Sunday, December 24, 2023

നടന്ന് നടന്ന് നടന്ന്...

ഇന്ന് ഞായറാഴ്ച നേരത്തെ നടപ്പ് തുടങ്ങണമെന്നും സ്വർണിം പാർക്കിലേക്ക് തന്നെ പോകണമെന്നും ഇന്നലെ തന്നെ പദ്ധതിയിട്ടിരുന്നു. അത് പ്രകാരം തന്നെ നടപ്പിലാക്കി. ഞാൻ താമസിക്കുന്നയിടത്തു നിന്നും 4.5 കിലോമീറ്റർ നടന്ന് സ്വർണിം പാർക്കെത്തി. പകലാദ്യമായാണിവിടെ വരുന്നത്. റോമ മുൻപ് പറഞ്ഞത് ഞാനോർത്തു. "പകൽ സ്വർണിം പാർക്കിനു മറ്റൊരു സൗന്ദര്യമാണുള്ളത്." 


അവൾ പറഞ്ഞത് വളരെ ശരിയാണ്. രാത്രി കാണാത്തതു പലതും ഞാനിന്ന് പകൽ വെളിച്ചത്തിൽ കണ്ടു. പാർക്കിനുള്ളിൽ തന്നെ പാർക്കിന്റെ അതിരിനോട് ചേർന്നുള്ള പാതയാണ് ഞാനിത്തവണ തിരഞ്ഞെടുത്തത്. ഇവിടെയും നല്ല ടൈലുകളൊക്കെ പാകി ഇടയ്ക്കിടെ ഇരിപ്പിടങ്ങളൊരുക്കി വളരെ നന്നായി ലാൻഡ്‌സ്‌കേപ്പ് ചെയ്തിട്ടുണ്ട്. ഈ പാതയിലൂടെ പാർക്കിനെ ഒരു വലംവയ്ക്കാൻ 4.5 കിലോമീറ്റർ ദൂരമാണെടുത്തത്.

പാർക്കിൽ ആളുകൾ ക്രിക്കറ്റ്, ഫുട്ബാൾ എന്നീ വിനോദങ്ങളിൽ മുഴുകിക്കഴിഞ്ഞിരുന്നു.


വെട്ടിയൊതുക്കിയ പച്ചപ്പുല്ലിൽ സൂര്യനമസ്കാരം ചെയ്യുന്ന ആ മനുഷ്യൻ അത് നല്ലോണം ആസ്വദിക്കുന്നുണ്ടെന്നെനിക്കു തോന്നി. പാർക്കിന്റെ ഒരറ്റത്ത് സചീവാലയം (Secretariat) നിലകൊള്ളുന്നുണ്ട്. ആ മനോഹര കെട്ടിടത്തിന്റെ മറവിൽ നിന്നും ചുവന്ന വലിയ ഉദയസൂര്യനെ ദർശിച്ചു തുടങ്ങി. വ്യായാമങ്ങളിൽ മുഴുകി നിന്നവരുടെ കയ്യിൽ മൊബൈൽ ഫോണുകൾ പ്രത്യക്ഷപ്പെട്ടു. അവരെല്ലാം തന്നെ ഉദയസൂര്യന്റെ ഭംഗി തങ്ങളുടെ ഫോണിൽ പകർത്തിത്തുടങ്ങുകയായി. 

പാർക്കിനുള്ളിൽ  ഒരു റൌണ്ട് പൂർത്തിയാക്കി പുറത്തേക്കിറങ്ങി. പുറത്തെ സൈക്കിൾ ട്രാക്കിൽ കുറെ സൈക്കിളുകൾ ഒരുമിച്ചു വച്ചിരിക്കുന്നത് കണ്ടപ്പോൾ, ഞാനെന്റെ സൈക്കിൾ കേരളത്തിൽ വെറുതെയിരിക്കുന്നെണ്ടല്ലോ എന്ന് ഓർത്തു. അതിങ്ങു കൊണ്ടുവരണമെന്ന ആ ചിന്ത എന്നിൽ ശക്തമായി അലയടിച്ചുതുടങ്ങി.  

തണുപ്പ് തെല്ലൊന്നു ശമിച്ചു. തിരിച്ചു ഫ്ളാറ്റിലേക്കുള്ള നടപ്പിന്റെ വേഗത കൂട്ടി. ഇടയ്ക്കു റോഡ് മുറിച്ചു കടക്കുന്ന ഒരു സുന്ദരൻ നീൽഗായ് (nilgaiഎന്റെ വേഗത കുറക്കാൻ കാരണമായി. എനിക്കീ കൂട്ടരെ വലിയ ഇഷ്ടമാണ്. എവിടെക്കണ്ടാലും അറിയാതെ നോക്കി നിന്ന് പോവും. ഗായ് എന്നാൽ മലയാളത്തിൽ പശു എന്നാണർത്ഥമെങ്കിലും, ഇവ ആൻറ്റലോപ്പാണ്  (antelope). ഇന്ന് ഞാൻ കണ്ടത് ഒരു ആൺ നീൽഗായിനെയാണ്. ആണായാലും പെണ്ണായാലും ഇവിടുത്തുകാർക്ക് ഇവയ്ക്കു ഒറ്റ പേരേയുള്ളു. നീൽഗായ്. ഗാന്ധിനഗറിൽ റോഡിലും കുറ്റിക്കാട്ടിലും മറ്റും ഇവയെ ഇടയ്ക്കിടെ നമുക്കു കാണാനാകും. 

കഥ പറഞ്ഞു ഫ്ലാറ്റിനു മുന്നിലെത്തിയതറിഞ്ഞില്ല. ഞാൻ സ്മാർട് വാച്ചിൽ നോക്കി. ഇന്ന് മൊത്തത്തിൽ 13.5 കിലോമീറ്റർ നടന്നിരിക്കുന്നു. ആയിരത്തോളം കാലറിയും കത്തിച്ചിട്ടുണ്ട്. ഫ്ലാറ്റിനു മുന്നിലുള്ള കടയിലേക്ക് കയറിയപ്പോൾ തന്നെ പോഷകസമ്പുഷ്ടമായ മധുരക്കിഴങ്ങിലെൻറെ കണ്ണുകളുടക്കി. 

"ഭായ് ങ്ങളാ മധുരക്കിഴങ്ങിങ്ങെടുത്തോളി."

അങ്ങിനെ ഇന്നത്തെ പ്രഭാതഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി . 

No comments: