Wednesday, June 27, 2007

ഇന്ത്യന്‍ നരകം

ഭൂമിയില്‍ ഒരുപാടു പാപകര്‍മ്മങ്ങള്‍ ചെയ്ത അയാള്‍ മരണ ശേഷം നേരെ നരകത്തിലെത്തി. അവിടെ ഓരോ രാജ്യക്കാര്‍ക്കായി പല നരക കവാടങ്ങള്‍ അയാള്‍ കണ്ടു.

അയാള്‍ അമേരിക്കന്‍ നരകത്തെ ലക്ഷ്യമാക്കി നീങ്ങി. ഗേറ്റില്‍ നിന്നിരുന്ന കാവല്‍ക്കാരനോട്‌ തിരക്കി.

"ഇവിടെ എന്തു ശിക്ഷയാണു നല്‍കുന്നത്‌? "

"ആദ്യം അവര്‍ നിങ്ങളെ രണ്ടു മണിക്കൂറോളം ഒരു വൈദ്യുതിക്കസേരയില്‍ ഇരുത്തും. അതിനു ശേഷം മറ്റൊരു രണ്ടു മണിക്കൂര്‍ ഒരു ആണിക്കട്ടിലില്‍ കിടത്തും. പിന്നെ ഒരു അമേരിക്കന്‍ ചെകുത്താന്‍ വന്നു ആ ദിവസം മുഴുവന്‍ പൊതിരെ തല്ലും. "

അയാള്‍ക്ക്‌ അതൊന്നും ഒരു സുഖമായി തോന്നിയില്ല. അയാള്‍ മറ്റു രാജ്യങ്ങളുടെ കവാടങ്ങളില്‍ അതാത്‌ കാവല്‍ക്കാരോട്‌ അവിടങ്ങളിലെ ശിക്ഷകളെക്കുറിച്ച്‌ അന്വേഷിച്ചു. അവിടുത്തെ ശിക്ഷാരീതികള്‍ അമേരിക്കന്‍ നരകത്തേക്കാള്‍ വിഭിന്നമായിരുന്നില്ല.

അയാള്‍ വീണ്ടും മുന്നോട്ട്‌ നടന്നു. മുന്നിലൊരു ആള്‍ക്കൂട്ടം കണ്ടു. അത്‌ ഇന്ത്യന്‍ നരകമായിരുന്നു. അയാള്‍ തിക്കിത്തിരക്കി ആള്‍ക്കൂട്ടത്തെ കടന്ന്‌ മുന്നിലെത്തി. അവിടെ വളഞ്ഞുപുളഞ്ഞൊരു നീണ്ട ക്യൂ. വരിയില്‍ നിന്നിരുന്നൊരാളോട്‌ അയാള്‍ ചോദിച്ചു.

"ഇവിടത്തെ ശിക്ഷാരീതികള്‍ എങ്ങനെ? "

ഇതു വരെ മറ്റു രാജ്യങ്ങളുടെ നരകത്തിലെ കാവല്‍ക്കാര്‍ പറഞ്ഞ അതേ ഉത്തരം കേട്ടയാള്‍ അത്ഭുതത്തോടെ ചോദിച്ചു.

"ഈ ശിക്ഷാരീതികള്‍ തന്നെയാണെല്ലോ മറ്റു രാജ്യങ്ങളുടെ നരകങ്ങളിലൊക്കെ നടപ്പാക്കുന്നത്‌. എന്നിട്ടും അവിടെയൊന്നും കാണാത്തത്ര തിക്കും തിരക്കും ഇവിടെയുണ്ടല്ലോ! ഇവിടെ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളുണ്ടോ? "

മറുപടി വളരെ പെട്ടെന്നായിരുന്നു.

"അത്‌ ശ്‌ശ്‌... ഇവിടെ വൈദ്യുതിക്കസേര അറ്റകുറ്റപ്പണികള്‍ ശരിയായ വിധത്തി‍ലും, ശരിയായ സമയത്തും ചെയ്യാത്തതിനാല്‍ പ്രവര്‍ത്തനരഹിതമാണ്‌. ആണിക്കട്ടിലിലെ ആണികള്‍ ഒന്നടങ്കം ആരോ മോഷ്ടിച്ചു കൊണ്ടുപോയി. ദിവസം മുഴുവന്‍ തല്ലാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യന്‍ ചെകുത്താനാണെങ്കിലോ ജീവിച്ചിരുന്ന കാലത്ത്‌ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. അയാള്‍ ദിവസവും വന്നാലുടനെ ഹാജര്‍ പുസ്തകത്തില്‍ ഒപ്പും ഇട്ട്‌ കാന്റീനില്‍ പോയിരുന്ന്‌ ഉറക്കമായിരിക്കും. "

ഇതു കേട്ടതും അയാള്‍ പോക്കറ്റില്‍ നിന്നും നൂറിന്റെ ഒരു നോട്ടെടുത്ത്‌ കയ്യില്‍ തെരുപ്പിടിച്ച്‌ ഇന്ത്യന്‍ നരകത്തിന്റെ കാവല്‍ക്കാരനെ ലക്ഷ്യമാക്കി പാഞ്ഞു.

Tuesday, June 12, 2007

ഇഞ്ചി എവിടെ?

എറണാകുളം ബി.ടി.എച്. ഹോട്ടലില്‍ പതിവില്ലാതെ രാത്രിഭക്ഷണം കഴിക്കുവാന്‍ ചെന്ന എനിക്ക് ഒരു അതിഥിയുണ്ടെന്ന് വെയിറ്റര്‍ ഗോപുച്ചേട്ടന്‍ വന്ന് പറഞ്ഞപ്പോള്‍, ആദ്യം ഞാനൊന്നമ്പരന്നു. ആരാണിപ്പോ ഞാനിവിടെയുണ്ടെന്നറിഞ്ഞ്... എഹ്! ആരായാലെന്താ നേരിട്ട് മുന്നിലേയ്ക്കങ്ങ് പ്രത്യക്ഷപ്പെട്ടാല്‍പ്പോരെ? എന്തിന് വെയിറ്ററിനെ പറഞ്ഞുവിട്ട് ഇങ്ങനെയൊരു നാടകീയത ഉണ്ടാക്കണം? ഈ വിധമൊക്കെ ആലോചിച്ചിരിക്കുമ്പോള്‍ വെയിറ്റര്‍ ആളെ എന്റെ മുന്നിലേക്കാനയിച്ചു. മ്മടെ ബ്ലോഗ്ഗര്‍ സിജു! പഹയന്‍ ദ്പ്പോ ഇവിട്യെങ്ങനെ?

“ന്തൂട്രാ കന്നാലി നീയ്യിവിടെ?” ഞാന്‍ അത്ഭുതപരതന്ത്രനായ് സിജുവിനോട് ചോദിച്ചു.

അവന്‍ കമാന്നൊരക്ഷരം മിണ്ടണമല്ലോ. ക പോയിട്ട് മ എന്ന് പോലും മിണ്ടാതെ ഒരു കാര്‍ഡ് എന്റെ മേശമേല്‍ വച്ചിട്ട് ഒറ്റനടത്തം. പുറത്തേക്ക്! വീണ്ടുമെനിക്ക് അത്ഭുതപരതന്ത്രം....മുമ്പത്തെക്കാള്‍ കലശലായ്...

ഒട്ടും ഭംഗിയില്ലാതെ അച്ചടിച്ച ഒരു ഇന്‍വിറ്റേഷന്‍ കാര്‍ഡ്. പഹയന്റെ കല്യാണക്കുറിയാണോ? സംഭവം വായിക്കാന്‍ തീരെ ക്ഷമയില്ലാതെ ഞാന്‍ അവസാനത്തെ വരിയിലേയ്ക്ക് പാളിനോക്കി. ങെ! എന്റെ തന്നെ കല്യാണക്കുറിയോ? അതും ഞാനറിയാണ്ട്! അവസാനം ദേ കിടക്കണു എന്റെ പേര്. അതേതാണ്ടിങ്ങനെയായിരുന്നു. “എന്ന് സ്വന്തം നിക്ക്”. ഭാഗ്യം എന്റെ ഒപ്പവിടെ കണ്ടില്ല. പേഷ്യന്‍സിന്റെ നെല്ലിപ്പലക മുറിഞ്ഞ ഞാന്‍ കാര്യമെന്തെന്നറിയാന്‍ ആദ്യം മുതല്‍ക്കേ ക്ഷണപ്പത്രം ഒരാവര്‍ത്തി വായിക്കാന്‍ തയ്യാറായി.

അതിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. നാളെ എന്റെ വീട്ടില്‍ വച്ച് ഒരു കേരള ബ്ലോഗേഴ്സ് മീറ്റ് നടത്തുന്നു. ഉച്ചയൂണ് അടക്കം രാത്രിഭക്ഷണവും മറ്റും കൂടാതെ മീറ്റ് കൊഴുപ്പിക്കാന്‍ ഇന്ത്യയിലെ പ്രമുഖ ത്രിമൂര്‍ത്തീ മ്യൂസിക് ബാന്റിന്റെ ലൈവ് പെര്‍ഫോമന്‍സും. അതിലൊക്കെ ഉപരിയായി അമേരിക്കയെ പ്രതിനിധാനം ചെയ്ത് പ്രമുഖ ബ്ലോഗ്ഗര്‍ ഇഞ്ചിയുടെ സാന്നിദ്ധ്യവും.

കേരള ബ്ലോഗ്ഗേഴ്സ് മീറ്റ് ! അതും എന്റെ വീട്ടില്‍ വെച്ച് ! അതും നാളെ ! സ്പെഷല്‍ ഗസ്റ്റ് ഇഞ്ചി ! ഇത്രയും ഗുലുമാലുകള്‍ ഒപ്പിച്ച സിജുവിനെ എന്റെ കയ്യീക്കിട്ടാന്‍ ദൈവത്തോട് മുട്ടിപ്പായ് പ്രാര്‍ത്ഥിച്ചു. ഓ മൈ ഗോഷ്! അവനെയെങ്ങാന്‍ കയ്യീക്കിട്ട്യാല്‍ അവന്റെ കാല്‍ക്കല്‍ വീണ് ഞാന്‍ നിന്നോടെന്തപരാധമാ ചെയ്തതെന്ന് ചോദിക്കണം. എന്നാലും എന്റെ പൊന്നു സിജൂ, ഇത്രപെട്ടെന്ന് ഞാനെങ്ങനെയൊരു മീറ്റ് അറേഞ്ച് ചെയ്യും?

എന്റെ കയ്യിലിരുന്ന് ആ ക്ഷണപ്പത്രം ഉറഞ്ഞ് തുള്ളാന്‍ തുടങ്ങി. (അല്ലാതെ കൈവിറക്കുന്നൂന്ന് പറയാന്‍ പറ്റുമോ?) അന്നേരം കീശയില്‍ കിടന്ന് എന്‍73 കീയോ കീയോന്ന് മോങ്ങാന്‍ തുടങ്ങി. തലയ്ക്കല്‍ സിജുവിന്റേതെന്ന് തോന്നിപ്പിക്കുന്ന കര്‍ണ്ണകഠോര ശബ്ദം. “അളിയാ നീ നാളെ ഒന്ന് നിന്ന് തന്നാല്‍ മതി. ബാക്കി ഞങ്ങളേറ്റു. ശരീന്നാ നാളെക്കാണാം”.

അഭ്രപാളികളില്‍ സീനുകള്‍ ക്ഷണനേരം കൊണ്ട് മാറുന്നത് പോലെ, ഇവിടേയും പെട്ടെന്നു സീന്‍ മാറി. ലൊക്കേഷനും. പ്രഭാതം പൊട്ടിവിടര്‍ന്നു...ഠിഷ്...ഠും...ഠമാര്‍! എന്തൊക്കെയാണ് ഈ സിജുവിന്റെ പ്രിപ്പറേഷന്‍സ് എന്നൊക്കെ ഒന്നറിയണമല്ലോ. ഞാന്‍ പുറത്തേക്കിറങ്ങി. വൌ! എല്ലായിടവും തോരണങ്ങളും വൈദ്യുത ദീപാലങ്കാരങ്ങള്‍ കൊണ്ട് മുഖരിതമായിരിക്കുന്നു. ഈ ചുരുങ്ങിയ ടൈമിനുള്ളില്‍ ഇവന്‍ ഇതെങ്ങനെയൊപ്പിച്ചു? കുപ്പീലടച്ച ഭൂതം? അതോ ഇന്ദ്രജാലം?

നേരം ഉച്ചയായി. ഭോജനശാലയില്‍ പ്രതീക്ഷിച്ച തിരക്ക് കണ്ടില്ല. ആകെ ഞാന്‍ കണ്ടത്, എന്റെ കൂടെയിരുന്ന് ഊണു കഴിക്കുന്ന ഡാലിയും, അവളുടെ എതിര്‍വശത്തിരിക്കുന്ന സൂ ചേച്ചിയും. ഡാലി കഴിക്കുന്നതിനിടയ്ക്ക് എന്നോട് ചോദിക്കുന്നുണ്ട്. “ഡാ നീ ഇങ്ങനെയൊരു വലിയ ഇവന്റ് ഒക്കെ നടത്തുമ്പോള്‍ നോണ്‍-വെജ് ഫൂഡും ഉള്‍പ്പെടുത്തണ്ടേ?” ശരിയാണ് ഈ മുരിങ്ങാക്കോലു കറിക്കാണേല്‍ ഒരു രുചിയുമില്ല. ഞാന്‍ സിജുവിനെ ഭോജനശാലയുടെ ഓരോ മുക്കിലും മൂലയിലും തിരഞ്ഞു. അവന്റെ പൊടിപോലും കണ്ടെത്താനായില്ല. ഡാലി പറഞ്ഞതു ശരിയാണെല്ലോ. ഈ വമ്പന്‍ പരിപാടിക്കു വെറും മുരിങ്ങാക്കോലു കറിയോ? ശ്ശെടാ!

സന്ധ്യയായതും ആളനക്കം കണ്ടുതുടങ്ങി. എല്ലാ മുറികളിലും ഇടനാഴികളിലും കൂട്ടം കൂട്ടമായ്‌ ബ്ലോഗ്ഗര്‍മാര്‍. കണ്ടു പരിചയമില്ലാത്ത മുഖങ്ങള്‍. ഇവരൊക്കെ ആരാണാവോ? ഇടയ്ക്കു എന്റെ മുറിയിലേയ്ക്കൊന്നു ചെന്നപ്പോള്‍, അവിടെയും ഒരു ബൂലോഗക്കൂട്ടം. പച്ചാളമോ, ഇക്കാസോ... പിന്നെ ആരൊക്കെയോ ഇരുന്നു കുശലം പറയുന്നു.

ഇടനാഴികളിലും മറ്റു മുറികളിലുമിരുന്നവരോടു ഞാന്‍ ചോദിച്ചു. ഇഞ്ചി വന്നോ? എന്റെ മുറിയില്‍ ഇരിക്കുന്ന ഇക്കാസിനോടും പച്ചാളത്തിനോടും മറ്റും ചോദ്യം റിപ്പീറ്റ്‌ ചെയ്തെങ്കിലും ആരും ഒരു വ്യക്തമായ റിപ്ലൈ തന്നില്ല. ഇതെല്ലാമൊപ്പിച്ചവനെയൊട്ടു കാണുന്നുമില്ല. പാര്‍ട്ടി ഹാളായി അലങ്കരിച്ച്‌ ബുഫേ ഡിന്നര്‍ ഒരുക്കിയിരിക്കുന്നത്‌ നിലവറയിലാണെന്ന്‌ ഇക്കാസിന്റെ മൊഴികളില്‍ നിന്നു വ്യക്തമായി. ഇനിയിപ്പോ അവിടുത്തെ സ്ഥിതിയെന്തെന്നറിയാന്‍ ഞാന്‍ അങ്ങോട്ടേക്കു വച്ചുപിടിച്ചു.

ഫളഫളാ മിന്നുന്ന, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ചുരത്തുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള വൈദ്യുത വിളക്കുകളാല്‍ അലംകൃതമായിരുന്നു അവിടം. ആകെ ഒരു ഉത്സവാന്തരീക്ഷം, ബഹളമയം. പരിചിത മുഖങ്ങളെ തിരഞ്ഞ എന്റെ കണ്ണുകള്‍ക്കു നോട്ട്‌ ഫൗണ്ട്‌ എന്ന മെസ്സേജാണു ബ്രെയിന്‍ അയച്ചു തന്നത്‌. എങ്കിലും അവരോടൊക്കെ ചോദിക്കാന്‍ മറന്നില്ല. ഇഞ്ചി എത്ത്യോ? അവര്‍ക്കതേക്കുറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. അവരുടെ ശ്രദ്ധ മുഴുവന്‍ അപഹരിച്ചത്‌ അവരുടെയൊക്കെ നടുവിലുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു. ഞാന്‍ ആ മാന്യ ദേഹത്തെ ഒന്നു കാണുവാന്‍ തിക്കിത്തിരക്കി ആ ആള്‍കൂട്ടത്തെ ഭേദിച്ചു ഉള്ളിലേയ്ക്കു നീങ്ങി. ഇനിയിപ്പോ അതു ഇഞ്ചിയാണെങ്കിലോ!

പക്ഷേ, അവിടെ സ്പോട്ട്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ കുളിച്ചു നിന്നിരുന്നത്‌ നിന്നിരുന്നത്‌ ഇഞ്ചിയായിരുന്നില്ല. അതു മ്മടെ ദേവേട്ടനായിരുന്നു. ബ്ലോഗ്ഗര്‍ ദേവേട്ടനല്ല. സാക്ഷാല്‍ ശങ്കര്‍ മഹാദേവന്‍. അദ്ദേഹം എന്നെ കണ്ടതും എന്റെ അടുത്തേക്കു വന്ന്‌ എന്റെ കരം ഗ്രഹിച്ചിട്ടു പറഞ്ഞു. ഹല്ലോ നിക്ക്‌. എനിക്കത്ഭുതമശ്ശേഷം തോന്നിയില്ല. ക്ഷണപ്പത്രത്തില്‍ സൂചിപ്പിച്ചിരുന്ന ത്രിമൂര്‍ത്തീ മ്യൂസിക്ക്‌ ബാന്റ്‌ ഇവരാണെല്ലോ.

അദ്ദേഹം തുടര്‍ന്നു. "എഹ്സാനും ലോയിയും വന്നിട്ടില്ല. നിക്ക്‌ ഗിറ്റാറും വോക്കലും കൈകാര്യം ചെയ്യണം. ഞാന്‍ കീബോര്‍ഡില്‍ സപ്പോര്‍ട്ട്‌ ചെയ്യാം". ആള്‍ക്കൂട്ടത്തില്‍ നിന്നും നിക്ക്‌ പാടണം..നിക്ക്‌ പാടണം എന്ന വിളികള്‍ ഉയര്‍ന്നു. എനിക്കാകെ ദേഷ്യം വന്നു. ഞാന്‍ പാടാനോ? മണിച്ചിത്രത്താഴില്‍ പ്രതികാരദുര്‍ഗ്ഗയായ നാഗവല്ലിയെപ്പോലേ കലിതുള്ളി ചോദിച്ചു. ഞാന്‍ പാടണോ? ഞാന്‍ പാടണമെന്നാണോ? അതെന്തിനാപ്പോ ഞാന്‍ പാടണേ?

"വേണ്ട. നീയിപ്പോ പാടുകയൊന്നും വേണ്ട. സമയം നാലായി. എഴുന്നേറ്റു പോയി മുഖം കഴുകി ഊണു കഴിക്കാന്‍ നോക്ക്‌."

"ഇഞ്ചി എവിടെ?"

"ദേ ഫ്രിഡ്ജിലിരിപ്പുണ്ട്‌. നിനക്ക്‌ എന്തിനാ ഇപ്പോ ഇഞ്ചി?"

ങെ! ഫ്രിഡ്ജിലോ!? കണ്ണു തിരുമ്മി കട്ടിലില്‍ നിന്നു എഴുന്നേറ്റു തുറിച്ചു നോക്കുമ്പോള്‍ മുന്നില്‍ അമ്മ!

* * * * * * * * * * * * * * *

ഇന്നലെ നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു വന്നു ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദൈവത്തിനാണേ മേല്‍പ്പറഞ്ഞ ഇഞ്ചിയോ മറ്റു ബൂലോഗ സുഹൃത്തുക്കളോ മനസ്സിലുണ്ടായിരുന്നില്ല.

Wednesday, June 06, 2007

ഗൊനു താണ്ഡവം

ഗൊനു എന്ന വിനാശകാരിയായ ചുഴലി കൊടുങ്കാറ്റിപ്പോള്‍ ഒമാന്റെ തലസ്ഥാന നഗരിയില്‍ നിന്ന്‌ അവിടുത്തെ ജനങ്ങളെയൊട്ടാകെ ദുരിതക്കയത്തിലാഴ്ത്തി ഫുജൈറയിലേയ്ക്കുള്ള പ്രയാണത്തിലാണ്‌. കാറ്റഗറി 5-ല്‍പ്പെടുത്തിയിരുന്ന അമേരിക്കയില്‍ വീശിയടിച്ച്‌ ഒട്ടേറെ നാശം വിതച്ച കത്രീനയ്ക്കൊപ്പം ശക്തിയിലും വ്യാപ്തിയിലും തുല്യമായ ഈ ചുഴലി കൊടുങ്കാറ്റിന്റെ ശക്തി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഫുജൈറയിലും മറ്റും കൊടും മഴയാണു നല്‍കുന്നത്‌. പ്രധാന റോഡുകളിലൊക്കെ അരയ്ക്കൊപ്പം വെള്ളം ഉയര്‍ന്നു കഴിഞ്ഞു.

ചുഴലിക്കാറ്റ്‌ യു.എ.ഇ. യെ ബാധിക്കില്ലെന്നാണ്‌ ഉയര്‍ന്ന ഒഫീഷ്യലുകള്‍ പറഞ്ഞിരുന്നത്‌. പക്ഷെ ഫുജൈറയെ തൊട്ടുരുമ്മിയാണ്‌ ഗൊനുവിന്റെ ഇറാനിലേക്കുള്ള ഗമനം എന്നതു വ്യക്തമായറിയാമായിരുന്നിട്ടും വ്യക്തമായ മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ്‌ അവിടെയുള്ള സുഹൃത്തുക്കള്‍ പറഞ്ഞത്‌. അയല്‍ എമിറേറ്റ്സില്‍ കൂടിയുള്ള ഗോനുവിന്റെ യാത്ര കാരണം ദുബായിലും കടല്‍നിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്‌. ഇന്നലെവരെ പൊടിക്കാറ്റിനാല്‍ അലംകൃതമായ ദുബായ്ക്കു മുകളില്‍ കാര്‍മേഘങ്ങള്‍ നിലയുറപ്പിച്ചു കഴിഞ്ഞു.

ഇന്നലെ വൈകുന്നേരം വിവിധ മലയാളം ടി.വി. വാര്‍ത്തകളില്‍ പറഞ്ഞത്‌ : മസ്ക്കറ്റില്‍ കെട്ടിടം തകര്‍ന്നു. 15 പേര്‍ ഒഴുകിപ്പോയി. അതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ഇതു വച്ചു ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളില്‍ പരതിയെങ്കിലും സമാനമായ സംഭവമൊന്നും റിപ്പോര്‍ട്ട്‌ ചെയ്തതായി കണ്ടെത്താനായില്ല.

കേരളത്തിലെ പ്രമുഖ ദിനപ്പത്രങ്ങളൊന്നും തന്നെ വേണ്ടത്ര വാര്‍ത്ത പ്രാധാന്യം നല്‍കാതെയാണ്‌ ഗള്‍ഫ്‌ മേഖലയിലെ സംഭവ വികാസങ്ങളെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഉള്‍പ്പേജില്‍ ആരെയോ തൃപ്തിപ്പെടുത്താനെന്നോണം ചെറിയൊരു വാര്‍ത്തയായി മാത്രം കാണിച്ചിരിക്കുന്നു. അതുപോലെ തന്നെ പ്രമുഖ ടി.വി. ചാനലുകളും ഈ വാര്‍ത്തകള്‍ക്കൊന്നും തീരെ പ്രാധാന്യം നല്‍കാതെ കുറച്ചു വിവരങ്ങളേ പുറത്തുവിടുന്നുണ്ടായിരുന്നുള്ളൂ. അതും ഒട്ടേറേ മലയാളികള്‍ പാര്‍ക്കുന്ന ഗള്‍ഫ്‌ നാടുകളില്‍ അതിഭീകരമാം വിധം ഗൊനു സംഹാരതാണ്ഡവമാടുമ്പോള്‍...! മൂന്നാറിലെ ഇടിച്ചു നിരത്തലും അഭയ കൊലക്കേസും കുലംകുഷിതമായ ചര്‍ച്ചകളില്‍ സജീവമായിരിക്കുമ്പോള്‍ ഈ വാര്‍ത്തയ്ക്കു തീരെ പ്രാധാന്യമര്‍ഹിക്കുന്നില്ല എന്നാണോ?

വാര്‍ത്തകള്‍ അറിയുവാന്‍ ഗള്‍ഫ്‌ ന്യൂസ്‌ ഒരുപാടുപകരിക്കുന്നുണ്ട്‌. ഗള്‍ഫ്‌ ന്യൂസില്‍ നിന്നും കടമെടുത്ത, താഴെ കൊടുത്തിരിക്കുന്ന വരികള്‍ ശ്രദ്ധിക്കൂ.

We are in Muscat, In a place called Qurum near the CCC Shopping complex. Our houses are underwater we need help to evecuate. Can you please inform someone to send help for us. My phone number is +96895103049

Mohamed Qurum,
Oman

ഗള്‍ഫ്‌ മേഖലയിലുള്ളവര്‍ ആര്‍ക്കെങ്കിലും ഇനിയും ആ നമ്പറില്‍ ഒന്ന്‌ വിളിച്ച്‌ അദ്ദേഹത്തിന്‌ വേണ്ട സഹായം എത്തിക്കാനുതകുന്ന ഏതെങ്കിലും നടപടി പ്രാവര്‍ത്തികമാക്കും എന്നു വിശ്വസിക്കുന്നു.

ഗൊനുവിന്റെ ഇപ്പോഴത്തെ ഗതി അറിയുന്നതിന്‌ താഴെ കൊടുത്തിരിക്കുന്ന മാപ്പ്‌ നോക്കൂ.




















അല്ലെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ.

കടപ്പാട്‌ : ഗള്‍ഫ്‌ ന്യൂസ്‌

ഇമ്മിണി വലിയൊരു മിടുക്കി

പേര്‌ : സുഷ്മ വര്‍മ്മ
വയസ്സ്‌ : 7
സ്ഥലം : ഉത്തര്‍ പ്രദേശ്‌
മാര്‍ക്കുകള്‍
ഹിന്ദി - 58
ഇംഗ്ലിഷ്‌ - 60
കണക്ക്‌ - 66
സയന്‍സ്‌ - 63
സോഷ്യല്‍ സയന്‍സ്‌ - 68
കമ്പ്യൂട്ടര്‍ - 39
ആകെ - 600 ഇല്‍ 354 മാര്‍ക്ക്‌

എങ്ങനെയുണ്ട്‌ ?

ഉത്തര്‍ പ്രദേശിലെ ഒരു ദിവസക്കൂലിക്കാരന്റെ പുത്രിയായ ഏഴു വയസ്സുകാരി സുഷ്മ ഭാരതത്തിലെ ആദ്യത്തെ പ്രായം കുറഞ്ഞ മെട്രിക്കുലേറ്റ്‌ ആയിരിക്കുന്നു. ഒമ്പതാം വയസ്സില്‍ മെട്രിക്കുലേഷന്‍ പാസ്സായ പാറ്റ്ന സ്വദേശി അവതാര്‍ തുളസിയാണ്‌ ആ സ്ഥാനം ഇതുവരെ കയ്യടക്കി വച്ചിരുന്നത്‌.

അച്ഛന്‍ തേജ്‌ ബഹാദുര്‍ വര്‍മ്മയ്ക്കും അമ്മ ച്ഛായയ്ക്കും അഭിമാനിക്കാനേറെയാണ്‌ അവരുടെ മക്കള്‍ നല്‍കിയിട്ടുള്ളത്‌. ആദ്യം മകന്‍ ശൈലേന്ദ്ര പതിനൊന്നാം വയസ്സില്‍ +2 പാസ്സായത്‌. ഇതാ ഇപ്പോള്‍ സുഷ്മയുടെ നേട്ടവും...

ഭാവുകങ്ങള്‍ സുഷ്മ ! നിനക്കിനിയുമേറെ നേട്ടങ്ങള്‍ കൊയ്യുവാനാകട്ടേ.

കടപ്പാട്‌ : പി.ടി.ഐ.

Friday, June 01, 2007

അപഥസഞ്ചാരം

നമ്മുടെ രാജ്യത്തിന് മുകളിലൂടെ! അതും പ്രധാനമന്ത്രി താമസിക്കുന്നയിടത്ത് നിന്നും വെറും 2 കിലോമീറ്റര്‍ അടുത്ത്. അതിനെ കുറിച്ചുള്ള വാര്‍ത്ത ഇവിടെ വായിക്കാം.

വീഡിയോ





മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോ ദൃശ്യം കാണാനാവുന്നില്ലെങ്കില്‍ ഈ ലിങ്കില്‍ ഞെക്കൂ.

കൂടാതെ കഴിഞ്ഞ ദിവസം ബാംഗളൂരിലും സമാനമാ‍യ ഒരു യു.എഫ്.ഒ. സാന്നിദ്ധ്യം അനുഭവപ്പെടുകയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ വാര്‍ത്തയും ചിത്രങ്ങളും ഇവിടെ കാണാം.

അന്തരീക്ഷത്തിലെ മറ്റേതോ ‘ഭൂമിയില്‍’ നിന്ന് ‘ആരൊക്കെയോ’ നമ്മള്‍ അവരെക്കുറിച്ച് അറിഞ്ഞതായി അറിഞ്ഞിട്ട് നമ്മളെ നിരീക്ഷിക്കുന്നുണ്ടാവുമോ? അങ്ങിനെ അവരുടെ വാച്ച് ഡോഗ്സ് ആവുമോ ഈ കഴിഞ്ഞ് ദിവസങ്ങളില്‍ ഭാരതത്തിന് മുകളിലൂടെ റഡാറുകള്‍ക്കും മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ക്കും അതീതമായ് സഞ്ചരിച്ചത്?

പുതിയ ഭൂമിയെക്കുറിച്ചുള്ള വാര്‍ത്തയും വീഡിയോയും കാണണമെങ്കില്‍ ഇവിടെ ഈ ലിങ്കിലുണ്ട്. അവിടെ നമ്മുടെ പ്ലാനറ്റ് എര്‍ത്തിലെപ്പോലെ തന്നെ മനുഷ്യര്‍ അവിടേയും ഉണ്ടാവാം. ഒരുപക്ഷെ, നമ്മളെക്കാള്‍ പതിന്മടങ്ങ് മുന്‍പിലാവും അവര്‍, ടെക്നോളജിയുടെയും ശാസ്ത്രത്തിന്റേയും അറിവിന്റേയും മറ്റും കാര്യത്തില്‍. നമ്മള്‍ അവരെ കണ്ടെത്തിയതിന് മുന്‍പ് തന്നെ അവര്‍ക്ക് നമ്മെക്കുറിച്ചറിയാമായിരിക്കാം. ഇനി വരുംദിവസങ്ങളില്‍ യു.എഫ്.ഒ. യുടെ സന്ദര്‍ശനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിന് മുകളിലൂടെയാവുമോ ആവോ!