Sunday, December 16, 2007

കോയിന്‍ റോള്‍ വീരന്‍

മിനുട്ടില്‍ 32 തവണ Coin Roll ചെയ്യുന്ന
എന്റെ സഹവര്‍ക്കനായ അഖിലിന്റെ ലക്ഷ്യം
മിനുട്ടില്‍ 51 തവണയെന്ന ലോക റെക്കോര്‍ഡിനെ
മറികടക്കുക എന്നതാണ്. അവനത് എത്രയും
വേഗം സാധ്യമാവട്ടെ എന്ന് ആശംസിക്കുന്നു...

Wednesday, November 21, 2007

വക്കീല് പണിത പാര !!!

ഇന്നലെ രാത്രി കൃത്യം പത്തേ.. അല്ല എന്തിനാ ഇതൊക്കെ ഇത്ര കൃത്യമായി പറയുന്നത്. എനിക്ക് ഒരു മെയില്‍ ലഭിച്ചു. ഇന്നലെ രാത്രി. ദാ‍ണ്ടേ ദിപ്പോഴാ മെയില്‍ തുറന്ന് വായിച്ചു നോക്കിയത്. അയച്ചത് നമ്മുടെ സുഹൃത്തായ വക്കീല്‍. സബ്ജക്ട് പാര്‍ട്ടിലാണെങ്കില്‍ ‘അര്‍ജന്റ്’ എന്നും. എന്തു ഗുലുമാലാണാവോ ഇത് എന്ന് വിചാരിച്ച് തുറന്നു നോക്കിയപ്പോള്‍ കണ്ടത് അതേപടി ചുവടെ ചേര്‍ക്കുന്നു.

**********************************************

"Hey have a look at that word document”.

നോക്കി. ആ ഫയലിന്റെ പേരിങ്ങനെയായിരുന്നു.

It is always interesting to look into others privacy.doc

ന്റമ്മോ! എന്തിരിത്?! ഒട്ടും സമയം വേസ്റ്റാക്കാതെ ഡൌണ്‍ലോഡ് ബട്ടണില്‍ വിരലമര്‍ത്തി. എന്റെ ഡെസ്ക്ടോപ്പില്‍ വന്നു വീഴുന്ന ഫയല്‍കണങ്ങള്‍ നോക്കി അക്ഷമനായ് ഞാനിരുന്നു.

അവസാനത്തെ കണവും ഡെസ്ക്ടോപ്പിലെത്തിയപ്പോള്‍, കൊടുത്തു ഉത്തരവ്. “Open"

It is always interesting to look into others privacy.
It is real fun to criticize others..
It gives you real pleasure when you analyse others..
So here I am with your words


F.A.Q for the curious ...
Yes I do have a curious mind. What is wrong in it? After all I am a Malayali.
Like a true Malayalee I am really curious about my neighbors' matters.
Don’t deny my basic right..Let me know you first and…Let me gossip about you later.


1.What's your name ? niKk
nikk??? What a name? Really cool man! Sounds so sweet…(Direct expression for you)

(Indirect expression) What a shame? വന്നു വന്നു എന്തു പേരിടണം എന്ന കാര്യത്തില്‍ വരെ ഒരു വ്യവസ്ഥ ഇല്ലാതായി. അച്ഛന്റേയും അമ്മയുടേയും കണ്ണു തെറ്റിയാല്‍ ഉടനെ കേറി ഒരു പേരിടുകയായി. അതും ഇംഗ്ലീഷ് ചുവയുള്ളതേ പിടിക്കൂ.

2. Why dont you disclose your last name ? I'm much of a private person, so I dont wan't to display my whole name in a public site like this.

Direct response: Yes true nikk, itz a virtual environment so you should keep your privacy. After all itz your right to keep your personal informations as private.

Indirect response: പിന്നേ “much of a private person” ആണത്രേ! ജാഡ!
Private person ആണെങ്കില്‍ എന്തിനാ ഒരു ബ്ലോഗ്…വീട്ടില്‍ മുറി അടച്ചു പ്രൈവറ്റായി ഇരുന്നാല്‍ പോരേ???

3. What is your age ? Varies every year :)
Direct response: True, Good answer.

Indirect response: പിന്നെ മറ്റുള്ളവരൊക്കെ എന്താ സിനിമാ താരങ്ങളാണോ വയസ്സ് 18 കഴിഞ്ഞാല്‍ മാറാതിരിക്കാന്‍?

അച്ഛോഡാ! ഞങ്ങള്‍ എന്താ ഇയാള്‍‍ക്കു കല്യാണം ആലോചിക്കാന്‍ വന്നതാ? ഞങ്ങള്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍പ്പിക്കാന്‍ വന്നതൊന്നുമല്ല മാഷേ.

If you know me, you know how old I'm !
Direct response: Sure I will try to guess once we meet each other.

Indirect response
: പിന്നേ ഇയാളെ കാണുന്നവരെല്ലാം ആദ്യം മുഖത്ത് നോക്കി പ്രായമല്ലേ പറയുക!

4. Okay, what is your birth date ? May 3rd.
Direct response: Oh great .. A Taurean?.. Me too man

Please DON'T send me any 'egreetings' through those crappy websites.
പിന്നേ അതു പോലും ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിക്കും. അപ്പോഴാ...

5. How do you look like ? A normal human being, I believe !
Direct response: Hey ! That is great.

Indirect response: നിങ്ങള്‍ വിശ്വസിക്കുന്നതല്ലേ! നാട്ടുകാരോട് തിരക്കിയാല്‍ വിവരം അറിയാം.

6. What are your skillsets ? Excuse me, am I attending a technical interview ? Sorry, I don't think so :)
Direct response: Sure. Why all around as asking so much stupid questions?

Indirect response
: ഒരു പണിക്കും കൊള്ളാത്തവനാന്നുള്ളതിന്റെ കോംപ്ലക്സ് അല്ലാതെ എന്താ?

7. Anything else you want to tell us ? Thank you for wasting your time reading all this.

Direct response: Hey! No man. What is this? This is truly different. I enjoyed reading your page.

Indirect response
: അപ്പോള്‍ അറിയാം ഇതു മിനക്കെടുത്തലാണെന്ന്. എന്നിട്ടും എന്തിനാ മോനേ ഈ സാഹസം? ഈ FTQ അങ്ങു ഡെലീറ്റ് ചെയ്തുകൂടെ? അല്ല പിന്നെ!

If you still have any questions about me, please mail me and if it is something which can be published here, I will be more than happy to post your question and its answer. I can be reached at mr DOT nikk AT gmail DOT com or you can use the 'Email' link at the side menu. I will be updating this page pretty often, so if time permits, you can come back and visit this page. Thank you.

Direct response: Sure .With Pleasure

Indirect response
: അപ്പോള്‍ ഇതൊരു വഴിക്ക് പോവില്ല. എവിടെ ആ report spam link?

**********************************************

എങ്ങനെയുണ്ട്??? പാര പണിയുന്നെങ്കില്‍ ഇങ്ങനെതന്നെയാവണം...അല്ലേ??? അതും എന്റെ About Me ക്ക് തന്നെ... :) എന്തായാലും മറ്റാരും ചെയ്തിട്ടില്ലാത്ത ഈ പണി ചെയ്തതില്‍ ഞാന്‍ സന്തോഷത്തോടെ (സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ...) വക്കീലിനോടുള്ള കൃതജ്ഞത ഈ അവസരത്തില്‍ അറിയിക്കട്ടേ!!!

Wednesday, November 14, 2007

ശിശുദിനാശംസകള്‍

ഏവര്‍ക്കും എന്റെ ശിശുദിനാശംസകള്‍ :)

Friday, October 26, 2007

പൂര്‍ണ്ണചന്ദ്ര ദര്‍ശനം ഇന്ന് - നോം കാത്തിരിക്കുന്നു !!!

ഈ വര്‍ഷത്തെ ഏറ്റവും വലിയ പൂര്‍ണ്ണചന്ദ്രനെ ഇന്ന് ദൃശ്യമാവുന്നു. ഇന്നലെയും ഇന്നുമായുമാണ് (ഒക്ടോബര്‍ 25, 26) ഈ നയനമനോഹരമായ കാഴ്ച കാണുവാന്‍ കഴിയുകയെന്ന് നാസ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2007 ല്‍ ഇതു വരെ ദൃശ്യമായിട്ടുള്ളതിനേക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവുമാണ് ഇന്നത്തെ പൂര്‍ണ്ണചന്ദ്രന്റെ സവിശേഷത. ഭൂമിയുടെ ഭ്രമണപഥത്തിനേറെ അടുത്തു (ഏതാണ്ട് 3,60,000 കി.മീ ദൂരം) വരുന്നതു കൊണ്ടാണിത്.

പക്ഷെ, ഇന്നലെ ഉച്ച ഷിഫ്റ്റും കഴിഞ്ഞ് കൊട്ടാരത്തില്‍ വന്ന് രാത്രിയില്‍ ഏറെനേരം തണുപ്പിനെയശ്ശേഷം വകവെയ്ക്കാതെ നോം മട്ടുപ്പാവില്‍ ഉലാത്തിയെങ്കിലും ഇഷ്ടനെ ഒരു നോക്കു കാണാന്‍ ഗൊത്തില്ല! കാര്‍മേഘങ്ങള്‍ അങ്ങനെ ഗുമ ഗുമാന്ന് കെട്ടിക്കിടക്കുവല്ലേ, പെയ്തൊഴിയാതെ! പക്ഷെ ആകാശത്തിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഇനിയിപ്പോള്‍ ഇന്നെങ്കിലും ഒരുമാത്രയെങ്കിലും നമുക്ക് കാണുവാന്‍ തരപ്പെടണേ എന്ന പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു...

പിന്നെ, ഇന്നലെത്തെ ദര്‍ബാര്‍ കൂടിയപ്പോള്‍ ഈ പൂര്‍ണ്ണചന്ദ്ര പ്രതിഭാസത്തെക്കുറിച്ച് കുലങ്കഷമായൊരു ചര്‍ച്ച നടന്നു. സഭയില്‍ ഹാജരായിരുന്നവര്‍ അവരവരുടെ അറിവും സംശയങ്ങളും വെളിവാക്കിയപ്പോള്‍ കൂട്ടത്തില്‍ ആസനസ്ഥനായിരുന്ന മ്മടെ ഉണ്ണിക്കുട്ടനോടാരോ (ഉണ്ണിക്കുട്ടനെ മറന്നിട്ടില്ലല്ലോ ല്യേ?) ചോദിച്ചു.

“ഉണ്ണിക്കുട്ടാ നിയ്യെന്താ ഒന്നും മിണ്ടാതിരിക്കണേ? നിനക്കീ വിഷയത്തില്‍ താല്പര്യമേതുമില്ലേ? സൂര്യനെയാണോ ചന്ദ്രനെയാണോ നിനക്കിഷ്ടം?”

ഉണ്ണിക്കുട്ടന്‍ ഒന്ന് നിമിഷം ആലോചിച്ചു. എന്നിട്ട് തന്റെ ഘനഘംഭീരമായ ശബ്ദത്തില്‍ പറഞ്ഞു.

“ചന്ദ്രനെ തന്നെ!”

“അതെന്താ?” അഭി ചോദിച്ചു.

“ചന്ദ്രന്‍ തന്നെയാണ് സൂര്യനെക്കാള്‍ പ്രധാനപ്പെട്ടത്. കാരണം ചന്ദ്രന്‍ വെളിച്ചം ആവശ്യമായ രാത്രി നേരത്ത് വെളിച്ചം തരുന്നു. പക്ഷെ സൂര്യനോ? പകല്‍ നമുക്ക് വെളിച്ചം ആവശ്യമില്ലാത്ത നേരത്ത് വെളിച്ചം തരുന്നു. എന്തു കാര്യം! വേസ്റ്റ്!”

പിന്നത്തെ കഥയൊന്നും പറയാതിരിക്കുകയാ ബുദ്ധി. ;) സഭ അലങ്കോലപ്പെട്ടു. “സമ്മര്‍ ഇന്‍ ബെത് ലഹേം” എന്ന സിനിമയില്‍ ഇതു പോലെ ഓരോ കീച്ച് കീച്ചുന്ന കലാഭവന്‍ മണിയെ സുരേഷ് ഗോപിയും ജയറാമും ചേര്‍ന്ന് ഒരു ചെണ്ടയാക്കി മാറ്റുന്നത് പോലെ ഇവിടെ നമുക്ക് ചെയ്യാന്‍ പറ്റുമോ? അതു സിനിമയല്ലേ...! അനുഭവിക്കുക തന്നെ... ശിവ ശിവ...

Wednesday, October 10, 2007

വാടിയ ഡാലിയ

പോം...പോം... ഉഷസ്സ് ഒരു കിതപ്പോടെ വനിതാ കോളേജിന് മുന്നിലുള്ള ബസ്സ്റ്റോപ്പില്‍ വന്നു നിന്നു. സ്ഥിരം കയറുന്ന വിദ്യാര്‍ത്ഥിനികളും സ്ഥിരമല്ലാത്തവരും ബസ്സിലേയ്ക്ക് ഇടിച്ച് കയറി. അകത്തു കയറുന്നതിനു മുമ്പേയുള്ള കിളിയുടെ വിസിലൂത്ത് ഭയന്ന് പെണ്‍കുട്ടികള്‍ മുന്‍-പിന്‍ വാതിലുകള്‍ എന്ന വിവേചനം അശ്ശേഷം മൈന്‍ഡ് ചെയ്യാതെ അകത്തെ തിരക്കിലേയ്ക്ക് അട്ടിയിട്ടു.

പതിവു പോലെ തന്നെ ആ വൈകുന്നേരവും ഒറ്റ സീറ്റുപോലും ഒഴിവുണ്ടായിരുന്നില്ല. കിളി ഡബിള്‍ ബെല്ലടിച്ചതും ഗട്ടറിലൂടെയും ട്രാഫിക്ക് ജാമിലൂടെയും ബസ്സ് ഇരച്ച് കിതച്ച് ഇഴഞ്ഞിഴഞ്ഞ് നീങ്ങി. ബസ്സിനുള്ളില്‍ ഒരു മിനി പൂരത്തിനുള്ള ആള്‍ക്കാര്‍ തിങ്ങി നിറഞ്ഞു നില്‍പ്പുണ്ട്. പലരും കാല്‍കുത്താന്‍ ഇടമില്ലാത്തതിനാല്‍ മുകളിലുള്ള കമ്പിയില്‍ തൂങ്ങിയാണ് നിന്നിരുന്നത്. എന്നിട്ടും ഉഷസ്സ് പല സ്റ്റോപ്പുകളിലും നിന്നു. വീണ്ടും വീണ്ടും ആളുകളെ കുത്തിനിറച്ചു. കണ്ടക്ടര്‍ ക്ലീറ്റസേട്ടനോ, “ദേ പിള്ളേരെ ഇങ്ങോട്ട് നീങ്ങി നിന്നേ, അങ്ങോട്ട് നീങ്ങി നിന്നേ...”

“ഇയാള്‍ക്കിതൊക്കെ പറയാം. കാല്‍ കുത്താന്‍ പോലും സ്ഥലമില്ല. ഇന്നെന്താണാവോ ഇയാള്‍ ഫുട്ബോളിന്റെ കാര്യമൊന്നും പറഞ്ഞില്ല. അല്ലെങ്കില്‍ പറയുന്നത് കേള്‍ക്കാം, ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലത്തെപ്പറ്റി..” നിഷ നെടുവീര്‍പ്പിട്ടു.

മഞ്ജു പുറത്തേക്ക് നോക്കി. ഹോസ്റ്റലിലെത്തുവാന്‍ ഇനിയുമേറെ ദൂരം പോകേണ്ടിയിരിക്കുന്നു. ബസ്സിലെ തിങ്ങലിനൊരു ശമനം വന്നിരിക്കുന്നു. മഞ്ജു പിറകിലേയ്ക്ക് തിരിഞ്ഞ് ഡാലിയയെ നോക്കി. “ഇന്നെന്താണാവോ അവള്‍ക്കൊരു സീറ്റ് തരപ്പെടുത്തുവാന്‍ കഴിയാതിരുന്നത്?”

ഡാലിയ. സംഘത്തലൈവി. ആരും അവളെ സംഘത്തിന്റെ നേതാവാക്കിയതല്ല. ആ സുഹൃത് സംഘത്തിന്റെ നേതൃത്വം അവള്‍ സ്വയമങ്ങ് ഏറ്റെടുത്തതാണ്. എപ്പോഴും എന്തിനെപ്പറ്റിയെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു വായാടിപ്പെണ്ണ്. സാധാരണ അവള്‍ ഈ സമയത്തിനകം തന്നെ ഏതെങ്കിലുമൊരു സീറ്റ് അടിച്ചെടുക്കുകയാണ് പതിവ്. ആരെയെങ്കിലും പതപ്പിച്ചോ, എന്തെങ്കിലും നമ്പരിട്ടോ അവള്‍ സീറ്റ് തരപ്പെടുത്തും. ബസ്സിലെ ‘സ്ത്രീകള്‍’ എന്ന് എഴുതിയിരിക്കുന്നതിന് കീഴെ മാത്രേ ഇരിക്കൂ എന്നൊന്നും ഡാലിയക്കില്ല. ഒത്തുകിട്ടിയാല്‍ ബസ്സിന്റെ സാരഥിയുടെ സീറ്റ് പോലും അവള്‍ കൈക്കലാക്കും. അതാണവളുടെ സ്വഭാവം. ആരെയും കൂസാത്ത അവളെ ബസ്സിലെ ജീവനക്കാര്‍ക്കുമൊക്കെ കുറച്ച് ഭയവുമായിരുന്നു.

ഡാലിയ തന്റെ വലതു വശത്തിരിക്കുന്ന മദ്ധ്യവയസ്കനെ നോക്കി. അവള്‍ മനസ്സില്‍ പറഞ്ഞു. ഇന്നത്തെ ഇര ഇയാള്‍ തന്നെ. അവള്‍ തിക്കിത്തിരക്കി അയാളുടെ അടുത്തേക്ക് ചെന്നു. അയാളുടെ പുറത്ത് തട്ടിക്കൊണ്ട് അത്ഭുതം അഭിനയിച്ച് കൊണ്ട് ചോദിച്ചു.

“അല്ലാ... ഇതാരാ ഈ ഇരിക്കണേ. ചക്കംകുളങ്ങര ഗോകുല മഠത്തിലെ ഗോപാലമ്മാമയല്യേ. സുഖല്യേ? എന്നെയൊക്കെ മറന്നുകാണും ല്യേ. കുറേനാളായല്ലോ കണ്ടിട്ട്. ഹോ! എന്തൊരു തിരക്കാ, ഈ ഇടികൊണ്ടു മതിയായി. ക്ഷീണിച്ചൂട്ടോ.”

ആ മനുഷ്യന്‍ അവളെ ശ്രദ്ധിച്ച് നോക്കി. ഈ കുട്ടിയെ ഒരിക്കലെങ്കിലും എവിടേയും കണ്ടതായ് ഓര്‍മ്മിക്കുന്നില്ലല്ലോ. അവളുടെ കൂട്ടുകാരികളെന്ന് തോന്നിപ്പിക്കുന്ന പെണ്‍കുട്ടികള്‍ അടക്കിചിരിക്കുന്നുമുണ്ട്. ഉം!

“അല്ലാ.. ദ് മ്മടെ വടക്കേലെ ദേവൂട്ടീടെ മോളല്യേ?! പെട്ടെന്നെനിക്ക് മനസ്സിലായില്യാട്ടോ. മോള്‍ നിന്ന് ക്ഷീണിക്കണ്ട. ദാ ഇവിടെ ഇരുന്നോളൂട്ടോ” എന്ന് പറഞ്ഞ് കൊണ്ട് അയാള്‍ വേഗം അവള്‍ക്ക് ഇരിക്കാനായ് തന്റെ സീറ്റൊഴിഞ്ഞു കൊടുത്തു. എന്നിട്ടു പറഞ്ഞു.

“നിന്റെ ഇപ്ലത്തെ സ്ഥിതിയില്‍ ബസ്സ് യാത്രയൊന്നും നല്ലതല്യാട്ടോ. അതുകൊണ്ടാ ക്ഷീണം തോന്നണേ. പിന്നെ, അലക്കാന്‍ എടുത്തോണ്ട് പോയ തുണികളൊക്കെന്ത്യേ? ഇസ്തിരികൂടെച്ചെയ്തു നാളെത്തന്നെ കൊണ്ടുവന്നേക്കണം. വാരസ്യാരു അവളുടെ വീട്ടില്‍ നിന്നും നാളെപ്പുലര്‍ച്ചയ്ക്കുള്ള മെയിലില്‍ തിരികെ വരുമെന്നാ പറഞ്ഞിരിക്കണേ. ആ.. പിന്നെ നിന്റെ കെട്ട്യോന്റെ പേരിലുള്ള കേസൊക്കെ തീര്‍ന്നോ? അല്ല, ഇപ്പഴും ജയിലീ‍ത്തന്ന്യാണോ? ഇതൊക്കെ അന്വേഷിക്കാനെവിട്യാ നേരം, ശിവ ശിവ...”

അപ്പോഴേയ്ക്കും ബസ്സ് വൈറ്റിലയിലെത്തിയെന്നോ അല്ല, കടവന്ത്രയെത്തിയിട്ടുള്ളെന്നോ... വാടിയ ഡാലിയ അവിടെയെവിടെയോ ഇറങ്ങി പിറകേ വന്ന ബസ്സിലോ... അല്ല, അതു കഴിഞ്ഞുള്ള ബസ്സിലോ ഹോസ്റ്റലില്‍ എത്തിയെന്നോ.. അതോ മഹാപിശുക്കിയായ അവള്‍ ഓട്ടോ പിടിച്ചെത്തിയെന്നോ മറ്റോ ആണ് കൂട്ടുകാരികള്‍ക്കിടയിലുണ്ടായ സംസാരം.

Tuesday, October 02, 2007

ദേശാടനക്കിളി യാത്രയായി

എങ്ങു നിന്നോയിവിടെ പറന്നിറങ്ങി
എന്തോ തേടിയലഞ്ഞിവിടെ
എന്തെന്ത് ലഭിച്ചു, ലഭിച്ചില്ലാ
എന്തിനിവിടെയെപ്പോഴോ താണിറങ്ങി
എന്തിനുമേതിനും ഉത്തരമേകാനി-
നിയുമാരെയും കാത്തിടാതെ
ദേശാടനക്കിളി യാത്രയാവുകയായ്
ചിറകടി ശബ്ദമേതും കേള്‍പ്പതുണ്ടോ
കാതോര്‍ത്തിരുപ്പത് വ്യര്‍ത്ഥമല്ലോ
മറ്റൊരു യാത്രയ്ക്കൊരുങ്ങുകയാണെടോ.

ജീവിച്ചിടും കാലത്താരെയും ദ്രോഹിച്ചിടാതെ
ചില്ലകള്‍ തോറും തന്‍താവളം മാറ്റിടുമ്പോള്‍
പ്രകൃതിതന്‍ ഭാവവും മാറിടുമ്പോള്‍
കാലത്തിനൊപ്പിച്ച് മാറിടാതെയെ-
ങ്കിലുമിന്നതിനെന്തോ മാറ്റം തോന്നിടവേ
മാറ്റത്തിനായ് കൊതിച്ചു വീണ്ടും യാത്രയായി.
ദേശാടനക്കിളി കരയാറില്ലെന്നാരോ പറഞ്ഞു
ഇല്ലില്ലയില്ലില്ല, ദേശടനക്കിളിയും കരയാറുണ്ട്
കുഞ്ഞുചിറകുകള്‍ വിരിച്ച് പറന്നുയരുമ്പോളിന്ന്
അശ്രുകണങ്ങളാലതിന്‍ കാഴ്ച മങ്ങിയിരുന്നോ?

Monday, October 01, 2007

ആരാണ് ബാപ്പു?

കൊയിലാണ്ടിയിലോ മലപ്പുറത്തോ മറ്റോ ഉള്ള ഏതോ ഒരു ബാപ്പുവിനെ കുറിച്ചല്ല ചോദ്യം... ബാപ്പുജി, മഹാത്മജി, ഗാന്ധിജി, എം.കെ.ഗാന്ധി എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന നമ്മുടെ രാഷ്ട്രപിതാവ്. 1869 ഒക്ടോബര്‍ 2 ന് ഗുജറാത്തിലെ, പോര്‍ബന്തറില്‍ ജനിച്ച മഹാത്മാ ഗാന്ധി എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ഇദ്ദേഹത്തെക്കുറിച്ചറിയാത്ത ആരാണുള്ളതെന്ന് അഹങ്കരിച്ചു നടന്നവനാണീയുള്ളവന്‍. എന്റെ സകല ധാരണകളും കീഴ്മേല്‍ മറിക്കുന്നതായിരുന്നു രണ്ടു ദിവസം മുന്‍പ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വായിച്ച കാര്യങ്ങള്‍.

"He must have done something right or his birthday wouldn't be a holiday for us every year".
ചെന്നൈയിലെ ഒരു പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയാണത്, ഗാന്ധിജിയെക്കുറിച്ച്.

നമ്മുടെ രാഷ്ട്രപിതാവിനെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്കുള്ള പരിമിതമായ അറിവ് എന്നെ ദുഃഖിതനാക്കുന്നു. നിരാശനാക്കുന്നു. ഭാരത സ്വാതന്ത്ര്യത്തിന് വേണ്ടി അഹോരാത്രം ജീവിതം ഹോമിച്ച ആ മഹാത്മാവിനോടുള്ള കടുത്ത അനാദരവും നിന്ദയും തന്നെയാണ് ഈ അറിവില്ലായ്മ.

2007 സെപ്തംബര്‍ 30 ന് എക്സ്പ്രസ്സ് ദിനപ്പത്രത്തിന്റെ സപ്ലിമെന്റ് "Magazine - Views & Reviews" പ്രസിദ്ധീകരിച്ചത് കോപ്പിറൈറ്റ് നിയമങ്ങള്‍ക്ക് അതീതമായ് ഞാനിവിടെ പകര്‍ത്തുന്നു. പത്രാധിപര്‍ എന്നോട് ക്ഷമിക്കുമെന്ന് കരുതുന്നു.

തലക്കെട്ട് - Who was born on Oct 2? - Gandhiji, Mahatma, Bapu.

Mahatma Gandhi. We know him by several names. But how many us know about him? New Sunday Express finds out

Nishant Arya, Class 2 student, Chennai
"Mahatma Gandhi is the Father of our Nation. I don't know what that means but he was a great man. He was a great man because he was a very smart man. He was always walking with a long stick and told evil people not to fight with each other.

Gandhiji made Independence Day for India. When evil people came to India from England, he told them to go away and not to fight with us. But they broke all the rules. Gandhiji told not to fight but there was lot of fighting. And India was free.

I don't know Gandhiji's full name but he was born in India. A very evil man killed him. It was very long ago so I think he must have killed him with a bow and arrow. I know what Gandhiji looks like because I have seen him on books when I go to Landmark in Citi Centre. I have also seen him in Munnabhai."

ഗാന്ധിജിയെക്കുറിച്ച് ഈ രണ്ടാം ക്ലാസ്സുകാരന്റെ ധാരണകള്‍ നോക്കൂ. ഇവന് ശരിയായ വിവരങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ അവന്റെ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ കഴിഞ്ഞിട്ടില്ല. ശരി പോട്ടെ, ചെറിയ കുട്ടിയല്ലേ... നമുക്ക് മാപ്പ് കൊടുക്കാം. പക്ഷെ ചെന്നൈയിലെ ഒരു വി.ജെ. പറഞ്ഞിരിക്കുന്നത് നോക്കൂ. വി.ജെ (VJ) എന്നു വച്ചാല്‍ വളിപ്പടിക്കുന്ന ജോക്കര്‍ എന്നാണോ അതോ വീഡിയോ ജോക്കി എന്നാണോ ആവോ!

Paloma, VJ, Chennai
Q: What was Gandhiji's full name?
A: (Long pause) Mohandas Gandhi... I think.

Q: How did he die?
A: He was shot.

Q: Who killed him?
A: Hm... don't know.

Q: Where was he born?
A: I used to know this... but no idea. (മറന്നു പോയത്രേ!)

Q: Did he die before Independence or after?
A: I'm going with after.

Q: What was the movement he was known for?
A: Non-violence movement? (ഇതൊരുത്തരമോ..ങാ! മറുചോദ്യം)

Q: Wife's name?
A: Nope. (ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന്റെ ഗേള്‍ഫ്രണ്ട് ആരാണ് എന്നത് ചിലപ്പോള്‍ അറിയാമായിരിക്കും)

Q: Did he have children?
A: Yes.

Q: How do you know that?
A: Well, because everyone keeps talking about how Nehru's kid carried on his legacy but Gandhiji's did not. (വണ്ടര്‍ഫുള്‍!)

Q: Watched any movies on Gandhi / about Gandhi?
A: Just the one starring Ben Kingsley a long time ago. (ആശ്വാസമായി, :) )

എങ്ങനെയുണ്ട്?! ഈ അടുത്തിറങ്ങിയ ഒരു മിമിക്സില്‍ കേട്ടിട്ടുണ്ട്. ഒരു ലോണിന് വേണ്ടി ബാങ്ക് മാനേജരെ സമീപിച്ചയാളിനോട് വീട്ടില്‍ ആരൊക്കെയുണ്ടെന്നും മറ്റുമുള്ള ചോദ്യത്തിനിടയില്‍ അയാളുടെ അനിയത്തിയെക്കുറിച്ച്...

ബാങ്ക് മാനേജര്‍ : അനിയത്തി എന്തു ചെയ്യുന്നു?
ജോണ്‍: അവള്‍ക്ക് പ്രാന്താ സാറേ.
ബാ.മാ : ങെ!? ഭ്രാന്തോ?!
ജോ. : അതെ. അവള്‍ കിരണ്‍ ടി.വിയിലെ അവതാരകയാ.

ഈ ഒരു ഡയലോഗാണ് ഈ വി.ജെ.യുടെ ഉത്തരങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മ്മവന്നതും.

Madhusudhan, Ramchandra and Manoj
Catering Stewards, Hyderabad
Q: In which city was Mahatma Gandhi born?
A: "Gujarat," says Madhusudhan. "I think the city was Kathiawar," says Ramchandra while Manoj keeps silent.

Q: What was the date of his assassination?
A: Don't know.

Q: What was the name of his wife?
A: Don't know.

അടുത്തത്, ഹൈദരാബാദിലുള്ള ഒരു വീട്ടമ്മയുടെ വിലയിരുത്തലാണ്. ദൈവമേ ഇവരുടെ കുട്ടികളുടെ കാര്യം..? :(

Hepsiba, Homemaker, Hyderabad
Q: In which city was Mahatma Gandhi born?
A: Ahmedabad. (ഗോഷ്!)

Q: What was the date of his assassination?
A: He was killed before India's Independence. I don't know the exact date. (ഒന്നും പറയാനില്ല)

Q: What was the name of his wife?
A: She used to be called Ba.

ഇനി താഴെ, രഘുവും ഏഞ്ചലും പറയുന്നത് നോക്കൂ. വളരെ കഷ്ടം തന്നെയാണ്. ദൈവം ഇവരോട് പൊറുക്കട്ടെ.

Raghu, Sales Executive, Chennai
"Ok he did a lot for us and all but it's not like freedom got us anywhere... We're still a poor country. And was he the one responsible for our freedom anyway? I'm sure others also had something to do with it. So what's the hype about? And those women who were always with him. He was a sex maniac, wasn't he? Someone told me that, though I don't know the details."
ഇയാളെ ആരും കല്ലെറിയാതിരിക്കട്ടെ. പകരം യാഥാര്‍ത്ഥ്യമെന്തെന്ന് പകര്‍ന്നു കൊടുക്കട്ടേ...

Aanchal, Class 12 student, Chennai
"He was cool I guess. Did a lot for our country. Apparently he didn't have sex for some 50 years. Is that true? How come his wife didn't leave him? And how did that help us in getting our freedom? But yeah, he must have done something right or his birthday wouldn't be a holiday for us every year."

വളരെയേറെ സങ്കടം തോന്നുന്നു. :( കഷ്ടം തന്നെ!

Kennedy, College student, Chennai
“Umm.. I don't know much about him. He was a great man I guess. They wouldn't have made him a saint and made so many statues of him otherwise. Sorry, my history sucks."

ഭാഗ്യം...

Janani, College student, Chennai
"He was a good guy. He did a lot for India and all that. He's like, he made like some very good policies like truth and non-violence and all. But I guess people don't care much about it, they don't follow his policies. I mean like, people lie all the time. But personally I feel he was a great guy."

Rajashekhar, Security Guard, Hyderabad
Q: In which city was Mahatma Gandhi born?
A: Don't know. I've seen Shankardada Zindabad (remake of Lage Raho Munnabhai, starring Chiranjeevi) twice, but I didn't pay attention to the details about Gandhiji. What I do know about him was that he preached non-violence.

Q: What was the date of his assassination?
A: Don't know.

Q: What was the name of his wife?
A: Don't know.

ഇതു വരെ നമ്മള്‍ വായിച്ചത് അന്യസംസ്ഥാനങ്ങളിലെ പ്രജകള്‍ മൊഴിഞ്ഞതാണെങ്കില്‍, ഇനി ഇതാ നമ്മുടെ ഒരു മലയാളി വനിതയ്ക്ക് ഗാന്ധിജിയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് നോക്കൂ...

Indira, Domestic help, Thiruvananthapuram
"I was 12 when I first heard about Mahatma Gandhi. Everyone in our locality respected him. Gandhiji's picture used to appear in currencies and coins. So I was sure that he must have done something great for the people of our country. Otherwise, why should people give him so much importance? But I still don't know what he did for us. We used to call him Gandhiappoppan (appoppan means grandfather in Malayalam). I have seen his pictures printed on wall posters during election campaigns. I don't know much about him."

ഇന്ദിരച്ചേച്ചി, പന്ത്രണ്ടാം വയസ്സില്‍ തുടങ്ങി കേട്ടതല്ലേ അദ്ദേഹത്തെ കുറിച്ച് ? നാണയങ്ങളിലും കറന്‍സി നോട്ടുകളിലും വാള്‍ പോസ്റ്ററുകളിലും താങ്കള്‍ കണ്ടിട്ടും, ഇദ്ദേഹം ആരെന്ന് അറിയാന്‍ ശ്രമിച്ചില്ലല്ലോ.. :(

ഇനി വിദേശിയായ ദിമിത്രി ക്ലീന്‍ ഗാന്ധിജിയെക്കുറിച്ചുള്ള തന്റെ അറിവ് പങ്ക് വയ്ക്കുന്നത് നോക്കൂ.

Dimitri Klein, Hotelier, Pondicherry
"I have been living in India for the past 10 years and have a chain of hotels here. I also run the Children of the World India, a Chennai-based charity that gives free education to tsunami affected children.

I had heard about Gandhi even before I came to India as he's the most important figure in this century. I don't know his full name but I know that he was born in Gujarat. I have seen several documentaries on his life, so I know all about his life, his stay in South Africa. Just two weeks ago, I saw a documentary on Gandhi which was on the Internet, Gandhi: Pilgrim of Peace. It showd how there was an attempt on Gandhi's life one week before he was actually assassinated. And the attempt was made by none other than the brother of the man who finally assassinated him. I don't remember his name though. I have also watched Gandhi, My Father, the movie which was released some time ago.

What I remember most about Gandhi is that he stood for non-violence. And he made India independent through non-violent means. He was a very unconventional person as he took a different stance. Though he was against the Partition, he always tried to protect the rights of Muslims."

മുകളില്‍ പറഞ്ഞിരിക്കുന്ന വിദേശിക്ക് നമ്മുടെ ആളുകളേക്കാള്‍ നിശ്ചയമുണ്ടെന്ന് തോന്നുന്നു ഭാരതത്തിന്റെ രാഷ്ട്രപിതാവിനെ കുറിച്ച്. വളര്‍ന്നു വരുന്ന തലമുറ ഇങ്ങനെയൊക്കെയാണ് ഗാന്ധിജിയെക്കുറിച്ച് ധരിച്ചു വച്ചിരിക്കുന്നതെങ്കില്‍ വരും തലമുറയുടെ കാര്യത്തില്‍ എനിക്ക് അതിയായ ഉത്ക്കണ്ഠയുണ്ട്. ഭയാശങ്കയുണ്ട്. ഇനിയും എത്രയെത്ര കഥകള്‍ അവര്‍ പറയും. അതൊക്കെ ഇനി വരുന്ന തലമുറകളിലേയ്ക്ക് കൈമറിഞ്ഞ് പോവുകയും ചെയ്യും. ഇടയ്ക്കെപ്പോഴോ കേട്ടിട്ടുണ്ട്. എന്തിന് ‘ചരിത്രം’ എന്ന വിഷയം നമ്മുടെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു? മുന്നോട്ടുള്ള ജീവിതത്തില്‍ ചില പഴയ രാജാക്കന്മാര്‍ക്കും, തീയതികള്‍ക്കും എന്താണ് ചെയ്യാനുള്ളത്.. എന്നൊക്കെ. പക്ഷെ, അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതായ നമ്മുടെ ജീവിക്കുന്ന രാജ്യം. അതെന്തായിരുന്നു? എന്തായിരുന്നു അതിന്റെ ചരിത്രം? സ്വാതന്ത്ര്യം? ആരില്‍ നിന്ന് എന്ന് ലഭിച്ചു? എങ്ങിനെ ലഭിച്ചു? ആരൊക്കെ പങ്കെടുത്തു, ആ സമരത്തില്‍? നമുക്ക് മുന്‍പ് എന്തായിരുന്നു എന്ന് അറിഞ്ഞിരിക്കുക തന്നെ വേണം.

---------------------------------------------------------------



Name: Mohandas Karamchand Gandhi
Alternate Name: Mahatma Gandhi
Date of Birth: October 2, 1869
Place of Birth: Porbandar, Gujarat, British India
Date of Death: January 30, 1948 (Aged 78)
Place of Death: New Delhi, India
Name of wife: Kasturba Gandhi
Movement: Indian Independence Movement
Major Organisation: Indian National Congress
Principles: Truth, Non-Violence, Vegetarianism, Brahmacharya, Simplicity, Faith

അദ്ദേഹത്തെക്കുറിച്ച് അറിയാത്തവര്‍ ഉണ്ടാകാതിരിക്കട്ടെ. അദ്ദേഹത്തെക്കുറിച്ച് ആരെന്ത് ചോദിച്ചാലും ‘അറിയില്ല’ എന്ന ഉത്തരം കൊടുക്കാതിരിക്കട്ടേ.
കൂടാതെ, മറ്റ് വിഡ്ഡിത്തങ്ങളും എഴുന്നള്ളിക്കാതിരിക്കട്ടേ... പ്രാര്‍ത്ഥനയോടെ...

മഹാത്മജിയുടെ 138-ാം ജന്മദിനത്തില്‍ ഏവര്‍ക്കും എന്റെ ആശംസകള്‍. സാഹോദര്യത്തിന്റേയും, സ്നേഹത്തിന്റേയും, നന്മയുടേയും, അഹിംസയുടേയും ദിനങ്ങളാവട്ടെ ഇനിയുള്ളത്... ഇനിയും വൈകിയിട്ടില്ല...

ജയ് ഹിന്ദ് !

കടപ്പാട് : Dakshayani Kumaramangalam, Kamini Mathai, Priya M. Menon, Ali Bin Abdulla, New Indian Express

Wednesday, September 26, 2007

വെള്ളാരം കണ്ണുള്ള മാലാഖ

അവള്‍ മെല്ലെ കിടക്കയിലേയ്ക്ക്‌ ചാഞ്ഞു. ചിന്തകളില്‍ സ്വയം നഷ്ടപ്പെട്ട്‌ അവള്‍ തനിക്കു മുകളില്‍ കറങ്ങുന്ന ഫാനിലേയ്ക്ക്‌ മിഴികള്‍ പായിച്ചു. പെട്ടെന്ന്‌ മൊബൈല്‍ ഫോണ്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ അവളുടെ കാതുകളില്‍ ഇമ്പമാര്‍ന്ന ശബ്ദവീചികള്‍ തീര്‍ത്തു. ടെക്സ്റ്റ്‌ മെസ്സേജില്‍ അവള്‍ അലസമായ്‌ കണ്ണോടിച്ചു. അഖില്‍ അയച്ച എസ്‌ എം എസ്‌, അതിങ്ങനെയായിരുന്നു.

"I love you more than the words can explain."

അവള്‍ തന്നോടു തന്നെ മധുരസ്മിതം പൊഴിച്ചിട്ട്‌ തിടുക്കത്തില്‍ ഒരു മറുപടി ടൈപ്പു ചെയ്തു.

"You're the angel who has saved me from this lost and lonely world. I love you."

അവള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്തിട്ട്‌ വീണ്ടും മുകളില്‍ കറങ്ങുന്ന ഫാനില്‍ നോക്കി കിടന്നു. എന്തോ ഓര്‍ത്തു പുഞ്ചിരിച്ചു. ചിന്തകള്‍ അവളോടു പറഞ്ഞു.

"So this is what it feels like to be in love. I will never let him go...ever".

വെള്ളാരം കണ്ണുള്ള അഖിലിന്റെ മുഖം സങ്കല്‍പ്പിച്ചവള്‍ പതുക്കെ കണ്ണുകളടച്ചു. എന്നിട്ടു മന്ത്രിച്ചു.

"I love you."

വളരെ നാളുകള്‍ക്കു ശേഷം അന്നവള്‍ ശാന്തമായുറങ്ങി.

Sunday, August 26, 2007

ഞങ്ങളുടെ Web 2.0 ഓണപ്പൂക്കളം

24 ആഗസ്റ്റ് 2007 വെള്ളിയാഴ്ച...

ഇന്നും പതിവ് പോലെ തന്നെ രാവിലെ 6 മണിക്ക് മുമ്പ് തന്നെ ഓഫീസിലെത്തി. ഭാഗ്യത്തിന് ഇന്ന് clients ഉം മറ്റ് in-house പണികളുമുണ്ടായിരുന്നില്ല. ഇന്നലെത്തന്നെ പൂക്കള്‍ വാ‍ങ്ങാനും മറ്റും ഓരോരുത്തരെ ഏല്‍പ്പിച്ചിരുന്നു. ഒരു തെങ്ങിന്‍ പൂക്കുലയടക്കം 6 തരം പൂവുകളേ ഞങ്ങള്‍ക്ക് ലഭിച്ചുള്ളൂ. ഇന്നലെ മാത്രമാണ് ഒരു ഓണപ്പൂക്കളം നമുക്കിടണം എന്ന പ്ലാന്‍ ഉരുത്തിരിഞ്ഞതും തീരുമാനമായതും. അതിന് വേണ്ട ഡിസൈന്‍ finalise ആയതും ഇന്ന് മാത്രമാണ്. സാധാരണ കണ്ടു വരുന്ന പരമ്പാരാഗത ഡിസൈനായ വട്ടത്തിലുള്ള പൂക്കളത്തില്‍ നിന്ന് വേറിട്ട് theme വച്ചുള്ളൊരു abstract ഡിസൈന്‍ വരച്ചുണ്ടാക്കുകയും ചെയ്തു. കൈയ്യിലുള്ള തുച്ഛമായ പൂക്കള്‍ കൊണ്ട് ഒരു ഡിസൈന്‍.


കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായ് ഇന്‍ഫോ പാര്‍ക്കിലെ പൂക്കളമത്സര ജേതാക്കള്‍ ഞങ്ങളുടെ കമ്പനി തന്നെയാണ്. പക്ഷെ ഇത്തവണ എന്തുകൊണ്ടോ പാര്‍ക്ക് അധികൃതര്‍ പൂവിടല്‍ മത്സരം സംഘടിപ്പിക്കുകയുണ്ടായില്ല. ഒരുപക്ഷെ, ഇത്തവണയും ഞങ്ങള്‍ സമ്മാനം അടിച്ചെടുത്താലോ എന്ന് പേടിച്ചിട്ടാവും. ഇന്നലെ മാത്രമാണ് അനൌണ്‍സ്മെന്റ് ഉണ്ടായതും - അതാത് കമ്പനികളുടെ ഉള്ളില്‍ ഒരു പൂക്കളമിടാം. ഞങ്ങളുടെ കമ്പനി നിലകൊള്ളുന്ന floor ല്‍ തന്നെ പത്തോളം മറ്റ് കമ്പനികളും ഉണ്ട്.

അങ്ങനെ കമ്പനിക്കകത്തു തന്നെ ഒരു പൂക്കളം setup ആക്കാന്‍ ഞങ്ങള്‍ preparation തുടങ്ങി. വരയ്ക്കാനുള്ള സാമഗ്രികള്‍ എടുത്ത് ഞങ്ങള്‍ തയ്യാറായപ്പോള്‍, അതാ വരുന്നു അടുത്ത അറിയിപ്പ്. വേണമെങ്കില്‍ നാലാള്‍ കാണ്‍കെ, കമ്പനികള്‍ക്ക് പുറത്ത് ലിഫ്റ്റുകള്‍ക്ക് മുന്നിലുള്ള ആയ ‘നടുമുറ്റത്ത്’ പൂക്കളം തയ്യാറാക്കാം. ഞങ്ങള്‍ വീണ്ടും ചര്‍ച്ച തുടങ്ങി. കമ്പനികള്‍ക്കുള്ളില്‍ പൂക്കളമിട്ടാല്‍ വേറെ ആരും കാണില്ല, കാരണം പൂക്കളുടെ അളവ് വളരെ കുറവാണല്ലോ. പക്ഷെ, majority guys നും പുറത്ത് തന്നെ പൂക്കളമിടാനായിരുന്നു ആഗ്രഹവും ആവേശവും. അതിനൊക്കെ പുറകില്‍ മറ്റൊരു സദുദ്ദേശവുമുണ്ടായിരുന്നു. കേരള സാരിയില്‍ അണിഞ്ഞൊരുങ്ങി വന്നിരിക്കുന്ന തരുണീമണികളെ മറ്റ് കമ്പനികളിലെ പെണ്‍കുട്ടികള്‍! So, എവിടെ പൂക്കളമിടണമെന്നതിന് തീരുമാനമായി.

ആ തരുണീമണികള്‍ താന്താങ്ങളുടെ സ്ഥലം പിടിച്ചു തുടങ്ങി. കൂടാതെ, ആ മാര്‍ബിള്‍ പാകിയ നടുമുറ്റത്ത് sketch ഇടാനും തുടങ്ങിയിരുന്നു. ലിഫ്റ്റിന് മുന്നില്‍ ചുമരിനോട് ചേര്‍ന്ന് ആ ഒതുങ്ങിയ സ്ഥലം ഞങ്ങള്‍ക്കായ് തിരഞ്ഞെടുത്തു. പേപ്പറില്‍ ചെയ്തു വച്ചിരുന്ന mockup design ഫളാഫളാ മിന്നുന്ന ആ മാര്‍ബിള്‍ മുറ്റത്ത് embed ചെയ്തു തുടങ്ങി. ഞങ്ങളുടെ ഷിഫ്റ്റിലുള്ളവര്‍ മാറിയും മറിഞ്ഞും പ്രസ്തുത site ല്‍ വന്നും പോയും സഹായിച്ചും അഭിപ്രായങ്ങള്‍ പങ്കുവച്ചും അവരുടെ സാന്നിദ്ധ്യമറിയിച്ചു കൊണ്ടിരുന്നു. ഫോട്ടോയ്ക്ക് ചെയ്യാന്‍ വേണ്ടി മാത്രവും ചിലര്‍ വന്ന് പൂക്കളമിടാന്‍ ഞങ്ങളെ സഹായിച്ചു. അങ്ങനെ ഞങ്ങളുടെ ഈ വര്‍ഷത്തെ പൂക്കളം അങ്ങനെ develop ചെയ്തു തുടങ്ങി.


ഇടയ്ക്ക് മനസ്സിലും പേപ്പറിലും കമ്പ്യൂട്ടറിലും visualize ചെയ്തത് കളത്തില്‍ വരാതിരിക്കുമ്പോഴും തെറ്റിപ്പോവുമ്പോഴും ആദ്യം മനസ്സില്‍ വരുന്നത് Cntl Z (undo) ആണ്. അത് ഇവിടെ നിവൃത്തിയുള്ള സംഗതിയല്ലല്ലോ. തരുണീമണികള്‍ കലപില കൂട്ടി അവരുടെ പൂക്കളങ്ങള്‍ പൂര്‍ത്തിയാക്കി save ചെയ്തു കഴിഞ്ഞു, വിളക്കുകള്‍ കൊളുത്തിത്തുടങ്ങുമ്പോഴും ഞങ്ങളുടെ പൂക്കളം Cntl Z ലൂടെയും Cntl C, V ലൂടെയും ഇഴഞ്ഞ് പൂര്‍ത്തിയായ്ക്കൊണ്ടിരുന്നു. അതില്‍ ഒരു കമ്പനിയുടേത് വലിയൊരു വൃത്താകൃതിയിലുള്ള പൂക്കളമായിരുന്നു. 6 അടിപ്പൊക്കമുള്ളയാള്‍ കമഴ്ന്ന് കിടന്നാല്‍ പോലും അതിന്റെ നടുവില്‍ തൊടാനാവത്തത്ര വലിപ്പമുള്ളത്. അവര്‍ വരെ പൂക്കളമിട്ട് കഴിഞ്ഞ് ഫോട്ടോ സെഷന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അന്ന് ആ floor ല്‍ ഞങ്ങളുടേത് മാത്രമായിരുന്നു വൃത്താകൃതിയിലല്ലാത്ത പൂക്കളം. “Quantity യിലല്ല, Quality യിലല്ലോ കാര്യം” ഇതായിരുന്നു ഞങ്ങളുടെ Motto!

അവസാനം ഞങ്ങളുടെ mockup ഒരു യാഥാര്‍ത്ഥ്യമായി. ഇതാ നോക്കൂ... ഇതാണ് ഞങ്ങളുടെ Web 2.0 ഓണപ്പുക്കളം.


ഒരു ചിത്രശലഭം തേന്‍ നുകരുന്നതാണ് Theme എങ്കിലും, അത് ഇതുപോലെ ഒരു പൂര്‍ണ്ണത കൈവരുത്തുവാന്‍ ഒരുപാട് work ചെയ്യേണ്ടി വന്നു. Abstract corner കളും gradient effect ഉം abstract shapes ഉം web 2.0 ന്റെ ഒരു look & feel തരുന്നില്ലേ?

ഏവര്‍ക്കും എന്റെ തിരുവോണാശംസകള്‍ :)

നടുമുറ്റത്ത് പൂവിടാന്‍ ധൈര്യപ്പെട്ട മറ്റു കമ്പനികളുടെ ഓണപ്പൂക്കളം കൂടി ഞാനിവിടെ ചേര്‍ക്കുന്നു...



ഏവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ തിരുവോണാശംസകള്‍ :)

Sunday, August 12, 2007

സ്വാതന്ത്ര്യ ദിനാശംസകള്‍

5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട
2,973,190 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയില്‍
നിലകൊള്ളുന്ന ഭാരതാംബയ്ക്ക് നാളെ
അറുപതാം സ്വാതന്ത്ര്യദിനം...

ഈ വേളയില്‍ എന്റെ എളിയ സ്വാതന്ത്ര്യദിന
ലോഗോ ഇവിടെ ചേര്‍ക്കുന്നു.

സ്വാതന്ത്ര്യദിനാശംസകള്‍...

ജയ് ഹിന്ദ് :)

Monday, August 06, 2007

24 x 7 ഇനി ഇല്ല - ഒരു ഭീഷ്മശപഥം

അങ്ങനെ കാത്തുകാത്തിരുന്ന ദിവസം ശ്..റേ..ന്നിങ്ങെത്തി. ഇന്ന് ആഗസ്റ്റ് 6, 2007. ഞാന്‍ ഒരു ഭീഷ്മശപഥം അങ്ങ് പാസ്സാക്കി. ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ എപ്പോഴുമെന്നോട് ചോദിച്ചിരുന്ന, അസൂയയും കുശുമ്പും കലര്‍ന്ന ഒരു ചോദ്യമുണ്ടായിരുന്നു. “ഡാ നിക്കേ നീ എപ്പോഴും 24x7 ഓണ്‍ലൈന്‍ ഉണ്ടല്ലോ.” ഇനി മുതല്‍ അവര്‍ക്ക് അസൂയപ്പെടേണ്ടല്ലോ. കുശുമ്പും വേണ്ട. ഞാന്‍ 24x7 ഓണ്‍ലൈന്‍ സപ്പോര്‍ട്ടങ്ങ് നിര്‍ത്തി. (ഹിഹി ആരും നിര്‍ത്തിച്ചതല്ല ട്ടോ).

ഇനി മുതല്‍ നോ ഓര്‍ക്കൂട്ടിംഗ്, നോ ഗൂഗിള്‍ ടാക്കിംഗ്, നോ യാഹൂവിംഗ് വൈല്‍ ഐ ആം അറ്റ് ദി ഓഫീസ്. സോ, നാളെ മുതല്‍ ഓഫീസ് ടൈമില്‍ ഞാന്‍ ഓണ്‍ലൈന്‍ പോയിട്ട്, മൊബൈലില്‍ വരെ അവൈലബിള്‍ ആയിരിക്കില്ല. ആയതുകൊണ്ട്, പ്രിയ സുഹൃത്തുക്കളേ ഇതൊരു അറിയിപ്പായ് കണക്കാക്കി ഒരു പ്രതിഷേധ യോഗം വിളിച്ചു കൂട്ടി ഒരു ഹര്‍ത്താലും ആഹ്വാനം ചെയ്ത് വേണ്ടത് ചെയ്യും. ല്ലേ? പക്ഷേങ്കീ, രാജ്യകാര്യങ്ങളും ഹൌസ്ഹോള്‍ഡ് ഡ്യൂട്ടീസും മറ്റ് ഹോംവര്‍ക്കുകളുമൊന്നുമില്ലെങ്കില്‍, കൊട്ടാരത്തില്‍ നിന്ന് ഞാന്‍ മേല്‍പ്പറഞ്ഞവയിലൊക്കെ ഓണ്‍ലൈനായിരിക്കുന്നതാണ്.

അപ്പോ ല്ലാം പറഞ്ഞത് പോലെ... റ്റാറ്റാ ഫോര്‍ നൌ. ഗുഷ്നൈറ്റ് :)

- ലോകാ സമസ്താ സുഖിനോ ഭവന്തു -

[ദാണ്ടെ, ഇപ്പോള്‍ മാത്രം വൈകി ഉദിച്ച ബുദ്ധി, വിവേകം, തിരിച്ചറിവ് കാരണം വീണ്ടും എഡിറ്റ് പോസ്റ്റ് കൊടുത്തുള്ളില്‍ കയറി ഒരു കാര്യം കൂടി ആഡ് ചെയ്യുന്നു. ഇതെന്റെ 50 - ആം പോസ്റ്റായിരുന്നു!!!]

Sunday, August 05, 2007

സുഹൃത് ബന്ധത്തിന്റെ ആഴം...

... 600 അടി താഴ്ച!!!

2006 സെപ്റ്റംബര്‍ 2

സിജു, സുഭാഷ്, പ്രദീപ്, കൃഷ്ണകുമാര്‍, ജിന്‍സണ്‍, അഭിലാഷ്, അനില്‍, സിജു ജോണ്‍, സുധീഷ്, സുജിത്ത്, സിക്സണ്‍, ജോണി എന്നീ സുഹൃത്തുക്കള്‍ കൊച്ചിയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര പുറപ്പെട്ടു. അടിച്ചുപൊളിച്ച് ആ സംഘം കൊടൈക്കനാലിന്റെ സൌന്ദര്യം നന്നായാസ്വദിച്ചു. പിറ്റേ ദിവസം ഉച്ചയോടെ രണ്ടര മണിയോടെ സംഘം ഗുണ കേവിലെത്തി.

വിനോദയാത്രാ സംഘാംഗങ്ങള്‍ ഓരൊരുത്തരായി ഗുഹയിലേയ്ക്കിറങ്ങി. അന്ന് മഴക്കാറുണ്ടായിരുന്നതിനാല്‍ ഗുഹയ്ക്കുള്ളില്‍ വെളിച്ചം നന്നേ കുറവായിരുന്നു. ഗുഹയുടെ അങ്ങേയറ്റത്തേക്ക് നടക്കുമ്പോള്‍, ഒത്ത നടുക്കായി ഒരു കുഴിയുണ്ട്. എറണാകുളത്തെ ഏതെങ്കിലുമൊരു ഗട്ടര്‍ ചാടിക്കടക്കുന്ന ലാഘവത്തോടെ ചാടിക്കടക്കാവുന്നതേയുള്ളൂ. മുന്‍പേ പോയ മൂന്ന് പേര്‍ ഈസിയായി ആ കുഴി ചാടിക്കടന്നു. സുഭാഷ് ചാടിയപ്പോള്‍ കാലൊന്നിടറിയോ? മുന്‍പേ ചാടിയവരും പിന്നില്‍ വന്നവരും ഒരു നിമിഷം ഒന്നമ്പരന്നു. തങ്ങളുടെ കണ്മുന്നില്‍ നിന്നും മറഞ്ഞ സുഭാഷിന്റെ അകന്നകന്നു പോകുന്ന നിലവിളിയുടെ പ്രതിദ്ധ്വനി ശബ്ദം അവര്‍ ആ കുഴിക്കുള്ളില്‍ നിന്നും കേട്ടു. എന്താണ് സംഭവിക്കുന്നതെന്നവര്‍ക്ക് മനസ്സിലാകും മുന്‍പ് ആ ശബ്ദം നിലച്ചു.

ഗുണ കേവ് അഥവാ ‘ചെകുത്താന്റെ അടുക്കള’

കൊടൈക്കനാല്‍ സന്ദര്‍ശിച്ചിട്ടുള്ള സുഹൃത്തുക്കള്‍ക്ക് നന്നായി അറിയാവുന്നതായിരിക്കും ഈ ഗുഹ. കമലഹാസന്റെ ‘ഗുണ’ എന്ന സിനിമയില്‍ അതിസാഹസികത നിറഞ്ഞ രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ഇവിടെ വച്ചായതിനാലാണ് ഈ ഗുഹയ്ക്ക് ഗുണ കേവ് എന്ന് പേര് വീണതും വിനോദസഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതും. വിനോദസഞ്ചാരത്തിലൂടെ കോടികള്‍ കൊയ്യുന്ന തമിഴ്നാട് സര്‍ക്കാര്‍ ഇത് മുതലെടുത്ത് ടൂര്‍ പാക്കേജുകളില്‍ ഗുണ കേവിനു പ്രാധാന്യം നല്‍കി, തമിഴ്നാട് ടൂറിസവുമായി ബന്ധമുള്ള വെബ്സൈറ്റുകളില്‍ ഇതുള്‍പ്പെടുത്തി. പക്ഷെ, അപകടം നിറഞ്ഞ സ്ഥലമാണിതെന്ന് അവര്‍ രഹസ്യമായ ഒരു പരസ്യത്തിലൊതുക്കി. ഈ പ്രദേശത്തിന് ഗുണ കേവ് എന്ന് പേരു വീഴുന്നതിന് മുന്‍പ് തന്നെ ചെകുത്താന്റെ അടുക്കള എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഗുഹാമുഖത്തു നിന്നുള്ള യാത്ര അവസാനിക്കുന്നത് 600 അടിയിലധികം താഴ്ച വരുന്ന അഗാധ ഗര്‍ത്തത്തിലാണ്. ഗുഹയ്ക്കുള്ളില്‍ത്തന്നെ ആഴം അറിയാത്ത ഒരുപാട് കുഴികള്‍. ഇവിടെ നാട്ടുകാര്‍ക്കു പറയാനുള്ള വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നവയാണ്. ഇവിടെ അപകടത്തില്‍ പൊലിഞ്ഞത് 13 ജീവനുകളാണ്. ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഒരു മന്ത്രിയുടെ ബന്ധുവുമുണ്ട്. ജീവനോടെ അല്ലെങ്കിലും, ശരീരമെങ്കിലും എടുത്തു കൊടുക്കുന്നവര്‍ക്ക് പാരിതോഷികമായി വാഗ്ദാനം ചെയ്യപ്പെട്ടത് 10 ലക്ഷം രൂപയാണ്. പക്ഷെ, അതിന് പോലും ഇതുവരെ ആരും തുനിഞ്ഞിട്ടില്ല എന്നതാണ് സത്യം. മരണം ആര്‍ത്തിയോടെ വാ പിളര്‍ന്നു നില്‍ക്കുന്ന ഈ ഗുഹ നാട്ടുകാര്‍ക്ക് ചെകുത്താന്റെ അടുക്കളയാണ്.

സംഭവിച്ചതിങ്ങനെ

സുഭാഷ് പറഞ്ഞു തുടങ്ങി. “എല്ലാം വളരെ പെട്ടെന്നായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നതിന് മുമ്പ് തന്നെ ഞാന്‍ വായുവില്‍ ഒഴുകി നീങ്ങുന്ന അവസ്ഥ.ചുറ്റും കുറ്റാകൂരിരുട്ട്. മുന്‍പില്‍ നടന്നിരുന്ന സുഹൃത്തുക്കള്‍ കാണാമറയത്തായി. ഉറക്കെ കരഞ്ഞതുപോലും എങ്ങനെയെന്നറിയില്ല. എവിടെയൊക്കെ തട്ടിത്തടഞ്ഞ് നിന്നു. വീണ്ടും വായുവിലൂടെ താഴേയ്ക്ക് യാത്ര. പിന്നെ തട്ടി നിന്നിടത്തു തന്നെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. കുറ്റാക്കൂരിരുട്ടായതിനാല്‍ ഒന്നും വ്യക്തമായില്ല, അടുത്തതെന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്നും ഒരുരുപവും കിട്ടിയില്ല. നന്നായി വഴുക്കലുള്ള ഒരു പാറയിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന് മാത്രം മനസ്സിലായി. കാലൊന്നുറച്ചുകിട്ടിയപ്പോള്‍ മുകളിലേയ്ക്ക് നോക്കി. അവിടെ ഒരു ചിരട്ടയുടെ വലിപ്പത്തില്‍ മാത്രം ആകാശത്തിന്റെ വെട്ടം കണ്ടു. ഉറക്കെ കരഞ്ഞു. അപ്പോള്‍ മുകളില്‍ നിന്ന് അനങ്ങാതെ പിടിച്ച് നില്‍ക്കുന്നയിടത്ത് തന്നെ നില്‍ക്കാന്‍ വിളിച്ചു പറയുന്ന കൂട്ടുകാരുടെ ശബ്ദം പാറകളില്‍ തട്ടി പ്രതിധ്വനിച്ചു. അതോടെ മനസ്സ് കുറച്ച് ശാന്തമായി. എങ്ങനെ രക്ഷപെടും എന്ന് ആലോചിച്ച് തുടങ്ങി. നല്ല തണുപ്പ്, അസ്ഥിതുളയ്ക്കും പോലെ. നിന്നിരുന്നയിടത്തെ ഭിത്തിയില്‍ കൈകള്‍കൊണ്ട് പരതിയപ്പോള്‍ നരിച്ചീറുകള്‍ ശബ്ദമുണ്ടാക്കി പറന്നുയര്‍ന്നു. മുകളിലേയ്ക്ക് നോക്കി. ആകാശത്തിന്റെ ആ ചെറുവട്ടം ചുരുങ്ങി ചുരുങ്ങി വരുന്നു. ഇതിനിടയില്‍ മുകളില്‍ നിന്നും ചെളിയും കല്ലുകളുമടങ്ങിയ വെള്ളം വീഴാന്‍ തുടങ്ങി. മുകളിലേയ്ക്ക് നോക്കാന്‍ വയ്യാത്ത അവസ്ഥ. വെള്ളത്തിലൂടെ വന്ന ഒരു കല്ല് നെറുകന്‍ തലയില്‍ തന്നെ പതിച്ചു.” പതുക്കെ പതുക്കെ ഒരു അവ്യക്തത സുഭാഷിന്റെ കണ്ണിലും ഓര്‍മ്മയിലും വന്നു നിറഞ്ഞു.

പകച്ച് പോയ കൂട്ടുകാര്‍

“ശരിക്കും കുഴിയില്‍ വീണത് ഞങ്ങളാണ്” കൃഷ്ണകുമാര്‍ പറയുന്നു. “സുഭാഷ് കുഴിയിലേയ്ക്ക് വീണുവെന്ന യാഥാര്‍ത്ഥ്യത്തോട് പെട്ടെന്ന് പൊരുത്തപ്പെടാനായില്ല ഞങ്ങള്‍ക്ക്. അതത്ര വലിയൊരു കുഴിയാണെന്നൊട്ട് തോന്നിയതുമില്ല. ഇതൊക്കെ അവന്റെ ഒരു നമ്പരാവണേയെന്നുള്ളുരുകി ഒരുനിമിഷം പ്രാര്‍ത്ഥിച്ചു പോയി. താഴെനിന്ന് അവന്റെ കരച്ചില്‍ കേട്ടപ്പോള്‍, അത് അത്ര വലിയ ഒരു കുഴിയല്ലെന്ന് തോന്നി. കുഴിക്കു ചുറ്റും കമഴ്ന്ന് കിടന്ന് കുഴിക്കുള്ളിലേയ്ക്ക് നോക്കി. ഇരുട്ട് മാത്രം, ഒന്നും കാണുന്നുമില്ല. അവിടെവിടെയോ നിന്നും സുഭാഷിന്റെ കരച്ചില്‍ കേള്‍ക്കാം. ആരും ഒന്നും സംസാരിക്കാനാവാതെ തളര്‍ന്നിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ”.

ഇതിനിടയില്‍ വീണ്ടും കുഴിക്കുള്ളില്‍ നിന്നും സുഭാഷിന്റെ കരച്ചില്‍ കേട്ടു. അതോടെ സുഭാഷിന് ജീവനുണ്ടെന്ന് ബോധ്യമായി. കുഴിക്കരുകില്‍ കിടന്ന് എവിടെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ സിജു ഉറക്കെ വിളിച്ചു പറഞ്ഞു. ഒരാള്‍ മൌനം ഭേദിച്ചതോടെ മറ്റുള്ളവരുമുണര്‍ന്നു. വെറുതെ കുഴിയ്ക്കുള്ളിലേയ്ക്ക് നോക്കിയിരുന്നിട്ട് യാതൊരു കാര്യവുമില്ല.

“എന്തിനും തയ്യാര്‍.... പക്ഷെ എന്താണ് ചെയ്യേണ്ടത്?” സിജു കൂട്ടുകാരുടെ നേതൃത്വം സ്വയം ഏറ്റെടുത്തു. ഒന്‍പത് പേരെ തരംതിരിച്ചു. “മൂന്ന് പേര്‍ കുഴിയുടെ അടുത്ത് നില്‍ക്കണം. ബാക്കിയുള്ള ആറുപേരു കൂടി പൊലീസിനേയും നാട്ടുകാരെയും വിവരമറിയിക്കണം. ഒപ്പം എട്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള ടൌണില്‍പ്പോയി കയറും ടോര്‍ച്ചും വാങ്ങണം”. ദിശാബോധം ലഭിച്ചതോടെ സുഹൃത്തുക്കള്‍ എല്ലാവരും കര്‍മ്മനിരതരായി.

മഴ

“ഞങ്ങള്‍ മൂന്നുപേര്‍ മാത്രമായപ്പോഴേയ്ക്കും അവസ്ഥ കൂടുതല്‍ വഷളാകുവാന്‍ തുടങ്ങി”. സുധീഷ് പറഞ്ഞുതുടങ്ങി. “ടോര്‍ച്ചും കയറും സംഘടിപ്പിക്കാന്‍ പോയ കൂട്ടുകാര്‍ പോയതോടെ സുഭാഷിനെ ആശ്വസിപ്പിക്കായിരുന്നു ഞങ്ങളുടെ ശ്രമം. അവന്റെ കരച്ചില്‍ ഇടയ്ക്കിടെ കേള്‍ക്കാം. രക്ഷാപ്രവര്‍ത്തനത്തിന് സാമഗ്രികളും ആളുകളും എത്തുവരെ അവന് ആത്മവിശ്വാസം പകര്‍ന്ന് കൊടുക്കണം. ഞങ്ങള്‍ മൂന്നുപേരും മാറി മാറി വിളിച്ചുകൊണ്ടിരുന്നു. ചിലപ്പോഴൊക്കെ സുഭാഷിന്റെ ശബ്ദം പ്രതിദ്ധ്വനിച്ചു മുഴക്കമായി മുകളിലേയ്ക്ക് വന്നു.”

“ഇതിനിടെ ഒരു ശാപം പോലെ മഴ തുടങ്ങി. ആകാശത്ത് കെട്ടിക്കിടന്ന സകല കാര്‍മേഘങ്ങളും ഞങ്ങളുടെ മേല്‍ പെയ്തിറങ്ങി. ഭൂമിനിരപ്പില്‍ നിന്ന് അല്പം താഴ്ന്നു സ്ഥിതി ചെയ്തിരുന്ന ഗുഹയിലേയ്ക്ക് വെള്ളം ഇരച്ചെത്തി. വെള്ളം മുഴുവന്‍ കുഴിയിലേയ്ക്കാണ് കുത്തിയൊലിച്ചത്. ആ കുത്തൊഴുക്കില്‍ സുഭാഷ് താഴേയ്ക്ക് ഒലിച്ചു പോകുമെന്ന് ഞ്ങ്ങള്‍ ഭയന്നു. വെള്ളത്തെ തടഞ്ഞു നിര്‍ത്താ‍ന്‍ ഒരു മാര്‍ഗ്ഗവുമില്ല. അടുത്തു കിടന്ന കല്ലും മണ്ണും ചേര്‍ത്തൊരു അണകെട്ടുവാന്‍ ഒരു വിഫലമായൊരു ശ്രമം നടത്തിനോക്കി. വെള്ളപ്പാച്ചിലിന്റെ ശക്തിയില്‍ കുറേ കല്ലും മണ്ണും കുഴിക്കകത്തേയ്ക്ക് പതിച്ചു. സുഭാഷ് കരയുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. സകല ദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ കുഴിക്കരുകില്‍ തന്നെ നിന്നു. അവനോട് ധൈര്യമായിരിക്കാന്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.”

കണ്ണീരും കാലുപിടിത്തവും

സിജുവും ലിന്‍സനും സുധീഷുമൊഴിച്ചുള്ളവര്‍ അടുത്തുള്ള നാട്ടുകാരെ കണ്ടു വിവരം ധരിപ്പിച്ചു. എട്ടു കിലോമീറ്റര്‍ അപ്പുറമുള്ള ടൌണില്‍ ചെന്ന് കയറും ടോര്‍ച്ചും സംഘടിപ്പിച്ച് നേരെ പൊലീസ് സ്റ്റേഷനിലെത്തി. നാവില്‍ വന്ന മുറിത്തമിഴില്‍ കാര്യം പറഞ്ഞൊപ്പിച്ചു. കൃഷ്ണകുമാര്‍ പറഞ്ഞ കഥ വളരെ ലാഘവത്തോടെ കേട്ട പൊലീസുകാരന്‍ അടുത്തു വന്നു തുറിച്ചു നോക്കിക്കൊണ്ട് അവന്റെ മുഖത്ത് ആഞ്ഞൊരടി. അമ്പരന്നു പോയ കൃഷ്ണനെ തകര്‍ക്കുന്നതായിരുന്നു അയാളുടെ അടുത്ത ചോദ്യം. “നീ താനെ അന്ത പയ്യനെ കൊലൈ ശെയ്തത്?”

ആ നിമിഷത്തെ കുറിച്ചോര്‍ക്കുമ്പോള്‍ കൃഷ്ണകുമാറിന്റെ മനസ്സില്‍ ഭീതി വിതയ്ക്കുന്നു. സഹായം തേടി വന്നിടത്തു ബന്ദിയാക്കപ്പെട്ട അവസ്ഥ! “എന്റെ മനസ്സ് അപ്പോ ചത്തു. സഹായിക്കാന്‍ കൂട്ടാക്കാതെ അപകടത്തെ ഞങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നിയമപാലകരുടെ ശ്രമമെന്ന് വ്യക്തമായി. പക്ഷെ, ഓടിയൊളിക്കുവാന്‍ പറ്റില്ല. സുഭാഷ് കുഴിക്കകത്താണ്.” ആവശ്യമില്ലാത്തിടത്ത് വലിഞ്ഞ് കേറിയതെന്തിനെന്നായിരുന്നു അടുത്ത ചോദ്യം. കുഴിയില്‍പ്പെട്ടയാള്‍ ഇതിനോടകം മരിച്ചു കഴിഞ്ഞിരിക്കുമെന്ന് പൊലീസുകാര്‍ പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ അവരുടെ കാലുപിടിച്ച് കരഞ്ഞു. “ഇല്ല സുഭാഷ് മരിക്കില്ല.” അപ്പോള്‍ അവരെ ഞെട്ടിച്ചു കൊണ്ട് പൊലീസ് മറ്റൊരു കാര്യം അവരെ അറിയിച്ചു. ഇതിന് മുന്‍പ് പതിമൂന്ന് പേര്‍ അവിടെ മരിച്ചിട്ടുണ്ട്. അവരുടെയൊന്നും ശവം പോലുമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ അതൊന്നും ആ കൂട്ടുകാര്‍ ചെവിക്കൊണ്ടില്ല. അവര്‍ പൊലീസുകാരെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. “സുഭാഷ് മരിക്കില്ല” കാരണം, സുഭാഷ് അവരുടെ കൂട്ടുകാരനാണ്, പൊലീസുകാരന്റെയല്ലല്ലോ...

രക്ഷാസംഘം

പൊലീസും ഫയര്‍ഫോഴ്സും ഗുഹാമുഖത്തെത്തുമ്പോള്‍ മഴ തകര്‍ത്തു പെയ്യുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കില്ലാത്തവസ്ഥ. മഴ കുറഞ്ഞപ്പോള്‍ അവര്‍ ആ കുഷി പരിശോധിച്ചു. നീളമുള്ള കയര്‍ കുഴിക്കകത്തേക്കിട്ട് കൊടുത്തിട്ട് സുഭാഷിനോട് കയറിവരാന്‍ ആവശ്യപ്പെട്ടു. അവശനായ സുഭാഷിന് കയര്‍ കാണാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. അധികം അനങ്ങിയാല്‍ ഒരുപക്ഷെ, വീണ്ടും താഴേയ്ക്ക് ഊര്‍ന്നുപോകാനും മതി. കയറിട്ട് ഇറങ്ങണമെന്ന് കൂട്ടുകാര്‍ ആവശ്യപ്പെട്ടു.

ഒരു ഫയര്‍ഫോഴ്സുകാരന്‍ അരയില്‍ കയര്‍ കെട്ടി ഇറങ്ങാന്‍ വേണ്ടി തയ്യാറെടുത്തു. ഒന്നു രണ്ടു തവണ അയാള്‍ കുഴി പരിശോധിച്ചു. താഴേയ്ക്ക് ടോര്‍ച്ചടിച്ചു നോക്കി. ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കൊടുവില്‍ അയാള്‍ വലിയൊരു കണ്ടുപിടിത്തം പ്രസ്താവിച്ചു. “കുഴിക്ക് ആഴം വളരെക്കൂടുതലാണ്. വീണയാള്‍ ഒരുപാട് താഴേയ്ക്ക് ഒഴുകിയോ, തെന്നിയോ പോയിക്കാണും. അറ്റമില്ലാത്ത കുഴിയിലേയ്ക്കിറങ്ങുന്നത് വിഡ്ഡിത്തമാണ്.” തങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പ്രസംഗം. അയാള്‍ പറഞ്ഞത് മുഖവിലയ്ക്കെടുക്കാന്‍ കൂട്ടുകാര്‍ തയ്യാറായില്ല.

“നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഞാനിറങ്ങാം.” സിജു മുന്നോട്ട് വന്നു. പക്ഷെ, അറിഞ്ഞുകൊണ്ട് ഒരാളെക്കൂടി അപകടത്തിലേയ്ക്ക് തള്ളിവിടില്ല എന്നതാണ് അവരെടുത്ത നിലപാട്. ഒന്നുകില്‍ അവരിറങ്ങണം, അല്ലെങ്കില്‍ തന്നെ ഇറങ്ങാന്‍ സമ്മതിക്കണം. എന്തായാലും സുഭാഷിന്റെ ജീവന്‍ കുഴിയില്‍ ഉപേക്ഷിക്കാനാവില്ലെന്ന സിജുവിന്റെ കടുംപിടിത്തതിനൊടുവില്‍ അവര്‍ സമ്മതിച്ചു. സിജുവിന്റെ അരയില്‍ കയര്‍കെട്ടി. കഴുത്തില്‍ ടോര്‍ച്ച് തെളിയിച്ച്, കെട്ടി തൂക്കിയിട്ടു. എന്നിട്ട് കുഴിയിലെ അറ്റം കാണാത്ത ഇരുട്ടിലേയ്ക്ക് കയറെറിഞ്ഞു.

ഒരു കയറും
രണ്ടു കൂട്ടുകാരും

കയറില്‍ തൂങ്ങിയിറങ്ങുമ്പോള്‍ അടുത്തതെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് സിജുവിനൊരു രൂപവുമുണ്ടായിരുന്നില്ല. ശക്തമായ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. കുഴിയുടെ വശങ്ങളില്‍ നരിച്ചീറുകളെക്കാണാം. കയറില്‍ തൂങ്ങിയാടുന്നത് കാരണം ടോര്‍ച്ചിന്റെ പ്രകാശം പലസ്ഥലങ്ങളിലായി ചിതറിത്തെറിച്ചു. കുറച്ചധികം താഴേക്ക് ചെന്നപ്പോള്‍ തറയെത്തിയെന്ന് തോന്നി. പക്ഷെ, അത് ഒരു ഭാഗത്ത് പാറ തള്ളിനില്‍ക്കുന്നതായിരുന്നു. അതിനരികിലൂടെ വീണ്ടും ഊര്‍ന്നിറക്കം. ഇതിനിടയില്‍ സുഭാഷിനെ വിളിക്കുന്നുണ്ട്. പ്രത്യുത്തരവും കേള്‍ക്കാം. പക്ഷെ, കാണുന്നില്ല. തൂങ്ങിയിറങ്ങിയ കയറ് തീര്‍ന്നു. കയര്‍ തീര്‍ന്ന കാര്യം മനസ്സിലാക്കി ഫയര്‍ഫോഴ്സുകാര്‍ കയര്‍ മുകളിലേയ്ക്ക് വലിക്കുമ്പോള്‍ സിജു ഭിത്തിയില്‍ അള്ളിപ്പിടിച്ചു നിന്നു. കുറച്ച് നേരത്തിനു ശേഷം ഒരു കൂട്ടിക്കെട്ടോടെ കൂടുതല്‍ കയര്‍ താഴേക്കു വന്നു. വീണ്ടും അതില്‍ പിടിച്ച് സിജു ഊര്‍ന്നിറങ്ങുവാന്‍ തുടങ്ങി.

രക്ഷയുടെ തീരത്ത്

“ഞാനാകെ തളര്‍ന്നു. സഹിക്കാന്‍ വയ്യാത്ത തണുപ്പും. അപ്പോഴാണ് ടോര്‍ച്ചിന്റെ വെട്ടം കണ്ടത്. അടുത്തു വന്നപ്പോള്‍ സിജുവാണെന്ന് മനസ്സിലായി.” സുഭാഷ് ഓര്‍മ്മിക്കുന്നു. “സിജു അടുത്തെത്തിയപ്പോഴേയ്ക്കും ഞാനാകെ അവശനായിക്കഴിഞ്ഞിരുന്നു. കുഴിയിലേയ്ക്ക് വീണപ്പോള്‍ പലയിടത്തുമിടിച്ച് ശരീരം ഭയങ്കര വേദന, കല്ലുവീണ് തലപൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു. ദേഹമാസകലം ചെളിവെള്ളം. നരിച്ചീറുകളുടെ ദുര്‍ഗന്ധം. ഞാന്‍ ഒരു സ്വപ്നത്തിലാണ് എനിക്ക് തോന്നി. സിജു അടുത്തു വന്നുനില്‍ക്കുമ്പോഴും ഞാന്‍ നിര്‍ജ്ജീവാവസ്ഥയിലാണ്. കുഴപ്പമൊന്നുമില്ല. നമുക്ക് എളുപ്പത്തില്‍ മുകളിലേയ്ക്ക് കയറുവാന്‍ കഴിയും സിജു എന്നെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. സിജു എന്റെ അരയില്‍ കയര്‍ കെട്ടി. സപ്തനാഢികളും തളര്‍ന്ന ഞാന്‍ സിജു പറയുന്നത് അനുസരിക്കുന്ന ഒരു ശരീരം മാത്രമായിരുന്നു. കെട്ടു ഭദ്രമാണെന്ന് ഉറപ്പാക്കിയ ശേഷം വടത്തില്‍ പിടിച്ച് ഞങ്ങളിരുവരും മുകളിലേയ്ക്ക് കയറുവാന്‍ തുടങ്ങി. ഞങ്ങള്‍ കയറുന്നതിനനുസരിച്ച് മുകളിലുള്ളവര്‍ കയര്‍ വലിക്കുന്നുണ്ടായിരുന്നു. ആടിയും ഉലഞ്ഞും മുകളിലെത്തുന്തോറും കൂട്ടുകാരുടെ ശബ്ദം കേട്ടുതുടങ്ങി. ഒരുപാട് മുകളില്‍ ഇരുട്ടു പുതയ്ക്കാന്‍ തുടങ്ങുന്ന ആകാശവും. ഇനിയൊരിക്കലും കാണാനൊക്കില്ലേന്ന് ഞാന്‍ കരുതിയ അതേ ആകാശം.”

പൊലീസ് പുലിയായപ്പോള്‍

പുലിമടയില്‍ നിന്നു രക്ഷപ്പെട്ടവര്‍ പുലിക്കു മുന്നില്‍ വീണതു പോലെയാ‍യിരുന്നു പിന്നീട് സംഭവിച്ചത്. നല്ല മഴയും തണുപ്പുമുള്ള ദിവസം. തങ്ങള്‍ക്ക് പണിക്കോളുമായ് വന്ന മലയാളിപ്പയ്യന്‍സിനെ പിഴിയാന്‍ തന്നെ പൊലീസ് തീരുമാനിച്ചു. “ടോര്‍ച്ച്, കയര്‍ എല്ലാം വാങ്ങിയ വകയില്‍ ഞങ്ങളുടെ കയ്യില്‍ നിന്ന് ഒരുപാട് ചെലവായിരുന്നു.” പ്രദീപ് വിവരിച്ചു. “പക്ഷെ പൊലീസുകാര്‍ അത് ഗൌനിച്ചതേയില്ല. അവര്‍ക്കു പണം കിട്ടിയേ തിരൂ. ഞങ്ങള്‍ നിരോധിത മേഖലയില്‍ കടന്നതിനുള്ള പിഴയാണെന്നും അവര്‍ അറിയിച്ചു. ഒടുവില്‍ കൂട്ടിയും കിഴിച്ചും പോക്കറ്റുകളും പഴ്സുകളും തപ്പിപ്പെറുക്കി പൊലീസുകാരാവശ്യപ്പെട്ട രണ്ടായിരത്തിയഞ്ഞൂറു രൂപ അവര്‍ക്ക് നല്‍കി. കൈപ്പറ്റിയ പണത്തിന്റെ രസീത് നാട്ടിലേയ്ക്ക് അയച്ചുതരാമെന്ന് പറഞ്ഞാണ് പൊലീസ് സംഘം പിരിഞ്ഞുപോയത്. അവിടത്തെ പ്രമുഖ പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. പക്ഷെ, അതൊന്നും കാണാ‍ന്‍ കാത്തുനില്‍ക്കാതെ ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു. വണ്ടിയില്‍ ആരും സംസാരിക്കുന്നുണ്ടായിരുന്നില്ല. ഈ സംഭവം, നാട്ടിലും വീട്ടിലുമറിഞ്ഞാലുള്ള ഭവിഷ്യത്തുകളെക്കുറിച്ചായിരുന്നു എല്ലാവരുടെയും ചിന്ത. ഒരുപക്ഷെ, എല്ലാ സ്വാതന്ത്ര്യവും ഇതോടെ അവസാനിച്ചേക്കാം. നാട്ടിലെത്തിയപ്പോള്‍ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. നടന്നത് ആരോടും പറയില്ല - സത്യം.”

കഥ വെളിച്ചത്ത് വരുന്നു

ആരോടും പറയരുതെന്ന് പറഞ്ഞു സുഹൃദ് സംഘം പിരിഞ്ഞെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സംഭവത്തിന്റെ തീവ്രതയ്ക്ക് അയവ് വന്നു. സംഘത്തിലെ പലരും മറ്റു സുഹൃത്തുക്കളോട് വീരസാഹസിക സംഭവങ്ങള്‍ പറയാനാരംഭിച്ചു. ഇതിനിടയ്ക്ക്, തമിഴ്നാട്ടിലെ ദിനപത്രമായ ദിനമലര്‍ പത്രത്തിന്റെ ഞായറാഴ്ച്ച ഇവരെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ സിജുവിന് അയച്ചുകൊടുത്തു. ഇത് അറിഞ്ഞെത്തിയവരോട് സുഹൃത് സംഘം എല്ലാം തുറന്നു പറഞ്ഞു.

സിജു

വേലശ്ശേരി ഡേവിഡിന്റേയും ജെസിയുടേയും മകന്‍ സിജു ഇതിനു മുമ്പും രക്ഷകനായിട്ടുണ്ട്. രണ്ടായിരത്തിയൊന്നിലായിരുന്നു സംഭവം. ആ വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന കൃഷ്ണകുമാറിനെയാണന്ന് സിജു രക്ഷിച്ചത്. പെരിയാര്‍ പുഴയില്‍ നീന്തിക്കൊണ്ടിരുന്ന കൃഷ്ണകുമാര്‍ പുഴയുടെ നടുക്കുവച്ച് തളര്‍ന്ന് മുങ്ങിപ്പോയി. അന്നും സിജുവും മറ്റൊരു സുഹൃത്തും കൂടിയാണ് കൃഷ്ണകുമാറിന്റെ ജീവന്‍ രക്ഷിച്ചത്.

നാട്ടുകാരും കൂട്ടുകാരും അഭിനന്ദിക്കുമ്പോഴും താന്‍ വലിയ കാര്യമൊന്നും ചെയ്തിട്ടില്ലെന്നാണ് സിജുവിന്റെ ഭാവം. കൂട്ടുകാര്‍ക്കു വേണ്ടി അറുന്നൂറല്ല, ആറായിരം അടി താഴ്ചയായിരുന്നെങ്കിലും താനിറങ്ങുമായിരുന്നുവെന്ന് സിജു പറയുന്നു.

കടപ്പാട് : മനോരമ ‘ശ്രീ’

Thursday, August 02, 2007

20 മിനിറ്റ് ന്റെ ഉള്ളില്‍...ഐ ആം കമിംഗ്







രസകരമായ ഈ ടെലഫോണ്‍ സംഭാഷണം ശ്രവിക്കൂ :)

[നന്ദി, കടപ്പാട് : ഓഡിയോ അപ് ചെയ്യാന്‍ സഹായിച്ച ബഹുവ്രീഹി ഭായ്ക്ക്]

Wednesday, July 25, 2007

ഗായത്രിമന്ത്രം

ജയ് ഗുരുദേവ് !

ഗായത്രിമന്ത്രം വളരെ ശക്തമായ ഒരു മന്ത്രമാണ്. വിശ്വാമിത്ര മഹര്‍ഷിയുടെ ആവിഷ്കാരമാണ് ഗായത്രിമന്ത്രം. 24 ശക്തമായ അക്ഷരങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഗായത്രിമന്ത്രം “ഓം” എന്ന മൂല ശബ്ദത്തിന്റെ വിപുലീകരിച്ച രൂപമാണ്. “ഓം” എന്ന മൂലശബ്ദം ബ്രഹ്മത്തിന്റെ പ്രതീകമായ ശബ്ദം സൃഷ്ടിക്ക് ആധാരമായിട്ടുള്ളതാണ്.

മനുഷ്യ ശരീരത്തിന് ഓജസ്സും ഊര്‍ജ്ജവും പകര്‍ന്നുതരുന്നത് നമ്മുടെ പ്രാണന്‍ തന്നെയാണ്. പവിത്രമായ ശബ്ദങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രകമ്പനങ്ങള്‍ ശക്തികേന്ദ്രങ്ങളായ ചക്രങ്ങള്‍ക്ക് ഒട്ടേറെ ഊര്‍ജ്ജം പകരുന്നു. ഇതുവഴി നമ്മുടെ ശരീരത്തിന് സ്വതസിദ്ധമായുള്ള രോഗശമനശക്തി വര്‍ദ്ധിക്കുന്നു.

ഗായത്രിമന്ത്രം ജപിക്കേണ്ട വിധം ചുവടെ ചേര്‍ക്കുന്നു.

“ഓം
ഭൂര്‍ ഭുവഃ സ്വഃ
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോ നഃ പ്രചോദയാത്”

ഇതിനര്‍ത്ഥം “സ്ഥൂല, സൂക്ഷ്മ, കാരണ ശരീരങ്ങളെ ജ്വലിപ്പിക്കുന്ന പരമ ചൈതന്യത്തെ ഞങ്ങള്‍ ആരാധിക്കുന്നു. ആ പരമസത്യത്തിന്റെ, ചൈതന്യത്തിന്റെ അനന്തമായ പ്രകാശത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു. പരമചൈതന്യം ബുദ്ധിയെ ശുദ്ധീകരിച്ച് മോക്ഷം നല്‍കട്ടെ” എന്നാണ്.

ഭൂര്‍
ഭുവഃ
സ്വഃ
തത് - പരമചൈതന്യം
സവിതുഃ - ചൈതന്യത്തിന്റെ അനന്തശക്തി
വരേണ്യം - പൂജിക്കപ്പെടേണ്ടതാണ്
ഭര്‍ഗോ - ജ്യോതിസ്സ്, പ്രകാശം
ദേവസ്യ - ദിവ്യമായ
ധീമഹി - ധ്യാനിക്കുന്നു
ധീയോ - ബുദ്ധി
യോ നഃ പ്രചോദയാത് - ബുദ്ധിയെ ജ്വലിപ്പിക്കട്ടെ

ഗായത്രിമന്ത്രത്തിന്റെ 3 വിഭാഗങ്ങള്‍

1. ഓം ഭൂര്‍ ഭുവഃ സ്വഃ തത്
സവിതുഃ വരേണ്യം
- സ്തുതി/പ്രശംസ

2. ഭര്‍ഗോ ദേവസ്യ ധീമഹി - ധ്യാനം

3. ധീയോ യോ നഃ പ്രചോദയാത് - പ്രാര്‍ത്ഥന

ഗായത്രിമന്ത്രം നിത്യവും ഒമ്പത് തവണ വീതം മൂന്നു നേരം ജപിക്കാം. പ്രഭാതത്തില്‍, മദ്ധ്യാഹ്നത്തില്‍, പ്രദോഷത്തില്‍. പിന്നെ കുളിക്കുമ്പോഴും ഇത് ഉരുവിടാം. ഭക്ഷണത്തിന് മുന്‍പ് ഈ മന്ത്രം ജപിച്ചാല്‍ ഭക്ഷണം ശുദ്ധീകരിക്കപ്പെടുന്നു എന്നും പറയപ്പെടുന്നു. കൂടാതെ, രാവിലെ എഴുന്നേക്കുമ്പോഴും, പിന്നെ കിടക്കുന്നതിന് മുന്‍പും മന്ത്രം ഉരുവിടാം. ഏകാഗ്രമായ മനസ്സോടെ ദുഷിച്ച ചിന്തകളെ പുറത്തേക്ക് തള്ളി നല്ല ചിന്തകളെ മാത്രം ഹൃദയത്തിലേയ്ക്ക് ആനയിച്ച് ഗായത്രിമന്ത്രം ഉരുവിട്ടാല്‍ നമ്മുടെ നിത്യജീവിതത്തില്‍ വന്നു ചേരുന്ന തടസ്സങ്ങളെ ഇല്ലാതാക്കുവാനും, മനുഷ്യമനസ്സുകളിലെ ലൌകികമായ നിഷേധവികാരങ്ങളെ അതിജീവിക്കുവാനും സഹായിക്കുന്നു.

(നന്ദി, കടപ്പാട് : ആര്‍ട്ട് ഓഫ് ലിവിംഗ്)

Sunday, July 01, 2007

ബോധിസത്വ നൃത്തം


അത്ഭുതം തന്നെ! അവരെല്ലാവരും ബധിരരായിരുന്നു! സംഗീതത്തിനനുസരിച്ച് ആടാനുള്ള കഴിവ് ദൈവം അവര്‍ക്ക് നല്‍കിയില്ലെങ്കിലും, പശ്ചാത്തല സംഗീതത്തിനനുസരിച്ച് അണുവിട തെറ്റാതെയുള്ള അവരുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കൂ.

Wednesday, June 27, 2007

ഇന്ത്യന്‍ നരകം

ഭൂമിയില്‍ ഒരുപാടു പാപകര്‍മ്മങ്ങള്‍ ചെയ്ത അയാള്‍ മരണ ശേഷം നേരെ നരകത്തിലെത്തി. അവിടെ ഓരോ രാജ്യക്കാര്‍ക്കായി പല നരക കവാടങ്ങള്‍ അയാള്‍ കണ്ടു.

അയാള്‍ അമേരിക്കന്‍ നരകത്തെ ലക്ഷ്യമാക്കി നീങ്ങി. ഗേറ്റില്‍ നിന്നിരുന്ന കാവല്‍ക്കാരനോട്‌ തിരക്കി.

"ഇവിടെ എന്തു ശിക്ഷയാണു നല്‍കുന്നത്‌? "

"ആദ്യം അവര്‍ നിങ്ങളെ രണ്ടു മണിക്കൂറോളം ഒരു വൈദ്യുതിക്കസേരയില്‍ ഇരുത്തും. അതിനു ശേഷം മറ്റൊരു രണ്ടു മണിക്കൂര്‍ ഒരു ആണിക്കട്ടിലില്‍ കിടത്തും. പിന്നെ ഒരു അമേരിക്കന്‍ ചെകുത്താന്‍ വന്നു ആ ദിവസം മുഴുവന്‍ പൊതിരെ തല്ലും. "

അയാള്‍ക്ക്‌ അതൊന്നും ഒരു സുഖമായി തോന്നിയില്ല. അയാള്‍ മറ്റു രാജ്യങ്ങളുടെ കവാടങ്ങളില്‍ അതാത്‌ കാവല്‍ക്കാരോട്‌ അവിടങ്ങളിലെ ശിക്ഷകളെക്കുറിച്ച്‌ അന്വേഷിച്ചു. അവിടുത്തെ ശിക്ഷാരീതികള്‍ അമേരിക്കന്‍ നരകത്തേക്കാള്‍ വിഭിന്നമായിരുന്നില്ല.

അയാള്‍ വീണ്ടും മുന്നോട്ട്‌ നടന്നു. മുന്നിലൊരു ആള്‍ക്കൂട്ടം കണ്ടു. അത്‌ ഇന്ത്യന്‍ നരകമായിരുന്നു. അയാള്‍ തിക്കിത്തിരക്കി ആള്‍ക്കൂട്ടത്തെ കടന്ന്‌ മുന്നിലെത്തി. അവിടെ വളഞ്ഞുപുളഞ്ഞൊരു നീണ്ട ക്യൂ. വരിയില്‍ നിന്നിരുന്നൊരാളോട്‌ അയാള്‍ ചോദിച്ചു.

"ഇവിടത്തെ ശിക്ഷാരീതികള്‍ എങ്ങനെ? "

ഇതു വരെ മറ്റു രാജ്യങ്ങളുടെ നരകത്തിലെ കാവല്‍ക്കാര്‍ പറഞ്ഞ അതേ ഉത്തരം കേട്ടയാള്‍ അത്ഭുതത്തോടെ ചോദിച്ചു.

"ഈ ശിക്ഷാരീതികള്‍ തന്നെയാണെല്ലോ മറ്റു രാജ്യങ്ങളുടെ നരകങ്ങളിലൊക്കെ നടപ്പാക്കുന്നത്‌. എന്നിട്ടും അവിടെയൊന്നും കാണാത്തത്ര തിക്കും തിരക്കും ഇവിടെയുണ്ടല്ലോ! ഇവിടെ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളുണ്ടോ? "

മറുപടി വളരെ പെട്ടെന്നായിരുന്നു.

"അത്‌ ശ്‌ശ്‌... ഇവിടെ വൈദ്യുതിക്കസേര അറ്റകുറ്റപ്പണികള്‍ ശരിയായ വിധത്തി‍ലും, ശരിയായ സമയത്തും ചെയ്യാത്തതിനാല്‍ പ്രവര്‍ത്തനരഹിതമാണ്‌. ആണിക്കട്ടിലിലെ ആണികള്‍ ഒന്നടങ്കം ആരോ മോഷ്ടിച്ചു കൊണ്ടുപോയി. ദിവസം മുഴുവന്‍ തല്ലാന്‍ നിയോഗിക്കപ്പെട്ട ഇന്ത്യന്‍ ചെകുത്താനാണെങ്കിലോ ജീവിച്ചിരുന്ന കാലത്ത്‌ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. അയാള്‍ ദിവസവും വന്നാലുടനെ ഹാജര്‍ പുസ്തകത്തില്‍ ഒപ്പും ഇട്ട്‌ കാന്റീനില്‍ പോയിരുന്ന്‌ ഉറക്കമായിരിക്കും. "

ഇതു കേട്ടതും അയാള്‍ പോക്കറ്റില്‍ നിന്നും നൂറിന്റെ ഒരു നോട്ടെടുത്ത്‌ കയ്യില്‍ തെരുപ്പിടിച്ച്‌ ഇന്ത്യന്‍ നരകത്തിന്റെ കാവല്‍ക്കാരനെ ലക്ഷ്യമാക്കി പാഞ്ഞു.

Tuesday, June 12, 2007

ഇഞ്ചി എവിടെ?

എറണാകുളം ബി.ടി.എച്. ഹോട്ടലില്‍ പതിവില്ലാതെ രാത്രിഭക്ഷണം കഴിക്കുവാന്‍ ചെന്ന എനിക്ക് ഒരു അതിഥിയുണ്ടെന്ന് വെയിറ്റര്‍ ഗോപുച്ചേട്ടന്‍ വന്ന് പറഞ്ഞപ്പോള്‍, ആദ്യം ഞാനൊന്നമ്പരന്നു. ആരാണിപ്പോ ഞാനിവിടെയുണ്ടെന്നറിഞ്ഞ്... എഹ്! ആരായാലെന്താ നേരിട്ട് മുന്നിലേയ്ക്കങ്ങ് പ്രത്യക്ഷപ്പെട്ടാല്‍പ്പോരെ? എന്തിന് വെയിറ്ററിനെ പറഞ്ഞുവിട്ട് ഇങ്ങനെയൊരു നാടകീയത ഉണ്ടാക്കണം? ഈ വിധമൊക്കെ ആലോചിച്ചിരിക്കുമ്പോള്‍ വെയിറ്റര്‍ ആളെ എന്റെ മുന്നിലേക്കാനയിച്ചു. മ്മടെ ബ്ലോഗ്ഗര്‍ സിജു! പഹയന്‍ ദ്പ്പോ ഇവിട്യെങ്ങനെ?

“ന്തൂട്രാ കന്നാലി നീയ്യിവിടെ?” ഞാന്‍ അത്ഭുതപരതന്ത്രനായ് സിജുവിനോട് ചോദിച്ചു.

അവന്‍ കമാന്നൊരക്ഷരം മിണ്ടണമല്ലോ. ക പോയിട്ട് മ എന്ന് പോലും മിണ്ടാതെ ഒരു കാര്‍ഡ് എന്റെ മേശമേല്‍ വച്ചിട്ട് ഒറ്റനടത്തം. പുറത്തേക്ക്! വീണ്ടുമെനിക്ക് അത്ഭുതപരതന്ത്രം....മുമ്പത്തെക്കാള്‍ കലശലായ്...

ഒട്ടും ഭംഗിയില്ലാതെ അച്ചടിച്ച ഒരു ഇന്‍വിറ്റേഷന്‍ കാര്‍ഡ്. പഹയന്റെ കല്യാണക്കുറിയാണോ? സംഭവം വായിക്കാന്‍ തീരെ ക്ഷമയില്ലാതെ ഞാന്‍ അവസാനത്തെ വരിയിലേയ്ക്ക് പാളിനോക്കി. ങെ! എന്റെ തന്നെ കല്യാണക്കുറിയോ? അതും ഞാനറിയാണ്ട്! അവസാനം ദേ കിടക്കണു എന്റെ പേര്. അതേതാണ്ടിങ്ങനെയായിരുന്നു. “എന്ന് സ്വന്തം നിക്ക്”. ഭാഗ്യം എന്റെ ഒപ്പവിടെ കണ്ടില്ല. പേഷ്യന്‍സിന്റെ നെല്ലിപ്പലക മുറിഞ്ഞ ഞാന്‍ കാര്യമെന്തെന്നറിയാന്‍ ആദ്യം മുതല്‍ക്കേ ക്ഷണപ്പത്രം ഒരാവര്‍ത്തി വായിക്കാന്‍ തയ്യാറായി.

അതിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. നാളെ എന്റെ വീട്ടില്‍ വച്ച് ഒരു കേരള ബ്ലോഗേഴ്സ് മീറ്റ് നടത്തുന്നു. ഉച്ചയൂണ് അടക്കം രാത്രിഭക്ഷണവും മറ്റും കൂടാതെ മീറ്റ് കൊഴുപ്പിക്കാന്‍ ഇന്ത്യയിലെ പ്രമുഖ ത്രിമൂര്‍ത്തീ മ്യൂസിക് ബാന്റിന്റെ ലൈവ് പെര്‍ഫോമന്‍സും. അതിലൊക്കെ ഉപരിയായി അമേരിക്കയെ പ്രതിനിധാനം ചെയ്ത് പ്രമുഖ ബ്ലോഗ്ഗര്‍ ഇഞ്ചിയുടെ സാന്നിദ്ധ്യവും.

കേരള ബ്ലോഗ്ഗേഴ്സ് മീറ്റ് ! അതും എന്റെ വീട്ടില്‍ വെച്ച് ! അതും നാളെ ! സ്പെഷല്‍ ഗസ്റ്റ് ഇഞ്ചി ! ഇത്രയും ഗുലുമാലുകള്‍ ഒപ്പിച്ച സിജുവിനെ എന്റെ കയ്യീക്കിട്ടാന്‍ ദൈവത്തോട് മുട്ടിപ്പായ് പ്രാര്‍ത്ഥിച്ചു. ഓ മൈ ഗോഷ്! അവനെയെങ്ങാന്‍ കയ്യീക്കിട്ട്യാല്‍ അവന്റെ കാല്‍ക്കല്‍ വീണ് ഞാന്‍ നിന്നോടെന്തപരാധമാ ചെയ്തതെന്ന് ചോദിക്കണം. എന്നാലും എന്റെ പൊന്നു സിജൂ, ഇത്രപെട്ടെന്ന് ഞാനെങ്ങനെയൊരു മീറ്റ് അറേഞ്ച് ചെയ്യും?

എന്റെ കയ്യിലിരുന്ന് ആ ക്ഷണപ്പത്രം ഉറഞ്ഞ് തുള്ളാന്‍ തുടങ്ങി. (അല്ലാതെ കൈവിറക്കുന്നൂന്ന് പറയാന്‍ പറ്റുമോ?) അന്നേരം കീശയില്‍ കിടന്ന് എന്‍73 കീയോ കീയോന്ന് മോങ്ങാന്‍ തുടങ്ങി. തലയ്ക്കല്‍ സിജുവിന്റേതെന്ന് തോന്നിപ്പിക്കുന്ന കര്‍ണ്ണകഠോര ശബ്ദം. “അളിയാ നീ നാളെ ഒന്ന് നിന്ന് തന്നാല്‍ മതി. ബാക്കി ഞങ്ങളേറ്റു. ശരീന്നാ നാളെക്കാണാം”.

അഭ്രപാളികളില്‍ സീനുകള്‍ ക്ഷണനേരം കൊണ്ട് മാറുന്നത് പോലെ, ഇവിടേയും പെട്ടെന്നു സീന്‍ മാറി. ലൊക്കേഷനും. പ്രഭാതം പൊട്ടിവിടര്‍ന്നു...ഠിഷ്...ഠും...ഠമാര്‍! എന്തൊക്കെയാണ് ഈ സിജുവിന്റെ പ്രിപ്പറേഷന്‍സ് എന്നൊക്കെ ഒന്നറിയണമല്ലോ. ഞാന്‍ പുറത്തേക്കിറങ്ങി. വൌ! എല്ലായിടവും തോരണങ്ങളും വൈദ്യുത ദീപാലങ്കാരങ്ങള്‍ കൊണ്ട് മുഖരിതമായിരിക്കുന്നു. ഈ ചുരുങ്ങിയ ടൈമിനുള്ളില്‍ ഇവന്‍ ഇതെങ്ങനെയൊപ്പിച്ചു? കുപ്പീലടച്ച ഭൂതം? അതോ ഇന്ദ്രജാലം?

നേരം ഉച്ചയായി. ഭോജനശാലയില്‍ പ്രതീക്ഷിച്ച തിരക്ക് കണ്ടില്ല. ആകെ ഞാന്‍ കണ്ടത്, എന്റെ കൂടെയിരുന്ന് ഊണു കഴിക്കുന്ന ഡാലിയും, അവളുടെ എതിര്‍വശത്തിരിക്കുന്ന സൂ ചേച്ചിയും. ഡാലി കഴിക്കുന്നതിനിടയ്ക്ക് എന്നോട് ചോദിക്കുന്നുണ്ട്. “ഡാ നീ ഇങ്ങനെയൊരു വലിയ ഇവന്റ് ഒക്കെ നടത്തുമ്പോള്‍ നോണ്‍-വെജ് ഫൂഡും ഉള്‍പ്പെടുത്തണ്ടേ?” ശരിയാണ് ഈ മുരിങ്ങാക്കോലു കറിക്കാണേല്‍ ഒരു രുചിയുമില്ല. ഞാന്‍ സിജുവിനെ ഭോജനശാലയുടെ ഓരോ മുക്കിലും മൂലയിലും തിരഞ്ഞു. അവന്റെ പൊടിപോലും കണ്ടെത്താനായില്ല. ഡാലി പറഞ്ഞതു ശരിയാണെല്ലോ. ഈ വമ്പന്‍ പരിപാടിക്കു വെറും മുരിങ്ങാക്കോലു കറിയോ? ശ്ശെടാ!

സന്ധ്യയായതും ആളനക്കം കണ്ടുതുടങ്ങി. എല്ലാ മുറികളിലും ഇടനാഴികളിലും കൂട്ടം കൂട്ടമായ്‌ ബ്ലോഗ്ഗര്‍മാര്‍. കണ്ടു പരിചയമില്ലാത്ത മുഖങ്ങള്‍. ഇവരൊക്കെ ആരാണാവോ? ഇടയ്ക്കു എന്റെ മുറിയിലേയ്ക്കൊന്നു ചെന്നപ്പോള്‍, അവിടെയും ഒരു ബൂലോഗക്കൂട്ടം. പച്ചാളമോ, ഇക്കാസോ... പിന്നെ ആരൊക്കെയോ ഇരുന്നു കുശലം പറയുന്നു.

ഇടനാഴികളിലും മറ്റു മുറികളിലുമിരുന്നവരോടു ഞാന്‍ ചോദിച്ചു. ഇഞ്ചി വന്നോ? എന്റെ മുറിയില്‍ ഇരിക്കുന്ന ഇക്കാസിനോടും പച്ചാളത്തിനോടും മറ്റും ചോദ്യം റിപ്പീറ്റ്‌ ചെയ്തെങ്കിലും ആരും ഒരു വ്യക്തമായ റിപ്ലൈ തന്നില്ല. ഇതെല്ലാമൊപ്പിച്ചവനെയൊട്ടു കാണുന്നുമില്ല. പാര്‍ട്ടി ഹാളായി അലങ്കരിച്ച്‌ ബുഫേ ഡിന്നര്‍ ഒരുക്കിയിരിക്കുന്നത്‌ നിലവറയിലാണെന്ന്‌ ഇക്കാസിന്റെ മൊഴികളില്‍ നിന്നു വ്യക്തമായി. ഇനിയിപ്പോ അവിടുത്തെ സ്ഥിതിയെന്തെന്നറിയാന്‍ ഞാന്‍ അങ്ങോട്ടേക്കു വച്ചുപിടിച്ചു.

ഫളഫളാ മിന്നുന്ന, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ചുരത്തുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള വൈദ്യുത വിളക്കുകളാല്‍ അലംകൃതമായിരുന്നു അവിടം. ആകെ ഒരു ഉത്സവാന്തരീക്ഷം, ബഹളമയം. പരിചിത മുഖങ്ങളെ തിരഞ്ഞ എന്റെ കണ്ണുകള്‍ക്കു നോട്ട്‌ ഫൗണ്ട്‌ എന്ന മെസ്സേജാണു ബ്രെയിന്‍ അയച്ചു തന്നത്‌. എങ്കിലും അവരോടൊക്കെ ചോദിക്കാന്‍ മറന്നില്ല. ഇഞ്ചി എത്ത്യോ? അവര്‍ക്കതേക്കുറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. അവരുടെ ശ്രദ്ധ മുഴുവന്‍ അപഹരിച്ചത്‌ അവരുടെയൊക്കെ നടുവിലുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു. ഞാന്‍ ആ മാന്യ ദേഹത്തെ ഒന്നു കാണുവാന്‍ തിക്കിത്തിരക്കി ആ ആള്‍കൂട്ടത്തെ ഭേദിച്ചു ഉള്ളിലേയ്ക്കു നീങ്ങി. ഇനിയിപ്പോ അതു ഇഞ്ചിയാണെങ്കിലോ!

പക്ഷേ, അവിടെ സ്പോട്ട്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ കുളിച്ചു നിന്നിരുന്നത്‌ നിന്നിരുന്നത്‌ ഇഞ്ചിയായിരുന്നില്ല. അതു മ്മടെ ദേവേട്ടനായിരുന്നു. ബ്ലോഗ്ഗര്‍ ദേവേട്ടനല്ല. സാക്ഷാല്‍ ശങ്കര്‍ മഹാദേവന്‍. അദ്ദേഹം എന്നെ കണ്ടതും എന്റെ അടുത്തേക്കു വന്ന്‌ എന്റെ കരം ഗ്രഹിച്ചിട്ടു പറഞ്ഞു. ഹല്ലോ നിക്ക്‌. എനിക്കത്ഭുതമശ്ശേഷം തോന്നിയില്ല. ക്ഷണപ്പത്രത്തില്‍ സൂചിപ്പിച്ചിരുന്ന ത്രിമൂര്‍ത്തീ മ്യൂസിക്ക്‌ ബാന്റ്‌ ഇവരാണെല്ലോ.

അദ്ദേഹം തുടര്‍ന്നു. "എഹ്സാനും ലോയിയും വന്നിട്ടില്ല. നിക്ക്‌ ഗിറ്റാറും വോക്കലും കൈകാര്യം ചെയ്യണം. ഞാന്‍ കീബോര്‍ഡില്‍ സപ്പോര്‍ട്ട്‌ ചെയ്യാം". ആള്‍ക്കൂട്ടത്തില്‍ നിന്നും നിക്ക്‌ പാടണം..നിക്ക്‌ പാടണം എന്ന വിളികള്‍ ഉയര്‍ന്നു. എനിക്കാകെ ദേഷ്യം വന്നു. ഞാന്‍ പാടാനോ? മണിച്ചിത്രത്താഴില്‍ പ്രതികാരദുര്‍ഗ്ഗയായ നാഗവല്ലിയെപ്പോലേ കലിതുള്ളി ചോദിച്ചു. ഞാന്‍ പാടണോ? ഞാന്‍ പാടണമെന്നാണോ? അതെന്തിനാപ്പോ ഞാന്‍ പാടണേ?

"വേണ്ട. നീയിപ്പോ പാടുകയൊന്നും വേണ്ട. സമയം നാലായി. എഴുന്നേറ്റു പോയി മുഖം കഴുകി ഊണു കഴിക്കാന്‍ നോക്ക്‌."

"ഇഞ്ചി എവിടെ?"

"ദേ ഫ്രിഡ്ജിലിരിപ്പുണ്ട്‌. നിനക്ക്‌ എന്തിനാ ഇപ്പോ ഇഞ്ചി?"

ങെ! ഫ്രിഡ്ജിലോ!? കണ്ണു തിരുമ്മി കട്ടിലില്‍ നിന്നു എഴുന്നേറ്റു തുറിച്ചു നോക്കുമ്പോള്‍ മുന്നില്‍ അമ്മ!

* * * * * * * * * * * * * * *

ഇന്നലെ നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു വന്നു ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദൈവത്തിനാണേ മേല്‍പ്പറഞ്ഞ ഇഞ്ചിയോ മറ്റു ബൂലോഗ സുഹൃത്തുക്കളോ മനസ്സിലുണ്ടായിരുന്നില്ല.

Wednesday, June 06, 2007

ഗൊനു താണ്ഡവം

ഗൊനു എന്ന വിനാശകാരിയായ ചുഴലി കൊടുങ്കാറ്റിപ്പോള്‍ ഒമാന്റെ തലസ്ഥാന നഗരിയില്‍ നിന്ന്‌ അവിടുത്തെ ജനങ്ങളെയൊട്ടാകെ ദുരിതക്കയത്തിലാഴ്ത്തി ഫുജൈറയിലേയ്ക്കുള്ള പ്രയാണത്തിലാണ്‌. കാറ്റഗറി 5-ല്‍പ്പെടുത്തിയിരുന്ന അമേരിക്കയില്‍ വീശിയടിച്ച്‌ ഒട്ടേറെ നാശം വിതച്ച കത്രീനയ്ക്കൊപ്പം ശക്തിയിലും വ്യാപ്തിയിലും തുല്യമായ ഈ ചുഴലി കൊടുങ്കാറ്റിന്റെ ശക്തി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഫുജൈറയിലും മറ്റും കൊടും മഴയാണു നല്‍കുന്നത്‌. പ്രധാന റോഡുകളിലൊക്കെ അരയ്ക്കൊപ്പം വെള്ളം ഉയര്‍ന്നു കഴിഞ്ഞു.

ചുഴലിക്കാറ്റ്‌ യു.എ.ഇ. യെ ബാധിക്കില്ലെന്നാണ്‌ ഉയര്‍ന്ന ഒഫീഷ്യലുകള്‍ പറഞ്ഞിരുന്നത്‌. പക്ഷെ ഫുജൈറയെ തൊട്ടുരുമ്മിയാണ്‌ ഗൊനുവിന്റെ ഇറാനിലേക്കുള്ള ഗമനം എന്നതു വ്യക്തമായറിയാമായിരുന്നിട്ടും വ്യക്തമായ മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ്‌ അവിടെയുള്ള സുഹൃത്തുക്കള്‍ പറഞ്ഞത്‌. അയല്‍ എമിറേറ്റ്സില്‍ കൂടിയുള്ള ഗോനുവിന്റെ യാത്ര കാരണം ദുബായിലും കടല്‍നിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്‌. ഇന്നലെവരെ പൊടിക്കാറ്റിനാല്‍ അലംകൃതമായ ദുബായ്ക്കു മുകളില്‍ കാര്‍മേഘങ്ങള്‍ നിലയുറപ്പിച്ചു കഴിഞ്ഞു.

ഇന്നലെ വൈകുന്നേരം വിവിധ മലയാളം ടി.വി. വാര്‍ത്തകളില്‍ പറഞ്ഞത്‌ : മസ്ക്കറ്റില്‍ കെട്ടിടം തകര്‍ന്നു. 15 പേര്‍ ഒഴുകിപ്പോയി. അതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ഇതു വച്ചു ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളില്‍ പരതിയെങ്കിലും സമാനമായ സംഭവമൊന്നും റിപ്പോര്‍ട്ട്‌ ചെയ്തതായി കണ്ടെത്താനായില്ല.

കേരളത്തിലെ പ്രമുഖ ദിനപ്പത്രങ്ങളൊന്നും തന്നെ വേണ്ടത്ര വാര്‍ത്ത പ്രാധാന്യം നല്‍കാതെയാണ്‌ ഗള്‍ഫ്‌ മേഖലയിലെ സംഭവ വികാസങ്ങളെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഉള്‍പ്പേജില്‍ ആരെയോ തൃപ്തിപ്പെടുത്താനെന്നോണം ചെറിയൊരു വാര്‍ത്തയായി മാത്രം കാണിച്ചിരിക്കുന്നു. അതുപോലെ തന്നെ പ്രമുഖ ടി.വി. ചാനലുകളും ഈ വാര്‍ത്തകള്‍ക്കൊന്നും തീരെ പ്രാധാന്യം നല്‍കാതെ കുറച്ചു വിവരങ്ങളേ പുറത്തുവിടുന്നുണ്ടായിരുന്നുള്ളൂ. അതും ഒട്ടേറേ മലയാളികള്‍ പാര്‍ക്കുന്ന ഗള്‍ഫ്‌ നാടുകളില്‍ അതിഭീകരമാം വിധം ഗൊനു സംഹാരതാണ്ഡവമാടുമ്പോള്‍...! മൂന്നാറിലെ ഇടിച്ചു നിരത്തലും അഭയ കൊലക്കേസും കുലംകുഷിതമായ ചര്‍ച്ചകളില്‍ സജീവമായിരിക്കുമ്പോള്‍ ഈ വാര്‍ത്തയ്ക്കു തീരെ പ്രാധാന്യമര്‍ഹിക്കുന്നില്ല എന്നാണോ?

വാര്‍ത്തകള്‍ അറിയുവാന്‍ ഗള്‍ഫ്‌ ന്യൂസ്‌ ഒരുപാടുപകരിക്കുന്നുണ്ട്‌. ഗള്‍ഫ്‌ ന്യൂസില്‍ നിന്നും കടമെടുത്ത, താഴെ കൊടുത്തിരിക്കുന്ന വരികള്‍ ശ്രദ്ധിക്കൂ.

We are in Muscat, In a place called Qurum near the CCC Shopping complex. Our houses are underwater we need help to evecuate. Can you please inform someone to send help for us. My phone number is +96895103049

Mohamed Qurum,
Oman

ഗള്‍ഫ്‌ മേഖലയിലുള്ളവര്‍ ആര്‍ക്കെങ്കിലും ഇനിയും ആ നമ്പറില്‍ ഒന്ന്‌ വിളിച്ച്‌ അദ്ദേഹത്തിന്‌ വേണ്ട സഹായം എത്തിക്കാനുതകുന്ന ഏതെങ്കിലും നടപടി പ്രാവര്‍ത്തികമാക്കും എന്നു വിശ്വസിക്കുന്നു.

ഗൊനുവിന്റെ ഇപ്പോഴത്തെ ഗതി അറിയുന്നതിന്‌ താഴെ കൊടുത്തിരിക്കുന്ന മാപ്പ്‌ നോക്കൂ.




















അല്ലെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ.

കടപ്പാട്‌ : ഗള്‍ഫ്‌ ന്യൂസ്‌

ഇമ്മിണി വലിയൊരു മിടുക്കി

പേര്‌ : സുഷ്മ വര്‍മ്മ
വയസ്സ്‌ : 7
സ്ഥലം : ഉത്തര്‍ പ്രദേശ്‌
മാര്‍ക്കുകള്‍
ഹിന്ദി - 58
ഇംഗ്ലിഷ്‌ - 60
കണക്ക്‌ - 66
സയന്‍സ്‌ - 63
സോഷ്യല്‍ സയന്‍സ്‌ - 68
കമ്പ്യൂട്ടര്‍ - 39
ആകെ - 600 ഇല്‍ 354 മാര്‍ക്ക്‌

എങ്ങനെയുണ്ട്‌ ?

ഉത്തര്‍ പ്രദേശിലെ ഒരു ദിവസക്കൂലിക്കാരന്റെ പുത്രിയായ ഏഴു വയസ്സുകാരി സുഷ്മ ഭാരതത്തിലെ ആദ്യത്തെ പ്രായം കുറഞ്ഞ മെട്രിക്കുലേറ്റ്‌ ആയിരിക്കുന്നു. ഒമ്പതാം വയസ്സില്‍ മെട്രിക്കുലേഷന്‍ പാസ്സായ പാറ്റ്ന സ്വദേശി അവതാര്‍ തുളസിയാണ്‌ ആ സ്ഥാനം ഇതുവരെ കയ്യടക്കി വച്ചിരുന്നത്‌.

അച്ഛന്‍ തേജ്‌ ബഹാദുര്‍ വര്‍മ്മയ്ക്കും അമ്മ ച്ഛായയ്ക്കും അഭിമാനിക്കാനേറെയാണ്‌ അവരുടെ മക്കള്‍ നല്‍കിയിട്ടുള്ളത്‌. ആദ്യം മകന്‍ ശൈലേന്ദ്ര പതിനൊന്നാം വയസ്സില്‍ +2 പാസ്സായത്‌. ഇതാ ഇപ്പോള്‍ സുഷ്മയുടെ നേട്ടവും...

ഭാവുകങ്ങള്‍ സുഷ്മ ! നിനക്കിനിയുമേറെ നേട്ടങ്ങള്‍ കൊയ്യുവാനാകട്ടേ.

കടപ്പാട്‌ : പി.ടി.ഐ.

Friday, June 01, 2007

അപഥസഞ്ചാരം

നമ്മുടെ രാജ്യത്തിന് മുകളിലൂടെ! അതും പ്രധാനമന്ത്രി താമസിക്കുന്നയിടത്ത് നിന്നും വെറും 2 കിലോമീറ്റര്‍ അടുത്ത്. അതിനെ കുറിച്ചുള്ള വാര്‍ത്ത ഇവിടെ വായിക്കാം.

വീഡിയോ





മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോ ദൃശ്യം കാണാനാവുന്നില്ലെങ്കില്‍ ഈ ലിങ്കില്‍ ഞെക്കൂ.

കൂടാതെ കഴിഞ്ഞ ദിവസം ബാംഗളൂരിലും സമാനമാ‍യ ഒരു യു.എഫ്.ഒ. സാന്നിദ്ധ്യം അനുഭവപ്പെടുകയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ വാര്‍ത്തയും ചിത്രങ്ങളും ഇവിടെ കാണാം.

അന്തരീക്ഷത്തിലെ മറ്റേതോ ‘ഭൂമിയില്‍’ നിന്ന് ‘ആരൊക്കെയോ’ നമ്മള്‍ അവരെക്കുറിച്ച് അറിഞ്ഞതായി അറിഞ്ഞിട്ട് നമ്മളെ നിരീക്ഷിക്കുന്നുണ്ടാവുമോ? അങ്ങിനെ അവരുടെ വാച്ച് ഡോഗ്സ് ആവുമോ ഈ കഴിഞ്ഞ് ദിവസങ്ങളില്‍ ഭാരതത്തിന് മുകളിലൂടെ റഡാറുകള്‍ക്കും മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ക്കും അതീതമായ് സഞ്ചരിച്ചത്?

പുതിയ ഭൂമിയെക്കുറിച്ചുള്ള വാര്‍ത്തയും വീഡിയോയും കാണണമെങ്കില്‍ ഇവിടെ ഈ ലിങ്കിലുണ്ട്. അവിടെ നമ്മുടെ പ്ലാനറ്റ് എര്‍ത്തിലെപ്പോലെ തന്നെ മനുഷ്യര്‍ അവിടേയും ഉണ്ടാവാം. ഒരുപക്ഷെ, നമ്മളെക്കാള്‍ പതിന്മടങ്ങ് മുന്‍പിലാവും അവര്‍, ടെക്നോളജിയുടെയും ശാസ്ത്രത്തിന്റേയും അറിവിന്റേയും മറ്റും കാര്യത്തില്‍. നമ്മള്‍ അവരെ കണ്ടെത്തിയതിന് മുന്‍പ് തന്നെ അവര്‍ക്ക് നമ്മെക്കുറിച്ചറിയാമായിരിക്കാം. ഇനി വരുംദിവസങ്ങളില്‍ യു.എഫ്.ഒ. യുടെ സന്ദര്‍ശനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിന് മുകളിലൂടെയാവുമോ ആവോ!

Tuesday, May 29, 2007

ഒറ്റമൈന

ഉച്ചമയക്കത്തില്‍ നിന്നുണര്‍ന്ന് അവള്‍ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. ഇത്ര പെട്ടെന്ന് സന്ധ്യയായോ? മേശമേല്‍ വച്ചിരിക്കുന്ന ടൈംപീസില്‍ നോക്കി. സമയം മൂന്ന് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. മൂടിക്കെട്ടി നിന്നിരുന്ന മേഘക്കൂട്ടങ്ങള്‍ താഴെ ഭൂമിയിലേയ്ക്ക് കാറ്റിന്റെ അകമ്പടിയോടെ ശക്തിയായ് പെയ്തിറങ്ങിയപ്പോള്‍ അവള്‍ പതുക്കെ ബാല്‍ക്കണിയിലേയ്ക്ക് നടന്നു. തന്റെ കൈകള്‍ നീട്ടി തിമിര്‍ത്തു പെയ്യുന്ന മഴത്തുള്ളികളെ തൊട്ടു. വീശിയടിക്കുന്ന കാറ്റത്ത് മഴത്തുള്ളികള്‍ അവളെ ആലിംഗനം ചെയ്തു. വീട്ടിലായിരുന്നെങ്കില്‍ എന്ന് അവള്‍ ഒരുമാത്ര ആഗ്രഹിച്ചുപോയി. അവിടെയായിരുന്നെങ്കില്‍ അമ്മയുടെ കണ്ണുവെട്ടിച്ച് നടുത്തളത്തിലേക്കിറങ്ങി മഴത്തുള്ളികളോട് കിന്നാരം പറയാമായിരുന്നല്ലോ.

മഴ ഒട്ടൊന്നു ശമിച്ചിരിക്കുന്നു. സാധാരണ കുട്ടികളെയും വൃദ്ധരായ വലിയ കുട്ടികളേയും കൊണ്ട് നിറയുമായിരുന്ന ഫ്ലാറ്റിലെ ആ കുഞ്ഞു പാര്‍ക്ക് ഇപ്പോള്‍ കാക്കകളെക്കൊണ്ട് നിറഞ്ഞിരുന്നു. അവള്‍ വരിവരിയായിരിക്കുന്ന അവറ്റകളെ എണ്ണുവാന്‍ തുടങ്ങി. ഒന്ന്, രണ്ട്, ..... ഇരുപത്തിയഞ്ച്, ഇരുപത്തിയാറു കാക്കകള്‍ പാര്‍ക്കിന്റെ അതിര്‍ത്തിയില്‍ നാട്ടിയിരിക്കുന്ന കൊച്ച് കൈവരികളില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. കൂട്ടത്തില്‍ നേതാവെന്ന് തോന്നിക്കുന്ന ഒരു കാക്ക മാത്രം കുട്ടികള്‍ക്ക് കളിക്കുവാനായി നിര്‍മ്മിച്ചിട്ടുള്ള സ്ലൈഡറിന്റെ ഏറ്റവും ഉയരമുള്ളയിടത്ത് ഇരുന്ന് അവറ്റകളുടെ ഭാഷയില്‍ താഴെയിരിക്കുന്നവരോട് എന്തോ നിര്‍ദേശിക്കുന്നുണ്ടായിരുന്നോ? നേതാവിരിക്കുന്ന സ്ഥലത്തേയ്ക്ക് മറ്റേതെങ്കിലും കാക്ക വന്നിരിക്കുമ്പോള്‍ അവയെ കൊത്തിയോടിക്കാ‍നും മൂപ്പര്‍ ഉത്സാഹം കാണിക്കുന്നുണ്ട്.

അവള്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്ന ആകാശത്തേയ്ക്ക് വീണ്ടും കണ്ണുകള്‍നട്ടു. അടുത്ത മഴയ്ക്കുള്ള തയ്യാറെടുപ്പാണല്ലോ. മുറിയില്‍ നിന്നും ഫോണ്‍ബെല്ലടിക്കുന്നുവോ? അമ്മു തിരിഞ്ഞു മുറിയിലേയ്ക്ക് നടക്കുന്നതിനിടയില്‍ താഴെ പാര്‍ക്കിലേയ്ക്ക് അലസമായ് ദൃഷ്ടികള്‍ പായിച്ചു. മുന്‍പ് ഉണ്ടായിരുന്ന കാക്കക്കൂട്ടത്തിനെ അപ്പോള്‍ അവിടെയെങ്ങും കണ്ടില്ല. പകരം, അവിടെ നിന്നും പറന്നുയരുന്ന ഒരു മൈനയെയാണ് അവളുടെ ദൃഷ്ടിയില്‍പ്പെട്ടത്. ഒറ്റമൈന!

അന്നൊക്കെ താനും ദിവ്യയും സ്കൂളില്‍ പോകാനായ് തിരഞ്ഞെടുത്തിരുന്നത് വടക്കേതിലെ ഹമീദിക്കാന്റെ വലിയ ഓട്ട് മാ‍വിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെയായിരുന്നു. അവിടെ വേലിയില്‍ പടര്‍ന്നു കയറിയിരുന്നിരുന്ന കുറ്റിമുല്ലയായിരുന്നു ഞങ്ങളെ ആ വഴിയിലൂടെ സ്കൂളില്‍ പോകുവാന്‍ പ്രേരിപ്പിച്ചിരുന്നത്. അവള്‍ തന്റെ ഓര്‍മ്മകള്‍ കുട്ടിക്കാലത്തേയ്ക്ക് പായിച്ചു.

പഠനത്തില്‍ കേമിയായിരുന്ന തനിക്ക് വളരെ ചുരുക്കം മാത്രമേ ചൂരലിന്റെ കയ്പ് അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. എന്നിരുന്നാലും ചില ദിവസങ്ങളില്‍ തനിക്ക് കിട്ടിയിട്ടുള്ള ചൂരല്‍ക്കഷായത്തിന് പിന്നില്‍ എന്തോ രഹസ്യമുള്ളതായി തോന്നിയിരുന്നു. കൂട്ടുകാരികളുടെ ഇടപെടലുകളും കൂടിയായപ്പോള്‍ അതു മനസ്സില്‍ വേരുറപ്പിച്ചു. ക്ലാസ്സില്‍ ഒന്നാമതായിരുന്ന തനിക്ക് കിട്ടുന്ന അടിയുടെ കാരണം കുറ്റിമുല്ലയ്ക്ക് സമീപത്തുള്ള മരത്തില്‍ ഇടയ്ക്കു കാണുന്ന ഒറ്റമൈനയാണത്രേ! അതു ശരിയാണെന്ന് തനിക്കും തോന്നാന്‍ കാരണം, ഏതൊക്കെ ദിവസങ്ങളില്‍ ഒറ്റമൈനയെ കണ്ടിരുന്നുവോ അന്നൊക്കെ ഏതെങ്കിലും കാരണം കൊണ്ട് ചൂരല്‍ക്കഷായത്തിന്റെ രുചി നുണയേണ്ടതായി വന്നിട്ടുണ്ട്.

ഓണപ്പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയും താന്‍ ആ ഒറ്റമൈനയെ കണ്ടിരുന്നുവല്ലോ. ആരൊക്കെ ഒറ്റമൈനയെക്കണ്ടാലും അവര്‍ക്കൊക്കെ സ്കൂളില്‍ നിന്ന് അടികിട്ടുമോ എന്ന് അറിയുവാന്‍ വേണ്ടി അന്ന് കൂടെയുണ്ടായിരുന്ന ദിവ്യയെ വിളിച്ച് അതിനെ കാണിച്ചു കൊടുത്തു. അത്ഭുതമെന്ന് പറയട്ടെ, അന്ന് ദിവ്യക്കും ചൂരല്‍ക്കഷായത്തിന്റെ കയ്പറിയേണ്ടി വന്നു. അതിനുശേഷം ഇന്നാണല്ലോ ഒറ്റമൈനയെ താന്‍ വീണ്ടും കാണുന്നത്.

ഫോണ്‍ ബെല്‍ നിറുത്താതെ ശബ്ദിക്കുന്നത് കേട്ട് ഓര്‍മ്മകളെ പാതിവഴിയില്‍ ഉപേക്ഷിച്ച് അവള്‍ ഫോണിനരുകിലേയ്ക്ക് നടന്നു.

ഹലോ...

Sunday, May 27, 2007

കൊച്ചിയിലും ബുള്ളറ്റ് ?!

ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാമോ നമ്മുടെ ഈ വിശാല കൊച്ചിയിലും ബുള്ളറ്റുകള്‍ ചീറിപ്പായുന്ന കാഴ്ച! ബുള്ളറ്റ് എന്ന് കണ്ട് തെറ്റിദ്ധരിക്കേണ്ട കെട്ടോ. ഞാന്‍ പറയുന്നത് നിരത്തുകളില്‍ ചീറിപ്പായുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെപ്പറ്റിയോ തോക്കില്‍ നിന്ന് ചീറിപ്പായുന്ന ബുള്ളറ്റിനെക്കുറിച്ചോ അല്ല. മറിച്ച്, ബുള്ളറ്റ് ട്രെയിനിനെക്കുറിച്ചാണ്.

അതെ, നമ്മുടെ ഇന്ത്യന്‍ റയില്‍വേ കൊച്ചിയ്ക്കും ബാംഗ്ലൂരിനും ഇടയില്‍ ഒരു ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങാനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ ഇന്നുള്ളതില്‍ വച്ച് ഏറ്റവും തിരക്കേറിയ റെയില്‍പ്പാതയും ഇതുതന്നെയാണ്. ബുള്ളറ്റ് ട്രെയിന്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നുള്ളത് സംബന്ധിച്ച് ഒരു സാധ്യമായ പഠനത്തിന് ഇന്ത്യന്‍ റെയില്‍വേ സതേണ്‍ റെയില്‍വേയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എല്ലാ‍ ഘടകങ്ങളും അനുകൂലമായി വന്നുഭവിക്കുകയാണെങ്കില്‍ അധികം വൈകാതെ തന്നെ നമുക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ പോവാതെ സമാനമായ ഒരു ബുള്ളറ്റ് ട്രെയിന്‍ യാത്ര ഇവിടെത്തന്നെ തരപ്പെടുത്താം എന്ന് കരുതുന്നു.

ലോകത്തിലെ പ്രധാന ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ താഴെ പറയുന്നവയാണ്

യൂറോസ്റ്റാര്‍ (Eurostar) - ലണ്ടനും പാരീസിനും ഇടയിലുള്ളത്

ടി ജി വി (TGV) - ഫ്രാന്‍സ്

ഇന്റര്‍സിറ്റി എക്സ്പ്രസ്സ് (Intercity Express) - ജര്‍മനി

ഷിങ്കാന്‍സെന്‍ (Shinkansen) - ജപ്പാ‍ന്‍

എ വി ഇ (AVE) - സ്പെയിന്‍

കെ ടി എക്സ് (KTX) - കൊറിയ

ഏസെല എക്സ്പ്രസ്സ് (Acela Express) - യു എസ് എ

ജെ ആര്‍ മാഗ് ലെവ് (JR-Mag Lev) - ജപ്പാന്‍ റയില്‍ വേയുടേത്

നമ്മുടെ രാജ്യത്ത് നിലവിലുള്ള ഒരു സാധാ‍രണ എക്സ്പ്രസ്സ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 51 കിലോ മീറ്റര്‍ തുടങ്ങി 53 കിലോമീറ്റര്‍ വരെയാണ്. അതേ സമയം ഒരു സൂപ്പര്‍ ‍ഫാ‍സ്റ്റ് ട്രെയിനിന്റെ വേഗത 60-65 കി.മീ വരെയാണ്. മണിക്കൂറില്‍ 200 കി.മീ. ല്‍ ഏറെ വേഗതയില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ വേഗതയെ ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള കൊച്ചി-ബാംഗ്ലുര്‍ റെയില്‍പ്പാതകള്‍ക്ക് കഴിയുകയില്ലെന്നതിനാല്‍ പുതുതായി ഒരു റെയില്‍പ്പാത നിര്‍മ്മിക്കേണ്ടതായി വരുന്നു.

വേഗത ഏറിയ ട്രെയിനുകള്‍ക്ക് ഒരു എയര്‍ക്രാഫ്റ്റിനൊപ്പം വേഗത വരില്ലെങ്കിലും ആപേക്ഷികമായി പറയുകയാണെങ്കില്‍, ബാംഗ്ലുര്‍ പോലെ ഒരു ദൂരം കുറഞ്ഞ സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായത് ബുള്ളറ്റ് ട്രെയിന്‍ തന്നെയാവും എന്നതിന് യാതൊരുവിധ സംശയങ്ങള്‍ക്കുമിടമേകുന്നില്ല. കൊച്ചിയും ബാംഗ്ലൂരും തമ്മിലുള്ള ഏകദേശ ദൂരം 600 കിലോമീറ്ററാണ്. അതില്‍ 500 കിലോമീറ്റര്‍ ഒരു എയര്‍ക്രാഫ്റ്റ് വെറും 1 മണിക്കൂര്‍ കൊണ്ട് താണ്ടുമെങ്കിലും വിമാനത്താവളത്തില്‍ ചെക്കിംഗ് ഇന്നും മറ്റ് സുരക്ഷാ നടപടികള്‍ക്കുമായി 4-5 മണിക്കൂറുകള്‍ നഷ്ടപ്പെടുമ്പോള്‍ അതിവേഗ ട്രെയിനുകള്‍ വെറും 3 മണിക്കൂറില്‍ നിര്‍ദ്ദിഷ്ടസ്ഥലത്തെത്തി യാത്രയുടെ മൊത്തം സമയം ലാഭിക്കുന്നു. സമയം മാത്രമല്ല, പണവും!

(കടപ്പാട് : ഇന്ത്യന്‍ എക്സ്പ്രസ്സ്, ഗൂഗിള്‍)

Wednesday, May 23, 2007

അഹങ്കാരം

പൂവന്‍കോഴി പേരയ്ക്കാ മരത്തിന് മുകളിലിരുന്ന് പ്രഭാത സൈറണ്‍ മുഴക്കി. ‘ക്..ക്..കൊ.. കൊ..ക്ക..ര..ക്കോ”. ഇതു കേട്ടതും നേരം പരപരാ വെളുത്തു തുടങ്ങി, ദാ കണ്ടില്ലേ. പൂവന്‍ കോഴി മനസ്സില്‍ പറഞ്ഞു. അടുത്ത കൊമ്പിലിരുന്ന് ഉറക്കം തൂങ്ങിയിരുന്ന കുരുവിക്കുഞ്ഞ് ഞെട്ടിയെഴുന്നേറ്റ് പൂവന്‍ കോഴിയെ ഒന്ന് കലിപ്പിച്ച് നോക്കി. “ലവന്റ ഒരു കൂവല്‍. രാത്രി മുഴുവന്‍ പ്യാടി സ്വപ്നങ്ങള്. ദോണ്ടേ ഇപ്പം ലിവന്റെ ഒരു ക്ണാപ്പ് കൂവലും” കുരുവിക്കുഞ്ഞ് മനസ്സില്‍ ഓര്‍ത്തു. ഉറക്കെപ്പറയാന്‍ പറ്റില്ലല്ലോ. പറഞ്ഞാ കലിപ്പൊറപ്പാ. യവന്റ ഒരൊറ്റ കൊത്തിനില്ലല്ലോ. കുരുവിക്കുഞ്ഞ് വെളുപ്പിനെ ജോഗ്ഗിംഗിനും മോണിംഗ് വാക്കിനും പോവുന്ന ജനങ്ങളെ നോക്കി മെല്ലെ താഴേയ്ക്ക് പറന്നിറങ്ങി. താഴെ റോഡിലേയ്ക്ക് പറന്നിറങ്ങുമ്പോള്‍ അതിന്റെ ചിന്തയിതായിരുന്നു. എന്തു കൊണ്ട് തനിക്കും ഒരു മോണിംഗ് വാ‍ക്കായ്ക്കൂടാ?

കുഞ്ഞിച്ചിറകുകള്‍ പുറകിലേയ്ക്ക് പിടിച്ച് നെഞ്ചും വിരിച്ച് റോഡിലൂടെ നടക്കുന്ന കുരുവിക്കുഞ്ഞിനെക്കണ്ട് ജനങ്ങള്‍ മൂക്കത്ത് വിരല്‍വെച്ചു. ഇതിനിപ്പോ എന്തിന്റെ കേടാ. അതിനു നല്ല ഒന്നാന്തരം ചിറകുകളുണ്ടല്ലോ പറന്ന് മോണിംഗ് വാക്ക് നടത്തിക്കൂടെ ? ബുദ്ധിയും വിവേകവുമുള്ള സ്ത്രീകള്‍ പരസ്പരം ചോദിച്ചു.

കുരുവിക്കുഞ്ഞ് ഇതൊക്കെ കേട്ട് അവരെയൊന്നും മൈന്‍ഡ് ചെയ്യാതെ കുഞ്ഞു മസിലൊക്കെ പിടിച്ചങ്ങിനെ നടന്നു. സ്റ്റാച്ച്യൂ ജംഗ്ഷന്‍ കഴിഞ്ഞില്ല, പെട്ടെന്ന് കുരുവിക്കുഞ്ഞ് ദൂരേയ്ക്ക് എടുത്തു എറിയപ്പെട്ടു. പുറകില്‍ നിന്ന് ഒരു ബൈക്ക് വന്നിടിച്ചതായിരുന്നു. ഇടികൊണ്ട് തെറിച്ചു വീണ കുരുവിക്കുഞ്ഞ് ബോധം കെട്ട് കമഴ്ന്നടിച്ച് വീണു. ഉടന്‍ ബൈക്കില്‍ വന്നയാള്‍‍ വണ്ടി നിര്‍ത്തി ഇനിയും ജീവന്‍ പോയിട്ടില്ലാത്ത കുരുവിക്കുഞ്ഞിനെയെടുത്ത്‌ വീട്ടിലേയ്ക്ക് പോയി. എന്നിട്ട് ഒരു കൂട്ടിന്നുള്ളില്‍ കിടത്തി, അല്പം വെള്ളവും ബ്രഡ്ഡും അരികില്‍ വെച്ചു. കുറെ സമയത്തിനു ശേഷം ബോധം വന്ന കുരുവി ഒന്നു ചുറ്റും നോക്കി. എന്നിട്ട് ഒറ്റ അലറിക്കരച്ചില്‍.

“തള്ളേ ജയില്‌ !!! അപ്പോ ലവന്‍ ചത്താ ???!!!”

Tuesday, April 17, 2007

സര്‍ദാര്‍ജിയുടെ അപ്പാവ് !!!

ജേണലിസം കഴിഞ്ഞ നമ്മുടെ ഈ സര്‍ദാര്‍ജി ഇന്ത്യയിലെ ഒരു പ്രമുഖ പത്രസ്ഥാപനത്തില്‍ ജോലി ചെയ്യുവാന്‍ അവസരം കിട്ടിയ ത്രില്ലിലായിരുന്നു. ജോലി ചെയ്യാന്‍ അവസരം ലഭിച്ച സംസ്ഥാനമോ തമിഴ് നാടും.

കഴിഞ്ഞ തിങ്കളാഴ്ച കോയമ്പത്തൂര്‍ ടൌണില്‍ നടന്ന ഒരു കാറപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇങ്ങോരെയാണ് പത്രസ്ഥാപനം ഏര്‍പ്പാട് ചെയ്തത്. ഇദ്ദേഹമാണെങ്കില്‍ സംഭവസ്ഥലത്ത് എത്തിയത് വളരെ വൈകിയും. കാറിന് ചുറ്റും വലിയ ജനക്കൂട്ടം. സര്‍ദാര്‍ജി ആ ജനക്കൂട്ടത്തിന് ചുറ്റും രണ്ട് മൂന്ന് തവണ വലം വച്ച് നോക്കി. പക്ഷെ ഒന്നും കാണാന്‍ വയ്യ. എന്തു ചെയ്യും? എങ്ങനെ ഈ ആള്‍ക്കൂട്ടത്തെ ഭേദിച്ച് കാറിനടുത്ത് ചെല്ലും?

പെട്ടെന്ന് കക്ഷിയുടെ ലോക പ്രശസ്തമായ ബ്രെയിന്‍ “യുറേക്കാ യുറേക്കാ” എന്ന്...കാറി വിളിച്ചു...

“കാര്‍ മോതി എന്‍ അപ്പാവെ യാരോ കൊലപണ്ണീട്ടാങ്കളേ. എനക്കു ഇനി യാരും ഇല്ലൈ. കടവുളേ ഇനി എന്നാ പണ്ണും നാന്‍ ...വളി വിടുങ്കേ ...എന്‍ അപ്പാവേ പാക്കണും... ”

ജനക്കൂട്ടം തിരിഞ്ഞു നോക്കി.

തലതല്ലിക്കരയുന്ന സര്‍ദാര്‍ജിയെക്കണ്ട് അവര്‍ വഴിമാറി കൊടുത്തു. സര്‍ദാര്‍ജി അവരെക്കടന്ന് കാറിനരികിലെത്തി.

എന്തിനേറെ പറയാന്‍, അവിടെ കാറിടിച്ച് മരിച്ച് കിടന്നിരുന്നത് ഒരു വയസ്സന്‍ കഴുതയായിരുന്നു.

സര്‍ദാര്‍ജിയുടെ ഒരു ടൈമേ!!!

Tuesday, April 03, 2007

പ്രയാണം

പരിചയപ്പെട്ടതിന്‍ ആദ്യനാളുകളില്‍ അവര്‍ പരസ്പരം ഒന്നും ഉരിയാടിയിരുന്നില്ല. പിന്നീടെപ്പോഴോ എ/എസ്/എല്‍ പ്ലീസ് എന്ന് ഡയറക്ടായി ചോദിക്കാതെ തന്നെ മൌന സ്വൈര്യസല്ലാപം തുടങ്ങി. ജോലിയെക്കുറിച്ച്, മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തെക്കുറിച്ച് പിന്നെ ഗ്രാജ്വലി, സ്വകുടുംബ കാര്യങ്ങളും അവരുടെ സല്ലാപങ്ങളിലെ ടോപ്പിക്കായി.

ഒന്നാം വാരം

സല്ലാപത്തിനിടയിലെപ്പൊഴോ അവന്‍ അവളോട് ചോദിച്ചു. “ആരാണ് താങ്കളുടെ ബെസ്റ്റ് ഫ്രണ്ട് ?” മറുപടിക്ക് താമസമുണ്ടായിരുന്നില്ല. “എന്റെ ഭര്‍ത്താവ് .” എന്തെന്നറിയില്ല, അവള്‍ അവനോട് ആ ക്വസ്റ്റ്യന്‍ തിരിച്ച് ചോദിച്ചില്ല. അവന്‍ അവന്റെ ഭൂതകാലം അവിടെ നിരത്തി. “ഞാന്‍ മുന്‍പൊരുപാട് പാടുമായിരുന്നു. സ്റ്റേജിലും സ്റ്റുഡിയോയിലും മറ്റും...” അവളുടെ റെസ്പോണ്‍സ് “ഞാനും”. അവന്‍ വീണ്ടും “ഞാന്‍ കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് വരെ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. കുറേ സമ്മാനങ്ങളൊക്കെ കിട്ടിയിട്ടുണ്ട് ”. വീണ്ടും അവള്‍ “ഞാനും വരയ്ക്കുമായിരുന്നു”. അവനതൊരത്ഭുതമായ് തോന്നി. അവന്‍ എന്തൊക്കെ ഇഷ്ടാനിഷ്ടങ്ങള്‍ പറയുമ്പോഴും അവളുടേതും സേം ടു സേം എന്ന് അവള്‍ മൊഴിയുമ്പോള്‍ അവന്‍ വാ പൊളിച്ചിരുന്നുപോയി. അവന്‍ തുറന്ന വായ് അടയുന്നതിന് മുന്‍പ് അവള്‍ “നമ്മള്‍ തമ്മില്‍ എല്ലാക്കാര്യത്തിലും ഭയങ്കര സാമ്യമുണ്ടല്ലോ. മുജ്ജന്മ ബന്ധമാണോ?” അവന്‍ ആലോചിക്കാതിരുന്നില്ല. “മുജ്ജന്മം എന്നൊരു ജന്മം ഉണ്ട് ?”

രണ്ടാം വാരം

അന്ന് മറ്റൊരു ചെറുപ്പക്കാരനുമായുള്ള അവളുടെ ഒളിച്ചും പതുങ്ങിയുമുള്ള സ്വൈര്യ സല്ലാപം അവന്‍ കാണാനിടയായി.

അവന്‍ : “ആരാണാവോ കക്ഷി ?”
അവള്‍ : “രഞ്ജുഷ് ”
അവന്‍ : “അതാരാ ?”
അവള്‍ : “എന്റെ ബെസ്റ്റ് ഫ്രണ്ട് ”
അവന്‍ : “ബെസ്റ്റ് ഫ്രണ്ടോ?”
അവള്‍ : “എന്റെ പഴയ ഓഫീസിലുണ്ടായിരുന്നതാ. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാ. ഇപ്പോ ദുബൈലാ.”

അവന്‍ മനസ്സില്‍ പറഞ്ഞു “കഴിഞ്ഞാഴ്ച ആ സ്ഥാനം ഭര്‍ത്താവിനായിരുന്നല്ലോ !”
അവന്റെ മനസ്സ് അവള്‍ വായിച്ചത് പോലെ അവള്‍ പറഞ്ഞു : “വീട്ടിലൊക്കെ വന്നിട്ടുണ്ട്, ഭര്‍ത്താവിനൊക്കെ അറിയാം”

മൂന്നാം വാരം

“എടാ. ഇടയ്ക്കെഴുന്നേറ്റ് പോയി വെള്ളം കുടിക്കണം.”

അവന്‍ ചിന്തിച്ചു “ഹൊ! ഈ സ്ത്രീ എന്നില്‍ കൂടുതല്‍ സ്വാതന്ത്ര്യം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നുവല്ലോ. ഇപ്പോള്‍ പേരു വിളിക്കുന്നതിന് പകരം ‘എടാ’യായി”.

അവന്റെ സംശയം “വെള്ളം? അതെന്തിനാ?”
അവളുടെ സൌന്ദര്യക്കൂട്ട് “നിന്റെ നിറം നിലനിര്‍ത്താന്‍. അതിന് ഇടയ്ക്ക് പോയി വെള്ളം കുടിച്ചേ പറ്റൂ.”
ഈ മൂന്നാം വാരത്തില്‍ അവള്‍ കള്ളക്കടക്കണ്ണെറിഞ്ഞ് അവനോട് മൊഴിഞ്ഞു : “യൂ ആര്‍ മൈ ബെസ്റ്റ് ഫ്രണ്ട് .” ഇത്തവണ അവന്‍ ഞെട്ടി. ആഴ്ചകള്‍ കൊണ്ട് എന്തൊക്കെയാ മാറിമറിയുന്നത്. പിന്നീടവള്‍ പറഞ്ഞത് അവനൊട്ടും ദഹിക്കാത്തതായിരുന്നു.

“ഐ ഫീല്‍ ലോണ്‍ലി.”

അന്ന് അവന്‍ അവന്‍ വീട്ടിലെത്തി മുറ്റത്തങ്ങുമിങ്ങുമൊരുപാടുലാത്തി. അവന്‍ ചിന്തിച്ചു. “ആക്ച്വലി വാട്ട് ഈസ് ഹെര്‍ പ്രോബ്ലം?” അവനൊരെത്തും പിടിയും കിട്ടിയില്ല.

മൂന്നാം വാരം അവസാനിക്കുവാന്‍ നാഴികകള്‍ ബാക്കി നില്‍ക്കേ, അവന്റെ മൊബൈല്‍ ശബ്ദിച്ചു. “ഫോണെട്രാ, ലോ ലവളാ”. മറുതലയ്ക്കല്‍ അവളുടെ ശബ്ദം. അവളുടെ ആ ഹലോ - ഐ ഫീല്‍ ലോണ്‍ലി എന്ന് പറയും പോലെയാണവന് തോന്നിയത്. അവന്‍ നേരത്തെ മുറ്റത്തുലാത്തിക്കൊണ്ട് ചിന്തിച്ചതിന്റെ ക്ലൈമാക്സ് അറിയണം എന്ന ഉദ്ദേശത്തോടെ അവളോട് ചോദിച്ചു. “ആക്ച്വലി വാട്ട് ഈസ് യുവര്‍ പ്രോബ്ലം? വീട്ടിലെന്തെങ്കിലും? താങ്കള്‍ക്ക് ഇത്ര ലോണ്‍ലിയായി തോന്നുവാന്‍ തക്ക കാരണമൊന്നും കാണുന്നില്ലല്ലോ. നല്ലൊരു കുടുംബാന്തരീക്ഷമൊക്കെയല്ലേ. വേറെ എന്തു വേണം? ഒരിക്കലും ഇങ്ങനെ തോന്നാന്‍ പാടുള്ളതല്ലല്ലോ. ഇപ്പോള്‍ മറ്റ് എന്തെങ്കിലുമൊക്കെ തോന്നുണ്ടാവും. അതൊക്കെയാണ് ഈ ലോണ്‍ലിനെസ്സ് ഫീലിങ്ങ്സിന്റെ പുറകില്‍. അതൊക്കെ വെറും ഫാന്റസി അല്ലേ. ഈ അപക്വമായ സ്വപ്നങ്ങളില്‍ നിന്നൊക്കെ ഉയിര്‍ത്തെഴുന്നേല്‍ക്കൂ സുഹൃത്തേ.”

അവള്‍ ഉയിര്‍ത്തെഴുന്നേറ്റോ ഇല്ലയോ എന്നൊന്നും അവനറിയില്ല. പക്ഷെ, അവനൊന്നറിഞ്ഞു. അവളുടെ പുതിയ പുതിയ ബെസ്റ്റ് ഫ്രണ്ട്സ്... ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്കുള്ള പ്രയാണം അവള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അവന്‍ ഒരു ചെറുനെടുവീര്‍പ്പോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു...

Wednesday, March 21, 2007

ഇക്ബാല്‍ സാറിന് ആദരാഞ്ജലികള്‍

ഡോ. രാജന്‍ എന്നെ ചൂണ്ടിക്കാണിച്ചു കൊണ്ട് ആ മെലിഞ്ഞ്, നരച്ച താടിയുള്ള പ്രസന്നവദനനായ ആ വ്യക്തിയോട് ചോദിച്ചു. “സര്‍ ഇയാളെ അറിയുമോ?“ അദ്ദേഹം ഡോക്ടറെയും എന്നെയും മാറിമാറി നോക്കി, അറിയില്ലെന്ന് തലവെട്ടിച്ച് ആംഗ്യം കാണിച്ചു. രാജന്‍ സര്‍ തുടര്‍ന്നു എന്നെ അദ്ദേഹത്തിന് പരിചപ്പെടുത്തി. “സര്‍ ഇത് ഫോര്‍ട്ടുകൊച്ചിയില്‍ മെഹബൂബിന്റെ കാലത്തുണ്ടായിരുന്ന ഒരു കവിയുടെ കൊച്ചുമകനാണ്.” ഡോക്ടര്‍ ആ കവിയുടെ പേര് പറഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം എന്നോടായ് പറഞ്ഞു. “ഞാന്‍ ഇക്ബാല്‍. ഞാന്‍ മുത്തച്ഛന്റെ ഒരു പഴയ സുഹൃത്താണ്. വീട്ടില്‍ എന്റെ പേര് പറഞ്ഞാല്‍ മതി മനസ്സിലാവും. എല്ലാവരോടും അന്വേഷണം പറയുക.” ഇങ്ങനെയാണ് ഇന്നലെ സന്ധ്യയ്ക്ക് നമ്മെയൊക്കെ വിട്ടുപിരിഞ്ഞ ശ്രീ. ഇക്ബാല്‍ സാറിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നതും സംസാരിക്കുന്നതും. മട്ടാഞ്ചേരിയുടെ ഹൃദയസ്പന്ദനത്തെ തൊട്ടറിഞ്ഞ ജീവനായിരുന്നു അദ്ദേഹം.

അതിന് ശേഷം കൊച്ചി കോര്‍പ്പറേഷന്റെയും പൈതൃക പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്നിട്ടുള്ള പല സാംസ്കാരിക-കലാ സംഗമങ്ങളില്‍ ഇക്ബാല്‍ സാറിനെ കാണുകയുണ്ടായിട്ടുണ്ട്. പിന്നീടെപ്പോഴൊ കൊച്ചി നഗരസഭയിലെ ജോലിയൊക്കെ ഉപേക്ഷിച്ച് കൊച്ചിയിലെ ഒരു ഐ.ടി. പാര്‍ക്കില്‍ ജോലിക്ക് കയറുമ്പോള്‍ സ്വാഭാവികമായും ഒരുപാട് പേരുമായുമുള്ള സമ്പര്‍ക്കം കുറഞ്ഞു കുറഞ്ഞു വന്നു.

2007 മാര്‍ച്ച് ആദ്യ വാരമാണ് ശ്രീ. പ്രദീപ് സോമസുന്ദരത്തിന്റെ (ഗായകന്‍) ഓര്‍ക്കൂട്ട് സുഹൃത്തുക്കളുടെ ഇടയില്‍ ഈ പരിചിത മുഖം ഞാന്‍ വീണ്ടും കാണുന്നത്. അന്ന് ഞാന്‍ ഒരുപാട് സന്തോഷിച്ച ഒരു ദിവസമായിരുന്നു. ഇക്ബാല്‍ സാ‍റിനെ ഓര്‍ക്കൂട്ട് പോലെ ഒരു സൈബര്‍ ലോകത്ത് കണ്ടുമുട്ടിയതിന്റെ, പരിചയം പുതുക്കിയതിന്റെ ആഹ്ലാദം, ത്രില്ല് ! ഞങ്ങള്‍ അന്ന് ജി-ടാക്കില്‍ കുറെയേറെ നേരം ചാറ്റ് ചെയ്തിരുന്നു. ആ തിരക്കിനിടയിലും അദ്ദേഹം എന്നോട് സംസാരിക്കുവാന്‍ താല്പര്യം കാണിച്ചിരുന്നു.

ഇന്നുച്ചയ്ക്ക് ഞാന്‍ ഓഫീസിലായിരിക്കുമ്പോള്‍ ഒരു ഓര്‍ക്കൂട്ട് സുഹൃത്ത് എന്നെ വിളിച്ചു. “എടാ നീ ഇപ്പോ എവിടെയാ?” ഞാന്‍ പറഞ്ഞു “ഓഫീസില്‍. അല്ലതെവിടെയാ?” അവള്‍ തുടര്‍ന്നു “നീ അറിഞ്ഞില്ലേ നിന്റെ ഓര്‍ക്കൂട്ടില്‍ ഫ്രണ്ട്സ് ലിസ്റ്റില്‍ ഉള്ള ആ ഇക്ബാല്‍ അന്തരിച്ചു”. എനിക്ക് ശ്വാസംകിട്ടാതെ വിശ്വസിക്കാനാവതെ തരിച്ചു നിന്നു. “ഇന്നു മനോരമയില്‍ വാര്‍ത്തയും ഫോട്ടോയും കണ്ടിരുന്നു. ഇന്നെന്തോ ഞാന്‍ നിന്റെ സ്ക്രാപ്പ് ബുക്കില്‍ കയറി നോക്കി. ഇക്ബാല്‍ ഇന്നലെ നിനക്കൊരു സ്ക്രാപ്പ് ഇട്ടിട്ടുണ്ട്.” അങ്ങിനെയാണ് ഞാനാ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അറിഞ്ഞത്.

അതെ, അദ്ദേഹം പ്രാണന്‍ വെടിയുന്നതിന് തൊട്ടുമുന്‍പ് എനിക്കിട്ടിരുന്ന സ്ക്രാപ്പ്. “ഹൌ ആര്‍ യു”. അങ്ങിനെ അദ്ദേഹത്തിന്റെ മറ്റ് സുഹൃത്തുക്കള്‍ക്കും സ്ക്രാപ്പ് ചെയ്തിരുന്നതായി പത്രങ്ങളില്‍ വായിച്ചു. കമ്പ്യൂട്ടറിന് മുന്നില്‍ വച്ചുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍... കാര്‍ഡിയാക് അറസ്റ്റ് അദ്ദേഹത്തെ പ്രിയപ്പെട്ടവരില്‍ നിന്നുമൊക്കെ കാര്‍ന്നെടുത്ത്...

എനിക്കിനിയും എഴുതാനാവുന്നില്ല. വാക്കുകള്‍ മുറിയുന്നു.. കണ്ണുകള്‍ നിറയുന്നു...

കൊച്ചിയുടെ പ്രിയ ഇക്ബാല്‍ സാറിന് ആദാരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ...

ഇക്ബാല്‍ സാറിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താഴെക്കാണുന്ന അദ്ദേഹത്തിന്റെ പേഴ്സണല്‍ വെബ്സൈറ്റ് നോക്കുക...
http://ikku.multiply.com/

Sunday, March 11, 2007

ബഡായിക്കഥകള്‍ - 1

ഈച്ചമുക്ക് കവലയിലെ ഓട്ടോ സ്റ്റാന്റില്‍ പതിവ് പോലെ വൈകുന്നേരം ഓട്ടമില്ലാത്ത ഓട്ടോ സാരഥികള്‍ ബഡായി പറയാന്‍ ഒത്തുകൂടി. എന്നത്തേയും പോലെ അന്തോണിച്ചേട്ടന്‍ തന്നെ തന്റെ വീരസാഹസിക അനുഭവകഥകള്‍ ഫസ്റ്റ് ഗിയറിലിട്ട് വിവരിച്ചു തുടങ്ങി.

“... കാട്ടില്‍ ഞങ്ങ രാത്രി ഒരു ഏറുമാടത്തിലാ തങ്ങ്യെ. ഒരാറാള്‍ പൊക്കത്താരുന്നു ആ ഏറുമാടം. അത്രക്ക് പൊക്കവും ഒരു അഞ്ചാള്‍ കൈകോര്‍ത്ത് ചുറ്റിനും പിടിച്ചാലും എത്താത്ത മരങ്ങളാരുന്നു അവടൊള്ളത്. ഞങ്ങ നാലാളുണ്ടായിരുന്നു. കൂടെ ഒരു വഴികാട്ടിയും. കൊടുംകാടിനുള്ളീ സമയന്‍ അറിയണോങ്കി വാച്ച് തന്നെ ശരണം. രാത്രിയായാലും പകലായാലും നല്ല ഇരുട്ടാണ്ടാപ്പനേ! കാടിന്റുള്ളീന്ന് നമ്മ ഇതുവരെ കേക്കാത്ത സൊരങ്ങളും മറ്റും കേക്കാരുന്നു. സമയനൊരു 8:10 ആയിക്കാണും. ഞങ്ങ അഞ്ചാളും കൂടെ വട്ടമിട്ടിരുന്നാ ചെറിയ മാടത്തിലിരുന്ന് ചീട്ടുകളിച്ചു. പെട്ടെന്ന് അതിഘോരമായ ഒരു അലര്‍ച്ച കേക്കാന്‍ തുടങ്ങി. ദൂരെത്തെങ്ങാണ്ട്ന്നാണ് കേട്ടേങ്കിലും ഞങ്ങട കൂട്ടത്തിലുള്ള എല്ലാരും പേടിച്ചു വിറച്ചു. എനിക്ക് വെല്യ പേടിയൊന്നും തോന്നീല്ല. ഞാന്‍ ഇറങ്ങിനോക്കാന്ന് പറഞ്ഞതാ. അവമ്മാര് സമ്മതിച്ചില്ലന്നേ. ഇങ്ങനെയൊണ്ടോ പേടിത്തുറികള്. മിനിട്ടുകള്‍ കഴിയുംതോറും ആ അലര്‍ച്ച കൂടുതല്‍ കൂടുതലടുത്തു തുടങ്ങിന്നേ! കൂട്ടത്തിലൊള്ളോരുടെ നെഞ്ചിടിപ്പും മുട്ടിടിപ്പും എനിക്ക് അസ്സലായി കേക്കായിരുന്നു. ഹൊ. കുറേനേരം കൂടെക്കഴിഞ്ഞപ്പോള്‍ ആ അലര്‍ച്ച ഒരു ദയനീയ കരച്ചിലായ് മാറി. ഇത്തവണ കൂട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ ഞാന്‍ ഏറുമാടത്തില്‍ നിന്ന് എറങ്ങി. കൈയ്യില് ഒരു ടോര്‍ച്ച് മാത്രം. എന്റെ ധൈര്യം കണ്ടപ്പേണ്ട് ദാണ്ടേ നമ്മട ഗൈഡും എന്റെ കൂടെയങ്ങ് ഇറങ്ങിവന്നേക്കണ്ന്ന്. ഞങ്ങ ആ ബണ്ടന്‍ മരങ്ങള്‍ടെ മറപറ്റി പതുങ്ങിപ്പതുങ്ങി നടന്നു. അപ്പക്കണ്ടതെന്താണ്ന്നാ? ഒരു ഒറ്റയാന്‍ കെടന്ന് കാറുവാണ്. ഞാന്‍ ടോര്‍ച്ചടിച്ച് നോക്ക്യപ്പേല്ലേ ഗുട്ടന്‍സ് പിടികിട്ട്യത്. അവന്റ കാലിലൊരു വെല്യ മരക്കഷ്ണം തറഞ്ഞിരിക്കണ്. പാവം ആന! എനിക്ക് ബയങ്കര സങ്കടം തോന്നി. ഗൈഡിന്റെ വാക്കുകള്‍ കേള്‍ക്കാതെ ഞാന്‍ പതുക്കെ കൊമ്പന്റെയടുത്തേക്ക് അടിവച്ചടിവച്ച് നടന്നു. എന്നിട്ട് ആനേടെ കാലില് തറഞ്ഞിരുന്ന മരക്കഷണം വലിച്ചൂരിക്കളഞ്ഞു. ആന ചരിഞ്ഞെന്നേന്ന് നോക്കി. അവന്‍ ആ കരച്ചിലൊക്കെ നിര്‍ത്തി ഉരുണ്ട്പിടഞ്ഞെഴുന്നേറ്റ് ഉള്‍ക്കാട്ടിലേയ്ക്ക് കയറിപ്പോയി. ഞാന്‍ തിരിച്ചു ഏറുമാടത്തിലേക്കും. പിറ്റേന്ന് കാലത്ത് ഒരു ചിന്നംവിളികേട്ടാണ് എഴുന്നേറ്റെ. താഴത്തേക്ക് നോക്ക്യപ്പ, ദാണ്ടേ നിക്കണു ഇന്നലത്തെ ഒറ്റയാന്‍! ഒരു കൊല വാഴപ്പഴോം കൊണ്ട്. എന്നിട്ടവന്‍ തുമ്പിക്കൈ പൊക്കി എന്നെ നോക്കി ഒരു സലാന്‍ അടിച്ചു. ഹൌ! എന്നിട്ടാ പഴം ഞങ്ങളിരിക്കണ മരത്തിന് താഴെ വെച്ചിട്ട് അവന്‍ കാട്ടിലേയ്ക്ക് കയറിപ്പോയി.” അന്തോണിച്ചേട്ടന്‍ ശ്വാസം വിടാനായ് ഒന്ന് ഗിയര്‍ ഡൌണ്‍ ചെയ്തു, ബ്രേക്ക് ചവിട്ടി.

കിട്ടിയ അവസരം പാഴാക്കാതെ ഇതെല്ലാം കേട്ടുനിന്ന ഗോപ്യേട്ടന്‍ സെക്കന്റ് ഗിയറിലിട്ട് ഒരു കുതിപ്പ്. “ഈ ആനകള്‍ക്ക് മനുഷരേക്കാള്‍ നന്ദിയും കടപ്പാടുമുണ്ട്ന്നേ. ഇന്നാളൊരീസം തൃശ്ശൂരിനടുത്ത് ഒരു ആനപ്പാപ്പാനെ വണ്ടിയിടിച്ചു. ഒറ്റ ഡേഷുകളും അയാളെ ഒന്ന് ആശൂത്രീല്‍ കൊണ്ട്വാന്‍ തയ്യാറായില്ല. മനുഷപ്പറ്റില്ലാത്തോങ്ങള്‍. കൊറേ നേരം കഴിഞ്ഞു. ആരും അടുത്തു വന്നില്ല. ആനയ്ക്ക് കലികയറി. അവനെന്താ ചെയ്തേന്നോ?”


ആകാംക്ഷയുടെ മുനമ്പില്‍ ഇരുന്ന അന്തോണിച്ചേട്ടനും കൂട്ടരും അക്ഷമയോടെ ചോദിച്ചു “എന്താ...എന്താ?”

ഗോപ്യേട്ടന്‍ കണ്ടിന്യൂഡ്. “ആന തൊട്ടടുത്ത് പാര്‍ക്കു ചെയ്തിരുന്ന ഒരു ബാരവണ്ടീല്‍ പാപ്പാനെ എടുത്തു കിടത്തി, വലിച്ചോണ്ട് നേരെ ആശൂത്രി ലക്ഷ്യാക്കി...”

കൂട്ടച്ചിരിയിലും കൂക്കിവിളിയിലും അതൊട്ടു മുഴുമിപ്പിക്കുവാന്‍‍ പാവം ഗോപ്യേട്ടനായതുമില്ല !!!

Wednesday, February 28, 2007

നിണമണിഞ്ഞ കുപ്പായം

ഒരിടത്തൊരിടത്തൊരു നഗരത്തില്‍ ഒരു വ്യവസായി ഉണ്ടായിരുന്നു. വലിയ പണക്കാരനായിരുന്ന അയാള്‍ക്ക് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. ആറ്റുനോറ്റ് നേര്‍ച്ചയൊക്കെ നേര്‍ന്നതിന്റെ ഫലമായിയുണ്ടായ ഒരു മിടുക്കിക്കുട്ടിയായിരുന്നു നിര്‍മ്മല. എല്ലാ സുഖസൗകര്യങ്ങളും സൗഭാഗ്യങ്ങളും അനുഭവിച്ചാണവള്‍ വളര്‍ന്നത്‌. പഠനത്തിലും കലയിലുമൊക്കെ വിദ്യാലയത്തിലെ ഒന്നാം സ്ഥാനം അവള്‍ക്കായിരുന്നു. വീട്ടുകാരുടേയും അധ്യാപകരുടേയും സഹപാഠികളുടെയുമൊക്കെ കണ്ണിലുണ്ണിയായി നിര്‍മ്മല വളര്‍ന്നു. വര്‍ഷങ്ങള്‍ കടന്നു പോയി...

നിര്‍മ്മലയ്ക്കു പ്രായം 18 കഴിഞ്ഞു. അച്ഛന്‍ മകള്‍ക്കു നല്ലൊരു ചെറുക്കനെ അന്വേഷിച്ചു തുടങ്ങി. പക്ഷെ, ഏതു നല്ല ആലോചന വന്നാലും നിര്‍മ്മലയ്ക്കതു സ്വീകാര്യമായിരുന്നില്ല. അവള്‍ വാശിപിടിച്ചു. "എനിക്കിപ്പോള്‍ കല്യാണം വേണ്ട ഡാഡി." അച്ഛനു ആധിയായിത്തുടങ്ങി. “മോളെ, നിന്റെ വിവാഹം കഴിഞ്ഞാലും നിനക്ക് തുടര്‍ന്ന് പഠിക്കാമല്ലോ.” പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും മകള്‍ വിവാഹത്തിനൊട്ടും സമ്മതിച്ചില്ല. ഇനിയവള്‍ക്കു വല്ല പ്രേമമോ മറ്റോ? അങ്ങിനെ അദ്ദേഹം ഭാര്യയെ ചട്ടം കെട്ടി. മകള്‍ എന്തുകൊണ്ടാണു വിവാഹം ഇപ്പോള്‍ വേണ്ടന്നു പറയുന്നത്‌. അമ്മ മകളോടു ചോദിച്ചു. “എന്തുണ്ടെങ്കിലും പറഞ്ഞോളു. ഇനി നിനക്കു വല്ല പ്രേമമോ മറ്റൊ ഉണ്ടെങ്കില്‍ കൊള്ളാവുന്ന ചെറുക്കനെങ്കില്‍ നമുക്കു ആലോചിക്കാം.” ആദ്യമൊക്കെ നിര്‍മ്മല ഒഴിഞ്ഞുമാറി. പക്ഷേ പ്രേമം തലയ്ക്കുപിടിച്ചിരിക്കുന്നവര്‍ക്കെത്ര നാള്‍ അതൊളിക്കാനാവും? “അമ്മേ എനിക്കൊരാളോട് ഇഷ്ടമുണ്ട്‌. എനിക്കു അയാളെ മാത്രമേ വരിക്കാ‍വാവൂ.” അമ്മ ആരാഞ്ഞു, “ആരാണ് മോളേ അയാള്‍? അയാളുടെ പേരെന്താണ്? അയാളെന്തെടുക്കുകയാണ് ?” മകള്‍ മൊഴിഞ്ഞു “രാമനുണ്ണിയെന്നാണ് പേര്. ജോലി ഉഷസ്സിലാണ്.” അമ്മ ആശ്ചര്യപ്പെട്ടു “ഉഷസ്സ് ?”

“അതെയമ്മേ ഉഷസ്സ് ബസ്സിലെ കണ്ടക്ടറാണ് രാമനുണ്ണി.” മകള്‍ പറഞ്ഞൊപ്പിച്ചു.

അച്ഛന്‍ പൊട്ടിത്തെറിച്ചു. “സാധ്യമല്ല! ഇതൊരിക്കലും നടക്കില്ല! ഒരു ബസ്സ് കണ്ടക്ടറെ മാത്രമേ എന്റെ മോള്‍ക്ക് പ്രേമിക്കാന്‍ കഴിഞ്ഞുള്ളൂ? ജോലിയുടെ കാര്യം പോകട്ടെ. ഒരു അന്യമതസ്ഥന്‍ സത്യക്രിസ്ത്യാനിയായ എന്റെ .... ഛായ്! ഇതൊന്നും നടക്കില്ല. എനിക്ക് ജീവന്‍ ഉള്ളിടത്തോളം കാലം നീ ഇതും സ്വപ്നം കണ്ടുകൊണ്ട് നടക്കണ്ട. നീ ഇന്നുമുതല്‍ കമ്പ്യൂട്ടര്‍ ക്ലാസ്സിനും പോവണ്ട.” അങ്ങിനെ നിര്‍മ്മല വീട്ടുതടങ്കലിലായി. കണ്ണീരും ആത്മഹത്യാഭീഷണികളുമായി ദിവസങ്ങള്‍ കടന്നുപോയി.

ജനുവരിയിലെ ആ തണുത്ത പ്രഭാതത്തില്‍ മകള്‍ അമ്മയോട് അടുത്തുള്ള ദേവാലയത്തില്‍ പോകുവാന്‍ അനുവാദം ചോദിച്ചു. അമ്മ വിചാരിച്ചു, പാവം എത്ര ദിവസമായി ഇങ്ങനെ വീടിനുള്ളിള്‍ അടച്ചുപൂട്ടി... പൊയ്ക്കോട്ടെ. “വേഗം വന്നേക്കണം. വൈകിയാല്‍ ഡാഡി വഴക്കുപറയും, ചിലപ്പോള്‍ നിന്നെ കൊണ്ടുവരാന്‍ കാറെടുത്ത് വന്നെന്നും വരാം.” നിര്‍മ്മല തലയാട്ടി.

അന്നതു സംഭവിച്ചു! ദേവാലയത്തില്‍ പോയ് ഉള്ളുരുകി കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ച നിര്‍മ്മല തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങി വന്നില്ല. അച്ഛന്റെ ശകാരം മാത്രമല്ല ആ അമ്മയെ തളര്‍ത്തിയത്. ആറ്റുനോറ്റുണ്ടായ തന്റെ കുട്ടി... അവള്‍ ഇങ്ങനെ ചെയ്തല്ലോ...അവള്‍ കടുംകൈയ്യൊന്നും ചെയ്യാതിരുന്നാല്‍ മതിയായിരുന്നു.

പക്ഷെ, നിര്‍മ്മല കടുംകൈയ്യൊന്നും ചെയ്യാന്‍ തുനിയാതെ നേരെ പ്രിയപ്പെട്ടവന്റെ സവിധത്തിലേയ്ക്കണയുകയാണ് ചെയ്തത്. അതെ, അവര്‍ ഒരുമിച്ച് ഒരു ടാക്സിയില്‍ യാത്ര ചെയ്യുന്നത് കണ്ടവരൊത്തിരിപ്പേരുണ്ടായിരുന്നു. രജിസ്ട്രാര്‍ ആപ്പീസില്‍ വണ്ടി നിറുത്തുന്നതും കണ്ടവര്‍ അനവധി.

കലിതുള്ളിനിന്നിരുന്ന ആ അച്ഛന്റെ മനസ്സ് നീറുവാന്‍ തുടങ്ങി. മകളെക്കുറിച്ചുള്ള വ്യാകുലചിന്തയാല്‍ ഊണില്ല ഉറക്കമില്ല എന്ന സ്ഥിതിയായി. ആ ചെറുപ്പക്കാരനെക്കുറിച്ച് അന്വേഷിച്ച് വേണ്ടതുപോലെ ചെയ്യേണ്ടതിനു പകരം... അവളുടെ ഒരു ബാലിശമായ കുട്ടിക്കളിയെന്ന് ചിന്തിച്ച താന്‍ എന്ത് മഠയന്‍! ദിവസങ്ങള്‍ കടന്നുപോവുന്നു, അവരെ എവിടെയെല്ലാം അന്വേഷിച്ചു. എങ്ങും കണ്ടെത്തിയില്ല. രജിസ്ട്രാര്‍ ആപ്പീസില്‍ നിന്നും എങ്ങോട്ടു പോയിക്കാണും? ആകെ ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ കര്‍ത്താ‍വേ. ആ പാവം അച്ഛന്റെ ചിന്തകള്‍ ഒരു വിങ്ങിപ്പൊട്ടലായ് പുറത്തുവന്നു...

“നിര്‍മ്മലേ എത്രയും വേഗം വീട്ടിലേയ്ക്ക് തിരികെ വരൂ. ഡാഡി രോഗശ്ശയ്യയില്‍...” എന്നു തുടങ്ങുന്ന പത്രത്തിലെ ആ ചെറിയ കോളത്തില്‍ കണ്ണോടിച്ചുകൊണ്ട് രാമനുണ്ണി ആ ചെറിയ വീടിന്റെ കൊച്ചടുക്കളയില്‍ തന്റെ പ്രിയതമ തേങ്ങചുരണ്ടുന്നതും നോക്കി ഒരു നിമിഷം നിന്നു. “നിര്‍മ്മീ... നമുക്ക് നിന്റെ വീട് വരെ ഒന്ന് പോകാം...” രാമനുണ്ണി പത്രം അവളുടെനേരെ നീട്ടി.

“ഡാഡീ എന്നോട് ക്ഷമിക്കൂ” എന്നലമുറയിട്ടുകൊണ്ട് നിര്‍മ്മല ആ വലിയ ഉരുക്ക് കവാടം തള്ളിത്തുറന്നുകൊണ്ട് വീടിനുള്ളിലേയ്ക്ക് ഓടി. പിന്നെയവിടെ നടന്നത് ഒരു കൂട്ടക്കരച്ചിലായിരുന്നു. മകള്‍ അച്ഛന്റെ കാല്‍ക്കലിരുന്നു കൊച്ചുകുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു. ആ രംഗങ്ങള്‍ ഏവരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. ഡാഡിയും അമ്മയും മകളും രാമനുണ്ണിയും പരസ്പരം സമാശ്വസിപ്പിച്ചു. മകളെ വളരെ ദിവസങ്ങള്‍ക്ക് ശേഷം കണ്ടപ്പോഴാവട്ടെ അച്ഛന്റെ രോഗങ്ങളെല്ലാം പമ്പകടന്നു. അമ്മ ആനന്ദാശ്രുക്കള്‍ പൊഴിച്ചു. അങ്ങിനെ അതൊരു സിനിമാക്കഥപോലെ ഭംഗിയായി പര്യവസാനിച്ചു. ആ രാത്രി എല്ലാവരും സന്തോഷത്തോടെ പൂന്തോട്ടത്തില്‍ ഓരോ അനുഭവങ്ങളും പരസ്പരം പങ്കുവെച്ചു...

ദിവസങ്ങള്‍ കടന്നു പോയി... “ഇന്ന് നമുക്ക് പട്ടണത്തില്‍ ഒന്ന് ചുറ്റിത്തിരിയാം ?” തന്റെ മടിയില്‍ തല ചായ്ച്ചു കിടക്കുന്ന പ്രിയതമന്റെ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ടവള്‍ പ്രേമപൂര്‍വ്വം ചോദിച്ചു. “പിന്നെന്താ. നമുക്ക് പൊയ്ക്കളയാം.” രാമനുണ്ണി മറുപടിയേകി. വേനലില്‍ വെന്തുരുകിയ പട്ടണം. “നമുക്ക് കുറച്ച് നടക്കാം നിര്‍മ്മീ?” രാമനുണ്ണിയുടെ ചോദ്യത്തിന് മറുപടിയായി അവള്‍ തലയാട്ടി. എയര്‍കണ്ടീഷന്‍ ചെയ്ത ആ പുതിയ ഫോര്‍ഡ് കാര്‍ വഴിയരുകില്‍ പാര്‍ക്ക് ചെയ്തിട്ട് ആ ഇണക്കുരുവികള്‍ കൈകോര്‍ത്തുപിടിച്ച് വലിയ വൃക്ഷങ്ങളുടെ തണല്‍പറ്റി നടന്നു.

ആ കടുത്ത വേനല്‍ച്ചുടില്‍ നിര്‍മ്മല വെയിലേറ്റു വാടി. വഴിയോരത്തുള്ള കോണ്‍ക്രീറ്റ് ബഞ്ചില്‍ അവളെയിരുത്തിയിട്ട് രാമനുണ്ണി റോഡ് മുറിച്ചുകടന്ന് കരിക്കുവില്പനക്കാരനെ ലക്ഷ്യമാക്കി നടന്നു. നിര്‍മ്മല കുപ്പായത്തലപ്പെടുത്തു തലയിലേയ്ക്കിട്ടു. “എന്തൊരു ചൂടാ ഈ വെയിലിന്. പാവം രാമനുണ്ണി അവനും ക്ഷീണിച്ചിട്ടുണ്ടാവും. കാറില്‍തന്നെ ഇങ്ങോട്ടു വന്നാല്‍ മതിയായിരുന്നു.” ഇങ്ങനെ സ്വയം പറഞ്ഞുകൊണ്ട് നിര്‍മ്മല രാമനുണ്ണി രണ്ടു കരിക്കുകളും കൈയ്യിലേന്തി റോഡ് മുറിച്ച് നടന്നുവരുന്നത് നോക്കിയിരുന്നു. അവന്റെ വെള്ള ഷര്‍ട്ട് വിയര്‍പ്പില്‍ നനഞ്ഞൊട്ടിയിരുന്നു.

രാമനുണ്ണിയുടെ ശ്രദ്ധ തന്റെ കയ്യിലിരിക്കുന്ന കരിക്കുകളിലായിരുന്നു... പെട്ടെന്ന് എതിര്‍വശത്ത് നിന്നും ഒരു ട്രക്ക് ഒരു ഹുങ്കാര ശബ്ദത്തോടെ... നിര്‍മ്മല ഞെട്ടിത്തെറിച്ച് മുന്നോട്ടാഞ്ഞു. രാമനുണ്ണിയുടെ കൈയ്യിലുണ്ടായിരുന്ന കരിക്കുകള്‍ രണ്ടു വശത്തേയ്ക്കും തെറിച്ചു. അതില്‍ ഒരെണ്ണം ഉരുണ്ടുവന്ന് നിര്‍മ്മലയുടെ ചെരിപ്പില്‍ തടഞ്ഞു നിന്നു. അവള്‍ അലറിക്കരഞ്ഞു. പക്ഷെ ശബ്ദം തൊണ്ടയില്‍ത്തന്നെ തങ്ങിനിന്നു. അവള്‍ തന്റെ പ്രിയതമന്റെ ചേതനയറ്റ ശരീരം കണ്ട് കാഴ്ചമങ്ങി, ബോധരഹിതയായി റോഡില്‍ കുഴഞ്ഞു വീണു. പിറ്റേ ദിവസം മാത്രമാണവള്‍ക്ക് ബോധം തിരിച്ചുകിട്ടിയത്. അപ്പോഴേയ്ക്കും രാമനുണ്ണിയുടെ സംസ്കാരചടങ്ങുകളൊക്കെ കഴിഞ്ഞിരുന്നു.

ആ അത്യാഹിതം നടന്ന് രണ്ടു രാത്രികള്‍ കഴിഞ്ഞപ്പോള്‍ നിര്‍മ്മലയുടെ അമ്മ സ്വപ്നത്തില്‍ ഒരു വൃദ്ധയെ ദര്‍ശിച്ചു. ആ വൃദ്ധസ്ത്രീ ഉപദേശിച്ചു : “നിങ്ങളുടെ മകളുടെ കുപ്പായത്തില്‍ നിന്നും എത്രയും പെട്ടെന്ന് ചെറുക്കന്റെ രക്തക്കറ കഴുകിക്കളയണം”. ആ അമ്മ താന്‍ കണ്ട സ്വപ്നത്തെ പാടെ അവഗണിച്ചു. അടുത്ത രാത്രി നിര്‍മ്മലയുടെ അച്ഛനും ആ സ്വപ്നം അതേപടി തന്നെ കണ്ടു. വൃദ്ധയേയും അവരുടെ ഉപദേശവും മറ്റും. പക്ഷെ അയാളും ആ സ്വപ്നത്തെ മറ്റൊരു സ്വപ്നം കണക്കെ അവഗണിച്ചു കളഞ്ഞു.

അതിനടുത്ത രാത്രി നിര്‍മ്മലയും അവളുടെ അച്ഛനുമമ്മയും കണ്ട അതേ സ്വപ്നം ദര്‍ശിക്കാനിടയായി. അവള്‍ ഞെട്ടിയെഴുന്നേറ്റ്, ഒരുപാട് ഭയപ്പെട്ടു നിലവിളിച്ചുകൊണ്ട് അമ്മയുടെ മുറിയിലേയ്ക്കോടി. താന്‍ കണ്ട സ്വപ്നം അമ്മയോട് കരഞ്ഞുകൊണ്ട് വിവരിച്ചു. ഇതു കേട്ട അവളുടെ അച്ഛനും അമ്മയും ഒരുപാട് ഭയപ്പെട്ടു. തങ്ങള്‍ക്ക് മൂവര്‍ക്കും ഒരേ അനുഭവം! വിചിത്രം, ഭയാനകം! അടുത്തതെന്താണ് തങ്ങളെ കാത്തിരിക്കുന്നത് ?

“മോള്‍ ആ കുപ്പായത്തിലെ രക്തക്കറ ഉടനെ കഴുകിക്കളയണം.” അമ്മ അവളോട് ആവശ്യപ്പെട്ടു. അവളപ്പോള്‍ത്തന്നെ ആ കുപ്പായം അലക്കിയിട്ടുവെങ്കിലും രക്തക്കറ പഴയതുപോലെതന്നെ അവശേഷിച്ചു. അടുത്ത രാത്രിയിലും ആ സ്വപ്നം ആവര്‍ത്തിക്കപ്പെട്ടു. അങ്ങിനെ അവള്‍ വീണ്ടും ആ കുപ്പായം എടുത്തു അലക്കിയെങ്കിലും, കുറേ കറകള്‍ പിന്നേയും ‍ശേഷിച്ചു.

അടുത്ത രാത്രിയിലും വീണ്ടും ആ സ്വപ്നം! ഇത്തവണ ആ വൃദ്ധസ്ത്രീ ഒരു താക്കീതുമായാണ് എത്തിയത്. ആ രക്തക്കറ ഇനിയും കഴുകിക്കളഞ്ഞില്ലെങ്കില്‍ ഭീകരമായി എന്തോ ഉടനെ സംഭവിക്കുമെന്ന് ഒരു അവസാന താക്കീത് ! ഭയന്നു വിറങ്ങലിച്ചുപോയ പാവം നിര്‍മ്മല പിറ്റേന്ന് അതിരാവിലെ തന്നെ കുപ്പായം കഴുകാന്‍ തുടങ്ങി. ഇത്തവണ ആ കുപ്പായം അവളാ‍ല്‍ക്കഴിയും വിധം അലക്കി. അതേതാണ്ട് പിഞ്ഞിക്കീറുന്ന പരുവംവരെയെത്തി. എങ്കിലും രക്തത്തിന്റെ കറകള്‍ വീണ്ടും അവിടവിടെയായി അവശേഷിച്ചു. അവള്‍ വളരെയേറെ തളര്‍ന്നു.

അന്നേ ദിവസം തന്നെ വൈകുന്നേരം വാതിലില്‍ ആരോ ശക്തിയായി മുട്ടുന്ന ശബ്ദം. ആ വലിയ മണിമാളികയില്‍ നിര്‍മ്മല ഒറ്റയ്ക്കും. അവള്‍ ശങ്കിച്ച് ശങ്കിച്ച് വാതില്‍ മെല്ലെത്തുറന്നു. അവിടെ അതാ!!! അവള്‍ ഒരു നിലവിളിയോടെ പുറകിലേയ്ക്ക് മറിഞ്ഞു. അവള്‍ സ്വപ്നത്തില്‍ ദര്‍ശിക്കാറുള്ള ആ വൃദ്ധസ്ത്രീയതാ വാതില്‍ക്കല്‍!

വൃദ്ധ പതുക്കെ അവളുടെ അടുത്തേക്ക് ചെന്ന് അവളെത്തട്ടിയുണര്‍ത്തി... അവള്‍ ഞെട്ടിയെഴുന്നേറ്റു. വൃദ്ധ അവളുടെ നേരെ ഒരു നീല വസ്തു വച്ചുനീട്ടി. പേടിച്ചരണ്ട നിര്‍മ്മല വിക്കിവിക്കി ചോദിച്ചു “എ..എന്താണി..ത് ?”

വൃദ്ധസ്ത്രീ മറുപടി പറഞ്ഞു.

“ഈ സര്‍ഫ് എക്സല്‍ ഉപയോഗിച്ചു നോക്കൂ! ഒരു മൃദുതാഡനം മതി ഏതു ഇളകാത്ത കറയേയും മായ്ച്ചുകളയും!”