പേരിനെങ്കിലും ചില ചെറു അലങ്കാരങ്ങൾ ഞാൻ കണ്ടത്. സത്യത്തിൽ ഡിസ്കോ ലൈറ്റ് ആഷുവിന്റെ വീട്ടിനുമ്മറത്ത് ഇരുട്ട് കണ്ടത് കൊണ്ട് കൊടുക്കാമെന്ന് കരുതി വാങ്ങിയതാണ്. അവൻ എവിടെയോ കറങ്ങിത്തിരിഞ്ഞ് നടക്കുകയായിരുന്നു. എന്നാൽപ്പിന്നെ ഈ ലൈറ്റെങ്കിലും അവിടെ മിന്നിത്തെളിയട്ടെയെന്നോർത്തു. പക്ഷെ, അതിന്റെയാവശ്യം വന്നില്ല. പാറുൽ അവനെ നല്ലോണം ശകാരിച്ച് വീട്ടിലെത്തിച്ചു. അലങ്കാര വെളിച്ചങ്ങളുമെത്തി.
ഡിസ്കോ ലൈറ്റ് തപ്പി മൂന്ന് നാല് ഇലക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന കടകളിൽ പോയിരുന്നു. എല്ലായിടത്ത് നിന്നും ഒരേ പല്ലവിയാണ് ലഭിച്ചത്. ഓൾഡ് സ്റ്റോക്ക്. ദീവാലി സ്റ്റോക്ക്. ഓൾഡെങ്കിൽ ഓൾഡ്, അത് ഒരെണ്ണം വാങ്ങാമെന്ന് കരുതി. പക്ഷെ അവസാനം പോയ അഞ്ചാമത്തെക്കടയിൽ നിന്ന് പുതിയത് തന്നെ ഒരെണ്ണം കിട്ടി.
റോമയുടെ അമ്മ ഇടയ്ക്ക് അവളോട് ചോദിക്കുന്നത് കേട്ടു. "അടുത്ത വർഷം ആരിതൊക്കെ ചെയ്യും?" ചോദ്യം അവളോടായിരുന്നുവെങ്കിലും ഉത്തരം എന്റേതായിരുന്നു. "അടുത്ത വർഷത്തെ ക്രിസ്തുമസ്സ് അനുഭവിച്ചറിയാൻ അവൾ കേരളത്തിലായിരിക്കും."
അതെ. കേരളത്തിൽ ജാതിമതഭേദമന്യേ ആളുകൾ ക്രിസ്തുമസ് എങ്ങനെ ആഘോഷിക്കുന്നുവെന്ന് അറിയണമെങ്കിൽ, നേരെ വണ്ടി കയറി ഫോർട്ട്കൊച്ചിലേക്കോ തൃശ്ശൂരിലേക്കോ പോയാൽ മതി. ആഘോഷപ്പെരുമഴയായിരിക്കുമവിടങ്ങളിലൊക്കെ. ഗോവയിലും ഈ രണ്ടു സ്ഥലങ്ങളിലുമാണ് വലിയ രീതിയിൽ ക്രിസ്തുമസ് ആഘോഷിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്.
സോ, റോമ നിന്റെ അടുത്ത ക്രിസ്തുമസ് കേരളത്തിലാവട്ടെ എന്ന് പ്രത്യാശിക്കുന്നു.
No comments:
Post a Comment