Wednesday, June 06, 2007

ഗൊനു താണ്ഡവം

ഗൊനു എന്ന വിനാശകാരിയായ ചുഴലി കൊടുങ്കാറ്റിപ്പോള്‍ ഒമാന്റെ തലസ്ഥാന നഗരിയില്‍ നിന്ന്‌ അവിടുത്തെ ജനങ്ങളെയൊട്ടാകെ ദുരിതക്കയത്തിലാഴ്ത്തി ഫുജൈറയിലേയ്ക്കുള്ള പ്രയാണത്തിലാണ്‌. കാറ്റഗറി 5-ല്‍പ്പെടുത്തിയിരുന്ന അമേരിക്കയില്‍ വീശിയടിച്ച്‌ ഒട്ടേറെ നാശം വിതച്ച കത്രീനയ്ക്കൊപ്പം ശക്തിയിലും വ്യാപ്തിയിലും തുല്യമായ ഈ ചുഴലി കൊടുങ്കാറ്റിന്റെ ശക്തി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഫുജൈറയിലും മറ്റും കൊടും മഴയാണു നല്‍കുന്നത്‌. പ്രധാന റോഡുകളിലൊക്കെ അരയ്ക്കൊപ്പം വെള്ളം ഉയര്‍ന്നു കഴിഞ്ഞു.

ചുഴലിക്കാറ്റ്‌ യു.എ.ഇ. യെ ബാധിക്കില്ലെന്നാണ്‌ ഉയര്‍ന്ന ഒഫീഷ്യലുകള്‍ പറഞ്ഞിരുന്നത്‌. പക്ഷെ ഫുജൈറയെ തൊട്ടുരുമ്മിയാണ്‌ ഗൊനുവിന്റെ ഇറാനിലേക്കുള്ള ഗമനം എന്നതു വ്യക്തമായറിയാമായിരുന്നിട്ടും വ്യക്തമായ മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ്‌ അവിടെയുള്ള സുഹൃത്തുക്കള്‍ പറഞ്ഞത്‌. അയല്‍ എമിറേറ്റ്സില്‍ കൂടിയുള്ള ഗോനുവിന്റെ യാത്ര കാരണം ദുബായിലും കടല്‍നിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്‌. ഇന്നലെവരെ പൊടിക്കാറ്റിനാല്‍ അലംകൃതമായ ദുബായ്ക്കു മുകളില്‍ കാര്‍മേഘങ്ങള്‍ നിലയുറപ്പിച്ചു കഴിഞ്ഞു.

ഇന്നലെ വൈകുന്നേരം വിവിധ മലയാളം ടി.വി. വാര്‍ത്തകളില്‍ പറഞ്ഞത്‌ : മസ്ക്കറ്റില്‍ കെട്ടിടം തകര്‍ന്നു. 15 പേര്‍ ഒഴുകിപ്പോയി. അതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ഇതു വച്ചു ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളില്‍ പരതിയെങ്കിലും സമാനമായ സംഭവമൊന്നും റിപ്പോര്‍ട്ട്‌ ചെയ്തതായി കണ്ടെത്താനായില്ല.

കേരളത്തിലെ പ്രമുഖ ദിനപ്പത്രങ്ങളൊന്നും തന്നെ വേണ്ടത്ര വാര്‍ത്ത പ്രാധാന്യം നല്‍കാതെയാണ്‌ ഗള്‍ഫ്‌ മേഖലയിലെ സംഭവ വികാസങ്ങളെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഉള്‍പ്പേജില്‍ ആരെയോ തൃപ്തിപ്പെടുത്താനെന്നോണം ചെറിയൊരു വാര്‍ത്തയായി മാത്രം കാണിച്ചിരിക്കുന്നു. അതുപോലെ തന്നെ പ്രമുഖ ടി.വി. ചാനലുകളും ഈ വാര്‍ത്തകള്‍ക്കൊന്നും തീരെ പ്രാധാന്യം നല്‍കാതെ കുറച്ചു വിവരങ്ങളേ പുറത്തുവിടുന്നുണ്ടായിരുന്നുള്ളൂ. അതും ഒട്ടേറേ മലയാളികള്‍ പാര്‍ക്കുന്ന ഗള്‍ഫ്‌ നാടുകളില്‍ അതിഭീകരമാം വിധം ഗൊനു സംഹാരതാണ്ഡവമാടുമ്പോള്‍...! മൂന്നാറിലെ ഇടിച്ചു നിരത്തലും അഭയ കൊലക്കേസും കുലംകുഷിതമായ ചര്‍ച്ചകളില്‍ സജീവമായിരിക്കുമ്പോള്‍ ഈ വാര്‍ത്തയ്ക്കു തീരെ പ്രാധാന്യമര്‍ഹിക്കുന്നില്ല എന്നാണോ?

വാര്‍ത്തകള്‍ അറിയുവാന്‍ ഗള്‍ഫ്‌ ന്യൂസ്‌ ഒരുപാടുപകരിക്കുന്നുണ്ട്‌. ഗള്‍ഫ്‌ ന്യൂസില്‍ നിന്നും കടമെടുത്ത, താഴെ കൊടുത്തിരിക്കുന്ന വരികള്‍ ശ്രദ്ധിക്കൂ.

We are in Muscat, In a place called Qurum near the CCC Shopping complex. Our houses are underwater we need help to evecuate. Can you please inform someone to send help for us. My phone number is +96895103049

Mohamed Qurum,
Oman

ഗള്‍ഫ്‌ മേഖലയിലുള്ളവര്‍ ആര്‍ക്കെങ്കിലും ഇനിയും ആ നമ്പറില്‍ ഒന്ന്‌ വിളിച്ച്‌ അദ്ദേഹത്തിന്‌ വേണ്ട സഹായം എത്തിക്കാനുതകുന്ന ഏതെങ്കിലും നടപടി പ്രാവര്‍ത്തികമാക്കും എന്നു വിശ്വസിക്കുന്നു.

ഗൊനുവിന്റെ ഇപ്പോഴത്തെ ഗതി അറിയുന്നതിന്‌ താഴെ കൊടുത്തിരിക്കുന്ന മാപ്പ്‌ നോക്കൂ.




















അല്ലെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ.

കടപ്പാട്‌ : ഗള്‍ഫ്‌ ന്യൂസ്‌

4 comments:

:: niKk | നിക്ക് :: said...

ഒമാനില്‍ ഖുറൂം എന്ന സ്ഥലത്ത്‌ CCC ഷോപ്പിംഗ്‌ കോംപ്ലക്സിനടുത്തു താമസിക്കുന്ന മുഹമ്മദ്‌ ഖുറൂമിനു വേണ്ട സഹായം ചെയ്തുകൊടുക്കണം എന്നു അപേക്ഷിക്കുന്നു.

പ്രാര്‍ഥനയോടെ നിക്ക്‌

Sona said...

ഗൊനു വഴിമാറിപോയെന്നാ തോന്നുന്നത്..താങ്ക് ഗോഡ്!

യരലവ~yaraLava said...
This comment has been removed by the author.
യരലവ~yaraLava said...

കഴിഞ്ഞവര്‍ഷം ഗള്‍ഫില്‍ സുനാമിയോടനുബന്ധിച്ചു ചെറിയ ഭൂമികുലുക്കമുണ്ടായിരുന്നു. ഞാന്‍ കുഞിനെയും കൂട്ടി പാര്‍കില്‍ പോയിരുന്നു; മൊബൈല്‍ ഏടുക്കാന്‍ വിട്ടു, തിരിച്ചു വീട്ടിലെത്തുമ്പോഴെക്കും 58 മിസ്ഡ് കോള്‍; നാട്ടില്‍ നിന്ന്; അമ്മയിയമ്മ ഇപ്പോള്‍ ഫോണ്‍ നോക്കാതെ ഡയല്‍ ചെയ്യും. ഗൊനു വിന്റെ കാര്യത്തില്‍ നമ്മുടെ റ്റി. വി. കാര്‍ വീകാ.. ഗള്‍ഫു അടിച്ചു ജ്യുസായി എന്നെങ്ങാനും പറഞ്ഞു റ്റെലിഫോണ്‍ കമ്പനിക്കാര്‍ക്ക് കാള്‍ ഉണ്ടാക്കികൊടുക്കാതെ... ഇവരെ കത്തി വെക്കാനേ കൊള്ളത്തുള്ളൂ.